കെ.ജി.ജോര്‍ജ്ജിന്റെ കാലവും സിനിമയും 

September 8, 2016, 6:41 pm
കെ.ജി.ജോര്‍ജ്ജിന്റെ കാലവും സിനിമയും 
Columns
Columns
കെ.ജി.ജോര്‍ജ്ജിന്റെ കാലവും സിനിമയും 

കെ.ജി.ജോര്‍ജ്ജിന്റെ കാലവും സിനിമയും 

മാതൃഭൂമി, ഇന്ത്യാവിഷന്‍, സൗത്ത്‌ലൈവ് എന്നിവയില്‍ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ മാസ്‌കോം ഫാക്വല്‍റ്റി

വാക്കുകളുടെ മായികമായ അറ തുറന്ന് കെ ജി ജോര്‍ജ്ജ് ഒരു കഥ പറയുന്നത് അദ്ദേഹത്തിന്റെ മുന്നിലിരുന്ന് എപ്പോഴെങ്കിലും നമ്മള്‍ ക്ഷമയോടെ കേട്ടിരിക്കുമെന്നു തോന്നുന്നില്ല. ശബ്ദങ്ങള്‍ അകമ്പടി നല്‍കുന്ന ഇഴയലുകളും വലിച്ചുനീട്ടലുകളും ജോര്‍ജ്ജിനെ കാറ്റ് വീശിയടിച്ചുകൊണ്ടുപോകുന്ന മഴയെ പോലെ കഥപറച്ചിലില്‍ നിന്ന് അകറ്റിക്കൊണ്ടുപോകുമെന്നതില്‍ സംശയമില്ല. എന്നാല്‍ അതേ ജോര്‍ജ്ജാണ് മലയാളത്തില്‍ ദൃശ്യഭാഷയില്‍ നമുക്ക് ആവേശം ഉണര്‍ത്തുന്ന മികച്ച ചില ചലച്ചിത്രങ്ങള്‍ സൃഷ്ടിച്ചുനല്കിയത്. കെ ജി ജോര്‍ജ്ജിന്റെ ‘സ്വപ്നാടനം’, ‘ഉള്‍ക്കടല്‍’, ‘മണ്ണ്’, ‘മേള’, ‘കോലങ്ങള്‍’, ‘യവനിക’, ‘ആദാമിന്റെ വാരിയെല്ല്’, ‘പഞ്ചവടിപ്പാലം’, ‘ഇരകള്‍’ എന്നീ ചിത്രങ്ങള്‍ മലയാളസിനിമയില്‍ വഴിമാറിനടന്ന് മികവും ഖ്യാതിയും നേടിയ ദൃശ്യകഥാബോധനരീതിക്ക് അടയാളങ്ങളായി രേഖപ്പെടുത്തപ്പെടുന്നു. അവ പ്രമേയം, അവതരണം, സിനിമയുടെ രാഷ്ട്രീയം, ഏതാനും പുതുസങ്കേതങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ മലയാളസിനിമയിലെ പാഠങ്ങളുമായി.

പദ്മരാജന്‍ കഥയും തിരക്കഥയും എഴുതിയ ‘രാപ്പാടികളുടെ ഗാഥ’, എസ് എല്‍ പുരം സദാനന്ദന്‍ രചന നിര്‍വഹിച്ച ‘ലേഖയുടെ മരണം, ഒരു ഫ്‌ളാഷ്ബാക്ക്’, സി വി ബാലകൃഷ്ണന്‍ രചിച്ച ‘മറ്റൊരാള്‍’ എന്നിവ കെ ജി ജോര്‍ജ്ജിന്റെ ചിത്രങ്ങളുടെ രണ്ടാം നിരയില്‍ നില്ക്കുന്നുണ്ട്. ബാക്കിയുള്ളവ കൈത്തെറ്റുകളായി അവശേഷിക്കുന്നു.

എന്നിരിക്കിലും ഈ ചിത്രങ്ങളെല്ലാം ചേര്‍ന്ന് കെ ജി ജോര്‍ജ്ജിനെ നിശ്ചയമായും മലയാളസിനിമയുടെ സാര്‍ത്ഥകമായ ഗതിമാറ്റത്തിന് വഴിയൊരുക്കിയ സംവിധായകരില്‍ ഒരാള്‍ എന്ന നിലയില്‍ ഇന്നേവരെ ലഭിച്ച പുരസകാരങ്ങള്‍ക്കൊപ്പം ജെ സി ഡാനിയേല്‍ ബഹുമതിക്ക് അര്‍ഹനാക്കുന്നുണ്ട്. എന്നാല്‍ ഇവയെക്കാള്‍ മൂല്യം ചലച്ചിത്രത്തിലെ അനുകരണശീലങ്ങളെ മറികടക്കാന്‍ ഒരു സംവിധായകന് ധൈര്യം നല്കുന്ന ആസ്വാദകരുടെ സഹൃദയത്വത്തിന് അവകാശപ്പെട്ടതാണ്. ജോര്‍ജ്ജിന് അത് മിതമായി ലഭിച്ചിട്ടുണ്ടെങ്കിലും മറ്റ് ചിലരുടെ കാര്യത്തിലെന്നപോലെ ഉദ്‌ഘോഷിക്കപ്പെട്ട ഒന്നല്ലെന്ന് മാത്രം. ഒന്ന് ചേര്‍ത്തുപറയാനുണ്ട്, തന്റെ ചലച്ചിത്രങ്ങള്‍ക്കു നേരെയൂണ്ടായ വിമര്‍ശനങ്ങളോട് കെ ജി ജോര്‍ജ്ജ് ബാലിശമായി പ്രതികരിക്കുകയോ, ക്ഷോഭിക്കുകയോ അസഹിഷ്ണുത പ്രദര്‍ശിപ്പിക്കുകയോ ചെയ്ത ചരിത്രമുണ്ടായിട്ടില്ല. മാത്രമല്ല അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ താരതമ്യേന കുറഞ്ഞ അളവില്‍ മാത്രം പങ്കു ചേര്‍ന്നിട്ടുള്ള ജോര്‍ജ്ജ് സാമൂഹ്യരാഷ്ട്രീയ മേഖലകളിലും അതു പ്രതിഫലിപ്പിക്കുന്ന അന്താരാഷ്ട്രചലച്ചിത്രങ്ങളിലും ഉണ്ടാവുന്ന മാറ്റങ്ങള്‍ വ്യക്തമായി മനസ്സിലാക്കുകയും ചെയ്തുപോന്നതായികാണാം.

രാമചന്ദ്രബാബു, ഭരത് ഗോപി എന്നിവര്‍ക്കൊപ്പം കെ.ജി.ജോര്‍ജ്ജ്; യവനികയുടെ സെറ്റില്‍ 
രാമചന്ദ്രബാബു, ഭരത് ഗോപി എന്നിവര്‍ക്കൊപ്പം കെ.ജി.ജോര്‍ജ്ജ്; യവനികയുടെ സെറ്റില്‍ 

വാസ്തവത്തില്‍ കെ ജി ജോര്‍ജ്ജിനെ ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളിലെ ലക്ഷ്യബോധമുണ്ടായിരുന്ന ന്യൂജെനറേഷന്‍ സംവിധായകന്‍ ആയിവേണം വിശേഷിപ്പിക്കാന്‍. അദ്ദേഹത്തോടൊപ്പം സാമൂഹ്യ, സാഹിത്യ, സാംസ്‌കാരിക, രാഷ്ട്രീയ ബോധ്യങ്ങള്‍ തന്റെ പ്രവര്‍ത്തനമേഖലയില്‍ പ്രമാണങ്ങളായി കൊണ്ടൂനടന്ന ഒരു പ്രമുഖസംവിധായകന്‍ കൂടിയുണ്ടായിരുന്നു. പി എ ബക്കര്‍. ഇവര്‍ മുന്‍ നിരയില്‍ നിന്നാണ് ഭരതന്‍, പദ്മരാജന്‍, രവീന്ദ്രന്‍, പവിത്രന്‍, ടി വി ചന്ദ്രന്‍ എന്നിവര്‍ അവരുടെ ഇച്ഛക്കൊത്തും സ്വതന്ത്രമായും മലയാള സിനിമക്ക് പുതിയ പാതകള്‍ കൂടി ഒരുക്കിയെടുക്കുന്നത്. ജോര്‍ജ്ജിന്റെ ആദ്യ പ്രായോഗികപരിശീലനക്കളരി രാമു കാര്യാട്ടിന്റേയും ജോണ്‍ അബ്രഹാമിന്റേയും സിനിമകളായിരുന്നു.

ഈ ന്യൂജനറേഷന്‍ സംവിധായകര്‍ സ്വീകരിച്ചതും സ്വാംശീകരിച്ചതും ആയ പ്രമേയം, മലയാളിക്കു സ്വന്തമെന്നു പറയാവുന്ന ജീവിതസവിശേഷതകളോടുള്ള തീവ്രമായ ആഭിമുഖ്യം, അവബോധങ്ങള്‍, പ്രതിബദ്ധതകള്‍, കേരളപ്രകൃതിയുടെ അകം പൊരുളുകള്‍ എന്നിവ മലയാള ചലച്ചിത്രങ്ങള്‍ക്ക് അതുവരെയുള്ള സ്വഭാവങ്ങളില്‍ നിന്ന് മോചനം സുസാധ്യമാക്കി. കേരളം അതിന്റെ ബാഹ്യമായ ഉടയാടകള്‍ മാറ്റിത്തുടങ്ങിയ കാലമായിരുന്നു അത്. വരളാന്‍ തുടങ്ങുന്ന പുഴകള്‍, മലിനമാകുന്ന ജലാശയങ്ങള്‍, അപ്രത്യക്ഷമാകുന്ന കാടുകള്‍, കേരളീയചക്രവാളങ്ങള്‍ തിരനോട്ടം നടത്തുന്ന പരിഷ്‌കാരങ്ങള്‍, സമകാലികരുടെ ഓര്‍മ്മകളിലേക്ക് പിന്‍വലിയുന്നതും പുതുതലമുറയുമായി സംവേദനം സാധ്യമല്ലാതാക്കുന്നതും ആയ ജീവിതപരിസരങ്ങള്‍, താളം തെറ്റിത്തുടങ്ങിയ ന്യായനീതിനിര്‍വഹണങ്ങള്‍, അധികാരമോഹങ്ങള്‍, കേരളത്തെ ധൈഷണികമായ നിഷേധങ്ങളുടെയും പ്രതിഷേധങ്ങളുടെയും ദശാസന്ധികളിലേക്ക് നയിക്കാന്‍ തുടങ്ങിയ കാലം. ആ ഭൗതിക സാമൂഹ്യ പരിസരങ്ങളിലാണ് എഴുപതുകളില്‍ സാഹിത്യത്തിലെന്ന പോലെ സിനിമയിലും അടിസ്ഥാനമായ മാറ്റച്ചിന്തകള്‍ക്ക് ഇടമുണ്ടാവുന്നത്. പൂണെ ഫിലിം ഇന്‍സ്റ്റിട്യൂട്ടില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി ജോര്‍ജ്ജ് മദിരാശിയിലെത്തുന്നത് 1971 ലാണ്. വസന്തകാലത്ത് വനമേഖലകളില്‍ കൂടു പൊട്ടിച്ചു പുറത്തുവരുന്ന ശലഭങ്ങളെപോലെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഇന്ത്യയുടെ നാനാഭാഗങ്ങളിലേക്കും ജോര്‍ജ്ജിനെപോലെയുള്ള നവസിനിമാപ്രവര്‍ത്തകര്‍ അവരവരുടെ ജീവിതപരിസരങ്ങളില്‍ ചെന്നണഞ്ഞിരുന്നു. അവിടങ്ങളിലെല്ലാം പുതുസിനിമയുടെ പരാഗങ്ങള്‍ പടരുകയും ചെയ്തുതുടങ്ങിയിരുന്നു. ഒന്നുകില്‍ നിലവിലിരുന്ന സമ്പ്രദായങ്ങള്‍ പിന്തുടരുകയോ, അല്ലെങ്കില്‍ സമ്പൂര്‍ണ്ണമായും സാഹിത്യകൃതികളെ ആശ്രയിക്കുകയോ ചെയ്തിരുന്ന സിനിമ, ആ രീതി നിലനിര്‍ത്തിക്കൊണ്ടുതന്നെ സിനിമയുടെ ഭാഷയില്‍ തന്നെ എഴുതപ്പെടുന്ന, കൂടുതല്‍ കൂടുതല്‍ സമകാലികജീവിതത്തെ പ്രതിഫലിപ്പിക്കുന്ന, പ്രമേയങ്ങളെ സ്വീകരിക്കാന്‍ സന്നദ്ധമായി. നറേഷനിലെ കൃത്യത, ചടുലചലനം, ഒതുക്കം, സമയബോധം, ഛായാഗ്രഹണം, ശബ്ദലേഖനം, സംയോജനം, സ്റ്റുഡിയോ വിട്ടുപോന്നുള്ള അസ്സല്‍ ചിത്രീകരണ ഇടങ്ങള്‍ എന്നിവയിലൂടെ പുതുദൃശ്യഭാഷയിലേക്ക് ഭൂരിഭാഗം പ്രേക്ഷകരെയും തൃപ്തിയോടെയും കൗതുകത്തോടെയും കൈപിടിച്ച് നടത്തുന്ന ഇന്ത്യന്‍ സിനിമയുടെ കാലം ആസന്നമായിരുന്നു. മലയാളത്തില്‍ കെ ജി ജോര്‍ജ്ജിനെ പോലെയുള്ളവര്‍ ഈ സാഹചര്യങ്ങള്‍ സാമ്പ്രദായികമായ സിനിമയില്‍ നിന്നുള്ള മാറ്റത്തിന് അനുകൂലമായി കണ്ടെത്തി. ചിലര്‍ക്ക് അതിന് കഴിഞ്ഞില്ല.

രാജ്യത്തിന്റെ സ്വാതന്ത്ര്യലബ്ദിക്കും മുന്‍പ് ജനിച്ച ഈ ചലച്ചിത്രകാരന്‍ ഉയര്‍ന്ന് വരുന്നത് അക്കാലത്തെ ശരാശരിയിലും താഴ്ന്ന ഒരു കുടുംബത്തില്‍ നിന്നാണ്. അനുഭവങ്ങളുടെ ഖനിയില്‍ ഉരുകുന്ന ജീവിതച്ചൂടില്‍ എന്നു വിശേഷിപ്പിച്ചാല്‍ അത് ആലങ്കാരികമാവില്ല. സ്ഥിരമായി താമസിക്കാന്‍ വീടില്ലാത്ത കുടുംബം. അമ്മ ചിട്ടികള്‍ നടത്തിയും പശുവളര്‍ത്തിയും ജീവിതം മുന്നോട്ടുകൊണ്ടുപോകുമ്പോള്‍ പരസ്യബോര്‍ഡുകളെഴുത്തും കെട്ടിടങ്ങള്‍ ചായംതേക്കലുമായി മധ്യതിരുവിതാങ്കൂറില്‍ ഇടങ്ങള്‍ മാറി മാറി താമസിച്ച അച്ഛനും അമ്മക്കുമൊപ്പം കഴിഞ്ഞ കാലത്ത് ജോര്‍ജ്ജും ബോര്‍ഡെഴുത്ത് നടത്തി; കോണ്‍ഗ്രസ്സുപാര്‍ട്ടിയുടെ തെരെഞ്ഞെടുപ്പ് അടയാളമായ നുകം വെച്ച കാളകള്‍ തന്നെ ജോര്‍ജ്ജും വരച്ചു.! നേരിട്ടല്ലെങ്കിലും സ്വാതന്ത്ര്യസമരത്തിന്റെ ചെറു തിരകള്‍ ജോര്‍ജ്ജിനേയും സ്പര്‍ശിച്ചിരിക്കുന്നു. അന്ന് സാധാരണക്കാര്‍ ജീവിച്ചിരുന്ന രീതികള്‍ ജോര്‍ജ്ജിന്റെ ഓര്‍മ്മകളില്‍ ശേഖരിക്കപ്പെട്ടിരിക്കുന്നു എന്ന് നിശ്ചയം. അന്നത്തെ നാട്ടുസാഹചര്യങ്ങളില്‍ ഈ ഓര്‍മ്മകള്‍ക്ക് ഭാവനാശാലിയായ കുട്ടിയുടെ പില്‍ക്കാല ജീവിതത്തെ വലിയ അളവില്‍ തന്നെ സ്വാധീനിക്കാനാകും. നാട്ടില്‍ നടക്കുന്നതൊക്കെ ബോധ്യമാവുന്ന ഒരു മനസ്സ് ജോര്‍ജ്ജിനുണ്ടായിരുന്നു എന്ന് സ്പഷ്ടം. സിനിമകള്‍ ഇഷ്ടം പോലെ കണ്ടു. ഒരു ദിവസം ഒന്നിലധികം സിനിമകള്‍ പോലും. ആ നാടന്‍ സിനിമാകൊട്ടകകള്‍ ജോര്‍ജ്ജിന്റെ പാഠശാലകളായിരുന്നു എന്നും പറയാം. ആ അച്ഛനമ്മമാര്‍ ജോര്‍ജ്ജിന്റെ ആഗ്രഹമനുസരിച്ച് പഠിപ്പിച്ചു. സിനിമാപഠനത്തിനും അവര്‍ ജോര്‍ജ്ജിനെ അയച്ചു. ജോര്‍ജ്ജിന്റെ ആദ്യ സിനിമ ‘സ്വപ്നാടനം’ അമ്മ അന്നമ്മയും അച്ഛന്‍ സാമുവലും കാണുകയും ചെയ്തു. അന്നമ്മ മകന്റെ എല്ലാ സിനിമകളൂം കണ്ട ആളാണ്. ഒരു സാധാരണജീവിതം കഷ്ടപ്പെട്ട് നയിച്ചിരുന്ന ആ അമ്മക്ക് പോലും ഒരു ചലച്ചിത്രബോധം ഉണ്ടാവാന്‍ ഈ ചിത്രങ്ങള്‍ സഹായകമായി. ‘സ്വപ്നാടന’ത്തെ കുറിച്ച് അന്നമ്മക്ക് നല്ല അഭിപ്രായമായിരുന്നു. സ്വന്തമായ അഭിപ്രായവും രേഖപ്പെടുത്തിയതായി ജോര്‍ജ്ജിന്റെ ‘ഫ്‌ളാഷ് ബാക്’ എന്ന പുസ്തകത്തില്‍ വായിക്കാം (ഫ്‌ളാഷ്ബാക്: എന്റേയും സിനിമയുടേയും’ തയ്യാറാക്കിയത് എം എസ് അശോകന്‍).

സിനിമ കാണുന്നതിനൊപ്പം വായനയും ജോര്‍ജ്ജ് കൊണ്ടു നടന്നു. മലയാളസാഹിത്യത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ ജോര്‍ജ്ജ് പിന്തുടര്‍ന്നു. സാഹിത്യത്തിലും സിനിമയിലും സംഭവിക്കുന്നതെന്ത് എന്ന് ജോര്‍ജ്ജ് ഗൗരവത്തോടെ നിരീക്ഷിച്ചു. സിനിമയില്‍ മുന്‍ഗാമിയായ അരവിന്ദന്റെ കാര്‍ട്ടൂണ്‍ പരമ്പര ‘ചെറിയ മനുഷ്യരും വലിയ ലോകവും’ പ്രതിഫലിപ്പിച്ചിരുന്ന സാമൂഹികമാറ്റം വ്യക്തമായി മനസ്സിലാക്കി. സിനിമാസംബന്ധമായ ലേഖനങ്ങള്‍ എഴുതാന്‍ ശ്രദ്ധിച്ചു. അക്കാലത്ത് സജീവമായ ചലച്ചിത്ര സൊസൈറ്റികളില്‍ പ്രവര്‍ത്തിച്ചു. ആ സാഹചര്യങ്ങളാണ് ജോര്‍ജ്ജിനെ സിനിമ പ്രവര്‍ത്തനമേഖലയാക്കാന്‍ പ്രേരിപ്പിക്കുന്നതും പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചലച്ചിത്രപഠനത്തിനെത്തിക്കുന്നതും. ഇന്ത്യന്‍ ചലച്ചിത്രപ്രവര്‍ത്തകരുമായി അടുത്ത് പരിചയപ്പെടുന്നതിന് അവസരങ്ങള്‍ കൈവന്നു. ജോര്‍ജ്ജിന്റെ ചക്രവാളങ്ങള്‍ വിപുലമായി. ബോധ്യങ്ങള്‍ ഉറച്ചുതുടങ്ങി.

ഭരത് ഗോപിയും ജലജയും, യവനിക 
ഭരത് ഗോപിയും ജലജയും, യവനിക 

ചലച്ചിത്രപ്രവര്‍ത്തകനാവാനുള്ള ഗൃഹപാഠം നേരത്തെതന്നെ നന്നായി ചെയ്ത ഒരാളെന്നതിലുപരി കേരള സമൂഹത്തെ സ്വതന്ത്രമായ ഉള്‍ക്കാഴ്ചയോടെ മനസ്സിലാക്കാന്‍ ശ്രമിച്ച ഒരു വ്യക്തിയുടെ, ലക്ഷ്യം നിശ്ചയമുള്ള സംവിധായകനിലേക്കൂള്ള പരിണാമം എന്ന നിലയില്‍ ആണ് കെ ജി ജോര്‍ജ്ജിനെ കാണേണ്ടതെന്ന് തോന്നുന്നു. അതുകൊണ്ടായിരിക്കാം ജോര്‍ജ്ജിന്റെ ചലച്ചിത്രങ്ങള്‍ നല്ലൊരു വിഭാഗം കരുത്തുറ്റവയായത്. അതു വഴി വന്ന ആത്മവിശ്വാസം ആദ്യ ചലച്ചിത്രത്തെതന്നെ ധീരമായ ഒരു കാല്‍വെയ്പ്പാക്കിമാറ്റാന്‍ ജോര്‍ജ്ജിനെ പ്രേരിപ്പിച്ചിട്ടുണ്ട്. കേരളീയ സമൂഹജീവിതത്തിലെ കാണാനോ പറയാനോ ഉണ്ടെന്നു സമ്മതിക്കാനോ മലയാളസിനിമ തയ്യാറാവാതിരുന്ന സമാന്തരമായ അതിജീവനത്തിന്റെ ദുരിതാനുഭവങ്ങളും മേല്‍ത്തട്ടിലെ ധനജാതിമത അധീശത്വങ്ങളും, സ്ത്രീവിരുദ്ധതയും, ഗാര്‍ഹികാതിക്രമങ്ങളും വഞ്ചനയും ജോര്‍ജ്ജ് പ്രമേയമാക്കി. ഒട്ടുമിക്കവാറും സുഖപ്രദമായ അനുഭവമാക്കിമാറ്റാനല്ലാതെ യാഥാര്‍ഥ്യങ്ങളെ സമൂഹത്തിന്റെ പൊതുമുറ്റത്തേക്കു കൊണ്ടുവരുന്ന വാഹിനിയായി സിനിമയെ ഉപയോഗപ്പെടുത്തുന്നതില്‍ ഒറ്റക്കുള്ള ശ്രമങ്ങള്‍പോലും ഉണ്ടായിരുന്നില്ല. ദശകങ്ങളുടെ ദീര്‍ഘ ഇടവേളകളില്‍ മാത്രം കണ്ടുവന്ന പ്രതിഭാസമായിരുന്നു ആരുടെയെങ്കിലും ഭാഗത്ത് നിന്നുണ്ടാവുന്ന അത്തരം പ്രമേയങ്ങള്‍.

‘സ്വപ്നാടനം’ ആ കാലത്ത് കേരളത്തില്‍ വൈവാഹികബന്ധത്തിലെ പൊരുത്തക്കേടുകള്‍ക്ക് പിന്നിലെ അധികമൊന്നും അന്വേഷിക്കപ്പെടാതിരുന്ന ഘടകങ്ങള്‍ കൂടി പ്രമേയത്തില്‍ പരിശോധിക്കുന്നതായി നാം കാണുന്നു. പ്രമേയം ഒന്നു രണ്ടു വരികളില്‍ ഒതുങ്ങുമ്പോള്‍ അത് പ്രേക്ഷകര്‍ കണ്ടോ കേട്ടോ പരിചയിച്ച, ധനികയായ യുവതിയും ധനികനല്ലാത്ത യുവാവും തമ്മിലുള്ള വെറും വിവാഹപൊരുത്തമില്ലായ്മയായി മാത്രം തോന്നാം. എന്നാല്‍ ആ പ്രമേയം ചലച്ചിത്രത്തില്‍ വിസ്തരിക്കപ്പെടുമ്പോള്‍ മാനസികസംഘര്‍ഷത്തിന്റെ കാണാക്കയങ്ങളിലേക്കും സ്ത്രീയുടെയും പുരുഷന്റേയും വ്യക്തിത്വദൗര്‍ബല്യങ്ങളിലേക്കും ശക്തികളിലേക്കും എല്ലാം കടന്നുചെല്ലുന്നു. സാധാരണഗതിയില്‍ കുട്ടികള്‍ക്ക് കോരികയില്‍ പകര്‍ന്നു കൊടുക്കുന്ന ഭക്ഷണം പോലെ, സിനിമാക്കഥകള്‍ പ്രേക്ഷകര്‍ക്ക് നല്‍കിക്കൊണ്ടിരുന്ന ചലച്ചിത്രാഖ്യാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി, അവരുടെ വികാരങ്ങളുടെ മാത്രമല്ല വിവേചനബുദ്ധിയുടെയും പങ്കാളിത്തം ആവശ്യപ്പെടുന്ന രീതിയിലേക്ക് ‘സ്വപ്നാടനം’ ഒരുക്കപ്പെട്ടിരുന്നു. ആ ചിത്രത്തെ ‘സൈക്കോഡ്രാമ’യെന്നാണ് ജോര്‍ജ്ജ് വിശേഷിപ്പിക്കുന്നത്. കഥാപാത്രങ്ങളുടെ മാനസികവ്യാപാരങ്ങളിലേക്ക് അസാധാരണമായി കടന്നുകയറുന്ന ചലച്ചിത്രമായിരുന്നു ‘സ്വപ്നാടനം’. ഗാനങ്ങള്‍ നിരാകരിച്ചുകൊണ്ടും പ്രമേയത്തെ അതിഭാവുകത്വം കൊണ്ടു പൊതിയാതെയും, കഥാപാത്രങ്ങള്‍ക്കായി അഭിനേതാക്കളെ ആകാരത്തിലും ഭാവത്തിലും അളന്നെടുത്തും ‘സ്വപ്നാടന’ത്തെ ഒരുക്കി ജോര്‍ജ്ജ് സിനിമ എന്ന മാധ്യമത്തിന് നിര്‍വഹിക്കാനുള്ള കലാദൗത്യം എന്തെന്ന് വിശദീകരിച്ചു. റാണിചന്ദ്രയുടെ ധനികഭാര്യ കഥാപാത്രവും ഡോ മോഹന്‍ദാസിന്റെ മീറിനില്ക്കാത്ത ഭര്‍തൃകഥാപാത്രവും എത്ര സൂക്ഷ്മമായാണ് എഴുതപ്പെട്ടതും കാസ്റ്റ് ചെയ്യപ്പെട്ടതും എന്ന് ആദ്യമായി സംവിധാനം ചെയ്യാന്‍ പോകുന്ന ഒരു ചലച്ചിത്രകാരനെകുറിച്ച് ആലോചിച്ച് നാം അത്ഭുതപ്പെടും. പരിചിതമുഖങ്ങള്‍ തേടിപ്പോകലല്ല ചിലപ്പോഴെങ്കിലും ചലച്ചിത്രകാരന്മാര്‍ ചെയ്യേണ്ടത്. അരവിന്ദന്‍ ഈ കലാപ്രമാണം അനുവര്‍ത്തിച്ച സംവിധായകനാണ്. ‘ഉത്തരായന’ത്തിലും (ഡോ മോഹന്‍ ദാസ്) ‘പോക്കുവെയിലി’ലും (ബാലചന്ദ്രന്‍ ചുള്ളിക്കാട്, കല്പന) ‘എസ്തപ്പാനി’ലും (രാജന്‍ കാക്കനാടന്‍) ‘കാഞ്ചനസീത’യിലും (ഊര്‍മ്മിള) മറ്റും അരവിന്ദന്‍ ചെയ്തത് ഓര്‍മ്മിക്കുക. എന്നാല്‍ പുതുമുഖങ്ങളെ അവതരിപ്പിക്കലുമല്ല കാസ്റ്റിങ്ങ്.

ജോര്‍ജ്ജിന്റെ ചലച്ചിത്രങ്ങളില്‍ നിന്ന് എത്രയോ മുന്‍പ് ഉറപ്പിച്ചിരുന്ന ഒരു ചലച്ചിത്രയാത്ര കണ്ടെടുക്കാം. ജോര്‍ജ്ജ് അത് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് പുറത്തുവരുമ്പോള്‍ മനസ്സില്‍ രൂപപ്പെട്ടിരുന്ന നാലു പ്രമേയങ്ങളെങ്കിലും ഉണ്ടായിരുന്നു ജോര്‍ജ്ജിന് പറയാന്‍. നാടകലോകം പശ്ചാത്തലമാക്കുന്ന ഒന്ന്, സിനിമതന്നെ പ്രമേയമാകുന്ന ഒരു ചിത്രം. ഒരു പൊളിറ്റിക്കല്‍ ലാമ്പൂണ്‍, സ്ത്രീകള്‍ക്ക് തരണം ചെയ്യേണ്ടതായ പ്രശ്‌നങ്ങള്‍. ഈ നാലു പ്രമേയങ്ങളും ജോര്‍ജ്ജ് ഒന്നൊന്നായി സംവിധാനം ചെയ്ത് അവതരിപ്പിച്ചു. ‘യവനിക’, ‘ലേഖയുടെ മരണം: ഒരു ഫ്‌ളാഷ്ബാക്ക്’, ‘ആദാമിന്റെ വാരിയെല്ല്’, ‘പഞ്ചവടിപ്പാലം’. ഈ ചിത്രങ്ങള്‍ ജോര്‍ജ്ജിന്റെ ദൃശ്യഭാഷയില്‍ കഥ പറയുന്നതിലെ വൈദഗ്ദ്ധ്യം അസ്സലായി ബോധ്യപ്പെടുത്തുന്നവയാണ്. മറ്റു ചിത്രങ്ങള്‍ സ്വാഭാവികമായി സംഭവിച്ചുപോകുന്നതാണെങ്കിലും ചിന്തിച്ചുറപ്പിച്ച് സൃഷ്ട്ടിച്ചവ തന്നെ ആയിരുന്നു.

ജോര്‍ജ്ജിന്റെ എല്ലാ ചിത്രങ്ങളെപ്പറ്റിയും രേഖപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. ജോര്‍ജ്ജ് തന്നെ നിരാകരിച്ചവയാണ് ‘സ്വപ്നാടന’ത്തിന്റെ സ്വീകാര്യതക്ക് ശേഷം വീണ്ടുവിചാരമില്ലാതെ ചെയ്തുപോയ ചിത്രങ്ങള്‍. അതിനു ശേഷം ജോര്‍ജ്ജ് യാത്ര ചെയ്തത് ‘സ്വപ്നാടന’ത്തിന്റെ തിക്തയാഥാര്‍ഥ്യത്തില്‍ നിന്ന് ‘ഉള്‍ക്കടലിന്റെ തരളിതയിലേക്കായിരുന്നു. പ്രേക്ഷകര്‍ക്കിഷ്ടമായ ഒരു ക്യാമ്പസ് ഗാഥയായി അത് മാറി. മിക്ക ചലച്ചിത്രകാരന്മാരും തങ്ങളുടെയൂള്ളിലെ ഒരു സ്വപ്നലോകത്തെ ഇപ്രകാരം തേടിപ്പോകാന്‍ ശ്രമിച്ചവരാണ്. ഭഗ്‌നപ്രണയം പോലെ തന്നെ പരാജയപ്പെട്ട പ്രണയകഥകളില്‍നിന്നു ശോണിമ മാഞ്ഞ് വിളര്‍ച്ച വന്നുപോയ അനുഭവങ്ങള്‍ ചലച്ചിത്രത്തില്‍ നിരവധി ഉണ്ടായിട്ടുമുണ്ട്. ‘ഉള്‍ക്കടല്‍’ ശോണിമ മങ്ങാതെ ജോര്‍ജ്ജിനെ രക്ഷിച്ചു എന്നു പറയാം. പക്ഷെ അതല്ല താന്‍ പറയാന്‍ ഉദ്ദേശിക്കുന്ന കഥകളെന്നു പിന്നീട് ജോര്‍ജ്ജ് ഉറച്ചുതീരുമാനിക്കുകയുണ്ടായി.

ഇരകളില്‍ ഗണേഷ്‌കുമാര്‍ 
ഇരകളില്‍ ഗണേഷ്‌കുമാര്‍ 

ഫെല്ലിനിയുടെ ‘ലാ സ്റ്റ്രാഡ’ തൊട്ടിങ്ങോട്ട് എത്രയോ ലോകഭാഷകളില്‍ മിന്നിവന്നു പോയ പ്രമേയമാണ് സര്‍ക്കസ്തമ്പിലെ ജീവിതം. മലയാളത്തില്‍ തന്നെ നിരവധി തമ്പുകഥകള്‍ വന്നിരിക്കുന്നു. ജോര്‍ജ്ജും അങ്ങനെ ഒന്നിന് ജന്മം നല്കി. ‘മേള; കുറുകിയ മനുഷ്യന്റെ കഥയാണിതെന്ന പ്രത്യേകത എടുത്തുപറയാനുണ്ട്. നായകസങ്കല്പ്പത്തിന്റെ ഒരു തകിടം മറിച്ചില്‍ ‘മേള’യിലുണ്ട്’. (ഇപ്പോള്‍ അറുപത്തഞ്ചാം വയസ്സിലെത്തിയ മമ്മൂട്ടി ശ്രദ്ധേയനായ നടനായി മാറുന്ന ചിത്രമായിരുന്നു എന്നുമൊരു വിശേഷം മേളക്കുണ്ടായിരുന്നു.) ജോര്‍ജ്ജിന്റെ ചിത്രങ്ങളില്‍ സാമ്പ്രാദായികവഴികളില്‍ നിന്നു തിരിഞ്ഞുപോകുന്ന പ്രധാനചിത്രങ്ങളിലൊന്ന് ‘കോലങ്ങള്‍’ ആണ്. പി ജെ ആന്റണിയുടെ കഥ. നാട്ടിന്‍പുറത്തെ പരുക്കന്‍ കഥാപാത്രങ്ങള്‍, അവരുടെ ദൗര്‍ബല്യങ്ങളും കുന്നായ്മകളും സ്വാര്‍ഥതയും... അന്യരുടെ ജീവിതം വേദനാപൂര്‍ണ്ണമാക്കുന്നതില്‍, സന്തോഷങ്ങള്‍ ചോര്‍ത്തിക്കളയുന്നതില്‍ താല്പര്യവ്യൂം സന്തോഷവും കണ്ടെത്തുന്നവര്‍. മലയാള സിനിമയില്‍ ഈ ആള്‍ക്കൂട്ടം അവയുടെ തനിസ്വരൂപത്തില്‍ അതിനിശിതമായി കാണപ്പെടുന്നത് ആദ്യാനുഭവമായിരുന്നു. വളരെ ക്‌ളേശിച്ച് ധനദാരിദ്ര്യം അനുഭവിച്ച് ഒരുക്കിയ ചിത്രമായിരുന്നു ‘കോലങ്ങള്‍’. എന്നാല്‍ പറയാന്‍ ഉദ്ദേശിച്ചത് ഉദ്ദേശിച്ചപോലെ പറഞ്ഞ സിനിമയായിരുന്നു അത്. ‘മേള’യും, ‘കോലങ്ങളും’ കഴിഞ്ഞാണ് ജോര്‍ജ്ജിന്റെ ‘യവനിക’ എത്തുന്നത്. അതൊരു ക്രെസെന്‍ഡൊ ആയിരുന്നു. നാടകവേദിയും തിരശ്ശീലയും നേരിയ അതിര്‍ത്തിയുടെ അപ്പുറവും ഇപ്പുറവുമായി ഒരു കഥയെ മാത്സര്യബുദ്ധിയോടെ മുന്നോട്ടുനയിക്കുന്നതിന്റെ അനിതരസാധാരണമായ കാഴ്ചയായിരുന്നു ‘യവനിക’ പ്രദാനം ചെയ്തത്. അഭിനേതാക്കളുടെ കൂട്ടം പ്രതിഷേധിച്ചുവെങ്കിലും ‘അക്‌റ്റേര്‍സ് ആര്‍ ടു ബി ട്രീറ്റെഡ് ലൈക്ക് കാറ്റില്‍സ്’ എന്ന ആല്‍ഫ്രെഡ് ഹിച്ച്‌കോക്കിന്റെ (കഥാപാത്രങ്ങള്‍ കന്നുകാലികളെ പോലെ മേക്കപ്പെടേണ്ടവരാണ്) അഭിപ്രായം ഓര്‍മ്മപ്പെടുത്തുന്നതായിരുന്നു എന്നെ സംബന്ധിച്ചിടത്തോളം ‘യവനിക’യിലെ കഥാപാത്രങ്ങളും അഭിനേതാക്കളും. കഥാപാത്രങ്ങളാണ് പ്രധാനം, അവരിലേക്ക് ആവാഹിക്കപ്പെടേണ്ടവരായ അഭിനേതാക്കളെ മെരുക്കുന്ന ശ്രമകരമായ പ്രക്രിയയെപറ്റിയായിരുന്നു ഹിച്ച്‌കോക്ക് അങ്ങനെ ഒരു പ്രയോഗം നടത്താനുണ്ടായ സാഹചര്യം. ആ അഭിപ്രായത്തിനൊത്ത ഭാവശേഷി കൈവന്ന ചിത്രമാണ് ജോര്‍ജ്ജിന്റെ ‘യവനിക’. ഹിച്ച്‌കോക്ക് പറഞ്ഞതുപോലെ ജോര്‍ജ്ജ് പറയാന്‍പോയില്ലെങ്കിലും! ഗോപിയുടെ അയ്യപ്പന്‍ തബല കലാകാരനും വിടനും മദ്യപനും നിഷ്ഠൂരനും ആയി പരിണമിക്കുമ്പോള്‍ നിരവധി മനുഷ്യമനസ്സുകള്‍ ഒന്നിച്ചു കുടിയേറുന്ന ശരീരമായി മാറുകയായിരുന്നുവല്ലൊ. ആ മാറ്റം നടന് എത്ര ക്ലേശകരമോ അത്രക്ക് ക്‌ളേശകരവും ആശങ്കാജനകവുമാണ് സംവിധായകനും. ഇന്നും ‘യവനിക’യില്‍ കണ്ടെത്തേണ്ട പലതായ പുതിയ സിനിമാനുഭവങ്ങള്‍ ഉണ്ടെന്നു തന്നെ ആണ് ഞാന്‍ കരുതുന്നത്. പ്രത്യേകിച്ച് സംവിധായകന്‍ നടനില്‍ വരുത്തുന്ന അത്ഭുതകരമായ ഭാവപരിണാമം.

‘ലേഖയുടെ മരണം ഒരു ഫ്‌ളാഷ്ബാക്ക്’ ജോര്‍ജ്ജിന് സിനിമാലോകത്തുനിന്ന് ശകാരവും വിമര്‍ശനവും ഏല്‌ക്കേണ്ടിവന്ന ചലച്ചിത്രമാണ്. ഈ ചലച്ചിത്രത്തിന്റെ ചിത്രീകരണമായിരുന്നു ഞാന്‍ ഒരു ചലച്ചിത്രമാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ‘കോലങ്ങള്‍’ പോലെ ദരിദ്രമായിരുന്നില്ല സമ്പന്നമായിരുന്നു ഈ ചിത്രത്തിന്റെ നിര്‍മ്മാണസജ്ജീകരണങ്ങള്‍. ഞാന്‍ പങ്കെടുത്തത് മദിരാശിയിലെ അന്നത്തെ മുന്തിയ ഹോട്ടലുകളിലൊന്നായ കണ്ണിമാറയിലെ ബാന്‍ക്വെറ്റ് ഹാളിലൊരുക്കിയ സത്കാരരംഗത്തിലാണ്. ഉര്‍വശീപുരസ്‌കാരം നേടിയ നായികക്ക് ചലച്ചിത്രലോകം ഒരുക്കിയ സ്വീകരണവും സത്കാരവും. ബോളിവുഡ്ഡിലോ ഹോളിവുഡ്ഡിലോ ആയിരുന്നുവെങ്കില്‍ അന്നവിടെ കണ്ട ആഡംബരത്തിന്റെ നൂറും ആയിരവും മടങ്ങ് സജ്ജീകരണങ്ങളാണ് സംവിധായകന് ചിത്രീകരണത്തിന് ലഭിക്കുമായിരുന്നത്. എന്നാല്‍ ജോര്‍ജ്ജിന് ആ വേളയിലെ സംഭവങ്ങള്‍ മാത്രം മതിയായിരുന്നു ചിത്രത്തിന് ഉള്‍ക്കരുത്ത് പകരാന്‍. അഭിനേതാക്കളുടെ ആത്മഹത്യ, പ്രത്യേകിച്ച് നടിമാരുടേത് ലോകം മുഴുവനുള്ള ഒരു ദുരന്ത പ്രതിഭാസമായിരുന്നു. ജോര്‍ജ്ജിന്റെ പ്രമേയകേന്ദ്രവും അത്തരമൊരു ആത്മഹത്യ തന്നെ. അഭിനയജീവിതത്തിന്റെ ഉത്തുംഗതയില്‍ നില്‍ക്കുന്ന ഒരു നടിയുടെ ജീവിതപരാജയവും പിന്തുടര്‍ന്ന ആത്മഹത്യയും ആവിഷ്‌ക്കരിക്കാന്‍ സിനിമാലോകത്തെ മുഴുവന്‍ ഭൂതക്കണ്ണാടിയിലൂടെ പരിശോധിക്കാന്‍ മുതിര്‍ന്നിരുന്നു ജോര്‍ജ്ജ്.

ജോര്‍ജ്ജ് ആഗ്രഹിച്ച വിധം ചിത്രീകരിച്ച ഒന്നായിരുന്നു ‘ആദാമിന്റെ വാരിയെല്ല്’. സ്ത്രീപക്ഷവാദിയല്ലാതിരുന്നിട്ടും ജോര്‍ജ്ജ് ഇത്തരമൊരു സ്ത്രീപക്ഷചിത്രം നിര്‍മ്മിക്കാന്‍ ഒരുങ്ങിയത് നേരത്തെ തന്നെ മനസ്സില്‍ രൂപപ്പെട്ടിരുന്ന സാമൂഹ്യസാഹചര്യങ്ങളാണ്. കുടുംബസാഹചര്യങ്ങളില്‍ അഭിപ്രായങ്ങള്‍ക്ക് വിലയില്ലാതിരുന്ന സ്ത്രീകളെ മാത്രം കണ്ടുപരിചയിച്ച ജോര്‍ജ്ജിന് അതിലെ രാഷ്ട്രീയമാനങ്ങള്‍ ചിത്രീകരിച്ചാല്‍ കൊള്ളാമെന്ന് തോന്നിയതിന്റെ പരിണാമമാണ് ‘ആദാമിന്റെ വാരിയെല്ല്’. ജോര്‍ജ്ജിന്റെ ഭാഷയില്‍ ‘സ്വാതന്ത്ര്യബോധത്തോടെ കുതറുന്ന എന്നാല്‍ പരാജയപ്പെട്ടുപോകുന്ന സ്ത്രീകഥാപാത്രങ്ങള്‍’. അത് ഒരു ഡോക്യുമെന്ററി സംവിധായകന്റെ കാഴ്ചപ്പാടിലൂടെ ചിത്രീകരിച്ചുകൊണ്ട് ജോര്‍ജ്ജ് കഥാചിത്രത്തിന്റെ നറേഷന് വ്യതിയാനവും വരുത്തി.

ജീവിതത്തില്‍ തന്റെ പരിചയസീമയിലുള്ളവരെ പിടിച്ചിറക്കിക്കൊണ്ടുവന്ന് സംവിധായകന്‍ ക്യാമറക്കു മുന്നിലെത്തിച്ച സ്ത്രീകഥാപാത്രങ്ങള്‍ അതിനവസരമൊരുക്കിയവര്‍ക്ക് പോലും തങ്ങളുടെ മോചനത്തിന് ഒരു കൈ സഹായിക്കാനാവില്ലെന്ന ബോധ്യത്തോടെ ക്യാമറ തട്ടിമാറ്റി സംവിധായകനെയും ഛായാഗ്രാഹകനേയും വിഗണിച്ച് മുന്നോട്ടുകുതിക്കുന്നതില്‍ ഒരു സ്വയം തിരിച്ചറിയല്‍ കൂടി ജോര്‍ജ്ജ് നടത്തുന്നുണ്ട്. ഏതു മുന്നേറ്റത്തിലും സമൂഹത്തിന്റെ സഹായം വളരെ പരിമിതികള്‍ നിറഞ്ഞതാവും എന്ന്.

കെ.ജി.ജോര്‍ജ്ജ്‌ 
കെ.ജി.ജോര്‍ജ്ജ്‌ 

ജോര്‍ജ്ജിന്റെ ഏറ്റവും കരുത്ത് നിറഞ്ഞ രാഷ്ട്രീയ നിലപാടാണ് ‘ഇരകള്‍’ എന്ന ചിത്രത്തിന്റെ ശക്തി. ഭരണകൂടത്തിന്റെ ജനവിരുദ്ധചെയ്തികളും ചരിത്രത്തിന്റെ ഗതിയും എഴുത്തിലായാലും ചലച്ചിത്രത്തിലായാലും കലാകാരന് അധികാരപ്രമത്തതയുടെ കഥപറയാനുള്ള യാത്രയായി മാറുന്നു. പുസ്തകങ്ങളും സിനിമകളും ഉണ്ടാവുന്നു. ‘ഇരകള്‍’ അത്തരമൊരു ചേസ് ആയിരുന്നു. ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥയും തുടര്‍ന്നുള്ള ഇന്ത്യന്‍ രാഷ്ട്രീയാവസ്ഥയും ആയിരുന്നു ജോര്‍ജ്ജിനെ ചില ചോദ്യങ്ങളുമായി ഈ ചിത്രം സംവിധാനം ചെയ്യാന്‍ പ്രേരിപ്പിച്ചത്. രാഷ്ട്രം അല്ല രാഷ്ട്രത്തെ കുടുംബമെന്ന മോളിക്യൂളിലാക്കി ആണ് ജോര്‍ജ്ജ് തനിക്ക് പറയാനുള്ളതത്രയും പറഞ്ഞത്. പാലക്കുന്നേല്‍ എന്ന ധനികകുടുംബത്തിന്റെ കഥ ഒരു ദേശത്തേക്കോ സമുദായത്തിലേക്കോ രാഷ്ട്രത്തിലേക്കോ വികസിപ്പിക്കാവുന്നതേയുള്ളൂ. ജോര്‍ജ്ജിന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ ഈ അന്യാപദേശചിത്രത്തിലൂടെ സ്പഷ്ടമായിരുന്നു. ഇത്തരം നിലപാടുകളൂടെ പ്രോട്ടോടൈപ്പുകള്‍ ജോര്‍ജ്ജ് പല ചിത്രങ്ങളിലായി നിര്‍വഹിച്ചിട്ടുമുണ്ട്. ജോര്‍ജ്ജ് ചലച്ചിത്രത്തില്‍ നിന്ന് പിന്മടങ്ങുന്നതിന് മുന്നെ തന്നെ അദ്ദേഹത്തിന്റെതല്ലാത്ത ശൈലിയില്‍ മുന്നോട്ടുപോകുന്നതില്‍ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. അതു മനസ്സിലാക്കുകയും ‘ഉപാധികള്‍ക്ക് വിധേയമായി സിനിമ ചെയ്യുന്നതിന്റെ നിരര്‍ത്ഥകതയെക്കുറിച്ച് ബോധ്യം വന്നപ്പോള്‍’ ഈ സംവിധായകന്‍ ചലച്ചിത്രം തന്നെ ഉപേക്ഷിക്കുകയായിരുന്നു.

കെ ജി ജോര്‍ജ്ജിനെ പ്രശസ്ത ഇറ്റാലിയന്‍ സംവിധായകന്‍ ഫ്രാന്‍സിസ്‌കൊ റോസിയുമായി താരതമ്യം ചെയ്യുന്നതില്‍ അര്‍ത്ഥമൊന്നുമില്ല. അങ്ങനെ ചെയ്താല്‍ അതെന്റെ പരമവിഡ്ഡിത്തം മാത്രമാവും, എന്നാല്‍ ചിലപ്രമേയങ്ങള്‍ കെ ജി ജോര്‍ജ്ജ് കയ്യാളുമ്പോള്‍ റോസിയെ, റോസിയുടെ ചിത്രങ്ങള്‍ എനിക്കോര്‍മ്മ വരും. റോസിയുടെതിന് സമാനമായ രാഷ്ട്രീയ നിലപാടുകളാണ് കെ ജി ജോര്‍ജ്ജിനും ഉള്ളതെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. കെ ജി ജോര്‍ജ്ജ് കേരളത്തിലേക്കും ഇവിടുത്തെ സാധാരണ ജീവിതത്തിലേക്കും ദൃഷ്ടി പായിച്ച സംവിധായകനാണ്. അതുകൊണ്ട് തന്നെ ഒരു വ്യക്തിപരമായ കാര്യം പറഞ്ഞുകൊണ്ട് ഞാന്‍ അവസാനിപ്പിക്കട്ടെ. ഞാന്‍ ഒരു ചലച്ചിത്ര കഥ പറയാന്‍ ആദ്യം സമീപിച്ച വ്യക്തി കെ ജി ജോര്‍ജ്ജാണ്. ഒരു അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രദര്‍ശനങ്ങളുടെ ഇടവേളയില്‍ കിട്ടിയ സമയം കൊണ്ട് ഞാന്‍ ആ പ്രമേയം വിസ്തരിച്ചു. ചിന്തയും ധാരണകളും ഇല്ലാതാവുകയും നാട് അടക്കമില്ലാത്ത ആള്‍ക്കൂട്ടം പിടിച്ചടക്കുകയും ചെയ്യുന്ന ഒരു സന്ദര്‍ഭത്തില്‍ ഭരണകൂടം ദിശയും യുക്തിയും വിവേകവും തെറ്റി കിരാത നടപടികളിലേക്ക് നീങ്ങുകയും രാത്രിയുടെ മറവില്‍ സൈന്യം പ്രശ്‌നപരിഹാരമെന്നോണം നീട്ടിയ നിറതോക്കുകളുമായി ജനങ്ങളെ തന്നെ ഇല്ലായ്മ ചെയ്യുന്നതാണ് സൗകര്യം എന്ന ഉത്തരവ് സ്വീകരിച്ച് നാടിന്റെ നാനാഭാഗങ്ങളിലേക്കും മാര്‍ച്ച് ചെയ്യുന്നതുമായ ഒരു പ്രമേയം ജോര്‍ജ്ജ് ശ്രദ്ധാപൂര്‍വം കേട്ടിരുന്നു. ആ പ്രമേയം അപ്പോള്‍ സിനിമയാകണമെന്നൊന്നും കരുതിയല്ല ഞാന്‍ പറഞ്ഞത്. സാധ്യതകളും കുറവാണ്. എന്നാല്‍ ഒരുപാട് കാലം കഴിയുമ്പോള്‍ വാസ്തവമായും അങ്ങനെ ഒരു ചരിത്രഗതി സംഭവിക്കാം, അന്ന് ആലോചിക്കാന്‍ വകയാവും എന്ന് കരുതിയാണ്. പല രാജ്യങ്ങളിലും അങ്ങനെ സംഭവിക്കുകയും ചെയ്തു. അത്തരമൊരു രാഷ്ട്രീയാവസ്ഥ മനസ്സിലാക്കാന്‍ എന്തായാലും ജോര്‍ജ്ജിന് കഴിയുമെന്നാണ് അദ്ദേഹത്തിന്റെ ചലച്ചിത്രങ്ങള്‍ എന്നെ ബോധ്യപ്പെടുത്തിയത്.

മലയാളിക്ക് ജോര്‍ജ്ജിന്റെ കാലവും സിനിമകളും പ്രിയപ്പെട്ടതാണ്.