ഇന്ത്യയിലെ ഏറ്റവും വലിയ ബോണ്‍സായ് ശേഖരം സ്വന്തമാക്കി ഒരു മലയാളി വീട്ടമ്മ; സോഫിയുടെ തോട്ടത്തിലുളളത് 50,000 ത്തില്‍പ്പരം സസ്യങ്ങള്‍

June 4, 2015, 11:14 am
ഇന്ത്യയിലെ ഏറ്റവും വലിയ ബോണ്‍സായ് ശേഖരം സ്വന്തമാക്കി ഒരു മലയാളി വീട്ടമ്മ; സോഫിയുടെ തോട്ടത്തിലുളളത് 50,000 ത്തില്‍പ്പരം സസ്യങ്ങള്‍
STORY PLUS
STORY PLUS
ഇന്ത്യയിലെ ഏറ്റവും വലിയ ബോണ്‍സായ് ശേഖരം സ്വന്തമാക്കി ഒരു മലയാളി വീട്ടമ്മ; സോഫിയുടെ തോട്ടത്തിലുളളത് 50,000 ത്തില്‍പ്പരം സസ്യങ്ങള്‍

ഇന്ത്യയിലെ ഏറ്റവും വലിയ ബോണ്‍സായ് ശേഖരം സ്വന്തമാക്കി ഒരു മലയാളി വീട്ടമ്മ; സോഫിയുടെ തോട്ടത്തിലുളളത് 50,000 ത്തില്‍പ്പരം സസ്യങ്ങള്‍

ഇന്ത്യയിലെ ഏറ്റവും വലിയ ബോണ്‍സായ് ശേഖരം പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് തച്ചമ്പാറ സ്വദേശിനിയായ ഒരു വീട്ടമ്മയ്ക്ക് സ്വന്തം. തച്ചമ്പാറ മുണ്ടാടന്‍ സോഫിയുടെ ബോണ്‍സായ് തോട്ടമാണ് ദേശീയശ്രദ്ധ നേടുന്നത്. എഴുപതിനങ്ങളിലായി നൂറ്റമ്പതിലേറെ ബോണ്‍സായ് വൃക്ഷങ്ങള്‍ സ്വന്തമായുള്ള സോഫിയ 22 വര്‍ഷം മുമ്പാണ് പൂന്തോട്ട പരിപാലന രംഗത്തേക്ക് കടന്നുവന്നത്.


മണ്ണാര്‍ക്കാട് തച്ചമ്പാറ മുണ്ടാടന്‍ ജോണും ഭാര്യ സോഫിയും തിരുവനന്തപുരത്താണ് തങ്ങളുടെ ദാമ്പത്യത്തിന്റെ ആദ്യനാളുകള്‍ ആരംഭിച്ചത്. സാരാഭായ് കെമിക്കല്‍സില്‍ മാനേജറായിരുന്ന ജോണ്‍ മുണ്ടാടന്റെ ഉദ്യോഗാര്‍ത്ഥം തിരുവനന്തപുരത്ത് താമസിക്കുമ്പോള്‍ വാടകവീടിന്റെ ഓരോ ഇഞ്ച് സ്ഥലത്തും പൂച്ചെടികള്‍ വെച്ചായിരുന്നു തുടക്കം. ജോണ്‍ മുണ്ടാടന്‍ ഉദ്യോഗാര്‍ത്ഥം യാത്രകളിലാകുമ്പോള്‍ ഈ ചെടികളായിരുന്നു സോഫിക്ക് കൂട്ട്. സോഫി-ജോണ്‍ ദമ്പതികള്‍ക്ക് മൂന്ന് മക്കള്‍. അവര്‍ക്കൊപ്പം ആ പൂച്ചെടികളും ഈ ദമ്പതികളുടെ സ്‌നേഹപരിചരണങ്ങളില്‍ വളര്‍ന്നു. അരനൂറ്റാണ്ട് മുമ്പ് തുടങ്ങിയ ആ പൂക്കാലം ജീവിത സായാഹ്നത്തില്‍ പൂത്തുലഞ്ഞു നില്‍ക്കുകയാണ് ജോണിന്റെയും സോഫിയുടെയും ജീവിതത്തില്‍.

തന്റെ ഒഴിവുസമയങ്ങള്‍ മുഴുവന്‍ സോഫി മുണ്ടാടന്‍ നല്‍കിയത് ഈ പൂക്കള്‍ക്കായിരുന്നു. ഡാന്‍സിംഗ് ഗേളും വാണ്ട ഓര്‍ക്കിഡുകളും ചെറി ബ്‌ളോസമും ബ്രൗണി പൂക്കളും മുതല്‍ തെച്ചിയും തുമ്പയും മുക്കൂറ്റിയുമെല്ലാം സോഫിയുടെ വാടകവീടിന്റെ ഇത്തിരിയടങ്ങളിലേക്ക് വസന്തം കൊണ്ടുവന്നു. അങ്ങനെയിരിക്കെയാണ് 40 വര്‍ഷം മുമ്പ് നാഗര്‍കോവില്‍ സ്വദേശിയും ലോകത്ത് എണ്ണം പറഞ്ഞ ബോണ്‍സായ് വിദഗ്ധരില്‍ ഒരാളുമായ രവീന്ദ്രന്റെ ശിക്ഷണത്തില്‍ സോഫി കുഞ്ഞന്‍ മരങ്ങളുടെ ലോകത്തേക്ക് കടന്നത്. ഇന്ന് എഴുപതിനങ്ങളിലായി നൂറ്റമ്പതിലേറെ ബോണ്‍സായ് വൃക്ഷങ്ങളുള്ള കരുത്തുറ്റ ശേഖരമാണ് സോഫിയുടെ പൂന്തോട്ടത്തിലുള്ളത്. ഒരു സ്വകാര്യ വ്യക്തിയുടെ ഇന്ത്യയിലെ ഏറ്റവും വലിയ ബോണ്‍സായ് ശേഖരങ്ങളിലൊന്ന്. 32 വര്‍ഷം പഴക്കമുള്ള ആലാണ് കൂട്ടത്തില്‍ പ്രായംകൂടിയയാള്‍. അത്തി, ഇത്തി, പേരാല്‍, അരയാല്‍ തുടങ്ങി മാജിക് ഫ്രൂട്ട് വരെയുണ്ട് സോഫിയുടെ തോട്ടത്തില്‍. ഏത് വൃക്ഷവും സോഫിയുടെ ആജ്ഞകള്‍ക്ക് മുന്നില്‍ അനുസരണയോടെ തലകുനിച്ച് വളര്‍ന്നു. ഒരു കോടിക്കടുത്ത് വിലവരുന്ന ബോണ്‍സായ് ശേഖരമാണ് സോഫിക്ക് സ്വന്തമായുള്ളതെങ്കിലും ഇതില്‍ ഒന്നുപോലും വില്‍ക്കാന്‍ അവര്‍ തയ്യാറല്ല.

50,000 ത്തില്‍പ്പരം സസ്യങ്ങളുള്ള സോഫി മുണ്ടാടന്റെ തോട്ടത്തില്‍ പൂച്ചെടികളും ഫലവൃക്ഷങ്ങളും വടവൃക്ഷങ്ങളും ഇലച്ചെടികളും ഔഷധസസ്യങ്ങളുമെല്ലാമുണ്ട്. ചൈന, ബ്രസീല്‍, തെക്ക്കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍, യൂറോപ്യന്‍ രാജ്യങ്ങള്‍, മെക്‌സിക്കോ, അമേരിക്ക... ലോകത്തെ ഏത് സസ്യശാസ്ത്ര വിദഗ്ധന്‍ വന്ന് ചെടികളുടെ പേര് പറഞ്ഞാലും തോട്ടത്തിലേക്കിറങ്ങി ചൂണ്ടിക്കാണിക്കും സോഫി.

സുഹൃത്തുക്കളില്‍ നിന്നും പരിചയക്കാരില്‍ നിന്നുമാണ് അപൂര്‍വ സസ്യ സ്പീഷീസുകള്‍ സോഫി വാങ്ങുന്നത്. ലോകത്തിലെ ഏറ്റവും മികച്ച ബോട്ടാണിക്കല്‍ ഗാര്‍ഡനുകളില്‍ കാണുന്ന സസ്യങ്ങളും ഈ തോട്ടത്തില്‍ ഇടംനേടാന്‍ കാരണം ഈ ആഗോള പരിചയം തന്നെ. മാതാപിതാക്കളുടെ പൂന്തോട്ടത്തിന് മക്കളും നിര്‍ലോഭം പിന്തുണ നല്‍കുന്നു. കേരളത്തിലെ പ്രമുഖ സസ്യഫല പ്രദര്‍ശനങ്ങള്‍ക്ക് സോഫിയുടെ തോട്ടത്തില്‍ നിന്നും ചെടികള്‍ കൊണ്ടുപോകുന്നുണ്ട്. എന്നിട്ടും വാര്‍ത്തകളില്‍ നിറയുന്നതിലുപരി ഈ തോട്ടത്തിന്റെ എണ്ണിയാലൊടുങ്ങാത്ത നിറങ്ങളില്‍ ആരുമറിയാതെ ജീവിക്കാനാണ് ഈ ദമ്പതികള്‍ക്കിഷ്ടം.