ആഗ്രയിലെ ഈ കഫെയിലേക്ക് നോക്കൂ, അതിജീവനത്തിന്റെ ചൂടും ചൂരുമറിയാം

September 4, 2015, 4:44 pm
ആഗ്രയിലെ ഈ കഫെയിലേക്ക് നോക്കൂ, അതിജീവനത്തിന്റെ ചൂടും ചൂരുമറിയാം
STORY PLUS
STORY PLUS
ആഗ്രയിലെ ഈ കഫെയിലേക്ക് നോക്കൂ, അതിജീവനത്തിന്റെ ചൂടും ചൂരുമറിയാം

ആഗ്രയിലെ ഈ കഫെയിലേക്ക് നോക്കൂ, അതിജീവനത്തിന്റെ ചൂടും ചൂരുമറിയാം

22കാരിയായ നീതുവിന് പഴയപ്പോലെ ഇപ്പോള്‍ കാഴ്ച്ചയില്ല. എന്നാല്‍ ആസിഡ് ആക്രമണത്തെ അതിജീവിച്ചവര്‍ നടത്തുന്ന രാജ്യത്തെ ആദ്യ ലഘുഭക്ഷണശാലയിലെ പങ്കാളിയാണെന്ന ബോധ്യം അവളുടെ മിഴികളില്‍ സന്തോഷത്തിന്റെ പ്രഭ ചൊരിയുന്നു.'ആ സ്വപ്‌നം യാഥാര്‍ത്ഥ്യമായി. ജീവിതത്തില്‍ ഇനിയെന്ത് എന്ന് ആശങ്കപ്പെട്ട എന്നെപ്പോലുള്ള പെണ്‍കുട്ടികള്‍ക്ക് ആശ്രയമാണ് ഈ കഫേ'-നീതു പറഞ്ഞു. 1992ലാണ് നീതു ആസിഡ് ആക്രമണത്തിന് ഇരയായത്. ആക്രമണത്തില്‍ മുഖം വിരൂപമായി. ഒപ്പം പാതി കാഴ്ച്ചശക്തിയും നഷ്ടപ്പെട്ടു.

ആഗ്രയില്‍ താജ് മഹലിന് അടുത്താണ് കഫെ സ്ഥിതി ചെയ്യുന്നത്. ആസിഡ് ആക്രമണത്തെ അതിജീവിച്ചവരും ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചാന്‍വ് ഫൗണ്ടേഷന്‍ എന്ന എന്‍ജിഒയുമാണ് ഈ കഫെ സംരഭത്തിന് പിന്നില്‍. ആസിഡ് ആക്രമണത്തെ അതിജീവിച്ചവര്‍ക്കുള്ള സമര്‍പ്പണമെന്ന നിലയില്‍ ഷിറോസ് എന്നാണ് കഫെയ്ക്ക് നല്‍കിയിരിക്കുന്ന പേര്. രണ്ട് മാസത്തെ ട്രെയല്‍ റണ്ണിന് ശേഷമാണ് കഫെ പൂര്‍ണസമയം പ്രവര്‍ത്തിച്ചുതുടങ്ങിയത്.

'പ്രദേശവാസികള്‍ വലിയ തോതില്‍ കഫെയെ പിന്തുണയ്ക്കുന്നുണ്ട്. ഒരു സ്ഥാപനം എങ്ങനെ നോക്കിനടത്തണമെന്നകാര്യവും പഠിക്കാന്‍ സാധിച്ചു. നേരത്തെ ഞങ്ങളെ അപരിചതരെപ്പോലെ നോക്കികണ്ടിരുന്നവര്‍ വരെ ഇപ്പോള്‍ കഫെയെ പിന്തുണയ്ക്കുന്നു എന്നതാണ് കൂടുതല്‍ ആത്മവീര്യം നല്‍കുന്നത്.' - ആസിഡ് ആക്രമണത്തെ അതിജീവിച്ച രൂപ എന്ന യുവതി പറഞ്ഞു.

സന്ദര്‍ശകരുടെ മിഴികളെ ആകര്‍ഷിപ്പിക്കുന്ന ഗ്രാഫിറ്റിയാണ് കഫെയുടെ മറ്റൊരു പ്രത്യേകത. താജ് മഹല്‍ സന്ദര്‍ശിക്കാനെത്തുന്ന വിദേശീയരും തദ്ദേശീയരും കഫെയില്‍ സന്ദര്‍ശകരായി എത്തുന്നു.' കഫെ ഇന്റീരിയര്‍ അതുല്യമാണ്. യാദൃശ്ചികമായാണ് കഫെയില്‍ എത്തിയത്. എന്നാല്‍ അതില്‍ ഇപ്പോള്‍ സന്തോഷിക്കുന്നു. കഫെ നടത്തിക്കൊണ്ടുപോകുന്ന യുവതികള്‍ ധീരരാണ്' - താജ് മഹല്‍ സന്ദര്‍ശിക്കാനെത്തിയ ഡല്‍ഹി സ്വദേശിനി ആലിഷ നന്‍ഗിയ പറയുന്നു.

രണ്ട് നിലകളിലായാണ് കഫെ പ്രവര്‍ത്തിക്കുന്നത്. അഞ്ച് പേരാണ് കഫെയിലെ പരിചാരകര്‍. കഫെയില്‍ വായനാമുറികളുണ്ട്. സ്ത്രീശാക്തീകരണത്തെക്കുറിച്ചുള്ള ജേണലുകളും പുസ്തകങ്ങളും ഈ വായനാമുറിയില്‍ സന്ദര്‍ശകരെ കാത്തിരിപ്പുണ്ട്.

ഇതുപോലെ രാജ്യത്തെ മറ്റിടങ്ങളിലും കഫെകള്‍ ഒരുങ്ങുന്നുണ്ടെന്ന് സ്റ്റോപ് ആസിഡ് അറ്റാക്ക് കാംപെയിനിന്റെ മുന്നണിപോരാളിയായ അലോക് ദീക്ഷിത് പറയുന്നു. പരീക്ഷണമെന്ന നിലയിലാണ് ആഗ്രയില്‍ കഫെ ആരംഭിച്ചത്. വൈകാതെ ഡല്‍ഹിയിലും കാണ്‍പൂരിലും രാജ്യത്തെ മറ്റ് നഗരങ്ങളിലും ഇതുപോലെ കഫെകള്‍ സ്ഥാപിക്കുമെന്നും അലോക് കൂട്ടിചേര്‍ത്തു.