സ്‌കൂളില്‍ പഠിച്ചിട്ടില്ല; ഐഐടി പ്രവേശനം നിഷേധിച്ചു; ഇന്ത്യന്‍ പെണ്‍കുട്ടിയ്ക്ക് എംഐടിയില്‍ സ്‌കോളര്‍ഷിപ്പോടെ പ്രവേശനം 

August 30, 2016, 4:54 pm
സ്‌കൂളില്‍ പഠിച്ചിട്ടില്ല; ഐഐടി പ്രവേശനം നിഷേധിച്ചു;  ഇന്ത്യന്‍ പെണ്‍കുട്ടിയ്ക്ക് എംഐടിയില്‍ സ്‌കോളര്‍ഷിപ്പോടെ പ്രവേശനം 
Campus
Campus
സ്‌കൂളില്‍ പഠിച്ചിട്ടില്ല; ഐഐടി പ്രവേശനം നിഷേധിച്ചു;  ഇന്ത്യന്‍ പെണ്‍കുട്ടിയ്ക്ക് എംഐടിയില്‍ സ്‌കോളര്‍ഷിപ്പോടെ പ്രവേശനം 

സ്‌കൂളില്‍ പഠിച്ചിട്ടില്ല; ഐഐടി പ്രവേശനം നിഷേധിച്ചു; ഇന്ത്യന്‍ പെണ്‍കുട്ടിയ്ക്ക് എംഐടിയില്‍ സ്‌കോളര്‍ഷിപ്പോടെ പ്രവേശനം 

ഐഐടി പ്രവേശനം നിഷേധിച്ച മുംബൈ പെണ്‍കുട്ടിയ്ക്ക് അമേരിക്കയിലെ മസാച്യുസെറ്റസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ പ്രവേശനം. ഔപചാരിക സ്‌കൂള്‍ വിദ്യാഭ്യാസമൊന്നും നേടാതെ വീട്ടിലിരുന്ന് അറിവ് സമ്പാദിച്ച മാളവിക രാജ് എന്ന പതിനേഴുകാരിയ്ക്കാണ് ആരും കൊതിക്കുന്ന എംഐടി സ്‌കോളര്‍ഷിപ്പ് ലഭിച്ചിരിക്കുന്നത്.

മസാച്യുസെറ്റസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി 
മസാച്യുസെറ്റസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി 

രാജ്യാന്തര ശാസ്ത്ര ഒളിമ്പ്യാഡില്‍ മൂന്ന് തവണ വിജയിയായ(രണ്ട് തവണ വെള്ളി, ഒരു വെങ്കലം) മാളവികയ്ക്ക് ഐഐടി നേരത്തെ പ്രവേശനം നിഷേധിച്ചിരുന്നു. എന്‍ട്രന്‍സ് പരീക്ഷകളിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കുന്ന ഐഐടികളില്‍ നിന്നും വ്യത്യസ്തമായി വിവിധ ഒളിമ്പ്യാഡുകളില്‍(ഗണിതശാസ്ത്രം, ഭൗതികശാസ്ത്രം, കമ്പ്യൂട്ടര്‍) വിജയികളാകുന്ന പ്രതിഭകള്‍ക്കും എംഐടി പ്രവേശനം നല്‍കിവരുന്നുണ്ട്.

സ്‌കൂളില്‍ പോകുന്നത് അവസാനിപ്പിച്ചപ്പോള്‍ എനിക്ക് കൂടുതല്‍ വിഷയങ്ങള്‍ പഠിക്കാന്‍ സാധിച്ചു. പ്രോഗ്രാമിങ് ആണ് അതിലൊന്ന്. പ്രോഗ്രാമിങ്ങില്‍ കൂടുതല്‍ താല്‍പ്പര്യമുണ്ടായപ്പോള്‍ മറ്റു വിഷയങ്ങളേക്കാള്‍ കൂടുതല്‍ സമയം അതിന് നല്‍കാന്‍ തുടങ്ങി.
മാളവിക രാജ്  

മുംബൈയിലെ ദാദര്‍ പ്രസീ യൂത്ത് അസംബ്ലി സ്‌കൂളില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് മാളവികയുടെ സ്‌കൂള്‍ പഠനം അവസാനിപ്പിക്കാനുള്ള അമ്മയുടെ തീരുമാനം. അതിന് മാളവികയുടെ അമ്മ സുപ്രിയ പറയുന്ന കാരണം ഇങ്ങനെ.

മാളവിക സ്‌കൂളില്‍ നന്നായി പഠിക്കുമായിരുന്നു. എന്റെ മക്കള്‍(മാളവികയ്ക്ക് രാധയെന്ന സഹോദരിയുണ്ട്) സന്തോഷവതികളായിരിക്കണമെന്ന് തോന്നി. പരമ്പരാഗത അറിവിനേക്കാള്‍ പ്രധാനമാണ് സന്തോഷം. അര്‍ബുദ രോഗികളെ പരിചരിക്കുന്ന എന്‍ജിഒയില്‍ ഞാന്‍ പ്രവര്‍ത്തിച്ചിരുന്നു. എന്‍ജിഒ പ്രവര്‍ത്തനത്തിനിടെ അര്‍ബുദ ബാധിതരായ എട്ടിലും ഒമ്പതിലും പഠിക്കുന്ന കുട്ടികളെ കാണാന്‍ ഇടയായി. അതെന്റെ ഉള്ളില്‍ തള്ളി. അന്ന് ഞാന്‍ മനസ്സില്‍ കരുതി, എന്റെ പെണ്‍മക്കള്‍ക്ക് കൂടുതല്‍ സന്തോഷം നല്‍കണമെന്ന്.

സ്‌കൂളില്‍ പോകാതിരുന്നപ്പോള്‍ മാളവിക കൂടുതല്‍ ഊര്‍ജ്ജസ്വലയായെന്ന് സുപ്രിയ സാക്ഷ്യപ്പെടുത്തുന്നു. രാവിലെ നേരത്തെ എഴുന്നേറ്റ് പഠിക്കാന്‍ ആരംഭിച്ചു. അറിവിനോട് മകള്‍ക്ക് അഭിനിവേശമായെന്നും സുപ്രിയ പറഞ്ഞു.

രാജ്യാന്തര ഒളിമ്പ്യാഡിലെ പ്രകടനമാണ് മാളവികയ്ക്ക് എംഐടി പ്രവേശനം നല്‍കിയതെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്ന് ഇന്ത്യന്‍ കമ്പ്യൂട്ടിങ് ഒളിമ്പ്യാഡിന്റെ ദേശീയ കോര്‍ഡിനേറ്ററായ മാധവന്‍ മുകുന്ദ് പറയുന്നു. ഔപചാരിക വിദ്യാഭ്യാസമില്ലെങ്കിലും ധിഷണയുള്ളവരെ എംഐടി അംഗീകരിക്കുന്നത് വലിയ കാര്യമാണ്. മാളവിക നിലവിലുള്ള വ്യവസ്ഥയുടെ ഉല്‍പ്പന്നമല്ലെന്നും അദ്ദേഹം പറഞ്ഞു.