ബിബിയാന വിസിലൂതി; യൂറോപ്യന്‍ ടോപ്പ് ലീഗുകളിലെ ചരിത്രം വഴിമാറി 

September 11, 2017, 3:42 pm
ബിബിയാന വിസിലൂതി; യൂറോപ്യന്‍ ടോപ്പ് ലീഗുകളിലെ ചരിത്രം വഴിമാറി 
Football
Football
ബിബിയാന വിസിലൂതി; യൂറോപ്യന്‍ ടോപ്പ് ലീഗുകളിലെ ചരിത്രം വഴിമാറി 

ബിബിയാന വിസിലൂതി; യൂറോപ്യന്‍ ടോപ്പ് ലീഗുകളിലെ ചരിത്രം വഴിമാറി 

ജര്‍മന്‍ ബുണ്ടസ്‌ലീഗയില്‍ ഹെര്‍ത്താ ബെര്‍ലിനും ബെര്‍ഡര്‍ ബ്രമനും തമ്മിലുള്ള പോരാട്ടം യൂറോപ്യന്‍ ഫുട്‌ബോളിലെ പുതിയ ചരിത്രത്തിനു കൂടി വേദിയായി. ബിബിയാന സ്റ്റെയ്ന്‍ഹോസ് എന്ന 38കാരി യൂറോപ്പിലെ പ്രമുഖ ലീഗില്‍ വിസിലൂതുന്ന ആദ്യ വനിതയെന്ന ചരിത്രമാണ് രചിക്കപ്പെട്ടത്. ബുണ്ടസ് ലീഗ, ലാലീഗ, ലീഗ് വണ്‍, ഇംഗ്ലീഷ് പ്രീമയര്‍ ലീഗ്, സീരി എ എന്നീ യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗുകളുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിത പുരുഷന്‍മാരുടെ കളി നിയന്ത്രിക്കുന്നത്.

സീസണു മുന്നോടിയായി ബുണ്ടസ് ലീഗ റഫറിമാരുടെ പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ ബിബിയാനയും ഇടം നേടിയിരുന്നു. എന്നായിരിക്കും ബിബിയാനയുടെ വിസിലൂതിയുള്ള അരങ്ങേറ്റമെന്നായിരുന്നു പിന്നീട് ഫുട്‌ബോള്‍ ലോകം ഉറ്റു നോക്കിയിരുന്നത്. ലീഗിലെ ആദ്യ രണ്ടു റൗണ്ട് മത്സരങ്ങളില്‍ അവസരം ലഭിക്കാതിരുന്ന ബിബിയാനയ്ക്കു മൂന്നാം റൗണ്ടിലാണ് ചരിത്രത്തിലേക്കു വാതില്‍ തുറക്കാന്‍ ബെര്‍ലിന്‍ ഒളിംപിക്‌സ് സ്റ്റേഡിയത്തില്‍ അവസരം ലഭിച്ചത്.

2007 മുതല്‍ റഫറീയിങ് രംഗത്തുള്ള ബിബിയാന ജര്‍മന്‍ രണ്ടാം ഡിവിഷനില്‍ 2011 മുതല്‍ നിരവധി മത്സരങ്ങളില്‍ വിസില്‍ മുഴക്കിയിരുന്നു. കഴിഞ്ഞ സീസണിലെ വനിതാ ചാംപ്യന്‍സ് ലീഗ് ഫൈനലും 2012ലെ ലണ്ടന്‍ ഒളിംപിക്സ് വനിതാ ഫൈനലും ബിബിയാന തന്നെയായിരുന്നു നിയന്ത്രിച്ചിരുന്നത്. 2014 മുതല്‍ ജര്‍മന്‍ ഫസ്റ്റ് ഡിവിഷനില്‍ നാലാം റഫറിയായും പോലീസ് ഉദ്യോഗസ്ഥകൂടിയായ ബിബിയാനയുണ്ട്.