വെല്ലുവിളിച്ച് ആത്മഹത്യയിലേക്ക്; മരണക്കളിയില്‍ ഒളിഞ്ഞിരിക്കുന്ന അപകടത്തിന്റെ ലെവലുകള്‍  

August 15, 2017, 9:03 pm
വെല്ലുവിളിച്ച് ആത്മഹത്യയിലേക്ക്; മരണക്കളിയില്‍ ഒളിഞ്ഞിരിക്കുന്ന അപകടത്തിന്റെ ലെവലുകള്‍  
Being Social
Being Social
വെല്ലുവിളിച്ച് ആത്മഹത്യയിലേക്ക്; മരണക്കളിയില്‍ ഒളിഞ്ഞിരിക്കുന്ന അപകടത്തിന്റെ ലെവലുകള്‍  

വെല്ലുവിളിച്ച് ആത്മഹത്യയിലേക്ക്; മരണക്കളിയില്‍ ഒളിഞ്ഞിരിക്കുന്ന അപകടത്തിന്റെ ലെവലുകള്‍  

ലോകത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തിയിരിക്കുന്ന ബ്ലു വെയില്‍ ഗെയിമിന്റെ നിഴലില്‍ കേരളവും ഉള്‍പ്പെട്ടുന്നുണ്ടെന്ന ആശങ്ക ഉയര്‍ത്തുകയാണ് ഓരോ ദിവസവും പുറത്തുവരുന്ന വാര്‍ത്തകള്‍. മകന്‍ ബ്ലൂ വെയ്ല്‍ ഗെയിം കളിച്ചിരുന്നതായി തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത മനോജിന്റെ അമ്മ വെളിപ്പെടുത്തിയതാണ് ഇപ്പോള്‍ ആശങ്കയേറ്റിയിരിക്കുന്നത്.

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ മനോജ് സി മനു എന്ന കുട്ടി നീന്തലറിയാഞ്ഞിട്ടും പുഴയില്‍ ചാടിയാണ് മരിച്ചത്. കളിക്കുന്ന വ്യക്തിയെ മരണത്തിലേക്ക് നയിക്കുന്ന ഈ കൊലയാളി ഗെയിം മലയാളക്കരയിലും വന്നതിന്റെ ഞെട്ടലിലാണ് കേരളക്കരയിലെ രക്ഷകര്‍ത്താക്കള്‍. ഈ സാഹചര്യത്തില്‍ ബ്ലൂവെയിലിന്റെ അപകടത്തെ കരുതിയിരിക്കേണ്ടത് എങ്ങനെയാണെന്ന് നോക്കാം..

എന്താണ് ബ്ലൂവെയില്‍?

അതിവേഗത്തില്‍ പ്രചാരം നേടിക്കൊണ്ടിരിക്കുന്ന ഇന്റര്‍നെറ്റ് ഗെയിമായ ബ്ലൂ വെയ്ല്‍ ചലഞ്ച് 2013ല്‍ റഷ്യയിലാണ് തുടക്കം കുറിച്ചത്. മനഃശാസ്ത്ര പഠനത്തില്‍ നിന്നു പുറത്താക്കപ്പെട്ട 22കാരനാണ് ഇതിന്റെ സൃഷ്ടാവ്. ഈ കളി വളരെവേഗം മറ്റ് രാജ്യങ്ങളിലേക്ക് പടര്‍ന്ന് പിടിക്കുകയായിരുന്നു. ഗെയിം എന്നാണു പേരെങ്കിലും ഇതൊരു ആപ്പോ ഗെയിമോ വൈറസോ അല്ലെന്നാണ് വിദഗ്ദ്ധരുടെ കണ്ടെത്തല്‍. അതുകൊണ്ട് തന്നെ പ്ലേ സ്‌റ്റോറിലോ മറ്റ് ആപ് സ്‌റ്റോറുകളിലോ ഇത് കിട്ടില്ല. ഇന്റര്‍നെറ്റിലും ഏതെങ്കിലും വെബ് അഡ്രസ് ടൈപ്പ് ചെയ്ത് കണ്ടെത്താനാകില്ല. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇതില്‍ അകപ്പെട്ടു പോകുന്നതെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.

ഗെയിമിന്റെ പ്രവര്‍ത്തനം എങ്ങനെ?

ഒരു മൈന്‍ഡ് മാനിപ്പുലേറ്റിംഗ് ഗെയിമാണ് ബ്ലൂ വെയ്ല്‍. അതായത് ഇത് കളിക്കുന്നയാളിന്റെ മനസിനെ പതുക്കെ പതുക്കെ നിയന്ത്രിച്ച് അവസാനം ആത്മഹത്യയിലേക്ക് തള്ളിവിടുന്നതാണ് രീതി. ഗെയിം തുടങ്ങുമ്പോള്‍ തന്നെ ചില നിര്‍ദ്ദേശങ്ങളെത്തും. കളി തുടങ്ങുമ്പോള്‍ തന്നെ ഫോണിലേ വിവരങ്ങള്‍ ഹാക്ക് ചെയ്യപ്പെടും. 50 ദിവസം കൊണ്ട് കളിക്കേണ്ട 50 ഘട്ടങ്ങളാണ് ഇതില്‍ ഉള്ളത്. അതിരാവിലെയോ രാത്രിയോ ഇരുന്ന് പ്രേത സിനിമകള്‍ കാണുക, കൈയിലും കാലിലും പ്രത്യേക രീതിയില്‍ മുറിവുണ്ടാക്കുക നിസാരമായ ചലഞ്ചുകളില്‍ തുടങ്ങി കാഠിന്യം കൂടി അവസാനം മരണക്കളിയിലേക്ക് എത്തും. ഓരോ ചലഞ്ചുകള്‍ പൂര്‍ത്തിയാക്കിയതിന്റെ തെളിവായി ചിത്രങ്ങള്‍ അയച്ചു കൊടുക്കുകയും വേണം. ഇല്ലെങ്കില്‍ ഭീഷണിപ്പെടുത്തുമെന്നും അനുഭവസ്ഥര്‍ പറയുന്നു. ഇങ്ങനെ മുന്നേറുന്ന ചലഞ്ചിന്റെ അമ്പതാം ദിവസം ഗെയിമറോട് ആവശ്യപ്പെടുന്നത് സ്വയം മരണം വരിക്കാനാണ്.

കളിക്കാരനെ ആത്മഹത്യയിലേക്ക് നയിക്കുന്നത്?

കൗമാര ജീവിതത്തെ ഏറെ പ്രതിസന്ധിയിലാക്കുന്നതാണ് ബ്ലൂ വെയില്‍ ഗെയിം. ഓരോ ടാസ്കുകള്‍ക്കൊപ്പവും ഇരകളില്‍ നിന്നു ശേഖരിച്ച സ്വകാര്യ വിവരങ്ങളും ചിത്രങ്ങളും ഉപയോഗിച്ചുള്ള ബ്ലാക് മെയ്ലിംഗ് കുട്ടികളെ മാനസികമായി തളര്‍ത്തുന്നു. ഇതെല്ലാം രക്ഷിതാക്കളറിയുമെന്ന ഭീതിയിലാണ് ഗെയിം തുടരുന്നത്. തുടര്‍ന്ന് ഇവര്‍ ആത്മഹത്യാ വെല്ലുവിളി ഏറ്റെടുക്കാനിടയാകുന്നു.

ഗെയിമിന്റെ മനഃശാസ്ത്രം

തലച്ചോറില്‍ ഡോപമിന്‍ എന്ന രാസപദാര്‍ത്ഥമാണ് സന്തോഷമുണ്ടാക്കുന്നത്. സന്തോഷമുണ്ടാക്കുന്ന എന്തുകാര്യം ചെയ്താലും ഡോപമിന്റെ അളവു കൂടും. അത് ലഹരിവസ്തുക്കള്‍ ഉപയോഗിക്കുമ്പോഴാകാം, കൂട്ടുകാരുമായി യാത്ര ചെയ്യുമ്പോഴാകാം, ഒരു ഗെയിം കളിക്കുമ്പോഴുമാകാം. ഈ സന്തോഷമാണ് ഗെയിമുകളിലൂടെയും ലഭിക്കുന്നത്.

50 ദിവസത്തെ ഉറക്കം കവരുന്നത്...

ബ്ലു വെയില്‍ ഗെയിമിന്റെ 50 സ്റ്റേജുകള്‍ പൂര്‍ത്തീകരിക്കാന്‍ തുടര്‍ച്ചയായ 50 ദിവസമാണ് കുട്ടി ഉറക്കമൊഴിയുന്നത്. ഇത് ആരുടെയും മാനസികാവസ്ഥയെ തകിടം മറിക്കും. കൗമാരത്തിന്റെ സാഹസികതയാണ് ഗെയിമുകള്‍ക്ക് പിന്നാലെ പോകാന്‍ പ്രേരണ. സുഹൃത്തുക്കളുടെ ഇടയില്‍ ധീരപരിവേഷം കിട്ടുമെന്ന തോന്നലും കളികളിലേക്കാകര്‍ഷിക്കുന്നു. കുടുംബത്തിലെ സുരക്ഷിതത്വമില്ലായ്മ, ഒറ്റപ്പെട്ട അവസ്ഥ, സാമൂഹിക ബന്ധങ്ങളിലെ കുറവ്, രക്ഷിതാക്കളുടെ അനാരോഗ്യകരമായ പരസ്പര ബന്ധം തുടങ്ങിയവയെല്ലാം സൈബര്‍ ലോകത്തെ പെരുമാറ്റദൂഷ്യത്തിനു കാരണമാകുന്നു. സൈബര്‍ ലോകത്ത് ഒരിക്കലും തിരിച്ചറിയപ്പെടില്ലെന്നും എന്തും പറയാനും ചെയ്യാനുമുള്ള സ്വാതന്ത്ര്യമുണ്ടെന്നുമുള്ള അബദ്ധധാരണകളും തെറ്റിലേക്ക് നയിക്കും.

രക്ഷിതാക്കളുടെ ശ്രദ്ധയ്ക്ക്

* കുട്ടികളിലുണ്ടാകുന്ന ക്ഷീണം, ശരീരത്തിലെ മുറിവുകള്‍, അകാരണമായ ഭയം, വിശപ്പില്ലായ്മ, പഠനക്കുറവ്, ഏത് സമയവും ഗെയിമിന് മുന്നിലിരിക്കുക എന്നിവ തിരിച്ചറിയണം

* കുട്ടികള്‍ക്ക് എന്തും തുറന്നുപറയാനുള്ള അന്തരീക്ഷം സൃഷ്ടിക്കണം

* എല്ലാത്തിനും പരിഹാരമുണ്ടെന്ന രീതിയില്‍ കുട്ടിയെ ആശ്വസിപ്പിക്കുകയും സംരക്ഷണം നല്‍കുകയും വേണം

* കുട്ടി സാധാരണ അവസ്ഥയില്‍ നിന്നു വിഭിന്നമായി പെരുമാറിയാല്‍ ഉടന്‍ സ്‌നേഹത്തോടെ പ്രശ്‌നങ്ങള്‍ ചോദിച്ച് മനസിലാക്കണം

* കുട്ടികളോടൊപ്പം സമയം ചെലവഴിച്ച് അവരുടെ പ്രശ്‌നങ്ങളറിഞ്ഞ് ബോധവത്കരിക്കണം

* വീട്ടില്‍ കുട്ടികളുപയോഗിക്കുന്ന കമ്പ്യൂട്ടര്‍ പൊതുവായ സ്ഥലത്ത് മാത്രം വയ്ക്കുക

* അനാവശ്യ സൈറ്റുകള്‍ എടുക്കാതിരിക്കാനുള്ള സെക്യൂരിറ്റി കമ്പ്യൂട്ടര്‍ വിദഗ്ദ്ധന്റെ സഹായത്തോടെ ഉറപ്പ് വരുത്തണം