വരൂ... പശ്ചിമഘട്ടത്തില്‍ മഴ നനയാന്‍ പോകാം!  

September 27, 2017, 8:35 pm
വരൂ... പശ്ചിമഘട്ടത്തില്‍ മഴ നനയാന്‍ പോകാം!  
Travelogue
Travelogue
വരൂ... പശ്ചിമഘട്ടത്തില്‍ മഴ നനയാന്‍ പോകാം!  

വരൂ... പശ്ചിമഘട്ടത്തില്‍ മഴ നനയാന്‍ പോകാം!  

തലക്കെട്ടില്‍നിന്ന് നേരെ വന്നാല്‍ ഉണ്ടാകുന്ന ചോദ്യം ' അതിന് മഴക്കാലം കഴിഞ്ഞില്ലെ' എന്നായിരിക്കും. മഴ എപ്പോള്‍ വേണമെങ്കിലും വരാല്ലോ എന്നാകും ഉത്തരം. എന്തായാലും മഴക്കാലം വന്നാല്‍ പോകാവുന്ന സ്ഥലങ്ങള്‍ ഒന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. മഴ വന്നാലുടന്‍ ബാഗുമെടുത്ത് ചാടിപ്പുറപ്പെടാന്‍ പാകത്തിനാണ് സ്ഥലങ്ങള്‍ വിളിക്കുന്നത്.

മഴക്കാലം പണ്ട് മടിയുടേയും വീട്ടിലിരിപ്പിന്റേയും കാലമായിരുന്നു. മൂക്കൊലിപ്പ് മുതല്‍ വന്‍ പനിവരെ പിടിക്കാനുള്ള സാധ്യതയും മഴ നനയാനുള്ള മടിയും മേമ്പൊടിയാണ്. ഇവിടെയാണ് ടൂറിസം സാധ്യതകളിലൊന്നായി മഴക്കാലം വന്നുപെട്ടത്. മഴ നനയാനുംകൂടി ഉള്ളതാണെന്ന് ആളുകള്‍ക്ക് ബോധ്യമായി തുടങ്ങിയതും അടുത്താണ്.

ഇപ്പോള്‍ ട്രെന്‍ഡ് മഴ നനയുന്നതാണ്. മഴയത്ത് കയറിനിന്ന കടത്തിണ്ണയിലെ ചിത്രം മുതലിങ്ങോട്ട് മഴചിത്രങ്ങളുടെ ബഹളമാണല്ലോ ഫെയ്സ്ബുക്കിലും മറ്റും. അതൊക്കെ തന്നെയാണ് മഴക്കാല യാത്രയുടെ ലക്ഷണം. സ്വന്തം നാട്ടിലെ മഴ മാത്രം മിനിമം നിലയില്‍ ആസ്വദിച്ചിരുന്നവരാണ് ഇപ്പോള്‍ റിയല്‍ മഴക്കാലം തേടി നാട് വിടുന്നത്. മഴ കാണണമെങ്കില്‍ ഏറ്റവും നല്ല സ്ഥലങ്ങള്‍ ഏതൊക്കെയാണെന്ന ചോദ്യം ഇവിടെ ഉയരാം. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ മഴ ഏറ്റവും കൂടുതല്‍ ആസ്വദിക്കാന്‍ പറ്റിയ സ്ഥലങ്ങള്‍ പശ്ചിമഘട്ടത്തിലാണ് ഉള്ളത്.

ഒറ്റപ്പാലത്തും ആലപ്പുഴയിലും മൂന്നാറിലും പെയ്യുന്നത് ഒരേ മഴ തന്നെയാണ്. എന്നാലും ഒരു കുന്നില്‍ച്ചെരുവില്‍ മഴ വീണ് മതിമറക്കുന്നത് കാണണമെങ്കില്‍ അഗുംബെയിലേക്കുള്ള ദൂരം ഒരു പ്രശ്‌നമാക്കേണ്ടതില്ല. പശ്ചിമഘട്ടത്തിലെ മഴ കാണാന്‍ പോകുന്നവര്‍ക്കുള്ള ഒരു ഗൈഡാണ് ഈ കുറിപ്പ്. അഗുംബെയില്‍ മഴ കാണാന്‍ പോയാല്‍ 'സിരിമനെ' വെള്ളച്ചാട്ടം പോലെ ഒരുപാട് സ്ഥലങ്ങളില്‍ പോകാം. അഗുംബെയിലെ മഴക്കാഴ്ചകളില്‍ ഒഴിച്ച് കൂട്ടാനാവാത്ത സ്ഥലമാണ് സിരിമനെ വെള്ളച്ചാട്ടം. നാലഞ്ച് ദിവസത്തെ നിര്‍ത്താതെ പെയ്യല്‍ കഴിഞ്ഞാണ് പോകുന്നതെങ്കില്‍ കിടുക്കും.

അഗുംബെയില്‍ മല്യ ലോഡ്ജിലാണ് ഞാനും കുട്ടരും താമസിച്ചത്. അത്യാവശ്യം ചീപ്പ് റേറ്റില്‍ റും കിട്ടുന്ന സ്ഥലങ്ങളിലൊന്നാണ് മല്യ. രാവിലത്തെ മഞ്ഞ് മാറിയാല്‍ വിശാലമായ പച്ച പരവതാനി വിരിച്ച അഗുംബെ കാണാം. മല്യ ലോഡ്ജിന്റെ മൂന്നാം നിലയില്‍നിന്നാലും ഇത് കാണാം. അഗുംബെയുടെ ഗ്രാമീണ ഭംഗി ആസ്വാദിച്ച് നിന്ന് ഒരു കട്ടനൊക്കെ അടിക്കാവുന്നതാണ്. ചെറുവീടുകളും ചെറിയ തോട്ടങ്ങളും പിന്നിട്ടുള്ള വഴികള്‍ മുകളില്‍നിന്ന് കാണാന്‍ രസമാണ്.

ആ വഴിയില്‍ നടക്കാനും പോകാം. മഴയിങ്ങനെ പറന്നുവരും. എപ്പോള്‍ വേണമെങ്കിലും മഴ പെയ്യാം. ഒരു കുടയ്ക്കും ചെറുക്കാനാവാത്ത കാറ്റും വരും. മഴക്കോട്ടാണ് നല്ലത്. മല്യ ലോഡ്ജില്‍നിന്ന് പുറത്തിറങ്ങിയത് നടക്കാനാണ്. വഴി മൂന്നുംകൂടിയ കവലയില്‍ എത്തിപ്പോള്‍ യാത്ര കൂട്ടത്തില്‍ ഭേദപ്പെട്ട വഴിയിലേക്ക് തിരിഞ്ഞു. സൊറ പറഞ്ഞും യാത്രാനുഭവങ്ങള്‍ പറഞ്ഞും നടക്കാം. മഴച്ചാറലുണ്ട്. മഴയില്ലാത്ത അഗുംബെ എന്തൊരു മടുപ്പായിരിക്കുമെന്ന് തോന്നാതിരുന്നില്ല. അത്രമേല്‍ മഴക്കാലം കനിഞ്ഞനുഗ്രഹിച്ച സ്ഥലങ്ങളിലൊന്നാണ് അഗുംബെ.

വഴിയില്‍ 'മാല്‍ഗുഡി ഡെയ്‌സ്' ചിത്രീകരിച്ച ദൊട്ടുമന കാണാം. എണ്‍പതുകളില്‍ ഇന്ത്യന്‍ പ്രേക്ഷകരുടെ മനംകവര്‍ന്ന ടിവി സീരിയലാണ് മാല്‍ഗുഡി ഡെയ്സ്. പ്രമുഖ നോവലിസ്റ്റിന്റെ കല്പിത ഗ്രാമത്തിന്റെ ഭംഗി അല്പംപോലും ചോരാതെയാണ് അഗുംബെയില്‍ ചിത്രീകരിച്ചത്. അഗുംബെയില്‍ പോകുന്നവര്‍ക്ക് താമസിക്കാന്‍ സ്ഥലം കിട്ടുന്നത് ബുദ്ധിമുട്ടാണ്. മല്യ ലോഡ്ജാണ് ആദ്യത്തെ സ്ഥലം. അല്ലെങ്കില്‍ ദൊട്ടുമനയില്‍ കയറിപ്പറ്റണം.

കസ്തൂരി അക്കയാണ് ദൊട്ടുമനയുടെ നാഥ. പൗരാണികത തളംകെട്ടി കിടക്കുന്ന ഒരു നാലുകെട്ടാണ് ദൊട്ടുമന. ഇവിടെ കൃത്യമായ നിരക്കൊന്നുമില്ല. കയ്യില്‍ ഉള്ളത് കൊടുത്താല്‍ മതി. ഉണ്ണാനും ഉറങ്ങാനും ധാരാളമിടം ഇവിടെയുണ്ട്. അവിടന്ന് ശുദ്ധവായു ശ്വസിച്ച് നടക്കാം. വ്യൂ പോയിന്റിലേക്ക് പോകാന്‍ ഈ വഴി പോയാല്‍ മതി. പോകുന്ന വഴിക്ക് കുറച്ച് കുട്ടികള്‍ കബഡി കളിക്കുന്നു. കുറച്ചുമാറി ചിലര്‍ ടെന്നീസ് കളിക്കുന്നു. എന്തൊരു ആവേശഭരിതരാണ് അവരെന്നത് പ്രത്യേകം ശ്രദ്ധിച്ചു. ചുറ്റുമുള്ള പച്ചപ്പിന്റെയും ആര്‍ദ്രതയുടേയും സൗന്ദര്യം മുഴുവന്‍ അവരിലുണ്ട്.

ആകെ മഞ്ഞ് പൊതിഞ്ഞ് നില്‍ക്കുന്ന അന്തരീക്ഷമാണ് അഗുംബെയില്‍. മഴയും കോടയും ആസ്വദിച്ച് നടക്കാന്‍ ആരാണിഷ്ടപ്പെടാത്തത്. വ്യൂ പോയിന്റില്‍ പോയശേഷം മടങ്ങും. വ്യൂ പോയിന്റില്‍ നിന്നാല്‍ കിഴക്കന്‍ കന്നഡ മുഴുവനായി തന്നെ കാണാം. മഴയും കോടയും മാറണമെന്ന് മാത്രം. അവിടന്ന് ഇറങ്ങിയാല്‍ അടുത്ത ഡെസ്റ്റിനേഷന്‍ ജോഗി ഗുണ്ട് വെള്ളച്ചാട്ടമാണ്.

വ്യൂ പോയിന്റില്‍നിന്ന് തിരിച്ചെത്തിയ ഞങ്ങള്‍ക്ക് നല്ല ചൂട് കട്ടന്‍ കാപ്പി കിട്ടി. മഴ നനഞ്ഞ് കുതിര്‍ന്നവനുള്ള അഗുംബെയുടെ സമ്മാനമാണത്. അഗുംബെയില്‍നിന്ന് നാല് കിലോമീറ്റര്‍ വനത്തിനുള്ളിലാണ് ജോഗി ഗുണ്ട് വെള്ളച്ചാട്ടം. ഒരു വണ്ടിയെടുത്ത് വെള്ളച്ചാട്ടം കാണാന്‍ പോയി. റോഡുമാര്‍ഗ്ഗമാണ് നോക്കിയത്. ഒരാളുമില്ലാത്ത വഴിയിലൂടെയാണ് യാത്ര. കുണ്ടും കുഴിയും നിറഞ്ഞ വഴിയും മഴയും. യാത്ര തകര്‍ത്തു എന്ന് തന്നെ പറയണം.

കാട്ടിലൂടെയാണ് പോകേണ്ടത്. വണ്ടി പോകുന്നയിടത്തുനിന്ന് വീണ്ടും നടക്കണം. വലിയ മരങ്ങള്‍ വഴിയില്‍ വീണ് കിടക്കുന്നത് കാണാം. രാജവെമ്പാല ധാരാളമുള്ള സ്ഥലമാണെന്ന മുന്നറിയിപ്പ് കിട്ടി. കാട്ടിലേക്ക് ആരും കയറാതിരിക്കാന്‍ മുള്ളുവേലി കെട്ടിയിട്ടുണ്ട്. റോഡുവഴി വിട്ടാല്‍ മണ്ണിട്ട വഴിയാണ്. അതുംകഴിഞ്ഞാല്‍ കല്ലുപാകിയ വഴിയിലെത്തും. മനോഹരമായ നടപ്പാതയാണ്. കല്ലിട്ട വഴി പകുതി കഴിയുമ്പോള്‍തന്നെ വെള്ളച്ചാട്ടത്തിന്റെ ശബ്ദംകേട്ട് തുടങ്ങാം. ശബ്ദം കേട്ട് തുടങ്ങി അധികം വൈകാതെതന്നെ അവിടെയെത്തും. മനോഹരമായ വെള്ളച്ചാട്ടമാണ്. കാടിന്റെ നടുവില്‍ ആയതുകൊണ്ടുതന്നെ ആരുടേയും ഹൃദയത്തെയും ആര്‍ദ്രമാക്കും, തീര്‍ച്ച.

അടുത്തത് കുന്ദാദ്രി മലയാണ്. അഗുംബെയുടെ ഉള്‍നാടുകളിലൂടെയാണ് ഈ യാത്ര. ഒരു ജീപ്പ് വിളിച്ചാണ് അത് കാണാന്‍ പോയത്. തണുത്ത കാറ്റിന്റെ ചുവടുപിടിച്ചെത്തുന്ന കോടയും യാത്ര തടസ്സപ്പെടുത്തിയില്ല. പതിനാറ് ഹെയര്‍പിന്‍ വളവുകള്‍ താണ്ടിവേണം അവിടെയെത്താന്‍. ജീപ്പിനുപോലും കയറാന്‍ പ്രയാസമുള്ളതരം കയറ്റമാണ്, കൂടാതെ ഹെയര്‍പിന്‍ വളവുകളും. കര്‍ണാടക ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ കീഴില്‍ ഷിമോഗ ഡിവിഷന്‍ സബ് ഡിവിഷനായ തീര്‍ത്ഥഹള്ളി ഡിവിഷന്റെ കീഴിലാണ് ഈ പ്രദേശം. മഴക്കാടുകള്‍ സംരക്ഷിക്കാനുള്ള കര്‍ണാടക ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ താത്പര്യം കാണേണ്ടതാണ്. കോടമഞ്ഞില്‍ മൂടി കിടക്കുകയാണ് പ്രദേശം. അവിടെ ഒരു ക്ഷേത്രവും കുളവും കണ്ടു. ആ കാഴ്ചയില്‍ ഈശ്വരനുണ്ടെന്ന് വിശ്വസിക്കാന്‍ തോന്നിപ്പോകും. ആ കുളത്തിന് 200 അടിയിലേറെ താഴ്ചയുണ്ടെന്നാണ് വിശ്വാസം.

അഗുംബെയ്ക്ക് പതിനെട്ട് കിലോമീറ്റര്‍ ദൂരമുണ്ട് ഇങ്ങോട്ട്. ഇവിടെനിന്ന് താഴോട്ട് നോക്കിയാല്‍ ഇടതൂര്‍ന്ന വനങ്ങള്‍ കാണാം. പാറകളില്‍ വഴുക്കലുണ്ടാകും. അതുകൊണ്ട് സൂക്ഷിച്ചുവേണം ഓരോ ചുവടും വെയ്ക്കാന്‍.

ചുമ്മാതെ ബൈക്കില്‍ കറങ്ങാന്‍ പോയപ്പോഴാണ് സിരിമാനെ വെള്ളച്ചാട്ടമെന്ന ബോര്‍ഡ് കണ്ടത്. അവിടേക്ക് പോകാന്‍ തീരുമാനിച്ചത് വളരെ പെട്ടെന്നാണ്. ഗംഭീര വഴിയാണ്. കൂട്ടിന് ഒരാളും കൂടിയുണ്ടെങ്കില്‍ ബൈക്കുയാത്ര ഗംഭീരമാണ്. വഴിചോദിച്ചും ഊഹിച്ചും അവിടെയെത്തി. പ്രതീക്ഷിച്ചപോലെ ഗംഭീരവെള്ളച്ചാട്ടം തന്നെ. അങ്ങനെ അതും കണ്ടതോടെ അഗുംബെ യാത്ര ഏതാണ്ട് തീര്‍ന്നു. വേറെ ഒരാള്‍ പോകുമ്പോള്‍ കാണുന്ന കാഴ്ചകള്‍ വേറെയായിരിക്കും. എന്തായാലും മഴ കാണാനും നനയാനും ഇഷ്ടമാണെങ്കില്‍ ഇവിടെ പോയിരിക്കണം. അതുറപ്പാണ്.

മംഗലാപുരത്തുനിന്ന് 108 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ അഗുംബെയില്‍ എത്താം. മംഗലാപുരം ഉടുപ്പി ഹെബ്രി വഴി ഇഷ്ടംപോലെ ബസ്സുകളുണ്ട്. കര്‍കള വഴിയും ഷിമോഗ വഴിയും ഇങ്ങോട്ടേക്ക് എത്തിച്ചേരാവുന്നതാണ്.

ചിത്രങ്ങളും എഴുത്തും: റിയാസ് റഷീദ്