മുഖം തിരിച്ചറിയുന്ന സെന്‍സര്‍, ഭദ്രതയുള്ള പണമിടപാടുകള്‍; ഏറ്റവും സുരക്ഷിതമായ മൊബൈല്‍ഫോണാവാന്‍ ഐഫോണ്‍ 8

July 4, 2017, 3:25 pm


മുഖം തിരിച്ചറിയുന്ന സെന്‍സര്‍, ഭദ്രതയുള്ള പണമിടപാടുകള്‍; ഏറ്റവും സുരക്ഷിതമായ മൊബൈല്‍ഫോണാവാന്‍ ഐഫോണ്‍ 8
Devices
Devices


മുഖം തിരിച്ചറിയുന്ന സെന്‍സര്‍, ഭദ്രതയുള്ള പണമിടപാടുകള്‍; ഏറ്റവും സുരക്ഷിതമായ മൊബൈല്‍ഫോണാവാന്‍ ഐഫോണ്‍ 8

മുഖം തിരിച്ചറിയുന്ന സെന്‍സര്‍, ഭദ്രതയുള്ള പണമിടപാടുകള്‍; ഏറ്റവും സുരക്ഷിതമായ മൊബൈല്‍ഫോണാവാന്‍ ഐഫോണ്‍ 8

മുഖം തിരിച്ചറിഞ്ഞ് അണ്‍ലോക്ക് ചെയ്യുന്നതിനുള്ള സംവിധാനവുമായിട്ടാണ് പുതിയ ഐഫോണ്‍ 8 എത്തുന്നതെന്ന് മുന്നേ വന്ന റിപ്പോര്‍ട്ടുകളില്‍ സൂചനയുണ്ടായിരുന്നു. ഇക്കാര്യം ഏറെക്കുറെ സ്ഥിതീകരിച്ച രീതിയിലാണ് ആപ്പിളിന്റെ പുതിയ ഫോണിനെക്കുറിച്ച് ബ്ലൂംബര്‍ഗിന്റെ റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. ആപ്പിളിന്റെ ഈ ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ ടെക്‌നോളജിയെക്കുറിച്ച് ഇതില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്.

ഈ ഫീച്ചര്‍ ഇപ്പോള്‍ പരീക്ഷണഘട്ടത്തിലാണ്. ഐഫോണ്‍ 8 അണ്‍ലോക്ക് ചെയ്യുന്നതിനു മാത്രമല്ല പെയ്‌മെന്റുകള്‍ നടത്തുന്നതിനും സുരക്ഷിതമായി മാത്രം കൈകാര്യം ചെയ്യേണ്ട മറ്റു ആപ്പുകള്‍ ഉപയോഗിക്കുമ്പോഴുമെല്ലാം ഈ സൗകര്യം ഏറെ ഉപകാരപ്പെടും. പുതിയ 3D സെന്‍സര്‍ ആണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.

ഇതുകൂടാതെ കണ്ണുകള്‍ സ്‌കാന്‍ ചെയ്ത് ആളെ തിരിച്ചറിയുന്നതിനുള്ള സിസ്റ്റം കൂടി പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ് ആപ്പിള്‍ ഇപ്പോള്‍. ഈ വര്‍ഷം അവസാനം ഇറങ്ങുന്ന ഐഫോണ്‍ 8ല്‍ ഇതുകൂടി പരീക്ഷിക്കുമെന്ന് കരുതുന്നു.

മികച്ച വേഗതയും കൃത്യതയുമായിരിക്കും ഇതിന്റെ സെന്‍സറിന്റെ എടുത്തുപറയാവുന്ന സവിശേഷത. മില്ലിസെക്കന്റുകള്‍ക്കുള്ളില്‍ ഇത് ഉപയോഗിക്കുന്ന ആളിന്റെ മുഖം തിരിച്ചറിഞ്ഞ് അണ്‍ലോക്ക് ചെയ്യും. പരീക്ഷണം വിജയകരമല്ല എന്നുണ്ടെങ്കില്‍ ഇത് ചിലപ്പോള്‍ പുതിയ ഫോണില്‍ ഉണ്ടായില്ല എന്നു വരും എന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ഫിംഗര്‍പ്രിന്റ് സെന്‍സര്‍ സിസ്റ്റത്തിനെക്കാള്‍ സുരക്ഷിതമാണ് ഇതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിപണിയിലെ പ്രധാന എതിരാളികളായ സാംസംഗിന്റെ ഫോണുകളില്‍ ഐറിസ് സ്‌കാനര്‍ നിലവില്‍ ഉണ്ട്. ഈയിടെ പ്രിന്റ് ചെയ്ത ഫോട്ടോ ഉപയോഗിച്ച് ഐറിസ് സ്‌കാനര്‍ അണ്‍ലോക്ക് ചെയ്ത വാര്‍ത്ത വിവാദമായിരുന്നു. ഇതോടെ ഐറിസ് സ്‌കാനര്‍ പോലെയുള്ളവ എത്രത്തോളം സുരക്ഷിതമാണ് എന്ന ചോദ്യമുയര്‍ന്നിരുന്നു. എന്നാല്‍ ആപ്പിളിന്റേത് 3-D സെന്‍സര്‍ ടെക്‌നോളജി ആയതിനാല്‍ ഫോട്ടോ ഉപയോഗിച്ച് ഇങ്ങനെയൊന്നും അണ്‍ലോക്ക് ചെയ്യാനാവില്ല.

മികച്ച സെന്‍സറുകള്‍ കൂടാതെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടാസ്‌കുകള്‍ക്കായിട്ടുള്ള പ്രത്യേക ക്രമീകരണങ്ങളും ഇതില്‍ ഉണ്ടാവുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിലുപയോഗിക്കുന്ന ആപ്പിള്‍ ന്യൂട്രല്‍ എഞ്ചിന്‍ എന്ന് പേരുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചിപ്പ് നല്ല ബാറ്ററി പെര്‍ഫോമന്‍സ് നല്‍കാന്‍ സഹായിക്കും. ഇങ്ങനെയുള്ള കാര്യങ്ങള്‍ക്കായി ഇതിന്റെ എ-സീരീസ് പ്രോസസര്‍ ഉപയോഗിക്കില്ല.

കുറച്ചുകൂടി വേഗതയുള്ള സ്‌ക്രീനിനായി ആപ്പിള്‍ ഐപാഡ് ടാബ്ലറ്റുകളില്‍ ഉപയോഗിക്കുന്ന തരം പ്രോമോഷന്‍ ഡിസ്‌പ്ലേ തന്നെയാവും ഇതിലും ഉപയോഗിക്കുക. 120Hz വേഗതയുള്ള ചലനമാണ് ഈ സ്‌ക്രീനില്‍ സാധ്യമാവുക. സാധാരണ സ്‌ക്രീനുകളില്‍ ഇത് 60Hz ആണ്.