ഗിരീഷ് ഗംഗാധരന്‍ അഭിമുഖം: ആ സിംഗിള്‍ ഷോട്ട് അങ്കമാലിക്കാരുടെ കൂടി സംഭാവന, ഒരേ ശൈലി ആവര്‍ത്തിക്കാതിരിക്കാന്‍ ആഗ്രഹം 

March 19, 2017, 5:46 pm
ഗിരീഷ് ഗംഗാധരന്‍ അഭിമുഖം: ആ സിംഗിള്‍ ഷോട്ട് അങ്കമാലിക്കാരുടെ കൂടി സംഭാവന, ഒരേ ശൈലി ആവര്‍ത്തിക്കാതിരിക്കാന്‍ ആഗ്രഹം 
VOICES
VOICES
ഗിരീഷ് ഗംഗാധരന്‍ അഭിമുഖം: ആ സിംഗിള്‍ ഷോട്ട് അങ്കമാലിക്കാരുടെ കൂടി സംഭാവന, ഒരേ ശൈലി ആവര്‍ത്തിക്കാതിരിക്കാന്‍ ആഗ്രഹം 

ഗിരീഷ് ഗംഗാധരന്‍ അഭിമുഖം: ആ സിംഗിള്‍ ഷോട്ട് അങ്കമാലിക്കാരുടെ കൂടി സംഭാവന, ഒരേ ശൈലി ആവര്‍ത്തിക്കാതിരിക്കാന്‍ ആഗ്രഹം 

അഞ്ച് വര്‍ഷം അഞ്ച് സിനിമകള്‍, മലയാള സിനിമയുടെ മാറ്റുള്ള മാറ്റത്തിനൊപ്പം മാറ്റിനിര്‍ത്താനാകാതെ ഗിരീഷ് ഗംഗാധരന്‍ എന്ന ഛായാഗ്രാഹകനുമുണ്ട്. നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമിയെ പതറാത്ത യാത്രയുടെ അഴകൊത്ത ഫ്രെയിമുകളാക്കി മാറ്റിയത് ഗിരീഷായിരുന്നു. മറിയം മുക്ക് എന്ന സിനിമ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും വ്യത്യസ്തമായ രീതിയില്‍ ഒരു കടലോരഗ്രാമത്തെയും ജീവിതത്തെയും ദൃശ്യവല്‍ക്കരിക്കാന്‍ ശ്രമിച്ച സിനിമയായിരുന്നു. ആഷിക് അബുവിന്റെ ഡാഡി കൂള്‍ എന്ന സിനിമയില്‍ സമീര്‍ താഹിറിന്റെ സഹഛായാഗ്രാഹകനായി തുടക്കമിട്ട ഗിരീഷ് ഗംഗാധരന്‍ അങ്കമാലി ഡയറിലീസിലെത്തുമ്പോള്‍ ദൃശ്യശൈലീനവീനതയെ തോളേറ്റിയ മലയാള സിനിമയുടെ അനിഷേധ്യതയായി മാറിയിരിക്കുന്നു. ഗപ്പി എന്ന സിനിമയിലൂടെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ പ്രത്യേക പരാമര്‍ശം പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ കേരളത്തിലെ തിയറ്ററുകളില്‍ അങ്കമാലി ഡയറീസില്‍ ഗിരീഷ് സാധ്യമാക്കിയ ഒറ്റഷോട്ട് ക്ലൈമാക്‌സിന് കയ്യടി ഉയരുകയായിരുന്നു. ഗിരീഷ് ഗംഗാധരനുമായി മനീഷ് നാരായണന്‍ സംസാരിക്കുന്നു.

86 പുതുമുഖങ്ങളെ സ്വാഭാവികമായി ചിത്രീകരിക്കുക എന്നത് എത്രത്തോളം വലിയ ഉത്തരവാദിത്വമായിരുന്നു?

അഭിനയിച്ച ഏതാണ്ടെല്ലാ ആളുകളും പുതുമുഖങ്ങളാണ്. മിക്കവരും മുവീക്യാമറയ്ക്ക് ആദ്യമായി മുഖം കാട്ടുന്നവരാണ്. ഓരോ സ്‌പോട്ട് മാര്‍ക്ക് ചെയ്ത് അതിനകത്തേക്ക് അവരുടെ പ്രകടനം പരിമിതപ്പെടുത്തണമെന്ന് നമുക്ക് നിര്‍ദ്ദേശിക്കാനാകില്ല. അവരെ കംഫര്‍ട്ടബിളാക്കി, നല്ല നിലയ്ക്ക് സ്വാതന്ത്ര്യം നല്‍കി സംവിധായകന്‍ ഡിമാന്‍ഡ് ചെയ്യുന്ന റിസല്‍ട്ട് ഉണ്ടാക്കുകയാണ് വേണ്ടത്. ക്യാമറയുടെ മൂവ്‌മെന്റ്‌സ് അവര്‍ക്ക് വിശദീകരിച്ചുകൊടുത്തു. കൂടുതലും ഹാന്‍ഡ് ഹെല്‍ഡ് ക്യാമറാ മൂവ്‌മെന്റ് ആയതിനാല്‍ ക്യാമറയെ അവരിലാരും തട്ടാതെയും മുട്ടാതെയും നീങ്ങുന്നതിനും ശ്രദ്ധ വേണം. ഒരേ സമയം ക്യാമറയുടെ സാന്നിധ്യത്തെക്കുറിച്ച് അവരെ ബോധവാന്‍മാരാക്കുകയും ക്യാമറയെക്കുറിച്ച് കോണ്‍ഷ്യസ് ആകേണ്ടതില്ലെന്ന് അവരെ ബോധ്യപ്പെടുത്തുകയും ചെയ്യേണ്ടിയിരുന്നു. ഒരു പാട് ടേക്കുകളിലേക്ക് പോയിട്ടുണ്ട്. അത് മിക്കവാറും പ്രകടനം മികച്ച രീതിയിലേക്ക് ഉയര്‍ത്തിയെടുക്കുന്നതിനായിരുന്നു. ഭൂരിഭാഗം രംഗങ്ങളും ക്യാമറ കയ്യിലെടുത്താണ് ചെയ്തിരിക്കുന്നത്. ഹാന്‍ഡ് ഹെല്‍ഡ് ഷൂട്ട് ചെയ്യുമ്പോള്‍ ഫ്രീഡം ഉണ്ട്. അവരുടെ ചലനങ്ങളെ സൗകര്യപ്രദമായി ഫോളോ ചെയ്യാനാകും. ലിജോ പെല്ലിശേരി എന്ന സംവിധായകന്റെ സാന്നിധ്യം തരുന്ന വലിയ ആത്മവിശ്വാസമുണ്ട്. തന്റെ സിനിമയുടെ ട്രീറ്റ്‌മെന്റിനെക്കുറിച്ച് കൃത്യതയുണ്ട് അദ്ദേഹത്തിന്. സ്റ്റെഡി ഷോട്ടുകള്‍ കുറച്ച് ഹാന്‍ഡ് ഹെല്‍ഡിന് പ്രാമുഖ്യം നല്‍കിയാണ് മിക്ക രംഗങ്ങളും. അത് ആ സിനിമയുടെ മൂഡ് അത്തരത്തിലായതിനാലാണ്. കുറേ മനുഷ്യരുടെ പരക്കം പാച്ചിലാണ് സിനിമ. ജീവിതത്തിനും പണത്തിനും പ്രണയത്തിനും പ്രതികാരത്തിനുമൊക്കെയായി അവരെവിടെയും നിലയുറക്കാതെ സഞ്ചരിക്കുകയാണ്. അവരെ കൃത്യമായി പിന്തുടരുകയെന്ന ഉത്തരവാദിത്വമായിരുന്നു ക്യാമറയുടേത്.

11 മിനുട്ട് ദൈര്‍ഘ്യമുള്ള സിംഗിള്‍ ഷോട്ട്. ക്ലൈമാക്‌സിലെ ആ സാഹസികതയുടെ വിജയത്തിന് ലിജോ നൂറ് ശതമാനവും ക്രെഡിറ്റ് നല്‍കിയിരിക്കുന്നത് ഗിരീഷിനാണ്?

ലിജോ പെല്ലിശേരി എന്ന സംവിധായകന് എന്താണ് ചിത്രീകരിക്കുന്നതെന്നും എങ്ങിനെയാണ് ചിത്രീകരിക്കുന്നതെന്നും കൃത്യമായ ബോധ്യമുള്ളതിനാല്‍ കൂടിയാണ് ആ രംഗം പിറക്കുന്നത്. ഞാനും ലിജോയും ആദ്യം ഈ സ്ഥലത്ത് പോയി ക്ലൈമാക്‌സിലെ 11 മിനുട്ട് സിംഗിള്‍ ഷോട്ട് എങ്ങനെ ആയിരിക്കണം എന്നൊരു പ്ലാന്‍ ഉണ്ടാക്കി. എവിടെ നിന്ന് എവിടെ വരെയായിരിക്കണം ആളുകളും വരേണ്ടതെന്നും ക്ലൈമാക്‌സിലെ ആക്ടിവിറ്റീസ് നടക്കേണ്ടതെന്നും നിശ്ചയിച്ചു. ആര്‍ട്ടിസ്റ്റുകള്‍ക്ക് പകല്‍ നേരങ്ങളിലാണ് റിഹേഴ്‌സല്‍ നല്‍കിയത്. അവര്‍ക്ക് രാത്രി അവര്‍ ഇടി കൂടേണ്ടതും ഓടേണ്ടതും ഇടപെടേണ്ടതുമായ സ്ഥലത്തെക്കുറിച്ച് കൃത്യമായ ധാരണ വേണം. അതുകൊണ്ടുകൂടിയാണ് പകല്‍ ഈ സ്ഥലം അവര്‍ക്ക് പരിചിതമാക്കി റിഹേഴ്‌സല്‍ ചെയ്തത്. അവര്‍ ചെയ്യേണ്ടത് എങ്ങനെയായിരിക്കണം എന്ന നിര്‍ദ്ദേശങ്ങളാണ് നല്‍കിയത്.

അടിയും ഇടിയും ഉണ്ടാകുമ്പോള്‍ അവരുടെ മനോധര്‍മ്മത്തിനനുസരിച്ച് റിയലിസ്റ്റിക്കായി പെരുമാറുകയാണ് ചെയ്തത്. ഇന്റര്‍വെല്ലിന് മുമ്പുള്ള ഫൈറ്റ് സീനും ഇതേപോലെയായിരുന്നു. റബ്ബര്‍ തോട്ടത്തിലൂടെ മുന്നോട്ടും ചിതറിയും തല്ലുകൂടിയും ഓടുമ്പോള്‍ ഭാരമേറിയ ക്യാമറയുമായി നമ്മളും അവര്‍ക്ക് പിന്നാലെയുണ്ട്. നമ്മുടെ ദൃശ്യപരിധിക്ക് പുറത്താകാതെ ഫൈറ്റ് ചിത്രീകരിക്കണമല്ലോ? റീ ടേക്ക് പറഞ്ഞാല്‍ വീണ്ടും അതുപോലെ ചെയ്യാന്‍ അവര്‍ക്കാകില്ല. നേരത്തെ പ്ലാന്‍ ചെയ്ത പ്രകാരം ആക്ഷന്‍ സ്റ്റൈലിലുള്ള ഫൈറ്റ് ഒന്നുമല്ലല്ലോ. പകലുള്ള റിഹേഴ്‌സല്‍ ഞങ്ങള്‍ മൊബൈലിലൊക്കെ ഷൂട്ട് ചെയ്ത് നോക്കി. രാത്രിയില്‍ റിഹേഴ്‌സല്‍ ചെയ്ത രംഗങ്ങളില്‍ നിന്ന് നേരെ ടേക്കിലേക്ക് പോവുകയാണ് ചെയ്തത്. ആള്‍ക്കൂട്ടം ഉള്‍പ്പെടുന്ന രംഗങ്ങളായതിനാല്‍ റിഹേഴ്‌സല്‍ ചെയ്ത് സമയം കളയാനാകില്ല. പടക്കം, പൂത്തിരി, ബാന്‍ഡ് സംഘം, പ്രദക്ഷിണം അങ്ങനെ ഒരു പാട് സംഗതികള്‍ക്കിടയിലാണല്ലോ ഈ പതിനൊന്ന് മിനുട്ട്. പലതരം ആക്ടിവിറ്റീസ് ഇതിനിടയില്‍ നടക്കുന്നുണ്ട്. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ കൂടാതെ നാട്ടുകാരും പങ്കാളികളാണ്. അതുകൊണ്ട് ക്ലൈമാക്‌സിലെ കണ്ടന്റ് ഉള്‍ക്കൊള്ളുന്ന ടേക്ക് ലഭിക്കാനായിരുന്നു പ്രധാനമായും ശ്രദ്ധിച്ചതും ശ്രമിച്ചതും. എനിക്ക് മാത്രമാണ് ക്രെഡിറ്റെന്ന് വിശ്വസിക്കുന്നില്ല. എല്ലാം ഒത്തുവന്നത് കൊണ്ട് ചിത്രീകരിക്കാനായി എന്ന് തന്നെയാണ് കരുതുന്നത്. അതൊരു കൂട്ടായ്മയുടെ റിസ്‌കിലുണ്ടായ വിജയമാണ്.ഗിരീഷ് ഗംഗാധരന്‍
ഗിരീഷ് ഗംഗാധരന്‍

എത്രാമത്തെ ടേക്കിലായിരുന്നു ക്ലൈമാക്‌സ് വിജയം കണ്ടത്?

രണ്ട് ദിവസങ്ങളിലായി നാല് ടേക്കുകളുണ്ടായി. നാലാമത്തെ ടേക്കാണ് ഓക്കെ ആയത്. ആദ്യത്തെ ദിവസമെടുത്ത രണ്ട് ടേക്കുകളിലും പ്രശ്‌നമുണ്ടായി. സിംഗിള്‍ ഷോട്ട് വേണോ വേണ്ടയോ എന്ന ആലോചനയും ആശയക്കുഴപ്പവും നിലനിര്‍ത്തിക്കൊണ്ട് തന്നെയാണ് ഈ ടേക്കുകളിലേക്ക് പോകുന്നത്. ഒറ്റ ഷോട്ടില്‍ ക്ലൈമാക്‌സിലെ സംഭവവികാസങ്ങള്‍ പകര്‍ത്താന്‍ പറ്റിയാല്‍ അങ്ങനെ, ഇല്ലെങ്കില്‍ ബ്രേക്ക് ചെയ്ത് ഷൂട്ട് ചെയ്യാമെന്നായിരുന്നു ലിജോയുടെയും പ്ലാന്‍. ആദ്യദിവസത്തെ ഷൂട്ട് കഴിഞ്ഞപ്പോഴാണ് ലിജോയ്ക്കും എനിക്കും ആത്മവിശ്വാസം വന്നത്. വലിയൊരു ആള്‍ക്കൂട്ടത്തെ നമ്മുടെ നിയന്ത്രണപരിധിയില്‍ അതോടൊപ്പം ക്യാമറയുടെ പരിധിയില്‍ നന്നായി കൊണ്ടുവരാനാകുമോ എന്ന ടെന്‍ഷന്‍ ആദ്യദിവസത്തെ ഷൂട്ട് തീര്‍ന്നപ്പോ മാറി. ചിത്രീകരണത്തിനായി സഹകരിപ്പിച്ച ആളുകള്‍ അറിയാതെ ആര്‍ട്ടിസ്റ്റുകള്‍ക്കൊപ്പം കയറി വരികയും, പെപ്പെയുടെ വീട്ടിനകത്തേക്ക് കയറിവരികയുമൊക്കെ ചെയ്തിട്ടുണ്ട്. ആളുകള്‍ ക്യാമറയ്ക്ക് വട്ടം ചാടുകയോ ക്യാമറയുമായി ആര്‍ട്ടിസ്റ്റുകള്‍ അവരുടെ ആക്ഷനിടെ കൂട്ടിയിടിക്കുകയും ചെയതതാണ് ഒരു ടേക്കിലുണ്ടായ പ്രശ്‌നം. മറ്റൊന്നില്‍ ക്ലൈമാക്‌സില്‍ എത്തിനില്‍ക്കേണ്ടിടത്തേക്ക് കഥാപാത്രങ്ങളെ എത്തിക്കാനായില്ല. സൂപ്പര്‍ പെര്‍ഫെക്ട് ഷോട്ട് എന്ന് പറയാനാകുന്ന വിധമല്ല ഇപ്പോള്‍ ക്ലൈമാക്‌സിലുള്ള സിംഗിള്‍ ഷോട്ടും. അതിലും ചില പോരായ്മകളുണ്ട്. പക്ഷേ മൊത്തത്തില്‍ എല്ലാം കൊണ്ടും ഒത്തുവന്നത് ഇപ്പോഴുള്ള ഷോട്ടിലാണ്. അങ്ങനെ ആ പതിനൊന്ന് മിനുട്ട് ഞങ്ങള്‍ക്ക് ലഭിച്ചു. നമുക്കൊന്ന് പരീക്ഷിച്ച് നോക്കാമെന്ന തീരുമാനത്തിലാണ് ഞാന്‍ സിംഗിള്‍ ഷോട്ട് എന്ന ആശയത്തോട് സഹകരിച്ചത്. ഭാഗ്യവശാല്‍ അത് നന്നായി ചിത്രീകരിക്കാനായി.ഗിരീഷ് ഗംഗാധരന്‍ ലിജോ ജോസ് പെല്ലിശേരിക്കൊപ്പം
ഗിരീഷ് ഗംഗാധരന്‍ ലിജോ ജോസ് പെല്ലിശേരിക്കൊപ്പം

ആള്‍ക്കൂട്ടത്തെ നിയന്ത്രിച്ച് ചിത്രീകരിക്കുന്നതിനെക്കുറിച്ച് പറഞ്ഞു. പൊതുവെ ചിത്രീകരണസ്ഥലത്തൊക്കെ സെക്യൂരിറ്റിയെ ഏര്‍പ്പെടുത്തി നിയന്ത്രിച്ചല്ലേ ഷൂട്ടിംഗ് നടക്കുന്നത്. ഇവിടെ നാട്ടുകാരെയടക്കം സിനിമയുടെ ഭാഗമാക്കിയിട്ടുണ്ട്?

സിനിമയ്ക്ക് വേണ്ടി ആര്‍ട്ട് ഡയറക്ടര്‍ പ്രത്യേകം സജ്ജീകരിച്ച സെറ്റുകളില്‍ അല്ല, റിയല്‍ ലൊക്കേഷനുകളിലാണ് സിനിമ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത്. പോര്‍ക്ക് മാര്‍ക്കറ്റും പന്നി ഫാമും ജംഗ്ഷനുമെല്ലാം ശരിക്കും അങ്കമാലിയിലുള്ളതാണ്. ചിത്രീകരണം നടക്കുന്നുവെന്നും മുവീ ക്യാമറയുടെ പരിധിയിലാണ് തങ്ങളെന്നും ആളുകള്‍ അറിയാത്ത തരത്തില്‍ ഗറില്ലാ ഷൂട്ട് പോലെയാണ് ജംഗ്ഷനൊക്കെ ചിത്രീകരിച്ചത്. അവിടെയുള്ള ഫൈറ്റും അങ്ങനെയാണ് ചെയ്തത്. വണ്ടിക്കകത്തും, കെട്ടിടത്തിന് മുകളിലുമൊക്കെ ക്യാമറ ഫിക്‌സ് ചെയ്താണ് അതൊക്കെ ചിത്രീകരിച്ചത്. സാധനം വാങ്ങാനായി ചന്തയിലെത്തിയവരൊക്കെയാണ് ചില സീനുകളില്‍ ഉള്ളത്. പക്ഷേ അവരെല്ലാം നമ്മളോട് നന്നായി സഹകരിച്ചു. മാര്‍ക്കറ്റില്‍ നമുക്ക് ക്യാമറ ഹൈഡ് ചെയ്യാനാകില്ലല്ലോ. സാധാരണ ഒരു മാര്‍ക്കറ്റില്‍ പോയി നമുക്ക് ഇത്ര സ്വതന്ത്രമായി ആളുകളെയെല്ലാം സഹകരിപ്പിച്ച് ഷൂട്ട് ചെയ്യാനാകില്ലല്ലോ. ഇവിടെ ആളുകളെ സ്വന്തം നാട്ടുകാരായി കണ്ട്, കടകള്‍ സ്വന്തം കടകളായി കണ്ട് കയറിയിറങ്ങി ഷൂട്ട് ചെയ്യാനായിട്ടുണ്ട്. അതിനുളള പ്രത്യേക കടപ്പാട് അങ്കമാലിക്കാരോടുണ്ട്. ക്രൗഡ് സീനുകളില്‍ അറുപത് ശതമാനവും അവിടെയുള്ള നാട്ടുകാരാണ് ഉള്ളത്. ചുരുക്കം ചിലര്‍ മാത്രമാണ് ക്യാമറയെ നോക്കി നിന്നത്.

സിനിമയുടെ ടോട്ടല്‍ ട്രീറ്റ്‌മെന്റിന് അങ്ങനെയൊരു സ്വഭാവമുണ്ട്. ക്യാമറയ്ക്ക് കാഴ്ചക്കാരന്റെ റോള്‍ കൂടിയുണ്ട്. ഓരോ കഥാപാത്രങ്ങളെയും ഫോളോ ചെയ്യുകയാണ് ക്യാമറ. അവരുടെ പിന്നാലെയുണ്ട് ക്യാമറ. പെപ്പെയും കൂട്ടുകാരും അല്ലെങ്കില്‍ രവിയുമൊക്കെ എന്തൊക്കെ ചെയ്ത്കൂട്ടുന്നുവെന്ന് സ്വാഭാവികമായി നിരീക്ഷിക്കുകയാണ് ക്യാമറ. പെരുന്നാള്‍ രംഗവും അതിനകത്ത് കാഴ്ചക്കാരന്‍ ഉണ്ടെന്ന തോന്നലുണ്ടാക്കും വിധമാണ് ചിത്രീകരിച്ചത്.

ഗപ്പിയുടെ കഥാപശ്ചാത്തലത്തിന് ഒരു സാങ്കല്‍പ്പിക ഭൂമികയുടെ സ്വഭാവമുണ്ടായിരുന്നു. കുറേക്കൂടി ആര്‍ട്ടിസ്റ്റിക്കായി ഇടപെടാനുള്ള സ്‌പേസ് ഛായാഗ്രാഹകനുമുണ്ട്. പ്രൊഡക്ഷന്‍ ഡിസൈന്‍ നിര്‍വഹിച്ചത് ജോണ്‍പോളും ഗിരീഷും ചേര്‍ന്നാണ്, ഒരു തീം ഉണ്ടാക്കാനും വിഷ്വല്‍ ട്രീ്റ്റ്‌മെന്റിനും ഒരു കളര്‍ടോണ്‍ സൃഷ്ടിക്കാനുമൊക്കെ ഗപ്പിയുടെ സാധ്യത കൂടുതലായിരുന്നോ?

ഗപ്പിയില്‍ കഥ നടക്കുന്ന സ്ഥലത്തെ ഒരു സാങ്കല്‍പ്പിക ദേശമാക്കിയൊക്കെ മാറ്റാനാകുമായിരുന്നു. ഭൂമിയിലെവിടെയോ ഒരു സ്ഥലത്ത് നടക്കുന്ന ഒരു കഥയെന്ന് പറയാനാകുന്നതാണ് അതിന്റെ പ്രമേയം. നാഗര്‍കോവിലിലും തിരുനെല്‍വേലി പരിസരങ്ങളിലുമാണ് ആ സിനിമ ഷൂട്ട് ചെയ്തിരിക്കുന്നത്. കഥയിലെ പ്രത്യേകതകളും സവിശേഷമായ സാഹചര്യങ്ങളുമൊക്കെയുള്ള സ്ഥലം കണ്ടുപിടിച്ച് സിനിമയിലെ അന്തരീക്ഷത്തിന് വേണ്ട മിനുക്കുപണികള്‍ നടത്തിയെടുക്കുകയായിരുന്നു. സംവിധായകന്‍ ജോണ്‍പോള്‍ മനസില്‍ രൂപപ്പെടുത്തിയതും ഞങ്ങളുടെ ചര്‍ച്ചകളിലൂടെ സൃഷ്ടിക്കപ്പെട്ടതുമായ ഒരു പ്രദേശത്തിന്റെ രൂപഭാവങ്ങള്‍ പ്രൊഡക്ഷന്‍ ഡിസൈനിലും ട്രീറ്റ്‌മെന്റിലും വരുത്തുകയായിരുന്നു. അങ്ങനെ കുറേക്കൂടി കളര്‍ഫുള്ളായാണ് വിഷ്വല്‍ ട്രീറ്റ്‌മെന്റ്. ഗപ്പിയില്‍ ടോട്ടല്‍ കളര്‍ടോണില്‍ ഓറഞ്ചും പിങ്കും ഇടകലര്‍ന്നുള്ള കളറിലായിക്കണം പ്രധാന ഫ്രെയിമുകളെന്ന് തീരുമാനിച്ചിരുന്നു. കോസ്റ്റിയൂം ഡിസൈനും ആര്‍ട്ടുമൊക്കെ ഈ കളര്‍ തീമിനോട് യോജിക്കും വിധമാക്കി. അവിടെയുള്ള കെട്ടിടങ്ങളിലും തെരുവിനുമൊക്കെ ഇതേ നിറം നല്‍കാനും കഥയില്‍ സ്വാതന്ത്ര്യമുണ്ട്. നമുക്ക് എല്ലാ സിനിമകളിലും ഇങ്ങനെയൊരു കളര്‍ സ്‌കീം വച്ച് ചെയ്യാനാകില്ല.

ചിത്രീകരണ വീഡിയോ (അങ്കമാലി ഡയറീസ്)

ഒരു നാടോടിക്കഥയുടെ സ്വഭാവം വിഷ്വലൈസേഷനിലുണ്ടായിരുന്നു. അങ്കമാലി പക്കാ റിയലിസ്റ്റിക് ട്രീറ്റ്‌മെന്റും?

കുറേക്കൂടി വിഷ്വല്‍ സ്‌റ്റൈലിംഗിനൊക്കെ പ്രാധാന്യം നല്‍കിയാണ് ഗപ്പി ചെയ്തത്. ഓരോ രംഗങ്ങളുടെ മനോഹാരിത, അത് പ്രകാശ ക്രമീകരണത്തിലൂടെയും പ്രൊഡക്ഷന്‍ ഡിസൈനിലൂടെയും കോസ്റ്റിയൂംസിലൂടെയും നേരത്തെ സാധ്യമാക്കി ആകര്‍ഷകമായ ദൃശ്യങ്ങളൊരുക്കാന്‍ ഗപ്പിയില്‍ കൂടുതല്‍ ശ്രദ്ധിച്ചിരുന്നു. അങ്കമാലി ഡയറീസില്‍ പരമാവധി റിയലിസ്റ്റിക് അന്തരീക്ഷമുണ്ടാക്കുക എന്നതിനാണ് പ്രാധാന്യം നല്‍കിയത്. മനോഹരമായ ഫ്രെയിമുകളെക്കാള്‍ അങ്കമാലിയെന്ന പ്രദേശത്തെ, അവിടുത്തെ ആളുകളെ കാണികള്‍ പിന്തുടരുന്ന അനുഭവം വിഷ്വലുകളിലൂടെ ഉണ്ടാക്കിയെടുക്കാനാണ് അങ്കമാലി ഡയറീസില്‍ നോക്കിയത്. ക്യാമറയുടെ ഇടപെടല്‍ ഒരു ഘട്ടത്തിലും അനുഭവപ്പെടുത്താതെ ആസ്വാദകരെ അങ്കമാലിയിലെത്തിക്കാനാണ് നോക്കിയത്.

നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന ആദ്യ സിനിമയും കലിയും, ഗപ്പിയും, അങ്കമാലി ഡയറീസും. ഗിരീഷ് ഗംഗാധരന്‍ എന്ന ഛായാഗ്രാഹകന്‍ സ്വന്തമായൊരു സ്റ്റൈല്‍ ആവര്‍ത്തിക്കുന്നതിനെക്കാള്‍ കഥ പറച്ചിലിന് ഉള്‍ക്കരുത്തേകുന്ന ദൃശ്യപരിചരണത്തിനാണ് പ്രാധാന്യം നല്‍കിയതെന്ന് തോന്നിയിട്ടുണ്ട്. സിനിമയുടെ ട്രീറ്റ്‌മെന്റിനോട് ചേര്‍ന്നുപോകുന്ന ക്യാമറാ രീതിയെക്കുറിച്ച്?

ഒരു സിനിമയുടെ തിരക്കഥ സംവിധായകനില്‍ നിന്ന് കേള്‍ക്കുമ്പോള്‍ തന്നെ നമ്മുടെ മനസ്സില്‍ അതിന്റെ ദൃശ്യഭാഷ രൂപപ്പെടുന്നുണ്ട്. ഛായാഗ്രാഹകന്‍ എന്ന നിലയില്‍ സിനിമയെ ദൃശ്യങ്ങളിലൂടെ കൂടുതല്‍ കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ നമുക്ക് എന്തൊക്കെ ചെയ്യാനാകുമെന്ന് പ്രീ പ്രൊഡക്ഷന്‍ ഘട്ടത്തില്‍ തന്നെ സംവിധായകനോട് പറയാറുണ്ട്. അദ്ദേഹത്തിന്റെ മനസിലുള്ള ദൃശ്യഭാഷ എന്താണെന്നും ഏത് രീതിയില്‍ സ്‌ക്രിപ്ട് വിഷ്വലൈസ് ചെയ്യപ്പെടാനാണ് ആഗ്രഹിക്കുന്നതെന്നും ഈ സമയത്തെ ചര്‍ച്ചകളിലൂടെ മനസിലാകും. ലൈറ്റിംഗിന്റെയും അനാവശ്യ ഷോട്ടുകളുടെയുമൊന്നും ധാരാളിത്തമില്ലാതെ കൂടുതല്‍ സ്വഭാവികമായി കഥ പറച്ചിലിനോട് ഇഴുകിനില്‍ക്കും വിധമുള്ള ട്രീറ്റ്‌മെന്റിനാണ് ഞാന്‍ പ്രാമുഖ്യം നല്‍കാറുള്ളത്. ഈ പറഞ്ഞ നാല് സിനിമകളും നാല് സ്വഭാവത്തിലുള്ളതാണ്. ആ സിനിമകളുടെ കഥ പറയുമ്പോള്‍ തന്നെ അതിന്റെ ലുക്ക് ആന്‍ഡ് ഫീല്‍ എങ്ങനെയായിരിക്കുമെന്ന് അവര്‍ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ക്യാമറയുടെ ചലനങ്ങള്‍ ഏത് രീതിയിലായിരിക്കണം, കളര്‍ തീമിനുള്ള പ്രാധാന്യം എന്നിവയൊക്കെ പ്രാരംഭ ചര്‍ച്ചകളില്‍ തന്നെ മനസിലാകും.

നീലാകാശത്തില്‍ ലാന്‍ഡ്‌സ്‌കേപിംഗ് സ്വഭാവത്തിലുള്ള വിഷ്വല്‍ ട്രീറ്റ്‌മെന്റ്. പല സംസ്ഥാനങ്ങളിലൂടെ, പ്രധാനമായും നോര്‍ത്ത് ഈസ്റ്റിലെ ബൈക്ക് റൈഡിംഗ് പ്ലോട്ടുകളൊക്കെ വരുന്ന സിനിമയാണ്. അവിടത്തെ ഭൂപ്രകൃതി, പ്രദേശത്തിന്റെ സവിശേഷതകളുമൊക്കെ ആ സിനിമയുടെ വിഷ്വലൈസേഷനില്‍ പ്രധാന ഘടകങ്ങളായിരുന്നു.

ഗപ്പിയില്‍ ഒരു സ്വപ്‌നഭൂമികയാണ് ചിത്രീകരിക്കേണ്ടത്. എന്നാല്‍ സിനിമയുടെ പ്രമേയം റിയലിസ്റ്റിക്കാണ്. അതുകൊണ്ട് ഫാന്റസി മൂഡിലേക്ക് പൂര്‍ണമായും പോകാനുമാകില്ല.ഗിരീഷ് ഗംഗാധരന്‍ ലിജോ പെല്ലിശേരിക്കൊപ്പം
ഗിരീഷ് ഗംഗാധരന്‍ ലിജോ പെല്ലിശേരിക്കൊപ്പം

ഫ്രെയിമുകളുടെ സ്വാഭാവികതയെക്കാള്‍ മനോഹാരിതയാണ് വേണ്ടതെന്ന് സിനിമയിലും വിശ്വാസമുണ്ടായിരുന്നു. ഗിരീഷ് ഉള്‍പ്പെടെയുള്ളവര്‍ കൃത്രിമ ഭംഗിക്കല്ല, സ്വാഭാവികതയ്ക്കാണ് പ്രാധാന്യം കൊടുക്കുന്നത്. ലൈറ്റിംഗൊക്കെ അത്തരത്തിലാണല്ലോ?

എല്ലാ സിനിമയിലും മാക്‌സിമം സ്വാഭാവിക പ്രകാശത്തില്‍ തന്നെ ഷൂട്ട് ചെയ്യാന്‍ ഇഷ്ടപ്പെടുന്നയാളാണ്. ലൈറ്റിംഗ് തീരെ ഉണ്ടാവില്ല എന്നല്ല, കൃത്രിമ പ്രകാശത്തിന്റെ ഫീല്‍ ഇല്ലാതെ വലിയ തോതില്‍ ലൈറ്റ് അപ്പ് ചെയ്ത് ഷൂട്ട് ചെയ്യാറില്ല. അത് ഇതുവരെ ഞാന്‍ ചെയ്ത സിനിമകള്‍ അത്രമാത്രം സ്വാഭാവികത ഡിമാന്‍ഡ് ചെയ്തത് കൊണ്ട് കൂടിയാണ്. അങ്കമാലി ഡയറീസ്, ഗപ്പി എന്നീ സിനിമകളിലൊന്നും ലൈറ്റ് യൂണിറ്റ് ഉണ്ടായിരുന്നില്ല. ഒന്നോ രണ്ടോ ബേസിക് ലൈറ്റുകളും അതിന് വേണ്ട ആളുകളുമാണ് ഉണ്ടായിരുന്നത്. ട്രാക്ക് ആന്‍ഡ് ട്രോളിയും ക്രെയിനുമൊന്നും ഈ രണ്ട് സിനിമകളിലും ഉപയോഗിച്ചിട്ടില്ല. ഗപ്പിയിലാണെങ്കില്‍ രാത്രി രംഗങ്ങള്‍ ചിത്രീകരിക്കാന്‍ ആ സീനുകളെല്ലാം ഒരുമിച്ച് എടുക്കും വിധം ലൈറ്റ് യൂണിറ്റിനെ കൊണ്ടുവന്നിരുന്നു. ഫ്രെയിം ലൈറ്റപ്പ് ചെയ്ത് മനോഹരമാക്കുക എന്നത് മോശം സംഗതിയാണെന്ന ചിന്തയൊന്നും എനിക്കില്ല. ഓരോ സിനിമയും ഡിമാന്‍ഡ് ചെയ്യുന്ന പരിചരണ രീതിക്കനുസരിച്ചാണ് കൃത്രിമ പ്രകാശക്രമീകരണം എത്രത്തോളം വേണം വേണ്ട എന്നൊക്കെ തീരുമാനിക്കേണ്ടതെന്ന് മാത്രം. നാളെ ഫ്രെയിമിന് കൂടുതല്‍ ഭംഗി കിട്ടുന്ന രീതിയില്‍ നന്നായി ലൈറ്റപ്പ് ചെയ്ത സിനിമകളും ഞാന്‍ ചെയ്‌തേക്കാം. അത് ആ സിനിമയുടെ ട്രീറ്റ്‌മെന്റ് ഡിമാന്‍ഡ് ചെയ്യും പോലെയാണ്.ഗിരീഷ് ഗംഗാധരന്‍ സമീര്‍ താഹിറിനൊപ്പം 
ഗിരീഷ് ഗംഗാധരന്‍ സമീര്‍ താഹിറിനൊപ്പം 

ആദ്യസിനിമയായ നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമിയില്‍ സംവിധായകനും പേരെടുത്ത ഛായാഗ്രാഹകനാണ്, സമീര്‍ താഹിര്‍. ഛായാഗ്രാഹകന്‍ സംവിധായകനാകുന്നത് സമ്മര്‍ദ്ദമാണോ സൗകര്യമാണോ?

ഡാഡികൂളില്‍ സമീര്‍ക്ക(സമീര്‍ താഹിര്‍)യുടെ അസിസ്റ്റന്റായാണ് സിനിമയിലെത്തിയത്. ആദ്യമായി സ്വതന്ത്ര ഛായാഗ്രാഹകനായ സിനിമയെന്ന നിലയില്‍ നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്റെ പ്രിയ ചിത്രമാണ്. ഛായാഗ്രാഹകന്‍ കൂടിയായ ഒരാള്‍ സംവിധായകനാകുമ്പോള്‍ അതിന്റെ ഗുണം ഏറ്റവുമധികം ലഭിക്കുന്നത് ആ സിനിമയുടെ സിനിമാട്ടോഗ്രാഫര്‍ക്കാണ്. സമീര്‍ക്കയ്‌ക്കൊപ്പം അസിസ്റ്റന്റായി പ്രവര്‍ത്തിച്ച ആള്‍ എന്ന നിലയില്‍ ഞങ്ങള്‍ക്കിടയിലെ കമ്മ്യൂണിക്കേഷന്‍ കുറേക്കൂടി സുഖകരമാണ്. ഏതെങ്കിലും ഒരു സീന്‍ ഷൂട്ട് ചെയ്യുമ്പോള്‍ എന്തെങ്കിലും പ്രായോഗിക ബുദ്ധിമുട്ടുണ്ടെങ്കില്‍, ചിലപ്പോള്‍ ലൈറ്റ് മോശമായ സാഹചര്യമൊക്കെ ഉണ്ടേല്‍ അതൊന്നും വിശദീകരിക്കേണ്ട ആവശ്യം സമീര്‍ക്കയ്ക്ക് മുന്നില്‍ ഇല്ല. അതൊക്കെ അദ്ദേഹത്തിന് എന്നേക്കാള്‍ നന്നായറിയാം. അതിന്റേതായ ഗുണം ഷൂട്ടിംഗില്‍ ലഭിക്കും. നീലാകാശത്തില്‍ കാസിയുടെയും സുനിയുടെയും യാത്രകളിലെത്തുന്ന എല്ലാ പ്രധാന സ്ഥലങ്ങളിലെയും സണ്‍റൈസ് ഞങ്ങള്‍ ഷൂട്ട് ചെയ്തിട്ടുണ്ട്. ആ സമയത്തെ സീനുകളാണ് ഞാന്‍ ഉദ്ദേശിച്ചത്. അതുപോലെ തന്നെ വൈകുന്നേരവും സ്വഭാവികമായി ചിത്രീകരിച്ചിട്ടുണ്ട്. പല കാര്യങ്ങള്‍ നമ്മള്‍ വിശദീകരിക്കാതെ ഉള്‍ക്കൊള്ളാന്‍ സംവിധായകന്‍ ഛായാഗ്രാഹകന്‍ കൂടിയാണെങ്കില്‍ സഹായകമാണ്.

പാന്‍ ഇന്ത്യന്‍ സ്വഭാവമുള്ള സിനിമയാണ് നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി. സിനിമയുടെ ട്രീറ്റ്‌മെന്റില്‍ ഒരു റോഡ് മൂവീ പാറ്റേണുമുണ്ട്. ചിത്രീകരണത്തില്‍ ഈ സ്വഭാവം സൃഷ്ടിക്കാന്‍ വേണ്ടി എന്താണ് ചെയ്തത്?

സിനിമകളില്‍ പലവട്ടം ചിത്രീകരിക്കപ്പെട്ട ഒരു ലൊക്കേഷനാണെങ്കില്‍ നമ്മള്‍ വീണ്ടും അവിടെ ഷൂട്ട് ചെയ്യുമ്പോള്‍ പുതിയ ഒരു ആംഗിളിലോ നേരത്തെ ചിത്രീകരിക്കപ്പെടാത്ത രീതിയിലോ ആ പ്രദേശത്തെ പകര്‍ത്തേണ്ടി വരും. നീലാകാശം ചിത്രീകരിക്കപ്പെട്ട പ്രദേശങ്ങളിലേറെയും നമ്മുടെ സിനിമയില്‍ ആദ്യമായാണ് വരുന്നത്. അതുകൊണ്ട് ആ പ്രദേശങ്ങളെ ട്രാവല്‍ മൂഡില്‍ ചിത്രീകരിക്കുക, ആ പ്രദേശത്തിന്റെ കാരക്ടര്‍ കാഴ്ചക്കാര്‍ ഉള്‍ക്കൊള്ളുന്ന വിധത്തിലുള്ള വിഷ്വലുകള്‍ സൃഷ്ടിക്കുക എന്നതിലൊക്കെയായിരുന്നു കൂടുതല്‍ ശ്രദ്ധ. ഇതിലെ പ്രധാന സ്ഥലങ്ങളിലും ഞാന്‍ ഉള്‍പ്പെടെ മിക്കവാറും പേരും നീലാകാശത്തിന് വേണ്ടിയാണ് ആദ്യമായി വരുന്നത്. പ്രകൃതിമനോഹാരിതയുള്ള ഒരു പ്രദേശം ആദ്യമായി കാണുന്ന ഒരാളുടെ കൗതുകവും അമ്പരപ്പുമെല്ലാം വിഷ്വലുകളില്‍ കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്. നാഗാലാന്‍ഡിലൊക്കെ അഞ്ചോ ആറോ പേരാണ് ഷൂട്ടിനായി ആകെ പോയത്. അവസാനത്തെ ഭാഗങ്ങളൊക്കെയാണ് ആദ്യം ചിത്രീകരിച്ചത്. റിവേഴ്‌സ് ഓര്‍ഡറിലാണ് സിനിമ മൊത്തം ഷൂട്ട് ചെയ്തത്.

നമ്മുടെ സിനിമയില്‍ സമീപവര്‍ഷങ്ങളില്‍ വലിയൊരു മാറ്റം വന്നത് ദൃശ്യശൈലിയിലൂടെയാണ്. വിഷ്വല്‍ സ്റ്റൈലിംഗില്‍ പതിവു രീതികളില്‍ നിന്നുള്ള മാറ്റം. പക്ഷേ ഉള്ളടക്കം ഡിമാന്‍ഡ് ചെയ്യാത്ത ദൃശ്യാവിഷ്‌കരണം എന്ന നിലയിലും അത് വിമര്‍ശിക്കപ്പെട്ടിരുന്നു.

മുമ്പ് സിനിമകളിലെ പ്രതിഭാധനരായ പല സാങ്കേതിക പ്രവര്‍ത്തകരെയും നമ്മള്‍ അറിയപ്പെടാതെ പോയിട്ടുണ്ട്. ഒരു സിനിമ നല്ലതാണെങ്കില്‍ സംവിധായകന്‍ വരെയാണ് ശ്രദ്ധിക്കപ്പെടാറുണ്ടായിരുന്നത്. അതിലെ നായകനെ കേന്ദ്രീകരിച്ചാണ് ചര്‍ച്ചകളും ആഘോഷങ്ങളും ഉണ്ടായിരുന്നത്. ഇന്റര്‍നെറ്റും സാമൂഹിക മാധ്യമങ്ങളും സജീവമായതും പുതിയ പ്രേക്ഷകര്‍ സിനിമയുടെ സമഗ്രമേഖലയെക്കുറിച്ചും ബോധവാന്‍മാരായതുമെല്ലാം ഒരു സിനിമ വിജയിച്ചാല്‍ അതിന്റെ എല്ലാ മേഖലയിലും മികവറിയിച്ചവരെ പേരെടുത്തറിയാനുള്ള കാരണമായി. സിനിമയില്‍ അഭിനയം ചര്‍ച്ച ചെയ്യപ്പെടുന്നത് പോലെ തന്നെ അതിന്റെ സാങ്കേതിക വശങ്ങളും പരിചരണരീതിയും അവതരണത്തിലെ പ്രത്യേകതകളുമെല്ലാം ചര്‍ച്ച ചെയ്യപ്പെടുന്നു. സിനിമാപ്രേമികള്‍ രൂപപ്പെടുത്തിയ പല ഫേസ്ബുക്ക് ഗ്രൂപ്പുകളും കൂട്ടായ്മകളും സിനിമകളെ അതിന്റെ എല്ലാ വശങ്ങളിലേക്കും കണ്ണോടിച്ച് വിലയിരുത്തുന്നു. സിനിമയുടെ സാങ്കേതിക വശങ്ങളെക്കുറിച്ച് ഗൗരവമായ ചര്‍ച്ച ചെയ്യുന്ന പ്ലാറ്റ് ഫോം ഒന്നും നേരത്തെ എവിടെയും കണ്ടിട്ടില്ല.

ഗപ്പിയിലും കലിയിലും നീലാകാശത്തിലുമെല്ലാം രാത്രി ചിത്രീകരണവും ആകര്‍ഷകമായിരുന്നു. പലപ്പോഴും മികവ് വിലയിരുത്തപ്പെടുന്നത് രാത്രി ചിത്രീകരണത്തില്‍ കൂടിയാണ്?

രാത്രി സ്വാഭാവികതയോടെ പകര്‍ത്തുക ഒരു ഛായാഗ്രാഹകന് വെല്ലുവിളി തന്നെയാണ്. അവിടെ കൃത്യമായ പ്രകാശക്രമീകരണമൊക്കെ വേണമല്ലോ. രാത്രി ചിത്രീകരണത്തില്‍ ഒരുപാട് പരിമിതികളുണ്ട്. ചില ഏരിയയില്‍ ലൈറ്റ് വച്ചിട്ടുണ്ടാവും അവിടെയൊന്നും ഷൂട്ട് ചെയ്യാനാകില്ല. നമ്മുടെ ഫീല്‍ഡിന് പുറത്തേക്ക് ഇറങ്ങിയാല്‍ ആ പ്രദേശത്തെ രാത്രി എങ്ങനെയുള്ള അനുഭവമാണോ അതുപോലെ ചിത്രീകരിക്കാനാണ് ഞാന്‍ ശ്രമിക്കാറുള്ളത്. മിനിമല്‍ ലൈറ്റ്‌സ് ആണ് രാത്രി ചിത്രീകരണത്തിനും ഉപയോഗിക്കാറുള്ളത്. രാത്രി രാത്രി പോലെ ഇരിക്കണമല്ലോ. വെളുപ്പിച്ച് പകലാക്കരുതല്ലോ.

ഗപ്പി 
ഗപ്പി 

കലിയിലെ രാത്രി ചേയ്‌സിംഗ് സീനുകളൊക്കെ അത്തരത്തില്‍ പ്രത്യേകതയുള്ളതല്ലേ?

കലിയില്‍ ചേയ്‌സിംഗ് സീനില്‍ ഒരു ലൈറ്റും ഉപയോഗിച്ചിട്ടില്ല. ഒറ്റപ്പെടലിന്റെ ഭീതിയും ആ പ്രദേശത്തിന്റെ വിജനതയും പ്രേക്ഷകന് ഉള്‍ക്കൊള്ളേണ്ടതുണ്ട്. യുക്തിയെ പരിഹസിക്കുംവിധം അനാവശ്യ പ്രകാശക്രമീകരണം നടത്തിയിട്ടും കാര്യമില്ല. ചെമ്പന്റെ ചക്കര എന്ന കഥാപാത്രം ഓടിക്കുന്ന ലോറിയുടെ ഹെഡ് ലൈറ്റുകളെ പശ്ചാത്തലമാക്കിയാണ് ആ ചേയ്‌സിംഗ് ഷൂട്ട് ചെയ്തത്.

അടുത്ത ചിത്രം മാസ് എന്റര്‍ടെയിനറാണല്ലോ?

ശരിയാണ്, അടുത്തത് ചെയ്യാന്‍ പോകുന്നത് ഒരു പക്കാ മാസ് കമേഴ്‌സ്യല്‍ പടമാണ്. ഇതുവരെ ചെയതതില്‍ നിന്ന് വേറിട്ട് നില്‍ക്കുന്ന വിഷ്വല്‍ ട്രീറ്റ്‌മെന്റ് ആ സിനിമയ്ക്ക് നല്‍കണമെന്നാണ് ആഗ്രഹിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ സലാം ബുഖാരി സംവിധാനം ചെയ്യുന്ന സിനിമയാണ്. മേയ് ആദ്യവാരം ഷൂട്ടിംഗ് തുടങ്ങും.