ആ യുട്യൂബ് താരം ഇവിടെയുണ്ട്!

August 2, 2017, 3:54 pm
 ആ യുട്യൂബ് താരം ഇവിടെയുണ്ട്!
Being Social
Being Social
 ആ യുട്യൂബ് താരം ഇവിടെയുണ്ട്!

ആ യുട്യൂബ് താരം ഇവിടെയുണ്ട്!

യുട്യൂബില്‍ ഇയാളെ കാണാത്ത മലയാളികള്‍ കുറവായിരിക്കും. പ്രത്യേകിച്ച് അല്‍പം ടെക്നോളജിയൊക്കെ താല്പര്യമുള്ളവര്‍. തീരാത്ത സംശയമുള്ളവര്‍ പ്രത്യേകിച്ചും. കാരണം, അങ്ങനെയുള്ളവര്‍ക്ക് എപ്പോഴും കയ്യില്‍ ഉത്തരവും മുഖത്ത് പുഞ്ചിരിയുമായി ഇയാള്‍ യുട്യൂബില്‍ വഴികാട്ടിയായി കാണും.

ഇത് ഇബാദ് റഹ്മാന്‍. ആലപ്പുഴ ജില്ലയിലെ അരൂര്‍ സ്വദേശി. ഇബാദിനെക്കുറിച്ച് പറയാനാണെങ്കില്‍ ധാരാളമുണ്ട്. ഒറ്റവാക്കില്‍ ഒതുക്കിയാല്‍ മനസിലായിക്കൊള്ളണമെന്നില്ല.ഇന്ന് യുട്യൂബില്‍ ഏറ്റവും അധികം ആരാധകരുള്ള വ്ലോഗര്‍മാരില്‍ ഒരാള്‍. സോഷ്യല്‍ മീഡിയ കണ്‍സല്‍ട്ടന്റ്,വീഡിയോ പ്രൊഫഷനല്‍.. അങ്ങനെ പോകുന്നു വിശേഷണങ്ങള്‍. ഇന്ന് യുട്യൂബിലെ പല പ്രശസ്തമായ ചാനലുകളും കൈകാര്യം ചെയ്യുന്നത് ഇബാദ് ആണ്.

ആളുകള്‍ക്ക് ഏറ്റവും എളുപ്പം മനസിലാവുന്ന തരത്തിലാണ് ഇബാദിന്‍റെ അവതരണം. പുതിയ ഗവണ്മെന്‍റ് പദ്ധതികളെക്കുറിച്ചും ടെക്നോളജിയെക്കുറിച്ചുമെല്ലാം വീഡിയോകള്‍ ഉണ്ട്.

വിവാഹങ്ങള്‍ക്ക് വീഡിയോ എടുക്കുന്ന ആള്‍ എന്ന രീതിയിലാണ് ഇബാദ് തന്‍റെ യാത്ര ആരംഭിക്കുന്നത്. ഫോട്ടോഗ്രാഫി ഇഷ്ടമായിരുന്നെങ്കിലും അതിലൊന്നും അദ്ദേഹം തൃപ്തനായിരുന്നില്ല. ടെക്നോളജിയോട് അടങ്ങാത്ത അഭിനിവേശമുണ്ടായിരുന്ന ആ ചെറുപ്പക്കാരന്‍ പുതിയ പുതിയ പരീക്ഷണങ്ങള്‍ക്കായുള്ള തന്‍റെ അന്വേഷണം തുടര്‍ന്നുകൊണ്ടിരുന്നു.

അപ്പോഴാണ്‌ 2006 ല്‍ ഗൂഗിള്‍ യുട്യൂബ് ഏറ്റെടുക്കുന്നത്. ഇനി വരാന്‍ പോകുന്ന കാലം യുട്യൂബിന്‍റെയാണെന്ന് ഇബാദ് ആദ്യമേ മനസിലാക്കിയിരുന്നു. അവിടെയാണ് തന്റെ മേഖല എന്ന് അന്നാണ് തിരിച്ചറിയുന്നത്.

"അന്നൊക്കെ ഒരു വീഡിയോ അപ്ലോഡ് ചെയ്യണമെങ്കില്‍ ഇന്‍റര്‍നെറ്റ് കഫെയില്‍ പോയി മണിക്കൂറുകള്‍ കുത്തിയിരിക്കണം" ഇബാദ് പറയുന്നു.

2010 ആയതോടെ ഇബാദ് വീഡിയോഗ്രാഫി വിട്ടു. പിന്നെ ശ്രദ്ധ മുഴുവന്‍ യുട്യൂബില്‍ ആയിരുന്നു. ഇന്ന് നിരവധി മലയാളം ചാനലുകളുടെ യുട്യൂബ് കാര്യങ്ങള്‍ നോക്കുന്ന സര്‍ട്ടിഫൈഡ് യുട്യൂബ് കണ്‍സല്‍ട്ടന്റാണ് ഇബാദ്. ഇതിലൂടെ നല്ല വരുമാനവും ലഭിക്കുന്നുണ്ട്. ഇഷ്ടമുള്ള ജോലി ചെയ്ത് വരുമാനമുണ്ടാക്കുന്നതിനേക്കാള്‍ സന്തോഷമുള്ള കാര്യം മറ്റെന്തുണ്ട് ഈ ലോകത്ത്?

ഇത്രയേറെ കാര്യങ്ങള്‍ ഒരുമിച്ചു ചെയ്യാന്‍ എങ്ങനെ സമയം കിട്ടുന്നു എന്ന് ചോദിക്കുമ്പോള്‍ ഇബാദ് പുഞ്ചിരിക്കും. "ഈ ജോലി എനിക്ക് എപ്പോഴും മുഖ്യമാണ്. ജോലിക്ക് വേണ്ടി ഞാന്‍ ഒരു സ്ഥിരം ഷെഡ്യൂള്‍ ഉണ്ടാക്കിയിട്ടുണ്ട്. അതിനെ ബാധിക്കുന്ന മറ്റൊരു കാര്യത്തിലും ഇടപെടാറില്ല."

സെലിബ്രിറ്റികളാവാം, ഒപ്പം വരുമാനവും നേടാം

സെലിബ്രിറ്റിയാവാന്‍ ഇഷ്ടമില്ലാത്തവര്‍ ആരും തന്നെ ഉണ്ടാവില്ല എന്നുതന്നെ പറയാം. നിങ്ങളുടെ തലയില്‍ അത്യാവശ്യം വെളിച്ചമുണ്ടോ? നിറയെ ഐഡിയകള്‍ ഉള്ള ആളാണോ നിങ്ങള്‍? എങ്കില്‍ മടിച്ചു നില്‍ക്കുകയേ വേണ്ട. ഇദ്ദേഹം നിങ്ങളെ അത്യാവശ്യം നാലു പേരൊക്കെ അറിയുന്ന ഒരാളാക്കി മാറ്റി കയ്യില്‍ തരും!

ഇന്‍റര്‍നെറ്റ് വ്യാപകമായതോടെ യുട്യൂബ് വ്ലോഗിംഗ് എങ്ങും സര്‍വസാധാരണമായിക്കഴിഞ്ഞു. ഇഷ്ടമുള്ള വിഷയങ്ങളെക്കുറിച്ച് സംസാരിച്ച് അത് സോഷ്യല്‍ മീഡിയയില്‍ ഇട്ടാല്‍ കാണാന്‍ നിരവധി ആളുകള്‍ ഉണ്ടാവും. ക്യാമറ കയ്യില്‍ ഉണ്ടാവുകയും അത്യാവശ്യം എഡിറ്റിംഗ് ഒക്കെ അറിയുകയും ചെയ്‌താല്‍ ഇത് അധികം പണച്ചെലവുള്ള കാര്യവുമല്ല. ഇക്കാര്യത്തില്‍ മുന്‍പരിചയം ഇല്ലാത്തവര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയാണ് ഇബാദ് ചെയ്യുന്നത്. കൊച്ചിയിലെ ചില സെലിബ്രിറ്റികള്‍ അടക്കമുള്ളവരുടെ പത്തിലേറെ ചാനലുകള്‍ ഇബാദ് ഇങ്ങനെ കൈകാര്യം ചെയ്യുന്നുണ്ട്.

തൊഴുത്തില്‍ ഒരു സ്റ്റുഡിയോ!

അതേ. തൊഴുത്തില്‍ വച്ചാണ് ഇബാദ് തന്റെ വീഡിയോകള്‍ ഷൂട്ട്‌ ചെയ്യുന്നത്. കൂടെ ഭാര്യയും മകനും കാണും. എന്നാല്‍ ഈ തൊഴുത്തില്‍ പശുവോ കാളയോ ഒന്നും ഇല്ല. വെറും ക്യാമറ മാത്രം!

"പണ്ട് വീട്ടില്‍ പശുവളര്‍ത്തല്‍ ഉണ്ടായിരുന്നു. പിന്നീട് അത് നിന്നുപോയപ്പോള്‍ ആ സ്ഥലം രൂപമാറ്റം വരുത്തി സ്റ്റുഡിയോ ആക്കിയെടുത്തു. "ഇബാദ് പറയുന്നു

ഭാര്യ സഫ്നയും മകന്‍ റഹിമാനും കാണും ഇബാദിനൊപ്പം വീഡിയോ ഷൂട്ട്‌ ചെയ്യാന്‍. ഈ കുടുംബത്തില്‍ നിന്നൊരു കൊച്ചു യുട്യൂബര്‍ കൂടി ഉടന്‍ എത്താന്‍ സാധ്യതയുണ്ട്. ഇബാദിന്‍റെ ഇളയ മകള്‍ റൈമയാണത്. സഫ്നാസ് ടിപ്സ് എന്ന പേരില്‍ അടുക്കളവിശേഷങ്ങള്‍ പങ്കുവയ്ക്കുന്ന ചാനലായിരിക്കും അത്.