ലയനവും പിളര്‍പ്പും: സോഷ്യലിസ്റ്റ് മാതൃക  

April 19, 2017, 5:43 pm
ലയനവും പിളര്‍പ്പും: സോഷ്യലിസ്റ്റ് മാതൃക  
Columns
Columns
ലയനവും പിളര്‍പ്പും: സോഷ്യലിസ്റ്റ് മാതൃക  

ലയനവും പിളര്‍പ്പും: സോഷ്യലിസ്റ്റ് മാതൃക  

വലിയ പ്രതീക്ഷകളുമായാണ് സോഷ്യലിസ്റ്റ് പാര്‍ട്ടി ആദ്യ പൊതു തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഭരണം പിടിക്കാനായില്ലെങ്കിലും മുഖ്യ പ്രതിപക്ഷമാകാന്‍ കഴിയും എന്നവര്‍ പ്രതീക്ഷിച്ചു. ഇന്ത്യാ വിഭജനത്തേയും ഹൈദരാബാദിലെ പോലീസ് നടപടിയേയും തുടര്‍ന്ന് മുസ്ലിംലീഗ് മിക്കവാറും ഇല്ലാതായി. ഗാന്ധി വധത്തിനുശേഷം ഹിന്ദുമഹാസഭയും കല്‍ക്കട്ട തീസീസിന് പിന്നാലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടു. അത്തരമൊരു സാഹചര്യത്തില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിക്ക് ന്യായമായും പ്രതീക്ഷയ്ക്ക് വകയുണ്ടായിരുന്നു. ഡോ. അംബേദ്ക്കറുടെ ഷെഡ്യൂള്‍ഡ് കാസ്റ്റ്‌സ് ഫെഡറേഷനുമായി പാര്‍ട്ടി തെരഞ്ഞെടുപ്പ് ധാരണയുണ്ടാക്കിയിരുന്നു. ജയപ്രകാശ് നാരായണ്‍, റാം മനോഹര്‍ ലോഹ്യ, അശോക് മേത്ത, ആചാര്യ നരേന്ദ്ര ദേവ് തുടങ്ങി തലയെടുപ്പുള്ള ഒരുപറ്റം നേതാക്കളും അവര്‍ക്കുണ്ടായിരുന്നു.

പക്ഷേ നെഹ്‌റു തരംഗത്തില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി മുങ്ങിപ്പോയി. 256 സീറ്റില്‍ മത്സരിച്ച പാര്‍ട്ടിക്ക് വെറും 12 സ്ഥാനങ്ങള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ബിഹാറില്‍ മൂന്നും മദ്രാസിലും യുപിയിലും രണ്ട് വീതവും അസാം, ഹൈദരാബാദ്, മണിപ്പൂര്‍, വിന്ധ്യപ്രദേശ്, ഒറീസ എന്നിവിടങ്ങളില്‍ ഓരോന്നു വീതവും സീറ്റുകളാണ് സോഷ്യലിസ്റ്റുകള്‍ നേടിയത്. ബിഹാറില്‍ 30ഉം യുപിയില്‍ 28ഉം ബോംബെയില്‍ 16ഉം മധ്യപ്രദേശില്‍ 9ഉം അസമില്‍ 6ഉം ഒറീസയിലും ഹൈദരാബാദിലും 5 വീതവും മദ്രാസില്‍ 4ഉം മധ്യഭാരതില്‍ 3ഉം രാജസ്ഥാന്‍, സൗരാഷ്ട്ര, തിരു-കൊച്ചി, വിന്ധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ഒന്നു വീതവും സീറ്റുകളില്‍ പാര്‍ട്ടി രണ്ടാം സ്ഥാനത്ത് എത്തി. ആകെ പോള്‍ ചെയ്ത വോട്ടിന്റെ 10.6 ശതമാനം വോട്ട് സോഷ്യലിസ്റ്റുകള്‍ നേടിയെങ്കിലും അതിനൊത്ത സീറ്റുകള്‍ കിട്ടിയില്ല.

സംസ്ഥാന നിയമസഭകളിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. എല്ലാ സംസ്ഥാനങ്ങളിലും കൂടി 124 സീറ്റുകളേ സോഷ്യലിസ്റ്റുകള്‍ക്ക് ജയിക്കാനായുള്ളൂ. 390 അംഗ യുപി നിയമസഭയില്‍ 18 പേരായിരുന്നു സോഷ്യലിസ്റ്റ് മെമ്പര്‍മാര്‍. ബിഹാറിലെ 240-ല്‍ 23; ബോംബെയിലെ 269-ല്‍ വെറും 9. സോഷ്യലിസ്റ്റ് സ്ഥാനാര്‍ത്ഥികളില്‍ 58 ശതമാനം പേര്‍ക്ക് ജാമ്യസംഖ്യ നഷ്ടമായി.

കോണ്‍ഗ്രസില്‍ നിന്ന് തെറ്റിപ്പിരിഞ്ഞുപോയവര്‍ രൂപീകരിച്ച കിസാന്‍ മസ്ദൂര്‍ പ്രജാ പാര്‍ട്ടിയുടെ സ്ഥിതിയും ഏറെക്കുറെ അതുതന്നെയായിരുന്നു. ആകെ പോള്‍ ചെയ്തതിന്റെ 5.8 ശതമാനം വോട്ടും ലോക്‌സഭയില്‍ 9 സീറ്റുമാണ് അവര്‍ക്ക് കിട്ടിയത്. കമ്മ്യൂണിസ്റ്റുകാരുമായി കൂട്ടുചേര്‍ന്ന് മത്സരിച്ച മദ്രാസിലായിരുന്നു അതില്‍ ആറെണ്ണം. മൈസൂരിലും വിന്ധ്യപ്രദേശിലും ദല്‍ഹിയിലും ഓരോ സ്ഥാനങ്ങള്‍ ജയിച്ചു. ആചാര്യ കൃപലാനി അടക്കം പ്രമുഖ നേതാക്കളൊക്കെ തോറ്റു. സംസ്ഥാന നിയമസഭയിലേക്ക് മൊത്തം 77 സീറ്റാണ് പാര്‍ട്ടി നേടിയത്.

പൊതു തെരഞ്ഞെടുപ്പിലെ കനത്ത പരാജയം സോഷ്യലിസ്റ്റ്, പ്രജാ പാര്‍ട്ടി നേതാക്കളെ തികച്ചും നിരാശരാക്കി. അവര്‍ കൂടിയാലോചിച്ചു പരസ്പരം ലയിക്കാന്‍ തീരുമാനിച്ചു. 1952 സെപ്തംബര്‍ 26, 27 തീയതികളില്‍ ബോംബെയില്‍ ഇരു പാര്‍ട്ടികളുടെയും പ്രതിനിധി സമ്മേളനം ചേര്‍ന്ന് ലയനപ്രമേയം പാസാക്കി. 'ഞങ്ങള്‍ ഇരു കൂട്ടരും സാമൂഹ്യ രാഷ്ട്രീയ സാമ്പത്തിക ചൂഷണങ്ങളില്ലാത്ത ജാതിരഹിതവും വര്‍ഗ്ഗരഹിതവുമായ സമൂഹം ഉണ്ടായിക്കാണാന്‍ ആഗ്രഹിക്കുന്നു. സോഷ്യലിസ്റ്റുകള്‍ അതിനെ സോഷ്യലിസ്റ്റ് സമൂഹമെന്നും ഞങ്ങള്‍ സര്‍വോദയ സമൂഹമെന്നും വിളിക്കുന്നു.' ആചാര്യ കൃപലാനി വ്യക്തമാക്കി. അങ്ങനെ പ്രജാ പാര്‍ട്ടിയും സോഷ്യലിസ്റ്റ് പാര്‍ട്ടിയും ലയിച്ച് പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി (പി.എസ്.പി.) രൂപംകൊണ്ടു. ഫോര്‍വേഡ് ബ്ലോക്കിലെ റൂയികര്‍ വിഭാഗവും അവര്‍ക്കൊപ്പം ചേര്‍ന്നു. ആചാര്യ കൃപലാനി പ്രസിഡണ്ടായും അശോക് മേത്ത ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.

1911 ഒക്ടോബര്‍ 24ന് ഗുജറാത്തിലെ ഭവനഗറിലാണ് അശോക് മേത്ത ജനിച്ചത്. അദ്ദേഹം സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് 5 തവണ ജയില്‍വാസം അനുഭവിച്ചു. ഏറ്റവും ഒടുവിലത്തേത് ക്വിറ്റ് ഇന്ത്യ സമരത്തിലായിരുന്നു. സ്വാതന്ത്ര്യത്തിനുശേഷം ബോംബെ കേന്ദ്രീകരിച്ച് ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം നടത്തിയ മേത്ത ഐ.എന്‍.ടി.യു.സിയുടെ സ്ഥാപകരില്‍ ഒരാളാണ്. 1946-47 കാലയളവില്‍ ബോംബെ മേയറായും പ്രവര്‍ത്തിച്ചു. സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകരില്‍ ഒരാളുമായിരുന്നു അശോക് മേത്ത.

1953-54 കാലത്ത് നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ പി.എസ്.പി. ശ്രദ്ധേയമായ ഏതാനും വിജയങ്ങള്‍ നേടി. ബിഹാറിലെ പൂര്‍ണിയയില്‍ നിന്ന് ആചാര്യ കൃപലാനിയും മധ്യപ്രദേശിലെ ഹോഷംഗാബാദില്‍ നിന്ന് എച്ച്.വി. കാമത്തും തെരഞ്ഞെടുക്കപ്പെട്ടു. അതേസമയം തന്നെ പല നേതാക്കളും കോണ്‍ഗ്രസിലേക്ക് തിരിച്ചു പോകുകയോ രാഷ്ട്രീയം ഉപേക്ഷിക്കുകയോ ചെയ്തു. ഉദാഹരണത്തിന് ടി. പ്രകാശം കോണ്‍ഗ്രസിലേക്ക് മടങ്ങി ആന്ധ്ര മുഖ്യമന്ത്രിയായി. കേരളഗാന്ധി കെ. കേളപ്പന്‍ സജീവരാഷ്ട്രീയം ഉപേക്ഷിച്ച് സര്‍വോദയ പ്രവര്‍ത്തകനായി. പൂര്‍ണചന്ദ്രഘോഷ്, മഹാമായാപ്രസാദ് സിന്‍ഹ, ത്രിലോകീ സിംഗ് എന്നിവരും കോണ്‍ഗ്രസിലേക്ക് തിരിച്ചുപോയി.

അധികം വൈകാതെ പാര്‍ട്ടിയില്‍ ആശയവൈരുദ്ധ്യങ്ങള്‍ പ്രകടമായി. ഇടതുപക്ഷ പരിഷ്‌കരണവാദികളായ സോഷ്യലിസ്റ്റുകളും വലതുപക്ഷ പാരമ്പര്യവാദികളായ ഗാന്ധിയന്മാരും തമ്മില്‍ പൊരുത്തപ്പെടുക പ്രയാസമായിരുന്നു. ഗാന്ധിയന്മാര്‍ പ്രായേണ കോണ്‍ഗ്രസ്സിനോട് അനുഭാവമുള്ളവരും സോഷ്യലിസ്റ്റുകാര്‍ കോണ്‍ഗ്രസ് വിരോധികളുമായിരുന്നു.

പി.എസ്.പിയിലെ ആശയക്കുഴപ്പം പ്രധാനമന്ത്രി നെഹ്‌റു മുതലാക്കി. അദ്ദേഹം ജയപ്രകാശ് നാരായണനെ തന്റെ മന്ത്രിസഭയില്‍ അംഗമാകാന്‍ ക്ഷണിച്ചു. ജയപ്രകാശ് അത് മുഖവിലയ്‌ക്കെടുത്തു. വലതുപക്ഷ പിന്തിരിപ്പന്മാരില്‍ നിന്നും വര്‍ഗീയവാദികളില്‍ നിന്നും രാജ്യത്തെ രക്ഷിക്കാനുള്ള ഒരവസരമായി കണക്കാക്കി. കേന്ദ്രമന്ത്രിസഭയില്‍ ചേരുന്നതിന് ഉപാധിയായി 14 ഇന പരിപാടി മുന്നോട്ടുവച്ചു. വ്യാപകമായ സാമ്പത്തിക പരിഷ്‌കാരങ്ങള്‍, മിച്ചഭൂമി വിതരണം, ബാങ്കിംഗ്, ഇന്‍ഷുറന്‍സ് കമ്പനികളുടെ ദേശസാല്‍ക്കരണം, കല്‍ക്കരി ഖനികളും ലോഹഖനികളും ഏറ്റെടുക്കല്‍, സ്‌റ്റേറ്റ് ട്രേഡിംഗ് വികസനം, ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ ശമ്പളം വെട്ടിക്കുറയ്ക്കല്‍ എന്നിങ്ങനെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന നടപടികളാണ് ജെ.പി. മുന്നോട്ടുവച്ചത്. ഇതുസംബന്ധിച്ച് 1953 മാര്‍ച്ച് മാസം നെഹ്‌റുവും ജയപ്രകാശും തമ്മില്‍ കത്തിടപാട് നടന്നു. പക്ഷേ, ഒത്തുതീര്‍പ്പൊന്നും ഉണ്ടായില്ല. ജെ.പിക്ക് വ്യക്തമായ ഒരുറപ്പും നെഹ്‌റു കൊടുത്തില്ല. ജയപ്രകാശ് മന്ത്രിസഭയില്‍ ചേര്‍ന്നതുമില്ല.

ജെ.പി.-നെഹ്‌റു കത്തിടപാടിനെ ഡോ. റാം മനോഹര്‍ ലോഹ്യ അതിരൂക്ഷമായി വിമര്‍ശിച്ചു. നെഹ്‌റുവിനു കീഴില്‍ ഉപപ്രധാനമന്ത്രിയാകാനാണ് ജയപ്രകാശിന്റെ ശ്രമമെന്ന് ലോഹ്യ ആരോപിച്ചു. 'ജയപ്രകാശ് നാരായണ്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായിക്കാണാന്‍ ഞാനും ആഗ്രഹിക്കുന്നു. എന്നാല്‍ നെഹ്‌റുവുമായുള്ള ഒത്തുതീര്‍പ്പുകളിലൂടെയാണ് പ്രധാനമന്ത്രിയാകുന്നതെങ്കില്‍ അദ്ദേഹം പണ്ഡിറ്റ്ജിയേക്കാള്‍ മോശം പ്രധാനമന്ത്രിയായിരിക്കും. മറിച്ച് ഈ രാജ്യത്തെ പട്ടിണിപ്പാവങ്ങളുടെ സമരത്തിലൂടെയാണ് ജയപ്രകാശ് ആ സ്ഥാനത്ത് എത്തുകയെങ്കില്‍ തീര്‍ച്ചയായും അദ്ദേഹം ജവഹര്‍ലാല്‍ നെഹ്‌റുവിനേക്കാള്‍ എത്രയോ ഉന്നതനായ പ്രധാനമന്ത്രിയായി പ്രശോഭിക്കും.'

ലോഹ്യയുടെ നിശിതവിമര്‍ശനം ജയപ്രകാശിനെ വല്ലാതെ മുറിപ്പെടുത്തി. അതേത്തുടര്‍ന്ന് ജെ.പി. പാര്‍ട്ടിയിലെ സകല സ്ഥാനങ്ങളും ഉപേക്ഷിച്ചു. ആചാര്യ വിനോബ ഭാവെയുടെ ഭൂദാന പ്രസ്ഥാനവുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. ഭൂദാനം തന്നെയാണ് യഥാര്‍ത്ഥ സോഷ്യലിസം എന്ന് പ്രസ്താവിച്ചു. ഏപ്രില്‍ 14ന് ബുദ്ധഗയയില്‍ നടന്ന സര്‍വോദയ സമ്മേളനത്തില്‍ തന്റെ ജീവിതം ഭൂദാന പ്രസ്ഥാനത്തിന് സമര്‍പ്പിച്ചതായി പ്രഖ്യാപിച്ചു. ബിഹാറിലെ സൊഖോദിയോരാ ഗ്രാമത്തില്‍ ഒരു ആശ്രമം സ്ഥാപിച്ചു പത്‌നി പ്രഭാവതിയോടൊപ്പം അവിടെ താമസമാക്കി. 1957 ഡിസംബര്‍ 21ന് ജയപ്രകാശ് പി.എസ്.പിയിലെ അംഗത്വവും രാജിവച്ചു. സജീവ രാഷ്ട്രീയം പൂര്‍ണമായി ഉപേക്ഷിച്ചു.

1953 ഡിസംബര്‍ 29-31 തീയതികളില്‍ അലഹബാദില്‍ നടന്ന പി.എസ്.പി. ദേശീയസമ്മേളനം റാം മനോഹര്‍ ലോഹ്യയെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു. കോണ്‍ഗ്രസ് ഇതര പാര്‍ട്ടികളുടെ ഐക്യം ശക്തിപ്പെടുത്താനും കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളോട് തുല്യ ദൂരം പാലിക്കാനും ജാതി സംവരണത്തിനുവേണ്ടി പ്രയത്‌നിക്കാനും തീരുമാനിച്ചു.

1910 മാര്‍ച്ച് 23ന് യുപിയിലെ ഫൈസാബാദ് ജില്ലയില്‍പ്പെട്ട അക്ബര്‍പൂരില്‍ ലോഹക്കച്ചവടക്കാരുടെ കുടുംബത്തിലാണ് റാം മനോഹര്‍ ജനിച്ചത്. മഹാത്മാഗാന്ധിയെപ്പോലെ ലോഹ്യയും വൈശ്യനായിരുന്നു. പത്താം വയസ്സില്‍ രാഷ്ട്രീയത്തില്‍ ആകൃഷ്ടനായി. കല്‍ക്കട്ടയില്‍ കോളേജ് വിദ്യാര്‍ത്ഥിയായിരിക്കവേ ബംഗാള്‍ സ്റ്റുഡന്റ്‌സ് ഫെഡറേഷന്റെ പ്രസിഡന്റായി. 1929-ല്‍ ബി.എ ഓണേഴ്‌സ് പാസായശേഷം ഉപരിപഠനത്തിന് ജര്‍മ്മനിയിലേക്ക് പോയി. ബര്‍ലിന്‍ സര്‍വകലാശാലയില്‍ നിന്ന് 1932-ല്‍ ഡോക്ടറേറ്റ് കരസ്ഥമാക്കി. 1934 മുതല്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ സജീവമായി. ക്വിറ്റ് ഇന്ത്യ സമരത്തില്‍ ഉത്സാഹപൂര്‍വം പങ്കെടുത്തു. പോലീസിന് പിടികൊടുക്കാതെ വളരെക്കാലം ഒളിവില്‍ കഴിഞ്ഞു. രണ്ടുകൊല്ലത്തോളം ജയില്‍വാസവും അനുഭവിച്ചു. എ.ഐ.സി.സിയില്‍ ഇന്ത്യാവിഭജനത്തെ അതിശക്തമായി എതിര്‍ത്തു. ഗോവയെ ഇന്ത്യന്‍ യൂണിയനില്‍ ഉടന്‍ ലയിപ്പിക്കണം എന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തി. വിട്ടുവീഴ്ചയില്ലാത്ത ആദര്‍ശശാലിയും ജന്മനാ പ്രക്ഷോഭകനുമായിരുന്നു ലോഹ്യ.

തിരുവിതാംകൂറിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ പട്ടം താണുപിള്ള സ്വന്തം പാര്‍ട്ടിക്കാരുടെ കുതികാല്‍വെട്ടില്‍ മനംനൊന്ത് 1949-ല്‍ പാര്‍ട്ടി വിട്ടിരുന്നു. പൊന്നറ ശ്രീധര്‍, ജി.പി നീലകണ്ഠപിള്ള, പി.എസ്. നടരാജപിള്ള, എ. അച്യുതന്‍ എന്നിവരും അദ്ദേഹത്തോടൊപ്പം കൂടി. മുസ്ലീംലീഗ് നേതാവായിരുന്ന പി.കെ. കുഞ്ഞും അവര്‍ക്കൊപ്പം ചേര്‍ന്നു. പട്ടവും കൂട്ടരും 1950 മെയ് മാസത്തില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു. സോഷ്യലിസ്റ്റ് ആദര്‍ശങ്ങളോട് അതുവരെ വലിയ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്ന പട്ടത്തെ പാര്‍ട്ടിയില്‍ എടുക്കുന്നതിനോട് ലോഹ്യയ്ക്ക് ഒട്ടും താല്‍പര്യമില്ലായിരുന്നു. പക്ഷേ, ജെ.പിയയും അശോക് മേത്തയും പട്ടത്തിനുവേണ്ടി വാദിച്ചു. ഭൂരിപക്ഷ തീരുമാനത്തിന് ലോഹ്യ വഴങ്ങേണ്ടിവന്നു.

1952-ലെ തെരഞ്ഞെടുപ്പില്‍ തിരുവിതാംകൂര്‍-കൊച്ചി നിയമസഭയില്‍ ആകെയുള്ള 108 സീറ്റില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി മറ്റാരുമായും കൂട്ടുചേരാതെ 83 ഇടത്ത് മത്സരിച്ചു. 11 സീറ്റ് ജയിച്ചു. കോണ്‍ഗ്രസിലെ എ.ജെ. ജോണ്‍ മുഖ്യമന്ത്രിയായി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നു പ്രധാന പ്രതിപക്ഷം. 1953 സെപ്തംബര്‍ 23ന് ജോണ്‍ മന്ത്രിസഭ തകര്‍ന്നു. സംസ്ഥാനം ഇടക്കാല തെരഞ്ഞെടുപ്പിലേക്ക് നീങ്ങി.

1953 ഒക്ടോബറില്‍ പാട്യാലയില്‍ ചേര്‍ന്ന പി.എസ്.പി. ദേശീയ എക്‌സിക്യൂട്ടീവ് തിരു-കൊച്ചി സംസ്ഥാനത്ത് കോണ്‍ഗ്രസ് വിരുദ്ധ മുന്നണിയുണ്ടാക്കാന്‍ തത്വത്തില്‍ തീരുമാനിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ആര്‍.എസ്.പിയും കെ.എസ്.പിയും ഉള്‍പ്പെട്ട ഐക്യമുന്നണിയും പി.എസ്.പിയുമായി സീറ്റ് ധാരണയുണ്ടാക്കി. ആചാര്യ കൃപലാനിയും അശോക് മേത്തയും പ്രചരണത്തിന് എത്തി.

1954 ഫെബ്രുവരിയില്‍ നടന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ ഐക്യമുന്നണി 40 സ്ഥാനങ്ങള്‍ കരസ്ഥമാക്കി. (കമ്മ്യൂണിസ്റ്റ്-28, ആര്‍.എസ്.പി.-9, കെ.എസ്.പി. 3) പി.എസ്.പിക്ക് 19 സീറ്റ് കിട്ടി. കോണ്‍ഗ്രസിന് 45ഉം തിരുവിതാംകൂര്‍ തമിഴ്‌നാട് കോണ്‍ഗ്രസിന് 12ഉം സ്ഥാനങ്ങള്‍ ജയിക്കാന്‍ കഴിഞ്ഞു. തെരഞ്ഞെടുപ്പിലെ ധാരണ അനുസരിച്ച് പി.എസ്.പി.-കമ്മ്യൂണിസ്റ്റ് കൂട്ടുമന്ത്രിസഭയാണ് ഉണ്ടാകേണ്ടിയിരുന്നത്. പട്ടം താണുപിള്ളയ്ക്ക് മുഖ്യമന്ത്രിസ്ഥാനം നല്‍കാന്‍ ഐക്യമുന്നണി പാര്‍ട്ടികള്‍ തയ്യാറായിരുന്നു താനും.

എന്നാല്‍ മാര്‍ച്ച് 10, 11 തീയതികളില്‍ ചേര്‍ന്ന പി.എസ്.പി. ദേശീയ എക്‌സിക്യുട്ടീവ് വളരെ വിചിത്രമായ തീരുമാനമാണ് കൈക്കൊണ്ടത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ചേര്‍ന്ന് മന്ത്രിസഭ ഉണ്ടാക്കേണ്ട, സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുകയും വേണ്ട. പി.എസ്.പിയുടെ തീരുമാനമറിഞ്ഞ് കമ്മ്യൂണിസ്റ്റ് നേതാക്കള്‍ കോപാകുലരായി. കോണ്‍ഗ്രസ് നേതാവ് പനമ്പിള്ളി ഗോവിന്ദമേനോന്‍ ആ അവസരം ഫലപ്രദമായി വിനിയോഗിച്ചു. പി.എസ്.പി. മന്ത്രിസഭയെ പുറത്തുനിന്ന് പിന്താങ്ങാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. അങ്ങനെ 1954 മാര്‍ച്ച് 22ന് പട്ടം താണുപിള്ളയുടെ നേതൃത്വത്തില്‍ രാജ്യത്തെ ആദ്യ പി.എസ്.പി. സര്‍ക്കാര്‍ അധികാരമേറ്റു.

പട്ടം മന്ത്രിസഭ സംസ്ഥാനത്ത് ഭൂപരിഷ്‌കരണം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചു. റവന്യൂമന്ത്രി പി.എസ്.നടരാജപിള്ള അതിനായി 5 ബില്ലുകള്‍ അവതരിപ്പിക്കുകയും ചെയ്തു. കൈവശഭൂമിക്ക് പരിധി നിശ്ചയിക്കാനും കുടികിടപ്പുകാരന് ഭൂമിയില്‍ സ്ഥിരാവകാശം നല്‍കാനും പുറമ്പോക്കും തരിശും സര്‍ക്കാര്‍ ഭൂമിയും ഭൂരഹിതര്‍ക്ക് പതിച്ചു നല്‍കാനും കര്‍ഷകര്‍ക്ക് കടാശ്വാസം നല്‍കാനും വ്യവസ്ഥ ചെയ്യുന്നവരായിരുന്നു മേല്‍പ്പറഞ്ഞ ബില്ലുകള്‍. അവ നടപ്പായിരുന്നെങ്കില്‍ തിരു-കൊച്ചിയില്‍ മാത്രമല്ല രാജ്യത്തെമ്പാടും പി.എസ്.പിക്ക് വലിയ രാഷ്ട്രീയനേട്ടം കൈവരുമായിരുന്നു. അതറിയാവുന്നതുകൊണ്ടുതന്നെ മന്ത്രിസഭ തകര്‍ക്കാന്‍ കോണ്‍ഗ്രസ് തക്കം പാര്‍ത്തിരുന്നു.

തെക്കന്‍ തിരുവിതാംകൂറിലെ തമിഴ് ഭൂരിപക്ഷ പ്രദേശങ്ങള്‍ മദ്രാസ് സംസ്ഥാനത്തോട് ചേര്‍ക്കണം എന്നാവശ്യപ്പെട്ടിരുന്ന പാര്‍ട്ടിയാണ് തിരുവിതാംകൂര്‍ തമിഴ്‌നാട് കോണ്‍ഗ്രസ് (ടി.ടി.എന്‍.സി.). നാഗര്‍കോവില്‍ എം.പി. നേശമണി ആയിരുന്നു അവരുടെ നേതാവ്. 1953 വിമോചന ദിനമായി ആചരിക്കാന്‍ നേശമണി ആഹ്വാനം ചെയ്തു. അന്നേദിവസം തെക്കന്‍ തിരുവിതാംകൂറിലെമ്പാടും വലിയ പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറി. പലയിടത്തും സമരം അക്രമാസക്തമായി. മാര്‍ത്താണ്ഡത്ത് അക്രമാസക്തരായ സമരക്കാര്‍ക്കെതിരെ പോലീസ് വെടിവെച്ചു. ഏഴുപേര്‍ മരിച്ചു.

മാര്‍ത്താണ്ഡം വെടിവെപ്പിന്റെ വാര്‍ത്ത അറിഞ്ഞയുടനെ ഡോ. റാം മനോഹര്‍ ലോഹ്യ പട്ടം താണുപിള്ളയ്ക്ക് ടെലഗ്രാം അടിച്ചു. മൂന്നാവശ്യങ്ങളാണ് ഉന്നയിച്ചത്. ഒന്ന്: വെടിവെപ്പിന് ഉത്തരവാദികളായ പോലീസുദ്യോഗസ്ഥരെ ഉടന്‍ സസ്‌പെന്റ് ചെയ്യണം. രണ്ട്: ജുഡീഷ്യല്‍ അന്വേഷണം നടത്തണം. മൂന്ന്: വെടിവെപ്പിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രിസഭ രാജിവെക്കണം. പട്ടം മൂന്നാവശ്യങ്ങളും നിരാകരിച്ചു.

സെപ്തംബര്‍ 4, 5 തീയതികളില്‍ ദല്‍ഹിയില്‍ ചേര്‍ന്ന പാര്‍ട്ടി നിര്‍വാഹക സമിതി വെടിവെപ്പിനെ അപലപിച്ചുകൊണ്ട് പ്രമേയം പാസാക്കി. സിറ്റിംഗ് ജഡ്ജിയെക്കൊണ്ട് അന്വേഷണം നടത്താനും തീരുമാനിച്ചു. എന്നാല്‍ പട്ടം മന്ത്രിസഭ തുടരണം എന്നുതന്നെയായിരുന്നു പാര്‍ട്ടിയുടെ തീരുമാനം. നിര്‍വാഹക സമിതി തീരുമാനത്തില്‍ പ്രതിഷേധിച്ച് ലോഹ്യ തല്‍ക്ഷണം ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചു.

1954 നവംബറില്‍ പി.എസ്.പിയുടെ സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ നാഗ്പൂരില്‍ നടന്നു. തിരു-കൊച്ചിയിലെ വെടിവെപ്പും ലോഹ്യയുടെ രാജിയും ചര്‍ച്ചാവിഷയമായി. പട്ടം മന്ത്രിസഭ രാജിവെക്കേണ്ട എന്ന ഔദ്യോഗിക പ്രമേയം അശോക് മേത്ത അവതരിപ്പിച്ചു. ഡോ. ലോഹ്യ അതിന് ഭേദഗതി അവതരിപ്പിച്ചു. 217നെതിരെ 303 വോട്ടോടെ ഭേദഗതി തള്ളപ്പെട്ടു. ആചാര്യ നരേന്ദ്രദേവ് പാര്‍ട്ടി പ്രസിഡന്റായും അശോക് മേത്ത ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.

നാഗ്പൂര്‍ സമ്മേളനത്തിനും തിരു-കൊച്ചിയിലെ പി.എസ്.പി. മന്ത്രിസഭയെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. തികച്ചും സാങ്കല്പികമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചു. അവിശ്വാസപ്രമേയം പാസായി. 1955 ഫെബ്രുവരി 10ന് പട്ടം മന്ത്രിസഭ രാജിവച്ചു. പി.എസ്.പിയില്‍ നിന്ന് രണ്ടംഗങ്ങളെ ചാക്കിട്ടുപിടിച്ച് പനമ്പിള്ളി ബദല്‍ മന്ത്രിസഭ രൂപീകരിച്ചു.

1955 ജനുവരി 17 മുതല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അറുപതാം വാര്‍ഷിക സമ്മേളനം മദ്രാസിനടുത്ത് ആവടിയില്‍ ആഘോഷമായി നടന്നു. എ.ഐ.സി.സി. സോഷ്യലിസം പാര്‍ട്ടിയുടെ ലക്ഷ്യമായി പ്രഖ്യാപിച്ചു. ജനുവരി 21ന് യു.എന്‍. ധേബാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പണ്ഡിറ്റ് നെഹ്‌റുവാണ് പ്രമേയം അവതരിപ്പിച്ചത്. 'പ്രധാന ഉത്പാദനോപാധികള്‍ സമൂഹത്തിന്റെ ഉടമസ്ഥതയിലും നിയന്ത്രണത്തിലും ആയിരിക്കുന്നതും ഉത്പാദനം അനുക്രമം വര്‍ദ്ധിച്ചുവരുന്നതും ദേശീയ സമ്പത്ത് നീതിപൂര്‍വകമായി വിതരണം ചെയ്യപ്പെടുന്നതുമായ സോഷ്യലിസ്റ്റ് സമൂഹം സ്ഥാപിക്കുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യം.'

കോണ്‍ഗ്രസിന്റെ ആവടി പ്രമേയം സകല രാഷ്ട്രീയ പാര്‍ട്ടികളിലും വലിയ ചലനം സൃഷ്ടിച്ചു. സോഷ്യലിസ്റ്റ് പാര്‍ട്ടിക്കാണ് ഏറ്റവും പ്രകമ്പനമുണ്ടായത്. ആവടി പ്രമേയത്തോടെ, കോണ്‍ഗ്രസുമായി സഖ്യം പാടില്ല എന്ന പി.എസ്.പിയുടെ അലഹബാദ് പ്രമേയം അപ്രസക്തമായെന്ന് അശോക് മേത്തയും സില്‍ബന്തികളും വാദിച്ചു. മേത്തയെ അതിരൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് മധു ലിമായെ പത്രസമ്മേളനം നടത്തി. പ്രകോപിതനായ മേത്ത മധു ലിമായയെ ഒരു വര്‍ഷത്തേക്ക് സസ്‌പെന്റ് ചെയ്തു.

അശോക് മേത്തയുടെ സോഷ്യലിസം തളര്‍വാതം പിടിച്ചതാണെന്ന് ലോഹ്യ പരിഹസിച്ചു. ചുണയുള്ള സോഷ്യലിസ്റ്റുകള്‍ മധു ലിമായെയെ പ്രസംഗിക്കാന്‍ ക്ഷണിക്കണം എന്നാഹ്വാനം ചെയ്തു. അതിന്‍പ്രകാരം യു.പി. സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടകനായി ലിമായെയെ തീരുമാനിച്ചു. 1955-ല്‍ ജൂണ്‍ 4, 5 തീയതികളില്‍ കൂടിയ ദേശീയ എക്‌സിക്യുട്ടീവ് യോഗത്തില്‍ സമന്വയത്തിന് ശ്രമം നടന്നുവെങ്കിലും വിജയിച്ചില്ല. ഭിന്നത മൂര്‍ച്ഛിച്ചു. ജൂലൈ മാസത്തില്‍ ലോഹ്യയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ഗോദാവരിയുടെ തെക്കുനിന്ന് പി.എസ്.പിയെ തുടച്ചുനീക്കും, യമുനയുടെ വടക്കുനിന്ന് പകുതി കയ്യടക്കും എന്ന് ലോഹ്യ പ്രഖ്യാപിച്ചു.

1955 ഡിസംബര്‍ 31, 56 ജനുവരി 1 തീയതികളില്‍ ഹൈദരാബാദില്‍ വിളിച്ചുകൂട്ടിയ സമ്മേളനത്തില്‍ റാം മനോഹര്‍ ലോഹ്യ സോഷ്യലിസ്റ്റ് പാര്‍ട്ടി പുനരുജ്ജീവിപ്പിച്ചു. ഉദ്ഘാടന പ്രസംഗത്തില്‍ ലോഹ്യ ഗാന്ധിസത്തെയും മാര്‍ക്‌സിസത്തെയും ഒരുപോലെ തള്ളിപ്പറഞ്ഞു. ' ഉറവ വറ്റിയ ഗാന്ധിസം ധനവാന്മാരുടെ ഹൃദയ പരിവര്‍ത്തനത്തിലാണ് വിശ്വസിക്കുന്നത്. ദരിദ്രരുടെ ഹൃദയപരിവര്‍ത്തനത്തെ അത് തീര്‍ത്തും അവഗണിച്ചിരിക്കുകയാണ്. മാര്‍ക്‌സിസമെന്നത് ഇന്ത്യയില്‍ വര്‍ഗസമരവുമായി താദാത്മ്യം പ്രാപിച്ചിരിക്കുന്നു. വര്‍ഗസമരം എപ്പോഴും ഭാവിക്കുവേണ്ടിയുള്ളതാണ്. വര്‍ത്തമാനകാലത്തെ അത് അപൂര്‍വമായേ ബാധിക്കാറുള്ളൂ...'

'സോഷ്യലിസത്തിന് മാര്‍ക്‌സിസവുമായോ ഗാന്ധിസവുമായോ മാര്‍ക്‌സിസ്റ്റ് വിരുദ്ധ തത്വശാസ്ത്രവുമായോ യാതൊരു ബന്ധവുമില്ല. കാരണം അങ്ങനെ പറയുന്നതുകൊണ്ട് സ്വന്തം ചിന്തയുടേയും വീക്ഷണത്തിന്റേയും സ്ഥാനത്ത് അത് മറ്റൊരു സമ്പ്രദായത്തെ പ്രതിഷ്ഠിക്കുകയേയുള്ളൂ.... ഉയര്‍ന്ന പദവിയില്‍ ഉള്ളവരോട് രോഷം കൊള്ളുകയും താഴ്ന്ന നിലയിലുള്ളവരോട് അനുതാപം ഇല്ലാതിരിക്കുകയും ചെയ്യുന്നത് സോഷ്യലിസമല്ല. ചൂഷണത്തിനെതിരായ വികാരവും രോഷത്തിലുള്ള ഐക്യവും മാത്രമേ യഥാര്‍ത്ഥത്തിലുള്ള സോഷ്യലിസം കൈവരുത്തുകയുള്ളൂ.'

സോഷ്യലിസ്റ്റ് പ്രസ്ഥാനത്തില്‍ നിന്ന് നെഹ്‌റുവിയന്‍ ആദര്‍ശങ്ങളെ തുടച്ചുമാറ്റാന്‍ ലോഹ്യയും കൂട്ടരും യത്‌നിച്ചു. 'ഞങ്ങള്‍ കോണ്‍ഗ്രസ് വിട്ടശേഷവും നെഹ്‌റുവിന്റെ സാന്മാര്‍ഗികവും ദാര്‍ശനികവും ബൗദ്ധികവുമായ ബന്ധനത്തില്‍ നിന്ന് മോചിതരായിരുന്നില്ല. ജെ.പിയിലൂടെ നെഹ്‌റു ഞങ്ങളെ സ്വാധീനിച്ചു കൊണ്ടേയിരുന്നു.' മധു ലിമായെ ചൂണ്ടിക്കാട്ടി. ഡോ. ലോഹ്യ ഒരു സോഷ്യലിസ്റ്റ് ബദല്‍ രാഷ്ട്രീയം മുന്നോട്ടുവച്ചു. 'ജയില്‍, വോട്ട്, തൂമ്പ എന്നിവയാണ് നമ്മുടെ ത്രിമുഖ പരിപാടി. തൂമ്പ നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ പ്രതീകമാണ്. ജയില്‍ അനീതിക്കെതിരായ സമാധാനപരമായ സമരത്തിന്റെയും വോട്ട് രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെയും.

പ്രക്ഷോഭകാരിയെന്നപോലെ രാഷ്ട്രീയചിന്തകനുമായിരുന്നു ലോഹ്യ. കമ്മ്യൂണിസം = സോഷ്യലിസം + ഏകാധിപത്യം + റഷ്യ + യുദ്ധം - സ്വാതന്ത്ര്യം എന്നൊരു സമവാക്യം തന്നെ ആവിഷ്‌കരിച്ചു. വര്‍ഗ-വര്‍ണ വിവേചനമില്ലാത്ത സാര്‍വദേശീയ പൗരാവകാശവും ഏകലോക പൗരത്വവും അദ്ദേഹം വിഭാവനം ചെയ്തു. ഡോ. അംബേദ്കര്‍ക്കുശേഷം ജാതിയെ പ്രശ്‌നവല്‍ക്കരിച്ച രാഷ്ട്രീയചിന്തകനായിരുന്നു ലോഹ്യ. രാജ്യം ജീര്‍ണിക്കാനും വിദേശാക്രമണത്തിനും വൈദേശിക ഭരണത്തിനും കീഴ്‌പ്പെടാനും കാരണം ജാതി വ്യവസ്ഥയാണെന്ന് സിദ്ധാന്തിച്ചു. പാരമ്പര്യമായി അസമത്വം നിലനില്‍ക്കുന്ന സമൂഹത്തില്‍ തുല്യ അവസരം തീര്‍ക്കുക അസാദ്ധ്യമാണെന്നും സമൂഹത്തിലെ പിന്നാക്കക്കാര്‍, സ്ത്രീകള്‍, പട്ടികജാതി പട്ടികവര്‍ഗക്കാര്‍ എന്നിവര്‍ക്ക് പ്രത്യേക അവസരങ്ങള്‍ നല്‍കിയാല്‍ മാത്രമേ പുരോഗതി പ്രാപിച്ചവര്‍ക്കൊപ്പം എത്തിക്കാന്‍ കഴിയൂ എന്നും ചൂണ്ടിക്കാട്ടി.

സാമൂഹ്യമാറ്റത്തേയും വിപ്ലവത്തേയും സംബന്ധിച്ച് ലോഹ്യയ്ക്കുള്ള കാഴ്ചപ്പാട് സപ്തവിപ്ലവം എന്ന ആശയത്തിലൂടെ പ്രകാശിപ്പിച്ചിരിക്കുന്നു. (1) സമ്പൂര്‍ണ സ്ത്രീപുരുഷ സമത്വം സ്ഥാപിക്കാനുള്ള പ്രക്ഷോഭം (2) ജാതിയുടേയും നിറത്തിന്റേയും അടിസ്ഥാനത്തിലുള്ള സാമൂഹ്യ, സാമ്പത്തിക, രാഷ്ട്രീയ അസമത്വങ്ങള്‍ തുടച്ചുനീക്കാനുള്ള പ്രക്ഷോഭം. (3) ജാതി വ്യവസ്ഥ ഇല്ലായ്മ ചെയ്യാന്‍ വേണ്ടി പിന്നോക്കക്കാര്‍ക്ക് പ്രത്യേക അവകാശങ്ങള്‍ നേടിയെടുക്കാനുള്ള പ്രക്ഷോഭം (4) സ്വതന്ത്രവും ജനാധിപത്യപരവുമായ സര്‍ക്കാര്‍ സ്ഥാപിക്കുവാന്‍ വിദേശഭരണം ഇല്ലായ്മ ചെയ്യാനുള്ള പ്രക്ഷോഭം. (5) സ്വത്ത് അമിതമായി കുമിഞ്ഞു കൂടുന്നതിനെതിരെയും സാമ്പത്തിക സംതുലനത്തിനുവേണ്ടിയും നീതിയുക്തമായ ഉല്‍പാദന-വിതരണ ക്രമത്തിന് വേണ്ടിയുമുള്ള പ്രക്ഷോഭം. (6) പൗരാവകാശ ധ്വംസനത്തിനെതിരെയും ജനാധിപത്യ ഭരണകൂടത്തിന്റെ നിലനില്‍പിനുവേണ്ടിയുമുള്ള പ്രക്ഷോഭം. (7) അണുവായുധങ്ങള്‍ക്കും ആയുധ നിര്‍മ്മാണ വ്യാപനത്തിനും എതിരെയും സത്യഗ്രഹം നിയമാനുസൃത അവകാശമായി അംഗീകരിച്ചു കിട്ടുന്നതിനുവേണ്ടിയും ഉള്ള പ്രക്ഷോഭം.

ലോക സാഹോദര്യത്തിനും ആഗോള ഗവണ്‍മെന്റിനും വേണ്ടി വാദിക്കുമ്പോഴും ഇംഗ്ലിഷിനോട് വലിയ എതിര്‍പ്പുള്ള ആളായിരുന്നു ലോഹ്യ. ഹിന്ദി രാജ്യത്തിന്റെ പൊതുഭാഷയായി മാറണം എന്നദ്ദേഹം ആഹ്വാനം ചെയ്തു. ബ്രിട്ടീഷ് സാമ്രാജ്യത്വത്തോടുള്ള എതിര്‍പ്പിന്റെ തുടര്‍ച്ചയായിരുന്നു ഇംഗ്ലിഷിനോടുള്ള ലോഹ്യയുടെ വിപ്രതിപത്തി. അതുകൊണ്ടാണ് അദ്ദേഹം ഉപരിപഠനത്തിന് ഇംഗ്ലണ്ടിലേക്ക് പോകാതെ ബര്‍ലിനില്‍ ഫ്രെഡറിക് വില്യം സര്‍വകലാശാലയില്‍ ചേര്‍ന്നത്.

ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നിതാന്ത വിമര്‍ശകനും തികഞ്ഞ കോണ്‍ഗ്രസ് വിരുദ്ധനുമായിരുന്നു റാം മനോഹര്‍ ലോഹ്യ. ബാക്കി സകല പാര്‍ട്ടികളും ഒന്നിച്ചുനിന്ന് കോണ്‍ഗ്രസിനെതിരെ പോരാടണം എന്നായിരുന്നു അദ്ദേഹത്തിന്റെ നയം. പക്ഷേ, പി.എസ്.പിയിലെ പിളര്‍പ്പും സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ പുനഃസ്ഥാപനവും സ്വതേ ദുര്‍ബലമായ പ്രതിപക്ഷത്തെ കൂടുതല്‍ ദുര്‍ബലമാക്കുകയും കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് സാധ്യതകള്‍ പൂര്‍വാധികം ശോഭനമാക്കുകയുമാണ് ചെയ്തത്.