വണ്‍ പ്ലസ് 5 ഇന്ന് മുതല്‍ ഇന്ത്യയിലും: ഐഫോണിന് വെല്ലുവിളി എന്ന് പറയപ്പെടുന്ന ഫോണിനെക്കുറിച്ച് അറിയേണ്ടതെല്ലാം

June 22, 2017, 12:44 pm


വണ്‍ പ്ലസ് 5 ഇന്ന് മുതല്‍ ഇന്ത്യയിലും: ഐഫോണിന് വെല്ലുവിളി എന്ന് പറയപ്പെടുന്ന ഫോണിനെക്കുറിച്ച് അറിയേണ്ടതെല്ലാം
Devices
Devices


വണ്‍ പ്ലസ് 5 ഇന്ന് മുതല്‍ ഇന്ത്യയിലും: ഐഫോണിന് വെല്ലുവിളി എന്ന് പറയപ്പെടുന്ന ഫോണിനെക്കുറിച്ച് അറിയേണ്ടതെല്ലാം

വണ്‍ പ്ലസ് 5 ഇന്ന് മുതല്‍ ഇന്ത്യയിലും: ഐഫോണിന് വെല്ലുവിളി എന്ന് പറയപ്പെടുന്ന ഫോണിനെക്കുറിച്ച് അറിയേണ്ടതെല്ലാം

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വണ്‍ പ്ലസിന്റെ ഏറ്റവും പുതിയ ഫോണ്‍ 5 ആഗോള വിപണിയില്‍ അവതരിപ്പിച്ചതിന് പിന്നാലെ ഇന്ന് ഇന്ത്യയിലും അവതരിപ്പിക്കും. മുംബൈയില്‍ നടക്കുന്ന ചടങ്ങിലാണ് വണ്‍ പ്ലസ് 5 അവതരിപ്പിക്കുന്നത്. വിപണിയില്‍ ലഭിക്കാവുന്നതില്‍ ഏറ്റവും മികച്ച സ്മാര്‍ട്ട്‌ഫോണ്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഫോണ്‍ ആപ്പിള്‍ ഐഫോണ്‍ 7 സാംസങ് എസ് 8 എന്നീ ഫോണുകള്‍ക്ക് ഭീഷണി ഉയര്‍ത്തുന്നുണ്ട് എന്നാണ് വിപണി വിലയിരുത്തലുകള്‍.

വണ്‍ പ്ലസ് 3ടി യുടെ അഡ്വാന്‍സ്ഡ് വേര്‍ഷന്‍ ഫോണാണ് 5. ഐഫോണ്‍ 7 ഹാന്‍ഡ്‌സെറ്റിനെക്കാള്‍ സ്ലിമ്മാണ് ഈ ഫോണ്‍ എന്നത് വിപണിയില്‍ അത്ഭുതമുളവാക്കിയിട്ടുണ്ട്. അതേസമയം ഹെഡ്‌ഫോണ്‍ ജാക്കറ്റ് അതേപടി നിലനിര്‍ത്തിയിട്ടുമുണ്ട്. ഐഫോണ്‍ സ്ലിമ്മാക്കുന്നതിനായി ഹെഡ്‌ഫോണ്‍ ജാക്കറ്റ് എടുത്തുമാറ്റി ബ്ലൂടൂത്ത് ഹെഡ്‌സെറ്റാക്കിയിരുന്നു.

വിപണിയില്‍ നിരവധി സ്മാര്‍ട്ട്‌ഫോണുകളുണ്ടെങ്കിലും ഡിസൈന്‍ കൊണ്ട് വേറിട്ട് നില്‍ക്കുക ഉപയോക്താക്കള്‍ക്ക് പരമാവധി ഗുണം ലഭിക്കുക എന്ന പോളിസിയാണ് വണ്‍ പ്ലസ് കമ്പനിക്കുള്ളതെന്ന് കമ്പനി വക്താവ് കഴിഞ്ഞ ദിവസത്തെ ഗ്ലോബല്‍ ലോഞ്ചിനോട് അനുബന്ധിച്ച് പറഞ്ഞിരുന്നു.

2013ല്‍ വണ്‍ പ്ലസ് വണ്‍ അവതരിപ്പിച്ചത് മുതല്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ കൃത്യമായ സ്വാധീനം ചെലുത്താന്‍ വണ്‍പ്ലസിന് കഴിഞ്ഞിട്ടുണ്ട്. താങ്ങാനാവുന്ന വില മികച്ച ഡിസൈന്‍ എന്നിവയായിരുന്നു വണ്‍ പ്ലസിന്റെ യുഎസ്പി. ഒരു സമയം ഒരു ഫോണ്‍ എന്നതാണ് കഴിഞ്ഞ കുറേക്കാലമായി കമ്പനി തുടര്‍ന്ന് വരുന്ന മാര്‍ക്കറ്റിംഗ് പോളിസി. ത്രീയ്ക്ക് ശേഷം ഫോര്‍ ആണ് വരേണ്ടതെങ്കിലും ചൈനീസ് വിശ്വാസപ്രകാരം ഫോര്‍ അശുഭ അക്കമാണ് എന്നതിനാല്‍ മൂന്നില്‍നിന്ന് വണ്‍പ്ലസ് അഞ്ചിലേക്ക് ചാടി കടന്നു.

ഇന്ത്യയില്‍ വണ്‍ പ്ലസ് ഫൈ ആമസോണിലൂടെയാണ് വില്‍പ്പന നടത്തുന്നത്. ക്വാല്‍ക്കമിന്റെ സ്‌നാപ്ഡ്രാഗണ്‍ 835 പ്രോസസറിലായിരിക്കും വണ്‍ പ്ലസ് ഫൈവ് പ്രവര്‍ത്തിക്കുക. ആറ് ജിബി എട്ട് ജിബി വേരിയെന്റുകളില്‍ ഫോണ്‍ ലഭ്യമാണ്. 32,000 മുതല്‍ 37,000 വരെയാണ് ഇന്ത്യന്‍ വിപണിയില്‍ പ്രതീക്ഷിക്കുന്ന വില. ആപ്പിളിന്റെ ഐഫോണ്‍ സെവന്‍ പ്ലസിലുള്ളത് പോലെ ഡ്യുവല്‍ ക്യാമറാ സെറ്റപ്പാണ് വണ്‍ പ്ലസ് ഫൈവിലുള്ളത്. രണ്ടു ക്യാമറകള്‍ക്കൊപ്പം എല്‍.ഇ.ഡി. ഫ്‌ളാഷ് ലൈറ്റുമുണ്ട്. പിന്നിലുള്ള രണ്ടു ക്യാമറകളും 20 മെഗാ പിക്‌സലാണ്. ഡിഎസ്എല്‍ആര്‍ ക്യാമറകളില്‍ എടുക്കുന്ന പോലുള്ള ചിത്രങ്ങള്‍ പകര്‍ത്താന്‍ ഇതിലൂടെ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. മുന്നിലുള്ള ക്യാമറയ്ക്ക് 16 മെഗാ പിക്‌സല്‍ ശേഷിയുമുണ്ട്. വണ്‍പ്ലസ് ഫൈവില്‍ പുതിയ റീഡിംഗ് മോഡ് സ്‌ക്രീന്‍ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഇതില്‍ തന്നെ മോണോക്രോം മോഡുണ്ട് നൈറ്റ് റീഡിംഗ് മോഡുണ്ട് ഗേമിംഗ് പ്രേമികള്‍ക്കായി ഡു നോട്ട് ഡിസ്റ്റര്‍ബ് മോഡുമുണ്ട്.

ഐഫോണ്‍ സെവന്‍, സെവന്‍ പ്ലസ്, സാംസങ് എസ് 8 എന്നീ മോഡലുകളെ നേരിട്ട് വെല്ലുവിളിച്ചാണ് വണ്‍പ്ലസ് ഫൈവ് വിപണിയിലെത്തുന്നത്. ഈ വെല്ലുവിളി എത്രത്തോളം ആപ്പിളിനെയും സാംസങിനെയും ബാധിക്കുമെന്ന കാര്യം വരും മാസങ്ങളിലെ അറിയാന്‍ സാധിക്കുകയുള്ളു. ഈ കമ്പനികളിറക്കുന്ന ഹൈഎന്‍ഡ് ഫോണുകളെക്കാള്‍ ഏറെ വിലക്കുറവാണ് എന്നതാണ് വണ്‍ പ്ലസ് ഫൈവിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്.