പറയാതെ വയ്യ, ഇന്ത്യന്‍ ഫുട്‌ബോളിന് വേണ്ടാത്ത ‘മലപ്പുറം’ 

May 12, 2017, 11:56 am


പറയാതെ വയ്യ, ഇന്ത്യന്‍ ഫുട്‌ബോളിന് വേണ്ടാത്ത ‘മലപ്പുറം’ 
Football
Football


പറയാതെ വയ്യ, ഇന്ത്യന്‍ ഫുട്‌ബോളിന് വേണ്ടാത്ത ‘മലപ്പുറം’ 

പറയാതെ വയ്യ, ഇന്ത്യന്‍ ഫുട്‌ബോളിന് വേണ്ടാത്ത ‘മലപ്പുറം’ 

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ടീമുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സംഘാടകര്‍ തീരുമാനമെടുത്തതിന് പിന്നാലെ കേരളത്തില്‍ നിന്നടക്കം പത്ത് നഗരങ്ങളെ കേന്ദ്രീകരിച്ച് ടീമുകള്‍ ആരംഭിക്കാന്‍ താല്‍പര്യമുള്ളവരെ ലേലത്തിന് ക്ഷണിച്ചുകൊണ്ടുളള അറിയിപ്പ് വന്നു. കേരളത്തില്‍ തിരുവനന്തപുരമാണ് പുതിയ ടീമിനുളള ആസ്ഥാനമായി തെരഞ്ഞെടുത്തിരിക്കുന്നത്. ഒരു ശരാശരി ഫുട്‌ബോള്‍ പ്രേമിയെ സംബന്ധിച്ചിടത്തോളം തന്നെ അത്ഭുതപ്പെടുത്തുന്ന തീരുമാനമാണ് ഐഎസ്എല്ലില്‍ കേരളത്തില്‍ നിന്നും രണ്ടാമതൊരു ടീമിന്റെ ആസ്ഥാനമായി തിരുവനന്തപുരത്തെ പരിഗണിക്കുന്നത്.

കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികളില്‍ ബഹുഭൂരിപക്ഷവും മലബാറില്‍ നിന്നായിരിക്കെ ഇത്തരമൊരു തീരുമാനം മഹാ അബദ്ധമെന്ന് പറയാതെ വയ്യ. ഒരുവേള കേരള ബ്ലാസ്റ്റേഴ്‌സിനായി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം നിറക്കുന്നത് പോലും ഫുട്‌ബോളിനെ ജീവന് തുല്യം സ്‌നേഹിക്കുന്ന മലബാറില്‍ നിന്നെത്തുന്ന പതിനായിരകണക്കിന് കാണികളാണ്. ഒരു തവണ കൊച്ചി സ്റ്റേഡിയത്തില്‍ ഐഎസ്എല്‍ കാണുന്ന ഏതൊരാള്‍ക്കും ഇക്കാര്യം മനസ്സിലാക്കാവുന്നതാണ്. ഈ കാണികളുടെ ഫുട്‌ബോള്‍ സ്‌നേഹത്തെ ലവലേശം ആരും പരിഗണിക്കുന്നില്ല എന്ന് കൂടിയാണ് പുതിയ തീരുമാനത്തിലൂടെ പുറത്ത് വരുന്നത്.

തിരുവനന്തപുരത്തിനു പുറമെ അഹമ്മദാബാദ്, കട്ടക്ക്, ബെംഗളൂരു, ദുര്‍ഗാപുര്‍, ഹൈദരാബാദ്, ജംഷഡ്പുര്‍, കൊല്‍ക്കത്ത, റാഞ്ചി എന്നീ നഗരങ്ങളെയാണ് ലേലത്തിനുള്ള പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മെയ് 12 മുതല്‍ 24 വരെയാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള തിയതി. കേരളത്തിന്റെ സ്വന്തം ഐഎസ്എല്‍ ടീമായ കേരളാ ബ്ലാസ്റ്റേഴ്‌സിനെ ആരാധകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച സാഹചര്യത്തില്‍ തിരുവനന്തപുരം ആസ്ഥാനമായി പുതിയ ടീം ആരംഭിക്കാന്‍ വമ്പന്‍ കമ്പനികള്‍ എത്താനാണ് സാധ്യത.

കൊച്ചിയുടെ ആള്‍കൂട്ടം കണ്ട് തിരുവനന്തപുരത്ത് പുതിയ ഐഎസ്എല്‍ ടീം വരുകയാണെങ്കില്‍ അത് വിജയമായികൊള്ളണമെന്നില്ല. മുംബൈയിലേയും ബംഗളൂരുവിലേയും പോലെ ആയിരങ്ങള്‍ മാത്രം കാണികളായി എത്തുന്ന ഒരു ടീം മാത്രമായി അത് പരിണമിക്കാനാണ് സാധ്യത. കടുത്ത ഫുട്‌ബോള്‍ പ്രേമികള്‍ക്കല്ലാത്ത ലീഗില്‍ നിരന്തരം നടക്കുന്ന മത്സരം കാണാണ്‍ താല്‍പര്യമുണ്ടാകില്ല.

അതെസമയം മലബാറിന്റെ ദുരവസ്ഥ കൂടി ചൂണ്ടികാണിക്കുന്നതാണ് ഈ പുതിയ തീരുമാനം. നല്ല സ്റ്റേഡിയങ്ങളില്ലാത്തതും, ഉളള സ്റ്റേഡിയങ്ങളില്‍ തന്നെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവുമാണ് മലബാറിന്റെ ശാപം. ഇതുപരിഹരിക്കാന്‍ ഇഛാശക്തിയുളള രാഷ്ട്രീയ നേതൃത്വമോ, ഉദ്യോഗസ്ഥ സ്വാധീനമോ മലബാറിനില്ല. സ്വകാര്യ സംരഭങ്ങളായി തുടങ്ങുന്ന ചില ചെറു ക്ലബുകളും പാടത്തും പറമ്പുകളിലുമായി നടക്കുന്ന സെവണ്‍സ് ഫുട്‌ബോളുമെല്ലാം കണ്ട് ആത്മ സംതൃപ്തി അടയാനാണ് മലബാറിന്റെ വിധി. ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന മലബാറുകാര്‍ക്ക് വിശിഷ്യ മലപ്പുറത്തുകാരോട് ആരാണ് ഇനി നീതി ചെയ്യുക?