പോഖറ: ഹിമാലയത്തിന്റെ കണ്ണാടി നഗരം

October 3, 2017, 12:45 pm


പോഖറ: ഹിമാലയത്തിന്റെ കണ്ണാടി നഗരം
Travelogue
Travelogue


പോഖറ: ഹിമാലയത്തിന്റെ കണ്ണാടി നഗരം

പോഖറ: ഹിമാലയത്തിന്റെ കണ്ണാടി നഗരം

''ദേ..കുട്ടിമാമനും ഡോള്‍ബി അമ്മായിയും..അമ്മായിടെ അനിയത്തി ഉക്രേടെ കല്യാണം ഉറപ്പിക്കാന്‍ 'പോഖറക്ക്' പോയിരിക്കുവാ...'

യോദ്ധ എന്ന സിനിമ കാണാത്ത മലയാളികള്‍ ആരും ഉണ്ടാവില്ല, കണ്ടവര്‍ ആരും തന്നെ ഈ പൊഖറയും മറന്നു കാണില്ല. കാഠ്മണ്ഡുവും നാഗര്‍കോട്ടും കഴിഞ്ഞു നേരെ പോഖറയിലേക്കാണ് ബസ് കേറിയത്. കാഠ്മണ്ഡുവില്‍ നിന്ന് 120 കിലോമീറ്റര്‍ ദൂരം ഉണ്ട്. അതിരാവിലെ ബസ് എത്തുകയുള്ളൂ എന്ന വിചാരിച്ച ഞങ്ങള്‍ക്ക് തെറ്റി, ബസ് പോഖറയില്‍ രാത്രി 2 മണിക്ക് എത്തി. ബസ് ഇറങ്ങിയ സ്ഥലം പോലും എവിടെയെന്നു വ്യക്തമായില്ല. ടാക്‌സിക്കാര്‍ വന്ന് ഹോട്ടലിലേക്ക് കൊണ്ട് പോവാന്‍ മത്സരിച്ചു, അവസാനം ഒരാള്‍ വന്ന് അയാളുടെ ഹോട്ടല്‍ ബസ് സ്റ്റാന്‍ഡിനു പുറക് വശത്താണെന്നും അവിടെന്നു നടക്കാന്‍ ഉള്ള ദൂരമേയുള്ളൂ എന്നും പറഞ്ഞു. നേരം പുലര്‍ന്ന ശേഷം ബാക്കി തീരുമാനിക്കാന്‍ ഉറപ്പിച്ച് ഞാനും സുഹൃത്ത് നിദാലും അയാളുടെ കൂടെ റൂമിലേക്ക് നടന്നു. അല്‍പം സുഖകരമായ ഉറക്കം ആവശ്യമായിരുന്നു. രാവിലെ ഉണര്‍ന്നപ്പോള്‍ എന്തൊക്കെയോ ഭയങ്കര ശബ്ദം. പുറത്തിറങ്ങി നോക്കിയപ്പോള്‍ ആണ് മനസിലായത് പോഖറ വിമാനത്താവളത്തിനു ഒരു മതിലിനു മറു വശത്താണ് ഞങ്ങള്‍ താമസിക്കുന്ന ഹോട്ടല്‍. ഇത്ര ചെറിയ വിമാനത്താവളം മുന്‍പ് എവിടെയും കണ്ടിട്ടില്ല, അതും കാട് പിടിച്ച അവസ്ഥയില്‍.

ഫേവ തടാകം
ഫേവ തടാകം

പോഖറയിലെ പ്രധാന ആകര്‍ഷണം ഫേവ തടാകം (Fewa Lake) ആണ്. അത് കൊണ്ട് തന്നെ ഞങ്ങള്‍ തടാകത്തിനു അടുത്തായി താമസം മാറ്റാന്‍ തീരുമാനിച്ച് ബാഗും വലിച്ചു ഇറങ്ങി. ബസില്‍ കേറി തടാകത്തിനു അടുത്തായി ഇറങ്ങി. മുന്‍പ് നേപ്പാള്‍ യാത്ര നടത്തിയ ഫേസ്ബുക് സുഹൃത്ത് ബിജു ചേട്ടന്‍ നല്‍കിയ വിവരം അനുസരിച്ചു ഹോട്ടല്‍ ആല്‍പൈന്‍ വില്ല തേടി കണ്ടു പിടിച്ചു. തടാകത്തിന്റെ പ്രധാന കവാടത്തിനു അടുത്ത് തന്നെയുള്ള ഹെലെന്‍ ചൗകിനു അടുത്തായിരുന്നു ഹോട്ടല്‍. പെട്ടിയും പ്രമാണങ്ങളും റൂമില്‍ വെച്ച് അല്പം വിശ്രമം ആയിരുന്നു പിന്നെ. നല്ല വെയില്‍ ആയതു കൊണ്ട് വൈകുന്നേരം ലേക് കാണാന്‍ തീരുമാനിച്ചു. തടാകത്തോട് ചേര്‍ന്ന എല്ലാ ഭാഗവും നല്ല വൃത്തിയുള്ളതാണ്, നല്ല റോഡും. കഠ്മണ്ഡുവില്‍ നിന്നും വ്യത്യസ്തമായ പട്ടണം ആണ് പോഖറ.

നേപ്പാളിലെ രണ്ടാമത്തെ വലിയതും ചെലവ് കൂടിയതുമായ നഗരമാണ് പോഖറ. മാനം മുട്ടെ ഉയര്‍ന്നു നില്‍ക്കുന്ന ഹിമാലയന്‍ പര്‍വത ഭീമന്മാരായ ധൗലഗിരി, അന്നപൂര്‍ണ, മനസുലു എന്നിവയുടെ ഭംഗി നമുക്ക് വളരെ അടുത്തായി തന്നെ കണ്ടു ആസ്വദിക്കാം. Fishtale Mountain എന്ന പേരില്‍ അറിയപ്പെടുന്ന Machapuchare പര്‍വ്വതവും കാണാം. ഈ പേര് വരാന്‍ കാരണം പര്‍വതത്തിന്റെ അറ്റം മീനിന്റെ വാല്‍ പൊങ്ങി നില്‍ക്കുന്ന പോലെയുള്ളത് കൊണ്ടാണ്. ഈ കൊടുമുടി ഇന്നേ വരെ ആരും കീഴടക്കിയിട്ടില്ല. ശിവനുമായി ബന്ധപ്പെട്ട പരിശുദ്ധ സ്ഥലമായതിനാല്‍ കൂടിയാണ് ഇവിടേക്കുള്ള പര്‍വതാരോഹണം നിര്‍ത്തി വെച്ചിരിക്കുന്നത്. സൂര്യോദയ സമയത്തു എഴുന്നേറ്റു ഫേവ തടാകത്തിന്റെ ഡാം സൈറ്റില്‍ പോയാല്‍ തടാകത്തില്‍ കണ്ണാടിയില്‍ എന്ന പോലെ പര്‍വ്വതങ്ങളെ കാണാം എന്ന് പലയിടത്തും വായിച്ചിട്ടുണ്ട്, അതിന്റെ ചിത്രങ്ങളും കണ്ടിരുന്നു.

വൈകുന്നേരം ഒരു സൈക്കിള്‍ വാടകക്ക് എടുത്തു ഫേവ തടാകത്തിന്റെ സമീപത്തേക്കു ചവിട്ടി വിട്ടു. അല്‍പം ഇരുട്ടി തുടങ്ങിയതിനാല്‍ ബോട്ട് യാത്ര സാധിച്ചില്ല. എങ്കിലും നീണ്ടു നിവര്‍ന്നു കിടക്കുന്ന ഫേവ തടാകത്തിന്റെ ഭംഗി ആസ്വദിച്ചു ഇരുന്നു. ദൂരെ ഒരു മലമുകളില്‍ പഗോഡ പീസ് പോയിന്റ് കാണാന്‍ സാധിക്കും, സൈക്കിളിലും നടന്നും ഒക്കെ ആളുകള്‍ അങ്ങോട്ട് പോവാറുണ്ട്, സമയക്കുറവു കാരണം അങ്ങനെ ഒരു പദ്ധതി ഞങ്ങള്‍ ഉപേക്ഷിച്ചു. നേപ്പാളി റുപീയുടെ കുറവ് കാരണം പാരാഗ്ലൈഡിങ് പിന്നീട് എന്നെങ്കിലും ചെയ്യാമെന്ന് വെച്ച് മനസ്സിനെ ആശ്വസിപ്പിച്ചു. സമയം 7.30 ആയപ്പോള്‍ തടാകത്തിന്റെ ഭാഗത്തു നിന്ന് അല്‍പം നടന്നു നീങ്ങി. അവിടെ നിറയെ ചെറിയ ഭക്ഷണശാലകള്‍ ആണ്. ഭക്ഷണത്തിനു വേണ്ടി ഒരുപാടു പണം ചെലവാക്കാന്‍ ആഗ്രഹമില്ലാത്തതു കൊണ്ടു ഒരു ചെറിയ കടയില്‍ കയറി രാത്രി ഭക്ഷണം കഴിച്ചു. കറക്കത്തിനിടയില്‍ ഒരു കടയില്‍ കയറിയപ്പോള്‍ ഉടമ ഒരു പാകിസ്താനി. ആദ്യം ഹൃദ്യമായി സംസാരിച്ചു തുടങ്ങിയ ഞങ്ങള്‍ പിന്നീട് ഇന്ത്യന്‍ പാകിസ്ഥാന്‍ വാഗ്വാദത്തിലേക്ക് വരെ വഴി മാറി. തീവ്രവാദത്തെ വരെ അയാള്‍ പിന്തുണച്ചു സംസാരം മുറുകിയപ്പോള്‍ കൂടുതല്‍ ഒന്നും പറയാനില്ലെന്ന് സലാം പറഞ്ഞു ഞാന്‍ സ്ഥലം വിട്ടു. നിദാല്‍ അപ്പോഴേക്ക് കുറെ ദൂരം നടന്നു പോയിരുന്നു. അവനെ കണ്ട ശേഷം സൈക്കിളില്‍ വെറുതെ ചുറ്റിയടിച്ച് പതിയെ റൂമിലേക്ക് മടങ്ങി.

നല്ലൊരു ഉറക്കത്തിന് ശേഷം അടുത്ത ദിവസം രാവിലെ 7 മണിക്ക് എണീറ്റു. പക്ഷെ കഷ്ടകാലം ആയിരുന്നു. താമസിക്കുന്ന ഹോട്ടലില്‍ വെള്ളവുമില്ല, വൈദ്യുതിയും ഇല്ല. നേരത്തെ ഇറങ്ങണമെന്ന് വിചാരിച്ചതായിരുന്നു , എല്ലാം അവതാളത്തില്‍ ആയി. എങ്കിലും ഇറങ്ങി. ഡാം സൈറ്റിലേക്കായിരുന്നു നടത്തം. പക്ഷെ ഞങ്ങള്‍ ഒരുപാടു വൈകി പോയിരുന്നു. സമയം 11 ആയിരിക്കുന്നു. അതിരാവിലെയാണ് പര്‍വതങ്ങളുടെ നല്ല കാഴ്ച ലഭിക്കുക എന്ന് ഇതോടെ വ്യകതമായി. ഇനിയുള്ളത് ഗുപ്‌തേശ്വര്‍ മഹാദേവ് ഗുഹയും ( Gupteshwor Mahadev Cave), ഡേവീസ് വെള്ളച്ചാട്ടവും (Davis Falls) ആണ്. നടക്കാന്‍ ഉള്ള ദൂരമേയുള്ളൂ എന്ന് ഒരു വഴി പോക്കന്‍ പറഞ്ഞപ്പോള്‍ നടക്കാന്‍ തന്നെ ഞങ്ങള്‍ തീരുമാനിച്ചു. പൊരി വെയിലത്ത് നടത്തം വലിയ രസമുള്ള സംഗതിയായിരുന്നില്ല. 7 കിലോമീറ്ററോളം നടന്ന് ക്ഷീണിച്ച ഞങ്ങള്‍ അവസാനം ലക്ഷ്യ സ്ഥാനത്തു എത്തി. രണ്ടും റോഡിന്റെ ഓരോ വശങ്ങളില്‍ ആയാണ് ഉള്ളത്. ആദ്യം പോയത് ഗുപ്‌തേശ്വര്‍ ഗുഹ കാണാന്‍ ആയിരുന്നു. 30 നേപ്പാളി രൂപ ടിക്കറ്റിനു കൊടുത്തു അകത്തേക്ക് കയറി.

  • 

ഗുപ്‌തേശ്വര്‍ മഹാദേവ് ഗുഹ

കാളി ഗന്ധകി നദിതടം വൃത്തിയാക്കുന്നതിനിടെ പുല്ലുകള്‍ക്കും അവശിഷ്ടങ്ങള്‍ക്കുമിടയില്‍ മൂടി കിടന്നിരുന്ന 500 വര്‍ഷങ്ങള്‍ക്കു മുകളില്‍ പഴക്കമുള്ള മറ്റൊരു ലോകത്തിലേക്കുള്ള വഴി 1940 ല്‍ ആണ് സ്ഥലവാസികളില്‍ ചിലര്‍ കണ്ടു പിടിച്ചത്. മനോഹരമായി നിര്‍മിച്ച വട്ടം ചുറ്റിയുള്ള നൂറോളം പടവുകള്‍ ഇറങ്ങി വേണം ഗുഹയിലേക്ക് പ്രവേശിക്കാന്‍. വളരെ മുന്‍പ് BhaluDulo എന്ന പേരിലും അറിയപ്പെട്ടിരുന്ന ഈ ഇരുണ്ട ഗുഹക്കകത്തു ഹിന്ദു ദേവി ദേവന്മാരുടെ ചിത്രങ്ങളും പ്രതിമകളും ധാരാളമായി ഉണ്ട്. ദേവിസ് വെള്ളച്ചാട്ടവും കാളിഗന്ധകി നദിയും അടുത്ത് സ്ഥിതി ചെയ്യുന്നത് കൊണ്ടാവണം ഗുഹയുടെ ഉള്‍വശം മുഴുവന്‍ നനഞ്ഞാണ് ഇരിക്കുന്നത്. ചുണ്ണാബും ഭൂഗര്‍ഭ ജലവും കൂടി കലര്‍ന്ന് ഇരിക്കുന്നതിനാല്‍ calcium carbonate ന്റെ നിക്ഷേപം കൂടുതല്‍ ആയി ഉണ്ടെന്നു അകത്തു വെച്ച് ഒരാള്‍ പറഞ്ഞു തന്നു. ഇന്ന് ഹിന്ദു മത വിശ്വാസികളുടെ പ്രധാന വിശ്വാസ കേന്ദ്രവും രാജ്യത്തിന്റെ പൈതൃക കേന്ദ്രവുമാണ് ഇവിടം. ഗുഹയുടെ ഏറ്റവും താഴെ ഭാഗത്തായി ഒരു ശിവ പ്രതിഷ്ഠയും ചെറിയ ക്ഷേത്രവും ഉണ്ട്. ക്ഷേത്രത്തിനു മുന്നില്‍ ഉണ്ടായിരുന്ന സെക്യൂരിറ്റി ആണ് ഗുഹയെ കുറിച്ചുള്ള വിവരങ്ങള്‍ കുറെ പറഞ്ഞു തന്നത്. അദ്ദേഹവുമായുള്ള സംസാര ശേഷം അരണ്ട വെളിച്ചത്തിലൂടെ ശിവ ക്ഷേത്രത്തിനു വലം വെച്ച് മുകളിലേക്ക് പടവുകള്‍ കയറി സൂര്യപ്രകാശം കണ്ടു.ഡേവിസ് വെള്ളച്ചാട്ടം  പ്രവേശന കവാടം
ഡേവിസ് വെള്ളച്ചാട്ടം പ്രവേശന കവാടം

അല്‍പ നേരത്തെ വിശ്രമത്തിനു ശേഷം റോഡ് മുറിച്ച് കടന്ന് ഡേവിസ് വെള്ളച്ചാട്ടം കാണാന്‍ നടന്നു. Underworld waterfall എന്നര്‍ത്ഥം വരുന്ന 'Patale Chhango' എന്നൊരു പേരും ഇതിനുണ്ട്. ഇത്രയും നാള്‍ കണ്ട വെള്ളച്ചാട്ടങ്ങള്‍ എല്ലാം മുകളില്‍ നിന്നു താഴേക്ക് പതിക്കുന്നതായിരുന്നു. ഈ വെള്ളച്ചാട്ടം ആ പതിവിനു വിപരീതം ആണ്. വെള്ളം ഭൂനിരപ്പിലൂടെ ഒഴുകി ഒരു തുരങ്കത്തിലേക്ക് കുതിച്ചു വീഴുന്ന വെള്ളച്ചാട്ടത്തിനു 100 അടി താഴ്ചയും 500 m നീളവും ആണുള്ളത്. വെള്ളം തുരങ്കത്തിലൂടെ എങ്ങോട്ടോ ഒഴുകി പോവുകയാണ്. Patale Chhango എന്ന നാമം വെറുതെയല്ല കൊടുത്തത് എന്ന് മനസിലായി. വെള്ളം കുതിച്ചു വീഴുന്ന ഭാഗങ്ങള്‍ എല്ലാം കൊത്തിയെടുത്തത് പോലെയായി തോന്നി എനിക്ക്.ഡേവിസ് വെള്ളച്ചാട്ടം
ഡേവിസ് വെള്ളച്ചാട്ടം

ഈ വെള്ളച്ചാട്ടത്തിനു പറയാന്‍ ഒരു നൊമ്പര കഥയുണ്ട്. 1961 ജൂലായ് മാസം 31 നു ഈ വെള്ളം ചാട്ടം സന്ദര്‍ശിക്കാന്‍ വന്ന സ്വിറ്റ്‌സര്‍ലാന്റ് സ്വദേശികളായ ഡേവിസ് ദമ്പതികള്‍ വെള്ളച്ചാട്ടത്തിനു മുകള്‍ ഭാഗത്തു കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ പെട്ടെന്നുണ്ടായ വെള്ളപ്പാച്ചിലില്‍ മിസിസ് ഡേവിസ് വെള്ളത്തില്‍ ലക്ഷ്യം തെറ്റി ഒഴുകി പോയി. മൂന്നു ദിവസത്തെ തിരച്ചിലിനു ശേഷം അവരുടെ മൃത ശരീരം പുഷ്റെ നദിയില്‍ നിന്നാണ് പിന്നീട് കണ്ടെടുത്തത്. അവരുടെ പിതാവിന്റെ അഭ്യര്‍ത്ഥനയും ആഗ്രഹ പ്രകാരവും ഡേവിസിന്റെ ഓര്‍മ്മക്ക് വേണ്ടി പിന്നീട് വെള്ളച്ചാട്ടത്തിനു Davis എന്ന പേര് നല്‍കുകയാണുണ്ടായത്. ഇവിടെ നിന്ന് മടങ്ങുമ്പോഴും ഡേവിസിനെ കുറിച്ചും അവരുടെ വിയോഗത്തെ കുറിച്ചുമുള്ള കഥകള്‍ ഒരു തേങ്ങലായി മനസ്സില്‍ തങ്ങി നില്‍ക്കുന്നുണ്ടായിരുന്നു.