ആപ്പിള്‍ ഐഫോണ്‍ ഐപാഡ് എന്നിവയില്‍ മലയാളം കീബോര്‍ഡും

June 10, 2017, 1:45 pm


ആപ്പിള്‍ ഐഫോണ്‍ ഐപാഡ് എന്നിവയില്‍ മലയാളം കീബോര്‍ഡും
Devices
Devices


ആപ്പിള്‍ ഐഫോണ്‍ ഐപാഡ് എന്നിവയില്‍ മലയാളം കീബോര്‍ഡും

ആപ്പിള്‍ ഐഫോണ്‍ ഐപാഡ് എന്നിവയില്‍ മലയാളം കീബോര്‍ഡും

ആപ്പിളിന്റെ ഐഫോണ്‍ ഐപാഡ് എന്നിവയില്‍ ഇനി മുതല്‍ മലയാളം കീബോര്‍ഡുകളും. ഐഒഎസ് 11 അപ്‌ഡേറ്റ് പുറത്തു വിടുമ്പോഴായിരിക്കും ആപ്പിള്‍ ഉപയോക്താക്കള്‍ക്ക് മലയാളം കീബോര്‍ഡും ഉപയോഗിക്കാന്‍ സാധിക്കുന്നത്. സാന്‍ ജോസില്‍ നടക്കുന്ന ആപ്പിള്‍ വേള്‍ഡ് ഡെവലപ്പേഴ്‌സ് കോണ്‍ഫറന്‍സിലാണ് മലയാളം കീബോര്‍ഡ് സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. ആപ്പിള്‍ സി.ഇ.ഒ. ടിം കുക്കാണ് ഡെവലപ്പേഴ്‌സ് കോണ്‍ഫറന്‍സില്‍ പുതിയ അപ്‌ഡേറ്റുകള്‍ സംബന്ധിച്ച പ്രഖ്യാപനങ്ങള്‍ നടത്തിയത്.

ആഗോള അടിസ്ഥാനത്തില്‍ ഫോണ്‍ കമ്പനികള്‍ പ്രാദേശിക ഭാഷകള്‍ക്ക് വലിയ പ്രാധാന്യം കൊടുക്കുന്നുണ്ട്. വ്യാപകമായി ഡിജിറ്റല്‍ കണ്ടന്റുകള്‍ പ്രാദേശിക ഭാഷകളില്‍ ഉണ്ടായി വരുന്നതും ഫെയ്‌സ്ബുക്ക് ഉള്‍പ്പെടെയുള്ള കമ്പനികള്‍ പ്രാദേശിക ഭാഷകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ലോകത്തിലെ ഏറ്റവും വലിയ കമ്പനികള്‍ ഒന്നായ ആപ്പിളും പ്രാദേശിക ഭാഷകളെ പിന്തുണയ്ക്കുന്നത്.

മലയാളത്തിനൊപ്പം കന്നഡ കീബോര്‍ഡും ആപ്പിള്‍ അവതരിപ്പിച്ചിട്ടുണ്ട്. നിലവില്‍ ഇന്ത്യന്‍ ഭാഷകളായ ഹിന്ദി, ഉര്‍ദ്ദു, ബംഗാളി, പഞ്ചാബി, മറാഠി, തെലുങ്കു, ഗുജറാത്തി, തമിഴ് എന്നീ ഭാഷകളാണ് ആപ്പിള്‍ ഉത്പന്നങ്ങളില്‍ സപ്പോര്‍ട്ട് ചെയ്യുന്നത്. ഈ ഭാഷകള്‍ക്കൊപ്പം മലയാളവും കന്നഡയും വരുന്നതോടെ ദക്ഷിണേന്ത്യന്‍ ഭാഷകള്‍ക്കെല്ലാം ആപ്പിള്‍ ഡിവൈസുകളില്‍ സപ്പോര്‍ട്ടുണ്ട്.

ഇംഗ്ലീഷ് ഭാഷ വഴങ്ങാത്ത ആളുകള്‍ക്ക് മലയാളത്തില്‍ മെസേജുകള്‍ അയക്കാനും മെയിലുകള്‍ അയക്കാനും ഇതിലൂടെ സാധിക്കും. ഡെവലപ്പേഴ്‌സ് കോണ്‍ഫറന്‍സില്‍ നടന്ന പ്രഖ്യാപനം യാഥാര്‍ത്ഥ്യമാകുന്നതിന് സെപ്റ്റംബര്‍ വരെയെങ്കിലും കാത്തിരിക്കണമെന്നാണ് കരുതുന്നത്. ഐഒഎസ് 11 അപ്‌ഡേറ്റ് പുറത്തിറങ്ങുമ്പോള്‍ മലയാളം കന്നഡ കീബോര്‍ഡുകളുടെ ബീറ്റാ വേര്‍ഷന്‍ ലഭ്യമാകും.

ഐഒഎസ് ഡിവൈസുകളില്‍ കന്നഡ ഭാഷ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടകയിലെ ഭാഷാ സ്‌നേഹികള്‍ നിരന്തരമായി സോഷ്യല്‍ മീഡിയാ ക്യാംപെയ്‌നുകള്‍ നടത്തുന്നുണ്ടായിരുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷമായി അവര്‍ നടത്തി വന്ന ക്യാംപെയ്‌നുകള്‍ക്കാണ് ഇപ്പോള്‍ അവസാനം കണ്ടിരിക്കുന്നത്. കന്നഡ ഗൃഹകാര കൂട്ട എന്ന സംഘടനയായിരുന്നു ക്യാംപെയ്‌നുകള്‍ക്ക് നേതൃത്വം കൊടുത്തത്.