സ്‌കൂളില്‍ നിന്ന് ചെല്‍സിയിലേക്ക് ഏതന്‍ അമ്പാഡു  

July 16, 2017, 1:30 pm
സ്‌കൂളില്‍ നിന്ന് ചെല്‍സിയിലേക്ക് ഏതന്‍ അമ്പാഡു   
Football
Football
സ്‌കൂളില്‍ നിന്ന് ചെല്‍സിയിലേക്ക് ഏതന്‍ അമ്പാഡു   

സ്‌കൂളില്‍ നിന്ന് ചെല്‍സിയിലേക്ക് ഏതന്‍ അമ്പാഡു  

അത്ഭുതജന്മങ്ങള്‍ ലോകഫുട്ബോളില്‍ അപൂര്‍വമല്ല. ഒന്നുകഴിഞ്ഞാല്‍ മറ്റൊന്ന് എന്ന നിലയില്‍ അത് സംഭവിച്ചു കൊണ്ടേയിരിക്കുന്നു. കളിയിലെ കവിതയെ വാര്‍ധ്യക്യബാധയില്‍ നിന്നു രക്ഷിച്ചുനിര്‍ത്തുന്ന മുഖ്യഘടകങ്ങളില്‍ ഒന്നാണ് ഈ അത്ഭുതങ്ങള്‍. അങ്ങനെ ഒരു അത്ഭുതമാണ് ഏതന്‍ അമ്പാഡുവും. ഈ അത്ഭുത കൗമാരതാരത്തിന്റെ പേരും പരിവേഷവും ലോകമാധ്യമങ്ങളില്‍ നിറയാന്‍ തുടങ്ങിയിട്ട് കുറച്ചുനാളായി. 2017 ജൂലൈ ഒന്നോടെ ഏതന്‍ ലോകമാധ്യമങ്ങളുടെ ഏറ്റവും ചൂടുള്ള ചര്‍ച്ചാ വിഷയവുമായി. ഒരുപക്ഷേ വരുന്ന ദശകം ഏതന്റേതാകാം.

സെപ്തംബര്‍ പതിന്നാല് രണ്ടായിരത്തിലാണ് ഏതന്റെ ജനനം. ഇപ്പോള്‍ വയസ് പതിനാറര. നമ്മുടെ നാട്ടിലാണെങ്കില്‍ തടിച്ച പുസ്തകങ്ങളുമായി സ്‌കൂളിലേക്കും എന്‍ട്രന്‍സ് കോച്ചിംഗ് സെന്ററുകളിലേക്കും ഭ്രാന്തമായി പരക്കം പായുന്ന ഒരു പ്ലസ് വണ്‍ വിദ്യാര്‍ഥിയാകുമായിരുന്നു ഏതന്‍. ഭാഗ്യവശാല്‍ ബോധമുള്ള അച്ഛനമ്മമാരുടെ മകനായി ഏതന് ഇംഗ്ലണ്ടില്‍ ജനിക്കാനും വെയില്‍സില്‍ വളരാനുമായി.

മുഴുവന്‍ പേര് ഏതന്‍ കവാമി അമ്പാഡു. ഇംഗ്ലണ്ടില്‍ ഡിവോണ്‍ കൗണ്ടിയിലെ എക്സെറ്റര്‍ സിറ്റിയിലാണ് ജനനം. പിതാവ് മുന്‍ പ്രൊഫഷണല്‍ ഫുട്ബോളറായിരുന്ന കവാമി അമ്പാഡു. 1988 മുതല്‍ 91 വരെ അഴ്സണലിന്റേയും 94 മുതല്‍ 98 വരെ സ്വാന്‍സിയ സിറ്റിയുടേയും മിഡ്ഫീല്‍ഡറായിരുന്നു അദ്ദേഹം. നാലുതവണ അയര്‍ലണ്ടിന്റെ ദേശീയ യൂത്ത് ടീമിനു വേണ്ടിയും കളിച്ചിട്ടുണ്ട്. കളിച്ചിരുന്ന കാലത്ത് യൂറോപ്പിലെ മികച്ച മിഡ്ഫീല്‍ഡര്‍മാരില്‍ ഒരാളായിരുന്നു. ഇംഗ്ലണ്ടില്‍ വെസ്റ്റ് യോര്‍ക്ക്ഷെയറിയലെ ബാഡ്ഫോഡിലായിരുന്നു കവാമിയുടെ ജനനം. പിതാവ് ആഫ്രിക്കയിലെ ഘാന സ്വദേശിയും അമ്മ അയര്‍ലണ്ടുകാരിയും. തീരേ കുട്ടിയായിരിക്കുമ്പോള്‍ തന്നെ കവാമിയുടെ കുടുംബം ഇംഗ്ലണ്ടില്‍ നിന്ന് അമ്മയുടെ സ്വദേശമായ അയര്‍ലണ്ടിലേക്ക് താമസം മാറ്റിയിരുന്നു.

അയര്‍ലണ്ടിന്റെ തലസ്ഥാനമായ ഡബിളിനിലെ നോര്‍ത്ത് റിച്ച്മൗണ്ട് സ്ട്രീറ്റിലുള്ള ഒ-കോണല്‍സ് (O, CONNELLS) സ്‌കൂളിലായിരുന്നു കവാമി അമ്പാഡുവിന്റെ പ്രൈമറി-സെക്കന്ററി വിദ്യാഭ്യാസം. ലോകപ്രസിദ്ധമാണ് 1829-ല്‍ സ്ഥാപിതമായ ഈ വിദ്യാലയം. എല്ലാക്കാലത്തും മികച്ച അക്കാഡമിക് നിലവാരം പുലര്‍ത്തിയിരുന്ന ഈ സ്‌കൂള്‍ ഫുട്ബോള്‍ പരിശീലനത്തിനും അത്രതന്നെ പ്രാധാന്യം നല്‍കിയിരുന്നു. മികച്ച വിദ്യാര്‍ഥികൂടിയായിരുന്ന കവാമി അമ്പാഡു ഇവിടെ നിന്നാണ് മികച്ച ഫുട്ബോളറായി പുറത്തുവരുന്നത്. അയര്‍ലണ്ടിന്റെ മുന്‍ ദേശീയ താരങ്ങളായ ഇവോയിന്‍ ഹാന്‍ഡ് (EVOIN HAND), റേ ട്രെസി (RAY TREACY), ജെഫ്കെന്ന (JEFF KENNA) എന്നിവര്‍ ഈ സ്‌കൂളിന്റെ ഉല്‍പന്നങ്ങള്‍ കൂടിയാണ്.

കൂട്ടത്തില്‍ ഒരുകാര്യം കൂടി. 'യുലീസസ്' (ULYSSES) എന്ന വിഖ്യാത നോവലിന്റെ കര്‍ത്താവും ചെറുകഥാകൃത്തും കവിയുമായ ജെയിംസ് ജോയിസും (JAMES JOYCE1882-1941) ഈ സ്‌കൂളിലെ വിദ്യാര്‍ഥിയായിരുന്നു. അദ്ദേഹത്തിന്റെ 'ഡബിളിനേഴ്സ'് (DUBLINERS-1914) എന്ന കഥാസമാഹാരത്തിലെ 'അറാബേ' (ARABY) എന്ന കഥയുടെ പശ്ചാത്തലം ഈ സ്‌കൂളും പരിസരവുമാണ്. കളിയോടൊപ്പം മികച്ച അക്കാഡമിക് നിലവാരവും പുലര്‍ത്തിയിരുന്ന കവാമി അമ്പാഡു മകന്‍ ഏതന്‍ അമ്പാഡുവിന്റെ വിദ്യാഭ്യാസകാര്യങ്ങളിലും അതീവ ശ്രദ്ധാലുവാണ്. അതിനാല്‍ ഇത്രയും വിവരിച്ചുവെന്നേയുള്ളു.

കവാമി അമ്പാടുവിന്റെ ഏകമകനാണ് ഏതന്‍ അമ്പാഡു. ഏതന്റെ അമ്മ വെയില്‍സുകാരിയാണ്. മുത്തച്ഛന്റെ നാട് ഘാന. മുത്തശ്ശിയുടെ നാട് അയര്‍ലണ്ട്. അച്ഛന്‍ ജനിച്ചത് ഇംഗ്ലണ്ടില്‍. ഇങ്ങനെ നാലുരാജ്യങ്ങളുമായി ഏതന് ഉറ്റ ജന്മബന്ധമുണ്ട്. അതിനാല്‍ ഈ നാലുരാജ്യങ്ങളുടേയും ദേശീയ ടീമില്‍ കളിക്കാന്‍ നിയമപരമായി ഏതന് കഴിയും. അങ്ങനെ ഒരു പ്രശ്നം കൂടി ഇപ്പോള്‍ നേരിടുന്നുണ്ട് ഏതന്‍. ഇംഗ്ലണ്ടും വെയില്‍സും ഏതനുവേണ്ടി അവകാശവാദം ഉന്നയിക്കുന്നുണ്ട്. എന്നാല്‍ ഏതന്‍ തെരഞ്ഞെടുത്തിരിക്കുന്നത് അമ്മയുടെ നാടായ വെയില്‍സിനെയാണ്. അങ്ങനെ വെയില്‍സിന്റെ താരമാണ് ഏതനിപ്പോള്‍.

അഞ്ചുവയസുള്ളപ്പോഴാണ് ഏതന്‍ അമ്പാഡു കാല്‍പ്പന്തുകളിയുടെ അരങ്ങത്തേക്കുവരുന്നത്. ജന്മസ്ഥലമായ ഇംഗ്ലണ്ടിലെ എക്സെറ്റര്‍ നഗരത്തിലെ മൈതാനങ്ങളായിരുന്നു ആദ്യവേദികള്‍. അസാധാരണമായ കളിമികവ് പ്രകടിപ്പിച്ചതോടെ ഏതന്‍ പിതാവിന്റെ പഴയക്ലബ്ബായ എക്സെറ്റര്‍ സിറ്റി ഫു്ബോള്‍ ക്ലബ്ബിന്റെ അക്കാഡമിയലെത്തി. പതിന്നാലുവയസുവരെ എക്സെറ്ററിന്റെ വിവിധ ഏജ് ഗ്രൂപ്പ് ടീമുകളില്‍ തകര്‍ത്തു കളിച്ച ഏതന്‍ ഫുട്ബോള്‍ നിരീക്ഷകരുടേയും ആരാധകരുടേയും പ്രീയപ്പെട്ടവനായി. ക്ലബ്ബാകട്ടെ ഏതനെ തങ്ങളുടെ ഏറ്റവും വിലപ്പെട്ടതാരമായി പരിഗണിക്കുകയും ചെയ്്തു. ഇതിനിടയില്‍ ഇംഗ്ലണ്ടിലെ പ്രമുഖ ക്ലബ്ബുകളുടെ സ്‌കൗട്ടുകള്‍ ഏതനെ വലവീശാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ വിട്ടുകൊടുക്കാന്‍ എക്സെറ്റര്‍ സിറ്റി തയ്യാറായിരുന്നില്ല. സിമോണ്‍ഗ്രെവാഡ്, ഡാന്‍ ഗ്രീന്‍ എന്നിവരായിരുന്നു എക്സെറ്ററിന്റെ യൂത്ത് ടീമുകളെ പരിശീലിപ്പിച്ചിരുന്നത്. അവരുടെ ഏറ്റവും പ്രീയപ്പെട്ടകളിക്കാരനായിരുന്നു ഏതന്‍.

എക്സെറ്റര്‍ സിറ്റിയുടെ യൂത്ത് അക്കാഡമി ഇംഗ്ലണ്ടിലെ പ്രമുഖ അക്കാഡമികളില്‍ ഒന്നാണെങ്കിലും സീനിയര്‍ ടീമുകള്‍ അത്രമെച്ചമാണെന്നു പറയാനാകില്ല. ഇംഗ്ലീഷ് ലീഗ് രണ്ടിലാണ് അവരിപ്പോള്‍ കളിക്കുന്നത്. നാലാം ഡിവിഷനിലാണെന്ന് സാമാന്യമായി പറയാം. അവിടെത്തന്നെ അഞ്ചാം സ്ഥാനത്താണവര്‍. പ്രകടനത്തിന്റെ കാര്യത്തില്‍ അല്‍പം പിറകിലാണെങ്കിലും ആരാധകരുടെ കാര്യത്തില്‍ സമ്പന്നമാണ് ഈ ക്ലബ്ബ്. പോപ്പ് ഗായകനായ മൈക്കിള്‍ ജാക്സന്‍ അരാധകരില്‍ പ്രമുഖനായിരുന്നു. 2002-ല്‍ അദ്ദേഹം ക്ലബ്ബിന്റെ ഓണററി ഡയറക്ടറുമായിരുന്നു. ലോകപ്രശസ്ത സംഗീതജ്ഞനായ ക്രിസ്മാര്‍ട്ടിന്‍, അഭിനേതാവും എഴുത്തുകാരനും ഗായകനുമായ അഡ്രിയാന്‍ എഡ്മണ്‍സന്‍, നീന്തല്‍ താരമായ ലിയാന്‍ ടാന്‍കോക്ക് എന്നിവര്‍ ആരാധകരില്‍ ചിലര്‍മാത്രം. 1901-ല്‍ സ്ഥാപിക്കപ്പട്ടെ എക്സെറ്റര്‍ സിറ്റി ഫുട്ബോള്‍ ക്ലബ്ബ് ഇംഗ്ലീഷ് ലീഗില്‍ ഇതുവരെ കാര്യമായ ചലനങ്ങളൊന്നും സൃഷ്ടിച്ചിട്ടില്ല.

ഏതന്‍, തുടക്കത്തില്‍ ടീമിന്റെ പ്രധാന സ്ട്രൈക്കറായിരുന്നെങ്കിലും പിന്നീട് ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ സ്ഥാനത്തേക്ക് മാറുകയായിരുന്നു. അവിടെയായിരുന്നു ഏതന്റെ പ്രതിഭ അതിന്റെ പൂര്‍ണതയിലേക്ക് വന്നതും. എക്സെറ്ററിന്റെ യൂത്ത് ടീമില്‍ തകര്‍ത്തുകളിക്കുമ്പോഴാണ് ഇംഗ്ലണ്ടിന്റെ പതിനാറുവയസിന് താഴെയുള്ളവരുടെ ടീമിലേക്ക് പ്രവേശനം ലഭിക്കുന്നത്. ഇതോടെ ഇംഗ്ലീഷുകാരുടെ മുഴുവന്‍ ശ്രദ്ധയിലേക്ക് ഏതന് പ്രവേശനമായി. 2015-ല്‍ ആയിരുന്നു ഇത്.. അന്ന് ഏതന്റെ പ്രായം പതിനഞ്ചുവയസ്. തൊട്ടടുത്തവര്‍ഷം വെയില്‍സിന്റെ പതിനേഴുവയസിന് താഴെയുള്ളവരുടെ ടീമിലേക്കും 19 വയസിന് താഴെയുള്ളവരുടെ ടീമിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. ഇതോടെ വെറും പതിനാറുവയസ് മാത്രം പ്രായമുള്ള ഏതന് ഒരു സീനിയര്‍ കളിക്കാരന്റെ പരിവേഷവുമായി.

സ്വന്തം ക്ലബ്ബിലും ഇതനനുസരിച്ചുള്ള സ്ഥാനക്കയറ്റങ്ങള്‍ ഏതന് ലഭിച്ചു. അതുവരെ ക്ലബ്ബിന്റെ പതിനറുവയസിന് താഴെയുള്ളവരുടെ ടീമില്‍ മാത്രം കളിച്ചിരുന്ന ഏതന്‍ പൊടുന്നനവേ സീനിയര്‍ ടീമിന്റെ ഭാഗമായി. അവര്‍ക്കൊപ്പം ലീഗില്‍ ഏഴുമല്‍സരങ്ങള്‍ പൂര്‍ണമായും കളിച്ചു. സീനിയര്‍ ടീമില്‍ ഉള്‍പ്പടെത്തുമ്പോള്‍ ഏതന്റെ പ്രായം പതിനഞ്ചുവയസും പത്തുമാസവും 26 ദിവസവുമായിരുന്നു. ബ്രാന്‍ഡ്ഫോഡിനെതിരെയായിരുന്നു ആദ്യമല്‍സരം. അതില്‍ മാന്‍ ഓഫ് ദി മാച്ചും ഏതനായിരുന്നു. ഇതോടെ എക്സെറ്റര്‍ സിറ്റി യുടെ സീനിയര്‍ ടീമില്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനെന്ന റെക്കോഡും ഏതന്റെ പേരിലായി. 87 വര്‍ഷം പഴക്കമുള്ള ക്ലിഫ് ബാസ്റ്റിയന്റെ (19121991) റെക്കോഡാണ് ഏതന്‍ തിരുത്തിയത്.

ഇതോടെ യൂറോപ്യന്‍ മാധ്യമങ്ങളില്‍ ഏതന്‍ നിറഞ്ഞു തുളുമ്പി. ഇംഗ്ലണ്ടിന്റെ ജോണ്‍ ടെറി, ഇറ്റലിയുടെ ഫ്രാങ്കോബരേസി, കന്നവരോ, ജര്‍മനിയുടെ ലോഥര്‍മത്തേവൂസ് എന്നിവരുടെ പ്രതിഭയുമായിട്ടായിരുന്നു താരതമ്യങ്ങള്‍. ഇതോടെ വലിയ ക്ലബ്ബുകള്‍ ഏതന്റെ പിന്നാലെയായി. മാഞ്ചസ്റ്റര്‍യുണൈറ്റഡ്, അഴ്സണല്‍ ചെല്‍സി, എവര്‍ട്ടണ്‍ എന്നീ ക്ലബ്ബുകളായിരുന്നു ഏതനെ മോഹിച്ചത്. ഒടുവില്‍ ചെല്‍സി പരിശീലകന്‍ ആന്റോണിയോകോണ്ടിയുടെ വലയില്‍ ഏതന്‍ വീണു. പ്രതിഭാശാലികളായ നൂറുകണക്കിന് കളിക്കാരേ കണ്ടിട്ടുള്ളവരാണ് മാഞ്ചസ്റ്ററിന്റെ പരിശീലകന്‍ മോറീഞ്ഞോയും അഴ്സണലിന്റെ അഴ്സന്‍വെംഗറും. അവര്‍ ഏതനെ മോഹിച്ചു എന്നുപറയുമ്പോള്‍ തന്നെ അയാളുടെ പ്രതിഭാബലവും സാങ്കേതികത്തികവും മനസിലാക്കാവുന്നതേയുള്ളു.

അങ്ങനെ 2017-ജൂലൈ ഒന്നിന് ചെല്‍സിയുമായി കരാറിലായി. പതിനേഴുതികയാന്‍ ഏതന് ഇനിയും രണ്ടുമാസം ബാക്കി. പെട്ടെന്ന് ശ്രദ്ധ പിടിച്ചുപറ്റാന്‍ കഴിയുന്ന പൊസിഷനിലല്ല ഏതന്‍ കളിക്കുന്നത് എന്നകാര്യം ഓര്‍ക്കേണ്ടതാണ്. മുന്നേറ്റനിരക്കാരാണ് സാധാരണ ശ്രദ്ധയില്‍ പെട്ടെന്നുവരിക. ഡ്രിബിളിംഗ് പാടവവും സ്‌കില്ലുകളും ഗോളുകളുടെ എണ്ണവും പ്രത്യേകതകളും ആരാധകരുടെ കണ്ണില്‍ എളുപ്പത്തില്‍ വന്നുവീഴുമെന്നതാണ് അതിനു കാരണം. പക്ഷേ ഡിഫന്‍സീഫ് മിഡ്ഫീല്‍ഡര്‍ എന്ന പൊസിഷന്‍ അങ്ങനെയല്ല. അബദ്ധങ്ങള്‍ പിണയാന്‍ ഏറ്റവും എളുപ്പവും കഠിനവുമാണ് ആ പൊസിഷന്‍. സമ്മര്‍ദമേറുമെന്നതിനാല്‍ നല്ല ആത്മവിശ്വാസവും വേണം. ബോളുകള്‍ ജഡ്ജ് ചെയ്യുന്നതിലെ മിടുക്കാണ് ഇവിടെ പ്രധാനം. പിഴച്ചാല്‍ എല്ലാം അവസാനിക്കും. ഇതൊക്കെ ആര്‍ജ്ജിക്കണമെങ്കില്‍ കറതീര്‍ന്ന പ്രതിഭയും വര്‍ഷങ്ങളുടെ കളിപരിചയവും നിരന്തരമായ പരിശീലനവും വേണം. നമ്മളിന്നറിയുന്ന വലിയ ഡിഫന്റര്‍മാരൊന്നും ഇരുപത്തിയഞ്ചുവയസിന് മുമ്പ് ലോകം അറിഞ്ഞവരുമല്ല. എന്നാല്‍ ഏതന്‍ അത് നേരത്തെ സ്വായത്തമാക്കിയിരിക്കുന്നു.

മികച്ച സ്‌കില്ലും വേഗവും ശാരീരികക്ഷമതയും ഉണ്ടെങ്കില്‍ ഒരാള്‍ക്ക് ഒരു സാധാരണ കളിക്കാരനാകാനാകാന്‍ കഴിഞ്ഞേക്കും. അസാധാരണനാകാന്‍ ഇതിനൊപ്പം മികച്ച 'വിഷനും' ചേരേണ്ടതുണ്ട്. കളിക്കുള്ളിലെ കളി സൃഷ്ടിക്കുവാനുള്ള കഴിവിനെയാണ് ഫുട്ബോളില്‍ വിഷന്‍ എന്നതു കൊണ്ട് അര്‍ഥമാക്കുന്നത്. സ്വന്തം കാലിലേക്കുവരുന്ന പന്തിന്റെ ഫലപ്രദവും സര്‍ഗാത്മകവുമായ വിനിയോഗമെന്ന് വിഷനെ വ്യാഖ്യാനിക്കാം. കണ്ണിന്റേയും മനസിന്റേയും ബുദ്ധിയുടേയും ഭാവനയുടേയും ഒരേബിന്ദുവിലുള്ള അര്‍ഥവത്തായ ഏകോപനമാണത്. പന്തിന്റെ ചലനം, എതിര്‍കളിക്കാരുടേയും സ്വന്തം കളിക്കാരുടേയും കളത്തിലെ പൊസിഷനുകള്‍, എതിര്‍കളിക്കാരുടെ തൊട്ടടുത്ത നീക്കത്തെ മുന്‍കൂട്ടി കാണാനുള്ള കഴിവ് ഇതെല്ലാം വിഷനുമായി ബന്ധപ്പെട്ടുവരുന്ന മിടുക്കുകളാണ്. ഇത്തരം കളിക്കാര്‍ക്ക് എതിര്‍കളിക്കാരെ സ്വാച്ഛാപ്രകാരം പാവകളെപ്പോലെ നിയന്ത്രിക്കാനാകും. 22 പേര്‍ നിറഞ്ഞു നില്‍ക്കുന്ന ഗ്രൗണ്ടില്‍ അവരെ അപ്പാടെ അപ്രത്യക്ഷരാക്കി ശൂന്യസ്ഥലങ്ങള്‍ യഥേഷ്ടം സൃഷ്ടിക്കാാകും. സാധാരണകളിക്കാര്‍ കളിയെ സങ്കീര്‍ണമാക്കുമ്പോള്‍ അസാധാരണന്മാര്‍ അതിനെ അങ്ങേയറ്റം ലളിതമാക്കുന്നു. ഇവര്‍ പന്തിനെയല്ല പന്ത് ഇവരെയാണ് പിന്തുടരുക. മറഡോണയുടേയും മെസിയുടേയും ക്രിസ്റ്റിയാനോയുടേയും മുന്നില്‍ പന്ത് അങ്ങേയറ്റം അനുസരണയോടെ പെരുമാറുന്നത് ഇതു കൊണ്ടാണ്. അവിടെ യജമാനന്‍ പന്തല്ല കളിക്കാരനാണ്. സാധാരണ കളിക്കാരുടെ മുന്നില്‍ പന്ത് യജമാനനായി മാറുന്നു. ഏതന്‍ അമ്പാഡുവും ഈ നിരയിലേക്കുവരുന്നത് അയാള്‍ കളിക്കളത്തില്‍ പ്രകടമാക്കുന്ന അസാധാരണ വിഷനിലൂടെയാണ്. തന്റെ സമപ്രായക്കാരായ കളിക്കാരില്‍ നിന്ന് ഏതന്‍ എത്രയോ കാതം മുന്നില്‍ നില്‍ക്കുന്നതും അതുകൊണ്ടുതന്നെ.

അസാധാരണമായ ശാരീരികമികവും വഴക്കവുമാണ് ഏതന്റെ മറ്റൊരു സവിശേഷത. പതിനേഴുവയസ് പൂര്‍ത്തിയായിട്ടില്ലെങ്കിലും അഞ്ചടി ഒമ്പതിഞ്ചാണ് ഇപ്പോള്‍ ഉയരും. കഠിനമായ ഫിറ്റ്നസ് വര്‍ക്കുകള്‍ ചെയ്യാനുള്ള പ്രായമായിട്ടില്ലെങ്കിലും നൂറുശതമാനവും ഫിറ്റാണ് ആശരീരം. കഠിനവും നിശവുമാണ് അയാളുടെ പരിശീലന രീതികളെന്ന് പിതാവ് കവാമി അമ്പാടുതന്നെ സാക്ഷ്യപ്പെടുത്തുന്നു. അക്കാഡമിയിലെ സാധാരണ പരിശീലനം കഴിഞ്ഞാല്‍ സ്വന്തം പരിശീലന രീതികള്‍ അയാള്‍ പിന്തുടരുന്നു. പഠിച്ച പാഠങ്ങളുടെ ആവര്‍ത്തനങ്ങളില്‍ അയാള്‍ മുഷിയുന്നതേയില്ല. അത്രയും മഹത്വപൂര്‍ണമാണ് അയാളുടെ സമര്‍പ്പണവും ലക്ഷ്യവും.

കഴിഞ്ഞ ജൂണ്‍ ഒന്നിന് സെര്‍ബിയയ്ക്കതിരെ നടന്ന ലോകകപ്പ് യോഗ്യതാ മല്‍സരത്തിനുള്ള വെയില്‍സ് ടീമിലേക്ക് പരിശീലകന്‍ ക്രിസ്‌കോള്‍മാന്‍ ഏതന്‍ അമ്പാഡുവിനേയും ഉള്‍പ്പെടുത്തിയിരുന്നു. പക്ഷേ കളിക്കാനായില്ല. ഒരു പതിനാറുകാരനെ സംബന്ധിച്ചടത്തോളം അതുതന്നെ വലിയ അംഗീകാരമായി. എവര്‍ട്ടന്റെ ആഷിലി വില്യംസ്, ഗെറ്റിന്‍ജോണ്‍സ്, ടോട്ടനത്തിന്റെ ബെന്‍ ഡേവിഡ്സ്, ആസ്റ്റന്‍വില്ലയുടെ ജയിംസ് വെസ്റ്റര്‍, കാര്‍ഡിഫ് സിറ്റിയുടെ ജാസ് റിച്ചാഡ്സ് എന്നിവരാണ് ഇപ്പോള്‍ വെയില്‍സിന്റെ പ്രതിരോധത്തിലുള്ളത്. ഇവര്‍ക്കൊപ്പമാണ് ഏതനെ പരിഗണിച്ചത്. റയലിന്റെ ഗാരത്ബെയിലും അഴ്സണലിന്റെ ആരോണ്‍ രാംസേയും ലിവര്‍പൂളിന്റെ ഗാരി വില്‍സനും ഉള്‍പ്പെട്ട ടീമാണത് എന്നകാര്യവും ഓര്‍ക്കാം. എന്തായാലും ഈ ലോകോത്തരതാരങ്ങള്‍ക്കൊപ്പം പരിശീലനം നേടാന്‍ ഏതന്‍ അമ്പാഡുവിന് കഴിഞ്ഞു എന്നത് നിസാരമല്ല.

ഏതന്‍ ഇപ്പോള്‍ വെയില്‍സിലെ ജി.സി.എസ്.സി (general certificate of secondary education) പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണ്. അതുകഴിഞ്ഞാല്‍ അടുത്തവര്‍ഷം റഷ്യയില്‍ നടക്കുന്ന ലോകകപ്പ് എന്ന വലിയ പരീക്ഷയ്ക്ക് തയ്യാറെടുക്കേണ്ടി വന്നേക്കാം. ലോകകപ്പ് യോഗ്യതാമല്‍സരങ്ങളുടെ ഗ്രൂപ്പില്‍ ഇപ്പോള്‍ മൂന്നാം സ്ഥാനത്താണ് വെയില്‍സ്. ഇക്കുറി അവര്‍ യോഗ്യത നേടുവാനുള്ള സാധ്യത വിരളമല്ല. എങ്കില്‍ നമുക്ക് ഏതനെ റഷ്യയില്‍ കാണാം.

വലിയകളിക്കാരുടെ ഹെയര്‍ സ്റ്റൈലും ശരീരഭാഷയും മാത്രം അനുകരിച്ച് സമയം പാഴാക്കുന്ന നമ്മുടെ കുട്ടികള്‍ ഏതന്‍ അമ്പാഡുവിനെ പാഠമാക്കട്ടെ.