ഘാന സൂപ്പറായിരിക്കും; പക്ഷേ, നമ്മുടെ പിള്ളേര് സ്‌ട്രോങാ, ഡബിള്‍ സ്‌ട്രോങ്  

October 12, 2017, 6:46 pm
ഘാന സൂപ്പറായിരിക്കും; പക്ഷേ, നമ്മുടെ പിള്ളേര് സ്‌ട്രോങാ, ഡബിള്‍ സ്‌ട്രോങ്  
Football
Football
ഘാന സൂപ്പറായിരിക്കും; പക്ഷേ, നമ്മുടെ പിള്ളേര് സ്‌ട്രോങാ, ഡബിള്‍ സ്‌ട്രോങ്  

ഘാന സൂപ്പറായിരിക്കും; പക്ഷേ, നമ്മുടെ പിള്ളേര് സ്‌ട്രോങാ, ഡബിള്‍ സ്‌ട്രോങ്  

ആര്‍ത്തിരമ്പുന്ന കാണികള്‍ക്കു മുന്നില്‍ ഇന്ന് ഇന്ത്യന്‍ കുട്ടികള്‍ ചരിത്രം രചിക്കുമോ? ലോകകപ്പ് ഫുട്‌ബോളില്‍ ആദ്യ ജയം തേടി ഇന്ത്യ ഇന്ന് ഗ്രൂപ്പിലെ അവസാന മത്സരത്തിനിറങ്ങുമ്പോള്‍ ആരാധകര്‍ക്കു പ്രതീക്ഷകളേറെയാണ്. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും മെച്ചപ്പെട്ടു വരുന്ന ഇന്ത്യന്‍ കൗമാര നിര ആഫ്രിക്കന്‍ കരുത്തരായ ഘാനയെ തോല്‍പ്പിക്കുമെന്ന പ്രതീക്ഷയിലാണ് നൂറു കോടിക്കുമുകളിലുള്ള ആരാധകര്‍. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ രാത്രി എട്ടിനാണ് മത്സരം.

ആദ്യ മത്സരത്തില്‍ അമേരിക്കയോടും രണ്ടാം മത്സരത്തില്‍ കൊളംബിയയോടും തോറ്റ ഇന്ത്യയ്ക്കു ഇതുവരെ പോയിന്റൊന്നുമില്ലെങ്കിലും അവസാന മത്സരത്തില്‍ അത്ഭുതം പ്രതീക്ഷിച്ചാണ് അമര്‍ജിത്ത് സിങ്ങും കൂട്ടരും ഇറങ്ങുന്നത്. പോയിന്റ് പട്ടികയില്‍ ഏറ്റവും പിന്നിലുള്ള ഇന്ത്യയ്ക്കു പക്ഷേ ഇനി മുന്നോട്ടുള്ള പ്രയാണത്തിനു ജീവ വായു വേണമെങ്കില്‍ ഘാനയെ നാലു ഗോളിനെങ്കിലും തോല്‍പ്പിക്കണം. ഇതോടൊപ്പം കൊളംബിയയെ അമേരിക്കയും വലിയ മാര്‍ജിനില്‍ തുരത്തണം.

കൗമാര മാമാങ്കത്തില്‍ ഉശിരന്‍ റെക്കോഡുകള്‍ സ്വന്തം പേരിലുള്ള ഘാന അണ്ടര്‍ 17 ലോകകപ്പ് രണ്ടുവട്ടം നേടുകയും രണ്ടുതവണ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ വമ്പന്മാരാണെന്ന ഒരു പേടിയും തന്റെ കുട്ടികള്‍ക്കില്ലെന്ന് മത്സരത്തിനു മുന്നോടിയായി ഇന്ത്യന്‍ പരിശീലകന്‍ നോര്‍ട്ടണ്‍ വ്യക്തമാക്കിക്കഴിഞ്ഞു. എല്ലാം മറന്നു പോരാടി ചരിത്രം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് പരിശീലകന്‍ പറയുമ്പോള്‍ ഇത് നിലനില്‍പ്പിന്റെ പ്രശ്‌നമാണ്, അടുത്ത റൗണ്ട് ലക്ഷ്യമിട്ട് സര്‍വവും മറന്നു കളിക്കുമെന്നും കാണികളുടെ അകമഴിഞ്ഞ പിന്തുണ പ്രതീക്ഷിക്കുന്നുവെന്നും ക്യാപ്റ്റന്‍ അമര്‍ജിത്ത് പറയുന്നു.

ഘാനയ്‌ക്കെതിരേ ഇന്ത്യന്‍ നെയ്മര്‍ കോമള്‍ തട്ടാലിനു ആദ്യ പതിനൊന്നില്‍ ഇടം ലഭിച്ചേക്കില്ലെന്നാണ് സൂചന. അതേസമയം, മലയാളി താരം കെപി രാഹുല്‍ ടീമിന്റെ ഇടതു വിങ്ങിലുണ്ടാകും.

ഗ്രൂപ്പില്‍ രണ്ടു ജയവുമായി അമേരിക്ക പ്രീ ക്വാര്‍ട്ടറില്‍ ഇടം നേടിയിട്ടുണ്ട്. മൂന്നു പോയിന്റ് വീതമുള്ള കൊളംബിയയും ഘാനയുമാണ് ഗ്രൂപ്പില്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍.