അലെഗ്രിക്കു സംശയമില്ല, ഭാവി ഫുട്‌ബോള്‍ ആരു നയിക്കുമെന്ന കാര്യത്തില്‍ 

September 11, 2017, 6:27 pm
അലെഗ്രിക്കു സംശയമില്ല, ഭാവി ഫുട്‌ബോള്‍ ആരു നയിക്കുമെന്ന കാര്യത്തില്‍ 
Football
Football
അലെഗ്രിക്കു സംശയമില്ല, ഭാവി ഫുട്‌ബോള്‍ ആരു നയിക്കുമെന്ന കാര്യത്തില്‍ 

അലെഗ്രിക്കു സംശയമില്ല, ഭാവി ഫുട്‌ബോള്‍ ആരു നയിക്കുമെന്ന കാര്യത്തില്‍ 

മറഡോണ, ഡി സ്‌റ്റെഫാനോ, മെസി തുടങ്ങി ലോക ഫുട്‌ബോള്‍ കാല്‍ക്കീഴിലാക്കിയ അര്‍ജന്റീന താരങ്ങളുടെ പട്ടികയിലേക്ക് ഒരാള്‍ക്കൂടി പന്തുതട്ടിക്കയറാന്‍ തുടങ്ങിയിട്ടു കുറച്ചായി. മെസിയുടെ കാലം കഴിയുമ്പോള്‍ അര്‍ജന്റീന ഫുട്‌ബോള്‍ പോളോ ഡിബാല എന്ന താരത്തെ ചുറ്റിത്തിരിഞ്ഞാകുമെന്നു വിശേഷണങ്ങള്‍ പലയിടത്തുനിന്നും വന്നു.

ആ വിശേഷണം അരക്കിട്ടുറപ്പിക്കുകയാണ് യുവന്റസ് പരിശീലകന്‍ മാസിമിലിയാനോ അലെഗ്രി. 23 വയസുകാരനായ ഡിബാല ഭാവിയില്‍ ലോകത്തെ ഏറ്റവും മികച്ച താരമാകുമെന്നാണ് അലെഗ്രി ഉറപ്പിക്കുന്നത്. നിലവില്‍ യുവന്റസിന്റെ കളി തന്ത്രത്തില്‍ സൂപ്പര്‍ താരമായി വിലസുന്ന ഡിബാലയുടെ മികവില്‍ കൂടിയാണ് കഴിഞ്ഞ സീസണില്‍ യുവന്റസ് സീരി എ ചാംപ്യന്‍മാരായതും ചാംപ്യന്‍സ് ലീഗില്‍ റണ്ണേഴ്‌സായതും.

പുതിയ സീസണ്‍ ആരംഭിച്ചപ്പോള്‍ ഇതുവരെ നാലു കളികളില്‍ നിന്ന് ഏഴു ഗോളുകളാണ് ഡിബാലയുടെ ബൂട്ടില്‍ നിന്നും യുവന്റസിനായി പിറന്നത്. 2015ല്‍ പാലേര്‍മോയില്‍ നിന്ന് 75 കോടി രൂപയ്ക്ക് യുവന്റസിലെത്തിയ ഡിബാല ഇതുവരെ യുവന്റസിന്റെ കുപ്പായത്തില്‍ 98 മത്സരങ്ങള്‍ കളിക്കുകയും 49 ഗോളുകള്‍ സ്വന്തം പേരിലാക്കുകയും ചെയ്തു.

ടീമിനെ വിന്യസിക്കുമ്പോള്‍ ഡിബാലയുടെ പ്ലേ മേക്കിങ് മികവ് നിര്‍ണായകമാണെന്നാണ് അലെഗ്രി പറയുന്നത്. ലയണല്‍ മെസി, ക്രിസ്റ്റിയാനോ റൊണാള്‍ഡോ എ്ന്നിവര്‍ ബൂട്ടഴിക്കുമ്പോള്‍ പോളോ ഡിബാല, നെയ്മര്‍ എന്നിവരെ ചുറ്റിയാകും ഫുട്‌ബോള്‍ ലോകം. യുവന്റസിന്റെ വെബ്‌സൈറ്റിലൂടെ അലെഗ്രി കുറിച്ചു.

മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ചെല്‍സി തുടങ്ങിയ വമ്പന്‍ ക്ലബ്ബുകള്‍ ഈ സീസണല്‍ ഡിബാലയ്ക്കു വേണ്ടി അണിനിരന്നെങ്കിലും പ്രതിവര്‍ഷം അന്‍പത് കോടി രൂപയ്ക്ക്(ഏഴ് മില്യണ്‍ യൂറോ) യുവന്റസുമായി ഡിബാല കരാര്‍ പുതുക്കിയിരുന്നു. ഇതോടെ 2022 വരെ താരം ഇറ്റാലിയന്‍ ചാംപ്യന്‍മാര്‍ക്കൊപ്പം തുടരും.