അത് പരിക്കല്ല, കോമളെ പുറത്താക്കിയ കാരണം വെളിപ്പെടുത്തി കോച്ച്

October 13, 2017, 10:56 am


അത് പരിക്കല്ല, കോമളെ പുറത്താക്കിയ കാരണം വെളിപ്പെടുത്തി കോച്ച്
Football
Football


അത് പരിക്കല്ല, കോമളെ പുറത്താക്കിയ കാരണം വെളിപ്പെടുത്തി കോച്ച്

അത് പരിക്കല്ല, കോമളെ പുറത്താക്കിയ കാരണം വെളിപ്പെടുത്തി കോച്ച്

അണ്ടര്‍ 17 ലോകകപ്പിലെ ഇന്ത്യയുടെ മത്സരങ്ങളെല്ലാം പൂര്‍ത്തിയായപ്പോള്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകരെ അമ്പരപ്പിച്ചത് ഒരു താരത്തിന്റെ അഭാവമായിരുന്നു. ആദ്യ മത്സരത്തില്‍ അമേരിക്കയ്‌ക്കെതിരെ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ച കോമള്‍ തട്ടാല്‍ അടുത്ത രണ്ട് മത്സരങ്ങളിലും പുറത്തിരുന്നതായിരുന്നു അത്.

പരിക്ക് കാരണമാകാം കോമളിനെ പുറത്തിരുത്തിയത് എന്നായിരുന്നു ആരാധകര്‍ വിചാരിച്ചിരുന്നത്. എന്നാല്‍ ഘാനയ്‌ക്കെതിരെ മത്സരശേഷം ഇക്കാര്യത്തെ കുറിച്ച് ഇന്ത്യന്‍ കോച്ച് നോര്‍ട്ടന്‍ ഡി മാറ്റോസ് പറഞ്ഞത് മറ്റൊന്നായിരുന്നു.

വ്യക്തികളെ കുറിച്ച് സംസാരിക്കാനല്ല തനിക്ക് താല്‍പര്യമെന്നും ടീമാണ് തനിക്ക് പ്രാധാന്യം എന്നു പറഞ്ഞ മാറ്റോസ് കോമളിനെ ബെഞ്ചിലിരുത്തിയത് ടീം തന്ത്രത്തിന്റെ ഭാഗമായായായിരുന്നു എന്ന് വ്യക്തമാക്കുന്നു. ശാരീരികമായി കരുത്തരായ ഘാനയ്ക്കും കൊളംമ്പിയക്കും എതിരെ കോമളിന് തിളങ്ങാനാകില്ലെന്നും അതിനാലാണ് താരത്തെ ബെഞ്ചിലിരുത്തിയതെന്നും ഇന്ത്യന്‍ കോച്ച് പറയുന്നു.

അതെസമയം ആദ്യ മത്സരത്തിന് ശേഷം കോളിനെ കുറിച്ച് കോച്ച് പറഞ്ഞത് മറ്റൊരു തരത്തിലായിരുന്നു. യുഎസിനെതിരെ ഗോള്‍ നേടുന്നതൊഴികെ ബാക്കിയെല്ലാം കോമള്‍ ചെയ്തുവെന്നാണ് മാറ്റോസ് വിലയിരുത്തിയത്.

മധ്യനിരയില്‍ എതിരാളിയുടെ പാസുകള്‍ കൂടെക്കൂടെ മുറിച്ചു, പിന്നോട്ടിറങ്ങി പന്തു വാങ്ങി കുതിച്ചുകയറി, ലോങ് ക്രോസുകള്‍ എത്തിപ്പിടിച്ച് യുഎസ് ബോക്‌സില്‍ ഭീതി സൃഷ്ടിച്ചിരുന്നു താരം. വലയനക്കാന്‍ ആയില്ലെന്നതിന്റെ പേരില്‍ മങ്ങിപ്പോകാത്ത പോരാട്ടവീര്യം. രണ്ടും മൂന്നും വെട്ടിയൊഴിഞ്ഞ് ഡ്രിബ്ള്‍ ചെയ്തു കയറിയ കോമളിന് ഗാലറിയില്‍നിന്നു കിട്ടിയതു നിറഞ്ഞ കയ്യടി. കോമളിനു പന്തു കൊടുക്ക് എന്നു പറഞ്ഞ് ആര്‍ത്തുവിളിക്കുകയായിരുന്നു കാണികള്‍. ഇന്ത്യന്‍ നെയ്മര്‍ എന്ന വിശേഷണത്തോടെ സമൂഹമാധ്യമങ്ങളിലും അഭിനന്ദന പ്രവാഹം അതിന് ശേഷം ഉണ്ടായി.

ഘാനയ്‌ക്കെതിരെ 4-0ത്തിന് തോറ്റ ഇന്ത്യ കൊളംമ്പിയയോ 2-1നാണ് കീഴടങ്ങിയത്. ആദ്യ മത്സരത്തില്‍ അമേരിക്കയോട് ഇന്ത്യ 3-0ത്തിനും തോറ്റിരുന്നു.