ഭിന്നിപ്പിന്റെ വഴിത്താരകള്‍  

May 8, 2017, 12:09 pm
ഭിന്നിപ്പിന്റെ വഴിത്താരകള്‍  
Columns
Columns
ഭിന്നിപ്പിന്റെ വഴിത്താരകള്‍  

ഭിന്നിപ്പിന്റെ വഴിത്താരകള്‍  

ക്വിറ്റിന്ത്യാ സമരത്തെ തള്ളിപ്പറയുകയും പാകിസ്താന്‍ വാദത്തെ പിന്തുണയ്ക്കുകയും ഇന്ത്യയ്ക്ക് കിട്ടിയ സ്വാതന്ത്ര്യം യഥാര്‍ത്ഥമല്ല എന്ന് കണ്ടുപിടിക്കുകയും ചെയ്ത് ജനങ്ങളില്‍ നിന്ന് തീര്‍ത്തും ഒറ്റപ്പെട്ട അവസ്ഥയിലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആദ്യ പൊതുതെരഞ്ഞെടുപ്പിനെ നേരിട്ടത്. 5.2 ശതമാനം വോട്ടേ കിട്ടിയുള്ളൂവെങ്കിലും ലോക്‌സഭയില്‍ 27 സ്ഥാനങ്ങള്‍ നേടാന്‍ കഴിഞ്ഞു, സഭയിലെ ഏറ്റവും വലിയ പ്രതിപക്ഷകക്ഷിയാകാനും സാധിച്ചു. എ.കെ ഗോപാലന്‍ ലോക്‌സഭയിലും പി. സുന്ദരയ്യ രാജ്യസഭയിലും പാര്‍ട്ടിയെ നയിച്ചു.

1902-ല്‍ അന്ന് മദ്രാസ് പ്രവിശ്യയുടെ ഭാഗമായിരുന്ന മലബാര്‍ ജില്ലയില്‍ കണ്ണൂരിനടുത്ത് പെരളശ്ശേരിയിലെ നല്ല ധനസ്ഥിതിയുള്ള നായര്‍ തറവാട്ടിലാണ് എ.കെ. ഗോപാലന്‍ ജനിച്ചത്. സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി അദ്ദേഹം കുറച്ചുകാലം അധ്യാപകനായി ജോലിചെയ്തു. പിന്നെ കോണ്‍ഗ്രസുകാരനായി ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തു, ജയില്‍വാസം അനുഭവിച്ചു. ജയിലില്‍ വച്ച് കമ്മ്യൂണിസ്റ്റായി. ആദ്യം കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയിലും തുടര്‍ന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലും പ്രവര്‍ത്തിച്ചു. കണ്ണൂരില്‍ നിന്ന് മദ്രാസിലേക്ക് പട്ടിണിജാഥ നയിച്ചു. മലബാറിലെ ഏറ്റവും ജനസ്വാധീനമുള്ള നേതാവായിരുന്നു എ.കെ.ജി. കണ്ണൂര്‍ മണ്ഡലത്തില്‍ നിന്ന് ഒരുലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്.

തെലുങ്കാന സമരത്തെ തള്ളിപ്പറയുകയും സായുധവിപ്ലവം തല്‍ക്കാലം ഉപേക്ഷിക്കുകയും ചെയ്തുവെങ്കിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ആശയക്കുഴപ്പം അവസാനിച്ചിരുന്നില്ല. 1952 ഡിസംബര്‍ 30 മുതല്‍ 1953 ജനുവരി 10 വരെ പാര്‍ട്ടി പ്ലീനം വിളിച്ചുകൂട്ടി ദേശീയ, ദേശാന്തരീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് നയം രൂപീകരിച്ചു. കേന്ദ്രകമ്മിറ്റിയിലെയും കണ്‍ട്രോള്‍ കമ്മീഷനിലെയും അംഗങ്ങള്‍ക്ക് പുറമെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 61 പ്രതിനിധികളും പ്ലീനത്തില്‍ പങ്കെടുത്തു. ഭക്ഷ്യക്ഷാമം തടയാനും കര്‍ഷക കടാശ്വാസത്തിനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും കേന്ദ്രസര്‍ക്കാരിനോട് പ്ലീനം ആവശ്യപ്പെട്ടു. കൂടാതെ സോവിയറ്റ് യൂണിയനും ചീനയുമായുമുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തണമെന്നും ഇന്ത്യ-പാക് സൗഹൃദം ഊട്ടിയുറപ്പിക്കണമെന്നും രാജ്യത്തിനകത്ത് പട്ടികജാതിക്കാരുടെയും ന്യൂനപക്ഷങ്ങളുടെയും സംരക്ഷണം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു.

ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മൂന്നാം കോണ്‍ഗ്രസ് മദ്രാസ് സംസ്ഥാനത്തെ മധുരയില്‍ 1953 ഡിസംബര്‍ 27 മുതല്‍ 1954 ജനുവരി 4 വരെ നടന്നു. ജനുവരി 3ന് അതിഗംഭീരമായ പ്രകടനവും ഉണ്ടായി. ഇന്ത്യയുടെ മുഖ്യശത്രു ബ്രിട്ടീഷ് സാമ്രാജ്യത്വമാണോ അതോ അമേരിക്കന്‍ സാമ്രാജ്യത്വമാണോ എന്നതാണ് മധുര കോണ്‍ഗ്രസിനെ അലട്ടിയ പ്രധാന പ്രശ്‌നം. മുഖ്യശത്രു ബ്രിട്ടീഷ് സാമ്രാജ്യത്വമാണെങ്കില്‍ ഇന്ത്യയെ കോമണ്‍വെല്‍ത്തില്‍ നിലനിര്‍ത്തിയ ജവഹര്‍ലാല്‍ നെഹ്‌റുവും കോണ്‍ഗ്രസുമായി പിന്നെ ഒരു ബന്ധവും സാധ്യമല്ല. അമേരിക്കന്‍ സാമ്രാജ്യത്വമാണ് മുഖ്യശത്രുവെങ്കില്‍ ചെറിയ ആശ്വാസത്തിന് വകയുണ്ട്. അമേരിക്കയോട് അകലം പാലിക്കുന്ന നെഹ്‌റുവുമായി അല്പസ്വല്പം സഹകരണമാകാം. ഏതായാലും ബ്രിട്ടീഷ്, അമേരിക്കന്‍ സാമ്രാജ്യത്വങ്ങളെ ഒരുപോലെ അപലപിക്കുന്ന രാഷ്ട്രീയപ്രമേയമാണ് പാര്‍ട്ടി കോണ്‍ഗ്രസ് പാസാക്കിയത്. നെഹ്‌റു ഗവണ്‍മെന്റുമായി പൊതുപ്രശ്‌നങ്ങളില്‍ സഹകരിക്കാം എന്നൊരു ബദല്‍ പ്രമേയം അവതരിപ്പിക്കപ്പെട്ടെങ്കിലും അത് വോട്ടിനിട്ട് തള്ളുകയാണ് ഉണ്ടായത്.

വര്‍ഗ്ഗ-ബഹുജന സംഘടനകള്‍ ശക്തിപ്പെടുത്താനും കോണ്‍ഗ്രസിനും ജനസംഘം, ഹിന്ദുമഹാസഭ, മുസ്ലിംലീഗ്, അകാലിദള്‍ തുടങ്ങിയ വര്‍ഗീയ പാര്‍ട്ടികള്‍ക്കുമെതിരെ ഇടതുപക്ഷ ജനാധിപത്യ കക്ഷികളുടെ ഐക്യം കെട്ടിപ്പടുക്കാനും പാര്‍ട്ടി കോണ്‍ഗ്രസ് ആഹ്വാനം ചെയ്തു. അജയഘോഷ് വീണ്ടും ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്, ഇ.എം.എസ്. നമ്പൂതിരിപ്പാട്, പി. രാമമൂര്‍ത്തി, എസ്.എ. ഡാങ്കെ, റാണന്‍ സെന്‍, സി. രാജേശ്വര്‍ റാവു, പി. സുന്ദരയ്യ, സെഡ്.എ. അഹമ്മദ് എന്നിവര്‍ പോളിറ്റ് ബ്യൂറോയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

1909 ഫെബ്രുവരി 21ന് യു.പി.യിലെ മിഹിജം പട്ടണത്തിലാണ് അജയഘോഷ് ജനിച്ചത്. യു.പി.യില്‍ താമസമുറപ്പിച്ച ഒരു ബംഗാളി കായസ്ഥ കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. അച്ഛന്‍ സചീന്ദ്രനാഥ്‌ഘോഷ് കോണ്‍പൂരില്‍ ഡോക്ടറായിരുന്നു. പതിനാലാം വയസ്സില്‍ അജയ് ഭഗത് സിംഗിനെ കണ്ടുമുട്ടി. അലഹബാദ് സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥിയായിരിക്കവേ ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ ആര്‍മി പ്രവര്‍ത്തകനായി. ലാഹോര്‍ ഗൂഢാലോചനക്കേസില്‍ പ്രതിയായി 1929-30 കാലത്ത് വിചാരണത്തടവ് അനുഭവിച്ചു. തെളിവില്ലെന്ന് കണ്ട് കോടതി അദ്ദേഹത്തെ വെറുതെവിട്ടു. 1931-33 കാലത്ത് വീണ്ടും ജയില്‍വാസം അനുഭവിക്കവേ കമ്മ്യൂണിസ്റ്റായി. 1936-ലെ ആദ്യ കോണ്‍ഗ്രസില്‍ പോളിറ്റ് ബ്യൂറോയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

മധുര കോണ്‍ഗ്രസിനു തൊട്ടുപിന്നാലെ 1953 മാര്‍ച്ച് 5ന് സഖാവ് ജോസഫ് സ്റ്റാലിന്‍ അന്തരിച്ചു. അതിനുശേഷം ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ മാവോ സേതൂങിന്റെ ആകര്‍ഷണവലയത്തില്‍ പെടുകയും ചൈനീസ് മാതൃകയെ പ്രകീര്‍ത്തിക്കുകയും ചെയ്തു.

1954 മധ്യത്തോടെ പലകാരണങ്ങളാല്‍ ഇന്ത്യ-അമേരിക്ക ബന്ധം വഷളായി. അതേസമയം ചൈനയും സോവിയറ്റ് യൂണിയനുമായുള്ള ബന്ധം മെച്ചപ്പെടുകയും ചെയ്തു. 1954 ജൂണില്‍ ചൈനീസ് നേതാവ് ചൗ എന്‍ലായ് ഇന്ത്യ സന്ദര്‍ശിച്ചു. പഞ്ചശീലതത്വങ്ങള്‍ ആവിഷ്‌ക്കരിച്ചു. സമാധാനപരമായ സഹവര്‍ത്തിത്വം ഇന്ത്യ-ചീന ബന്ധത്തിന്റെ ആധാരശിലയായി മാറി.

ഏതാണ്ട് ഇതേസമയത്ത് അജയഘോഷ് ക്ഷയരോഗ ചികിത്സക്കായി മോസ്‌ക്കോയിലേക്ക് പോയി. ഇ.എം.എസ്. നമ്പൂതിരിപ്പാട് ജനറല്‍ സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതല ഏറ്റെടുത്തു. നെഹ്‌റു-ചൗ കൂടിക്കാഴ്ച ഏഷ്യന്‍ ശക്തികള്‍ തമ്മിലുള്ള ബന്ധങ്ങളില്‍ വലിയ മാറ്റം വരുത്തിയെന്ന് പി. രാമമൂര്‍ത്തി ഒരു ലേഖനമെഴുതി സമര്‍ത്ഥിച്ചു. അത് വലിയ വിവാദമായി മാറി. പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ രാമമൂര്‍ത്തിയെ രൂക്ഷമായി വിമര്‍ശിച്ചു.

1954 സെപ്റ്റംബറില്‍ പാര്‍ട്ടി വീണ്ടും പ്ലീനം വിളിച്ചുകൂട്ടി. കൊളോണിയലിസം, കൊറിയന്‍ യുദ്ധം, ഇന്ത്യ-ചീന സൗഹൃദം, പാകിസ്താനുള്ള യു.എസ്. സഹായം എന്നീ വിഷയങ്ങളില്‍ നെഹ്‌റു സര്‍ക്കാര്‍ കൈക്കൊണ്ട അമേരിക്കന്‍ വിരുദ്ധ നിലപാടിനെ പ്ലീനം അഭിനന്ദിച്ചു. പക്ഷേ പാര്‍ട്ടിക്കകത്ത് സോവിയറ്റ്, ചൈനീസ് അനുകൂല ചേരികള്‍ തമ്മില്‍ ആശയസമരം രൂക്ഷമായി.

1954 ഫെബ്രുവരിയില്‍ തിരുവിതാംകൂര്‍-കൊച്ചി നിയമസഭയിലേക്ക് ഇടക്കാല തെരഞ്ഞെടുപ്പ് നടന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി റവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടിയും കേരള സോഷ്യലിസ്റ്റ് പാര്‍ട്ടിയുമായി ചേര്‍ന്ന് ഐക്യമുന്നണി ഉണ്ടാക്കുകയും പ്രജാസോഷ്യലിസ്റ്റ് പാര്‍ട്ടിയുമായി ധാരണയില്‍ എത്തുകയും ചെയ്തു. അവര്‍ക്ക് ഭൂരിപക്ഷം കിട്ടിയെങ്കിലും മന്ത്രിസഭ രൂപീകരിക്കാന്‍ കഴിഞ്ഞില്ല. പി.എസ്.പി. കമ്മ്യൂണിസ്റ്റ് ബന്ധം ഉപേക്ഷിക്കുകയും കോണ്‍ഗ്രസിന്റെ പിന്തുണയോടെ സര്‍ക്കാരുണ്ടാക്കുകയുമാണ് ചെയ്തത്. 1954 ഫെബ്രുവരിയില്‍ കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചപ്പോഴും പി.എസ്.പി. മന്ത്രിസഭയെ പിന്താങ്ങാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കൂട്ടാക്കിയില്ല. അവിശ്വാസവോട്ടെടുപ്പ് വേളയില്‍ കമ്മ്യൂണിസ്റ്റ് അംഗങ്ങള്‍ നിഷ്പക്ഷത പാലിക്കുകയാണുണ്ടായത്.

1955 ജനുവരിയില്‍ മദ്രാസിലെ ആവടിയില്‍ ചേര്‍ന്ന എ.ഐ.സി.സി. സമ്മേളനം സോഷ്യലിസം കോണ്‍ഗ്രസിന്റെ ലക്ഷ്യമായി പ്രഖ്യാപിച്ചു. കമ്മ്യൂണിസ്റ്റുകാര്‍ക്ക് നല്ല സ്വാധീനമുള്ള ആന്ധ്ര സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ആസന്നമായിരുന്നു. ഉടനെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആവടി പ്രമേയം വെറും തട്ടിപ്പാണെന്ന് പ്രതികരിച്ചു. പക്ഷേ, സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസിന്റെ നയവ്യതിയാനത്തെ സ്വാഗതം ചെയ്തു. 1956 ജനുവരി 26-ന്റെ ലക്കം പ്രവദ നെഹ്‌റു സര്‍ക്കാരിനെ പ്രകീര്‍ത്തിക്കുന്ന ലേഖനം പ്രസിദ്ധീകരിച്ചു. കോണ്‍ഗ്രസുകാര്‍ അതിന്റെ തെലുഗു പരിഭാഷ ലക്ഷക്കണക്കിന് അച്ചടിപ്പിച്ച് ആന്ധ്രയിലെങ്ങും വിതരണം ചെയ്തു.

വലിയ പ്രതീക്ഷകളോടെയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആന്ധ്രയില്‍ തെരഞ്ഞെടുപ്പിനൊരുങ്ങിയത്. രാജ്യസഭാംഗമായിരുന്ന സുന്ദരയ്യ ഗണ്ണവാരത്ത് നോമിനേഷന്‍ കൊടുത്തത് പാര്‍ട്ടിക്ക് ഭൂരിപക്ഷം കിട്ടും, താന്‍ മുഖ്യമന്ത്രിയാകും എന്ന ഉറച്ച പ്രതീക്ഷയിലായിരുന്നു. കോണ്‍ഗ്രസ് 142 സീറ്റിലേ മത്സരിച്ചുള്ളൂ. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി 169 സീറ്റിലും മത്സരിച്ചു. പി.എസ്.പി.യുമായോ എന്‍.ജി. രംഗയുടെ കൃഷികാര്‍ ലോക് പാര്‍ട്ടിയുമായോ ധാരണയുണ്ടാക്കിയില്ല. ആവടി പ്രമേയവും പ്രവദയിലെ ലേഖനവും നെഹ്‌റുവിന്റെ നേതൃത്വവും കോണ്‍ഗ്രസിന് ഗുണകരമായി. മറുവശത്ത് അമിത ആത്മവിശ്വാസം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വിനയായി. തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ പോത്തിനുപകരം പാടത്ത് ജന്മിമാരെ പൂട്ടി ഉഴും, സവര്‍ണ സ്ത്രീകള്‍ക്ക് പിന്നെ ഒരു ജോഡി കോട്ടണ്‍സാരിയും താലിയും മാത്രമേ അനുവദിക്കുകയുള്ളൂ എന്ന ബസവപുന്നയ്യയുടെ തെരഞ്ഞെടുപ്പ് പ്രസംഗവും എതിരാളികള്‍ സമര്‍ത്ഥമായി ഉപയോഗപ്പെടുത്തി.

തെരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കനത്ത തിരിച്ചടി നേരിട്ടു. ആകെ പോള്‍ ചെയ്തതിന്റെ 39.35 ശതമാനം വോട്ട് നേടിയ കോണ്‍ഗ്രസിന് 119 സീറ്റുകള്‍ ജയിച്ച് അധികാരത്തില്‍ എത്താന്‍ കഴിഞ്ഞു. 31.13 ശതമാനം വോട്ടുകിട്ടിയ സി.പി.ഐ. വെറും 15 സീറ്റുകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. വെറും 37 ഇടത്ത് മത്സരിച്ച കെ.എല്‍.പി. 22 സീറ്റുനേടി പ്രധാന പ്രതിപക്ഷമായി. പി.എസ്.പി.ക്ക് 13ഉം പ്രജാപാര്‍ട്ടിക്ക് 5ഉം അംഗങ്ങളുണ്ടായി. 22 സ്വതന്ത്രരും വിജയിച്ചു. സുന്ദരയ്യ കഷ്ടിച്ച് ജയിച്ചു. ബസവപുന്നയ്യയും രാജേശ്വര്‍ റാവുവും തോറ്റു.

ആവടി പ്രമേയത്തിനും ആന്ധ്ര തെരഞ്ഞെടുപ്പിനുശേഷം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ആശയസമരം മൂര്‍ച്ഛിച്ചു. പി.സി ജോഷി, ഭവാനി സെന്‍, സി. രാജേശ്വര്‍ റാവു എന്നിവര്‍ കോണ്‍ഗ്രസിലെ പുരോഗമന ആശയക്കാരുമായി സഹകരിക്കണം എന്ന നിലപാടുകാരായിരുന്നു. മറിച്ച് പി. സുന്ദരയ്യ, എം. ബസവപുന്നയ്യ, ബി.ടി. രണദിവെ എന്നിവര്‍ കോണ്‍ഗ്രസുമായി ഒരു ബന്ധവും പാടില്ല എന്ന ശാഠ്യത്തില്‍ ഉറച്ചുനിന്നു. ആദ്യവിഭാഗക്കാരുടേത് ദേശീയ ഐക്യലൈന്‍ എന്നും രണ്ടാമത്തേത് ജനാധിപത്യ ഐക്യലൈന്‍ എന്നും അറിയപ്പെട്ടു. അജയഘോഷിനും ഡാങ്കെയ്ക്കും ദേശീയ ഐക്യലൈനിനോടായിരുന്നു പ്രതിപത്തി; ഇ.എം.എസിന് ജനാധിപത്യ ഐക്യലൈനോടും.

1955 ജൂണില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്രകമ്മറ്റി പൊതുമേഖലയെ ശക്തിപ്പെടുത്തണം, ഘനവ്യവസായങ്ങള്‍ക്ക് പ്രാധാന്യം നല്‍കണം എന്ന് പ്രമേയം പാസാക്കി. അത് നെഹ്‌റു അനുകൂല ചേരിയുടെ വിജയമായി കണക്കാക്കപ്പെട്ടു. പൊതുമേഖലയെ ശക്തിപ്പെടുത്തി മിശ്ര സമ്പദ്‌വ്യവസ്ഥ കൂടുതല്‍ ചലനാത്മകമാക്കണം എന്നത് കോണ്‍ഗ്രസിലെ ഇടതുപക്ഷക്കാരുടേയും ആവശ്യമായിരുന്നു.

1956 മാര്‍ച്ചില്‍ സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇരുപതാം കോണ്‍ഗ്രസ് സ്റ്റാലിനെ തള്ളിപ്പറഞ്ഞു. സൗഹാര്‍ദ്ദ പ്രതിനിധിയായി അജയഘോഷും പങ്കെടുത്തിരുന്നു. അദ്ദേഹം അക്കാര്യം തൊട്ടുപിന്നാലെ പാലക്കാട്ട് നടന്ന ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നാലാം കോണ്‍ഗ്രസില്‍ റിപ്പോര്‍ട്ട് ചെയ്യുകയുമുണ്ടായി. പക്ഷേ, ആ ഘട്ടത്തില്‍ കാര്യമായ പ്രതികരണമൊന്നും ഉണ്ടായില്ല.

നാലാം പാര്‍ട്ടി കോണ്‍ഗ്രസ് 1956 ഏപ്രില്‍ 19 മുതല്‍ 29 വരെ പാലക്കാട്ട് നടന്നു. അവിടെ പ്രകടമായും മൂന്ന് ചേരികള്‍ ഉണ്ടായിരുന്നു. (1) ആവടി പ്രമേയത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസുമായി കൂട്ടുകക്ഷി സര്‍ക്കാരുണ്ടാക്കണം എന്നു വാദിക്കുന്നവര്‍, (2) ആവടിപ്രമേയം ഒരു ബൂര്‍ഷ്വാ തട്ടിപ്പാണെന്ന് കരുതുകയും കോണ്‍ഗ്രസ് വിരുദ്ധ ബദല്‍ സര്‍ക്കാരിനുവേണ്ടി വാദിക്കുകയും ചെയ്യുന്നവര്‍ (3) കോണ്‍ഗ്രസുമായി സമാധാനപരമായ സഹവര്‍ത്തിത്വം കാംക്ഷിക്കുന്നവര്‍. ജനറല്‍ സെക്രട്ടറി അജയഘോഷ് മൂന്നാംചേരിയുടെ വക്താവായിരുന്നു.

അജയഘോഷ് അവതരിപ്പിച്ച ഔദ്യോഗിക രേഖയ്‌ക്കെതിരെ പി.സി ജോഷി ബദല്‍രേഖ മുന്നോട്ടുവെച്ചു. എ.ഐ.ടി.യു.സി. ഐ.എന്‍.ടി.യു.സി.യുമായി സഹകരിച്ച് പ്രവര്‍ത്തിക്കണം അതിലൂടെ തൊഴിലാളിവര്‍ഗ ഐക്യം ശക്തിപ്പെടുത്തണം; ഭൂപരിഷ്‌കരണം, സാമ്രാജ്യത്വവിരോധം, തൊഴിലാളികളുടെ അവകാശസംരക്ഷണം എന്നിങ്ങനെയുള്ള കാതലായ വിഷയങ്ങളില്‍ കോണ്‍ഗ്രസിലെ പുരോഗമന ആശയക്കാരുമായി സഹകരിക്കണം എന്നായിരുന്നു ബദല്‍രേഖയുടെ കാതല്‍. ഭവാനി സെന്‍, രാജേശ്വര്‍ റാവു, സോംനാഥ് ലാഹിരി, എസ്.എസ്. യൂസഫ്, കെ. ദാമോദരന്‍, രവി നാരായണ്‍ റെഡ്ഡി, രമേഷ് ചന്ദ്ര, അവതാര്‍ സിംഗ് മല്‍ഹോത്ര എന്നിവര്‍ ബദല്‍രേഖയെ പിന്താങ്ങി. പക്ഷേ, അത് തള്ളപ്പെട്ടു. പാര്‍ട്ടി കോണ്‍ഗ്രസ് ഔദ്യോഗികരേഖ അംഗീകരിച്ചു.

പാലക്കാട്ട് അജയഘോഷ് വീണ്ടും ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. സുര്‍ജിത്, ഇ.എം.എസ്, രാമമൂര്‍ത്തി, ഡാങ്കെ, രാജേശ്വര്‍റാവു, സുന്ദരയ്യ, അഹമ്മദ് എന്നിവരെ പോളിറ്റ്ബ്യൂറോയില്‍ നിലനിര്‍ത്തി. റാണന്‍ സെന്‍ ഒഴിവാക്കപ്പെട്ടു. പകരം ഭൂപേശ് ഗുപ്തയെ ഉള്‍പ്പെടുത്തി. കല്‍ക്കട്ട തീസീസ് കാലത്ത് ഒഴിവാക്കപ്പെട്ട പി.സി ജോഷിയും രണദിവെയും കേന്ദ്രകമ്മറ്റിയില്‍ തിരിച്ചെത്തി.

ന്യൂ ടൈംസിന്റെ 1956 ജൂലൈ 2, ഓഗസ്റ്റ് 5 ലക്കങ്ങളില്‍ സോവിയറ്റ് സാമ്പത്തിക ശാസ്ത്രജ്ഞന്‍ മൊദസ്‌തെ റൂബിന്‍സ്റ്റണ്‍ എഴുതിയ 'അവികസിത രാജ്യങ്ങള്‍ക്ക് ഒരു മുതലാളിത്തേതര പാത' എന്ന പ്രബന്ധം നെഹ്‌റുവിനെ വാനോളം പുകഴ്ത്തി. ഇന്ത്യയിലെ മിശ്രസമ്പദ്‌വ്യവസ്ഥ പുരോഗമനപരമാണ്, സോഷ്യലിസത്തിലേക്കുള്ള കാല്‍വെപ്പാണ്; സോഷ്യലിസ്റ്റ് പാതയുടെ വക്താവാണ് ജവഹര്‍ലാല്‍ നെഹ്‌റു എന്ന് സാക്ഷ്യപ്പെടുത്തി. റൂബിന്‍സ്റ്റന്റെ പ്രബന്ധം ഇന്ത്യന്‍ നേതാക്കളെ, പ്രത്യേകിച്ച് ചൈനീസ് ലൈനിന്റെ വക്താക്കളെ കോപാകുലരാക്കി. അജയഘോഷ് ഒരു ബദല്‍ പ്രബന്ധം എഴുതി മോസ്‌ക്കോയിലേക്ക് അയച്ചു.

1956 സെപ്റ്റംബറില്‍ നടന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ എട്ടാം കോണ്‍ഗ്രസില്‍ പി.സി ജോഷിയും ഇ.എം.എസ്സും പങ്കെടുത്തു. അതിനടുത്ത മാസങ്ങളില്‍ കമ്മ്യൂണിസ്റ്റ് രാജ്യമായ ഹംഗറിക്ക് നേരെ സോവിയറ്റ് യൂണിയന്‍ നടത്തിയ ബലപ്രയോഗം ഇന്ത്യന്‍ പാര്‍ട്ടിയിലെ ആശയ സംഘര്‍ഷത്തിന് ആക്കം കൂട്ടി. സോവിയറ്റ് യൂണിയനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും രണ്ട് ചേരികളായി കൊമ്പുകോര്‍ത്തു.

1952-57 കാലത്ത് മറ്റ് ഇടതുപക്ഷ പാര്‍ട്ടികളിലും ആശയക്കുഴപ്പം രൂക്ഷമായിരുന്നു. തെരഞ്ഞെടുപ്പ് പരാജയവും ആവടി പ്രമേയവുമൊക്കെ അവിടെയും അലയടിച്ചു.

റവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടി 9 സീറ്റിലാണ് മത്സരിച്ചത്. യു.പി.-4, തിരു-കൊച്ചി-1, പശ്ചിമബംഗാള്‍-4. ബംഗാളില്‍ രണ്ടും തിരു-കൊച്ചിയില്‍ ഒന്നും സ്ഥാനങ്ങള്‍ ജയിച്ചു. കൊല്ലത്തുനിന്ന് എന്‍. ശ്രീകണ്ഠന്‍നായരും ബഹ്‌റാംപൂരില്‍ നിന്ന് തൃദീപ് ചൗധരിയും വടക്കു-പടിഞ്ഞാറന്‍ കല്‍ക്കട്ടയില്‍ നിന്ന് മേഘനാഥ് സാഹയുമാണ് ജയിച്ചത്.

ആര്‍.എസ്.പി.യുടെ സ്ഥാപക ജനറല്‍ സെക്രട്ടറിയും യു.ടി.യു.സി. വൈസ് പ്രസിഡണ്ടുമായിരുന്നു ജോഗേഷ് ചന്ദ്ര ചാറ്റര്‍ജി. ബ്രിട്ടീഷ് ഭരണകാലത്ത് കാകോരി ഗൂഢാലോചനക്കേസില്‍ ജീവപര്യന്തം തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഒരു വിപ്ലവകാരി. 1953-ല്‍ ചാറ്റര്‍ജിക്ക് വീണ്ടുവിചാരമുണ്ടായി കോണ്‍ഗ്രസില്‍ ചേര്‍ന്നു. 1956-ല്‍ അദ്ദേഹം യു.പിയില്‍ നിന്ന് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1969-ല്‍ മരിക്കുംവരെ രാജ്യസഭാംഗമായി തുടര്‍ന്നു. ഇടക്കാലത്ത് സിനിമാഭിനയത്തിലും ഒരുകൈ നോക്കി. സത്യജിത്‌റായുടെ 'നായക് ' അടക്കം ഏതാനും ചിത്രങ്ങളില്‍ അഭിനയിച്ചു.

പെസന്റ്‌സ് ആന്റ് വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ അനിഷേധ്യനേതാവ് കേശവറാവു ജെഥേ പൂനെയില്‍ മത്സരിച്ചു. കോണ്‍ഗ്രസിലെ എന്‍.വി. ഗാഡ്ഗിലിനോട് തോറ്റു. അതോടെ ജെഥേക്കും വീണ്ടുവിചാരമുണ്ടായി. 1952 ഓഗസ്റ്റില്‍ അദ്ദേഹം കോണ്‍ഗ്രസിലേക്ക് തിരിച്ചുപോയി.

ഫോര്‍വേഡ് ബ്ലോക്കിലെ റൂയികര്‍ ഗ്രൂപ്പ് തെരഞ്ഞെടുപ്പില്‍ അമ്പേ പരാജയപ്പെട്ടു. ആ പാര്‍ട്ടി പിന്നീട് പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ ലയിച്ചു. ഹോഷംഗാബാദില്‍ ഫോര്‍വേഡ് ബ്ലോക്ക് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചുതോറ്റ എച്ച്.വി. കാമത്ത് അതേ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് ഉണ്ടായപ്പോള്‍ പി.എസ്.പി ടിക്കറ്റില്‍ മത്സരിച്ച് ജയിച്ചു.

ഫോര്‍വേഡ് ബ്ലോക്കിലെ യഗി ഗ്രൂപ്പിന്റെ അഞ്ചാം ദേശീയസമ്മേളനം 1952 ഡിസംബര്‍ 28 -31 തീയതികളില്‍ യു.പിയിലെ ഇംഗോട്ടയില്‍ നടന്നു. ജനറല്‍ മോഹന്‍സിംഗ് ചെയര്‍മാനായും കേണല്‍ ഗുരുബക്ഷ് സിംഗ് ധില്ലന്‍ ജനറല്‍ സെക്രട്ടറിയായും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.

ഡോ. ശ്യാമപ്രസാദ് മുഖര്‍ജിയുടെ മരണത്തെത്തുടര്‍ന്ന് കല്‍ക്കട്ട സൗത്ത് മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഫോര്‍വേഡ് ബ്ലോക്കിലെ ഒരു വിഭാഗം സ്വന്തം സ്ഥാനാര്‍ത്ഥിയെയല്ല കമ്മ്യൂണിസ്റ്റ് സ്ഥാനാര്‍ത്ഥിയെയാണ് പിന്തുണച്ചത്. അതേത്തുടര്‍ന്ന് അമര്‍ബോസ്, സത്യപ്രിയ ബാനര്‍ജി, രാം ചാറ്റര്‍ജി, സുഹൃദ് ചൗധരി എന്നിവര്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടു. 1954 ഏപ്രില്‍ മാസം അവര്‍ മാര്‍ക്‌സിസ്റ്റ് ഫോര്‍വേഡ് ബ്ലോക്ക് രൂപീകരിച്ചു. അമര്‍ബോസ് ചെയര്‍മാനായും സത്യപ്രിയ ബാനര്‍ജി ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.