സ്റ്റീവ് ജോബ്‌സ് തിയേറ്ററില്‍ പിറന്ന ആപ്പിളിന്റെ പുതിയ അവതാരങ്ങള്‍ ഇവയാണ് 

September 15, 2017, 3:28 pm
സ്റ്റീവ് ജോബ്‌സ് തിയേറ്ററില്‍ പിറന്ന ആപ്പിളിന്റെ പുതിയ അവതാരങ്ങള്‍  ഇവയാണ് 
Devices
Devices
സ്റ്റീവ് ജോബ്‌സ് തിയേറ്ററില്‍ പിറന്ന ആപ്പിളിന്റെ പുതിയ അവതാരങ്ങള്‍  ഇവയാണ് 

സ്റ്റീവ് ജോബ്‌സ് തിയേറ്ററില്‍ പിറന്ന ആപ്പിളിന്റെ പുതിയ അവതാരങ്ങള്‍ ഇവയാണ് 

ടെക്‌നോളജി ലോകത്തിന്റെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ സ്റ്റീവ് ജോബ്‌സ് തിയേറ്ററില്‍ വച്ച് ആപ്പിള്‍ തങ്ങളുടെ പുതിയ ഡിവൈസുകള്‍ അവതരിപ്പിച്ചു. ഐഫോണ്‍ X (10), ഐഫോണ്‍ 8, ഐഫോണ്‍ 8 പ്ലസ് എന്നിവയ്‌ക്കൊപ്പം പുതിയ സ്മാര്‍ട്ട് വാച്ചും, ആപ്പിള്‍ ടിവി 4K വീഡിയോ സ്ട്രീമിംഗ് ഡിവൈസുമാണ് ആപ്പിള്‍ അവതരിപ്പിച്ചത്.

എന്നാല്‍ എല്ലാ കണ്ണുകളും ഏറ്റവും കൂടുതല്‍ പോയത് ആപ്പിളിന്റെ പുതിയ ഫോണുകളിലേയ്ക്ക് തന്നെയാണ്. പുതിയ ഫീച്ചറുകളുമായി വന്ന ഫോണ്‍ ആയിരുന്നു വേദിയിലെ താരം.

ആപ്പിള്‍ ഐഫോണ്‍ Xന്റെ വില ഇന്ത്യയില്‍ 89,000 രൂപയിലാണ് തുടങ്ങുന്നത്. ഐഫോണിന്റെ ഇതുവരെ ഇറങ്ങിയതില്‍ വച്ച് ഏറ്റവും വില കൂടിയ മോഡലാണിത്. ഇന്ത്യ ഉള്‍പ്പെടെയുള്ള 55 രാജ്യങ്ങളില്‍ ഒക്ടോബര്‍ 27 മുതല്‍ പ്രീ ഓര്‍ഡര്‍ തുടങ്ങും. നവംബര്‍ 3 മുതല്‍ റീട്ടയില്‍ സ്റ്റോറുകളില്‍ എത്തിത്തുടങ്ങുമെന്നാണ് ആപ്പിള്‍ പ്രഖ്യാപിച്ചത്.

5.8 ഇഞ്ച് വലിപ്പമുള്ള സൂപ്പര്‍ റെറ്റിന എഡ്ജ് ടു എഡ്ജ് ഡിസ്‌പ്ലേയോടൊപ്പമാണ് ഐഫോണ്‍ X എത്തുന്നത്. ഇതിന്റെ സ്‌ക്രീന്‍ സാന്ദ്രത 458 ppi ആണ്. ഐഫോണിനു ഇതേവരെ ഉണ്ടായിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ പിക്‌സല്‍ സാന്ദ്രതയാണിത്. കൂടാതെ ആദ്യമായി OLED ഡിസ്‌പ്ലേയില്‍ ഇറങ്ങുന്ന ഐഫോണ്‍ എന്ന പ്രത്യേകതയും ഉണ്ട്. ഡോള്‍ബി വിഷന്‍, HDR10 എന്നിവ സപ്പോര്‍ട്ട് ചെയ്യുന്ന ഡിസ്‌പ്ലേ ആണിത്.

മുഖം തിരിച്ചറിയുന്നതിനുള്ള ഫേസ് ഐഡി സംവിധാനമാണ് ഐഫോണ്‍ Xന്റെ പ്രധാന സവിശേഷതയായി പറയപ്പെടുന്നത്. മുന്‍ക്യാമറ ഉപയോഗിച്ചാണ് ഇത് പ്രവര്‍ത്തിക്കുക. പിന്നില്‍ A11 ബയോനിക് ചിപ്പിന്റെ കരുത്തോടു കൂടിയ ഡ്യുവല്‍ 12MP ക്യാമറ ആണുള്ളത്. ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റബിലൈസേഷന്‍ സവിശേഷത ഉള്ളതാണ് ഇതിന്റെ ക്യാമറ. 64GB, 256GB എന്നിങ്ങനെ രണ്ടു വേരിയന്റുകളില്‍ ആണ് ഇതെത്തുക.

4.7 ഇഞ്ച് റെറ്റിന എച്ച്ഡി സ്‌ക്രീനുമായാണ് ആപ്പിള്‍ ഐഫോണ്‍ 8 എത്തുന്നത്. കമ്പനിയുടെ ഏറ്റവും പുതിയ 10nm A11 ബയോനിക് ചിപ്പ്‌സെറ്റ് ആണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ഐഫോണ്‍ 7, 7പ്ലസ് എന്നിവയില്‍ ഉപയോഗിച്ചിരുന്ന പ്രോസസറിനേക്കാള്‍ 70% വേഗത കൂടുതലാണ് ഇതിന്റെ പ്രോസസറിനെന്നാണ് കമ്പനി അവകാശപ്പെടുന്നത്. പിന്നില്‍ ഒറ്റ 12MP ക്യാമറ ആണ് ഐഫോണ്‍ 8 നുള്ളത്.

ഐഫോണ്‍ 8 പ്ലസിന് രണ്ടു 12MP ക്യാമറകളാണുള്ളത്. വയര്‍ലെസ് ചാര്‍ജിംഗ് ഫീച്ചര്‍ സപ്പോര്‍ട്ട് ചെയ്യുന്ന ഈ രണ്ടു ഫോണുകളും സില്‍വര്‍, സ്‌പേസ് ഗ്രേ, ഗോള്‍ഡ് നിറങ്ങളിലാണ് എത്തുക.

ആപ്പിള്‍ വാച്ച് സീരീസ് 3

ഇന്ത്യയില്‍ 29,900 രൂപയാണ് ആപ്പിള്‍ വാച്ച് സീരീസ് 3 യുടെ പ്രാരംഭ വില. സെപ്റ്റംബര്‍ 15 മുതല്‍ ഇന്ത്യയ്ക്ക് പുറത്തുള്ള ആളുകള്‍ക്ക് പ്രീ ഓര്‍ഡര്‍ സൗകര്യം ലഭ്യമാവും. സെപ്റ്റംബര്‍ 22 മുതല്‍ വിതരണം തുടങ്ങും. ഇന്ത്യയില്‍ അടുത്ത വര്‍ഷമേ ഇതെത്തൂ. കോള്‍ സൗകര്യം, മെസേജുകള്‍, ലൊക്കേഷന്‍ തുടങ്ങി നിരവധി സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താന്‍ ഇതില്‍ സാധിക്കും. ഒറ്റ ചാര്‍ജില്‍ പതിനെട്ടു മണിക്കൂര്‍ വരെ ഉപയോഗിക്കാന്‍ സാധിക്കും.

ആപ്പിള്‍ ടിവി 4K

പേരു കാണിക്കുന്ന പോലെതന്നെ 4K HDR 10 സപ്പോര്‍ട്ടുള്ള ടിവി ആണിത്. ഡോള്‍ബി വിഷന്‍ സവിശേഷതയോടു കൂടി എത്തുന്ന ആപ്പിള്‍ ടിവിയുടെ ഗ്രാഫിക്‌സ് മുന്‍പത്തെ വെര്‍ഷനെക്കാളും നാലിരട്ടി വേഗത കൂടിയതാണ്. ആപ്പിളിന്റെ A10X പ്രോസസര്‍ ആണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇതിന്റെ 32GB വെര്‍ഷന് 15,900 രൂപയും 64GB വെര്‍ഷന് 17,900 രൂപയുമാണ് വില.