ഇറാഖിന്റെ ഹൃദയം കീഴടക്കി മലപ്പുറത്തിന്റെ സമദ്

October 13, 2017, 4:13 pm


ഇറാഖിന്റെ ഹൃദയം കീഴടക്കി മലപ്പുറത്തിന്റെ സമദ്
Football
Football


ഇറാഖിന്റെ ഹൃദയം കീഴടക്കി മലപ്പുറത്തിന്റെ സമദ്

ഇറാഖിന്റെ ഹൃദയം കീഴടക്കി മലപ്പുറത്തിന്റെ സമദ്

ഇറാഖിനെ കുറിച്ച് അറിയാമോ? അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പില്‍ ടീം ലെയ്‌സന്‍ ഓഫീസറാകാന്‍ അഭിമുഖത്തിന് മുംബൈയിലെത്തിയ മലപ്പുറത്തുകാരനോട് എല്‍ഒസി തലവന്‍ വരുണ്‍ ചോദിച്ച ചോദ്യമാണ്. ഇറാഖിന്റെ ചരിത്രവും സംസ്‌കാരവും ഭാഷയും അറിയാമെന്ന ആത്മവിശ്വാസത്തില്‍ അതെയെന്ന് തന്നെ സമദ് ഉത്തരം പറഞ്ഞു. അത് ചരിത്രമാകുമെന്ന് സമദിനപ്പോള്‍ അറിയില്ലായിരുന്നു.

അങ്ങനെയാണ് ഇന്ത്യന്‍ മണ്ണില്‍ അണ്ടര്‍ 17 ലോകകപ്പ് വിരുന്നെത്തിയപ്പോള്‍ ലെയ്‌സന്‍ ഓഫീസര്‍മാരുടെ പട്ടികയില്‍ മലയാളികള്‍ക്ക് അഭിമാനമായി സമദും ഇടംപിടിച്ചത്. 24 ടീമുകള്‍ക്കുമുളള ലെയ്‌സന്‍ ഓഫീസര്‍മാരുടെ പട്ടികയില്‍ ഇടംപിടിച്ച ഏക മലയാളിയും അബ്ദുസമദായിരുന്നു.

മറ്റ് ടീമുകളെ പോലെയല്ല ഇറാഖെന്നും യുദ്ധം തകര്‍ത്ത മണ്ണാണെന്നും അതിനാല്‍ തന്നെ വെല്ലുവിളി നിറഞ്ഞതായിരിക്കും തന്റെ ഉത്തരവാദിത്വമെന്നുമെല്ലാം ബന്ധപ്പെട്ടവര്‍ സമദിനെ ബോധ്യപ്പെടുത്തിയിരുന്നു. അതിനാല്‍ തന്നെ കൃത്യമായ മുന്നൊരുക്കത്തോടെയും തയ്യാറെടുപ്പോടെയും കൂടിയായിരുന്നു അലിഗഡ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷണ വിദ്യാര്‍ത്ഥി കൂടിയായ സമദ് ഒരുക്കങ്ങള്‍ നടത്തിയത്. ആ ഒരുക്കങ്ങള്‍ക്ക് ഫലമുണ്ടായി. ഒരു ലെയ്‌സന്‍ ഒാഫീസറെ മറ്റൊരു ടീമും സ്‌നേഹിക്കാത്ത വിധം ഇന്ന് സമദ് ഇറാഖ് ടീമിന്റെ സ്‌നേഹവായ്പുകള്‍ ഏറ്റുവാങ്ങുകയാണ്.

കഴിഞ്ഞ ദിവസം കൊല്‍ക്കത്തയിലെ വിവേകാന്ദ യുവഭാരതി കൃരാഗന്‍ ഫുട്‌ബോള്‍ സ്‌റ്റേഡിയം ഒരു ജന്മദിന പാര്‍ട്ടിയ്ക്ക് വേദിയായി. ഫെയ്‌സ്ബുക്കില്‍ നിന്ന് സമദ് പോലും അറിയാതെ സമദിന്റെ ജന്മദിനം ഏന്നാണെന്ന് മനസ്സിലാക്കിയ ഇറാഖ് ടീം ഒരുക്കിയ സര്‍പ്രൈസ് ജന്മദിന പാര്‍ട്ടിയായിരുന്നു അത്. ഫുട്‌ബോളിനെ ജീവവായുവായി സ്‌നേഹിക്കുന്ന ഒരു മലപ്പുറത്തുകാരനെ സംബന്ധിച്ച് ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത ഒരു നിമിഷമായി മാറി അതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. നിരവധി സമ്മാനങ്ങളും സമദിനായി ഇറാഖ് ടീം കരുതി വെച്ചിരുന്നു.

യുദ്ധം തകര്‍ത്ത മണ്ണിലെ ഫുട്‌ബോള്‍ നാമ്പുകള്‍

ഇറാഖിന് അതിജീവനത്തിന്റെ അവസാന പ്രതീക്ഷയാണ് ഫുട്‌ബോള്‍. ഒരോ നിമിഷവും ദുരന്തങ്ങള്‍ ഏറ്റുവാങ്ങുന്ന അന്നാട്ടുകാര്‍ക്ക് അതിനാല്‍ തന്നെ പോരാട്ടവീര്യം കൂടുതലാണെന്ന് സമദ് പറയുന്നു. ഇംഗ്ലണ്ടിനേയും സ്‌പെയിനേയും പോലുളള പരിഷ്‌കൃത രാജ്യങ്ങളിലെ കുട്ടികളുമായി അവരെ താരതമ്യം ചെയ്യന്നതില്‍ അര്‍ത്ഥമില്ല. ദുരന്തങ്ങളുടേയും കണ്ണീര്‍ കഥകളുടേയും ഇരകളാണ് ഒരോ ഇറാഖിയും.

കളിക്കാരെല്ലാം മുസ്ലിങ്ങളാണെങ്കിലും ബഹുസ്വരമാണ് ഇറാഖ് ടീം. ഷിയാ, സുന്നി, കുര്‍ദ് വിഭാഗങ്ങളെല്ലാം ഒരു കൊടിക്കീഴില്‍ കളിക്കുന്ന അത്ഭുതം കൂടി ഈ ഇറാഖ് ടീം കാത്തുവെച്ചിട്ടുണ്ട്. അധികാരത്തിനും ശക്തി പ്രകടനത്തിനും വേണ്ടി നാട്ടില്‍ ചേരിതിരിഞ്ഞ് സങ്കർങ്ങള്‍ നടക്കുമ്പോഴാണ് ഐക്യമാണ് എല്ലാ പ്രതിസന്ധികള്‍ക്കും പരിഹാരമെന്ന വലിയ സന്ദേശം ഇറാഖ് ടീം ഉയര്‍ത്തുന്നത്.

ഇറാഖ് ഫുട്‌ബോള്‍ ടീമിലെ 21 പേരില്‍ നാല് പേരൊഴികെ മറ്റാര്‍ക്കും ഔപചാരിക വിഭ്യാഭാസം പോലും ലഭിച്ചിട്ടില്ല. ഇറാഖ് ഫുട്‌ബോള്‍ അസോസിയേഷന്‍ പരിശീലനത്തിന്റെ ഭാഗമായി നല്‍കുന്ന വിദ്യാഭ്യാസമാണ് പലരുടേയും കൈമുതല്‍. അതിനാല്‍ ഇന്ത്യയിലെത്തിയ അവര്‍ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളെല്ലാം പഠിക്കുന്നതിന് കൂടി ഈ അവസരം ഉപയോഗപ്പെടുത്തുന്നുണ്ട്.

അവശ്യമായ സൗകര്യങ്ങളും അവസരങ്ങളും ഇല്ലാത്തതാണ് തങ്ങള്‍ നേരിടുന്ന പ്രധാന പ്രശ്‌നമെന്ന് ഇറാഖ് ഫുട്‌ബോള്‍ താരങ്ങള്‍ പറയുന്നു. ഫിഫ നല്‍കുന്ന പരിമിതമായ സാമ്പത്തിക സൗകര്യങ്ങള്‍ക്ക് പുറമെ മറ്റൊന്നും നല്‍കാന്‍ ഫുട്‌ബോള്‍ അസോസിയേഷനും തല്‍കാലം അവിടെ നിര്‍വ്വാഹമില്ല.

ഇറാഖികള്‍ കണ്ട ഇന്ത്യ

തങ്ങള്‍ക്കൊരിക്കലും ഇന്ത്യയെ മറക്കാനാകില്ലെന്ന് ഇറാഖി താരങ്ങളും സപ്പോട്ടിംഗ് സ്റ്റാഫും ആണയിടുന്നു. ഇവിടത്തെ ജനങ്ങള്‍ അത്രത്തോളം സൗഹാര്‍ദപരമായാണ് തങ്ങളോട് പെരുമാറുന്നതെന്നും സ്‌നേഹം നല്‍കി കീഴടക്കുകയാണെമാണ് ഇറാഖ് താരങ്ങള്‍ പറയുന്നത്. നാട്ടില്‍ നിന്നും കൊണ്ട് വന്ന ഷെഫാണ് ഇന്ത്യയില്‍ ഇറാഖ് ഫുട്‌ബോള്‍ ടീമിന് ഭക്ഷണം ഒരുക്കുന്നത്. ചിക്കന്‍-മട്ടന്‍ കബാബുകളും, മീന്‍ വിഭവങ്ങളും ദോല്‍മ(ഇറാഖി വിഭവം)യുമാണ് ഇവരുടെ ഇഷ്ടപ്പെട്ട ആഹാരം.

ഫുട്‌ബോള്‍ കഴിഞ്ഞാല്‍ ഫുസ്‌ബോളും (ടേബിള്‍ ഫുട്‌ബോള്‍) തോവ്‌ലയുമാണ് (ക്യാരംസ് പോലുളള കളി) ഇവരുടെ മറ്റ് കായിക വിനോദങ്ങള്‍. ക്രിക്കറ്റിനെ കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും ഇതുവരെ കളിക്കുകയോ കാണുകയോ ചെയ്തിട്ടില്ലെന്ന് ഇറാഖ് താരങ്ങള്‍ പറയുന്നു. ഇറാഖിനേക്കാള്‍ ഇന്ത്യയില്‍ വെയില്‍ കുറവാണെങ്കിലും ചൂട് കൂടുതലാണെന്നും ഇത് പരിശീലനത്തില്‍ പല അസൗകര്യങ്ങളും സൃഷ്ടിക്കുന്നുണ്ടെന്നും താരങ്ങള്‍ പറയുന്നു.

കളിക്കളത്തിലെ ഇറാഖ്

അണ്ടര്‍ 17 ലോകകപ്പില്‍ എല്ലാവരേയും ഞെട്ടിക്കുന്ന പ്രകടനമാണ് ഇറാഖ് ഇതുവരെ കാഴ്ച്ചവെച്ചത്. ആദ്യ മത്സരത്തില്‍ ലാറ്റിമേരിക്കന്‍ കരുത്തരായ മെക്‌സിക്കോയെ 1-1ന് സമനിലയില്‍ തളച്ച ഇറാഖ് രണ്ടാം മത്സരത്തില്‍ ചിലിയെ എതിരില്ലാത്ത 3-0ത്തിനാണ് തകര്‍ത്തത്. നാല് ഗോള്‍ നേടി മുഹമ്മദ് ദാവൂദ് ആണ് ഇറാഖിന്റെ ടോപ് സ്‌കോററും സൂപ്പര്‍ താരവും. അവശേഷിക്കുന്ന മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെയും മികച്ച പ്രകടനം കാഴ്ച്ചവെച്ച് രണ്ടാം റൗണ്ടിലേക്ക് മുന്നേറാമെന്ന ആത്മവിശ്വാസത്തിലാണ് ഇറാഖ് ടീം.