ഒന്നില്‍ പിഴച്ചാല്‍ മൂന്ന്: ഈ സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് കപ്പടിക്കും; ഇതാണ് കാരണങ്ങള്‍

September 12, 2017, 4:03 pm
ഒന്നില്‍ പിഴച്ചാല്‍ മൂന്ന്: ഈ സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് കപ്പടിക്കും; ഇതാണ് കാരണങ്ങള്‍
Football
Football
ഒന്നില്‍ പിഴച്ചാല്‍ മൂന്ന്: ഈ സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് കപ്പടിക്കും; ഇതാണ് കാരണങ്ങള്‍

ഒന്നില്‍ പിഴച്ചാല്‍ മൂന്ന്: ഈ സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് കപ്പടിക്കും; ഇതാണ് കാരണങ്ങള്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ മൂന്നു സീസണുകളില്‍ രണ്ടിലും ഫൈനല്‍ കളിച്ച കേരള ബ്ലാസ്റ്റേഴ്‌സ് ഇക്കുറി കപ്പു നേടുമെന്ന് ഉറച്ചാണെത്തുന്നത്. കഴിഞ്ഞ മൂന്നു സീസണുകളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് ഇക്കുറി ടീമെന്ന കാര്യം മാനേജ്‌മെന്റിനെന്ന പോലെ ആരാധകര്‍ക്കും ഉറപ്പാണ്. അതുകൊണ്ടു തന്നെ ഒന്നില്‍ പിഴച്ചത് മൂന്നില്‍ കിട്ടുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

കളിക്കാരുടെ ഡ്രാഫ്റ്റിങ്ങില്‍ നിര്‍ണായക ഇടപെടലുകള്‍ നടത്തി ടീമിനെ ശക്തിപ്പെടുത്തുന്നതില്‍ മാനേജ്‌മെന്റ് ഏകദേശം വിജയിച്ചിട്ടുണ്ട്. സീസണ്‍ പൂര്‍ത്തിയാകുമ്പോള്‍ ഐഎസ്എല്‍ കിരീടമാകും ഇതിന്റെ റിസള്‍ട്ടെന്നാണ് വിലയിരുത്തലുകള്‍. സീസണ്‍ തുടങ്ങുന്നതിനു മുമ്പു തന്നെ ടൂര്‍ണമെന്റിന്റെ ഫെവറിറ്റുകളായ ബ്ലാസ്റ്റേഴ്‌സ് ഐഎസ്എല്‍ നാലാം പതിപ്പില്‍ കിരീടം ഏറ്റവും കൂടുതല്‍ അര്‍ഹിക്കുന്നതിനു കാരണങ്ങള്‍ ഇവയാണ്.

ഉരുക്കിനെ വെല്ലുന്ന പ്രതിരോധ നിര

ഫുട്‌ബോളില്‍ ഒരു ടീമിന്റെ വിജയത്തില്‍ നിര്‍ണായകമാകുന്നത് ആ ടീമിന്റെ പ്രതിരോധമാണെന്നാണ് പറയപ്പെടുന്നത്. പ്രതിരോധം പാളിയാല്‍ എല്ലാം തീര്‍ന്നു. ആദ്യ സീസണിലും മൂന്നാം സീസണിലും ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധ നിര ശക്തമായിരുന്നു. എന്നാല്‍ ഇത്തവണ, പരിശീലകനായി റെനി മ്യൂലന്‍സ്റ്റീന്‍ വന്നതോടെ ഇന്ത്യയിലെ ഏറ്റവും മികച്ച പ്രതിരോധ ഭടന്മാരില്‍ ഒരാളായ സന്ദേശ് ജിങ്കനെ നിലനിര്‍ത്താനായിരുന്നു ആദ്യം തീരുമാനിച്ചത്. പിന്നീട് ഡ്രാഫ്റ്റിലും ഡിഫന്‍സ് താരങ്ങള്‍ക്കു പണമെറിയാന്‍ ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് മടി കാണിച്ചില്ല.

പരിചയസമ്പത്തല്ലേ എല്ലാം

ഐഎസ്എല്ലില്‍ ഇക്കുറി മുതലാകും കളി കാര്യമാവുക. മൂന്ന് മാസം ദീര്‍ഘമുണ്ടായിരുന്ന ലീഗ് ഇക്കുറി മുതല്‍ അഞ്ച് മാസമാക്കി. ടീമുകളുടെ എണ്ണവും പത്താക്കി ഉയര്‍ത്തി. മാത്രമല്ല, ഐഎസ്എല്‍ ചാംപ്യന്‍മാര്‍ക്ക് അടുത്ത വര്‍ഷത്തെ എഎഫ്‌സി കപ്പിനുള്ള യോഗ്യതയും ലഭിക്കും. ഇതൊക്കെ മുന്നില്‍ കണ്ടാണ് ബ്ലാസ്‌റ്റേഴ്‌സ് പ്ലാന്‍ തയാറാക്കിയിരിക്കുന്നത്. സന്ദേശ് ജിങ്കന്‍, റിനോ ആന്റോ, മിലന്‍ സിങ്, ജാക്കിചന്ദ് സിങ്, അറാട്ട ഇസുമി, സന്ദീപ് നന്ദി തുടങ്ങിയ മികച്ച പരിചയ സമ്പത്തുള്ള താരങ്ങളാണ് ഇക്കുറി മഞ്ഞക്കുപ്പായം അണിയുന്നത്.

റെനിച്ചായന്‍ മരണ മാസ്

ഡച്ച് പരിശീലകനായ റെനി മ്യൂലന്‍സ്റ്റീന്‍ ഈ സീസണ്‍ ഐഎസ്എല്ലിലെ ഹീറോ പരിവേഷമുള്ള കോച്ചാണ്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ഫുള്‍ഹാം തുടങ്ങിയ പ്രീമിയര്‍ ലീഗ് വമ്പന്‍മാരെ പരിശീലിപ്പിച്ചു പരിചയമുള്ള ബ്ലാസ്റ്റേഴ്‌സിന്റെ സ്വന്തം റെനിച്ചായന്‍ ഇക്കുറി ആരാധകരുടെ മഞ്ഞപ്പടയെ ജേതാക്കളാകുമെന്നാണ് പ്രതീക്ഷ.

സാക്ഷാല്‍ അലെക്‌സ് ഫെര്‍ഗ്യൂസനില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ടാണ് മ്യൂലന്‍സ്റ്റീന്‍ എത്തുന്നതെന്നും ആരാധകരുടെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നു. ബെര്‍ബറ്റോവ്, ബ്രൗണ്‍ തുടങ്ങിയ താരങ്ങളെ ബ്ലാസ്‌റ്റേഴ്‌സിലെത്തിക്കാന്‍ സ്വാധീനം ചെലുത്തിയതും റെനിച്ചായനാണ്.

ട്രാന്‍സ്ഫര്‍ പോളിസിയില്‍ വരുത്തിയ മാറ്റം

കഴിഞ്ഞ മൂന്നു സീസണില്‍ ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ് ട്രാന്‍സ്ഫര്‍ വിപണിയില്‍ നടപ്പിലാക്കിയ നയം നോക്കിയാല്‍ വ്യക്തമാകും ഇത്തവണ ബ്ലാസ്‌റ്റേഴ്‌സിന്റെ പടയൊരുക്കം. മാര്‍ക്വീ താരങ്ങള്‍ക്കു വമ്പന്‍ തുക ചെലവാക്കാതെ നിര്‍ണായക താരങ്ങള്‍ക്കുവേണ്ടിയാണ് ചെലവാക്കിയത്. മികച്ച വിദേശ താരങ്ങള്‍ക്കൊപ്പം നിലവാരം പുലര്‍ത്തുന്ന ഇന്ത്യന്‍ താരങ്ങളുമാണ് ഇക്കുറി ബ്ലാസ്റ്റേഴ്‌സ് നിരയിലുള്ളത്.

തിരനിറച്ച മുന്നേറ്റ നിര

സികെ വിനീത്, ചാക്കിചന്ദ് സിങ് എന്നിവര്‍ക്കൊപ്പം ഇയാന്‍ ഹ്യൂം കൂടി എത്തുന്നതോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്നേറ്റനിരയുടെ മൂര്‍ച്ച പതിന്മടങ്ങായി. ഇവരോടൊപ്പം, ബെര്‍ബറ്റോവ് കൂടി എത്തുന്നതോടെ ഗോളടിക്കാരാല്‍ ബ്ലസ്‌റ്റേഴ്‌സ് സുശക്തമാകും.