സമ്മര്‍ ഇന്‍ കൂര്‍ഗ്: ‘ഇന്ത്യയുടെ സ്‌കോട്ട്ലന്റി’ലേക്ക് ഒരു യാത്ര 

March 5, 2017, 2:55 pm
സമ്മര്‍ ഇന്‍ കൂര്‍ഗ്: ‘ഇന്ത്യയുടെ സ്‌കോട്ട്ലന്റി’ലേക്ക് ഒരു യാത്ര 
Travelogue
Travelogue
സമ്മര്‍ ഇന്‍ കൂര്‍ഗ്: ‘ഇന്ത്യയുടെ സ്‌കോട്ട്ലന്റി’ലേക്ക് ഒരു യാത്ര 

സമ്മര്‍ ഇന്‍ കൂര്‍ഗ്: ‘ഇന്ത്യയുടെ സ്‌കോട്ട്ലന്റി’ലേക്ക് ഒരു യാത്ര 

ഒറ്റയ്ക്ക് ഒരു യാത്ര അത് മാത്രമായിരുന്നു മനസ്സില്‍. പ്ലാനുകള്‍ വെട്ടിയും തിരുത്തിയും അവസാനം കൂര്‍ഗ് എന്നുറപ്പിച്ചു. അങ്ങനെ ഗിയര്‍ ലെസ്സ് സ്‌കൂട്ടറുമായി ഇറങ്ങാന്‍ തീരുമാനിച്ചു. പ്ലാന്‍ പറഞ്ഞപ്പോള്‍ ഏറ്റവും കൂടുതല്‍ ഉയര്‍ന്നുവന്ന ചോദ്യം ഒരു വടക്കന്‍ സെല്‍ഫീ സിനിമയില്‍ നിവിന്‍ പോളി മഞ്ജിമയോട് ചോദിക്കുന്ന ചോദ്യമാണ് 'ഒറ്റക്കോ'.... മുമ്പും യാത്രകളും അപകടങ്ങളും പതിവായതുകൊണ്ട് ഇച്ചിരി കൂടുതല്‍ ഫസറ്റ് ഏഡ് വാങ്ങി. തീരുമാനിച്ച പോലെ ഇറങ്ങി. തലേന്നേ ഫുള്‍ ടാങ്ക് പെട്രോള്‍ അടിച്ചിരുന്നു. നേരെ കോഴിക്കോടേക്ക്..കൂര്‍ഗ് യാത്രയിലെ കാഴ്ചകള്‍
കൂര്‍ഗ് യാത്രയിലെ കാഴ്ചകള്‍

രാവിലെ ആയതുകൊണ്ട് അധികം ട്രാഫിക് ഇല്ലായിരുന്നു. ഏകദേശം രണ്ടേ മുക്കാല്‍ മണികൂറുകൊണ്ട് കോഴിക്കോട് എത്തി. ബൈപാസ്സിലുള്ള ഹോട്ടലില്‍ നിന്നു നല്ല ചൂട് ഇടിയപ്പവും കുറുമയും സ്‌ട്രോങ്ങ് ആയി രണ്ടു കട്ടന്‍ കാപ്പിയും അകതാക്കീ ഇരിക്കുമ്പോള്‍ നിലമ്പൂര്‍ വഴി പോയാലോ എന്നായി ആലോചന. നിലമ്പൂര്‍ വഴി വണ്ടിയോടിക്കാന്‍ പറ്റിയ സമയം രാവിലെതന്നെ. നഗരങ്ങള്‍ ഉണരുന്ന സമയം. തേക്ക് തോട്ടങ്ങള്‍ വഴി മെല്ലെ...നാടുകാണി ചുരം... നാട്ടിലേ ചുട്ടുപൊള്ളുന്ന ചൂടിനെ വകഞ്ഞു മാറ്റി നല്ല സുഖമുള്ള തണുത്ത കാറ്റ്..അറിയാതെ വണ്ടിയൊന്ന് മെല്ലെ ആക്കി കാഴ്ചകള്‍ ആസ്വദിച്ചു യാത്ര തുടര്‍ന്നു.കൂര്‍ഗ് യാത്രയിലെ കാഴ്ചകള്‍
കൂര്‍ഗ് യാത്രയിലെ കാഴ്ചകള്‍

അവിടെ നിന്നും സുല്‍ത്താന്‍ ബത്തേരി... വയനാടിന്റെ ഹൃദയം, സ്വദേശികളെക്കാള്‍ 'വരുത്തന്‍'മാരുടെ കേന്ദ്രം. ബത്തേരി സ്‌റ്റൈല്‍ ബിരിയാണിയും കഴിച്ചു മാനന്തവാടിയിലേക്ക്. വയനാടിന്റെ തണുപ്പ് തീരെ അറിയാത്ത നട്ടുച്ച. മാനന്തവാടിയില്‍ നിന്നു സൗത്ത് കൂര്‍ഗിലേക്ക് 28കിലോമീറ്റര്‍. കാടിനെയും നാടിനെയും വേര്‍തിരിച്ചു കൊണ്ട് നീണ്ടു നിവര്‍ന്നു റോഡ് കാണാം. റോഡിനു ഇരുവശത്തും വലിയ മരങ്ങള്‍. റോഡ് തുടങ്ങുന്നതിനു മുന്‍പ് നാട്ടുക്കാരന്റെ മുന്നറിയിപ്പ് ഉണ്ടായിരുന്നു. ആന കാണും, സൂക്ഷിച്ചു പോണം.. ആന കാണണേ എന്ന പ്രാര്‍ത്ഥനയോടെ വണ്ടി തിരിച്ചു. ചുറ്റും കണ്ണുകള്‍ കൊണ്ട് പരതി പരതി പോവുമ്പോള്‍ മുമ്പേപോയവരുടെ വണ്ടികള്‍ നിര്‍ത്തുന്നു.. ഹായ് ആന എന്നു മനസ്സില്‍ പറഞ്ഞു നോക്കിയപ്പോള്‍ ആനയല്ല ഫാമിലി മൊത്തമായി മാനുകള്‍ റോഡ് സൈഡില്‍. വീടിലേക്ക് വന്നു കയറിയ അപരിചിതരെ എന്ന പോലെ തല ഉയര്‍ത്തി ഒരു നോട്ടം.. പിന്നീട് അങ്ങോട്ട് ഇഷ്ടം പോലെ മാനുകള്‍. കുറച്ചു പേരെ ഞാന്‍ ക്യാമറയിലാക്കി..കൂര്‍ഗ് യാത്രയ്ക്കിടെ ക്യാമറയില് പതിഞ്ഞ മാനുകള്‍
കൂര്‍ഗ് യാത്രയ്ക്കിടെ ക്യാമറയില് പതിഞ്ഞ മാനുകള്‍

ഇപ്പോള്‍ മുമ്പില്‍ വണ്ടികള്‍ ഇല്ല. വിശാലമായ റോഡും ഞാനും കാടും. കുറച്ചു ദൂരം പോയപ്പോള്‍ ബൈക്ക് നിര്‍ത്തി ഒരാള്‍.. ആളുടെ നോട്ടം പോയ ദിക്കലേക്ക് നോക്കിയപ്പോള്‍ കാട്ടുപോത്തിന്റെ കൂട്ടം. യാതൊരു ഭാവ മാറ്റവുമില്ലാതെ പുല്ലു തിന്നുന്നു. മുകളില്‍ കാട്ടുതീയാണ് അതാണ് ഇവിടെ ഇപ്പൊ ഇവര്‍. വണ്ടി നിര്‍ത്തരുത്, മൃഗങ്ങള്‍ക്ക് തീറ്റ കൊടുക്കരുത്, ആന ഇറങ്ങുന്ന സ്ഥലം തുടങ്ങിയ ബോര്‍ഡുകല്‍ കാണാം. ജീപ്പില്‍ എന്നെ മറികടന്നു പോകുന്ന നാട്ടുക്കാര്‍.. കുട്ട 8 കിലോമീറ്റര്‍ തോല്‍പ്പെട്ടി 3 കിലോമീറ്റര്‍ എന്നിങ്ങനെ മൈല്‍ കുറ്റികള്‍. തോല്‍പ്പെട്ടിയില്‍ അഞ്ചോ ആറോ കടകള്‍ മാത്രം. പഴങ്ങളും ജ്യൂസും ആണ് അധികവും. മറുവശത്തു ഫോറസ്റ്റ് ഓഫീസ്.കൂര്‍ഗ് യാത്രയിലെ കാഴ്ചകള്‍
കൂര്‍ഗ് യാത്രയിലെ കാഴ്ചകള്‍

കുട്ട മുതല്‍ പിന്നീട് അങ്ങോട്ട് കാപ്പി തോട്ടങ്ങള്‍. വെള്ള പൂക്കള്‍ കിരീടം ചാര്‍ത്തി നില്‍കുന്ന കാപ്പി തോട്ടങ്ങള്‍. കണ്ടു മുട്ടിയവര്‍, വഴി ചോദിച്ചവരും മലയാളികള്‍.. ലക്ഷ കണക്കിന് മലയാളികളാണ് അവിടെ എന്ന് പിന്നീട് മനസിലായി. കുട്ടയില്‍ നിന്നു 86 കിലോമീറ്റര്‍ ആണ് മടിക്കേരിയിലേക്ക്, 12കിലോമീറ്റര്‍ ഇരുപ്പ് വെള്ളച്ചാട്ടത്തിലേക്ക്, 30കിലോമീറ്റര്‍ നാഗര്‍ഹോളെയിലേക്ക്. തണുപ്പ് കൂടി കൂടി വരുന്നു, ഓവര്‍ കോട്ടു തുളച്ചു ശരീരത്തിലേക്ക് തണുപ്പ് അരിച്ചെത്തുന്നത് അറിയാം. ചൂട് കാപ്പിക്ക് വേണ്ടി ചായകട അന്വേഷണം തുടങ്ങി. പിന്നീട് കണ്ട ഓല മേഞ്ഞ ചായ കടയിലേക്ക്. ഒരു കട്ടന്‍ കാപ്പി പറഞ്ഞു.. ചേട്ടനും മലയാളി, പേര് മുഹമ്മദ്.. 20, 30വര്‍ഷമായി ഇവടെ. ചൂട് കട്ടന്‍ കാപ്പിക്ക് ഒപ്പം കൂര്‍ഗ് വിശേഷങ്ങളും. ഇനിയുള്ള യാത്ര റിസ്‌ക് ആണെന്ന് പറഞ്ഞപ്പോള്‍ അവിടെയുള്ള ഹോം സ്റ്റേയില്‍ തങ്ങി. പുലര്‍ച്ചെ എഴുന്നേറ്റു യാത്ര തുടങ്ങി. ഇരുപ്പ് വെള്ളച്ചാട്ടം ആയിരുന്നു ലക്ഷ്യം. പരമ ശിവന്റെ അമ്പലത്തോടടുത്തു തന്നെയാണ് വെള്ളച്ചാട്ടം.

50രൂപാ ടിക്കറ്റ് എടുത്തു മുന്നോട്ട്... അവിടെ വന്നിരിക്കുന്ന വിനോദ സഞ്ചാരികളില്‍ അധികം മറ്റു ഭാഷക്കാര്‍.. പോകുന്ന വഴിയില്‍ തനി കൂര്‍ഗ് നിവാസികളായ രണ്ടുപേരെ കണ്ടു. രാവിലെ തന്നെ കുടിച്ചു ആടി വരുന്നു ഭാര്യാ ഭര്‍ത്താക്കന്‍മാര്‍.. ഫോട്ടോ എന്ന് പറഞ്ഞപ്പോള്‍ മലയാളവും കന്നടയും കൂടി കലര്‍ന്ന ഭാഷയില്‍ ന്തോ പറഞ്ഞു ചിരിച്ചു...ശിവരാത്രി തിരക്ക് അമ്പല പറമ്പില്‍ അടുപ്പില്‍ പേര് പറഞ്ഞാല്‍ മനസിലാവാത്ത ന്തോ ഉണ്ടാക്കുന്ന അമ്മച്ചിമാര്‍..

ട്രെക്കിംഗ് സമയത്ത് സംസാരം ഒഴിവാക്കിയാല്‍ കിളികളുടെ ശബ്ദം ആസ്വദിക്കാമെന്ന് ബോര്‍ഡ്. നിശബ്ദതയില്‍ കാടിന്റെ വന്യത നമ്മളെ ഒന്ന് പേടിപ്പിക്കും അതും നിങ്ങള്‍ ഒറ്റയ്ക്കാണെങ്കില്‍. 750മീറ്റര്‍ നടന്നാല്‍ ഇരുപ്പ് വെള്ളച്ചാട്ടമായി. കടുത്ത വേനലില്‍ സ്വയം പ്രധിരോധിച്ചു നൂല് പോലെ കുറച്ചു വെള്ളം.. ദീര്‍ഘ നിശ്വാസത്തോടെ തിരിച്ച് ഇറങ്ങി. കിളികളുടെ ശബ്ദവും വലിയ മരങ്ങലില്‍ കാറ്റു പിടിക്കുന്ന ചൂളം വിളിയും കേട്ട് നാഗര്‍ഹോളെയിലേക്ക്... 9കിലോമീറ്റര്‍ ചെന്നാല്‍ ചെക്ക് പോസ്റ്റ് കാണാം.. നമ്മുടെ വണ്ടികള്‍ക്ക് അങ്ങോട്ട് പ്രവേശനം ഇല്ല. 1300 രൂപയാണ് ജീപ്പില്‍ ഒരാള്‍ക്ക്, ബസും ഉണ്ട് ഒരാള്‍ക്ക് 300 രൂപാ. പക്ഷേ ബസുകള്‍ 3 മണിക്ക് ശേഷം മാത്രം. 1 3/4 മണികൂര്‍ വനത്തിലൂടെ യാത്ര..ഇരുപ്പ് വെള്ളച്ചാട്ടം
ഇരുപ്പ് വെള്ളച്ചാട്ടം

കാടിനെ അറിഞ്ഞു ഒരു യാത്ര. കത്തുന്ന ചൂടില്‍ ആശ്വാസമായി കൂര്‍ഗ്. കാട്ടുതീ പല കാട്ടുയാത്രകള്‍ക്കും തടസമായി കണ്ടു.. ഉണങ്ങി കരിഞ്ഞ ഇലകളും, പുല്‍മേടുകള്‍ ഇടയ്ക്കു കാണാം. ഉള്ളിലെവിടെയോ തണലും കാത്തു, മഴ കാത്തു കാടിന്റെ മക്കള്‍ കരയുന്നുണ്ടോ???കൂര്‍ഗ് യാത്രയിലെ കാഴ്ചകള്‍
കൂര്‍ഗ് യാത്രയിലെ കാഴ്ചകള്‍

വേനല്‍ കടുത്തു, അതിനാല്‍ ടൂറിസ്റ്റുകള്‍ കുറവാണെന്ന് പരിചയപ്പെട്ട കൂര്‍ഗ് പൊലീസിന്റെ വാക്കുകള്‍. മഞ്ഞ് മൂടിയ കാനന പാത കടന്നു തിരികെ മാനന്തവാടിയിലേക്ക്. പനമരം, കല്‍പറ്റ വഴി താമരശ്ശേരി ചുരം.. ചുരകാഴ്ചകള്‍ കണ്ടു കോഴിക്കോടിലേക്ക്... ഇനിയും വരാമെന്ന് ഉറപ്പു കൊടുത്ത്, മഞ്ഞും, കാടും വിട്ടു നഗരത്തിലെ തിരക്കിലേക്ക് മടങ്ങുമ്പോള്‍ മനസ്സില്‍ പിരിഞ്ഞ കൂര്‍ഗും കാടും കാട്ടരുവിയും മാത്രം... കൂടെ മറക്കാന്‍ കഴിയാത്ത ഒരുപാട് കാഴ്ചകളും..