ആയാറാം ഗയാറാം 

October 12, 2017, 5:39 pm


ആയാറാം ഗയാറാം 
Columns
Columns


ആയാറാം ഗയാറാം 

ആയാറാം ഗയാറാം 

കേന്ദ്രത്തിലേതിനേക്കാള്‍ സങ്കീര്‍ണ്ണമായിരുന്നു പല സംസ്ഥാനങ്ങളിലേയും തെരഞ്ഞെടുപ്പ് ഫലം. കേരളത്തിലും മദ്രാസിലും കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു. ഗംഗാസമതലത്തിലും പാര്‍ട്ടി കനത്ത തിരിച്ചടി നേരിട്ടു. ജമ്മുകശ്മീര്‍, ഗുജറാത്ത്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, മൈസൂര്‍, ആസാം എന്നീ സംസ്ഥാനങ്ങളില്‍ മാത്രമാണ് കോണ്‍ഗ്രസിന് മികച്ച വിജയം കൈവരിക്കാന്‍ കഴിഞ്ഞത്.

ജമ്മുകശ്മീരിലെ 75 അംഗ നിയമസഭയില്‍ കോണ്‍ഗ്രസ് 61 സ്ഥാനങ്ങള്‍ വിജയിച്ചു. നാഷണല്‍ കോണ്‍ഫറന്‍സിന് എട്ടും ജനസംഘത്തിന് മൂന്നും സ്ഥാനങ്ങളേ കിട്ടിയുള്ളൂ. മൂന്നിടത്ത് സ്വതന്ത്രന്മാര്‍ വിജയിച്ചു. ഗുലാം മുഹമ്മദ് സാദിഖ് വീണ്ടും മുഖ്യമന്ത്രിയായി.

ഗുജറാത്തിലെ 168 സീറ്റുകളില്‍ 93 എണ്ണം കോണ്‍ഗ്രസും 66 എണ്ണം സ്വതന്ത്രാപാര്‍ട്ടിയും നേടി. പി.എസ്.പിക്ക് മൂന്നും ജനസംഘത്തിന് ഒന്നും സീറ്റേ നേടാന്‍ കഴിഞ്ഞുള്ളൂ. അഞ്ചിടത്ത് സ്വതന്ത്രന്മാര്‍ ജയിച്ചു. ഹിതേന്ദ്രദേശായ് വീണ്ടും മുഖ്യമന്ത്രിയായി. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് തകര്‍പ്പന്‍ വിജയം നേടി. ആകെയുള്ള 270-ല്‍ 203ഉം വിജയിച്ചു. പെസന്റ്സ് ആന്റ് വര്‍ക്കേഴ്സ് പാര്‍ട്ടി 19-ലും സി.പി.ഐ. പത്തിലും വിജയിച്ചു. പി.എസ്.പി.-5, എസ്.എസ്.പി.-4, ജനസംഘം-4, സി.പി.എം.-1 എന്നായിരുന്നു കക്ഷിനില. വസന്തറാവു നായ്ക്ക് വീണ്ടും മുഖ്യമന്ത്രിയായി.

ആന്ധ്രാപ്രദേശില്‍ ആകെയുള്ള 287-ല്‍ 165ഉം കോണ്‍ഗ്രസ് നേടി. 29 സീറ്റുകള്‍ ജയിച്ച സ്വതന്ത്രാപാര്‍ട്ടി വളരെ പിന്നില്‍ രണ്ടാം സ്ഥാനത്തെത്തി. സി.പി.ഐ.ക്ക് 11ഉം സി.പി.എമ്മിന് 9ഉം സീറ്റകളേ നേടാന്‍ കഴിഞ്ഞുള്ളൂ. എസ്.എസ്.പി.യും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും ഓരോ സീറ്റുകൊണ്ട് തൃപ്തിപ്പെട്ടു. 68 ഇടത്ത് സ്വതന്ത്രന്മാര്‍ വിജയിച്ചു. കെ. ബ്രഹ്മാനന്ദറെഡ്ഡി മുഖ്യമന്ത്രിസ്ഥാനം നിലനിര്‍ത്തി.

മൈസൂരിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. 216 അംഗ സഭയില്‍ 126 സ്ഥാനങ്ങള്‍ നേടി കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്തി. എസ്. നിജലിംഗപ്പ മുഖ്യമന്ത്രിയായി തുടര്‍ന്നു.1968 മേയ് മാസത്തില്‍ അദ്ദേഹം കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ വീരേന്ദ്രപാട്ടീല്‍ മുഖ്യമന്ത്രിയായി. പി.എസ്.പി.ക്ക് 20ഉം സ്വതന്ത്രാപാര്‍ട്ടിക്ക് 16ഉം എസ്.എസ്.പി.ക്ക് 6-ഉം ജനസംഘത്തിന് 4ഉം സ്ഥാനങ്ങളേ ജയിക്കാന്‍ കഴിഞ്ഞുള്ളൂ. സി.പി.ഐ., സി.പി.എം., ആര്‍.പി.ഐ. പാര്‍ട്ടികള്‍ ഓരോ സീറ്റിലും ജയിച്ചു. 41 സ്വതന്ത്രന്മാരും വിജയിച്ചു.

ആസാമിലെ 126-ല്‍ 71 സീറ്റുകള്‍ ജയിച്ച് കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തി. ബി.പി. ചാലിഹ മുഖ്യമന്ത്രി സ്ഥാനത്ത് തുടര്‍ന്നു. ഹില്‍ ലീഡേഴ്സ് കോണ്‍ഫറന്‍സ് 9ഉം സി.പി.ഐ. 7ഉം പി.എസ്.പി. 5ഉം സ്വതന്ത്രാപാര്‍ട്ടി 2ഉം സ്ഥാനങ്ങള്‍ ജയിച്ചു. 26 സ്വതന്ത്രന്മാരും ജയിച്ചുവന്നു.

മദ്രാസില്‍ ഡി.എം.കെ. മുന്നണി തകര്‍പ്പന്‍ വിജയം നേടി. 234 അംഗ നിയമസഭയില്‍ കോണ്‍ഗ്രസ് വെറും 51 ഇടത്ത് ഒതുങ്ങി. ഡി.എം.കെ. ഒറ്റയ്ക്ക് 137 സീറ്റുകള്‍ ജയിച്ചു. മുന്നണിക്ക് മൊത്തം 179 സ്ഥാനങ്ങളില്‍ ജയിക്കാന്‍ കഴിഞ്ഞു. ഡി.എം.കെ. ഒറ്റയ്ക്ക് മന്ത്രിസഭ രൂപീകരിച്ചു. സ്വതന്ത്രാപാര്‍ട്ടിയും മുസ്ലീംലീഗും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും പുറത്തുനിന്ന് പിന്താങ്ങി. സി.എന്‍. അണ്ണാദുരൈ മുഖ്യമന്ത്രിയായി.

രാജസ്ഥാനില്‍ കോണ്‍ഗ്രസിന് കേവലഭൂരിപക്ഷം നേടാനായില്ല. പാര്‍ട്ടിക്ക് 89 സീറ്റകള്‍ കിട്ടിയപ്പോള്‍ സ്വതന്ത്രാപാര്‍ട്ടി 48ഉം, ജനസംഘം 22ഉം എസ്.എസ്.പി. 8ഉം സി.പി.ഐ. ഒന്നും സീറ്റുകള്‍ നേടി. 16 സ്വതന്ത്രരും ജയിച്ചു. കോണ്‍ഗ്രസും പ്രതിപക്ഷവും ഒരേസമയം മന്ത്രിസഭ രൂപീകരിക്കാന്‍ അംഗീകാരം ചോദിച്ചു. പക്ഷേ ഏറ്റവും വലിയ ഒറ്റകക്ഷി എന്ന സാഹചര്യം മുന്‍നിര്‍ത്തി ഗവര്‍ണര്‍ സമ്പൂര്‍ണ്ണാനന്ദ് കോണ്‍ഗ്രസ് നേതാവ് മോഹന്‍ലാല്‍ സുഖാദിയയെ മന്ത്രിസഭയുണ്ടാക്കാന്‍ ക്ഷണിച്ചു. അതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷകക്ഷികള്‍ സംസ്ഥാനത്ത് വലിയ പ്രക്ഷോഭം അഴിച്ചുവിട്ടു. ആ സാഹചര്യത്തില്‍ സത്യപ്രതിജ്ഞ മാറ്റിവെച്ചു. സംസ്ഥാനം രാഷ്ട്രപതി ഭരണത്തില്‍ കലാശിച്ചു.

സമ്പൂര്‍ണ്ണാനന്ദനു പകരം സര്‍ദാര്‍ ഹുക്കും സിങ്ങിനെ ഗവര്‍ണറായി നിയമിച്ചു. അദ്ദേഹം ഏപ്രില്‍ 26ന് സുഖാദിയയ്ക്കും സഹപ്രവര്‍ത്തകര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. ആ മന്ത്രിസഭ 1972 മാര്‍ച്ച് വരെ ഭരണത്തില്‍ തുടര്‍ന്നു.

മധ്യപ്രദേശിലും ഏറെക്കുറെ രാജസ്ഥാനിലെ രാഷ്ട്രീയ പരിതസ്ഥിതിയാണ് നിലനിന്നത്. 296-ല്‍ 167 സീറ്റുകള്‍ ജയിച്ച് കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി. പ്രതിപക്ഷ പാര്‍ട്ടികള്‍ ഒത്തുചേര്‍ന്ന് ഐക്യമുന്നണി രൂപീകരിച്ചു. അവരും അവകാശവാദം ഉന്നയിച്ചു. എട്ട് മെമ്പര്‍മാര്‍ കോണ്‍ഗ്രസിന്റെ ഭാഗത്തേക്ക് കൂറുമാറി. അങ്ങനെ 1967 മാര്‍ച്ച് 7ന് ഡി.പി. മിശ്ര വീണ്ടും സത്യവാചകം ചൊല്ലി അധികാരമേറ്റു.

എന്നാല്‍ പ്രശ്നങ്ങള്‍ അവിടംകൊണ്ട് അവസാനിച്ചില്ല. മിശ്രയുടെ ഏകാധിപത്യം, കെടുകാര്യസ്ഥത, അഴിമതി, ജാതീയപ്രീണനം എന്നിവയ്ക്കെതിരെ 30 എം.എല്‍.എ.മാര്‍ കലാപക്കൊടി ഉയര്‍ത്തി. ആ ഘട്ടത്തില്‍ നിയമസഭ പിരിച്ചുവിടാന്‍ മുഖ്യമന്ത്രി ഗവര്‍ണറെ ഉപദേശിച്ചു. എന്നാല്‍ ഗവര്‍ണര്‍ വഴങ്ങിയില്ല. 1967 ജൂലൈ 29ന് നിയമസഭയില്‍ ബലപരീക്ഷണം നടന്നു. 137നെതിരെ 153 വോട്ടിന് സര്‍ക്കാര്‍ പരാജയപ്പെട്ടു. അന്നേക്കന്ന് മിശ്ര രാജിവെച്ചു.

ജനസംഘം, എസ്.എസ്.പി., പി.എസ്.പി., ബി.കെ.ഡി., ക്രാന്തികാരിദള്‍ എന്നീ പാര്‍ട്ടികളും കോണ്‍ഗ്രസ് വിമതന്മാരും സ്വതന്ത്രരും കൂട്ടുചേര്‍ന്ന് ഐക്യമുന്നണി രൂപീകരിച്ചു. അവര്‍ ഗോവിന്ദനാരായണ്‍ സിങ്ങിനെ നേതാവായി തെരഞ്ഞെടുത്തു. ഗവര്‍ണര്‍ കെ. ചെങ്കലരായ റെഡ്ഡി സിങ്ങിനെ മന്ത്രിസഭയുണ്ടാക്കാന്‍ ക്ഷണിച്ചു. ജൂലൈ 30ന് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തു.

1967 ഒക്ടോബര്‍ 28ന് ഡി.പി. മിശ്ര കോണ്‍ഗ്രസ് നിയമസഭാകക്ഷി നേതൃസ്ഥാനം രാജിവെച്ചു. ശ്യാംചരണ്‍ ശുക്ല ലീഡറായി തെരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം മന്ത്രിസഭയെ അട്ടിമറിക്കാന്‍ പല അടവുകളും പ്രയോഗിച്ചു. അവിശ്വാസപ്രമേയം 122നെതിരെ 163 വോട്ടോടെ തള്ളപ്പെട്ടു. എങ്കിലും വിമതശല്യവും കൂറുമാറ്റവും വര്‍ധിച്ചു. അതേത്തുടര്‍ന്ന് ഭരണം ദുഷ്‌ക്കരമായി. 1969 മാര്‍ച്ച് 11ന് മുഖ്യമന്ത്രി രാജിവെച്ചു. 15 ദിവസത്തിനുശേഷം ശ്യാംചരണ്‍ ശുക്ല മുഖ്യമന്ത്രിയായി അധികാരമേറ്റു. അദ്ദേഹത്തിന്റെ മന്ത്രിസഭയില്‍ 39 അംഗങ്ങളുണ്ടായിരുന്നു. മന്ത്രിസഭയുടെ വലിപ്പത്തെച്ചൊല്ലി ചില്ലറ വിവാദമൊക്കെയുണ്ടായി. പക്ഷേ അതൊന്നും വിലപ്പോയില്ല.

ഹരിയാനയിലെ 81 അംഗ നിയമസഭയില്‍ കോണ്‍ഗ്രസ് 48 സ്ഥാനങ്ങള്‍ വിജയിച്ചു. ജനസംഘത്തിന് 12ഉം സ്വതന്ത്രാപാര്‍ട്ടിക്ക് 3ഉം റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് 2ഉം സീറ്റുകളേ നേടാന്‍ കഴിഞ്ഞുള്ളൂ. 16 ഇടത്ത് കക്ഷിരഹിതര്‍ വിജയിച്ചു. കോണ്‍ഗ്രസ് നേതാവ് ഭഗവല്‍ദയാല്‍ശര്‍മ്മ 1967 മാര്‍ച്ച് 10ന് വീണ്ടും മുഖ്യമന്ത്രിയായി സ്ഥാനമേറ്റു.

പക്ഷേ വളരെവേഗം കുഴപ്പങ്ങള്‍ തലപൊക്കി. കോണ്‍ഗ്രസ് അംഗങ്ങള്‍ ജാതിതിരിഞ്ഞു പോരടിച്ചു. വിമതപ്രവര്‍ത്തനം രൂക്ഷമായി. സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയെച്ചൊല്ലി മുഖ്യമന്ത്രിയും സഹപ്രവര്‍ത്തകരും തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടായി. 13 എം.എല്‍.എ.മാര്‍ കൂറുമാറി ഹരിയാന കോണ്‍ഗ്രസ് രൂപീകരിച്ചു. മാര്‍ച്ച് 22ന് ശര്‍മ്മ രാജിവെച്ചു. റാവു ബീരേന്ദ്രസിങ്ങ് മുഖ്യമന്ത്രിയായി.

കോണ്‍ഗ്രസ്വിരുദ്ധ ചേരിയിലും തര്‍ക്കം രൂക്ഷമായി. ചൗധരി ദേവിലാല്‍ മുഖ്യമന്ത്രിയെ അഴിമതിക്കാരന്‍ എന്നുവിളിച്ച് ആക്ഷേപിച്ചു. 81-ല്‍ 53 എം.എല്‍.എ.മാര്‍ സര്‍ക്കാരിന് എതിരെയാണെന്ന് സൂചിപ്പിച്ചു. കൂറുമാറ്റം വ്യാപകമായി. ഹീരാനന്ദ് ആര്യ എന്ന മെമ്പര്‍ എട്ട് മാസത്തിനകം നാലുതവണ കൂറുമാറി. 1967 നവംബര്‍ 17ന് ദേവിലാല്‍ പാര്‍ട്ടി വിട്ടു കോണ്‍ഗ്രസില്‍ ചേര്‍ന്നു. 20ന് ഒരു ജനസംഘം എം.എല്‍.എ.കൂടി കോണ്‍ഗ്രസില്‍ അംഗമായി.

നിയമസഭയില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ട റാവു ബീരേന്ദ്ര സിങ്ങിനെ നവംബര്‍ 21ന് ഗവര്‍ണര്‍ ഡിസ്മിസ് ചെയ്തു. ഒപ്പം അസംബ്ലി പിരിച്ചുവിട്ട് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തി.

1968 മേയ് 12, 14 തീയതികളില്‍ ഹരിയാനയില്‍ ഇടക്കാല തെരഞ്ഞെടുപ്പ് നടന്നു. 48 സീറ്റോടെ കോണ്‍ഗ്രസ് ഒന്നാംസ്ഥാനം നിലനിര്‍ത്തി. വിശാല ഹരിയാന പാര്‍ട്ടി-13, ജനസംഘം-7, സ്വതന്ത്രാപാര്‍ട്ടി-2, റിപ്പബ്ലിക്കന്‍ പാര്‍ട്ടി-1, ബി.കെ.ഡി.-1, സ്വതന്ത്രന്മാര്‍ -9 എന്നായിരുന്നു കക്ഷിനില. മേയ് 19ന് ബന്‍സിലാല്‍ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ടു. 21-ാം തീയതി അദ്ദേഹം മുഖ്യമന്ത്രിയായി.

ഡിസംബര്‍ 9ന് ഭഗവല്‍ദയാല്‍ ശര്‍മ്മയും മറ്റ് 15 എം.എല്‍.എ.മാരും മന്ത്രിസഭയ്ക്കുള്ള പിന്തുണ പിന്‍വലിച്ചു. അവര്‍ പ്രതിപക്ഷ ഐക്യമുന്നണിയില്‍ ചേര്‍ന്നു. മൊത്തം 42 അംഗങ്ങളുടെ പിന്തുണ അവകാശപ്പെട്ടുകൊണ്ട് മന്ത്രിസഭ രൂപീകരിക്കാന്‍ സന്നദ്ധത അറിയിച്ചു. അധികം വൈകാതെ നിയമസഭ പിരിച്ചുവിട്ടു.

ഒറീസയില്‍ സ്വതന്ത്രാ-ജനകോണ്‍ഗ്രസ് മുന്നണിക്ക് ഭൂരിപക്ഷം കിട്ടി. 140 അംഗ നിയമസഭയില്‍ വെറും 30 ഇടത്തേ കോണ്‍ഗ്രസിന് ജയിക്കാന്‍ കഴിഞ്ഞുള്ളൂ. സ്വതന്ത്രാപാര്‍ട്ടിക്ക് 49ഉം ജനകോണ്‍ഗ്രസിന് 26ഉം അംഗങ്ങളുണ്ടായി. പി.എസ്.പി.-21, സി.പി.ഐ.-7, എസ്.എസ്.പി.-2, സി.പി.എം.-1, സ്വതന്ത്രര്‍ -3 എന്നായിരുന്നു മറ്റുള്ളവരുടെ അംഗബലം.

സ്വതന്ത്രാപാര്‍ട്ടിയിലെ ആര്‍.എന്‍. സിങ്ദേവ് ഒറീസ മുഖ്യമന്ത്രിയായി. 1969 നവംബറില്‍ കോണ്‍ഗ്രസ് പിളരുന്നതുവരെ സ്വതന്ത്രാ-ജനകോണ്‍ഗ്രസ് സര്‍ക്കാര്‍ സുഗമമായി മുന്നോട്ടുനീങ്ങി. പിളര്‍പ്പിനുശേഷം സംസ്ഥാനത്ത് ഇന്ദിരാപക്ഷക്കാര്‍ക്കായിരുന്നു മുന്‍തൂക്കം. അവര്‍ ജനകോണ്‍ഗ്രസിന് ഭരണമുന്നണിയില്‍ നിന്ന് അടര്‍ത്തിയെടുക്കാന്‍ ശ്രമിച്ചു. അതോടെ ഭരണത്തില്‍ പൊട്ടലും ചീറ്റലും തുടങ്ങി.

1970 മാര്‍ച്ച് 25ന് രാജ്യസഭാ തെരഞ്ഞെടുപ്പ് നടന്നു. ഭരണകോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കെതിരെ ബിജു പട്നായിക് റിബലിനെ മത്സരിപ്പിച്ചു. ഒടുവില്‍ രണ്ട് സ്ഥാനാര്‍ത്ഥികളും പരാജയപ്പെട്ടു. സംഘടനാകോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിജയിച്ചു. അതോടെ ബിജു വിമതനായി. ഉത്കല്‍ കോണ്‍ഗ്രസ് രൂപീകരിച്ചു.

ഭരണകോണ്‍ഗ്രസ്, ഹരേകൃഷ്ണ മേത്താബിനെ സ്വാധീനിച്ച് ജനകോണ്‍ഗ്രസിനെ ഭരണമുന്നണിയില്‍ നിന്ന് അടര്‍ത്തിയെടുത്തു. 1971 ജനുവരി ആദ്യം ജനകോണ്‍ഗ്രസ് ഭരണമുന്നണി വിട്ടു. ഭൂരിപക്ഷം നഷ്ടപ്പെട്ട സിങ്ദേവ് 1971 ജനുവരി 9ന് രാജിവെച്ചു. രണ്ടുദിവസം കഴിഞ്ഞ് സംസ്ഥാനത്ത് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തി. ജനുവരി 23ന് നിയമസഭ പിരിച്ചുവിട്ടു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു.

കോണ്‍ഗ്രസിന് ഒറ്റക്ക് മന്ത്രിസഭ രൂപീകരിക്കാന്‍ പറ്റാത്തയിടങ്ങളില്‍ പ്രതിപക്ഷത്ത് ഇരിക്കാനാണ് ഹൈക്കമാന്റ് 1967 ഫെബ്രുവരി 27ന് നയപരമായ തീരുമാനം കൈക്കൊണ്ടത്. ഒരുകാരണവശാലും മറ്റു പാര്‍ട്ടികളുമായി ചേര്‍ന്ന് കൂട്ടുകക്ഷി സര്‍ക്കാര്‍ ഉണ്ടാക്കുകയില്ലെന്ന് നിശ്ചയിച്ചു. എന്നാല്‍ പ്രതിപക്ഷപാര്‍ട്ടികള്‍ക്ക് അത്തരം വിലക്കൊന്നും ഉണ്ടായിരുന്നില്ല. അവര്‍ തരാതരം നോക്കി മുന്നണി രൂപീകരിക്കുകയും സാധിച്ചപ്പോഴൊക്കെ മന്ത്രിസഭയുണ്ടാക്കുകയും ചെയ്തു. കോണ്‍ഗ്രസിന്റെ തത്വാധിഷ്ഠിത നിലപാടും ഇതരകക്ഷികളുടെ തത്വദീക്ഷയില്ലായ്മയും ഒരുപോലെ കൂറുമാറ്റത്തെ പ്രോത്സാഹിപ്പിച്ചു.

കേരളം, മദ്രാസ്, മഹാരാഷ്ട്ര, നാഗാലാന്റ് എന്നീ സംസ്ഥാനങ്ങളില്‍ കൂറുമാറ്റം തീരെ ഉണ്ടായില്ല. മൈസൂരിലും ഒറീസയിലും ജമ്മുകശ്മീരിലും വിരളമായിരുന്നു. എന്നാല്‍ മറ്റു സംസ്ഥാനങ്ങളില്‍ കൂറുമാറ്റം വ്യാപകമായി. ഒരേ എം.എല്‍.എ. തന്നെ പലതവണ കാലുമാറിയ സംഭവങ്ങളുണ്ടായി. അഞ്ചുദിവസം മന്ത്രിയായിരിക്കെ ഒരു എം.എല്‍.എ. അഞ്ചുവട്ടം കൂറുമാറിയ സംഭവംപോലും ഉണ്ടായിട്ടുണ്ട്. മന്ത്രിസ്ഥാനം മോഹിച്ചാണ് പലരും കൂടുവിട്ട് കൂടുമാറിയത്. 1967-68 കാലത്ത് 115 കൂറുമാറ്റക്കാര്‍ക്ക് മന്ത്രിസ്ഥാനം കിട്ടി. 1970 ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ യു.പിയില്‍ മാത്രം 42 മെമ്പര്‍മാര്‍ കൂറുമാറി.

കേരളത്തില്‍ സി.പി.എം. നേതൃത്വത്തിലുള്ള സപ്തകക്ഷി മുന്നണി ഗംഭീരഭൂരിപക്ഷം നേടി അധികാരത്തിലേറി. സി.പി.എം-52, സി.പി.ഐ-19, എസ്.എസ്.പി.-19, ആര്‍.എസ്.പി.-6, കെ.എസ്.പി.-1, കെ.ടി.പി.-1 എന്നായിരുന്നു കക്ഷിനില. കോണ്‍ഗ്രസ് 9ഉം കേരളാകോണ്‍ഗ്രസ് 5ഉം സ്ഥാനങ്ങളില്‍ ഒതുങ്ങി.

ഇ.എം.എസ്. നമ്പൂതിരിപ്പാട് വീണ്ടും മുഖ്യമന്ത്രിയായി. ഓരോ അംഗങ്ങള്‍ മാത്രമുണ്ടായിരുന്ന കെ.എസ്.പി.ക്കും കെ.ടി.പി.ക്കും പോലും മന്ത്രിസ്ഥാനം നല്‍കാന്‍ മുഖ്യമന്ത്രി മനസ്സുവെച്ചു. എന്നിട്ടും മുന്നണിയില്‍ ഐക്യമുണ്ടായില്ല. സി.പി.ഐ-സി.പി.എം. കക്ഷികള്‍ തമ്മിലുള്ള ബന്ധം ഒട്ടും സൗഹാര്‍ദ്ദപരമായിരുന്നില്ല. സി.പി.എമ്മിനെതിരെ സി.പി.ഐ., ആര്‍.എസ്.പി. പാര്‍ട്ടികള്‍ കുറുമുന്നണിയുണ്ടാക്കി. അടുത്തഘട്ടത്തില്‍ മുസ്ലീംലീഗും അവര്‍ക്കൊപ്പം ചേര്‍ന്നു.

സംസ്ഥാനത്തെ ക്രമസമാധാനനില ഒട്ടും തൃപ്തികരമായിരുന്നില്ല. നക്സല്‍ ആക്രമണങ്ങള്‍ ജനങ്ങളെ ഭയചകിതരാക്കി. കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും തമ്മിലുള്ള സംഘട്ടനങ്ങള്‍ വ്യാപകമായി. വ്യാവസായിക മേഖലയും അശാന്തമായി. മുതലാളിമാരെ ഘെരാവോ ചെയ്യാന്‍ തൊഴിലാളികള്‍ക്ക് അവകാശമുണ്ടെന്ന് തൊഴില്‍മന്ത്രി മത്തായി മാഞ്ഞൂരാന്‍ പ്രഖ്യാപിച്ചു.

മന്ത്രിമാര്‍ക്കെതിരെ അഴിമതി ആരോപണങ്ങളും ഏറിവന്നു. ആരോപണവിധേയനായ ധനകാര്യമന്ത്രി പി.കെ. കുഞ്ഞ് രാജിവെക്കേണ്ടിവന്നു. ആരോഗ്യമന്ത്രി ബി. വെല്ലിംഗ്ടണെതിരെയും ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നു. സി.പി.ഐ, സി.പി.എം. കക്ഷികള്‍ ചേരിതിരിഞ്ഞ് മന്ത്രിമാരായ കെ.ആര്‍. ഗൗരി, എം.കെ. കൃഷ്ണന്‍, എം.എന്‍. ഗോവിന്ദന്‍നായര്‍, ടി.വി. തോമസ് എന്നിവര്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചു. മന്ത്രിമാര്‍ക്കെതിരായ ആരോപണം അന്വേഷിക്കണം എന്ന പ്രമേയം 1969 ഒക്ടോബര്‍ 24ന് നിയമസഭ പാസാക്കി. അന്നുതന്നെ ഇ.എം.എസ്. രാജിസമര്‍പ്പിച്ചു.

വി. വിശ്വനാഥന്‍ എന്നൊരു റിട്ടയേര്‍ഡ് ഐ.സി.എസ്. ഉദ്യോഗസ്ഥനായിരുന്നു അന്ന് കേരളാ ഗവര്‍ണര്‍. അദ്ദേഹം മുന്‍കയ്യെടുത്ത് ബദല്‍മന്ത്രിസഭ രൂപീകരിക്കാന്‍ ശ്രമം തുടങ്ങി. ഭരണമുന്നണിയില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ സി.പി.ഐ, ആര്‍.എസ്.പി., മുസ്ലീംലീഗ് പാര്‍ട്ടികളും കേരളാകോണ്‍ഗ്രസും ചേര്‍ന്ന് മന്ത്രിസഭയുണ്ടാക്കുക, അതിന് കോണ്‍ഗ്രസ് പുറത്തുനിന്ന് പിന്തുണ നല്‍കുക എന്ന സമവാക്യം ഉരുത്തിരിഞ്ഞുവന്നു. അങ്ങനെ 1969 നവംബര്‍ 1ന് സി. അച്യുതമേനോന്റെ നേതൃത്വത്തില്‍ ബദല്‍മന്ത്രിസഭ അധികാരമേറ്റു.

സപ്തകക്ഷി മുന്നണിയുടെ ഭരണകാലത്ത് കേരള ഭൂപരിഷ്‌കരണ (ഭേദഗതി) നിയമം പാസായിരുന്നു. അത് നടപ്പിലാകും മുമ്പ് സര്‍ക്കാര്‍ നിലംപതിച്ചു. അച്യുതമേനോന്‍ സര്‍ക്കാര്‍ 1970 ജനുവരി 1 മുതല്‍ ഭൂപരിഷ്‌കരണം നടപ്പാക്കി. കുപിതരായ മാര്‍ക്സിസ്റ്റുകാര്‍ പുതുവത്സരദിനം വഞ്ചനാദിനമായി ആചരിച്ചു.

മേനോന്‍ മന്ത്രിസഭയ്ക്ക് നേരിയ ഭൂരിപക്ഷമേ ഉണ്ടായിരുന്നുള്ളൂ. ഏതാനും സ്വതന്ത്രരുടെ പിന്തുണയോടെയാണ് ഭരണം നിലനിന്നുപോയത്. സ്വതന്ത്രന്മാരെ സ്വാധീനിച്ച് മന്ത്രിസഭ തകര്‍ക്കാന്‍ സി.പി.എം. ഉദ്യമിച്ചു. എന്നാല്‍ ജനുവരി 16ന് മുഖ്യമന്ത്രി നിയമസഭയില്‍ വിശ്വാസപ്രമേയം അവതരിപ്പിച്ചു പാസാക്കി (73-55).

ആറുമാസം കൂടി മന്ത്രിസഭ മുടന്തിമുടന്തി മുന്നോട്ടുനീങ്ങി. ജൂണ്‍ ആകുമ്പോഴേക്കും ഘടകകക്ഷിയായ ഐ.എസ്.പി.യിലെ ഭിന്നത രൂക്ഷമായി. പാര്‍ട്ടി പിളരും അതോടെ മന്ത്രിസഭ തകരും എന്ന് ഉറപ്പായി. ആ ഘട്ടത്തില്‍ അച്യുതമേനോന്‍ നിയമസഭ പിരിച്ചുവിടാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്തു. ജൂണ്‍ 26ന് നിയമസഭ പിരിച്ചുവിട്ടു. ഓഗസ്റ്റ് 4ന് മന്ത്രിസഭ രാജിവെച്ചു.

1970 സെപ്റ്റംബര്‍ 17ന് സംസ്ഥാനത്ത് ഇടക്കാല തെരഞ്ഞെടുപ്പ് നടന്നു. പ്രധാനമായും മൂന്ന് മുന്നണികളാണ് മാറ്റുരച്ചത്. സി.പി.എം., എസ്.എസ്.പി., കെ.എസ്.പി., കെ.ടി.പി. എന്നിവ ചേര്‍ന്ന ഒരു മുന്നണി സംഘടനാ കോണ്‍ഗ്രസ്, കേരളാ കോണ്‍ഗ്രസ്, ജനസംഘം, സ്വതന്ത്രാപാര്‍ട്ടി, ഡി.എം.കെ., ഐ.എസ്.പി. എന്നിവ ചേര്‍ന്ന് രണ്ടാം മുന്നണി, സി.പി.ഐ, ആര്‍.എസ്.പി., പി.എസ്.പി. എന്നിവ ഉള്‍പ്പെട്ട മൂന്നാം മുന്നണി. അവരുമായി തെരഞ്ഞെടുപ്പ് ധാരണയുണ്ടാക്കിയ കോണ്‍ഗ്രസും.

വാശിയേറിയ മത്സരത്തില്‍ കോണ്‍ഗ്രസ്-സി.പി.ഐ മുന്നണി വിജയിച്ചു. 32 സീറ്റോടെ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി. സി.പി.ഐക്ക് 16 സീറ്റ് കിട്ടി. മറുവശത്ത് സി.പി.എമ്മിന്റെ അംഗബലം 52-ല്‍ നിന്ന് 28 ആയി കുറഞ്ഞു. കേരളാ കോണ്‍ഗ്രസിന് 13ഉം സംഘടനാ കോണ്‍ഗ്രസിന് നാലും അംഗങ്ങളുണ്ടായി.

ഏറ്റവും വലിയ ഒറ്റകക്ഷി കോണ്‍ഗ്രസ് ആയിരുന്നുവെങ്കിലും ആ പാര്‍ട്ടി മന്ത്രിസഭയുണ്ടാക്കാന്‍ കൂട്ടാക്കിയില്ല. അതുകൊണ്ട് സി. അച്യുതമേനോന്‍ വീണ്ടും കേരള മുഖ്യമന്ത്രിയായി. ഒരു കൊല്ലത്തോളം കോണ്‍ഗ്രസ് പുറത്തുനിന്ന് പിന്താങ്ങി. അനന്തരം അവരും മന്ത്രിസഭയില്‍ ചേര്‍ന്നു. പല അഗ്‌നിപരീക്ഷണവും നേരിട്ടിട്ടും ആ മന്ത്രിസഭ നിശ്ചിതകാലാവധി പൂര്‍ത്തീകരിച്ചു.

പശ്ചിമബംഗാളില്‍ സി.പി.ഐ, ബംഗ്ലാകോണ്‍ഗ്രസ്, ഫോര്‍വേഡ് ബ്ലോക്ക്, ബോള്‍ഷേവിക് പാര്‍ട്ടി എന്നിവ ഒരു മുന്നണിയായും സി.പി.എം., എസ്,എസ്.പി., എസ്.യു.സി.ഐ., ഫോര്‍വേഡ് ബ്ലോക്ക് മാര്‍ക്സിസ്റ്റ്, റെവല്യൂഷണറി സി.പി.എം., വര്‍ക്കേഴ്സ് പാര്‍ട്ടി എന്നിവ മറ്റൊരു മുന്നണിയായും മത്സരിച്ചു. കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിച്ചു.

ഏതെങ്കിലും ഒരു പാര്‍ട്ടിക്കോ മുന്നണിക്കോ ഭൂരിപക്ഷം കിട്ടിയില്ല. 280 അംഗ നിയമസഭയില്‍ 127 സീറ്റ് ജയിച്ച കോണ്‍ഗ്രസായിരുന്നു ഏറ്റവും വലിയ കക്ഷി. സി.പി.എം-43, ബംഗ്ലാകോണ്‍ഗ്രസ്-34, സി.പി.ഐ-14, ഫോര്‍വേഡ് ബ്ലോക്ക്-13, എസ്.എസ്.പി.-7, പി.എസ്.പി.-7, എസ്.യു.സി.ഐ.-4, മാര്‍ക്സിസ്റ്റ് ഫോര്‍വേഡ് ബ്ലോക്ക്-1, ആര്‍.സി.പി.ഐ-1, ജനസംഘം-1, സ്വതന്ത്രാപാര്‍ട്ടി-1, കക്ഷിരഹിതര്‍-31 എന്നായിരുന്നു കക്ഷിനില.

തെരഞ്ഞെടുപ്പിനുശേഷം പതിനെട്ടിന പരിപാടിയുടെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിതര പാര്‍ട്ടികള്‍ മുന്നണിയുണ്ടാക്കി. അജയ് മുഖര്‍ജി മുഖ്യമന്ത്രിയും ജ്യോതിബസു ഉപമുഖ്യമന്ത്രിയുമായി പുതിയ മന്ത്രിസഭ മാര്‍ച്ച് 2ന് അധികാരമേറ്റു. സി.പി.എമ്മിനും ബംഗ്ലാകോണ്‍ഗ്രസിനും മൂന്ന് വീതവും സി.പി.ഐ.ക്കും ഫോര്‍വേഡ് ബ്ലോക്കിനും രണ്ട് വീതവും മന്ത്രിമാരാണുണ്ടായത്. ആര്‍.എസ്.പി., എസ്.യു.സി.ഐ., എസ്.എസ്.പി., വര്‍ക്കേഴ്സ് പാര്‍ട്ടി, പി.എസ്.പി., ലോക്സേവക് സംഘ്, ഗൂര്‍ഖാലീഗ് എന്നീ പാര്‍ട്ടികള്‍ക്ക് ഓരോ മന്ത്രിസ്ഥാനം നല്‍കി. അതിനുപുറമെ സ്വതന്ത്രനായ പ്രഫുല്ലചന്ദ്രഘോഷിനെയും മന്ത്രിയാക്കി.

ഭരണം തുടങ്ങി അധികം വൈകാതെ ഇടതുപക്ഷ കക്ഷികള്‍ ഒരു ഭാഗത്തും മറ്റു കക്ഷികള്‍ മറുഭാഗത്തുമായി ചേരിതിരിഞ്ഞു. അഭിപ്രായവ്യത്യാസങ്ങള്‍ രൂക്ഷമായി. ഭക്ഷ്യക്ഷാമം മുന്‍നിര്‍ത്തി പൊതുപണിമുടക്ക് നടത്തണം, പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ ഉപവാസം സംഘടിപ്പിക്കണം എന്നൊക്കെയുള്ള ജ്യോതിബസുവിന്റെ നിര്‍ദ്ദേശത്തോട് അജയ്മുഖര്‍ജി പരസ്യമായി വിയോജിച്ചു. ഘെരാവോ, നക്സലിസം മുതലായവയെ എങ്ങനെ നേരിടണം എന്ന കാര്യത്തിലും അഭിപ്രായവ്യത്യാസമുണ്ടായി.

സംസ്ഥാനത്ത് നക്സല്‍ ആക്രമണങ്ങള്‍ പെരുകുകയും ക്രമസമാധാനം തകരുകയും ചെയ്ത സാഹചര്യത്തില്‍ 1967 ഒക്ടോബര്‍ 16ന് അജയ്മുഖര്‍ജി രാജിഭീഷണി മുഴക്കി. അദ്ദേഹം ഇന്ദിരാഗാന്ധിയുമായി കൂടിയാലോചന നടത്തുന്നതായും കിംവദന്തി പ്രചരിച്ചു. നവംബര്‍ 2ന് പ്രഫുല്ലചന്ദ്രഘോഷ് മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചു. 17 എം.എല്‍.എ.മാരുമൊത്ത് അദ്ദേഹം പുരോഗമന ജനാധിപത്യസഖ്യം രൂപീകരിച്ചു. ഘോഷിന് കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചു.

ഉടന്‍ നിയമസഭ വിളിച്ചുകൂട്ടി ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവര്‍ണര്‍ ധര്‍മ്മവീര മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. എന്നാല്‍ മുഖര്‍ജി കൂട്ടാക്കിയില്ല. അതേത്തുടര്‍ന്ന് നവംബര്‍ 21ന് ഗവര്‍ണര്‍ മുഖ്യമന്ത്രിയെ ഡിസ്മിസ് ചെയ്തു. അന്നുതന്നെ പി.സി. ഘോഷ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

നവംബര്‍ 29ന് നിയമസഭ യോഗം ചേര്‍ന്നപ്പോള്‍ നാടകീയരംഗങ്ങള്‍ അരങ്ങേറി. അജയ്മുഖര്‍ജിയെ ഡിസ്മിസ് ചെയ്തത് ഭരണഘടനാവിരുദ്ധമായിരുന്നുവെന്ന് സ്പീക്കര്‍ ബിജോയ് കുമാര്‍ ബാനര്‍ജി റൂളിങ്ങ് നല്‍കി. ഉടനടി സഭാനടപടികള്‍ അവസാനിപ്പിക്കുകയും ചെയ്തു. മന്ത്രിസഭ പിരിച്ചുവിട്ടതിനെതിരെ സി.പി.എം. നേതൃത്വത്തില്‍ സംസ്ഥാനത്താകമാനം പ്രതിഷേധപ്രകടനങ്ങള്‍ അരങ്ങേറി. അക്രമാസക്തരായ പ്രകടനക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിവീശി, കണ്ണീര്‍വാതകം പ്രയോഗിച്ചു, വെടിവെച്ചു. ഡിസംബര്‍ 18ന് അതിശക്തമായ നിയമലംഘനസമരം നടന്നു. പൊലീസ് വെടിവെപ്പില്‍ നിരവധിപേര്‍ മരിച്ചു.

ഡിസംബര്‍ 4ന് മന്ത്രിസഭ വികസിപ്പിച്ചു. പക്ഷേ കോണ്‍ഗ്രസ് പങ്കുചേരാന്‍ വിസമ്മതിച്ചു. മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന മാനിച്ചും സംസ്ഥാനത്തെ സവിശേഷ സാഹചര്യം പരിഗണിച്ചും കോണ്‍ഗ്രസ് പിന്നീട് തീരുമാനത്തില്‍ അയവുവരുത്തി. 1968 ജനുവരി 15ന് ആറ് കോണ്‍ഗ്രസുകാര്‍ കൂടി മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.

അതുകൊണ്ടും പ്രശ്നം തീര്‍ന്നില്ല. അശുതോഷ്ഘോഷിന്റെ നേതൃത്വത്തില്‍ 31 കോണ്‍ഗ്രസ് അംഗങ്ങള്‍ മന്ത്രിസഭയ്ക്കുള്ള പിന്തുണ പിന്‍വലിച്ചു ഗവര്‍ണര്‍ക്ക് കത്ത് കൊടുത്തു. ഫെബ്രുവരി 4-ാം തീയതി അശുതോഷിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. 11-ാം തീയതി അദ്ദേഹം 15 എം.എല്‍.എ.മാരെക്കൂട്ടി ഇന്ത്യന്‍ നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് എന്നൊരു പുതിയ പാര്‍ട്ടി രൂപീകരിച്ചു.

ഫെബ്രുവര് 14ന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനം ആരംഭിക്കേണ്ടതായിരുന്നു. പക്ഷേ സഭ വലിയ സംഘര്‍ഷത്തിലും ബഹളത്തിലും മുങ്ങി. മാര്‍ക്സിസ്റ്റ് അംഗങ്ങള്‍ സ്പീക്കറുടെ ഡയസ് കയ്യേറി. ഗവര്‍ണര്‍ ധര്‍മ്മവീര മുഖ്യമന്ത്രിയുടെ കസേരയില്‍ കയറിനിന്ന് നയപ്രഖ്യാപനത്തിന്റെ ഏതാനും ഖണ്ഡികകള്‍ വായിച്ചു. ബാക്കി സഭയുടെ മേശപ്പുറത്ത് വെച്ച് ജീവനുംകൊണ്ട് രക്ഷപെട്ടു. ഈ ഘട്ടത്തില്‍ കേന്ദ്രം ഇടപെട്ടു. ഫെബ്രുവരി 20ന് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. ഒരു കൊല്ലത്തോളം അത് നീണ്ടുനിന്നു.

1969 ഫെബ്രുവരി 9ന് ബംഗംളില്‍ ഇടക്കാലതെരഞ്ഞെടുപ്പ് നടന്നു. കോണ്‍ഗ്രസ് ഒരുഭാഗത്തും 12 പാര്‍ട്ടികള്‍ ഉള്‍പ്പെട്ട ഐക്യമുന്നണി മറുഭാഗത്തുമായിട്ടാണ് മത്സരം നടന്നത്. ഐക്യമുന്നണി വന്‍ ഭൂരിപക്ഷം നേടി. സി.പി.എം.-80, സി.പി.ഐ-30, ബംഗ്ലാകോണ്‍ഗ്രസ്-33, ഫോര്‍വേഡ് ബ്ലോക്ക്-21, ആര്‍.എസ്.പി.-12, എസ്.എസ്.പി.-9, എസ്.യു.സി.ഐ-7, ഗൂര്‍ഖാലീഗ്-4, വര്‍ക്കേഴ്സ് പാര്‍ട്ടി-2, ആര്‍.സി.പി.ഐ.-2, ഫോര്‍വേഡ് ബ്ലോക്ക് മാര്‍ക്സിസ്റ്റ്-2, ബോള്‍ഷേവിക് പാര്‍ട്ടിയും മറ്റുള്ളവരും കൂടി-10 ആകെ-210. ഐക്യമുന്നണിയുമായി ധാരണയുണ്ടാക്കി മത്സരിക്കാന്‍ ലോക്സേവക്സംഘിനും പി.എസ്.പി.ക്കും നാല് വീതം സീറ്റുകള്‍ കിട്ടി. തെരഞ്ഞെടുപ്പിനുശേഷം മൂന്ന് സ്വതന്ത്രന്മാര്‍ സി.പി.എമ്മില്‍ ചേര്‍ന്നു. അങ്ങനെ ഐക്യമുന്നണിയുടെ അംഗബലം 221 ആയി ഉയര്‍ന്നു. പ്രതിപക്ഷപാര്‍ട്ടികള്‍ക്ക് എല്ലാംകൂടി 62 സീറ്റേ കിട്ടിയുള്ളൂ. കോണ്‍ഗ്രസ് വെറും 55 സ്ഥാനങ്ങള്‍കൊണ്ട് തൃപ്തിപ്പെട്ടു.

ജ്യോതിബസു മുഖ്യമന്ത്രിയാകണമെന്ന് സി.പി.എം. ശഠിച്ചു. ഐക്യമുന്നണിയിലെ മറ്റെല്ലാ പാര്‍ട്ടികളും അതിനെ എതിര്‍ത്തു; അജയ്മുഖര്‍ജിയെ നിര്‍ദ്ദേശിച്ചു. ഒടുവില്‍ ജ്യോതിബസു ആഭ്യന്തരമന്ത്രിസ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടു. ഫെബ്രുവരി 25ന് അജയ്മന്ത്രിസഭ അധികാരമേറ്റു. ഗവര്‍ണര്‍ ധര്‍മ്മവീരയെ പിന്‍വലിക്കണമെന്ന് മന്ത്രിസഭ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. എന്നാല്‍ കേന്ദ്രആഭ്യന്തരമന്ത്രി വൈ.ബി. ചവാന്‍ വഴങ്ങിയില്ല.

മാര്‍ച്ച് 6-ാം തീയതി ഗവര്‍ണര്‍ ധര്‍മ്മവീര വീണ്ടും നയപ്രഖ്യാപനപ്രസംഗം നടത്തി. മുന്‍സര്‍ക്കാരിനെ പിരിച്ചുവിട്ടതിന് കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുന്ന നയപ്രഖ്യാപനത്തിലെ ഖണ്ഡികകള്‍ അദ്ദേഹം വായിക്കാതെ വിട്ടു. അതേച്ചൊല്ലി വീണ്ടും വിവാദമുണ്ടായി. ഒടുവില്‍ ധര്‍മ്മവീരയെ കേന്ദ്രം തിരിച്ചുവിളിച്ചു. ശാന്തിസ്വരൂപ് ധവാനെ ഗവര്‍ണറായി ബംഗാളിലേക്ക് അയച്ചു.

ഭരണം മുന്നോട്ട് നീങ്ങന്തോറും ഘടകകക്ഷികള്‍ തമ്മില്‍ അഭിപ്രായവ്യത്യാസം വര്‍ദ്ധിച്ചു. സെമീന്ദാര്‍മാരില്‍ നിന്ന് ഭൂമി പിടിച്ചെടുക്കാനുള്ള മാര്‍ക്സിസ്റ്റ് നീക്കത്തെ ബംഗ്ലാകോണ്‍ഗ്രസും സോഷ്യലിസ്റ്റ് പാര്‍ട്ടികളും അപലപിച്ചു. സി.പി.എം.-എസ്.എസ്.പി. സംഘട്ടനങ്ങളും നക്സലൈറ്റ് ആക്രമണങ്ങളും പെരുകി. സംസ്ഥാനത്ത് സമാധാനാന്തരീക്ഷം വീണ്ടെടുക്കാന്‍ വേണ്ടി 69 ഡിസംബര്‍ 1ന് മുഖ്യമന്ത്രി അജയ്മുഖര്‍ജി കല്‍ക്കട്ടയില്‍ സത്യഗ്രഹം നടത്തി. അതിനുപിന്നാലെ മുഖ്യമന്ത്രിയും രണ്ടായിരം അനുചരന്മാരും ഡിസംബര്‍ 22ന് സൂചനാ ഉപവാസം നടത്തുമെന്ന് പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയോട് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് ബംഗ്ലാകോണ്‍ഗ്രസും പി.എസ്.പി.യും ഉപവാസം പ്രഖ്യാപിച്ചു. ആഭ്യന്തരമന്ത്രി ജ്യോതിബസു സത്യഗ്രഹവും ഉപവാസവും വെറും തമാശയാണെന്ന് പരിഹസിച്ചു. ഉപവാസസമരം തീര്‍ന്നപ്പോള്‍ വയറുവിശന്നിട്ടാകും ഇവര്‍ അവസാനിപ്പിച്ചതെന്നും കുത്തുവാക്ക് പറഞ്ഞു.

മാല്‍ഡ ജില്ലയില്‍പ്പെട്ട ഗജോര്‍ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടറെ മാറ്റണം, ക്രിമിനല്‍ കേസുകള്‍ പിന്‍വലിക്കണം എന്നീ ആവശ്യങ്ങള്‍ വലിയ വിവാദത്തിനിടയാക്കി. ആഭ്യന്തരമന്ത്രിയുടെ ഉത്തരവ് മുഖ്യമന്ത്രി റദ്ദാക്കി. അതില്‍ പ്രതിഷേധിച്ച് സി.പി.എം. അനുകൂലികളായ വിദ്യാര്‍ത്ഥികള്‍ ജനുവരി 21ന് മുഖ്യമന്ത്രിയെ അദ്ദേഹത്തിന്റെ ചേംബറില്‍ കയറി ദേഹോപദ്രവം ഏല്‍പിച്ചു. മുഖ്യമന്ത്രി തുല്യരില്‍ ഒരാള്‍ മാത്രമാണെന്നും മറ്റൊരു മന്ത്രിയുടെ ഉത്തരവ് റദ്ദാക്കാന്‍ അധികാരമില്ലെന്നും ജ്യോതിബസു അഭിപ്രായപ്പെട്ടു.

ഐക്യമുന്നണി സര്‍ക്കാരിന്റെ പല നടപടികളും പ്രാകൃതവും സംസ്‌കാരത്തിന് നിരക്കാത്തതുമാണെന്ന് ഫെബ്രുവരി 14ന് മുഖ്യമന്ത്രി നിയമസഭയില്‍ പ്രസ്താവിച്ചു. അതോടെ മുന്നണിയിലെ ഭിന്നത അതിരൂക്ഷമായി. മാര്‍ച്ച് 16ന് മുഖര്‍ജി രാജിവെച്ചു. ജ്യോതിബസു ബദല്‍മന്ത്രിസഭയുണ്ടാക്കാന്‍ അവകാശവാദമുന്നയിച്ചു. ഗവര്‍ണര്‍ ധവാന്‍ അതുസംബന്ധിച്ച് മറ്റെല്ലാം രാഷ്ട്രീയപാര്‍ട്ടികളുടെയും അഭിപ്രായങ്ങള്‍ ആരാഞ്ഞു. പത്ത് വിവിധ രാഷ്ട്രീയകക്ഷികളെ പ്രതിനിധീകരിക്കുന്ന 165 നിയമസഭാംഗങ്ങള്‍ ഒരു കാരണവശാലും ബസുവിനെ മുഖ്യമന്ത്രിയാക്കരുതെന്ന് ഏകസ്വരത്തില്‍ അഭിപ്രായപ്പെട്ടു. അതേത്തുടര്‍ന്ന് മാര്‍ച്ച് 19ന് സംസ്ഥാനത്ത് വീണ്ടും രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തി.

സംഘടനാ കോണ്‍ഗ്രസും ജനസംഘവും സ്വതന്ത്രാപാര്‍ട്ടിയും എസ്.എസ്.പി.യും പി.എസ്.പി.യും സി.പി.ഐയുമൊക്കെ രാഷ്ട്രപതിഭരണത്തെ സ്വാഗതം ചെയ്തു. സി.പി.എം. മാത്രം എതിര്‍ത്തു. ഹര്‍ത്താലും ബന്ദും സംഘടിപ്പിച്ചു. സി.പി.എം. നേതൃത്വത്തില്‍ ഫോര്‍വേഡ്ബ്ലോക്ക്, എസ്.എസ്.പി., എസ്.യു.സി.ഐ., ഗൂര്‍ഖാലീഗ്, റെവല്യൂഷണറി സി.പി.ഐ, ബോള്‍ഷെവിക് പാര്‍ട്ടി, പി.എസ്.പി. എന്നിവ ചേര്‍ന്ന് പുതിയൊരു മുന്നണി രൂപീകരിച്ചു. എന്നാല്‍ അവരോട് യോജിക്കാന്‍ ബംഗ്ലാകോണ്‍ഗ്രസും ആര്‍.എസ്.പി.യും കൂട്ടാക്കിയില്ല. അങ്ങനെ ബദല്‍മന്ത്രിസഭയ്ക്കുള്ള ശ്രമം വീണ്ടും പരാജയപ്പെട്ടു. ജൂലൈ 30ന് നിയമസഭ പിരിച്ചുവിട്ടു. വീണ്ടും വലിയതോതില്‍ പ്രതിഷേധസമരവും അക്രമവും അരങ്ങേറി.

പഞ്ചാബില്‍ ആര്‍ക്കും കേവലഭൂരിപക്ഷം കിട്ടിയില്ല. 104 അംഗ നിയമസഭയില്‍ 48 സീറ്റോടെ കോണ്‍ഗ്രസായിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. അകാലിദള്‍ ഫത്തേസിങ്ങ് ഗ്രൂപ്പിന് 24ഉം ധാരാസിങ്ങ് ഗ്രൂപ്പിന് 2ഉം ജനസംഘത്തിന് 9ഉം സി.പി.ഐക്ക് 5ഉം സി.പിഎമ്മിന് 3ഉം റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് 3ഉം എസ്.എസ്.പി.ക്ക് 1ഉം അംഗങ്ങളെ വിജയിപ്പിക്കാന്‍ കഴിഞ്ഞു. കൂടാതെ 9 സ്വതന്ത്രരും വിജയിച്ചു. അകാലിദള്‍ (ഫത്തേസിങ്ങ്), സി.പി.ഐ, എസ്.എസ്.പി., റിപ്പബ്ലിക്കന്‍ പാര്‍ട്ടി എന്നിവയുമായി മുന്നണിയുണ്ടാക്കിയാണ് മത്സരിച്ചത്. ആ മുന്നണിക്ക് മൊത്തം 33 സീറ്റാണ് കിട്ടിയത്.

മന്ത്രിസഭയുണ്ടാക്കാന്‍ കോണ്‍ഗ്രസ് അവകാശവാദം ഉന്നയിച്ചു. എന്നാല്‍ നിയമസഭയിലെ 47 കോണ്‍ഗ്രസ് ഇതര അംഗങ്ങളും 6 സ്വതന്ത്രന്മാരും കൂടി ഒരു ഐക്യമുന്നണി രൂപീകരിച്ചു. സ്വതന്ത്രഅംഗവും മുന്‍ ഹൈക്കോടതി ജഡ്ജിയുമായ സര്‍ദാര്‍ ഗുര്‍ണാംസിങ്ങിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചു. പിന്നാലെ ഒരു കോണ്‍ഗ്രസ് അംഗവും ഒരു സ്വതന്ത്രനും ഐക്യമുന്നണിയിലേക്ക് കൂറുമാറി. മുന്നണിയുടെ അംഗബലം 55 ആയി. മാര്‍ച്ച് 8ന് ഗുര്‍ണാംസിങ്ങിന്റെ നേതൃത്വത്തില്‍ കൂട്ടുകക്ഷിമന്ത്രിസഭ അധികാരമേറ്റു.

ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിനപ്രമേയത്തിന് കോണ്‍ഗ്രസ് അവതരിപ്പിച്ച ഒരു ഭേദഗതി ഏപ്രില്‍ 5-ാം തീയതി 49നെതിരെ 53 വോട്ടോടെ നിയമസഭ പാസാക്കി. ഉടന്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ രാജി ആവശ്യപ്പെട്ടു. പഞ്ചാബി ഭാഷയുടെ പ്രാമുഖ്യം നിലനിര്‍ത്താന്‍ വേണ്ടിയായിരുന്നു ഭേദഗതിയെന്നും അതിനെ അകാലിദള്‍ അംഗങ്ങള്‍ കൂടി പിന്തുണച്ചതുകൊണ്ടാണ് പാസായതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ആകയാല്‍ രാജിയാവശ്യം നിരാകരിച്ചു.

പാട്യാല മഹാരാജാവിനെ മുന്‍നിര്‍ത്തി ഐക്യമുന്നണിയില്‍ ഭിന്നിപ്പുണ്ടാക്കാനും കൂറുമാറ്റം പ്രോത്സാഹിപ്പിക്കാനും കോണ്‍ഗ്രസ് ശ്രമിച്ചു, പക്ഷേ വിപരീതഫലമാണുണ്ടായത്. കോണ്‍ഗ്രസില്‍ നിന്ന് അഞ്ച് അംഗങ്ങള്‍ കൂടി ഐക്യമുന്നണിയിലേക്ക് കൂറുമാറി. താനും അനുയായികളും ധനവിനിയോഗ ബില്ലിനെതിരെ വോട്ട് ചെയ്യുമെന്ന് മേയ് 23ന് അകാലിദള്‍ (ഫത്തേസിങ്ങ്) നേതാവ് ഹര്‍ചരണ്‍സിങ്ങ് ഹുദിയാര പ്രഖ്യാപിച്ചു. പ്രതിപക്ഷനേതാവ് പ്രബോദ്ചന്ദ്ര അത് മുന്‍നിര്‍ത്തി അവിശ്വാസപ്രമേയം അവതരിപ്പിച്ചു. 46നെതിരെ 57 വോട്ടോടെ അവിശ്വാസപ്രമേയം തള്ളപ്പെട്ടു. പാട്യാല മഹാരാജാവും ഹുദിയാരയും അനുയായി ഹസാരെസിങ്ങ് ഗില്ലും മാത്രമാണ് ഭരണപക്ഷത്തുനിന്ന് അവിശ്വാസത്തെ പിന്തുണച്ചത്. മേയ് 24ന് മൂവരും അകാലിദളില്‍ നിന്ന് പുറത്താക്കപ്പെട്ടു.

സെപ്റ്റംബര്‍ 22ന് ജലസേചന-വിദ്യുച്ഛക്തിമന്ത്രി ലക്ഷ്മണ്‍ സിങ്ങ് ഗില്ലും 15 എം.എല്‍.എ.മാരും ഐക്യമുന്നണി വിട്ടു. ഐക്യപഞ്ചാബ് ജനതാപാര്‍ട്ടി രൂപീകരിച്ചു. അതേത്തുടര്‍ന്ന് ഭൂരിപക്ഷം നഷ്ടപ്പെട്ട ഗുര്‍ണാംസിങ്ങ് രാജിവെച്ചു. നിയമസഭ പിരിച്ചുവിടണമെന്ന് ശുപാര്‍ശ ചെയ്തു. ഗവര്‍ണര്‍ രാജി സ്വീകരിച്ചു-ശുപാര്‍ശ തള്ളി. കോണ്‍ഗ്രസ് ലക്ഷ്മണ്‍സിങ്ങിനെ പിന്തുണച്ച് നവംബര്‍ 27ന് ന്യൂനപക്ഷമന്ത്രിസഭ അധികാരമേറ്റു.

1968 മാര്‍ച്ച് 6ന് നിയമസഭ സമ്മേളിച്ചപ്പോള്‍ സ്പീക്കര്‍ യോഗീന്ദ്രസിങ്ങ് മാനിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവന്നു. അത് പരിഗണിച്ചില്ല പകരം സഭ രണ്ട് മാസത്തേക്ക് നീട്ടിവെച്ചു. അതോടെ ബഡ്ജറ്റ് അവതരണം അവതാളത്തിലായി. വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കാത്തതിനാല്‍ ഭരണസ്തംഭനം ഉണ്ടാകുമായിരുന്നു. പ്രമുഖ ഗണിതശാസ്ത്രജ്ഞനും കര്‍ണാടക സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറുമായ ദാസപ്പ ചിന്തപ്പ പാവടെ ആയിരുന്നു അന്ന് പഞ്ചാബ് ഗവര്‍ണര്‍ അദ്ദേഹം മാര്‍ച്ച് 11ന് സ്വന്തം നിലയ്ക്ക് നിയമസഭ വിളിച്ചുകൂട്ടി. ബഡ്ജറ്റ് അവതരണം സാധൂകരിക്കാന്‍ മാര്‍ച്ച് 13ന് ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു.

മാര്‍ച്ച് 18ന് സ്പീക്കര്‍ ഓര്‍ഡിനന്‍സ് തള്ളിക്കളഞ്ഞു. നിയമസഭ പിന്നെയും മാറ്റിവെച്ചു. സഭയില്‍ അതിഭയങ്കരമായ ബഹളവും സംഘര്‍ഷവും ഉണ്ടായി. അതിനിടെ ഡെപ്യൂട്ടി സ്പീക്കര്‍ ബല്‍ദേവ് സിങ്ങ് ധനവിനിയോഗ ബില്‍ പാസായതായി പ്രഖ്യാപിച്ചു. മുന്‍മുഖ്യമന്ത്രി ഗുര്‍ണാംസിങ്ങ് ഓര്‍ഡിനന്‍സിന്റെയും ധനവിനിയോഗബില്ലിന്റെയും സാധുത ഹൈക്കോടതിയില്‍ ചോദ്യം ചെയ്തു. പഞ്ചാബ്-ഹരിയാന ഹൈക്കോടതി മേയ് 10-ാം തീയതിയിലെ വിധിപ്രകാരം ഓര്‍ഡിനന്‍സും ധനവിനിയോഗബില്ലും അസാധുവായി പ്രഖ്യാപിച്ചു. സുപ്രീംകോടതി ആ വിധി മേയ് 21ന് സ്റ്റേ ചെയ്തു. വിശദമായി വാദം കേട്ടശേഷം ഭരണഘടനാബെഞ്ച് ജൂലൈ 30ന് ഹൈക്കോടതി വിധി അസ്ഥിരപ്പെടുത്തി. ധനവിനിയോഗബില്ലും ഓര്‍ഡിനന്‍സും ശരിവെച്ചു.

എന്നിട്ടും ലക്ഷ്മണ്‍സിങ്ങിന് അധികം മുന്നോട്ടുപോകാന്‍ കഴിഞ്ഞില്ല. ഓഗസ്റ്റ് 21ന് പഞ്ചാബ് മന്ത്രിസഭയ്ക്കുള്ള പിന്തുണ പിന്‍വലിച്ചതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ നിജലിംഗപ്പ പ്രഖ്യാപിച്ചു. അതോടെ മുഖ്യമന്ത്രി രാജിവെച്ചു. ബദല്‍ മന്ത്രിസഭയ്ക്ക് യാതൊരു സാധ്യതയും ഇല്ലാഞ്ഞതിനാല്‍ നിയമസഭ പിരിച്ചുവിട്ടു.

ഉത്തര്‍പ്രദേശിന്റെ കാര്യവും വ്യത്യസ്തമായിരുന്നില്ല. 425 അംഗ യു.പി. നിയമസഭയില്‍ കോണ്‍ഗ്രസ് തനിച്ച് 199 സ്ഥാനങ്ങള്‍ നേടി. ജനസംഘം-98, എസ്.എസ്.പി.-44, സി.പി.ഐ.-14, സ്വതന്ത്രാപാര്‍ട്ടി-12, പി.എസ്.പി.-9, സി.പി.എം.-1, കക്ഷിരഹിതരും ചെറുപാര്‍ട്ടികളും കൂടി-37 എന്നായിരുന്നു പ്രതിപക്ഷത്തെ അംഗബലം. 188 പ്രതിപക്ഷ എം.എല്‍.എ.മാര്‍ ഐക്യമുന്നണി രൂപീകരിച്ചു. രാമചന്ദ്ര വികല്‍ എന്ന കക്ഷിരഹിതനെ നേതാവായി തെരഞ്ഞെടുത്തു. കോണ്‍ഗ്രസ് നേതാവ് ചന്ദ്രഭാനു ഗുപ്തയും രാമചന്ദ്ര വികലും മന്ത്രിസഭ രൂപീകരിക്കാന്‍ ഒരേസമയം അവകാശവാദം ഉന്നയിച്ചു. 17 സ്വതന്ത്രരും 4 കൂറുമാറ്റക്കാരും ഗുപ്തയെ പിന്തുണച്ചു. അങ്ങനെ 1967 മാര്‍ച്ച് 14ന് കോണ്‍ഗ്രസ് മന്ത്രിസഭ അധികാരമേറ്റു.

മുതിര്‍ന്ന കോണ്‍ഗ്രസ് അംഗവും പടിഞ്ഞാറന്‍ യു.പി.യിലെ ജാട്ടുകളുടെ അനിഷേധ്യ നേതാവുമായ ചൗധരി ചരണ്‍സിങ്ങിന് പ്രധാനപ്പെട്ട വകുപ്പ് നല്‍കും എന്ന ധാരണയിലാണ് ഗുപ്തയെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡറായി തെരഞ്ഞെടുത്തത്. എന്നാല്‍ ആ വാഗ്ദാനം പാലിക്കപ്പെട്ടില്ല. കുപിതനായ ചരണ്‍സിങ്ങ് ഏപ്രില്‍ ഒന്നാം തീയതി മറ്റ് 16 എം.എല്‍.എ.മാര്‍ക്കൊപ്പം പാര്‍ട്ടി വിട്ടു. ജനകോണ്‍ഗ്രസ് രൂപീകരിച്ചു. പിന്നാലെ നാല് എം.എല്‍.എ.മാര്‍കൂടി ചരണ്‍സിങ്ങിനൊപ്പം ചേര്‍ന്നു. ഗവര്‍ണറുടെ നന്ദിപ്രമേയത്തിന് പ്രതിപക്ഷം അവതരിപ്പിച്ച ഭേദഗതി 198നെതിരെ 215 വോട്ടോടെ പാസായി. ഭൂരിപക്ഷം നഷ്ടപ്പെട്ട ഗുപ്ത അന്നുതന്നെ രാജിവെച്ചു. മറ്റേതാനും ചെറുപാര്‍ട്ടികളെക്കൂടി ചേര്‍ത്ത് ജനകോണ്‍ഗ്രസ് ഭാരതീയ ക്രാന്തിദള്‍ ആയി പരിണമിച്ചു.

ഏപ്രില്‍ 3ന് ചരണ്‍സിങ്ങ് നയിച്ച ഐക്യമുന്നണി സര്‍ക്കാര്‍ അധികാരമേറ്റു. ആദ്യഘട്ടം മുതല്‍ക്കേ ഘടകകക്ഷികള്‍ തമ്മില്‍ അഭിപ്രായവ്യത്യാസം ഉടലെടുത്തു. പോകപ്പോകെ അനൈക്യം മൂര്‍ച്ഛിച്ചു. ഈ രീതിയില്‍ മുന്നോട്ടുപോകാന്‍ ബുദ്ധിമുട്ടാണെന്നും മുഖ്യമന്ത്രിസ്ഥാനത്തേക്ക് മറ്റാരേയെങ്കിലും നിയോഗിക്കുന്നതാണ് ഉചിതമെന്നും ഓഗസ്റ്റ് 16ന് ചരണ്‍സിങ്ങ് ഘടകകക്ഷി നേതാക്കള്‍ക്ക് കത്തുകൊടുത്തു. അതുകൊണ്ടും ഫലമൊന്നും ഉണ്ടായില്ല. ഒക്ടോബര്‍ 6ന് സ്വതന്ത്രാപാര്‍ട്ടി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു. 15ന് സി.പി.ഐ., എസ്.എസ്.പി. മന്ത്രിമാര്‍ രാജിവെച്ചു. ജനസംഘവും എസ്.എസ്.പി.യും സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു. 1968 ഫെബ്രുവരി 17ന് ചരണ്‍സിങ്ങ് രാജിവെച്ചു. ഐക്യമുന്നണിക്ക് ഒരു നേതാവിനെ ഐകകണ്ഠ്യേന തെരഞ്ഞെടുക്കാന്‍ കഴിയുന്നില്ലെങ്കില്‍ നിയമസഭ പിരിച്ചുവിടണമെന്ന് ഗവര്‍ണറോട് ശുപാര്‍ശചെയ്തു.

ഫെബ്രുവരി 21ന് ഐക്യമുന്നണി കക്ഷികളുടെ സംയുക്ത പാര്‍ലമെന്ററി യോഗം ചേര്‍ന്നു. ചരണ്‍സിങ്ങിനെ നേതാവായി വീണ്ടും തെരഞ്ഞെടുത്തു. അദ്ദേഹമത് നിരാകരിച്ചു. ഭാരതീയക്രാന്തിദളിലെ തന്നെ ധരംസിങ്ങിന്റെ പേരും നിര്‍ദ്ദേശിക്കപ്പെട്ടു. അദ്ദേഹവും അത് നിരാകരിച്ചു. അതിനുശേഷം രാമചന്ദ്രവികലിനെ നേതാവായി തെരഞ്ഞെടുത്തു. പക്ഷേ ബി.കെ.ഡി., പി.എസ്.പി., സ്വതന്ത്രാ, റിപ്പബ്ലിക്കന്‍ പാര്‍ട്ടികള്‍ അതിനോട് വിയോജിച്ചു. ഈ ഘട്ടത്തില്‍ കോണ്‍ഗ്രസ് നേതാവ് ചന്ദ്രഭാനു ഗുപ്തയും മന്ത്രിസഭ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചു.

മുന്‍ ആന്ധ്രാമുഖ്യമന്ത്രി ബി. ഗോപാലറെഡ്ഡി ആയിരുന്നു അന്ന് ഉത്തര്‍പ്രദേശ് ഗവര്‍ണര്‍. അദ്ദേഹത്തിന് ഈ കുതിരക്കച്ചവടം തീരെ തൃപ്തി രസിച്ചില്ല. ഫെബ്രുവരി 25ന് നിയമസഭ സസ്പെന്റ് ചെയ്തു. മാര്‍ച്ച് 13ന് ഐക്യമുന്നണി ഹരീഷ്ചന്ദ്രസിങ്ങിനെ നേതാവായി തെരഞ്ഞെടുത്തു. കോണ്‍ഗ്രസ് ഗുപ്തയേയും തെരഞ്ഞെടുത്തു. പക്ഷേ ഗവര്‍ണര്‍ തീരെ വിട്ടുകൊടുത്തില്ല. ഏപ്രില്‍ 10ന് അദ്ദേഹം രാഷ്ട്രപതിഭരണം ശുപാര്‍ശ ചെയ്തു. ഏപ്രില്‍ 15ന് നിയമസഭ പിരിച്ചുവിട്ട് പ്രസിഡന്റ് ഭരണം ഏര്‍പ്പെടുത്തി.

1969 ഫെബ്രുവരി 9ന് യു.പി. നിയമസഭയിലേക്ക് ഇടക്കാല തെരഞ്ഞെടുപ്പ് നടന്നു. കോണ്‍ഗ്രസ് നില അല്‍പം മെച്ചപ്പെടുത്തി 211 സീറ്റ് നേടി. ബി.കെ.ഡി.ക്ക് 99ഉം ജനസംഘത്തിന് 49ഉം എസ്.എസ്.പി.ക്ക് 33ഉം സ്വതന്ത്രാപാര്‍ട്ടിക്ക് 5ഉം സി.പി.ഐക്ക് 4, പി.എസ്.പി.ക്ക് 3 റിപ്പബ്ലിക്കര്‍ പാര്‍ട്ടി, മാര്‍ക്സിസ്റ്റ് പാര്‍ട്ടി, കിസാന്‍ മസ്ദൂര്‍ പാര്‍ട്ടി എന്നിവര്‍ക്ക് ഓരോന്നുവീതവും സീറ്റുകളാണ് കിട്ടിയത്. കക്ഷിരഹിതര്‍ക്കും ചെറുപാര്‍ട്ടികള്‍ക്കും കൂടി 18 സീറ്റും ലഭിച്ചു. തെരഞ്ഞെടുപ്പിന് പിന്നാലെ നാല് സ്വതന്ത്ര എം.എല്‍.എ.മാര്‍ കോണ്‍ഗ്രസില്‍ ചേക്കേറി. ചന്ദ്രഭാനു ഗുപ്ത ഐകകണ്ഠ്യേന നേതാവായി തെരഞ്ഞെടുക്കപ്പെട്ടു. 1969 ഫെബ്രുവരി 26ന് ഗുപ്ത മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. കോണ്‍ഗ്രസിലെ പ്രമുഖ ബ്രാഹ്മണ നേതാവ് കമലാപതി ത്രിപാഠി ഉപമുഖ്യമന്ത്രിയായും ചുമതലയേറ്റു.

1969 നവംബര്‍ മാസത്തില്‍ കോണ്‍ഗ്രസ് പിളര്‍ന്നു. ചന്ദ്രഭാനു ഗുപ്ത സംഘടനാപക്ഷത്തും ത്രിപാഠി ഇന്ദിരാപക്ഷത്തും ഉറച്ചുനിന്നു. ത്രിപാഠിയും വേറെ ഏഴ് മന്ത്രിമാരും രാജിവെച്ചു. അവര്‍ ചരണ്‍സിങ്ങിന്റെ ബി.കെ.ഡി.യുമായി ചേര്‍ന്ന് കൂട്ടുകക്ഷിമന്ത്രിസഭയുണ്ടാക്കാന്‍ നീക്കം ആരംഭിച്ചു. നിയമസഭ വിളിച്ചുകൂട്ടി ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. എന്നാല്‍ ഗുപ്ത വഴങ്ങിയില്ല. താന്‍ വിശ്വാസപ്രമേയം അവതരിപ്പിക്കുകയല്ല എതിരാളികള്‍ അവിശ്വാസം കൊണ്ടുവരികയാണ് ചെയ്യേണ്ടതെന്ന് സമര്‍ത്ഥിച്ചു. അപ്പോഴേക്കും ചരണ്‍സിങ്ങും ത്രിപാഠിയും തമ്മില്‍ അഭിപ്രായവ്യത്യാസം ഉടലെടുത്തു. താനായിരിക്കണം പുതിയ മുഖ്യമന്ത്രിയെന്നും അക്കാര്യം മുന്‍കൂട്ടി കോണ്‍ഗ്രസ് പ്രഖ്യാപിക്കണമെന്നും ചരണ്‍സിങ്ങ് ശഠിച്ചു. ത്രിപാഠി അതിന് കൂട്ടാക്കിയില്ല.

നാടകീയ നീക്കത്തിലൂടെ 1970 ഫെബ്രുവരി 10ന് ഗുപ്ത മുഖ്യമന്ത്രിപദം രാജിവെച്ചു. അദ്ദേഹവും പാര്‍ട്ടിയും മുഖ്യമന്ത്രിസ്ഥാനത്തേക്ക് ചരണ്‍സിങ്ങിനെ പിന്തുണച്ചു. ജനസംഘവും എസ്.എസ്.പി.യും അവര്‍ക്കൊപ്പം കൂടി. പക്ഷേ ഐക്യമുന്നണിയുടെ സാമ്പത്തികനയം കീറാമുട്ടിയായി. അതിനിടെ ഫെബ്രുവരി 16ന് ചരണ്‍സിങ്ങും ത്രിപാഠിയും വീണ്ടും കൈകോര്‍ത്തു. സംശുദ്ധവും കാര്യക്ഷമവുമായ ഭരണം വാഗ്ദാനം ചെയ്തു.

സംഘടനാ കോണ്‍ഗ്രസ്, ജനസംഘം, എസ്.എസ്.പി. പാര്‍ട്ടികള്‍ മുന്‍മരാമത്ത്മന്ത്രി ഗിരിധര്‍ ലാലിനെ നേതാവായി തെരഞ്ഞെടുത്തു. അദ്ദേഹം 236 എം.എല്‍.എ.മാരുടെ പിന്തുണ അവകാശപ്പെട്ടു. മറുഭാഗത്ത് ചരണ്‍സിങ്ങും 235 പേരുടെ പിന്തുണ അവകാശപ്പെട്ട് ഗവര്‍ണറെ സമീപിച്ചു. ഗവര്‍ണര്‍ ഗോപാലറെഡ്ഡി ചരണ്‍സിങ്ങിനെ ക്ഷണിച്ചു. 1970 ഫെബ്രുവരി 17ന് പുതിയ മന്ത്രിസഭ അധികാരമേറ്റു. മുഖ്യമന്ത്രിക്കൊപ്പം ബി.കെ.ഡി.യില്‍ നിന്ന് ഏഴ് മന്ത്രിമാരും മൂന്ന് ഉപമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. സംഘടനാ കോണ്‍ഗ്രസും ജനസംഘവും എസ്.എസ്.പി.യും ഗവര്‍ണറെ നിശിതമായി വിമര്‍ശിച്ചു. ചരണ്‍സിങ്ങ് കാലുമാറ്റക്കാരുടെ രാജാവാണെന്ന് നിജലിംഗപ്പ കുറ്റപ്പെടുത്തി.

ഏപ്രില്‍ 21ന് കോണ്‍ഗ്രസുകാരെക്കൂടി ചേര്‍ത്ത് മന്ത്രിസഭ വികസിപ്പിച്ചു. അധികം വൈകാതെ ഭാരതീയക്രാന്തിദളിനെ ഭരണ കോണ്‍ഗ്രസില്‍ ലയിപ്പിക്കാം എന്നായിരുന്നു ധാരണ. എന്നാല്‍ അചിരേണ ബി.കെ.ഡിയും ഭരണകോണ്‍ഗ്രസും തമ്മില്‍ അഭിപ്രായവ്യത്യാസം ഉടലെടുത്തു. സംസ്ഥാനത്തെ എല്ലാ പഞ്ചസാരമില്ലും ദേശസാല്‍ക്കരിക്കും എന്ന ചരണ്‍സിങ്ങിന്റെ പ്രഖ്യാപനം കോണ്‍ഗ്രസുകാര്‍ക്ക് ദഹിച്ചില്ല. ലയനത്തെക്കുറിച്ച് ബി.കെ.ഡി.യില്‍ എതിരഭിപ്രായം ഉയര്‍ന്നു. ചരണ്‍സിങ്ങ് സംഘടനാകോണ്‍ഗ്രസ്, ജനസംഘം, എസ്.എസ്.പി. പാര്‍ട്ടികളോട് ചങ്ങാത്തം പുനഃസ്ഥാപിച്ചു. അതോടെ ത്രിപാഠി ക്രുദ്ധനായി. അദ്ദേഹം ചരണ്‍സിങ്ങിനെ രൂക്ഷമായി വിമര്‍ശിച്ചു.

ഓഗസ്റ്റ് 28-ാം തീയതി ബി.കെ.ഡി. ഭരണകോണ്‍ഗ്രസുമായി ലയിക്കാനില്ല എന്ന് തീരുമാനിച്ചു. അടുത്തയാഴ്ച ബി.കെ.ഡി. അംഗങ്ങള്‍ പാര്‍ലമെന്റില്‍ പ്രിവിപേഴ്സ് നിര്‍ത്തലാക്കാനുള്ള ബില്ലിനെ എതിര്‍ത്ത് വോട്ടുചെയ്തു. അതോടെ സഖ്യം തകര്‍ന്നു. സെപ്റ്റംബര്‍ 30നകം നിയമസഭ വിളിച്ചുകൂട്ടണം എന്നാവശ്യപ്പെട്ട് സെപ്റ്റംബര്‍ 8ന് ത്രിപാഠി ചരണ്‍സിങ്ങിന് കത്ത് നല്‍കി. ഒക്ടോബര്‍ 6-ാം തീയതി നിയമസഭ വിളിച്ചുകൂട്ടാമെന്ന് ചരണ്‍സിങ്ങ് സമ്മതിച്ചു.

സെപ്റ്റംബര്‍ 24-ാം തീയതി ചരണ്‍സിങ്ങ് 26 കോണ്‍ഗ്രസ് മന്ത്രിമാരില്‍ 13 പേരുടെ രാജി ആവശ്യപ്പെട്ടു. രാജിവെക്കാത്തപക്ഷം അവരെ പുറത്താക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. കോണ്‍ഗ്രസ് തല്‍ക്ഷണം മന്ത്രിസഭയ്ക്കുള്ള പിന്തുണ പിന്‍വലിച്ചു. ഉടന്‍തന്നെ സംഘടനാകോണ്‍ഗ്രസും ജനസംഘവും എസ്.എസ്.പി.യും മന്ത്രിസഭയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. ഗവര്‍ണര്‍ ഗോപാലറെഡ്ഡി അറ്റോര്‍ണിജനറല്‍ നിരണ്‍ ഡേയോടും സംസ്ഥാന അഡ്വക്കേറ്റ് ജനറല്‍ കെ.എല്‍. മിശ്രയോടും നിയമോപദേശം തേടി. മുഖ്യമന്ത്രിയെ പുറത്താക്കണം എന്ന് നിരണ്‍ ഡേ ഉപദേശിച്ചു. മിശ്രയുടെ ഉപദേശത്തിന് കാത്തുനില്‍ക്കാതെ ഗവര്‍ണര്‍ ചരണ്‍സിങ്ങിനെ പുറത്താക്കി.

കെ.എല്‍. മിശ്രയുടെ നിയമോപദേശം ചരണ്‍സിങ്ങിന് അനുകൂലമായിരുന്നു. പ്രമുഖ നിയമവിദഗ്ധരായ എം.സി. സെതല്‍വാദ്, എം.സി. ഛഗ്ല, എസ്.വി. ഗുപ്ത എന്നിവരൊക്കെ ഗവര്‍ണറുടെ നടപടിയെ കഠിനമായി വിമര്‍ശിച്ചു. അതിനിടെ നിയമസഭ സസ്പെന്റ് ചെയ്യാന്‍ ഗവര്‍ണര്‍ രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്തു. ചരണ്‍സിങ്ങും സഖ്യകക്ഷികളും അതിനെ ശക്തമായി എതിര്‍ത്തു. അന്ന് സോവിയറ്റ് യൂണിയനില്‍ പര്യടനം നടത്തുകയായിരുന്ന രാഷ്ട്രപതി ഗിരിക്ക് വിമാനത്തില്‍ പ്രത്യേക ദൂതന്‍വശം കൊടുത്തയച്ച ശുപാര്‍ശ അദ്ദേഹം ഒക്ടോബര്‍ ഒന്നിന് ഒപ്പിട്ടു. പിറ്റേന്ന് അത് ഗസറ്റില്‍ പ്രസിദ്ധീകരിച്ചു. നിയമസഭ മരവിപ്പിച്ച നടപടിയെ ചരണ്‍സിങ്ങിനോട് യാതൊരു സ്നേഹവും ഇല്ലാത്ത പി.എസ്.പി., സി.പി.ഐ., സി.പി.എം. കക്ഷികള്‍ കൂടിയും വിമര്‍ശിച്ചു. ഇക്കാര്യം ചര്‍ച്ചചെയ്യാന്‍ ഉടന്‍ പാര്‍ലമെന്റ് വിളിച്ചുകൂട്ടണമെന്ന് ആവശ്യപ്പെട്ടു.

ഒക്ടോബര്‍ ഒന്നാം തീയതി തന്നെ സംഘടനാ കോണ്‍ഗ്രസും ജനസംഘവും എസ്.എസ്.പി.യും ചേര്‍ന്ന് സംയുക്ത വിധായക് ദള്‍ രൂപീകരിച്ചു. അഞ്ചാം തീയതി ബി.കെ.ഡി.യും അവര്‍ക്കൊപ്പം ചേര്‍ന്നു. മുന്നണിക്ക് നിയമസഭയില്‍ 242 അംഗങ്ങളുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ടു. ചന്ദ്രഭാനു ഗുപ്തയും ചൗധരി ചരണ്‍സിങ്ങും തമ്മിലുള്ള വ്യക്തിപരമായ സ്പര്‍ധ മുന്‍നിര്‍ത്തി ഇരുവരും മാറിനില്‍ക്കാന്‍ തീരുമാനിച്ചു. ത്രിഭുവന്‍ദാസ് നാരായണ്‍സിങ്ങിനെ നേതാവായി തെരഞ്ഞെടുത്തു. അതേസമയം മുഖ്യമന്ത്രിസ്ഥാനത്തേക്ക് കമലാപതി ത്രിപാഠിയും അവകാശവാദം ഉന്നയിച്ചു.

ഒക്ടോബര്‍ 17ന് ടി.എന്‍.സിങ്ങ് മന്ത്രിസഭ രൂപീകരിച്ചു. അദ്ദേഹത്തോടൊപ്പം സംഘടനാ കോണ്‍ഗ്രസിലെ ഗിരിധര്‍ലാലും ബി.കെ.ഡി.യിലെ വീരേന്ദ്രവര്‍മ്മയും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. മന്ത്രിമാരാകാന്‍ അഭൂതപൂര്‍വമായ തിക്കുംതിരക്കും ഉണ്ടായി. ഒടുവില്‍ 53 അംഗങ്ങളുള്ള പടുകൂറ്റന്‍ മന്ത്രിസഭയാണ് ഉണ്ടായത്. (അന്നുവരെ കേന്ദ്രത്തിലോ മറ്റേതെങ്കിലും സംസ്ഥാനത്തോ ഇത്ര ജനബാഹുല്യമുള്ള മന്ത്രിസഭ ഉണ്ടായിട്ടില്ല.)

മുഖ്യമന്ത്രിയാകുന്ന സമയത്ത് ടി.എന്‍. സിങ്ങ് നിയമസഭാംഗമായിരുന്നില്ല. ഗോരഖ്പൂര്‍ ജില്ലയിലെ മണിറാം മണ്ഡലത്തില്‍ നിന്ന് അദ്ദേഹം ജനവിധി തേടി. 1971 ജനുവരി 5-ാം തീയതി നടന്ന ഉപതെരഞ്ഞെടുപ്പില്‍ സിങ്ങ് തോറ്റു, ഭരണകോണ്‍ഗ്രസിലെ ആര്‍.കെ. ദ്വിവേദി വിജയിച്ചു. അതേത്തുടര്‍ന്ന് അദ്ദേഹം മുഖ്യമന്ത്രിസ്ഥാനം രാജിവെക്കുമെന്ന് പ്രഖ്യാപിച്ചു. എന്നാല്‍ ഘടകകക്ഷികള്‍ അതിനനുവദിച്ചില്ല. മാര്‍ച്ചിലെ ലോക്സഭാ തെരഞ്ഞെടുപ്പ് വരെ തുടരാന്‍ അവര്‍ സമ്മര്‍ദ്ദം ചെലുത്തി.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഭരണകോണ്‍ഗ്രസ് വന്‍വിജയം നേടി. സംസ്ഥാനത്തെ 85 മണ്ഡലങ്ങളില്‍ 73 എണ്ണം കരസ്ഥമാക്കി. അതേത്തുടര്‍ന്ന് എം.എല്‍.എമാര്‍ ഭരണകോണ്‍ഗ്രസിലേക്ക് ഒഴുകി. പാര്‍ട്ടിയുടെ അംഗബലം 153-ല്‍ നിന്ന് 212 ആയി ഉയര്‍ന്നു. മാര്‍ച്ച് 30ന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് നന്ദിരേഖപ്പെടുത്തുന്ന പ്രമേയത്തിന് കോണ്‍ഗ്രസുകാര്‍ കൊണ്ടുവന്ന ഭേദഗതി 184നെതിരെ 229 വോട്ടോടെ പാസ്സായി. ത്രിഭുവന്‍ദാസ് നാരായണ്‍സിങ്ങ് ഉടന്‍ രാജിവെച്ചു. കമലാപതി ത്രിപാഠിയുടെ നേതൃത്വത്തിലുള്ള ഭരണകോണ്‍ഗ്രസ് മന്ത്രിസഭ ഏപ്രില്‍ 4-ാം തീയതി അധികാരമേറ്റു. യു.പി.യിലെ പ്രതിസന്ധിക്ക് താല്‍ക്കാലിക വിരാമമായി.

1967-71 കാലത്ത് എല്ലാ സംസ്ഥാനങ്ങളിലും വെച്ച് ഏറ്റവും രൂക്ഷമായ ഭരണ അസ്ഥിരത ബിഹാറിലാണ് അനുഭവപ്പെട്ടത്. 67-ലെ തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും കേവലഭൂരിപക്ഷം ലഭിച്ചില്ല. കോണ്‍ഗ്രസ് ഒറ്റയ്ക്ക് 128 സീറ്റ് കരസ്ഥമാക്കി. എസ്.എസ്.പി.-67, ജനസംഘം-26, സി.പി.ഐ-24, പി.എസ്.പി.-18, ബി.കെ.ഡി.-24, സ്വതന്ത്രാപാര്‍ട്ടി-4, സി.പി.എം.-4, കക്ഷിരഹിതര്‍-23 എന്നായിരുന്നു മറ്റു പാര്‍ട്ടികളുടെ അംഗബലം.

കേവലഭൂരിപക്ഷം ഇല്ലാത്തതിനാല്‍ തങ്ങള്‍ മന്ത്രിസഭയുണ്ടാക്കാന്‍ ശ്രമിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് ആദ്യമേ വ്യക്തമാക്കി. ജനസംഘം, ക്രാന്തിദള്‍, എസ്.എസ്.പി., പി.എസ്.പി., സി.പി.ഐ. എന്നീ പാര്‍ട്ടികള്‍ ഐക്യമുന്നണി രൂപീകരിച്ചു. മഹാമായാപ്രസാദ് സിന്‍ഹയെ നേതാവായി തെരഞ്ഞെടുത്തു. അദ്ദേഹം 1967 മാര്‍ച്ച് 5ന് മുഖ്യമന്ത്രിയായി ചുമതലയേറ്റു.

എന്നാല്‍ ഒരുവര്‍ഷം പോലും ആ സര്‍ക്കാരിന് ആയുസ്സുണ്ടായില്ല. ഓഗസ്റ്റ് 25ന് ബിന്ദേശ്വരി പ്രസാദ് മണ്ഡല്‍ എസ്.എസ്.പിയില്‍ നിന്ന് രാജിവെച്ച് ശോഷിത്ദള്‍ രൂപീകരിച്ചു. കോണ്‍ഗ്രസുമായി കൂട്ടുചേര്‍ന്ന് മന്ത്രിസഭ തകര്‍ക്കാനുള്ള ശ്രമം ആരംഭിച്ചു. 1968 ജനുവരി 25ന് അവര്‍ അവതരിപ്പിച്ച അവിശ്വാസപ്രമേയം 150നെതിരെ 163 വോട്ടോടെ പാസായി. മന്ത്രിസഭ രാജിവെച്ചു. അതേത്തുടര്‍ന്ന് ഗവര്‍ണര്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ മഹേഷ്പ്രസാദ് സിന്‍ഹയെ മന്ത്രിസഭ രൂപീകരിക്കാന്‍ ക്ഷണിച്ചു. ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ സിന്‍ഹ ക്ഷണം നിരാകരിച്ചു. പകരം മണ്ഡലിനെ നിര്‍ദ്ദേശിച്ചു. അങ്ങനെ 1968 ഫെബ്രുവരി ഒന്നിന് ബി.പി. മണ്ഡല്‍ ബിഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

ആഴ്ചകള്‍ക്കകം ഭോലാപാസ്വാന്‍ ശാസ്ത്രിയുടെ നേതൃത്വത്തില്‍ 15 കോണ്‍ഗ്രസ് എം.എല്‍.എ.മാര്‍ മന്ത്രിസഭയ്ക്കുള്ള പിന്തുണ പിന്‍വലിച്ചു. ശോഷിത്ദളിന് ഭരണഘടനയില്ല, പ്രത്യയശാസ്ത്രമില്ല, പ്രവര്‍ത്തനപരിപാടിയില്ല, പെരുമാറ്റച്ചട്ടമില്ല, താല്‍ക്കാലിക രാഷ്ട്രീയനേട്ടത്തിനുവേണ്ടി തട്ടിക്കൂട്ടിയ പാര്‍ട്ടിയാണ് എന്നൊക്കെ ആക്ഷേപം ഉന്നയിച്ചു. മണ്ഡല്‍ മന്ത്രിസഭയ്ക്കെതിരെ പ്രതിപക്ഷ ഐക്യമുന