രാഷ്ട്രപതിയും കോടതിയും: ഉടക്കിന്റെ തുടക്കം  

May 15, 2017, 2:53 pm
രാഷ്ട്രപതിയും കോടതിയും: ഉടക്കിന്റെ തുടക്കം  
Columns
Columns
രാഷ്ട്രപതിയും കോടതിയും: ഉടക്കിന്റെ തുടക്കം  

രാഷ്ട്രപതിയും കോടതിയും: ഉടക്കിന്റെ തുടക്കം  

1884 ഡിസംബര്‍ 3ന് ബിഹാറിലെ സിവാന്‍ ജില്ലയില്‍ സിരാദേയി ഗ്രാമത്തിലെ ഒരു കായസ്ഥ കുടുംബത്തിലാണ് ബാബു രാജേന്ദ്രപ്രസാദ് ജനിച്ചത്. കല്‍ക്കട്ട പ്രസിഡന്‍സി കോളേജിലും ലോ കോളേജിലുമായി പഠനം പൂര്‍ത്തിയാക്കി. എം.എ., എം.എല്‍. പരീക്ഷകള്‍ പ്രശസ്തമായ നിലയില്‍ പാസായി. 1916 മുതല്‍ പാറ്റ്‌ന ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്തു. സമര്‍ത്ഥനായ അഭിഭാഷകനായി പേരെടുത്തു. 1937-ല്‍ അലഹബാദ് സര്‍വകലാശാലയില്‍ നിന്ന് നിയമത്തില്‍ ഡോക്ടറേറ്റ് നേടി.

1911 മുതല്‍ കോണ്‍ഗ്രസ് അനുഭാവിയായിരുന്നു രാജേന്ദ്രപ്രസാദ്. 1916-ല്‍ ചമ്പാരന്‍ സമരത്തിനുവന്ന മഹാത്മാഗാന്ധിയുമായി പരിചയപ്പെട്ടതോടെ മുഴുവന്‍സമയ രാഷ്ട്രീയക്കാരനായി. 1921-ല്‍ വക്കീല്‍പ്പണി പൂര്‍ണമായും ഉപേക്ഷിച്ചു. ബിഹാര്‍ വിദ്യാപീഠത്തിന്റെ ചുമതല ഏറ്റെടുത്തു. പലതവണ അറസ്റ്റും ജയില്‍വാസവും അനുഭവിച്ചു. കോണ്‍ഗ്രസിലെ വലതുപക്ഷചേരിയുടെ വക്താവായിരുന്നു അദ്ദേഹം. ഇടക്കാലത്ത് ഹിന്ദുമഹാസഭയുമായും സഹകരിച്ച് പ്രവര്‍ത്തിച്ചു.

1934-ല്‍ ബോംബെയില്‍ നടന്ന എ.ഐ.സി.സി. സമ്മേളനം രാജേന്ദ്രപ്രസാദിനെ പാര്‍ട്ടി അധ്യക്ഷനായി തെരഞ്ഞെടുത്തു. സര്‍ദാര്‍ പട്ടേലിന്റെ അടുത്ത സഹകാരിയും നെഹ്‌റു, ബോസ് എന്നിവരുടെ എതിരാളിയുമായിരുന്നു പ്രസാദ്. സുഭാഷ്ചന്ദ്രബോസിനെ പുകച്ചുപുറത്താക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. സുഭാഷ് രാജിവച്ചപ്പോള്‍ പ്രസാദ് കോണ്‍ഗ്രസിന്റെ ഇടക്കാല പ്രസിഡണ്ടാകുകയും ചെയ്തു. 1947-ല്‍ ആചാര്യ കൃപലാനി രാജിവച്ചപ്പോഴും ഇടക്കാല പ്രസിഡണ്ട് സ്ഥാനം രാജേന്ദ്രപ്രസാദിനെ തേടിയെത്തി.

1946 സെപ്തംബറില്‍ ജവഹര്‍ലാല്‍ നെഹ്‌റു രൂപീകരിച്ച ഇടക്കാല സര്‍ക്കാരില്‍ കൃഷി-ഭക്ഷ്യ മന്ത്രിയായിരുന്നു രാജേന്ദ്രപ്രസാദ്. ഗോപാലസ്വാമി അയ്യങ്കാരെ ഭരണഘടനാ അസംബ്ലി അധ്യക്ഷനാക്കണമെന്നായിരുന്നു നെഹ്‌റുവിന്റെ താല്‍പര്യം. എന്നാല്‍ സര്‍ദാര്‍ പട്ടേല്‍ തക്കസമയത്ത് ഇടപെട്ടു, രാജേന്ദ്രപ്രസാദിനെ തെരഞ്ഞെടുത്തു. അധ്യക്ഷനെന്നനിലയില്‍ അദ്ദേഹം തന്റെ ചുമതല പ്രഗത്ഭമായി നിറവേറ്റുകയും ചെയ്തു.

പുതിയ ഭരണഘടന നിലവില്‍ വരുമ്പോള്‍ ഗവര്‍ണര്‍ ജനറലിന്റെ സ്ഥാനത്ത് രാഷ്ട്രപതിയെ തെരഞ്ഞെടുക്കേണ്ടിയിരുന്നു. സി. രാജഗോപാലാചാരി ആ സ്ഥാനത്ത് എത്തണമെന്നായിരുന്നു നെഹ്‌റുവിന്റെ ആഗ്രഹം. പ്രധാനമന്ത്രി വടക്കേഇന്ത്യക്കാരനായതുകൊണ്ട് രാഷ്ട്രപതി തെക്കേഇന്ത്യക്കാരന്‍ ആകുന്നതാണ് നല്ലതെന്ന് നെഹ്‌റു കരുതി. മാത്രമല്ല രാജാജി ഗവര്‍ണര്‍ ജനറലായിട്ട് രണ്ടുകൊല്ലം പോലും ആയിരുന്നില്ലതാനും. ഈ ഘട്ടത്തില്‍ ഡോ. രാജേന്ദ്രപ്രസാദ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചു രംഗത്തിറങ്ങി. അമ്പരന്ന നെഹ്‌റു പ്രസാദിനോട് പിന്മാറാന്‍ ആവശ്യപ്പെട്ടു. നെഹ്‌റുവും പട്ടേലും ആവശ്യപ്പെട്ടാല്‍ താന്‍ പിന്മാറാമെന്ന് പ്രസാദ് വ്യക്തമാക്കി. രാഷ്ട്രപതിയാകാന്‍ രാജാജിയേക്കാള്‍ യോഗ്യന്‍ രാജേന്ദ്രപ്രസാദാണെന്ന് സര്‍ദാര്‍ പട്ടേല്‍ തീര്‍ത്തുപറഞ്ഞു. രാജഗോപാലാചാരി ക്വിറ്റ്ഇന്ത്യാ സമരകാലത്ത് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചതും പാകിസ്താന്‍ വാദത്തെ പിന്തുണച്ചതും പട്ടേല്‍ അനുകൂലികള്‍ കുത്തിപ്പൊക്കി. നെഹ്‌റു ഒറ്റപ്പെട്ടു, രാജേന്ദ്രപ്രസാദ് രാഷ്ട്രപതിയായി.

1950 ജനുവരി 26 ആണ് റിപ്പബ്ലിക്ദിനമായി നെഹ്‌റു തീരുമാനിച്ചത്. ലാഹോര്‍ എ.ഐ.സി.സി.പൂര്‍ണ്ണസ്വരാജ് കോണ്‍ഗ്രസിന്റെ ലക്ഷ്യമായി പ്രഖ്യാപിച്ചതിന്റെ ഇരുപതാം വാര്‍ഷികദിനം. എന്നാല്‍ ജനുവരി 26 ശുഭദിനമല്ലെന്ന് രാജേന്ദ്രപ്രസാദ് ജ്യോതിഷികളുമായി കൂടിയാലോചിച്ച് കണ്ടുപിടിച്ചു. അതറിഞ്ഞ് നെഹ്‌റു പൊട്ടിത്തെറിച്ചു. ജോത്സ്യന്മാരുടെ ഉപദേശമനുസരിച്ച് രാജ്യംഭരിക്കാന്‍ കഴിയില്ലെന്ന് അറത്തുമുറിച്ചുപറഞ്ഞു.

പരമപിന്തിരിപ്പനും ഹിന്ദു പുനരുദ്ധാനവാദിയുമായിട്ടാണ് നെഹ്‌റു രാജേന്ദ്രപ്രസാദിനെ കണക്കാക്കിയത്. പ്രസാദ് ആര്‍.എസ്.എസ്. അനുകൂലിയല്ലെങ്കിലും ഹിന്ദുമഹാസഭയുമായി മുന്‍കാലത്ത് സഹകരിച്ചയാളാണ്. ഗോവധ നിരോധന പ്രസ്ഥാനത്തിലും സജീവമായിരുന്നു. 1947-ലെ ലഹളക്കാലത്ത് മുസ്ലീങ്ങള്‍ക്ക് പോലീസ് സംരക്ഷണം നല്‍കുന്ന പക്ഷം ജനങ്ങള്‍ സര്‍ക്കാരിനെതിരാകും എന്ന് ഗുണദോഷിച്ച കാര്യവും നെഹ്‌റുവിന് ഓര്‍മ്മയുണ്ടായിരുന്നു.

ബിഹാര്‍ നിയമസഭ പാസാക്കിയ സെമീന്ദാരി നിര്‍ത്തലാക്കല്‍ ബില്ലിന് അംഗീകാരം നല്‍കാന്‍ രാഷ്ട്രപതി വൈമനസ്യം പ്രകടിപ്പിച്ചു. നാമമാത്ര നഷ്ടപരിഹാരം നല്‍കി ഭൂമി ഏറ്റെടുക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി. കേന്ദ്രമന്ത്രിസഭ വീണ്ടും സമ്മര്‍ദ്ദം ചെലുത്തിയപ്പോള്‍ ബില്ല് ഒപ്പിട്ടു. പക്ഷേ, അധികം വൈകാതെ ബിഹാര്‍ ഹൈക്കോടതി ആ നിയമം റദ്ദാക്കി. നെഹ്‌റു അതൊരു അഭിമാനപ്രശ്‌നമായി എടുത്തു. ഏറെക്കുറെ അതേ വ്യവസ്ഥകളോടെ ബിഹാര്‍ ഭൂപരിഷ്‌കരണ നിയമം പാസാക്കി. 1951 മേയ് മാസത്തില്‍ ഭരണഘടന ഭേദഗതി ചെയ്ത് ബിഹാര്‍ ഭൂപരിഷ്‌കരണ നിയമം ഒമ്പതാം ഷെഡ്യൂളില്‍പ്പെടുത്തി സംരക്ഷിച്ചു.

ഡോ. അംബേദ്കര്‍ അവതരിപ്പിച്ച ഹിന്ദുകോഡ് ബില്ലിനെയും രാജേന്ദ്രപ്രസാദ് അതിശക്തമായി എതിര്‍ത്തു. പൊതുതെരഞ്ഞെടുപ്പ് കഴിഞ്ഞ് ജനങ്ങളുടെ മാന്‍ഡേറ്റ് നേടിയ ശേഷമേ, ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാവുന്ന നിയമനിര്‍മാണം നടത്താവൂ എന്ന തടസ്സവാദം ഉന്നയിച്ചു. ഹിന്ദു വ്യക്തിനിയമം മാത്രമായി ഭേദഗതി ചെയ്യുന്നത് വിവേചനപരമാണെന്നും അദ്ദേഹത്തിന് അഭിപ്രായമുണ്ടായിരുന്നു. ഏതായാലും ഹിന്ദുകോഡ് ബില്‍ പാര്‍ലമെന്റിന്റെ കടമ്പ കടന്നില്ല. ഡോ. അംബേദ്കര്‍ രാജിവച്ച് പോകുകയും ചെയ്തു. അവിടെയും അന്തിമവിജയം നെഹ്‌റുവിനായിരുന്നു. നാല് പ്രത്യേക ബില്ലുകളായി അവതരിപ്പിച്ചു. വിശദമായ ചര്‍ച്ചകള്‍ക്കുശേഷം 1955-56 കാലത്ത് പാസാക്കിയെടുത്തു. -

ഹിന്ദുകോഡ് ബില്ലിന്റെ ചര്‍ച്ചാവേളയില്‍ പാര്‍ലമെന്റില്‍ സന്നിഹിതനായിരിക്കാന്‍ രാഷ്ട്രപതി താല്പര്യപ്പെട്ടു. എന്നാല്‍ പ്രധാനമന്ത്രി അതിന് അനുവദിച്ചില്ല. താന്‍ പാര്‍ലമെന്റിന്റെ അവിഭാജ്യഘടകമാണെന്നും സഭയുടെ പ്രസിഡന്റ്‌സ് ബോക്‌സില്‍ ഇരിക്കാന്‍ അര്‍ഹതയുണ്ടെന്നുമായിരുന്നു രാജേന്ദ്രപ്രസാദിന്റെ വാദം. വര്‍ഷാരംഭത്തില്‍ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യാന്‍ മാത്രമേ രാഷ്ട്രപതി പാര്‍ലമെന്റില്‍ വരേണ്ടതുള്ളൂ എന്നും പ്രസിഡന്റ്‌സ് ബോക്‌സ് വിദേശത്തുനിന്നും മറ്റും എത്തുന്ന അതിഥികളെ ഉദ്ദേശിച്ചാണ് ഒരുക്കിയിട്ടുള്ളത് എന്നുമായിരുന്നു നെഹ്‌റുവിന്റെ പ്രതിവാദം. ഒടുവില്‍ പാര്‍ലമെന്റിലെ ചര്‍ച്ച രാഷ്ട്രപതി ഭവനില്‍ ഇരുന്നു കേള്‍ക്കാവുന്ന രീതിയില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ സ്ഥാപിച്ച് പ്രശ്‌നം തീര്‍ത്തു.

മധ്യകാലഘട്ടത്തില്‍ ആദ്യം ഗസ്‌നിയിലെ മെഹമൂദും പിന്നീട് സുല്‍ത്താന്‍ അലാവുദ്ദീന്‍ ഖില്‍ജിയും ഒടുവില്‍ മുഗള്‍ ചക്രവര്‍ത്തി ഔറംഗസീബും തകര്‍ത്തതാണ് ഗുജറാത്തിലെ പ്രസിദ്ധമായ സോമനാഥ ക്ഷേത്രം. ബ്രിട്ടീഷ് ഭരണകാലത്ത് അത് ജൂനഗഡിലെ നവാബിന്റെ അധികാരപരിധിയില്‍ ആയിരുന്നു. 1947-ല്‍ ജൂനഗഡിനെ ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിച്ചശേഷം സര്‍ദാര്‍ പട്ടേല്‍ സോമനാഥ് സന്ദര്‍ശിച്ചു. ക്ഷേത്രം പുതുക്കിപ്പണിയാന്‍ ആഹ്വാനം ചെയ്തു. അതിന്റെ ഉത്തരവാദിത്തം അന്ന് മന്ത്രിയായിരുന്ന കെ.എം. മുന്‍ഷിയെ ഏല്‍പിച്ചു.

1951-ല്‍ ക്ഷേത്രംപണി പൂര്‍ത്തിയാകുമ്പോഴേക്കും സര്‍ദാര്‍ പട്ടേല്‍ കഥാവശേഷനായി കഴിഞ്ഞിരുന്നു. മുന്‍ഷി ഉദ്ഘാടനത്തിന് രാഷ്ട്രപതിയെ ക്ഷണിച്ചു. അദ്ദേഹം അത് സസന്തോഷം സ്വീകരിച്ചു. ഗസ്‌നിയും ഖില്‍ജിയും ഔറംഗസീബും തകര്‍ത്ത ക്ഷേത്രം പുനരുദ്ധരിക്കുന്നത് മുസ്ലീങ്ങളോടുള്ള വെല്ലുവിളിയായിട്ടാണ് പണ്ഡിറ്റ് നെഹ്‌റു കണ്ടത്. ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കുന്നത് ശരിയല്ലെന്ന് നെഹ്‌റു രാഷ്ട്രപതിയെ അറിയിച്ചു. നെഹ്‌റുവിന്റെ വിപ്രതിപത്തി വകവയ്ക്കാതെ രാജേന്ദ്രപ്രസാദ് 1951 മേയ് 11ന് സോമനാഥില്‍ പോയി ക്ഷേത്രം ഉദ്ഘാടനം ചെയ്തു. കൂട്ടത്തില്‍ ഇന്ത്യയുടെ മഹത്തായ മതേതര പാരമ്പര്യത്തെക്കുറിച്ച് നല്ലൊരു പ്രസംഗവും നടത്തി.

1952-ല്‍ വാരണാസി സന്ദര്‍ശിച്ച രാഷ്ട്രപതി ഹിന്ദു പുരോഹിതന്മാരുടെ കാല്‍തൊട്ടുവന്ദിച്ചതറിഞ്ഞ് നെഹ്‌റു കോപാകുലനായി. രാജേന്ദ്രപ്രസാദ് അതും ഗൗനിച്ചില്ല. എത്ര ഉന്നതസ്ഥാനം വഹിക്കുന്നവരും പണ്ഡിതന്മാരെ മാനിക്കണം എന്ന് അഭിപ്രായപ്പെട്ടു.

നെഹ്‌റു സര്‍ക്കാരിന്റെ പല നയപരിപാടികളോടും രാഷ്ട്രപതി ശക്തമായി വിയോജിച്ചു. ജമ്മുകാശ്മീരിനെ പൂര്‍ണമായി സംയോജിപ്പിക്കണം, പ്രത്യേക പദവി നല്‍കേണ്ടതില്ല, ഒരു രാജ്യത്ത് രണ്ട് ഭരണഘടനയും രണ്ട് പതാകയും ഉണ്ടാകുന്നത് ശരിയല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഷേഖ് അബ്ദുള്ളയെ അതിരുവിട്ട് പ്രീണിപ്പിക്കുന്നത് അപകടമാണെന്നും മുന്നറിയിപ്പ് നല്‍കി. ടിബറ്റിനുമേല്‍ ഇന്ത്യയ്ക്കുള്ള അവകാശം വിട്ടുകൊടുക്കരുത്, ചൈനയുടെ പരമാധികാരം അംഗീകരിക്കരുത് എന്നും രാഷ്ട്രപതി ഗുണദോഷിച്ചു. വിദേശകാര്യത്തില്‍ തനിക്കുള്ള അവഗാഹത്തില്‍ അതിരറ്റ് അഭിരമിച്ച നെഹ്‌റു രാജേന്ദ്രപ്രസാദിന്റെ അഭിപ്രായങ്ങള്‍ തെല്ലും ഗൗനിച്ചില്ല.

പുതിയ ഭരണഘടനപ്രകാരം രാഷ്ട്രപതിക്കുള്ള അവകാശ അധികാരങ്ങളെക്കുറിച്ച് ശ്രദ്ധാലുവായിരുന്നു ഡോ. രാജേന്ദ്രപ്രസാദ്. ബ്രിട്ടീഷ് രാജാവിനെപ്പോലെ കാബിനറ്റിന്റെ വെറും റബര്‍ സ്റ്റാമ്പായിരിക്കാന്‍ അദ്ദേഹം തയ്യാറല്ലായിരുന്നു. ഇന്ത്യന്‍ പ്രസിഡണ്ടിന് കാബിനറ്റിനും പാര്‍ലമെന്റിനും ഉപരി ഭരണഘടനാദത്തമായ ചില അധികാരങ്ങളുണ്ടെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചു.

രാഷ്ട്രപതിയുടെ അധികാരപരിധി സംബന്ധിച്ച് രാജേന്ദ്രപ്രസാദ് ഭരണഘടനാപരമായ ഏതാനും പ്രശ്‌നങ്ങള്‍ ഉന്നയിച്ചു. (1) മന്ത്രിമാരുടെ ഉപദേശത്തിനതീതമായി രാഷ്ട്രപതിക്ക് പ്രവര്‍ത്തിക്കാവുന്ന ഏതെങ്കിലും സാഹചര്യം ഭരണഘടന വിഭാവനം ചെയ്യുന്നുണ്ടോ? (2) സര്‍വ്വസൈന്യാധിപന്‍ എന്ന നിലയില്‍ രാഷ്ട്രപതിക്ക് സേനാനായകരുടെ നിയമനത്തിലും അച്ചടക്ക പരിപാലനത്തിലും പ്രവര്‍ത്തനത്തിലും എന്തു പങ്കാണ് വഹിക്കാനുള്ളത്. (3) കേന്ദ്രമന്ത്രിസഭയുടെ അധികാരപരിധിക്ക് പുറത്തുള്ള ജുഡീഷ്യറി, സി.എ.ജി., പി.എസ്.സി., തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുതലായ ഭരണഘടനാ സ്ഥാപനങ്ങളെ സംബന്ധിച്ചിടത്തോളം മന്ത്രിമാരുടേതില്‍ നിന്ന് ഭിന്നമായ നിലപാട് രാഷ്ട്രപതിക്ക് കൈക്കൊള്ളാന്‍ കഴിയുമോ? (4) പാര്‍ലമെന്റ് പാസാക്കിയ ബില്‍ തിരിച്ചയക്കാന്‍ രാഷ്ട്രപതിക്ക് കഴിയുമോ? (5) മന്ത്രിമാര്‍ വഴിയല്ലാതെ ഗവണ്‍മെന്റ് സെക്രട്ടറിമാരുമായി രാഷ്ട്രപതിക്ക് നേരിട്ട് ആശയവിനിമയം നടത്താമോ?

പ്രധാനമന്ത്രി നെഹ്‌റു രാഷ്ട്രപതിയുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്ന ചുമതല അറ്റോര്‍ണി ജനറല്‍ മോത്തിലാല്‍ സെതല്‍വാദിനെ ഏല്‍പിച്ചു. ഭരണഘടന അനുസരിച്ച് രാഷ്ട്രപതിയുടെ സ്ഥാനം മിക്കവാറും ബ്രിട്ടീഷ് ചക്രവര്‍ത്തിയുടേതിന് തുല്യമാണെന്ന് സെതല്‍വാദ് അഭിപ്രായപ്പെട്ടു. രാഷ്ട്രപതിക്ക് ബില്ലുകള്‍ തടഞ്ഞുവയ്ക്കാം പക്ഷേ, അധികാരം പരിമിതമാണ്. മന്ത്രിമാര്‍ വഴിയല്ലാതെ ഗവണ്‍മെന്റ് സെക്രട്ടറിമാരുമായി ഇടപെടുന്നത് അനുചിതമാണ്. സൈന്യാധിപന്മാരുമായി സംസാരിക്കുന്നത് പ്രതിരോധമന്ത്രിയുടെ അറിവോടെ ആയിരിക്കണം. രാഷ്ട്രപതിക്ക് കേന്ദ്രമന്ത്രിസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ അധികാരമുണ്ട്, എന്നാല്‍ ഒരു മന്ത്രിയെ പിരിച്ചുവിടാന്‍ അധികാരമില്ല. ഈ നിയമോപദേശം രാഷ്ട്രപതിക്ക് തെല്ലും ബോധിച്ചില്ല എങ്കിലും തല്‍ക്കാലം അദ്ദേഹം അതവിടെ അവസാനിപ്പിച്ചു.

നെഹ്‌റു സര്‍ക്കാരിന്റെ ആരംഭകാലത്ത് ജുഡീഷ്യറിയുമായും ചില്ലറ അസ്വാരസ്യങ്ങള്‍ ഉണ്ടായി. 1947 ഓഗസ്റ്റ് 13ന് അന്നത്തെ ചീഫ് ജസ്റ്റിസ് സര്‍ വില്യം പാട്രിക്ക് സ്‌പെന്‍സ് രാജിവച്ചു. ഫെഡറല്‍ കോടതിയിലെ ഏറ്റവും സീനിയര്‍ ജഡ്ജി ഹരിലാല്‍ ജെ. കനിയ ചീഫ് ജസ്റ്റിസായി സ്ഥാനമേറ്റു. ഗുജറാത്തിലെ സൂററ്റ് സ്വദേശിയായ കനിയ നേരത്തെ ബോംബെ ഹൈക്കോടതിയില്‍ ജഡ്ജിയായിരുന്ന ആളാണ്. 1950 ജനുവരി 26ന് പുതിയ ഭരണഘടനപ്രകാരം ഫെഡറല്‍ കോടതി വിപുലമായ അധികാരങ്ങളോടെ സുപ്രീംകോടതിയായി മാറി.

സാധാരണനിലയില്‍ ഫെഡറല്‍ കോടതി ചീഫ് ജസ്റ്റിസ് സുപ്രീംകോടതിയിലും ചീഫായി തുടരേണ്ടതാണ്. പക്ഷേ, റിപ്പബ്ലിക്ദിനത്തിന് മൂന്ന് ദിവസം മുമ്പാണ് മദ്രാസ് ഹൈക്കോടതിയിലെ ഏതാനും അഡീഷണല്‍ ജഡ്ജിമാരെ സ്ഥിരപ്പെടുത്തുന്നത് സംബന്ധിച്ച ഫയല്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടത്. ബഷീര്‍ അഹമ്മദ് എന്ന ജഡ്ജിയെക്കുറിച്ച് ചീഫ് ജസ്റ്റിസ് ഫയലില്‍ എഴുതിയിരുന്ന അഭിപ്രായം നെഹ്‌റുവിനെ ചൊടിപ്പിച്ചു. അദ്ദേഹമത് സര്‍ദാര്‍ പട്ടേലിനെ കാണിച്ചു. സുപ്രീംകോടതിയുടെ ചീഫ് ജസ്റ്റിസായി കനിയ വരുന്നത് ഉചിതമാണോ എന്ന് ആരാഞ്ഞു. ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശങ്ങള്‍ അസംബന്ധമാണെന്ന് പട്ടേലും സമ്മതിച്ചു. എങ്കിലും കനിയ തന്നെ തുടരട്ടെ എന്ന് നെഹ്‌റുവിനെക്കൊണ്ട് സമ്മതിപ്പിച്ചു.

ഉദ്യോഗകാലാവധി പൂര്‍ത്തീകരിക്കുന്നതിന് മുന്നെ 1951 നവംബര്‍ 6ന് ചീഫ് ജസ്റ്റിസ് കനിയ അന്തരിച്ചു. ഏറ്റവും സീനിയറായ ജസ്റ്റിസ് എം. പതഞ്ജലി ശാസ്ത്രിക്ക് ചീഫ് ജസ്റ്റിസിന്റെ താല്‍ക്കാലിക ചുമതല നല്‍കി. ദിവസങ്ങളും ആഴ്ചകളും പിന്നിട്ടിട്ടും ശാസ്ത്രിയെ ചീഫ് ജസ്റ്റിസായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയില്ല. ദില്ലിയില്‍ പല കിംവദന്തികളും പ്രചരിച്ചു. പതഞ്ജലി ശാസ്ത്രിയെ ചീഫ് ജസ്റ്റിസാക്കാന്‍ കേന്ദ്രസര്‍ക്കാരിന് താല്‍പര്യമില്ല, സീനിയോറിറ്റിയില്‍ മൂന്നാമനായ ബി.കെ. മുഖര്‍ജിയെയോ നാലാമനായ എസ്. ആര്‍. ദാസിനെയോ ആണ് നെഹ്‌റു ആഗ്രഹിക്കുന്നത്. അതുമല്ലെങ്കില്‍ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മുഹമ്മദലി കരീം ഛഗ്ലയെ നേരിട്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആക്കിയേക്കും.

മദ്രാസില്‍ നിന്നുള്ള തമിഴ് ബ്രാഹ്മണനായിരുന്നു പതഞ്ജലി ശാസ്ത്രി. അദ്ദേഹം അഴിമതിക്കാരനോ അപ്രാപ്തനോ ആയിരുന്നില്ല. സംസ്‌കൃതപണ്ഡിതനും നികുതി നിയമപാരംഗതനുമായിരുന്നു. സുപ്രീംകോടതിയില്‍ അന്നുണ്ടായിരുന്ന സകല ജഡ്ജിമാരും ശാസ്ത്രിക്കൊപ്പം ഉറച്ചുനിന്നു. അദ്ദേഹത്തെ ചീഫ് ജസ്റ്റിസ് ആക്കാത്തപക്ഷം തങ്ങള്‍ ഒന്നടങ്കം രാജിവയ്ക്കുമെന്ന് വ്യക്തമാക്കി. നെഹ്‌റു കീഴടങ്ങി. കനിയ മരിച്ച് ആറാഴ്ചയ്ക്കുശേഷം പതഞ്ജലി ശാസ്ത്രിയെ ചീഫ് ജസ്റ്റിസായി നിയമിച്ചുകൊണ്ട് രാഷ്ട്രപതി ഉത്തരവ് പുറപ്പെടുവിച്ചു.

1954 ജനുവരി 4ന് പതഞ്ജലി ശാസ്ത്രി വിരമിച്ചു. മെഹര്‍ചന്ദ് മഹാജന്‍ ആയിരുന്നു ഏറ്റവും സീനിയര്‍ ജഡ്ജി. ജമ്മുകാശ്മീരില്‍ പ്രധാനമന്ത്രിയായിരുന്ന കാലംമുതലേ മഹാജനെ നെഹ്‌റുവിന് ഇഷ്ടമായിരുന്നില്ല. ഷേഖ് അബ്ദുള്ളയെ മഹാജന്‍ വേണ്ടത്ര ബഹുമാനിച്ചില്ല എന്നതായിരുന്നു കാരണം. ചീഫ് ജസ്റ്റിസ് ആകുന്നപക്ഷം കേവലം ഒരു വര്‍ഷത്തില്‍ താഴെ മാത്രമെ അദ്ദേഹത്തിന് സര്‍വീസ് ഉണ്ടാകുകയുള്ളു എന്ന് തല്‍പരകക്ഷികള്‍ ചൂണ്ടിക്കാട്ടി. താന്‍ തഴയപ്പെടും എന്ന് കണക്കുകൂട്ടിയ മഹാജന്‍, സീനിയോറിറ്റി മറികടന്ന് മറ്റാരെയെങ്കിലും ചീഫായി നിയമിച്ചാല്‍ സുപ്രീംകോടതിയില്‍ നിന്നു രാജിവയ്ക്കുമെന്ന് കേന്ദ്രനിയമമന്ത്രി കൈലാസ്‌നാഥ് കട്ജുവിനെ മുന്‍കൂട്ടി അറിയിച്ചു. ഏതായാലും കേന്ദ്രസര്‍ക്കാര്‍ സാഹസത്തിനൊന്നും ഒരുങ്ങിയില്ല. ശാസ്ത്രി പിരിഞ്ഞ ഒഴിവില്‍ മഹാജനെത്തന്നെ ചീഫ് ജസ്റ്റിസായി നിയമിച്ചു.

1954 നവംബര്‍ 5ന് ജസ്റ്റിസ് ഗുലാം ഹസന്‍ അന്തരിച്ചു. ആ ഒഴിവിലേക്ക് നാഗ്പൂര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഭുവനേശ്വര്‍ പ്രസാദ് സിന്‍ഹയെ കൊണ്ടുവരാന്‍ ചീഫ് ജസ്റ്റിസ് മഹാജന്‍ ആഗ്രഹിച്ചു. എന്നാല്‍, ഒരു മുസ്ലീം ജഡ്ജിയുടെ ഒഴിവ് മറ്റൊരു മുസ്ലീമിനെക്കൊണ്ടുവേണം നികത്താനെന്ന് പണ്ഡിറ്റ് നെഹ്‌റു താല്‍പര്യപ്പെട്ടു. പാറ്റ്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് സയ്യിദ് ജാഫര്‍ ഇമാമിനെ നിര്‍ദ്ദേശിച്ചു.

സിന്‍ഹയും ഇമാമും ബിഹാറികളാണ്, ഏറെക്കുറെ സമപ്രായക്കാരും ആയിരുന്നു. ഇമാമിനേക്കാള്‍ മൂന്ന് മാസം മുമ്പ് ഹൈക്കോടതി ജഡ്ജിയായ ആളാണ് സിന്‍ഹ. അദ്ദേഹം 1951-ല്‍ നാഗ്പൂര്‍ ചീഫ് ജസ്റ്റിസായി, ഇമാം 53-ല്‍ പാറ്റ്‌നയിലും ചീഫ് ജസ്റ്റിസായി. സിന്‍ഹയേക്കാള്‍ മുമ്പ് ഇമാം സുപ്രീംകോടതിയിലേക്ക് ഉയര്‍ത്തപ്പെട്ടാല്‍ അദ്ദേഹത്തിന് അഞ്ചരക്കൊല്ലം ചീഫ് ജസ്റ്റിസായിരിക്കാന്‍ കഴിയും. ഇമാമിനേക്കാള്‍ ഒന്നേകാല്‍ വയസ്സിന് മൂപ്പുള്ള സിന്‍ഹയ്ക്ക് ചീഫ് ജസ്റ്റിസാകാനുള്ള അവസരം അതോടെ നഷ്ടപ്പെടും. മറിച്ച് സിന്‍ഹയാണ് ആദ്യം സുപ്രീംകോടതിയില്‍ എത്തുന്നതെങ്കില്‍ അദ്ദേഹത്തിന് 52 മാസവും തുടര്‍ന്ന് ഇമാമിന് 15 മാസവും ചീഫ് ജസ്റ്റിസായി പ്രവര്‍ത്തിക്കാന്‍ കഴിയും.

കിഴക്കന്‍ പഞ്ചാബുകാരനും ഉറച്ച ആര്യസമാജക്കാരനുമായിരുന്നു മെഹര്‍ചന്ദ് മഹാജന്‍. അദ്ദേഹം രജപുത്രനായ സിന്‍ഹയെ പിന്തുണച്ചു. സുപ്രീംകോടതിയിലെ എല്ലാ ജഡ്ജിമാരേയും തനിക്കൊപ്പം ഉറപ്പിച്ചുനിര്‍ത്തി. നെഹ്‌റു ഒരിക്കല്‍ക്കൂടി പരാജയം സമ്മതിച്ചു. ബി.പി. സിന്‍ഹ 1954-ല്‍ ഡിസംബര്‍ മൂന്നാം തീയതിയും എസ്.ജെ. ഇമാം 1955 ജനുവരി പത്താം തീയതിയും സുപ്രീംകോടതി ജഡ്ജിമാരായി സത്യപ്രതിജ്ഞ ചെയ്തു.

റിട്ടയര്‍ ചെയ്തശേഷം പതഞ്ജലി ശാസ്ത്രിയേയും മെഹര്‍ചന്ദ് മഹാജനേയും നെഹ്‌റു പാടേ അവഗണിച്ചു. അഞ്ചുപൈസ ഖജനാവില്‍ നിന്നു കിട്ടുന്ന ഒരു ലാവണവും അവര്‍ക്ക് കൊടുത്തില്ല. മറിച്ച് തനിക്ക് പ്രിയങ്കരനായ ജസ്റ്റിസ് സയ്യിദ് ഫസല്‍ അലിയെ സുപ്രീംകോടതിയില്‍ നിന്ന് വിരമിക്കും മുമ്പ് തന്നെ ഒറീസയില്‍ ഗവര്‍ണറായി നിയോഗിച്ചു. പിന്നീട് അദ്ദേഹത്തെ സംസ്ഥാന പുനര്‍നിര്‍ണയ കമ്മീഷന്‍ ചെയര്‍മാനാക്കി. ആ ദൗത്യം പൂര്‍ത്തിയായ മുറയ്ക്ക് ആസാമില്‍ ഗവര്‍ണറാക്കി. ചുരുക്കിപ്പറഞ്ഞാല്‍ 1959 ഓഗസ്റ്റ് 22ന് മരിക്കുംവരെ ഫസല്‍ അലി ഗവര്‍ണറായി തുടര്‍ന്നു.