ഇന്ത്യയിലേക്ക് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വരുന്നു 

May 11, 2017, 7:04 pm
ഇന്ത്യയിലേക്ക് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വരുന്നു 
Football
Football
ഇന്ത്യയിലേക്ക് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വരുന്നു 

ഇന്ത്യയിലേക്ക് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വരുന്നു 

മുംബൈ: അണ്ടര്‍ 17 ലോകകപ്പിന്റെ ഭാഗമായി ഇന്ത്യ സന്ദര്‍ശിക്കാന്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഒരുങ്ങുന്നതായി സൂചന. ഈ വര്‍ഷം ജൂലൈ ഏഴിനാണ് റൊണാള്‍ഡോ ഇന്ത്യയിലെത്തുക. അണ്ടര്‍ 17 ലോകകപ്പിന്റെ മത്സര ഷെഡ്യൂളുകളുടെ നറുക്കെടുപ്പിന്റെ ഭാഗമായിരിക്കും റൊണാള്‍ഡോയുടെ ഇന്ത്യന്‍ സന്ദര്‍ശനം.

ഓള്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് പ്രഫുല്‍ പട്ടേല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ ഫെഡറേഷനായും റൊണാള്‍ഡോയുടെ ഏജന്റ് ജോര്‍ജ് മെന്‍ഡിസുമായും ഇന്ത്യന്‍ ഫുട്‌ബോള്‍ അധികൃതരുടെ അന്തിമ ചര്‍ച്ച പുരോഗമിക്കുകയാണ്.

മുംബൈയിലാണ് ഫുട്‌ബോള്‍ ലോകകപ്പിനുളള മത്സര ഷെഡ്യൂളുകള്‍ തീരുമാനിക്കുന്നത്. റൊണാള്‍ഡോയുടെ സൗകര്യം കൂടി പരിഗണിച്ചാകും ഇക്കാര്യത്തിലുളള അന്തിമ തീയ്യതി തീരുമാനിക്കുക. യോഗ്യത നേടിയ 24 ടീമുകളുടെയും മത്സരങ്ങളും ഗ്രൂപ്പും ആണ് അന്നത്തെ നറുക്കെടുപ്പില്‍ തീരുമാനിക്കുന്നത്.

അതെസമയം റൊണാള്‍ഡോയ്ക്ക് ഏതെങ്കിലും തരത്തില്‍ അസൗകര്യങ്ങളുണ്ടായാല്‍ മറ്റൊരു വലിയ കളിക്കാരനേയും ഈ സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നുണ്ടെന്ന് പ്രഫുല്‍ പട്ടേല്‍ കൂട്ടിച്ചേര്‍ത്തു. ഇക്കാര്യത്തില്‍ അന്തിമ അറിയിപ്പ് റൊണാള്‍ഡോയില്‍ നിന്നും ഉണ്ടായിട്ടില്ലെന്നും അതിന് ശേഷമായിരിക്കും മറ്റ് തീരുമാനങ്ങളെന്നും അദ്ദേഹം അറിയിച്ചു.

റൊണാള്‍ഡോയെ ഇന്ത്യയിലേക്ക് എത്തിക്കാനായാല്‍ അത് രാജ്യത്തെ ഫുട്‌ബോളിന് പ്രചാരം വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കും എന്നാണ് ഫുട്‌ബോള്‍ ഫെഡറേഷന്‍ കണക്കുകൂട്ടുന്നത്. ഇന്ത്യന്‍ ഫുട്‌ബോളിലെ ആഗോള ബ്രാന്‍ഡാക്കി അവതരിപ്പിക്കാനും പരസ്യ വരുമാനം ഉയര്‍ത്താനും അത് സഹായിക്കുമെന്നും അവര്‍ വിലയിരുത്തുന്നു.

ഒക്ടോബര്‍ ആറ് മുതലാണ് ഇന്ത്യയില്‍ ഫിഫയുടെ അണ്ടര്‍ 17 ലോകകപ്പ് ആരംഭിക്കുക. കൊച്ചിയടക്കം ഇന്ത്യയിലെ ആറ് വേദികളിലായാണ് മത്സരം. കൊല്‍ക്കത്തയിലാണ് കലാശപ്പോര് നടക്കുന്നത്.