ഏഷ്യാകപ്പ് വനിതാഹോക്കി കിരീടത്തില്‍ മുത്തമിട്ട് ഇന്ത്യന്‍ ടീം  

November 5, 2017, 6:20 pm
ഏഷ്യാകപ്പ് വനിതാഹോക്കി കിരീടത്തില്‍ മുത്തമിട്ട് ഇന്ത്യന്‍ ടീം  
Sport News
Sport News
ഏഷ്യാകപ്പ് വനിതാഹോക്കി കിരീടത്തില്‍ മുത്തമിട്ട് ഇന്ത്യന്‍ ടീം  

ഏഷ്യാകപ്പ് വനിതാഹോക്കി കിരീടത്തില്‍ മുത്തമിട്ട് ഇന്ത്യന്‍ ടീം  

ഏഷ്യാകപ്പ് വനിതാഹോക്കിയില്‍ ചൈനയെ തകര്‍ത്തെറിഞ്ഞ് ഇന്ത്യന്‍ പെണ്‍പട. എതിരാളികളായ ചൈനയെ 5-4ന് പരാജയപ്പെടുത്തി ഇന്ത്യ കിരീടമണിഞ്ഞു. ഇതോടെ അടുത്ത ലോകകപ്പ് ഹോക്കിയിലേക്കുള്ള യോഗ്യത ഇന്ത്യ ഊട്ടിയുറപ്പിച്ചിരിക്കുകയാണ്.

പെനാല്‍റ്റി ഷൂട്ട് ഔട്ടിലാണ് 5-4 ഗോള്‍ നേടി ഇന്ത്യന്‍ താരനിര കിരീടത്തില്‍ മുത്തമിട്ടത്. മത്സരത്തിന്റെ ആദ്യപകുതിയില്‍ നവ്‌ജോത് കൗര്‍ ഇന്ത്യയ്ക്ക് ആദ്യ ഗോള്‍ സമ്മാനിച്ചു. 25-ാം മിനുട്ടിലെ ഫീല്‍ഡ് ഗോളിലൂടെയായിരുന്നു കൗറിന്റെ ഈ നേട്ടം. പക്ഷേ ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് തുരങ്കം വീഴ്ത്തി ചൈനയുടെ ട്യാന്‍ടിയാന്‍ ലൂവോ ഗോളടിച്ച് സമനിലയില്‍ എത്തിച്ചു. തുടര്‍ന്നാണ് കളി പെനാല്‍റ്റി ഷൂട്ട് ഔട്ടിലേക്ക് നീങ്ങിയത്. അവസാന കച്ചിത്തുരുമ്പില്‍ മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യ 5-4 ഗോള്‍നേടി കിരീടം സ്വന്തമാക്കി.

പെനാല്‍റ്റി ഷൂട്ട് ഔട്ടിലെ ആദ്യ അഞ്ച് ശ്രമങ്ങളില്‍ നാലിലും ഇരുടീമുകളും സമനിലയില്‍ ഗോളുറപ്പിച്ചു. ഇന്ത്യയുടെ റാണി, സഡന്‍ഡെത്തില്‍ ഗോള്‍ നേടിയപ്പോള്‍ ചൈന അവസരം ദയനീയമായി നഷ്ടപ്പെടുത്തി. 28 ഗോളുകളോടെ ഫൈനലില്‍ എത്തുന്നതുവരെ ഇന്ത്യന്‍ ടീം പരാജയത്തിന്റെ പരിസരത്തുപോലും എത്തിയിരുന്നില്ല. മുഖ്യ എതിരാളിയായ ചൈനയെ പരാജയപ്പെടുത്താന്‍ കഴിഞ്ഞതോടെ ഇന്ത്യന്‍ വനിതാ ഹോക്കിടീം ഇന്ത്യയുടെ കായികസ്വപ്‌നങ്ങളുടെ നെറുകയില്‍ തിലകക്കുറി ചാര്‍ത്തിയിരിക്കുകയാണ്. എട്ടുഗോളുകള്‍ വലയ്ക്കകത്തെത്തിച്ച് ഗുര്‍ജിത്ത് കൗര്‍ കളിയിലെ ടോപ്പ് സ്‌കോററായി.

ഒരുമാസം മുമ്പ് നടന്ന പുരുഷ വിഭാഗം ഏഷ്യാകപ്പ് ഹോക്കിയിലും ഇന്ത്യ വിജയം നേടിയിരുന്നു. ഇതോടെ നിറംമങ്ങിയെന്ന ആശങ്കയില്‍ നിന്നും ഇന്ത്യന്‍ ദേശീയ വിനോദം ചിറകടിച്ചുയരുമെന്ന പ്രതീക്ഷക്ക് ബലമേറുകയാണ്.