ഭാരത് മാതാ അഥവാ ഭാരതാംബ 

March 16, 2017, 7:09 pm
ഭാരത് മാതാ അഥവാ ഭാരതാംബ 
Columns
Columns
ഭാരത് മാതാ അഥവാ ഭാരതാംബ 

ഭാരത് മാതാ അഥവാ ഭാരതാംബ 

മാതൃഭൂമി, ഇന്ത്യാവിഷന്‍, സൗത്ത്‌ലൈവ് എന്നിവയില്‍ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ മാസ്‌കോം ഫാക്വല്‍റ്റി

എത്ര നിഷേധികളായാലും ശരി, എന്തെങ്കിലും സമര്‍ഥിക്കാന്‍ അല്ലെങ്കില്‍ പ്രതിഷേധിക്കാന്‍ നമ്മള്‍ അമ്മയെ വേശ്യ എന്നു വിളിക്കുമോ?
എന്നാല്‍ വിളിച്ചിരിക്കുന്നു!
ഇത്രക്കു ലോകവിവരവും സാമാന്യബോധവും ഇല്ലാത്തവരായിപോയല്ലൊ മാന്നാനം കെഇ കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകരില്‍ ചിലര്‍. ഇവരെ അധമര്‍ എന്നല്ലാതെ എന്തു വിളിക്കണം?
വേശ്യയായാല്‍ പോലും ഒരു സ്ത്രീയെ വേശ്യ എന്നു വിളിക്കാതിരിക്കുമ്പോള്‍ മാത്രമേ നമ്മള്‍ സംസ്‌കൃതചിത്തരാവുന്നുള്ളൂ. അങ്ങനെയിരിക്കെ ഭാരതമാതാവിനെ വേശ്യ എന്നു വിളിക്കുന്നതില്‍ സ്ത്രീത്വത്തെ അല്ലാതെ മറ്റെന്തിനെയാണ് അവഹേളിക്കുന്നത്?

ഞാന്‍ ഈ എഴുതുന്ന കുറിപ്പ് മാര്‍ച്ച് 15-ലെ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സ് (കോട്ടയം) പ്രസിദ്ധീകരിച്ച വാര്‍ത്തയും ഒപ്പം നല്കിയ ഒരു ചിത്രവും ആധാരമാക്കിയാണ്. കോട്ടയം മാന്നാനം കെഇ കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഒട്ടിച്ചുവെച്ച മലയാളം പോസ്റ്റര്‍ വായിക്കുമ്പോള്‍ മനസ്സിലാവുന്നു അവര്‍ക്ക് സംസ്‌കാരമോ സാഹിത്യപരിചയമോ വായനാശീലമോ ചിന്താശക്തിയോ ഉന്നതമായ ഭാവനാശേഷിയോ യുക്തിചിന്തയോ മാതൃഭാഷാപരിചയമോ യുക്തിബോധമോ സാമാന്യബോധം പോലുമോ ഇല്ലെന്ന്.

ഭാരതാംബയെ അഭിസംബോധന ചെയ്യുന്നതായാണ് പോസ്റ്ററിലെ ആ വരികള്‍ എഴുതപ്പെട്ടിട്ടുള്ളത്. അതിങ്ങനെ....
'നിന്റെ മക്കള്‍ തെരുവില്‍ പീഢിപ്പിക്കപ്പെടുമ്പോഴും
നിന്റെ മക്കള്‍ തെരുവില്‍ ചുട്ടെരിയുമ്പോഴും(?)
നിനക്കൊന്നും ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍
ഭാരതാംബേ നീ ഒരു വേശ്യയാകുന്നു!'

നിന്ദ്യം, അതിനിന്ദ്യം എന്നല്ലാതെ ഈ അവിവേകത്തെ, അതിഗുരുതരമായ അറിവില്ലായ്മയെ, വിശേഷിപ്പിക്കാനാവില്ല.

നമ്മള്‍ മനുഷ്യര്‍ യഥാര്‍ഥജന്മങ്ങളാണ്. ഭാരത് മാത ഒരു ദേവത അല്ലെന്നു തന്നെ ഇരിക്കട്ടെ നമ്മുടെ സങ്കല്പ്പങ്ങളില്‍ മാത്രം ജീവിക്കുന്ന മഹത്തായ പ്രതീകമാണ്. ജീവിച്ചിരിക്കുകയും പൊതുപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്ന നമ്മള്‍ക്കാണോ അതോ സങ്കല്പ്പദേവതക്കാണോ അത്യാഹിതങ്ങളില്‍ നിന്നും അവഹേളനങ്ങളില്‍ നിന്നും ദുരിതങ്ങളില്‍ നിന്നും നമ്മുടെ സഹജീവികളെ രക്ഷിക്കാനാവുക? അങ്ങനെ ചിന്തിക്കാന്‍ കഴിയാത്ത അധമരായി മാറിക്കൊണ്ടിരിക്കുകയാണ് ഈ കൂട്ടം.

നമുക്ക് മാത്രമല്ല ഈ സങ്കല്പ്പമുള്ളത്. അതാണ് ലോകവിവരം ഇല്ലെന്നു പറയാന്‍ ഞാന്‍ തുനിഞ്ഞത്. എല്ലാ രാജ്യങ്ങള്‍ക്കും ഈ ദേവതാതുല്യമായ പ്രതിരൂപമുണ്ട്. അത് സ്ത്രീരൂപമാണ് താനും. പിതൃരാജ്യം എന്നു സ്വയം വിശേഷിപ്പിക്കുമ്പോഴും ലോകരാജ്യങ്ങളില്‍ എല്ലാ മാനവികഗുണങ്ങളുടെയും പ്രതീകം സ്ത്രീയും അമ്മയും ആണ്. ആന്ത്രൊപൊമോര്‍ഫിസം എന്നാണ് ഈ പാരമ്പര്യപ്രതീകങ്ങളെ വിശേഷിപ്പിക്കുന്നത്. (എ നാഷണല്‍ പെര്‍സോണിഫിക്കേഷന്‍ ഈസ് ആന്‍ ആന്ത്രോപൊമോര്‍ഫിസം ഓഫ് എ നാഷന്‍ ഓര്‍ ഇറ്റ്‌സ് പ്യൂപ്പിള്‍- അതിനാല്‍ ഈ ബിംബം പ്രതീകം ഓരോ ജനതയുടെയും സ്വത്വവുമാണ്).

പല രാജ്യങ്ങളിലും ഈ പ്രതീകം സ്വാതന്ത്ര്യത്തിന്റെതായി സങ്കല്പ്പിക്കപ്പെട്ടിരിക്കുന്നു. ചില രാജ്യങ്ങള്‍ ഈ പ്രതീകം ആ രാജ്യത്തെ സാധാരണ പൗരജനങ്ങളെ പ്രതിനിധാനം ചെയ്യാന്‍ ഉപയോഗിക്കുന്നു. കമ്മ്യുണിസ്റ്റ് രാജ്യമായ റഷ്യക്ക് മദര്‍ റഷ്യ ഉണ്ട്. മദര്‍ റഷ്യയെല്‍ അവര്‍ ആരാദിക്കുന്നു, ആദരിക്കുന്നു. അഭിമാനിക്കുന്നു.

രാജ്യങ്ങളും അവയുടെ മാതൃബിംബങ്ങളും ഇവിടെ ഞാന്‍ പകര്‍ത്തുന്നു.

അല്‌ബേനിയ - മദര്‍ അല്‌ബേനിയ
അര്‍മേനിയ - മദര്‍ അര്‍മേനിയ
ബാംഗ്‌ളാദേശ് - മദര്‍ ബംഗാള്‍
ബ്രസീല്‍ - ബന്ദ്രൈന്റ് (സ്ത്രീ രൂപം)
ബള്‍ഗേറിയ - മദര്‍ ബള്‍ഗേറിയ
ഈജിപ്ത് - ഒം എല്‍ ഡോനിയ (ഈജിപ്തിന് ഈ പ്രതീകം ലോകമാതാവ് തന്നെ ആണ്! മദര്‍ വേള്‍ഡ്)
ഫിന്‍ലാണ്ട് - ഫിന്നിഷ് മെയ്ഡന്‍
ഫ്രാന്‍സ് - മറിയന്‍
ഗ്രീസ് - അഥീന
ഹംഗറി - ദ ലേഡി ഓഫ് ഹംഗറി
ഐസ് ലാന്‍ഡ് - ദ ലേഡി ഓഫ് മൌണ്ടന്‍സ്
ഇന്തോനേഷ്യ - ഇബു പെര്‍ത്വി (പ്രിഥ്വി)
പെറു - ല മാദ്രെ (അമ്മ)
സ്വീഡന്‍, സുരിനാം, സെര്‍ബിയ, ...

ഈ പട്ടിക നീട്ടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.

വര്‍ഷങ്ങള്‍ പുറകോട്ടുപോകുമ്പോള്‍ എനിക്ക് ഉറപ്പിച്ചു പറയാന്‍ കഴിയുന്ന ഒരു വാസ്തവമുണ്ട്. സ്റ്റുഡന്റ്‌സ് ഫെഡറേഷനില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍ വിഞ്ജാനം തേടിച്ചെന്നവര്‍ കൂടിയായിരുന്നു. വിദ്യാര്‍ഥിസംഘടനകളില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍ സാമൂഹികവും സാംസ്‌കാരികവും ആയ പ്രാഥമിക അറിവുകള്‍ ആര്‍ജ്ജിച്ചവരായിരുന്നു.

അവര്‍ ഒട്ടും അധമരായിരുന്നില്ല. അവരുടെ പിന്‍ഗാമികളാവാന്‍ ശ്രമിക്കുന്നവര്‍ ആദ്യം ചെയ്യേണ്ടത് ഞങ്ങളാണ് അറിവിന്റെ തമ്പുരാന്മാര്‍ എന്ന അഹങ്കാരത്തിന്റെ കുപ്പായം അഴിച്ചുവെക്കലാണ്.

ദയവായി പാര്‍ട്ടി നേതൃത്വം ഇവരെ ശിക്ഷിക്കേണ്ടതാണ്. അതിനു മുന്‍പായി ലോകപരിജ്ഞാനം ഉണ്ടാവാന്‍ സൗകര്യം ഒരുക്കണം. എം ടി വാസുദേവന്‍ നായരെ അനുകൂലിച്ചാല്‍ മാത്രം പോരാ. അദ്ദേഹവും മറ്റു പ്രിയങ്കരരായ എഴുത്തുകാരും എഴുതിയതു വായിക്കാന്‍ പ്രേരിപ്പിക്കുകയും വേണം.