പ്രതിഭ, പ്രതിമ, പ്രതീകം, പ്രതി 

January 16, 2017, 1:35 pm
പ്രതിഭ, പ്രതിമ, പ്രതീകം, പ്രതി 
Columns
Columns
പ്രതിഭ, പ്രതിമ, പ്രതീകം, പ്രതി 

പ്രതിഭ, പ്രതിമ, പ്രതീകം, പ്രതി 

മാതൃഭൂമി, ഇന്ത്യാവിഷന്‍, സൗത്ത്‌ലൈവ് എന്നിവയില്‍ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ മാസ്‌കോം ഫാക്വല്‍റ്റി

'എംടി വാസുദേവന്‍ നായര്‍ക്ക് മുസ്ലിം ലീഗിനെ പേടിയാണ് അതുകൊണ്ടാണ് തുഞ്ചന്‍ പറമ്പില്‍ തുഞ്ചത്തെഴുത്തച്ഛന്റെ പ്രതിമ ഉയരാത്തത്' - ഒരു ബുദ്ധിമാന്‍ കണ്ടെത്തിയിരിക്കുന്നു!

ഈ പറഞ്ഞ വ്യക്തി വര്‍ഷങ്ങളായി ജീവിതോപാധിയായി കൊണ്ടുനടത്തുന്നത് പന്തല്‍ നിര്‍മ്മാണമാണ്. അത് മോശമായ ഒരു പ്രവൃത്തിയല്ല. ആധുനിക രീതികള്‍ സ്വീകരിച്ച് എയര്‍കണ്ടീഷണ്‍ ചെയ്ത് വലിയവലിയ ഹാളുകളായിത്തന്നെ ഉയര്‍ത്തി കൊണ്ടുനടത്തുന്നുമുണ്ട്.

സാമൂഹ്യവും രാഷ്ട്രീയവും ആയ ആശകളും മോഹങ്ങളും മനസ്സില്‍ കുടിയേറിയപ്പോള്‍ ഇദ്ദേഹം പൊതുപ്രവര്‍ത്തകനുമായി; അതിലും തെറ്റില്ല. ഉത്ക്കര്‍ഷേച്ഛ നല്ലതും മനുഷ്യര്‍ക്കു വേണ്ടതും ആയ ഗുണമാണ്. എന്നാല്‍, മാനവികതയെ ലക്ഷ്യമാക്കിയുള്ള യാത്രയാക്കി മാറ്റി, അറിവുകൊണ്ടും നിരീക്ഷണം കൊണ്ടും അതിനുള്ള യോഗ്യത ആര്‍ജ്ജിക്കേണ്ടതുണ്ട്. ഇവക്കെല്ലാം കുടചൂടിക്കൊണ്ട്, സഹജീവികളോടുള്ള കാരുണ്യവും മനസ്സില്‍ നിറയണം. ഇല്ലെങ്കില്‍ ആ ഗുണങ്ങള്‍ തമോഗുണങ്ങളാവാന്‍ അധികം സമയം വേണ്ടിവരില്ല.

എഴുത്തുകാരന്, ചിത്രകാരന്, ഗായകന് ഒക്കെ സാധ്യമാകുന്ന സ്വഭാവവിശേഷങ്ങള്‍ നമ്മള്‍ സാധാരണക്കാര്‍ക്കു കൊണ്ടുനടക്കാനാവില്ല.

എത്ര ആധുനികമായാലും മനോഹരമായാലും പന്തലിന് വ്യവസ്ഥാപിത ഉപയോഗമാണുള്ളത്. അതിന് സ്ഥായിയായ ഒരു രൂപവുമുണ്ട്.

നമ്മള്‍ ജീവസന്ധാരണത്തിന് ആശ്രയിക്കുന്ന ഇത്തരം പ്രവൃത്തികള്‍ക്ക് കലാസാഹിത്യപ്രവര്‍ത്തനങ്ങളെ അപേക്ഷിച്ച് വളരെ പരിമിതമായ പ്രായോഗികത മാത്രമേ ഉള്ളൂ.

ശില്പനിര്‍മ്മാണം അങ്ങനെ ആണോ? പ്രതിമകള്‍ അങ്ങനെയാണോ?

പതിനാറാം നൂറ്റാണ്ടാണ് ജന്മവര്‍ഷം എന്നും മലയാളക്കരയാണ് ജന്മദേശമെന്നും പൊതുവെ അംഗീകരിക്കപ്പെട്ടിരിക്കുന്ന കേരളീയനായ മഹദ്പുരുഷന്റെ, തുഞ്ചത്താചാര്യന്റെ, മുഖവും ആകാരവും എന്തെന്നു നിശ്ചയിക്കാന്‍ മാര്‍ഗ്ഗമൊന്നുമില്ലാത്ത സ്ഥിതിക്ക് പ്രതിമ ഉണ്ടാക്കി സ്ഥാപിക്കുന്നതില്‍ എന്തു സാംഗത്യമാണ് ഉള്ളത് എന്ന അടിസ്ഥാനപരമായ ചോദ്യം ഇതുവരെ ഉയര്‍ന്നുകണ്ടില്ല.

ഭാഷാപിതാവും ഭക്തിപ്രസ്ഥാനത്തിന്റെ മലയാളക്കരയിലെ പ്രണേതാവും ആയിരുന്ന അദ്ദേഹത്തിന്റെ ദീപ്തമായ സ്മരണ നിലനിര്‍ത്താന്‍ നമ്മളാരുമല്ല; അത് അദ്ദേഹം തന്നെ നിര്‍വഹിച്ചിട്ടുണ്ട്. 'അധ്യാത്മരാമായണ'വും 'മഹാഭാരത' ആഖ്യാനവും 'ഹരിനാമ കീര്‍ത്തന'വും എല്ലാം രചിച്ച് അത് നാം പാരായണം ചെയ്യുന്നതിലൂടെ ആ സ്മരണ മറ്റെന്തിനേക്കാളും പ്രദീപ്തമായി നില്ക്കുന്നു.

തുഞ്ചന്‍ പറമ്പില്‍ എല്ലാ വര്‍ഷവും ജനവരി, ഫെബ്രുവരി മാസങ്ങളില്‍ ആറു ദിവസം നീണ്ടുനില്ക്കുന്ന ഭാഷാസാഹിത്യ ഉത്സവം ഗരിമയോടെ ആഘോഷിക്കപ്പെടുന്നു. ഇന്ത്യയൊട്ടാകെ ഉള്ള പ്രഗത്ഭരായ എഴുത്തുകാര്‍ പങ്കെടുക്കുന്ന സെമിനാറുകള്‍ ക്ലാസിക് കലകളുടെ അവതരണങ്ങള്‍ എന്നിവ തിരൂരിലെ ജനപങ്കാളിത്തമുള്ള സാംസ്‌കാരികോത്സവമാണ്. ഭാഷയും സാഹിത്യവും പരിപോഷിപ്പിക്കപ്പെടുന്ന ആ പ്രവര്‍ത്തനത്തിന് തുല്യമായ മറ്റൊന്നു കേരളത്തില്‍ ചൂണ്ടിക്കാണിക്കാനില്ല.

അതു കാണാനും അനുഭവിക്കാനും കണ്ണും മനസ്സും വേണം, അവിടെ പോകണം. പോരാ, എഴുത്തച്ഛന്റെ കൃതികള്‍ വായിക്കുകയും വേണം.

എം ടിയെ ഇപ്പോള്‍ ആക്ഷേപിക്കുന്നവര്‍ ആരും അങ്ങോട്ടു കടക്കാറില്ല. ഇതിന് രണ്ടു കാരണം പറയാം.

ഒന്ന് എം ടി യോടുള്ള ആശയവിരോധം. രണ്ട്, ഇവയൊന്നും പലപല വ്യാപാരങ്ങള്‍ നടത്തി ജീവിക്കുന്ന തങ്ങളുടെ ജീവിതത്തില്‍ ഒട്ടും വിലയുള്ളവ അല്ലാത്തതായി മാറിയതിനാല്‍. രണ്ടാമത് പറഞ്ഞതാണ് കൂടുതല്‍ യോജിക്കുക.

ഇവരെയല്ലാതെ പിന്നാരെപപറ്റിയാണ് തുഞ്ചത്താചാര്യന്‍ 'ചക്ഷുശ്രവണഗളസ്ഥമാം ദര്‍ദ്ദുരം ഭക്ഷണത്തിനപേക്ഷിക്കുന്ന പോലെ' എന്നെഴുതിയത്?

പി എസ് ശ്രീധരന്‍ പിള്ളയെ പോലെ ചുരുക്കം ചിലര്‍ മാത്രമാണ് തുഞ്ചന്‍ പറമ്പില്‍ സന്നിഹിതരാവാറുള്ളത്. അവര്‍ക്ക് വാസ്തവമെന്തെന്നറിയാം. എന്നാല്‍ പൊതുവേദിയില്‍ അവര്‍ അതൊന്നും പറയില്ല.

പ്രതിഭാധനര്‍ക്ക് പ്രതിമയാവശ്യമില്ല. പ്രതിമകളിലൂടെ പ്രതിഭാധനരെ വെറും പ്രതീകങ്ങളാക്കുന്നത് ചരിത്രത്തോടുള്ള നമ്മുടെ അവഹേളനമായേ കരുതാനാവൂ. അവരുടെ ജീവിതവും കര്‍മ്മവും തന്നെ ആണ് മഹത്തായത്. അവര്‍ ജനമനസ്സുകളില്‍ ഉണ്ടുതാനും, അവരെ ജനമനസ്സുകളില്‍ നിന്ന് തുടച്ചുമാറ്റാനാണ് ശ്രമമെന്നു മാത്രം.

ഉദാഹരണങ്ങള്‍ നോക്കുക

ആദരണീയനായ ശ്രീനാരായണ ഗുരുവിന്റെ പ്രതിമകള്‍ സംസ്ഥാനത്തൊട്ടാകെയുണ്ട്. അവയിലൊന്നു പോലും കലാത്മകമായി നോക്കിയാല്‍ ലക്ഷണമുള്ള ശില്പ്പങ്ങളല്ല. സിമന്റില്‍ തീര്‍ത്ത ആ പ്രതിമകള്‍ നാരായണീയര്‍ക്കിടയില്‍ തന്നെ പരിഹാസപ്പേരില്‍ പരാമര്‍ശിക്കപ്പെടാറുണ്ട്. അവര്‍ വിളിക്കുന്ന ആ പരിഹാസപ്പേര് ഞാന്‍ ഇവിടെ എഴുതാന്‍ ഉദ്ദേശിക്കുന്നില്ല. മാത്രമല്ല നാടൊട്ടുക്കും പ്രതിമകള്‍ സ്ഥാപിച്ചുവെങ്കിലും ആ സാമുഹ്യപരിവര്‍ത്തകന്റെ ആശയസംഹിതകളില്‍ ഒന്നുപോലും പിന്തുടരുന്നുമില്ലല്ലൊ.

മഹാത്മാ ഗാന്ധിക്കും പറ്റിയതതാണ്.

ചില്ലു പോയ കണ്ണട, തുരുമ്പിച്ച് ഒടിഞ്ഞുപോയ ഊന്നുവടി, ആകെ ഇരൂണ്ടുനില്ക്കുന്ന രൂപം. ആറ്റന്‍ബറോയുടെ സിനിമയില്‍ അഭിനയിച്ച ബെന്‍ കിങ്ങ്‌സ്‌ലിയോളം സൗകുമാര്യം ഉണ്ടായിരുന്നില്ല എന്നതു ശരി, എന്നാല്‍ ഗാന്ധിജി ലക്ഷണമില്ലാത്ത രൂപമായിരുന്നോ? ആരുടെ തലയിലാണ് സിമന്റില്‍ തീര്‍ത്ത് ഇരുട്ടുപരത്തുന്ന രീതിയില്‍ ചായമടിച്ച ഗാന്ധിമാര്‍ നാട്ടില്‍ വ്യാപരിച്ചത്? ജയന്തി ദിവസമെങ്കിലും ആ പ്രതിമകള്‍ ആരെങ്കിലും കഴുകി വൃത്തിയാക്കാറുണ്ടോ?

കൊങ്കണ്‍ തീരത്ത് മാല്പ ബീച്ചിലെ ഒരു ഗാന്ധി പ്രതിമ മാത്രമാണ് ഞാന്‍ ഇന്നു വരെ കണ്ടിട്ടുള്ളതില്‍ വെച്ച് മനോഹരം; വേറെ ഉണ്ടാവാം.

കുറ്റകൃത്യങ്ങള്‍ ചെയ്ത് കഴിഞ്ഞ് ഒളിവില്‍ കഴിയുന്ന പ്രതികളെ കുറിച്ച് വിവരം നല്കാന്‍ പൊലീസ് ചിത്രകാരന്മാര്‍ രേഖാ ചിത്രം വരക്കുന്നതു പോലെ പ്രതിഭാധനരായ മഹത്തുക്കളുടെ രൂപങ്ങള്‍ വരച്ചുണ്ടാക്കാനാവില്ല. അവലക്ഷണരൂപങ്ങളാക്കാനേ കഴിയൂ.

അങ്ങനെ വരക്കുമ്പോള്‍ അതവരല്ലാതാകും. ഒരു നിമിഷം നമ്മുടെ ആധാര്‍ കാര്‍ഡുകളിലെ അല്ലെങ്കില്‍ റേഷന്‍ കാര്‍ഡുകളിലെ നമ്മുടെ ചിത്രങ്ങള്‍ നോക്കിയാല്‍ മതി ഈ പറയുന്നതിലെ ഉദ്ദേശ്യം മനസ്സിലാകും. എന്നാല്‍ അതിലും എത്രയോ മേലെയുള്ള സാംസ്‌കാരികദര്‍ശന മേഖലയിലാണ് ആണ് മഹത്തുക്കളുടെ സ്ഥാനവും നമ്മുടെ ഓര്‍മ്മകളിലെ അറകളിലെ അവരെ കുറിച്ചുള്ള ധന്യമായ സങ്കല്പവും.

ഉവ്വ്, ചിത്രകാരന്മാര്‍ ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്, എന്നാല്‍ അവയൊന്നും ആധികാരികമായ രൂപങ്ങളല്ല, ആകാരങ്ങളുമല്ല, അതേസമയം താത്ക്കാലിക സാഹിത്യവ്യവഹാരത്തിനായി അങ്ങനെ രചിക്കപ്പെട്ട ചിത്രങ്ങള്‍ അനുവാചകരെ തൃപ്തിപ്പെടുത്തുകയും ചെയ്‌തെന്നു വരാം. അവതന്നെ മികച്ച ചിത്രകാരന്മാര്‍ വരച്ചപ്പോള്‍ മാത്രം.

മുഖആകാരങ്ങള്‍ നിശ്ചയമില്ലാത്ത മഹദ്വ്യക്തികള്‍ക്കെല്ലാം ചിത്രം വരച്ചുതീര്‍ന്നാല്‍ ഒരേ രൂപമായി. രാജാ രവിവര്‍മ്മ വരച്ച ചിത്രങ്ങളിലെ നമ്മുടെ ആരാധനാ പാത്രങ്ങള്‍ അദ്ദേഹം കണ്ടു ബോധിച്ച സൗന്ദര്യത്തിന്റെ പ്രതിച്ഛായകള്‍ മാത്രമായി. അത് മഹദ്വ്യക്തികളുടെ കാര്യത്തില്‍ നീണ്ട വെളുത്തതോ കറുത്തതോ ആയ മുടിയും താടിയും അല്ലെങ്കില്‍ കുടുമ ഒഴിച്ചു ശൂന്യമായ ശിരസ്സും ക്ഷൗരം ചെയ്തു വെളുപ്പിച്ച മുഖവും ആയി പ്രത്യക്ഷപ്പെട്ടു.
എഴുത്തച്ഛന്‍, കുഞ്ചന്‍ നമ്പ്യാര്‍, ഇളംകോവടികള്‍, മേല്‍പ്പുത്തൂര്‍, പൂന്താനം എന്നിവര്‍ ചിത്രകാരന്മാരുടെ ഭാവനയില്‍ 
എഴുത്തച്ഛന്‍, കുഞ്ചന്‍ നമ്പ്യാര്‍, ഇളംകോവടികള്‍, മേല്‍പ്പുത്തൂര്‍, പൂന്താനം എന്നിവര്‍ ചിത്രകാരന്മാരുടെ ഭാവനയില്‍ 

ഇന്റര്‍നെറ്റില്‍ തെരെഞ്ഞാല്‍ കിട്ടുന്ന തുഞ്ചത്താചാര്യനു മുടി വെട്ടിയൊതുക്കി ദിവസവും ക്ഷൗരം ചെയ്ത മുഖവുമായി വന്നിരുന്ന് ഓലയും എഴുത്താണിയും പിടിച്ച് ദ്രുതകവിത രചിക്കുന്ന രൂപമാണ്. ഒരു ചിത്രകാരന്റെ നിഷ്‌ക്കളങ്കമായ ഭാവന മാത്രം. അതാണ് സമൂഹം സ്വീകരിച്ചിരിക്കുന്ന ഭാഷാപിതാവിന്റെ രൂപവും ആകാരവും. എന്നാല്‍ അതല്ലല്ലൊ അദ്ദേഹം?

ഈ കൃത്രിമരൂപം എല്ലാ ആചാര്യന്മാര്‍ക്കും ഒരുപോലെ കാലം ഒരുക്കിക്കൊടുത്തിട്ടുണ്ട്. ഒറ്റനോട്ടത്തില്‍ ആദികവി വാല്മീകിയും ഗുരു നാനാക്കും ഇരട്ട സഹോദരങ്ങളാണ്!. രണ്ടു ധര്‍മ്മങ്ങളിലേക്ക് വഴി പിരിഞ്ഞുപോയവര്‍. തമിഴ് തത്വചിന്തകനും മഹാകവിയുമായ തിരുവള്ളുവര്‍ കാഴ്ചയില്‍ അവരുടെ കൊച്ചു സഹോദരന്‍! ചിലപ്പതികാരത്തിന്റെ രചയിതാവ് ഇളംകോവടികളും നാരായണീയം രചയിതാവ് മേല്‍പ്പുത്തൂര്‍ നാരായണ ഭട്ടതിരിയും തമ്മിലു സാമ്യം പിന്‍കുടുമയിലാണ്. വൈജാത്യം, നെറ്റിയും മാറും ഭുജങ്ങളും നിറഞ്ഞ ഭസ്മലേപനത്തില്‍ മാത്രം. പൂന്താനത്തിനും കുഞ്ചന്‍ നമ്പ്യാര്‍ക്കും മുന്‍കുടുമയാണ് പൊതുവായുള്ളത്. അതാതുകാലത്തെ ചിത്രകാരന്മാരുടെ പ്രസാദാതമകത സമ്മാനിക്കുന്ന ഭാവനയോ അവരുടെ പ്രതിഭ പ്രതിഫലിപ്പിക്കാനാവാത്ത ചിലരുടെ ഭാവനാരാഹിത്യമോ ഒക്കെ ആയി ഇവര്‍ ജനമനസ്സില്‍ മുദ്രിതമാവുന്നത് ഉചിതമായി തോന്നുന്നില്ല.

വാത്മീകി, ഗുരുനാനാക്ക്, തിരുവള്ളൂര്‍. ചിത്രകാരന്മരുടെ ഭാവനയില്‍ 
വാത്മീകി, ഗുരുനാനാക്ക്, തിരുവള്ളൂര്‍. ചിത്രകാരന്മരുടെ ഭാവനയില്‍ 

അതേസമയം മുഖവും ആകാരവും ഇല്ലെങ്കിലും പ്രതിമ ഉണ്ടാക്കിക്കൂടെ എന്ന ചോദ്യം ഇവിടെ ഉയരാം; ആവാം, അമൂര്‍ത്തമായ (അബ്‌സ്റ്റ്രാക്റ്റ്) ഒരു പ്രതിമ. വിരോധമില്ല. എന്നാല്‍ അത് തുഞ്ചത്തെഴുത്തച്ഛന്‍ എന്ന സങ്കല്പ്പത്തില്‍ ആവുമ്പോള്‍ അപാകതയേ ബാക്കിയാവൂ. കുറെ വിവാദങ്ങളും. ഇത്രയല്ല ഉയരം ഇത്ര മുഖകാന്തിയല്ല ഉണ്ടായിരുന്നത് പറഞ്ഞുകേട്ടതനുസരിച്ച് ഇതൊന്നുമല്ല ആ രൂപം. എന്ന് എന്തു രൂപമായാലും ആക്ഷേപമുയരാന്‍ താമസമുണ്ടാവില്ല.

എം ടി തന്നെ മലയാളികള്‍ക്ക് സമ്മാനിച്ച ഒരു തിരക്കഥയുണ്ടല്ലൊ, അജയന്‍ സംവിധാനം ചെയ്ത 'പെരുന്തച്ചന്‍' എന്ന ചലച്ചിത്രത്തിന്റെ തിരക്കഥ. എത്ര ആദരവോടെയും ധ്യാന ചിത്തത്തോടെയും ആണ് ആ തിരക്കഥയിലെ വരികള്‍ എഴുതപ്പെട്ടതെന്നു ബോധ്യമാവാന്‍ അതൊന്നു വായിച്ചു നോക്കണം.

ചിറ്റാരിക്കാവിനെ പറ്റി പെരുന്തച്ചന്‍ പറയുന്നു, 'എന്നും അടിയന്റെ ധ്യാനത്തില്‍ മനസ്സ് ഒരു നിമിഷം ആ നടക്കലെത്തും, പ്രതിഷ്ഠ വാഗീശ്വരി'.

ഇനിയൊരു സന്ദര്‍ഭത്തില്‍ പറയുന്നു, '..സ്വയംവര ദുര്‍ഗ്ഗയുടെ ബിംബം കൊത്തുമ്പോള്‍ മുഖം (ശാഠ്യം പിടിച്ചു കരഞ്ഞിരുന്ന കോവിലകത്തെ ആ കൊച്ചുകുട്ടിയുടെ) അതുപോലെ വരണമെന്നു അടിയന്‍ മനസ്സില്‍ സ്വകാര്യത്തില്‍ ഒരു കണക്കു കുറിച്ചിട്ടു'.

ഇനിയും വായിക്കൂ, 'ഏഴു തൂണുകള്‍ ഏഴു സ്വരങ്ങള്‍ അടിയന്‍ ഉണ്ടാക്കിത്തരും, ഒരു സരസ്വതീ മണ്ഡപമാകട്ടെ'.

'പുരാവൃത്തവും സാഹിത്യവും' എന്ന ലേഖനത്തില്‍ എം ടി എഴുതിയത് ശ്രദ്ധിക്കുക, 'സര്‍ഗ്ഗശേഷിയുള്ള കലാകാരന്മാരെ സംബന്ധിച്ചിടത്തോളം പുരാവൃത്തങ്ങള്‍ സമൂഹത്തിന്റെ ആദിമ മനസ്സിനെ പ്രതിഫലിപ്പിക്കുന്നവയാണ്, അവര്‍ പുരാവൃത്തങ്ങളുടെ അതിശയോക്തികളിലും സ്വപ്നതലങ്ങളിലും സംസ്‌കാരത്തിന്റെ തുടര്‍ച്ചയാണ് അന്വേഷിക്കുന്നത്. വര്‍ത്തമാനകാലത്തിന്റെ ചേരുവിധം ഭൂതകാലത്തെ വീണ്ടും കണ്ടുപിടിക്കുക എന്നൊരു ഉത്തരവാദിത്വവും അവര്‍ക്കുണ്ട്.

ആ ഉത്തരവാദിത്തത്തിനിടയിലാണ് മനുഷ്യരുടെ ജീവിതവ്യഥകള്‍ കാണുമ്പോള്‍ അവര്‍ക്കൊപ്പം നില്ക്കാന്‍ കലാകാരനെ പ്രേരിപ്പിക്കുന്നതും എഴുതുന്നതും. ആ എഴുത്ത് ചില വിഭാഗങ്ങളില്‍ അതിവൈകാരികത മൂലം ഉണ്ടാവുന്ന അനിഷ്ടങ്ങളും ഭ്രാന്തും ഉദ്ദീപിപ്പിക്കുന്നു എന്നു മാത്രം. ‘നിര്‍മാല്യങ്ങള്‍’ ഉണ്ടാവുന്നതങ്ങനെ ആണ്. ബിംബത്തില്‍ നിന്നു എടുത്തുമാറ്റാനുള്ളതു പോലെ ജീവിതത്തില്‍ നിന്നു എടുത്തുമാറ്റാനുള്ളതുമാണ് അത്തരം ‘നിര്‍മ്മാല്യങ്ങള്‍’ എന്നാണ് അതെഴുതിയ എം ടി ആ പേരുകൊണ്ടു നിര്‍ദ്ദേശിക്കുന്നത്.

ആക്ഷേപങ്ങള്‍ ഇനിയുമുന്നയിക്കപ്പെടും. അവ തികച്ചും വ്യക്തിപരങ്ങളാണെന്ന വിശദീകരണവുമുണ്ടാവും. ഒരു പൊതു പ്രവര്‍ത്തകന്‍ എപ്പോഴാണ് പൊതുപ്രവര്‍ത്തകന്റെ ഉത്തരവാദിത്തം കൈവിട്ട് തികച്ചും വ്യക്തിയായി മാറുന്നത് എന്ന് നമ്മെ അത്ഭുതപ്പെടുത്തേണ്ടതാണ്. നിര്‍ഭാഗ്യവശാല്‍ ആരും അത്ഭുതപ്പെടാറില്ല.

വീട്ടില്‍ നിന്നിറങ്ങുന്നതോടെ ഏതൊരു പൊതുപ്രവര്‍ത്തകനും വ്യക്തിയല്ലാതാവുന്നു എന്ന് നാം എന്നാണ് തിരിച്ചറിയുക? അപ്പോള്‍ നാം പറയുന്നതെല്ലാം നമ്മുടെ സാമൂഹ്യപ്രതിബദ്ധത യെ പല്ലിളിച്ചുകാണിക്കുന്നു എന്നും അറിയുന്നതെപ്പോഴാണ്? വീട്ടിനകത്ത് എന്തിന് ഉറക്കറയില്‍ പോലും നാം വെറും വ്യക്തികളല്ല. സാമൂഹ്യപ്രതിബദ്ധതയുള്ള വ്യക്തികളാണ് നാം. അതായത് പൊതുപ്രവര്‍ത്തകനോളം ഉയരുകയും നീതിന്യായബോധമുണ്ടായിരിക്കുകയും ചെയ്യേണ്ട വ്യക്തി. ഗാര്‍ഹികപീഡനത്തെ നമ്മുടെ ഭരണഘടനയും ശിക്ഷാനിയമവും എങ്ങനെ സമീപിക്കും എന്നറിയാമല്ലൊ.

പിന്നെ ഒന്നുണ്ട്, അറിവില്ലായ്മയും വിവേകരാഹിത്യവും ഒത്തുചേര്‍ന്നുള്ള മനഃവചോകര്‍മ്മങ്ങളെ പരിഹാസ്യമാവും വിധം പൊതുസമൂഹത്തില്‍ അവതരിപ്പിക്കാനുള്ള നമ്മുടെ സ്വാതന്ത്ര്യമുണ്ടല്ലൊ, അതിനെ ആര്‍ക്കു തടയാനാവും?