ഇത് ടേസ്റ്റ് വേറെ; ഇന്ത്യക്കാരുടെ ഭക്ഷണചേരുവകള്‍ ലോകമെമ്പാടും സൂപ്പര്‍ ഹീറ്റ് 

March 22, 2017, 6:53 pm
ഇത് ടേസ്റ്റ് വേറെ; ഇന്ത്യക്കാരുടെ ഭക്ഷണചേരുവകള്‍ ലോകമെമ്പാടും സൂപ്പര്‍ ഹീറ്റ് 
Food and Drink
Food and Drink
ഇത് ടേസ്റ്റ് വേറെ; ഇന്ത്യക്കാരുടെ ഭക്ഷണചേരുവകള്‍ ലോകമെമ്പാടും സൂപ്പര്‍ ഹീറ്റ് 

ഇത് ടേസ്റ്റ് വേറെ; ഇന്ത്യക്കാരുടെ ഭക്ഷണചേരുവകള്‍ ലോകമെമ്പാടും സൂപ്പര്‍ ഹീറ്റ് 

പലതരം സുഗന്ധവ്യജ്ഞനങ്ങളും മറ്റു ആരോഗ്യകരമായ ഭക്ഷ്യവസ്തുക്കളും സുലഭമായി ലഭിക്കുന്ന നാടാണ് നമ്മുടേത്. ഇന്ത്യ ലോകത്തിന് സമ്മാനിച്ച ആരോഗ്യകരമായ ചില ഭക്ഷ്യചേരുവകളുണ്ട്. ആരോഗ്യസംരക്ഷണത്തിനും പല അസുഖങ്ങള്‍ക്ക് പ്രതിവിധിയായും ഇത്തരം ഭക്ഷ്യവസ്‌തുക്കള്‍ ഉപയോഗിക്കുന്നുണ്ട്. ലോകത്ത് ഏറെ ജനപ്രിയമായി മാറിയ ഏഴ് ഇന്ത്യന്‍ ഭക്ഷ്യചേരുവകളെ പരിചയപ്പെടാം...

1. വെളിച്ചെണ്ണ

പാശ്ചാത്യരാജ്യങ്ങളെ ഏറെ വിസ്‌മയിപ്പിച്ച ഒന്നാണ് നമ്മുടെ വെളിച്ചെണ്ണ. വെളിച്ചെണ്ണയുടെ ആരോഗ്യഗുണത്തെക്കുറിച്ച് എത്രയോ പഠനങ്ങള്‍ നടന്നുകഴിഞ്ഞു. ഭാരം കുറയ്‌ക്കാനും കൊളസ്‌ട്രോള്‍ നിയന്ത്രിക്കുന്നതിനും വെളിച്ചെണ്ണ സഹായിക്കുമെന്ന് ചില പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഭക്ഷണം പാകം ചെയ്യാന്‍ അത്യാവശ്യം വേണ്ടുന്ന ഒന്നായി ഇന്ന് വെളിച്ചെണ്ണ മാറിക്കഴിഞ്ഞു. ഇതുകൂടാതെ സൗന്ദര്യസംരക്ഷണം, കേശസംരക്ഷണം എന്നിവയ്‌ക്കും വെളിച്ചെണ്ണ ഉത്തമമായ പ്രതിവിധിയാണ്.

2. കരിക്കിന്‍ കാമ്പ്

നാരുകള്‍, പൊട്ടാസ്യം, സോഡിയം, വിറ്റാമിന്‍ ബി എന്നിവ അടങ്ങിയിട്ടുള്ളതാണ് കരിക്കിന്‍ കാമ്പ്. അതുകൊണ്ടുതന്നെ ഇതിന്റെ ആരോഗ്യഗുണവും ഏറെ കൂടുതലാണ്. ശരീരഭാരം കുറയ്‌ക്കാനും ഇത് സഹായിക്കും. ഇപ്പോള്‍ പാശ്ചാത്യരാജ്യങ്ങളില്‍ ഐസ്‌ക്രീംപോലെയുള്ളവ ഉണ്ടാക്കുന്നതിന് പാല്‍, ക്രീം, ചീസ് എന്നിവയ്‌ക്ക് പകരമായി ചിലര്‍ കരിക്കിന്‍ കാമ്പ് ഉപയോഗിക്കുന്നുണ്ട്.

3. മഞ്ഞള്‍

രോഗങ്ങള്‍ക്ക് ഉത്തമ പ്രതിവിധിയാണ് മഞ്ഞള്‍. അലര്‍ജി, വിഷാദം, ഹൃദ്രോഗം, ക്യാന്‍സര്‍, അല്‍ഷിമേഴ്‌സ് എന്നിവയെ ചെറുക്കുന്ന ഘടകങ്ങള്‍ മഞ്ഞളിലുണ്ട്. ഇപ്പോള്‍ വിദേശീയരും പാചകത്തിനായി വ്യാപകമായി മഞ്ഞള്‍ ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. പാശ്ചാത്യനാടുകളില്‍ ഏറെ ജനപ്രിയമായ ഗോള്‍ഡന്‍ മില്‍ക്ക് തയ്യാറാക്കുന്നതിന് ബദാം പാലും മഞ്ഞള്‍പ്പൊടിയുമാണ് ഉപയോഗിക്കുന്നത്. രക്ത ശുദ്ധീകരണത്തിന് നൂറ്റാണ്ടുകളായി ആയുര്‍വേദം നിര്‍ദേശിക്കുന്ന ഒറ്റമൂലിയാണ് മഞ്ഞള്‍. ശരീരത്തിലെ രക്തചംക്രമണം വേഗത്തിലാക്കി കരള്‍ സംബന്ധമായ രോഗങ്ങള്‍ തടയാനും മഞ്ഞളിന് കഴിയും. അണുബാധ അകറ്റാനും മഞ്ഞള്‍ ബെസ്റ്റാണ്.

4. ചക്ക

നമ്മുടെ നാട്ടിലൊക്കെ ധാരാളമായി കാണപ്പെടുന്ന ചക്കയ്‌ക്ക് വിദേശ വിപണികളില്‍ വന്‍ ഡിമാന്‍ഡാണ്. ചക്കയുടെ വിസ്‌മയിപ്പിക്കുന്ന ആരോഗ്യഗുണങ്ങളാണ് ഇതിന് കാരണം. ഏറെ വിറ്റാമിനുകളും നാരുകള്‍, മാംസ്യം, കാല്‍സ്യം, ഇരുമ്പ് എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നതുകൊണ്ടും, കുറഞ്ഞ കൊഴുപ്പ്, ചീത്ത കൊളസ്‌ട്രോള്‍ ഇല്ലാത്തതുമാണ് ചക്കയെ വിദേശികളുടെ ഇഷ്‌ട വിഭവമാക്കിയിരിക്കുന്നത്. ഇന്ന് ബര്‍ഗര്‍, സലാഡ് എന്നിവയ്‌ക്ക് പകരം പാശ്ചാത്യര്‍ ചക്ക ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്.

5. മുരിങ്ങയ്‌ക്കയും മുരിങ്ങയിലയും

ഇന്ത്യന്‍ വിഭവങ്ങളായ സാമ്പാര്‍, പരിപ്പ് കറി, അവിയല്‍, സൂപ്പ്, തോരന്‍ എന്നിവയിലും മറ്റു കറികളിലുമൊക്കെ മുരിങ്ങയ്‌ക്കയും മുരിങ്ങയിലയും ചേര്‍ക്കാറുണ്ട്. ഏറെ പോഷകങ്ങള്‍ അടങ്ങിയ ഒരു സൂപ്പര്‍ ഫുഡ് ആണ് മുരിങ്ങയ്ക്കയും മുരിങ്ങയിലയും. പാലിനേക്കാള്‍ 17 ഇരട്ടി കാല്‍സ്യവും ഓറഞ്ചിനേക്കാള്‍ 12 ഇരട്ടി വിററ്റ്റാന്‍ഡ സിയും ചീരയേക്കാള്‍ 25 ഇരട്ടി ഇരുമ്പും ഇതില്‍ അടങ്ങിയിട്ടുണ്ട്. കൊളസ്‌ട്രോള്‍ നിയന്ത്രിച്ച് ഹൃദ്രോഗത്തെ പ്രതിരോധിക്കുകയും, അഞ്ചുതരം ക്യാന്‍സറുകളെ ചെറുക്കുകയും ചെയ്യുന്ന സൂപ്പര്‍ ഫുഡാണ് മുരിങ്ങ വിഭവങ്ങള്‍. ഭക്ഷണം പാകം ചെയ്യുന്നതിന് മുരിങ്ങയിലയും മുരിങ്ങയ്‌ക്കയും ഉപയോഗിക്കുന്ന വിദേശീയര്‍ മുരിങ്ങയില്‍നിന്ന് സംസ്ക്കരിച്ചെടുക്കുന്ന എണ്ണ, ചര്‍മ്മസംരക്ഷണത്തിനും വാതരോഗങ്ങള്‍ക്കും ഉപയോഗിക്കുന്നുണ്ട്.

6. നെയ്യ്

ആരോഗ്യസംരക്ഷണത്തിന് ഏറെ സഹായിക്കുന്ന നെയ്യ് കഴിച്ചാല്‍ പഞ്ചാമൃതത്തിന്റെ ഗുണം കിട്ടുമെന്നാണ് വിശ്വാസം. ആയുര്‍വേദ മരുന്നുകളിലും ഭക്ഷണസാധനങ്ങളിലും നെയ്യിനെ ഒഴിച്ചുനിര്‍ത്താനാവില്ല. ഓര്‍മശക്തി വര്‍ദ്ധിപ്പിക്കാനും നെയ്യ് നല്ലതുതന്നെ. പത്തുവയസുവരെയെങ്കിലും കുട്ടികള്‍ക്ക് നല്ലപോലെ നെയ്യ് നല്‍കണമെന്ന് പറയാറുണ്ട്. സൗന്ദര്യ സംരക്ഷണത്തിലും നെയ്യിന് പ്രധാന സ്ഥാനമുണ്ട്.

7. ആവണക്കെണ്ണ

ആരോഗ്യത്തിനും സൗന്ദ്യത്തിനും ഒരുപോലെ ഗുണം ചെയ്യുന്ന ആവണക്കെണ്ണയുടെ ഉത്ഭവം ഇന്ത്യയിലാണ്. ആന്റിബാക്ടീരിയല്‍, വിറ്റാമിന്‍ ഇ, മിനറല്‍സ്, പ്രോട്ടീന്‍, ആന്റി ഫംങ്സിഡല്‍ എന്നീ ഘടകങ്ങള്‍ അടങ്ങിയിരിക്കുന്ന ആവണക്കെണ്ണ സോപ്പ്, മസ്സാജ് എണ്ണകള്‍, ടെക്‌സ്‌റ്റൈല്‍സ്, ചില മരുന്നുകള്‍ എന്നിവയുടെ നിര്‍മ്മാണത്തിനായി ഉപയോഗിക്കാറുണ്ട്.