ചോ രാമസ്വാമി: വഴിതെറ്റി കൂടാരം കയറിയ ജനാധിപത്യവാദി 

December 7, 2016, 8:20 pm
ചോ രാമസ്വാമി: വഴിതെറ്റി കൂടാരം കയറിയ ജനാധിപത്യവാദി 
Columns
Columns
ചോ രാമസ്വാമി: വഴിതെറ്റി കൂടാരം കയറിയ ജനാധിപത്യവാദി 

ചോ രാമസ്വാമി: വഴിതെറ്റി കൂടാരം കയറിയ ജനാധിപത്യവാദി 

ജയലളിതയെ വേദിയിലേക്കും വെള്ളിത്തിരയിലേക്കും ആനയിച്ചവരില്‍ പ്രധാനിയായിരുന്നു ചോ രാമസ്വാമി. അവര്‍ ഒരുമിച്ച് 19 ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അതിനേക്കാള്‍ പ്രധാനം എംജിആറിന്റെയും ജയലളിതയുടെയും മുഖ്യ ഉപദേഷ്ടാവായിരുന്നു ചോ എന്നതാണ്. ജയലളിത കിടന്ന ആശുപത്രിയില്‍ ചോ രോഗിയായി ഉണ്ടായിരുന്നു. ജയലളിതയുടെ മരണാനന്തരദൃശ്യങ്ങള്‍ ടെലിവിഷനില്‍ കണ്ടതിനുശേഷമാണ് ചോ കണ്ണടച്ചത്. ജീവിതത്തിലെ വഴികാട്ടി മരണത്തിലും കൂടെയുണ്ടാകുന്നു.

അഭിഭാഷകകുടുംബത്തില്‍ ജനിച്ച് അഭിഭാഷകനായി ഔദ്യോഗികജീവിതം ആരംഭിച്ചയാളാണ് രാമസ്വാമി. എന്നാല്‍ അഡ്വക്കറ്റ് എന്ന വിശേഷണത്തില്‍ അദ്ദേഹത്തിന്റെ വൈവിധ്യമാര്‍ന്ന കര്‍മമേഖലയെ പരിമിതപ്പെടുത്താനാവില്ല. അഭിഭാഷകവൃത്തിയില്‍നിന്ന് താനേ അടര്‍ന്നുപോയ രാമസ്വാമി വ്യത്യസ്തങ്ങളായ സരണികളില്‍ ഒരേ സമയം സഞ്ചരിച്ചു. എല്ലാ മേഖലകളിലും വിജയം വരിക്കാനായ ചോ നിരന്തരമായ ഒഴുക്കില്‍ പായല്‍ പിടിക്കാത്ത കല്ലുപോലെ തിളങ്ങി. രോമരഹിതമായ ശിരസിനും മുഖത്തിനും ആ തിളക്കമുണ്ടായിരുന്നു. വിഭൂതിയുടെ മൂന്ന് സമാന്തരരേഖകള്‍ വിശാലമായ നെറ്റിത്തടത്തില്‍ തിരിച്ചറിയല്‍ അടയാളമായി തെളിഞ്ഞു കിടന്നു.

സവ്യസാചി, പരിണതപ്രജ്ഞന്‍, ബഹുമുഖപ്രതിഭ, സര്‍വകലാവല്ലഭന്‍ തുടങ്ങിയ പദങ്ങളില്‍ ചോയെ ഒതുക്കാനാവില്ല. അദ്ദേഹം ഒരേസമയം പലതായിരുന്നു. പത്രപ്രവര്‍ത്തകന്‍, അഭിനേതാവ്, നാടകകൃത്ത്, തിരക്കഥാകൃത്ത്, നര്‍മത്തിന്റെ മര്‍മമറിഞ്ഞ എഴുത്തുകാരന്‍ - അങ്ങനെ പലതും. 1963 മുതലുള്ള 42 വര്‍ഷത്തിനിടയില്‍ അദ്ദേഹം 190 ചിത്രങ്ങളില്‍ അഭിനയിച്ചു. എംജിആറും ശിവാജി ഗണേശനും ഉള്‍പ്പെടെ തമിഴിലെ പ്രമുഖര്‍ക്കൊപ്പമായിരുന്നു അഭിനയം. നാഗേഷുമായിച്ചേര്‍ന്ന് നര്‍മത്തിന്റെ താരജോഡിയാകാനും അദ്ദേഹത്തിനു കഴിഞ്ഞു.

നര്‍മമായിരുന്നു ചോയുടെ സ്ഥായിയായ ഭാവവും മുദ്രയും. നര്‍മത്തിലൂടെ ചോരയിറ്റു വീഴുന്ന രാഷ്ട്രീയവിമര്‍ശം ചോ നടത്തി. 1968ല്‍ അദ്ദേഹമിറക്കിയ മുഹമ്മദ് ബിന്‍ തുഗ്ലക് പ്രസിദ്ധമായത് ഇന്ദിര ഗാന്ധിക്കെതിരെയുള്ള ഒളിയമ്പുകളുടെ പേരിലായിരുന്നു. മുഹമ്മദ് ബിന്‍ തുഗ്ലക് എന്ന ഭ്രാന്തന്‍ ചക്രവര്‍ത്തി ഖബറില്‍ നിന്നെഴുന്നേറ്റ് ഇന്ത്യയുടെ പ്രധാനമന്ത്രിയാകുന്നതാണ് നാടകത്തിന്റെ പ്രമേയം. ഏകാധിപത്യത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത എതിര്‍പ്പും വെറുപ്പും ചോ മറച്ചുവച്ചില്ല. അതേസമയം അധികാരസ്ഥാനങ്ങളോട് അദ്ദേഹം അടുത്തു നില്‍ക്കുകയും ചെയ്തു. ഇന്ദിര ഗാന്ധിയെയും കാമരാജിനെയും അടുപ്പിക്കുന്നതിനുള്ള ഇടനിലക്കാരനായും ഒരു ഘട്ടത്തില്‍ അദ്ദേഹം വര്‍ത്തിച്ചു.

തുഗ്ലക് നേടിയ ജനപ്രീതി നിമിത്തമാണ് ചോ അതേ പേരില്‍ 1970ല്‍ ഒരു മാസിക ആരംഭിച്ചത്. കേരളത്തിലെപ്പോലെ അധികാരികളെ അത്ര സ്വതന്ത്രമായി പരിഹസിക്കുന്നതിനോ വിമര്‍ശിക്കുന്നതിനോ അവസരമില്ലാത്ത തമിഴ്‌നാട്ടില്‍ ചോയുടെ നിര്‍ഭയത്വം ശ്രദ്ധപിടിച്ചു. ചിരിക്കുന്നതിന് വിലക്കുണ്ടായിരുന്ന അടിയന്തരാവസ്ഥയില്‍ തുഗ്ലക്കിനും സെന്‍സറുടെ വിലക്കുകളുണ്ടായി. ഭരണഘടനയുടെ താളുകള്‍ സഞ്ജയ് ഗാന്ധിക്ക് കളിക്കാറുണ്ടാക്കാന്‍ കീറിയെറിഞ്ഞുകൊടുത്ത അക്കാലത്ത് അനായാസം ഭരണഘടന ഭേദഗതി ചെയ്യപ്പെടുന്നതിനെ വിമര്‍ശിച്ച് തയാറാക്കിയ കാര്‍ട്ടൂണ്‍ തുഗ്ലക്കില്‍ പ്രസിദ്ധപ്പെടുത്താനായില്ല. ഇന്ദിര ഗാന്ധിയും സഞ്ജയ് ഗാന്ധിയും സംസാരിക്കുന്ന ചിത്രത്തിന് ഭരണഘടനാഭേദഗതികളെക്കുറിച്ച് ദേശീയ സംവാദം എന്നായിരുന്നു അടിക്കുറിപ്പ്. ഇന്ദിര ഗാന്ധി ആരെന്ന ചോദ്യത്തിന് മോത്തിലാല്‍ നെഹ്‌റുവിന്റെ കൊച്ചുമകളും ജവാഹര്‍ലാല്‍ നെഹ്‌റുവിന്റെ മകളും സഞ്ജയ് ഗാന്ധിയുടെ അമ്മയും എന്നായിരുന്നു ചോദ്യോത്തര പംക്തിയില്‍ ചോ നല്‍കിയ ഉത്തരം. നമ്മുടെ സഞ്ജയനുമായി ചോയെ താരതമ്യപ്പെടുത്താന്‍ കഴിയാത്തത് നര്‍മത്തിന്റെ കാര്യത്തില്‍ കേരളവും തമിഴ്‌നാടും തമ്മിലുള്ള വ്യത്യാസം നിമിത്തമാണ്.

പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ ചോ രാമസ്വാമിയെ ഇടയ്ക്കിടെ കാണുന്നതിനും വല്ലപ്പോഴുമൊക്കെ സംസാരിക്കുന്നതിനുമുള്ള അവസരം എനിക്കുണ്ടായി. അക്കാലത്ത് അദ്ദേഹം രാജ്യസഭയിലെ നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗമായിരുന്നു. അദ്ദേഹത്തെ ശിപാര്‍ശ ചെയ്തത് വാജ്‌പേയി ആയിരുന്നു. ഇന്ദിര ഗാന്ധിയുടെ ഏകാധിപത്യത്തെ എതിര്‍ത്ത് ബിജെപി കൂടാരത്തില്‍ വഴിതെറ്റിക്കയറിയ പലരുണ്ട്. അക്കൂട്ടത്തിലൊരാളായിരുന്നു ചോ. വാജ്‌പേയിയോടുണ്ടായ അടുപ്പം നരേന്ദ്ര മോദിയുമായും അദ്ദേഹം നിലനിര്‍ത്തി.

ചിലരുടെ അടുപ്പവും അകല്‍ചയും അങ്ങനെയാണ്. ഏകാധിപതിയായ ഇന്ദിര ഗാന്ധിയില്‍ നിന്നകന്ന ജനാധിപത്യവാദിയായ ചോയ്ക്ക് വിമര്‍ശകരുടെ നാവും വേരും അറക്കുന്ന ജയലളിത എന്ന ഏകാധിപതിയുടെ സംരക്ഷകനാകാന്‍ പ്രയാസമുണ്ടായില്ല. നരേന്ദ്ര മോദിയിലെ ഏകാധിപതിയെ കാണാനും ചോയ്ക്കു കഴിഞ്ഞില്ല. നിലപാടുകള്‍ തത്വാധിഷ്ഠിതമാകുന്നില്ലെങ്കില്‍ സംഭവിക്കുന്ന അപകടമാണിത്.