‘ആ ആപ്പിലേക്ക് വിരല്‍തൊട്ടത് തെരുവില്‍ അവരെ കണ്ടപ്പോള്‍’: കാണാതായ കുട്ടികളെ ട്രാക്ക് ചെയ്യാനുള്ള ആപിനെ കുറിച്ച് വിജയ് ജ്ഞാനദേശികന്‍

July 16, 2017, 4:30 pm


‘ആ ആപ്പിലേക്ക് വിരല്‍തൊട്ടത് തെരുവില്‍ അവരെ കണ്ടപ്പോള്‍’: കാണാതായ കുട്ടികളെ ട്രാക്ക് ചെയ്യാനുള്ള ആപിനെ കുറിച്ച് വിജയ് ജ്ഞാനദേശികന്‍
Tech Updates
Tech Updates


‘ആ ആപ്പിലേക്ക് വിരല്‍തൊട്ടത് തെരുവില്‍ അവരെ കണ്ടപ്പോള്‍’: കാണാതായ കുട്ടികളെ ട്രാക്ക് ചെയ്യാനുള്ള ആപിനെ കുറിച്ച് വിജയ് ജ്ഞാനദേശികന്‍

‘ആ ആപ്പിലേക്ക് വിരല്‍തൊട്ടത് തെരുവില്‍ അവരെ കണ്ടപ്പോള്‍’: കാണാതായ കുട്ടികളെ ട്രാക്ക് ചെയ്യാനുള്ള ആപിനെ കുറിച്ച് വിജയ് ജ്ഞാനദേശികന്‍

കുട്ടികളെ കാണാതെ പോകുന്നത് ഇക്കാലത്ത് അത്രയും അപൂര്‍വമായ ഒരു കാര്യമൊന്നുമല്ല. എണ്ണമറ്റ കുഞ്ഞുങ്ങളാണ് ദിനംപ്രതി കാണാതായിക്കൊണ്ടിരിക്കുന്നത്. ട്രാക്ക് ചൈല്‍ഡിന്റെ കണക്കുകള്‍ അനുസരിച്ച് ഓരോ മണിക്കൂറിലും അഞ്ചു കുട്ടികള്‍ വീതമാണ് കാണാതാവുന്നത്. തട്ടിക്കൊണ്ടു പോകപ്പെടുന്നവരും ഓടിപ്പോവുന്നവരും എല്ലാം ഇക്കൂട്ടത്തില്‍പ്പെടും. ഇങ്ങനെയുള്ള കുട്ടികളുടെ എണ്ണം  വളരെയധികം കൂടുതലായതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ നൂറുശതമാനം പരിഹാരമെന്നത് ഇപ്പോള്‍ സാധ്യമാവുന്നില്ല.

പല മാതാപിതാക്കള്‍ക്കും കുട്ടികളെ കാണാതാവുമ്പോള്‍ മാധ്യമങ്ങളില്‍ ഫോട്ടോയും വിവരങ്ങളും കൊടുക്കാന്‍ മടിയാണ്. കുട്ടികളുടെ ഭാവിയെ മോശമായ രീതിയില്‍ ബാധിച്ചാലോ എന്ന് പേടിയുള്ളതുകൊണ്ടാണിത്. അതുകൊണ്ടുതന്നെ പലപ്പോഴും മറ്റുള്ള ആളുകള്‍ ഇങ്ങനെയുള്ള കുട്ടികളെ വഴിയില്‍ കണ്ടെത്തിയാല്‍പ്പോലും തിരിച്ചറിഞ്ഞുകൊള്ളണം എന്നില്ല.

ഇങ്ങനെയൊരു സാഹചര്യത്തിലാണ് ചെന്നൈ സ്വദേശിയായ വിജയ്‌ ജ്ഞാനദേശികന്‍ വികസിപ്പിച്ചെടുത്ത പുതിയ ആപ്ലിക്കേഷന്‍ പ്രസക്തമാകുന്നത്. കാണാതാവുന്ന കുട്ടികളുടെ ഫോട്ടോ മാത്രം ഉപയോഗിച്ച് ഇവരെ തെരഞ്ഞുകണ്ടുപിടിക്കുന്ന രീതിയാണ് ഇത്. ഫേഷ്യല്‍ റെക്കഗ്നിഷന്‍ ടെക്നോളജി ഉപയോഗിച്ചാണ് കുട്ടികളെ കണ്ടെത്തുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി വിജയ് തന്‍റെ ടീമിനൊപ്പം ഈ ആപ്ലിക്കേഷന്‍ വികസിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു.

ആദ്യഘട്ടമായി സെന്‍ട്രല്‍, സ്റ്റേറ്റ് വെബ്സൈറ്റുകളില്‍ നിന്നും കാണാതായ കുട്ടികളുടെ പരമാവധി വിവരങ്ങള്‍ ശേഖരിച്ചു. പലതും അനാഥാലയങ്ങളില്‍ നിന്നും ശേഖരിച്ചവയായിരുന്നു. മൂന്നു ലക്ഷത്തോളം കുട്ടികളുടെ വിവരങ്ങള്‍ ഇങ്ങനെ ശേഖരിച്ചു. പുതുതായി കാണാതാവുന്ന കുട്ടികളുടെ വിവരങ്ങള്‍ ഇതുമായി ഒത്തുനോക്കും. രണ്ടും തമ്മില്‍ സാമ്യമുണ്ടെങ്കില്‍ ഈ ആപ്ലിക്കേഷന്‍ കാണിച്ചുതരും. ഫെയ്സ് ടാഗര്‍ (Facetagr) എന്നാണു ഈ ആപ്ലിക്കേഷന്‍ അറിയപ്പെടുന്നത്. രാജ്യത്താകെ നൂറിലധികം കുട്ടികളെ ഇങ്ങനെ കണ്ടെത്താനായെന്ന് വിജയ്‌ പറയുന്നു.

തുടക്കം തെരുവില്‍ നിന്ന്

ചെന്നൈ നഗരത്തിലൂടെ വാഹനമോടിച്ചു പോകുമ്പോള്‍ തെരുവുകളില്‍ യാചിച്ചു നടക്കുന്ന കുട്ടികളെ എപ്പോഴും കാണാറുണ്ട്. അവരുടെ അവസ്ഥ കാണുമ്പോള്‍ പലപ്പോഴും വിഷമം തോന്നിയിട്ടുണ്ട്. വീട്ടില്‍ നിന്ന് ഓടിയെത്തുന്നവരും തട്ടിക്കൊണ്ടു വരപ്പെട്ട കുഞ്ഞുങ്ങളുമെല്ലാം ഇക്കൂട്ടത്തില്‍ കാണും. ഇങ്ങനെ തെരുവില്‍ അലയുന്ന കുട്ടികളെ എങ്ങനെ പുനരധിവസിപ്പിക്കാം എന്ന് ഞാന്‍ ആലോചിച്ചു തുടങ്ങിയത് ആ കാലത്താണ്.

ഹാലിസ്കേപ് ബിസിനസ് സൊല്യൂഷന്‍സില്‍ പത്തു വര്‍ഷമായി ജോലി ചെയ്യുന്നു. അഞ്ചു രാജ്യങ്ങളില്‍ ഉള്ള കമ്പനിയാണിത്. സെക്യൂരിറ്റി സൊല്യൂഷന്‍സ് വിത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്ആണ് ഞങ്ങളുടെ പ്രധാനമേഖല. സുരക്ഷാപരിഹാരങ്ങളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഒരുമിച്ച് കൊണ്ടുപോകുന്ന പരീക്ഷണങ്ങളാണ് പ്രധാനം. അന്നുതന്നെ കമ്പനിയില്‍ ഞങ്ങള്‍ക്ക് ഫേഷ്യല്‍ റെക്കഗ്നിഷന്‍ സംവിധാനം ഉണ്ടായിരുന്നു.

കാണാതായ കുട്ടികളെ ട്രാക്ക് ചെയ്യുക എന്നതാണ് ഇതില്‍ ആദ്യത്തെ ജോലി. അത് കേന്ദ്രഗവണ്മെന്റില്‍ നിന്നും കിട്ടും. കാണാതായവരുടെയും കണ്ടെത്തിയവരുടെയും വിവരങ്ങള്‍ ഇങ്ങനെ ലഭിക്കും. സെന്‍ട്രല്‍ ഗവണ്മെന്റ് ഡാറ്റ പരിശോധിച്ചാല്‍ ഒന്നര ലക്ഷം പേര്‍ മിസ്സിംഗ് ലിസ്റ്റില്‍ കാണാം. ഒരു ലക്ഷത്തിലധികം പേര്‍ കണ്ടെത്തപ്പെട്ട് വിവിധ സംരക്ഷണ കേന്ദ്രങ്ങളില്‍ ജീവിക്കുന്നു. ഇങ്ങനെയുള്ള കുട്ടികളുടെ വിവരങ്ങള്‍ ഒന്നും കൃത്യമായി റെക്കോഡ് ചെയ്യപ്പെട്ടിട്ടില്ല എന്നതാണ് ഇവിടെ നാം നേരിടുന്ന ഒരു പ്രധാന വെല്ലുവിളി.

ഗവണ്മെന്‍റ് വെബ്സൈറ്റുകളില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ നിന്നും കാണാതാവുന്ന കുട്ടികളുടെ പരമാവധി വിവരങ്ങള്‍ ശേഖരിച്ചു. സോഷ്യല്‍ മീഡിയയില്‍ കാണാതായി എന്ന് പറഞ്ഞു വരുന്ന ഡാറ്റകള്‍ എല്ലാം ഈ ലിസ്റ്റുമായി ഒത്തുനോക്കി. ഇത്തരം വിവരങ്ങളില്‍ നിന്നും ലഭിക്കുന്ന കാണാതായ കുട്ടികളുടെ ചിത്രങ്ങളും ഇവയില്‍ ശേഖരിച്ചു വച്ചിരിക്കുന്ന വിവരങ്ങളും തമ്മില്‍ ഒത്തുനോക്കുമ്പോള്‍ പരസ്പരം സാമ്യമുള്ള ഒരുപാടു മുഖങ്ങള്‍ ഞങ്ങള്‍ക്ക് കണ്ടെത്താനായി.

എങ്ങനെയാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത് ?

എത്ര വലുതായാലും മനുഷ്യനില്‍ ചില കാര്യങ്ങള്‍ ഒരിക്കലും മാറില്ല. ഉദാഹരണത്തിന് കൃഷ്ണമണിയുടെ വലുപ്പം. മുഖത്തെ 150 ഓളം പോയിന്റുകള്‍ രേഖപ്പെടുത്തും. 'ട്രെയിനിംഗ് ദി മോഡ്യൂള്‍' എന്നാണു ഇത് അറിയപ്പെടുന്നത്. ഇവയാണ് ചിത്രങ്ങളുമായി താരതമ്യപ്പെടുത്തുന്നത്. മാസ്റ്റേഡ് ഫേഷ്യല്‍ റെക്കഗ്നിഷന്‍ ആണ് ഇന്ത്യന്‍ മുഖങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നത്. ഈ സാങ്കേതിക വിദ്യയുടെ ലളിതമായ വേര്‍ഷന്‍ ആണ് ഉപയോഗിക്കുന്നത്.കുട്ടികളുടെ മുഖങ്ങള്‍ പൊതുവേ ഇങ്ങനെ മാച്ച് ആവാന്‍ അല്പം ബുദ്ധിമുട്ടാണ്.

ആപ്ലിക്കേഷന്‍റെ ഭാവി

ഒരു പൊതു -സ്വകാര്യ പങ്കാളിത്തത്തില്‍ മാത്രമേ ഇത് പ്രായോഗികതലത്തില്‍ പ്രയോജനകരമാകൂ . ഞങ്ങള്‍ സര്‍ക്കാരിന് സൌജന്യമായി ഈ അപ്ളിക്കേഷന്‍ നല്‍കുന്നുണ്ട്. തമിഴ്നാട് പോലീസിനു ഇപ്പോള്‍ തന്നെ നൂറിലധികം പേരെ കണ്ടെത്തി നല്‍കാന്‍ നമുക്കു സാധിച്ചു . ഇതില്‍ കൂടുതലും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. ഒരു സംസ്ഥാനത്തെ മാത്രം പോലീസിനു ഇത് പൂര്‍ണമായി കൈകാര്യം ചെയ്യാനാവില്ല. ഇങ്ങനെയുള്ള കേസുകളില്‍ പല സംസ്ഥാനങ്ങളില്‍ നിന്നുള്ള പോലീസുകാര്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചാലേ കാര്യമുള്ളൂ.

ഇപ്പോള്‍ ചില സംസ്ഥാനങ്ങളുടെ സൈബര്‍ ഡിവിഷനുകള്‍ ഒക്കെ സഹായം ആവശ്യപ്പെട്ടു കൊണ്ട് വിളിക്കുന്നുണ്ട്. നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോ ഇടയ്ക്ക് ഞങ്ങളുടെ സഹായം ആവശ്യപ്പെട്ടിരുന്നു.

ഇപ്പോള്‍ തമിഴ്നാട് ആന്‍റി-ചൈല്‍ഡ് ട്രാഫിക്കിംഗ് യൂണിറ്റുമായി ചര്‍ച്ചകളിലാണ് വിജയ്‌യുടെ ടീം. കാണാതായ കുട്ടികളുടെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ 'ഖോയ പായാ' എന്നൊരു വെബ്സൈറ്റ് ഈ സെന്‍ററിനുണ്ട്. കാണാതായ കുട്ടിയുടെ ഫോട്ടോ ഇല്ലെങ്കില്‍ സഹോദരങ്ങളുടെ ആരുടെയെങ്കിലും ഫോട്ടോ വച്ചു വേണമെങ്കിലും കുട്ടികളെ ഇതില്‍ തിരയാം.