ജിയോ ഫോണ്‍ നെറ്റ് ന്യൂട്രാലിറ്റിക്കെതിരെന്ന് ഐഡിയ; ജിയോയെ വെല്ലാന്‍ 2500 രൂപയുടെ സ്മാര്‍ട്ട്‌ഫോണ്‍ ഇറക്കും

July 30, 2017, 6:31 pm
ജിയോ ഫോണ്‍ നെറ്റ് ന്യൂട്രാലിറ്റിക്കെതിരെന്ന് ഐഡിയ; ജിയോയെ വെല്ലാന്‍ 2500 രൂപയുടെ സ്മാര്‍ട്ട്‌ഫോണ്‍ ഇറക്കും
TechYouth
TechYouth
ജിയോ ഫോണ്‍ നെറ്റ് ന്യൂട്രാലിറ്റിക്കെതിരെന്ന് ഐഡിയ; ജിയോയെ വെല്ലാന്‍ 2500 രൂപയുടെ സ്മാര്‍ട്ട്‌ഫോണ്‍ ഇറക്കും

ജിയോ ഫോണ്‍ നെറ്റ് ന്യൂട്രാലിറ്റിക്കെതിരെന്ന് ഐഡിയ; ജിയോയെ വെല്ലാന്‍ 2500 രൂപയുടെ സ്മാര്‍ട്ട്‌ഫോണ്‍ ഇറക്കും

ജിയോയുടെ പുതിയ ഫോണിനെതിരെ നെറ്റ് ന്യൂട്രാലിറ്റി സംബന്ധിച്ച സംശയവുമായി ഐഡിയ സെല്ലുലാര്‍. ജിയോയുടെ ആപ്പുകള്‍ മാത്രമേ ഇതില്‍ ഉപയോഗിക്കാന്‍ സാധിക്കൂ എന്നുള്ളതാണ് ഐഡിയ ഉയര്‍ത്തുന്ന പ്രധാന കാര്യം. ജിയോ ഈ ഫോണ്‍ ഇറക്കുമ്പോള്‍ത്തന്നെ അതിനേക്കാള്‍ കുറച്ചു വില കൂടിയ തങ്ങളുടെ സ്വന്തം ഫോണ്‍ പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് ഐഡിയ ഇപ്പോള്‍.

“നെറ്റ് ന്യൂട്രാലിറ്റി എന്ന ആശയം ജിയോയുടെ പുതിയ ഫോണിന്‍റെ കാര്യത്തില്‍ പ്രയോഗികമാവുന്നില്ല. ഉപഭോക്താവിന്‍റെ താല്പര്യത്തിനനുസരിച്ച് ഇതില്‍ ആപ്പുകള്‍ ഉപയോഗിക്കാന്‍ സാധിക്കില്ല. പകരം ഒരു പ്രത്യേക ഓപ്പറേറ്ററുടെ ആപ്പുകള്‍ മാത്രം ഉപയോഗിക്കാന്‍ അവര്‍ നിര്‍ബന്ധിതരായിത്തീരുകയാണ്”
ഐഡിയ സെല്ലുലാര്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഹിമാന്‍ശു കപാനിയ

ഇന്റര്‍നെറ്റില്‍ ലഭ്യമായ എല്ലാ ഉള്ളടക്കവും, യാതൊരു നിയന്ത്രണവുമില്ലാതെ എല്ലാവര്‍ക്കും എപ്പോഴും ലഭ്യമാകുന്ന അവസ്ഥയാണ് നെറ്റ് ന്യൂട്രാലിറ്റി. വാട്ട്‌സ് ആപ്പ്, സ്‌കൈപ്പ്, വൈബര്‍ തുടങ്ങിയ സേവനങ്ങള്‍ക്ക് ഇന്റര്‍നെറ്റ്‌ ഡേറ്റാ പ്ലാനിനു പുറമേ അധിക പണം ഈടാക്കുമെന്ന ഇന്റര്‍നെറ്റ്‌ സേവന ദാതാക്കളുടെ പ്രഖ്യാപനത്തോടെയാണ് മുന്‍പ് ഇന്ത്യയില്‍ നെറ്റ് ന്യൂട്രാലിറ്റിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ചൂടുപിടിച്ചത്.

സ്മാര്‍ട്ട്‌ഫോണ്‍ ഫീച്ചറുകള്‍ ഇല്ലാത്ത ജിയോ ഫോണ്‍ ഇന്റര്‍നെറ്റ് ബ്രൌസ് ചെയ്യാന്‍ ആഗ്രഹിക്കുന്നവരെ എത്രത്തോളം തൃപ്തിപ്പെടുത്തുമെന്ന് കണ്ടറിയണമെന്നും കപാനിയ പറഞ്ഞു. വോഡഫോണുമായി ലയിപ്പിക്കപ്പെട്ട കമ്പനി സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളുമായി ചേര്‍ന്ന് ജിയോ ഫോണിനെക്കാള്‍ അല്പം മാത്രം വിലക്കൂടുതലും എന്നാല്‍ മികച്ച സൗകര്യങ്ങളും ഉള്ള സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മിക്കും. ഗൂഗിളും ഫേസ്ബുക്കും വാട്സാപ്പും തുടങ്ങിയ എല്ലാ ആപ്പുകളും ഇതില്‍ കാണും.

ഏകദേശം 2500 രൂപയായിരിക്കും ഈ ഫോണിന്‍റെ വില വരിക. ജിയോ ഫോണിന് പ്രത്യേക ഓപ്പറേറ്റിങ് സിസ്റ്റമാണ് ഉള്ളത്. ടച്ച് സ്ക്രീനും ഇല്ല. ഇന്നുപയോഗിക്കുന്ന 97% സ്മാര്‍ട്ട്‌ഫോണുകളും ആന്‍ഡ്രോയ്ഡ് ടച്ച് സ്ക്രീനാണ്. ഐഡിയയുടെ ഫോണ്‍ എത്തുന്നത് ഉപഭോക്താക്കളുടെ നിര്‍ദേശങ്ങള്‍ കൂടി കണക്കിലെടുത്തായിരിക്കും. കപാനിയ പറയുന്നു.