ഒരു ബസ് യാത്ര, പൊഖറ മുതല്‍ ജോംസോം വരെ

October 13, 2017, 11:41 am
ഒരു ബസ് യാത്ര, പൊഖറ മുതല്‍ ജോംസോം വരെ
Travelogue
Travelogue
ഒരു ബസ് യാത്ര, പൊഖറ മുതല്‍ ജോംസോം വരെ

ഒരു ബസ് യാത്ര, പൊഖറ മുതല്‍ ജോംസോം വരെ

ഒരുപാട് നൂലാമാലകളില്‍ കുടുങ്ങിയ ഒരു യാത്രയായിരുന്നു ഇത്. അന്നപൂര്‍ണ ഹിമാലയന്‍ പര്‍വത മേഖലയില്‍ ഉള്‍പ്പെടുന്ന സ്ഥലമായ മുസ്താങ് ജില്ലയില്‍ പ്രവേശിക്കണമെങ്കില്‍ പ്രതേക പാസ് എടുക്കേണ്ടതുണ്ട്. പൊഖറയില്‍ താമസിച്ച ആല്‍പൈന്‍ വില്ലയുടെ ഉടമ പെര്‍മിറ്റ് എല്ലാം ശരിയാക്കി തന്നു. പോകാനുള്ള ബസും ബുക്ക് ചെയ്തു തന്നു. രാവിലെ തന്നെ ബസ് ഹോട്ടലിനു മുന്നില്‍ വരും എന്ന് അറിയിച്ചിരുന്നു. ഞങ്ങള്‍ റെഡി ആയി നിന്നപ്പോള്‍ പറഞ്ഞു ബസ് ഇങ്ങോട്ടു വരില്ല, നമ്മള്‍ അങ്ങോട്ട് പോവണം എന്ന്. അയാള്‍ തന്നെ ബൈക്കില്‍ ഞങ്ങളെ അങ്ങോട്ട് കൊണ്ട് പോയി. ഒരു കുട്ടി ബസില്‍ ആണ് യാത്ര. 157 കിലോ മീറ്റര്‍ ഈ ബസില്‍ യാത്ര ചെയ്യണം. റോഡുകള്‍ എങ്ങനെ ആയിരിക്കും എന്ന് മനസില്‍ ഒരു ധാരണയുണ്ട്. കേറിയ ഉടനെ തന്നെ സീറ്റിനു വേണ്ടി തര്‍ക്കം ഉണ്ടായി. എല്ലാം പരിഹരിച്ച് 7.30 ന് യാത്ര തുടങ്ങി. ലുംലെ എന്നൊരു ചെറിയ ഗ്രാമത്തില്‍ വെച്ച് പ്രാതല്‍ കഴിച്ചു.

പ്രകൃതി രമണീയമായ യാത്രയായിരുന്നു ഇത്. ഹരിതാഭമായ കുന്നുകളും പുഴയും അതിനോട് ചേര്‍ന്ന് കൃഷികളും എല്ലാം മനം നിറക്കുന്ന കാഴ്ചകളായിരുന്നു .2 മണിയോടെ ബുറുങ്താത്തോപാനി എന്ന സ്ഥലത്തു എത്തിയപ്പോള്‍ പെര്‍മിറ്റ് കാണിക്കാന്‍ ബസ് നിര്‍ത്തി. അപ്പോഴാണ് ഞങ്ങള്‍ക്ക് കിട്ടിയ പണി മനസിലായത്.

ഞങ്ങള്‍ക്ക് പൊഖറയില്‍ നിന്ന് ശരിയാക്കി തന്ന പെര്‍മിറ്റ് ഗ്രൂപ്പ് ട്രെക്കിങ്ങ് ആയിരുന്നു, അത് കൊണ്ട് ട്രെക്കിങ്ങ് ഗൈഡ് വേണമായിരുന്നു. അങ്ങനെ വീണ്ടും 600 നേപ്പാളി റുപ്പീസ് കൊടുത്തു പുതിയ പെര്‍മിറ്റ് കാര്‍ഡ് എടുക്കേണ്ടി വന്നു. ബസില്‍ ഞങ്ങള്‍ ഒഴികെ എല്ലാവരും നേപ്പാളികള്‍ ആയിരുന്നു, അവര്‍ക്കു പെര്‍മിറ്റിന്റെ ആവശ്യങ്ങള്‍ ഒന്നുമില്ല. അല്‍പം മുന്നോട്ട് പോയി ചെറിയൊരു ചായ ബ്രേക്കിന് വേണ്ടി വണ്ടി നിര്‍ത്തി . 4.15 ആയപ്പോള്‍ ഗാസ (Ghasa) എന്ന സ്ഥലത്തു വീണ്ടും ചെക്കിങിന് വേണ്ടി ബസ് നിര്‍ത്തി. ഇവിടെ വലിയ ചടങ്ങുകള്‍ ഇല്ലായിരുന്നു. ഇനിയങ്ങോട്ട് അന്നപൂര്‍ണ ഹിമാലയന്‍ സംരക്ഷണ മേഖലയാണ്. പെര്മി്റ്റ് എടുത്തപ്പോള്‍ അന്നപൂര്‌ണെ മേഖലയുടെ ഒരു ഭൂപടവും കൂടെ കിട്ടി.

മുസ്താങ് ജില്ലയെ രണ്ടായാണ് തരം തിരിച്ചിരിക്കുന്നത്. Upper Musthang , Lower Musthang എന്ന രീതിയില്‍. മേലെ മുസ്താങ് വരെ പോവണമെങ്കില്‍ പെര്‍മിറ്റ് വേറെ എടുക്കണം. അതീവ സംരക്ഷണ മേഖലയായ ഇവിടെ ട്രെക്കിങ്ങിനു വേണ്ടിയാണ് കൂടുതല്‍ ആളുകളും വരുന്നത്. ആ പെര്‍മിറ്റ് എടുക്കണമെങ്കില്‍ 500 അമേരിക്കന്‍ ഡോളര്‍ അധികം കൊടുക്കണം. ഞങ്ങള്ക്ക് താഴെ മുസ്താങ് പോയി വന്നാല്‍ മതി. ഗാസയില്‍ നിന്ന് ബസ് വീണ്ടും യാത്ര തുടങ്ങിയെങ്കിലും കഷ്ടകാലം ആയിരുന്നു, യന്ത്രം നിലച്ചു. വണ്ടി കട്ടപ്പുറത്തേക്കു കേറി. അടുത്ത ബസ് വരാന്‍ ഉള്ള കാത്തിരിപ്പ് മണിക്കൂറുകള്‍ നീണ്ടു പോയി. ഇരുട്ടായി , തണുപ്പ് കൂടി കൂടി വന്നപ്പോള്‍ ബസില്‍ ഉണ്ടായിരുന്ന കുറച്ചു കോളേജ് വിദ്യാര്‍ത്ഥികള്‍ ഇലകളും മരത്തടികളും ഒക്കെ വെച്ച് തീ കത്തിച്ചു. അതൊരു നല്ല ആശ്വാസമായിരുന്നു. 3 മണിക്കൂര്‍ റോഡരികില്‍ നിന്ന് മടുത്തപ്പോള്‍ പുതിയ ബസ് വന്നു. ഇനിയങ്ങോട്ടുള്ള യാത്ര കൂടുതല്‍ ദുഷ്‌കരമായിരിക്കും എന്ന് കൂടെ ഉണ്ടായിരുന്ന ഒരാള്‍ പറഞ്ഞു.

റോഡ് എന്ന് പറയാന്‍ ഒന്നും തന്നെയില്ല പലയിടത്തും. അതും ഈ ചെറിയ ബസില്‍. ആടിയുലഞ്ഞും മുന്നോട്ട് തെറിച്ച് വീണും യാത്ര തുടരുക തന്നെ ചെയ്തു. പര്‍വതങ്ങള്‍ക്കിടയിലൂടെയുള്ള നീണ്ട യാത്ര അവസാനിച്ചത് രാത്രി 10.30 നു ആണ്. ബസിലെ ബാക്കിയെല്ലാവരും ജോംസോം എയര്‍പോര്‍ട്ടിന് ഭാഗത്തു ഇറങ്ങി. അവിടെ താമസ ചിലവ് അധികമായിരിക്കുമോ എന്ന ചിന്ത കാരണം ബസ് സ്റ്റാന്‍ഡ് വരെ പോയി. പക്ഷെ എവിടെയും റൂമുകള്‍ ഇല്ലായിരുന്നു, എല്ലാം ഫുള്‍. ബസ് ഡ്രൈവര്‍ നല്ല കക്ഷി ആയതു കൊണ്ട് ഞങ്ങള്‍ രക്ഷപ്പെട്ടു. തിരിച്ചു എയര്‍പോര്‍ട്ട് ഭാഗത്തു തന്നെ ഞങ്ങളെ ഇറക്കി വിട്ടു. കുറെ ഹോട്ടലുകളില്‍ കേറിയിറങ്ങി അവസാനം ഒരെണ്ണത്തില്‍ റൂം കിട്ടി. അവിടെ അവസാനമായി ഉണ്ടായിരുന്ന കുറച്ചു ചാവലും ദാല്‍ കറിയും വെച്ച് അത്താഴം ശരിയാക്കി. മരങ്ങള്‍ കൊണ്ടുണ്ടാക്കിയ റൂമുകള്‍ ആണ് എല്ലാം. ഒരു ക്ലാസിക് ലുക്ക് ഉണ്ട്. നല്ല തണുപ്പുള്ളത് കൊണ്ടായിരിക്കാം, റോഡ് വിജനമായിരുന്നു കടകളെല്ലാം അടച്ചു കഴിഞ്ഞിരിക്കുന്നു. ചുറ്റുമുള്ളത് പര്‍വത നിരകള്‍ ആണെന്ന് മനസിലായെങ്കിലും ഒന്നും വ്യകതമായി കാണാന്‍ ഇല്ല.

ഹോട്ടല്‍ മുറിയില്‍ നിന്ന് പുറത്തേക്ക് നോക്കിയപ്പോളുള്ള ദൃശ്യങ്ങള്‍
ഹോട്ടല്‍ മുറിയില്‍ നിന്ന് പുറത്തേക്ക് നോക്കിയപ്പോളുള്ള ദൃശ്യങ്ങള്‍

കഴിഞ്ഞ രാത്രിയിലെ ഇരുണ്ട വെളിച്ചത്തിലൂടെ യാത്ര ചെയ്ത് ജോംസ്മില്‍ എത്തിയപ്പോള്‍ പുതിയൊരു ലോകത്തിലാണ് വന്നതെന്ന ഉറപ്പുണ്ടായിരുന്നു . രാവിലെ കണ്ണ് തുറക്കുമ്പോള്‍ പുറത്തുള്ള കാഴ്ചകള്‍ കാണാന്‍ ഉള്ള ആഗ്രഹം ആ തണുപ്പിലും വേഗം എന്നെ എഴുന്നേല്‍പ്പിച്ചു. എഴുന്നേറ്റ് നേരെ പോയത് ജനാല തുറക്കാന്‍ ആയിരുന്നു. ജനാല തുറക്കുമ്പോള്‍ അതി മനോഹരമായ കാഴ്ചയായിരുന്നു ഞങ്ങളെ കാത്തിരുന്നത്. ഒരു ഭാഗത്ത് നീല്‍ഗിരി എന്ന ഹിമാലയന്‍ കൊടുമുടി മഞ്ഞില്‍ മൂടി കിടക്കുന്നു. മലനിരകളോട് ചേര്‍ന്നെന്ന പോലെ ജോംസോം വിമാനത്താവളവും. ജോംസോം വിമാനത്താവളം
ജോംസോം വിമാനത്താവളം

മറുഭാഗത്ത് ഒരു പുതിയ ലോകത്തില്‍ എന്ന പോലെയൊരു ഭൂപ്രകൃതി. സിനിമകളിലും മറ്റും മാത്രം കണ്ടിരുന്ന ഒരുതരം അഫ്ഗാന്‍ പ്രാവശ്യകളെ പോലെ തോന്നിപ്പിക്കുന്ന വ്യത്യസ്തമായ മലനിരകള്‍. ജോംസോം എന്ന ചെറിയ പട്ടണം ഒരു അത്ഭുതം തന്നെയാണ്. സമുദ്ര നിരപ്പില്‍ നിന്നും 2,743 m (8,999 ft) ഉയരത്തില്‍ നില്‍ക്കുന്ന ഈ ചെറിയ ഹിമാലയന്‍ പട്ടണം മുസ്താങ് ജില്ലയില്‍ ആണുള്ളത്. മുസ്താങ് ജില്ലയിലെ താഴെ മുസ്താങ്ങിന്റെ ഭാഗമാണ് ജോംസോം.

നീലഗിരി 
നീലഗിരി 

ഹിമാലയന്‍ കൊടുമുടികളായ ധോലഗിരിയുടെയും നീല്‍ഗിരിയുടെയും താഴ്വാരങ്ങളിലൂടെ ഒഴുകുന്ന ഹിന്ദു മത വിശ്വാസികളുടെ പുണ്യ നദിയായ കാളിഗന്ധകി വളരെ പ്രശസ്തമാണ്. വിശ്വാസികള്‍ വളരെ പ്രതേകതയോടെ കാണുന്ന സാലിഗ്രാം എന്ന പേരില്‍ ഉള്ള ചൂടുള്ള കറുത്ത കല്ലുകള്‍ ലഭിക്കുന്ന ഒരേയൊരു നദിയാണ് കാളിഗന്ധകി. സാലിഗ്രാം കിട്ടിയില്ലെങ്കിലും കുറച്ചു സാധാ കല്ലുകള്‍ എങ്കിലും പെറുക്കി കൊണ്ട് പോവണം തിരിച്ചു പോവുമ്പോള്‍ എന്ന് ആദ്യമേ തീരുമാനിച്ചു ഞങ്ങള്‍. വേഗം റെഡി ആയി ബാഗ് പാക്ക് ചെയ്ത ശേഷം ഞങ്ങള്‍ ഇറങ്ങി. ആദ്യം ഒരു പുതിയ ഇടത്താവളം കണ്ടു പിടിക്കുക എന്നതാണ്. അധികം അലയാതെ തന്നെ റൂം കിട്ടി, ലിറ്റില്‍ ഏഷ്യ എന്നൊരു ഹോട്ടല്‍. അവിടെ നിന്ന് നല്ല തര്‍കാളി സ്‌റ്റൈല്‍ നേപ്പാളി ഊണും കഴിച്ചു.