ദ്രാവിഡ മുന്നേറ്റം 

October 12, 2017, 5:41 pm


ദ്രാവിഡ മുന്നേറ്റം 
Columns
Columns


ദ്രാവിഡ മുന്നേറ്റം 

ദ്രാവിഡ മുന്നേറ്റം 

1967-ല്‍ കോണ്‍ഗ്രസിന് ഏറ്റവും കനത്ത തിരിച്ചടി നേരിട്ടത് രണ്ട് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലായിരുന്നു- മദ്രാസിലും കേരളത്തിലും. കേരളത്തിലെ പരാജയം താല്‍ക്കാലികം മാത്രമായിരുന്നുവെന്ന് പില്‍ക്കാല സംഭവങ്ങള്‍ തെളിയിച്ചു. 1970-ലെ ഇടക്കാല തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയില്‍ തിരിച്ചുവന്നു. അതേസമയം മദ്രാസ് സംസ്ഥാനം പാര്‍ട്ടിക്ക് എന്നേക്കുമായി നഷ്ടപ്പെട്ടു. 1967നു ശേഷം ഒരു തെരഞ്ഞെടുപ്പിലും മദ്രാസില്‍ കോണ്‍ഗ്രസ് നിലംതൊട്ടില്ല.

ബ്രിട്ടീഷ് ഭരണകാലത്ത് മദ്രാസ് പ്രവിശ്യയില്‍ ജനസംഖ്യയുടെ 3.2 ശതമാനം മാത്രമുണ്ടായിരുന്ന തമിഴ്-തെലുങ്ക് ബ്രാഹ്മണര്‍ പ്രധാന ഉദ്യോഗങ്ങളില്‍ മുക്കാല്‍ പങ്കും കയ്യടക്കി. ഉയര്‍ന്ന സാക്ഷരതയും ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യവും അവര്‍ക്ക് അനുഗ്രഹമായി. 19-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ മറ്റ് ഹിന്ദു വിഭാഗങ്ങളില്‍പ്പെട്ട ഇടത്തരക്കാര്‍ ഉന്നത ബിരുദം നേടി സര്‍ക്കാര്‍ ഉദ്യോഗങ്ങള്‍ക്ക് ശ്രമിച്ചുവെങ്കിലും ബ്രാഹ്മണരോട് മത്സരിച്ച് ജയിക്കാന്‍ പ്രാപ്തരായില്ല. അവര്‍ അവസരനിഷേധം ആരോപിച്ച് സംഘടനകള്‍ രൂപീകരിച്ചു, ഉദ്യോഗത്തില്‍ സംവരണം ആവശ്യപ്പെട്ടു.

മദ്രാസ് നിയമനിര്‍മ്മാണ കൗണ്‍സിലിലും യൂറോപ്യന്മാര്‍ കഴിഞ്ഞാല്‍ ബ്രാഹ്മണര്‍ക്കായിരുന്നു മേധാവിത്വം. 1910-20 കാലത്ത് നിയമസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട 9 ഔദ്യോഗിക അംഗങ്ങളില്‍ 8പേരും ബ്രാഹ്മണരായിരുന്നു. തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളിലും ബ്രാഹ്മണര്‍ക്കായിരുന്നു മുന്‍തൂക്കം. മദ്രാസ് പ്രവിശ്യ കോണ്‍ഗ്രസ് കമ്മിറ്റിയിലും ഹോംറൂള്‍ ലീഗിലും ബ്രാഹ്മണമേധാവിത്വം നിലനിന്നു. മദ്രാസില്‍ ഇന്ത്യന്‍ ഉടമസ്ഥതയിലുളള പ്രധാന പത്രങ്ങള്‍ നാലും ബ്രാഹ്മണരുടെ ഉടമസ്ഥതയിലുള്ളതായിരുന്നു.

ഭിന്നിപ്പിച്ച് ഭരിക്കുക എന്ന നയം ബ്രിട്ടീഷുകാര്‍ മദ്രാസിലേക്ക് പ്രയോഗിച്ചു. ബ്രാഹ്മണരെ വെറുപ്പിക്കാതെ തന്നെ അവര്‍ അബ്രാഹ്മണര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കി. അബ്രാഹ്മണ സംഘടനകളെ പ്രോത്സാഹിപ്പിച്ചു. ഉദ്യോഗസ്ഥതലത്തിലും നിയമസഭയിലും അബ്രാഹ്മണ പ്രാതിനിധ്യം ഉറപ്പാക്കാന്‍ ശ്രദ്ധിച്ചു.

1909-ല്‍ പി. സുബ്രഹ്മണ്യന്‍, എം. പുരുഷോത്തമ നായിഡു എന്നിവര്‍ മുന്‍കയ്യെടുത്ത് മദ്രാസ് അബ്രാഹ്മണ അസോസിയേഷന്‍ രൂപീകരിക്കാന്‍ ശ്രമിച്ചെങ്കിലും ഫലപ്രാപ്തിയില്‍ എത്തിയില്ല. 1912-ല്‍ സി. നടേശ മുതലിയാര്‍ സെക്രട്ടറിയായി മദ്രാസ് യുണൈറ്റഡ് ലീഗ് എന്നൊരു സംഘടന നിലവില്‍ വന്നു. അവര്‍ പക്ഷേ സാമൂഹ്യരംഗത്താണ് കൂടുതലായും പ്രവര്‍ത്തിച്ചത്; സജീവരാഷ്ട്രീയത്തില്‍ നിന്ന് അകലം പാലിച്ചു.

1916-ല്‍ കേന്ദ്ര നിയമസഭയിലേക്ക് തെരഞ്ഞെടുപ്പുണ്ടായി. തെക്കന്‍ ജില്ലാ മണ്ഡലത്തില്‍ ഡോ. ടി.എം. നായരും ഭൂഉടമസ്ഥര്‍ക്ക് സംവരണം ചെയ്ത മണ്ഡലത്തില്‍ പി. രാമരായനിഗരും പരാജയപ്പെട്ടു. ഇരുവരേയും തോല്‍പിച്ചത് അത്രതന്നെ പ്രസിദ്ധരല്ലാത്ത ബ്രാഹ്മണ സ്ഥാനാര്‍ത്ഥികളായിരുന്നു. അതേ വര്‍ഷം തന്നെ നടന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ പി. ത്യാഗരാജ ചെട്ടിയും കുര്‍മ വെങ്കിടറെഡ്ഡി നായിഡുവും പരാജിതരായി. അവിടെയും ജയിച്ചത് ബ്രാഹ്മണര്‍ തന്നെ.

മലബാര്‍ ജില്ലയിലെ തിരൂര്‍ സ്വദേശിയും യൂറോപ്പില്‍ നിന്ന് വൈദ്യശാസ്ത്രത്തില്‍ ഉന്നതബിരുദം നേടിയ ആളുമായിരുന്നു തരവത്ത് മാധവന്‍ നായര്‍. നിയമബിരുദധാരിയും വ്യവസായിയുമായിരുന്നു ത്യാഗരാജചെട്ടി. ആന്ധ്രയിലെ പനഗല്‍ നാട്ടുരാജാവായിരുന്നു രാമരായനിഗര്‍. കുര്‍മ വെങ്കിടപതി നായിഡുവും വലിയൊരു ഭൂഉടമയായിരുന്നു. തെരഞ്ഞെടുപ്പ് പരാജയം അവരെ ഇരുത്തി ചിന്തിപ്പിച്ചു. ടി.എം. നായരും ത്യാഗരാജചെട്ടിയും ബ്രാഹ്മണാധിപത്യത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു. അതുവരെ പരസ്പരം നീരസം പുലര്‍ത്തിയിരുന്ന നായരും ചെട്ടിയും സി. നടേശ മുതലിയാരുടെ മധ്യസ്ഥതയില്‍ ഒത്തുതീര്‍പ്പായി.

ടി.എം. നായരുടെയും ത്യാഗരാജ ചെട്ടിയുടെയും പ്രധാന ഉത്സാഹത്തില്‍ 1916 നവംബര്‍ 20ന് 30 പ്രമുഖ അബ്രാഹ്മണ നേതാക്കള്‍ മദ്രാസിലെ വിക്ടോറിയ പബ്ലിക് ഹാളില്‍ യോഗം ചേര്‍ന്നു. സൗത്ത് ഇന്ത്യന്‍ ലിബറല്‍ ഫെഡറേഷന്‍ രൂപീകരിച്ചു. ഇംഗ്ലീഷിലും തമിഴിലും തെലുങ്കിലും പ്രസിദ്ധീകരണങ്ങള്‍ ആരംഭിക്കാനും തീരുമാനിച്ചു. ഡിസംബര്‍ 16ന് അവര്‍ അബ്രാഹ്മണ മാനിഫെസ്റ്റോ പ്രസിദ്ധീകരിച്ചു. ടി.എം. നായരുടെ പത്രാധിപത്യത്തില്‍ ജസ്റ്റിസ് എന്ന ഇംഗ്ലീഷ് പത്രം 1917 ഫെബ്രുവരി 26ന് പ്രസിദ്ധീകരണം ആരംഭിച്ചു. തമിഴില്‍ ദ്രാവിഡന്‍ തെലുങ്കില്‍ ആന്ധ്രാപ്രവേശിക എന്നീ പത്രങ്ങളും ആരംഭിച്ചുവെങ്കിലും സാമ്പത്തിക-സാങ്കേതിക ബുദ്ധിമുട്ടുകളാല്‍ അവ പിന്നീട് വാരികകളായി മാറ്റി.

സൗത്തിന്ത്യന്‍ ലിബറല്‍ ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ 1917 ഓഗസ്റ്റ് 19ന് കോയമ്പത്തൂരില്‍ ആദ്യ അബ്രാഹ്മണ സമ്മേളനം നടന്നു. ഫെഡറേഷന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയായി പരിവര്‍ത്തനം ചെയ്യപ്പെട്ടു. ജസ്റ്റിസ് പത്രത്തില്‍ നിന്നാണ് അബ്രാഹ്മണ രാഷ്ട്രീയ കക്ഷിക്ക് ജസ്റ്റിസ് പാര്‍ട്ടി എന്ന പേരു കിട്ടിയത്.

ജസ്റ്റിസ് പാര്‍ട്ടിക്കാര്‍ കോണ്‍ഗ്രസ് വിരുദ്ധരും ബ്രിട്ടീഷ് അനുകൂലികളും ആയിരുന്നു. അവര്‍ ഹോംറൂള്‍ പ്രസ്ഥാനത്തെ എതിര്‍ത്തു. ബ്രാഹ്മണാധിപത്യം നിലനിര്‍ത്താനാണ് ഡോ. ആനി ബസന്റ് ശ്രമിക്കുന്നതെന്ന് ആരോപിച്ചു. അവരെ ഐറിഷ് ബ്രാഹ്മണി എന്നു വിളിച്ച് ആക്ഷേപിച്ചു.

1917 ഓഗസ്റ്റില്‍ മൊണ്ടേഗു-ചെംസ്ഫോഡ് ഭരണപരിഷ്‌കാരങ്ങള്‍ക്ക് മുന്നോടിയായി നടന്ന രാഷ്ട്രീയ ചര്‍ച്ചകളില്‍ ജസ്റ്റിസ് പാര്‍ട്ടിക്കാര്‍ സജീവമായി പങ്കെടുത്തു. അവര്‍ അബ്രാഹ്മണര്‍ക്ക് സംവരണ മണ്ഡലങ്ങളും പ്രത്യേക വോട്ടര്‍പട്ടികയും ആവശ്യപ്പെട്ടു. 1907-ല്‍ മുസ്ലീങ്ങള്‍ക്ക് അനുവദിച്ച സംവരണാനുകൂല്യം തങ്ങള്‍ക്കും ലഭ്യമാക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. വൈസ്രോയി ആദ്യഘട്ടത്തില്‍ തീരെ അനുകൂലമല്ലാത്ത നിലപാടാണ് കൈക്കൊണ്ടത്. 1920 മാര്‍ച്ച് ആകുമ്പോഴേക്കും ബ്രിട്ടീഷ് അധികാരികള്‍ നിലപാട് മയപ്പെടുത്തി. മദ്രാസ് പ്രവിശ്യയിലെ 63 പൊതു മണ്ഡലങ്ങളില്‍ 28 എണ്ണം അബ്രാഹ്മണര്‍ക്ക് സംവരണം ചെയ്തു.

1919-21 കാലത്തെ നിസ്സഹരണ സമരത്തെ ജസ്റ്റിസ് പാര്‍ട്ടി അതിശക്തമായി എതിര്‍ത്തു. മഹാത്മാഗാന്ധി അബ്രാഹ്മണനെങ്കിലും ബ്രാഹ്മണാധിപത്യം ഉറപ്പിക്കാന്‍ ശ്രമിക്കുന്ന വ്യക്തിയും തികഞ്ഞ അരാജകത്വവാദിയുമാണെന്ന് കുറ്റപ്പെടുത്തി. മലബാര്‍ ജില്ലയില്‍ കോണ്‍ഗ്രസ് മുന്‍കയ്യെടുത്ത് ഖിലാഫത്ത് സമരം നടത്തുന്നത് വെടിമരുന്നറയ്ക്കുള്ളില്‍ നിന്ന് പുകവലിക്കുന്നത് പോലെയാണെന്ന് ഡോ. ടി.എം. നായര്‍ മുന്നറിയിപ്പ് നല്‍കി. നിസ്സഹകരണ-ഖിലാഫത്ത് സമരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ജസ്റ്റിസ് പാര്‍ട്ടി അണികളെ ആഹ്വാനം ചെയ്തു.

1920 നവംബറില്‍ നടന്ന തെരഞ്ഞെടുപ്പ് കോണ്‍ഗ്രസ് ബഹിഷ്‌കരിച്ചു. എന്നാല്‍ ജസ്റ്റിസ് പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ പങ്കെടുത്തു. 98-ല്‍ 63 സീറ്റുകള്‍ കരസ്ഥമാക്കി. എ. സുബ്ബരായലു റെഡ്ഡ്യാര്‍ മുഖ്യമന്ത്രിയായി. തുടര്‍ന്ന് പി.രാമരായനിഗര്‍ മുഖ്യമന്ത്രിയായി. 1923-ല്‍ സീറ്റുകള്‍ 44 ആയി കുറഞ്ഞുവെങ്കിലും ജസ്റ്റിസ് പാര്‍ട്ടി അധികാരത്തില്‍ തുടര്‍ന്നു. രാജ്യത്ത് ആദ്യമായി സാമുദായിക സംവരണം ഏര്‍പ്പെടുത്തിയത് മദ്രാസിലെ ജസ്റ്റിസ് പാര്‍ട്ടി സര്‍ക്കാരാണ്. 1921 സെപ്റ്റംബര്‍ 16ന് അതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. ഹിന്ദുമത ധര്‍മ്മസ്ഥാപന നിയമം പാസാക്കിയതും മദ്രാസിലെ ക്ഷേത്രങ്ങളെ അതിന്‍ കീഴില്‍ കൊണ്ടുവന്നതും ജസ്റ്റിസ് പാര്‍ട്ടി സര്‍ക്കാരായിരുന്നു. ഒരു വനിതയെ -ഡോ. മുത്തുലക്ഷ്മി റെഡ്ഡി- നിയമനിര്‍മ്മാണ കൗണ്‍സിലിലേക്ക് നാമനിര്‍ദ്ദേശം ചെയ്തതും ജസ്റ്റിസ് പാര്‍ട്ടിയാണ്. അസ്പൃശ്യരെ പഞ്ചമ ജാതിക്കാര്‍ എന്ന് വിളിക്കുന്നതിന് പകരം ആദി ദ്രാവിഡര്‍ എന്ന് വിളിക്കാന്‍ തുടങ്ങിയതും അക്കാലത്താണ്.

1926-ലെ തെരഞ്ഞെടുപ്പില്‍ സ്വരാജ് പാര്‍ട്ടി വലിയ മുന്നേറ്റമുണ്ടാക്കി, ജസ്റ്റിസ് പാര്‍ട്ടി നിയമസഭയില്‍ ന്യൂനപക്ഷമായി. അവര്‍ക്ക് ഭരണം നഷ്ടപ്പെട്ടു. 1930-ല്‍ ജസ്റ്റിസ് പാര്‍ട്ടി വീണ്ടും അധികാരത്തിലെത്തി. പി. മുനിസ്വാമി നായിഡു മുഖ്യമന്ത്രിയായി. 1932-ല്‍ നായിഡുവിനെ അട്ടിമറിച്ച് രാമകൃഷ്ണ രങ്കറാവു (ബോബ്ലി രാജാവ്) അധികാരം പിടിച്ചു. 1934-ല്‍ ജസ്റ്റിസ് പാര്‍ട്ടി കനത്ത പരാജയം നേരിട്ടു. പക്ഷേ സ്വരാജ് പാര്‍ട്ടി മന്ത്രിസഭയുണ്ടാക്കാന്‍ കൂട്ടാക്കാഞ്ഞതിനാല്‍ ബോബ്ലി രാജാവ് അധികാരത്തില്‍ തുടര്‍ന്നു.

ഗ്രൂപ്പുവഴക്കും അന്തഃഛിദ്രവും അഴിമതിയും കെടുകാര്യസ്ഥതയും ജസ്റ്റിസ് പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും പ്രതിച്ഛായ തകര്‍ത്തു. ബ്രിട്ടീഷ് സര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിച്ചതും അവര്‍ക്ക് വിനയായി. സംഘടനാപരമായ ദൗര്‍ബല്യവും നേതൃത്വത്തിന്റെ പിടിപ്പില്ലായ്മയും സര്‍വോപരി നേതാക്കളുടെ വരേണ്യവര്‍ഗ്ഗ പശ്ചാത്തലവും ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടുപോകാന്‍ കാരണമായി. ജസ്റ്റിസ് പാര്‍ട്ടി പ്രബല ഹിന്ദു സമുദായങ്ങളായ വെള്ളാള, മുതലിയാര്‍, ചെട്ടിയാര്‍ എന്നിവരുടെ മാത്രം താല്‍പര്യങ്ങളേ സംരക്ഷിക്കുന്നുള്ളൂ എന്നാരോപിച്ച് മുസ്ലീങ്ങള്‍ കൂട്ടത്തോടെ പാര്‍ട്ടി വിട്ടു. ബ്രാഹ്മണ വിരോധത്തിന്റെ മറപിടിച്ച് പട്ടികജാതിക്കാരെ ഒതുക്കുന്നു എന്നാരോപിച്ച് അവരും പിന്മാറി. 1921-ല്‍ ബക്കിംഗ്ഹാം കര്‍ണാട്ടിക് മില്ലില്‍ നടന്ന പണിമുടക്ക് അബ്രാഹ്മണരും പട്ടികജാതിക്കാരും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാക്കി.

1937-ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടി മത്സരിച്ചു. 159 സീറ്റുകള്‍ നേടി കേവലഭൂരിപക്ഷം ഉറപ്പിച്ചു. സി. രാജഗോപാലാചാരി മദ്രാസ് മുഖ്യമന്ത്രിയായി. ജസ്റ്റിസ് പാര്‍ട്ടി വെറും 21 സീറ്റില്‍ ഒതുങ്ങി. സര്‍ ഇ.ടി. പനീര്‍ശെല്‍വം ഒഴികെ പ്രമുഖ നേതാക്കളൊക്കെ പരാജയപ്പെട്ടു. അതോടെ ബോബ്ലി രാജാവിന്റെ വാഴ്ച അവസാനിച്ചു. ജസ്റ്റിസ് പാര്‍ട്ടിക്ക് നേതൃത്വം നല്‍കാന്‍ ഇ.വി. രാമസ്വാമി നായ്ക്കര്‍ മുന്നോട്ടുവന്നു.

1879-ല്‍ സെപ്റ്റംബര്‍ 18-ാം തീയതി ഈറോഡിലെ സമ്പന്ന ബാലിജാകുടുംബത്തിലാണ് രാമസ്വാമി നായ്ക്കര്‍ ജനിച്ചത്. 1904-ല്‍ അദ്ദേഹം തനി നാസ്തികനായി പരിണമിച്ചു. 1919-ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഖാദി പ്രചരിപ്പിച്ചു. തൊട്ടുകൂടായ്മയ്ക്കും അന്ധവിശ്വാസത്തിനുമെതിരെ ശക്തമായ നിലപാട് സ്വീകരിച്ചു. 1924-ല്‍ വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുത്തു. കോണ്‍ഗ്രസില്‍ നിലനില്‍ക്കുന്ന ഉച്ചനീചത്വങ്ങളില്‍ പ്രതിഷേധിച്ച് 1925-ല്‍ പാര്‍ട്ടി വിട്ടു.

അതേ വര്‍ഷം തന്നെ സ്വയംമര്യാദാ പ്രസ്ഥാനം ആരംഭിച്ചു. അന്ധവിശ്വാസത്തിനും ജാതിസമ്പ്രദായത്തിനും ശൈശവവിവാഹം, സ്വജാതിവിവാഹം എന്നിങ്ങനെയുള്ള അനാചാരങ്ങള്‍ക്കുമെതിരെ പ്രക്ഷോഭം ആരംഭിച്ചു. സ്ത്രീ വിദ്യാഭ്യാസത്തിനും സ്ത്രീ സമത്വത്തിനും വേണ്ടി വാദിച്ചു. മിശ്രവിവാഹവും സിവില്‍ വിവാഹവും പ്രോത്സാഹിപ്പിച്ചു. ബ്രാഹ്മണപുരോഹിതനും വേദോച്ചാരണവുമില്ലാത്ത സ്വയംമര്യാദാ വിവാഹങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പാക്കി. ആശയപ്രചരണത്തിന് തമിഴില്‍ കുടിഅരശ്, ഇംഗ്ലീഷില്‍ റിവോള്‍ട്ട് എന്നീ വാരികകള്‍ ആരംഭിച്ചു. 1926-ലും 30-ലും ജസ്റ്റിസ് പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്കുവേണ്ടി പ്രചരണം നടത്തി.

1929-32 കാലത്ത് രാമസ്വാമി വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചു. സിലോണിലും ബ്രിട്ടീഷ് മലയയിലും തുടര്‍ന്ന് യൂറോപ്യന്‍ രാജ്യങ്ങളിലും പര്യടനം നടത്തി. സോവിയറ്റ് റഷ്യയില്‍ മൂന്ന് മാസം താമസിച്ച് സാമൂഹ്യ-രാഷ്ട്രീയ സ്ഥിതിഗതികള്‍ വിലയിരുത്തി. 1931 ഡിസംബര്‍ മുതല്‍ 32 നവംബര്‍ വരെ ഈജിപ്ത്, ഗ്രീസ്, തുര്‍ക്കി, ജര്‍മ്മനി, ഇംഗ്ലണ്ട്, സ്പെയിന്‍, ഫ്രാന്‍സ്, പോര്‍ട്ടുഗല്‍ എന്നീ രാജ്യങ്ങള്‍ ചുറ്റി സഞ്ചരിച്ചു. സുദീര്‍ഘമായ വിദേശപര്യടനം പെരിയോരുടെ സാമൂഹ്യ-രാഷ്ട്രീയ നിലപാടുകള്‍ ഉറപ്പിച്ചു. സോഷ്യലിസത്തിലും സ്വയംമര്യാദയിലും അധിഷ്ഠിതമായ സാമൂഹ്യ-രാഷ്ട്രീയ ഘടനയാണ് അദ്ദേഹം വിഭാവനം ചെയ്തത്. മാര്‍ക്സിസത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ മിക്കവയും സ്വാംശീകരിച്ചു. അതേസമയം സ്വകാര്യസ്വത്തിനെ തള്ളിപ്പറഞ്ഞില്ല.

937-ല്‍ അധികാരത്തില്‍ വന്ന രാജാജി സര്‍ക്കാര്‍ മദ്രാസ് പ്രവിശ്യയില്‍ ഹിന്ദി പഠനം നിര്‍ബന്ധിതമാക്കിയപ്പോള്‍ ജസ്റ്റിസ് പാര്‍ട്ടി പുതിയ സമരമുഖം തുറന്നു. ഇ.വി.ആറിന്റെയും പനീര്‍ശെല്‍വത്തിന്റെയും നേതൃത്വത്തില്‍ ഹിന്ദി വിരുദ്ധ പ്രക്ഷോഭം ആളിക്കത്തി. തമിഴര്‍ക്ക് തമിഴ്നാട് എന്ന മുദ്രാവാക്യം മുഴങ്ങി. 1938 ഡിസംബര്‍ 29ന് രാമസ്വാമി നായ്ക്കര്‍ ജസ്റ്റിസ് പാര്‍ട്ടിയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 1939 ഒക്ടോബര്‍ 29ന് എ.ഐ.സി.സി. തീരുമാനമനുസരിച്ച് രാജാജി മന്ത്രിസഭ രാജിവെച്ചു. 1940 ഫെബ്രുവരി 21ന് ഗവര്‍ണര്‍ വിദ്യാലയങ്ങളിലെ ഹിന്ദി പഠനം റദ്ദാക്കി.

ബ്രാഹ്മണര്‍ക്കുകൂടി അംഗത്വം നല്‍കി ജസ്റ്റിസ് പാര്‍ട്ടിയുടെ അടിത്തറ ശക്തിപ്പെടുത്തണമെന്ന് ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടു. പക്ഷേ ഇ.വി.ആര്‍. വഴങ്ങിയില്ല. കേവലം അബ്രാഹ്മണ പ്രസ്ഥാനമായി തുടരാതെ ബ്രാഹ്മണവിരുദ്ധ പ്രസ്ഥാനമായി മാറണം എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

അതിനുശേഷവും ഇ.വി.ആര്‍. ആര്യ-ബ്രാഹ്മണ-ഹിന്ദി വിരോധം ആളിക്കത്തിച്ചു. കമ്പരാമായണത്തെയും പെരിയപുരാണത്തെയും അപലപിച്ചു. ജസ്റ്റിസ് പാര്‍ട്ടിയെ തനി നാസ്തിക പ്രസ്ഥാനമാക്കി പരിവര്‍ത്തനം ചെയ്തു. മുസ്ലീംലീഗിന്റെ പാകിസ്താന്‍ വാദത്തെ പിന്തുണച്ചു. പാകിസ്താന്‍ മാതൃകയില്‍ ദ്രാവിഡ നാട് എന്ന സ്വതന്ത്ര പരമാധികാര രാഷ്ട്രം ആവശ്യപ്പെട്ട് 1939 ഡിസംബര്‍ 17ന് ജസ്റ്റിസ് പാര്‍ട്ടി പ്രമേയം പാസാക്കി. എല്ലാ വര്‍ഷവും ജൂലൈ ഒന്ന് സ്വാതന്ത്ര്യദിനമായി ആഘോഷിച്ചു. 1941 ഏപ്രില്‍ 12ന് മദ്രാസില്‍ നടന്ന ലീഗ് സമ്മേളനത്തില്‍ രാമസ്വാമി നായ്ക്കരും പങ്കെടുത്തു. മുഹമ്മദലി ജിന്നയ്ക്കും ലിയാഖത്ത് അലിഖാനുമൊപ്പം വേദി പങ്കിട്ടു.

1942-ലെ ക്വിറ്റ് ഇന്ത്യാ സമരത്തെ ജസ്റ്റിസ് പാര്‍ട്ടി അപലപിച്ചു. ബ്രിട്ടന്റെ യുദ്ധശ്രമങ്ങളുമായി സഹകരിച്ചു. സൈനികസേവനത്തിന് യുവാക്കളോട് ആഹ്വാനം ചെയ്തു. ക്രിപ്സ് മിഷന്‍ മുമ്പാകെ ഹാജരായി ദ്രാവിഡ നാടിനുവേണ്ടി അവകാശവാദം ഉന്നയിച്ചു.

രാമസ്വാമി നായ്ക്കരുടെ നിലപാടുകളോട് ജസ്റ്റിസ് പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ക്ക് യോജിക്കാന്‍ കഴിഞ്ഞില്ല. ആര്‍.കെ. ഷണ്‍മുഖംഷെട്ടി, പി.ടി. രാജന്‍, എ.പി. പത്രോ, സി.എല്‍. നരസിംഹ മുതലിയാര്‍, കെ.സി. സുബ്രഹ്മണ്യ ചെട്ടിയാര്‍, പി. ബാലസുബ്രഹ്മണ്യം എന്നിങ്ങനെ പാശ്ചാത്യ വിദ്യാഭ്യാസം നേടിയ ബുദ്ധിജീവികളായിരുന്നു അവരില്‍ ഏറെയും. 1944 ഓഗസ്റ്റ് 27ന് സേലത്ത് നടന്ന പാര്‍ട്ടിയുടെ 16-ാം വാര്‍ഷിക സമ്മേളനം ഇരുവിഭാഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിന് വേദിയായി.

ബ്രിട്ടീഷുകാര്‍ നല്‍കിയ സ്ഥാനപ്പേരുകളും ബഹുമതികളും തിരിച്ചുകൊടുക്കാനും നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട തസ്തികകള്‍ ഉപേക്ഷിക്കാനും പേരിനോടൊപ്പമുള്ള ജാതിവാല്‍ മുറിച്ചുനീക്കാനും ആഹ്വാനം ചെയ്യുന്ന പ്രമേയം ഇ.വി.ആര്‍. സമ്മേളനത്തില്‍ അവതരിപ്പിച്ചു. അത് വലിയ ഭൂരിപക്ഷത്തോടെ പാസായി. ജസ്റ്റിസ് പാര്‍ട്ടിയുടെ പേര് ദ്രാവിഡ കഴകം എന്നാക്കി മാറ്റാനും തീരുമാനിച്ചു. സി.എന്‍. അണ്ണാദുരൈയെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ദ്രാവിഡ കഴകം സജീവരാഷ്ട്രീയത്തില്‍ നിന്ന് പിന്മാറി സാമൂഹ്യസംഘടനയായി പ്രവര്‍ത്തിക്കാനും തീരുമാനിച്ചു. അങ്ങനെ സേലം സമ്മേളനം ഇ.വി.ആറിന്റെ സമ്പൂര്‍ണ്ണ വിജയത്തില്‍ കലാശിച്ചു.

സേലം സമ്മേളനത്തിന്റെ തീരുമാനപ്രകാരം ഇ.വി.ആര്‍. തന്റെ പേരില്‍ നിന്ന് 'നായ്ക്കര്‍' എന്ന ജാതിപ്പേര് ഉപേക്ഷിച്ചു. അണ്ണാദുരൈ 'മുതലിയാര്‍' എന്ന ജാതിപ്പേരും ഉപേക്ഷിച്ചു. ദ്രാവിഡകഴകക്കാര്‍ ഒന്നൊഴിയാതെ അതേ മാതൃക പിന്തുടര്‍ന്നു. അവര്‍ ജാതി നിര്‍മ്മാര്‍ജ്ജനത്തിനും അയിത്തോച്ചാടനത്തിനും വേണ്ടി പ്രതിജ്ഞയെടുത്തു. ഹിന്ദു ദേവീദേവന്മാരെ നിരാകരിച്ചു. ഇ.വി.ആര്‍. രാമായണത്തിന് ബദലായി കീമായണം രചിച്ചു. ഉത്തരേന്ത്യയിലെ രാമലീലയുടെ മാതൃകയില്‍ ദ്രാവിഡ കഴകക്കാര്‍ രാവണലീല ആഘോഷിക്കാന്‍ തുടങ്ങി.

ഇ.വി.ആറിന്റെ നേതൃത്വത്തില്‍ തനിതമിഴ് ഇയക്കം എന്നൊരു പ്രസ്ഥാനം കൂടി നിലവില്‍ വന്നു. അവര്‍ തമിഴ് ഭാഷയുടെയും സംസ്‌കാരത്തിന്റെയും മഹത്വത്തെ ഉദ്ഘോഷിച്ചു. ദ്രാവിഡരുടെ ചരിത്രത്തിലും പാരമ്പര്യത്തിലും അഭിമാനിച്ചു. തമിഴില്‍ നിന്നും ഇംഗ്ലീഷ്, ഹിന്ദി, സംസ്‌കൃത പദങ്ങള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്തു. പലരും സ്വന്തം പേര് തനി തമിഴിലേക്ക് തര്‍ജ്ജമ ചെയ്തു.

സ്വയംമര്യാദയോടോ തനി തമിഴ് ഇയക്കത്തോടോ മതിപ്പില്ലാത്ത, ബ്രിട്ടീഷുകാര്‍ നല്‍കിയ ബഹുമതികള്‍ ഉപേക്ഷിക്കാന്‍ തയ്യാറല്ലാത്ത നേതാക്കള്‍ ഒറിജിനല്‍ ജസ്റ്റിസ് പാര്‍ട്ടി രൂപീകരിച്ചു. പി.ടി. രാജന്‍, എം. ബാലസുബ്രഹ്മണ്യ മുതലിയാര്‍, എം. തിരുമലസ്വാമി എന്നിവരായിരുന്നു അവരില്‍ പ്രധാനികള്‍.

സ്വാതന്ത്ര്യപ്രാപ്തി അടുത്തെത്തിയതോടെ ദ്രാവിഡ കഴകം മദ്രാസ് പ്രവിശ്യയുടെ സ്വയംനിര്‍ണയാവകാശത്തിനുവേണ്ടി വാദിക്കുകയും ദ്രാവിഡര്‍ക്ക് ദ്രാവിഡ നാട് എന്ന മുദ്രാവാക്യം ഉയര്‍ത്തുകയും ചെയ്തു. കാബിനറ്റ് മിഷന് മുന്നിലും അവര്‍ അതേ ആവശ്യം ആവര്‍ത്തിച്ചു. 1946-ലെ തെരഞ്ഞെടുപ്പില്‍ ദ്രാവിഡ കഴകം മത്സരിച്ചില്ല. കോണ്‍ഗ്രസ് മദ്രാസ് പ്രവിശ്യയില്‍ വമ്പിച്ച വിജയം നേടിയതോടെ ദ്രാവിഡ നാട് എന്ന ആവശ്യം അപ്രസക്തമായി.

1947 ഓഗസ്റ്റ് 15 കരിദിനമായി ആചരിക്കണമെന്ന് ഇ.വി.ആര്‍. ആഹ്വാനം ചെയ്തു. എന്നാല്‍ അത്രത്തോളം പോകാന്‍ അണ്ണാദുരൈ തയ്യാറായതുമില്ല. ഇന്ത്യാ ഗവണ്‍മെന്റുമായി നിസ്സഹകരിക്കണം, തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കണം എന്ന പെരിയോരുടെ ശാഠ്യത്തോടും ശിഷ്യന്മാര്‍ക്ക് യോജിക്കാനായില്ല. എഴുപതുകാരനായ രാമസ്വാമി 32 വയസ്സുള്ള മണിയമ്മയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചപ്പോള്‍ ആശയസമരം പുതിയൊരു തലത്തിലെത്തി. 1949 ജൂണ്‍ 18ന് വിവാഹം രജിസ്റ്റര്‍ ചെയ്തു; ജൂലൈ 9ന് രാമസ്വാമിയുടെ അനന്തരവന്‍ ഇ.വി.കെ. സമ്പത്ത് അടക്കമുള്ള അനുയായികള്‍ പാര്‍ട്ടി വിട്ടു.

1949 സെപ്റ്റംബര്‍ 17ന് മദ്രാസ് റോയപുരത്തെ റോബിന്‍സന്‍ പാര്‍ക്കില്‍ വിമതന്മാര്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു- ദ്രാവിഡ മുന്നേറ്റ കഴകം. മുതിര്‍ന്ന നേതാവ് കെ.കെ. നീലമേഘമാണ് നാമകരണം നടത്തിയത്. അണ്ണാദുരൈയ്ക്കും സമ്പത്തിനുമൊപ്പം വി.ആര്‍. നെടുംചേഴിയന്‍, കെ.എ. മതിയഴകന്‍, കെ.അന്‍പഴകന്‍, എം. കരുണാനിധി, എന്‍.വി. നടരാജന്‍ എന്നിവരായിരുന്നു ഡി.എം.കെ.യുടെ സ്ഥാപകനേതാക്കള്‍. ചുവപ്പും കറുപ്പും നിറമുള്ള ദ്രാവിഡ കഴകത്തിന്റെ പതാക തന്നെ ചെറിയ വ്യത്യാസത്തോടെ ഡി.എം.കെ.യും സ്വീകരിച്ചു. പിന്നീട് ഉദയസൂര്യന്‍ തെരഞ്ഞെടുപ്പ് ചിഹ്നമായി നിശ്ചയിച്ചു.

1909 സെപ്റ്റംബര്‍ 15ന് കാഞ്ചീപുരത്ത് നെയ്ത്തുകാരുടെ കുടുംബത്തില്‍ ജനിച്ച അണ്ണാദുരൈ മദ്രാസിലെ പച്ചയ്യപ്പാസ് കോളേജില്‍ നിന്ന് ബി.എ. ഓണേഴ്സും എം.എ.യും പാസായശേഷം കുറച്ചുനാള്‍ അവിടെത്തന്നെ ഹൈസ്‌കൂളില്‍ ഇംഗ്ലീഷ് അധ്യാപകനായി ജോലിചെയ്തു. പിന്നെ അതുപേക്ഷിച്ച് ജസ്റ്റിസ് പത്രത്തില്‍ സബ് എഡിറ്ററായി ചേര്‍ന്നു. ജസ്റ്റിസ് പാര്‍ട്ടിയില്‍ സജീവമായി പ്രവര്‍ത്തിച്ചു കാലക്രമേണ ഇ.വി. രാമസ്വാമി നായ്ക്കരുടെ ശിഷ്യനായി മാറിയ അണ്ണാദുരൈ സ്വയംമര്യാദാ പ്രസ്ഥാനത്തിനും ദ്രാവിഡ കഴകത്തിനും നേതൃത്വം നല്‍കി. ഒന്നാന്തരം സംഘാടകനും അത്യുജ്ജ്വല വാഗ്മിയുമായി പേരെടുത്തു.

ഇ.വി.ആറിനോളം കടുംപിടുത്തക്കാരനായിരുന്നില്ല അണ്ണാദുരൈ. ദ്രാവിഡരുടെ സ്വയം നിര്‍ണ്ണയാവകാശത്തിനുവേണ്ടി വാദിക്കുമ്പോഴും അദ്ദേഹം കേന്ദ്രസര്‍ക്കാരുമായി ഏറ്റുമുട്ടാന്‍ സന്നദ്ധനായിരുന്നില്ല. ആദ്യകാലത്ത് തനി നിരീശ്വരവാദിയായി അറിയപ്പെട്ടിരുന്ന അണ്ണാദുരൈ പില്‍ക്കാലത്ത് ഒന്നേകുലം, ഒരുവനേ ദേവന്‍ എന്ന നിലപാട് കൈക്കൊണ്ടു. താന്‍ ഭസ്മം തൊടാത്ത ഹിന്ദുവും കുരിശണിയാത്ത ക്രിസ്ത്യാനിയും തൊപ്പിയിടാത്ത മുസ്ലീമുമാണെന്ന് അവകാശപ്പെട്ടു. ഗണപതിക്ക് തേങ്ങ ഉടയ്ക്കരുത് പകരം ഗണപതിയെ ഉടയ്ക്കണം എന്നായിരുന്നു ഇ.വി.ആര്‍. ശിഷ്യന്മാരെ പഠിപ്പിച്ചത്. നാന്‍ തേങ്കായും ഉടപ്പതില്ലൈ, പിള്ളയാരെയും ഉടപ്പതില്ലൈ എന്ന് അണ്ണാദുരൈ തിരുത്തിപ്പറഞ്ഞു.

1952-ലെ ആദ്യ പൊതു തെരഞ്ഞെടുപ്പില്‍ ദ്രാവിഡകഴകമോ ദ്രാവിഡ മുന്നേറ്റ കഴകമോ മത്സരിച്ചില്ല. ഇരുകൂട്ടരും മത്സരിച്ച് ഹിന്ദിയെ എതിര്‍ത്തു, ദ്രാവിഡരുടെ സ്വയം നിര്‍ണ്ണയാവകാശത്തിനുവേണ്ടി വാദിച്ചു, ദ്രാവിഡ നാട് ജന്മാവകാശമായി പ്രഖ്യാപിച്ചു. ഹിന്ദിയില്‍ എഴുതിയ ബോര്‍ഡുകള്‍ക്കുമീതെ കരി പൂശി, സി. രാജഗോപാലാചാരിയെ മുഖ്യമന്ത്രിയാക്കി ബ്രാഹ്മണാധിപത്യം അടിച്ചേല്‍പ്പിച്ച കോണ്‍ഗ്രസിനെ അപലപിച്ചു, കല്ലക്കുടി റെയില്‍വേസ്റ്റേഷനെ ഡാല്‍മിയാപുരം എന്ന് പുനര്‍നാമകരണം ചെയ്തതിനെ എതിര്‍ത്തു. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ കുലത്തൊഴില്‍ പഠിക്കണം എന്ന രാജാജി സര്‍ക്കാരിന്റെ നയം (കുലകല്‍വിതിട്ടം) ജാതിവ്യവസ്ഥിതി അരക്കിട്ടുറപ്പിക്കാനുള്ള ഹീനശ്രമമാണെന്ന് കുറ്റപ്പെടുത്തി.

1954 ഏപ്രില്‍ 13ന് രാജാജിയുടെ സ്ഥാനത്ത് കുമാരസ്വാമി കാമരാജ് മദ്രാസ് മുഖ്യനായി വന്നപ്പോള്‍ ദ്രാവിഡ മുന്നേറ്റക്കാര്‍ക്ക് നിലതെറ്റി. രാജാജിയെപ്പോലെ ബ്രാഹ്മണനല്ല, അണ്ണാദുരൈയെപ്പോലെ ദ്രാവിഡനാണ് കാമരാജ്. അദ്ദേഹം കുലകല്‍വിതിട്ടം റദ്ദാക്കി. ഹിന്ദി പഠനം പരമാവധി പരിമിതപ്പെടുത്തി. ഭക്തവത്സലത്തെയും സുബ്രഹ്മണ്യത്തെയും പോലെ അബ്രാഹ്മണ മന്ത്രിമാരെ താക്കോല്‍സ്ഥാനത്ത് കൊണ്ടുവന്നു. ജനോപകാരപ്രദമായ നിരവധി പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തി. മദ്രാസ് സംസ്ഥാനത്ത് അങ്ങോളമിങ്ങോളം വിദ്യാലയങ്ങള്‍ സ്ഥാപിച്ചു.

1956 മെയ് മാസത്തില്‍ തൃശിനാപ്പിള്ളിയില്‍ നടന്ന ഡി.എം.കെ. സമ്മേളനം അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചു. അണ്ണാദുരൈ സ്ഥാനം ഒഴിഞ്ഞു. വി.ആര്‍. നെടുംചേഴിയനെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു. മദ്രാസ് സംസ്ഥാനത്ത് ആകെയുണ്ടായിരുന്ന 205 സീറ്റില്‍ 117 ല്‍ ഡി.എം.കെ. സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി. എട്ട് ലോക്സഭാ സീറ്റിലും മത്സരിച്ചു. പാര്‍ട്ടി സാമ്പത്തിക സാമൂഹ്യ പ്രശ്നങ്ങളാണ് തെരഞ്ഞെടുപ്പ് രംഗത്ത് പ്രധാനമായും ഉന്നയിച്ചത്. വ്യവസായവല്‍ക്കരണത്തിലെ മാന്ദ്യവും പൊതുവിദ്യാഭ്യാസത്തിലെ പ്രശ്നങ്ങളും ഉയര്‍ത്തിക്കാട്ടി. സോഷ്യലിസ്റ്റ് സമ്പദ്വ്യവസ്ഥയ്ക്കുവേണ്ടി വാദിച്ചു. ദ്രാവിഡ നാടിനെക്കുറിച്ച് മൗനം പാലിച്ചു.

ദ്രാവിഡ കഴകം അപ്പോഴും തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നു. പെരിയോര്‍ കാമരാജിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചു. 'കാമരാജ് തമിഴര്‍ക്കുവേണ്ടി തന്റെ കഴിവിന്റെ പരമാവധി പരിശ്രമിക്കുന്നതിനാലും ജാതിസമ്പ്രദായത്തെ നിലനിര്‍ത്താന്‍ ഉദ്ദേശിച്ചുണ്ടാക്കിയ രാജാജിയുടെ വിദ്യാഭ്യാസനയം തിരുത്തിയതിനാലും തമിഴര്‍ക്ക് പരമാവധി തൊഴിലവസരങ്ങളും വിദ്യാഭ്യാസ സൗകര്യവും ഒരുക്കിയതിനാലും ബ്രാഹ്മണരും ഡി.എം.കെ.ക്കാരും അദ്ദേഹത്തെ പുറത്താക്കാന്‍ ശ്രമിക്കുന്നതിനാലും കാമരാജിനെയും കൂട്ടരെയും പിന്തുണക്കേണ്ടത് എല്ലാ തമിഴരുടെയും കടമയാണ്.' എന്നൊരു പ്രസ്താവന പുറപ്പെടുവിച്ചു.

രാമസ്വാമിയുടെ അഭിപ്രായങ്ങളോടുള്ള വിയോജിപ്പ് നിലനിര്‍ത്തിക്കൊണ്ടുതന്നെ കാമരാജ് പിന്തുണ സ്വീകരിച്ചു. ചില മുന്‍ ദ്രാവിഡ കഴകക്കാരെ സ്ഥാനാര്‍ത്ഥികളുമാക്കി. അതോടെ രാജാജി കോപിച്ചു. അദ്ദേഹം കോണ്‍ഗ്രസ് വിട്ട് പുതിയ പാര്‍ട്ടി രൂപീകരിച്ചു. 12 പാര്‍ലമെന്റ് സീറ്റിലും 55 നിയമസഭാ മണ്ഡലങ്ങല്‍ും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി.

151 സ്ഥാനങ്ങള്‍ വിജയിച്ച് കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തി. ഡി.എം.കെ. 13ഉം രാജാജിയുടെ പാര്‍ട്ടി 9ഉം കമ്യൂണിസ്റ്റ് പാര്‍ട്ടി 4ഉം ഫോര്‍വേഡ് ബ്ലോക്ക് 3ഉം പി.എസ്.പി. 2ഉം ലോഹ്യയുടെ സോഷ്യലിസ്റ്റ് പാര്‍ട്ടി ഒന്നും സ്ഥാനങ്ങളേ ജയിച്ചുള്ളൂ. കോണ്‍ഗ്രസിന് 45 ശതമാനം വോട്ട് കിട്ടിയപ്പോള്‍ ഡി.എം.കെ. 14 ശതമാനം കൊണ്ട് തൃപ്തിപ്പെട്ടു. അണ്ണാദുരൈ കാഞ്ചീപുരത്തുനിന്നും അന്‍പഴകന്‍ എഗ്മൂറില്‍ നിന്നും കരുണാനിധി കുഴിത്തലയില്‍ നിന്നും വിജയിച്ചു. രാജാജി പാര്‍ട്ടി വിട്ടതോടെ കാമരാജ് കൂടുതല്‍ ശക്തനായി. അദ്ദേഹം ജനക്ഷേമ പദ്ധതികളുമായി മുന്നേറി.

1956-ല്‍ ഭാഷാ സംസ്ഥാനങ്ങള്‍ രൂപീകരിച്ചതോടെ ദ്രാവിഡ നാട് അപ്രസക്തമായി. മലയാളികളോ കന്നഡിഗരോ തെലുങ്കരോ ദ്രാവിഡനാട് മുദ്രാവാക്യത്തോട് അനുഭാവം പ്രകടിപ്പിച്ചില്ല. ഡി.എം.കെ. സ്വതന്ത്ര തമിഴ്നാടിനുവേണ്ടി വാദിക്കാന്‍ തുടങ്ങി. തമിഴര്‍ക്ക് തമിഴ്നാട് എന്ന മുദ്രാവാക്യം വീണ്ടും ഉയര്‍ത്തി.

1960 ജൂണില്‍ ഔദ്യോഗികഭാഷ വീണ്ടും തര്‍ക്കവിഷയമായി. മദ്രാസില്‍ ഹിന്ദി വിരുദ്ധസമരം അരങ്ങേറി. ഓഗസ്റ്റില്‍ രാഷ്ട്രപതിയെ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചു. ഡിഎം.കെ. പ്രവര്‍ത്തകര്‍ ഇന്ത്യയുടെ ഭൂപടവും പതാകയും ഭരണഘടനയും കത്തിച്ച് പ്രതിഷേധിച്ചു, അറസ്റ്റുവരിച്ചു. തെന്നിന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കില്ല എന്ന ജവഹര്‍ലാല്‍ നെഹ്റു ഉറപ്പുകൊടുത്തു. അതേസമയം വിഘടനവാദം അംഗീകരിക്കില്ല എന്നും തറപ്പിച്ച് പറഞ്ഞു. അതോടെ പ്രക്ഷോഭം തല്‍ക്കാലം കെട്ടടങ്ങി.

1962-ലെ തെരഞ്ഞെടുപ്പിലും ഇ.വി.ആര്‍. കാമരാജിനെ പിന്തുണച്ചു. ഡി.എം.കെ.യെ കുതിരയാക്കി തമിഴ്നാടിന്റെ അധികാരം പിടിക്കാനാണ് രാജാജി ശ്രമിക്കുന്നതെന്ന് ആരോപിച്ചു. കാമരാജ് പെരിയോരുടെ പിന്തുണ സ്വീകരിച്ചു. സുരക്ഷിതമായ അകലം നിലനിര്‍ത്തുകയും ചെയ്തു. മദ്രാസ് സംസ്ഥാനത്തിന്റെ പേര് തമിഴ്നാട് എന്നാക്കാനും തലസ്ഥാനം മധുരയിലേക്ക് മാറ്റാനും ഒരു ബില്ല് നിയമസഭയില്‍ അവതരിപ്പിച്ചു.

അതേസമയം ഡി.എം.കെ.യില്‍ അഭിപ്രായഭിന്നത ഉടലെടുത്തു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി സഖ്യം ചെയ്യണമെന്ന് ഇ.വി.കെ. സമ്പത്ത് ആവശ്യപ്പെട്ടു. സ്വതന്ത്രാപാര്‍ട്ടിയുമായി ധാരണയുണ്ടാക്കണമെന്ന് അണ്ണാദുരൈയും വാദിച്ചു. ഒടുവില്‍ ഡി.എം.കെ., സി.പി.ഐ., ഫോര്‍വേഡ് ബ്ലോക്ക്, മുസ്ലീംലീഗ് പാര്‍ട്ടികള്‍ മുന്നണിയായി മത്സരിച്ചു.

143 സീറ്റില്‍ മത്സരിച്ച ഡി.എം.കെ. 50 ഇടത്ത് വിജയിച്ചു. കരുണാനിധി തഞ്ചാവൂരും മതിയഴകന്‍ തൗസന്റ്ലൈറ്റ്സിലും നെടുംചേഴിയന്‍ ട്രിപ്ലിക്കേനിലും സിനിമാനടന്‍ എസ്.എസ്. രാജേന്ദ്രന്‍ തേനിയിലും ജയിച്ചു. അതേസമയം കാഞ്ചീപുരത്ത് മത്സരിച്ച അണ്ണാദുരൈ കോണ്‍ഗ്രസിലെ എസ്.വി. നടേശമുതലിയാരോട് തോറ്റു. കോണ്‍ഗ്രസ് 139 സീറ്റുകള്‍ ജയിച്ച് അധികാരം നിലനിര്‍ത്തി. സ്വതന്ത്രാപാര്‍ട്ടി 6ഉം ഫോര്‍വേഡ് ബ്ലോക്ക് 3ഉം സി.പി.ഐ 2ഉം സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ 1ഉം സീറ്റുകള്‍ ജയിച്ചു. മുസ്ലീം ലീഗിന് സീറ്റൊന്നും കിട്ടിയില്ല. കാമരാജ് വീണ്ടും മുഖ്യമന്ത്രിയായി.

തെരഞ്ഞെടുപ്പില്‍ തോറ്റ അണ്ണാദുരൈ പിന്നീട് രാജ്യസഭാംഗമായി. അദ്ദേഹം പാര്‍ലമെന്റിലും സ്വതന്ത്രതമിഴ്നാടിനുവേണ്ടി വാദിച്ചു. ഇന്ത്യന്‍ യൂണിയനില്‍ നിന്ന് വിട്ടുപോകാന്‍ തമിഴര്‍ക്ക് അവകാശമുണ്ടെന്ന് സമര്‍ത്ഥിച്ചു. 1962 സെപ്റ്റംബറില്‍ ചൈനയുടെ ആക്രമണമുണ്ടായപ്പോള്‍ ഡി.എം.കെ. ഇന്ത്യാ ഗവണ്‍മെന്റിന് പൂര്‍ണ്ണപിന്തുണ പ്രഖ്യാപിച്ചു. വിഘടനവാദത്തിനും വിഭജനവാദത്തിനും അവധി കൊടുത്തു. 1963 ഒക്ടോബറില്‍ ഭരണഘടനയുടെ 16-ാം ഭേദഗതി പാസായി. രാജ്യത്തിന്റെ അഖണ്ഡതയും പരമാധികാരവും ചോദ്യം ചെയ്യുന്നത് കുറ്റകരവും ശിക്ഷാര്‍ഹവുമാണ്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവര്‍ ഇന്ത്യന്‍ ഭരണഘടനയോട് കൂറ് പുലര്‍ത്താമെന്നും അഖണ്ഡതയും പരമാധികാരവും കാത്തുസൂക്ഷിക്കുമെന്നും പ്രതിജ്ഞ ചെയ്യണം എന്ന വ്യവസ്ഥ ഉള്‍പ്പെടുത്തി.

അതോടെ ഡി.എം.കെ. പത്തിമടക്കി. സ്വതന്ത്രപരമാധികാര തമിഴ്നാട് എന്ന ആവശ്യം നവംബര്‍ മൂന്നാം തീയതി പാര്‍ട്ടി പിന്‍വലിച്ചു. അണികളെ സമാധാനിപ്പിക്കാന്‍ വേണ്ടി ദ്രാവിഡ സംസ്ഥാനങ്ങളുടെ യൂണിയന്‍ എന്ന ആശയം മുന്നോട്ടുവെച്ചു.

1963 ഒക്ടോബര്‍ 2ന് കാമരാജ് രാജി പ്രഖ്യാപിച്ചു. പിന്നീട് അദ്ദേഹം അഖിലേന്ത്യാ കോണ്‍ഗ്രസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. പകരം എം. ഭക്തവത്സലം മദ്രാസ് മുഖ്യമന്ത്രിയായി. 1922-ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന ഭക്തവത്സലം ഉപ്പുസത്യാഗ്രഹത്തിലും ക്വിറ്റ് ഇന്ത്യാ സമരത്തിലും പങ്കെടുത്ത് അറസ്റ്റ് വരിച്ചിട്ടുണ്ട്. കാമരാജിന്റെ മന്ത്രിസഭയില്‍ ധനകാര്യ, വിദ്യാഭ്യാസ വകുപ്പുകളാണ് അദ്ദേഹം കയ്യാളിയത്.

തമിഴ് മാധ്യമത്തിലുള്ള പഠനം രാജ്യത്തിന്റെയോ സംസ്ഥാനത്തിന്റെയോ ഉന്നതവിദ്യാഭ്യാസത്തിന്റെയോ വിദ്യാര്‍ത്ഥികളുടെ തന്നെയോ താല്‍പര്യത്തിന് നിരക്കുന്നതല്ല എന്ന അഭിപ്രായക്കാരനായിരുന്നു ഭക്തവത്സലം. 1964 മാര്‍ച്ച് 7ന് അദ്ദേഹം ത്രിഭാഷാ പദ്ധതിയെ പരസ്യമായി പിന്തുണച്ചു. അതോടെ ദ്രാവിഡ മുന്നേറ്റക്കാര്‍ക്ക് ആവേശം വര്‍ദ്ധിച്ചു. അവര്‍ വീണ്ടും ഹിന്ദി ഒഴികൈ, തമിഴ് വാഴ്കൈ മുദ്രാവാക്യം ഉയര്‍ത്തി. ദ്വിഭാഷാ പദ്ധതിക്കുവേണ്ടി വാദിച്ചു.

1965 ജനുവരി ആദ്യം ഹിന്ദി ഇന്ത്യയുടെ ഏക ഔദ്യോഗികഭാഷയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. അണ്ണാദുരൈ തികച്ചും പ്രകോപിതനായി. റിപ്പബ്ലിക്ദിനം കരിദിനമായി ആചരിക്കാന്‍ ആഹ്വാനം ചെയ്തു. പിന്നീട് വീണ്ടുവിചാരമുണ്ടായി, കരിദിനാചരണം ജനുവരി 24ലേക്ക് മാറ്റി. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് മദ്രാസിലെമ്പാടും പ്രക്ഷോഭം അലയടിച്ചു. വിദ്യാര്‍ത്ഥികള്‍ പോലീസിനെ ആക്രമിക്കുകയും കടകമ്പോളങ്ങള്‍ കത്തിക്കുകയും ചെയ്തു. ചിന്നസ്വാമി, ശിവലിംഗം, അരംഗനാഥന്‍, വീരപ്പന്‍, മുത്തു, ഷണ്‍മുഖം എന്നിങ്ങനെ ആറുപേര്‍ സ്വയം തീകൊളുത്തി ആത്മാഹൂതി ചെയ്തു. ദണ്ഡപാണി, മുത്തു, ഷണ്‍മുഖം എന്നിവര്‍ വിഷം കുടിച്ചും മരിച്ചു. രാജേന്ദ്രന്‍ എന്നൊരാള്‍ പോലീസ് വെടിവെപ്പിലും കൊല്ലപ്പെട്ടു. അത്രയുമായപ്പോഴേക്കും ലാല്‍ ബഹദൂര്‍ ശാസ്ത്രിക്ക് വിവേകമുദിച്ചു. ഹിന്ദി അടിച്ചേല്‍പ്പിക്കില്ല എന്ന് പ്രഖ്യാപിച്ചു.

ഭാഷാ സമരം ഡി.എം.കെ.യ്ക്ക് പുത്തന്‍ ഉണര്‍വ് നല്‍കി. 1937-ല്‍ മദ്രാസില്‍ ആദ്യമായി ഹിന്ദി അവതരിപ്പിച്ച രാജാജി തന്നെയും ത്രിഭാഷാ പദ്ധതിയെ അപലപിച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടികളും കോണ്‍ഗ്രസ് പ്രസിഡന്റ് കാമരാജും ഹിന്ദിയെ എതിര്‍ത്തു. പ്രക്ഷോഭം കെട്ടടങ്ങിയെങ്കിലും അത് ഉല്‍പാദിപ്പിച്ച കേന്ദ്രവിരുദ്ധ വികാരം നിലനിന്നു.

കാമരാജിനൊത്ത പിന്‍ഗാമിയൊ അണ്ണാദുരൈയ്ക്കൊത്ത എതിരാളിയൊ ആയിരുന്നില്ല ഭക്തവത്സലം. ദ്രാവിഡ മുന്നേറ്റക്കാരെ നിയന്ത്രിക്കാനൊ അവരുടെ പ്രചരണത്തെ അതിജീവിക്കാനൊ അദ്ദേഹത്തിന് കഴിഞ്ഞില്ല. 1965-ലെ യുദ്ധവും വരള്‍ച്ചയും നിമിത്തം നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ കൂടി. രൂക്ഷമായ വിലക്കയറ്റം ഡി.എം.കെ. വിദഗ്ധമായി ഉപയോഗപ്പെടുത്തി. കാമരാജര്‍ അണ്ണാച്ചി കടല, പരിപ്പ് വില എന്നാച്ച്? ഭക്തവത്സലം അണ്ണാച്ചി അരിശ് വില എന്നാച്ച്? എന്ന് ഡി.എം.കെ.ക്കാര്‍ പാടിനടന്നു. പാര്‍ട്ടിക്ക് അധികാരം കിട്ടുന്നപക്ഷം ഒരു രൂപയ്ക്ക് മൂന്ന് പടി അരി നല്‍കുമെന്ന് അണ്ണാദുരൈ വാഗ്ദാനം ചെയ്തു.

ദ്രാവിഡ രാഷ്ട്രീയവും തമിഴ് സിനിമയും തമ്മിലുള്ള ബന്ധം ഗാഢമാണ്. എന്‍.എസ്. കൃഷ്ണന്‍, ശിവാജി ഗണേശന്‍, എസ്.എസ്. രാജേന്ദ്രന്‍, എം.ജി. രാമചന്ദ്രന്‍ എന്നിവരൊക്കെ കാലാകാലങ്ങളില്‍ ഡി.എം.കെ.യ്ക്കുവേണ്ടി പ്രചരണം നടത്തിയവരാണ്. 1962-ല്‍ എസ്.എസ്. രാജേന്ദ്രന്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹമാണ് രാജ്യത്ത് ആദ്യമായി മത്സരിച്ചു ജയിച്ച് എം.എല്‍.എ.യായ സിനിമാനടന്‍. അണ്ണാദുരൈ എഴുതിയ ശിവാജി കണ്ട ഹിന്ദു സാമ്രാജ്യം എന്ന നാടകത്തിലൂടെയാണ് വി.സി. ഗണേശന്‍ എന്ന നടന്‍ പ്രസിദ്ധനായത്. പിന്നീടദ്ദേഹം ശിവാജി ഗണേശന്‍ എന്നറിയപ്പെട്ടു. കരുണാനിധി കഥയും വചനവും എഴുതിയ പരാശക്തിയിലൂടെ ഗണേശന്‍ സിനിമയിലും താരമായി. ഇടക്കാലത്ത് ശിവാജി ദ്രാവിഡ പ്രസ്ഥാനവുമായി ഇടഞ്ഞ് കോണ്‍ഗ്രസില്‍ ചേക്കേറി. അതുവരെ കോണ്‍ഗ്രസുകാരനായിരുന്ന എം.ജി. രാമചന്ദ്രന്‍ അതോടെ ഡി.എം.കെ.യിലേക്ക് കൂടുമാറി.

1967-ലെ തെരഞ്ഞെടുപ്പ് ലാക്കാക്കി ഡി.എം.കെ. ഒരുപറ്റം സിനിമകള്‍ പുറത്തിറക്കി- കാഞ്ചിത്തലൈവന്‍ (1963), ആയിരത്തില്‍ ഒരുവന്‍ (1965), എങ്കവീട്ടുപിള്ളൈ (1965), അന്‍പേവാ (1966), നാന്‍ ആണയിട്ടാല്‍ (1966). എല്ലാം ഡി.എം.കെ.യുടെ രാഷ്ട്രീയ ആദര്‍ശങ്ങള്‍ പങ്കുവെക്കുന്നവ, അണ്ണായുടെ മഹത്വം വിളംബരം ചെയ്യുന്നവ. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കോണ്‍ഗ്രസും ഒരു ചിത്രം പുറത്തിറക്കി. ശിവാജിയും നാഗേഷും അഭിനയിച്ച ജമിനി സ്റ്റുഡിയോയുടെ വാഴ്ക നാം തായകം.

തെരഞ്ഞെടുപ്പിന് ഏതാനും ദിവസം മുമ്പ് എം.ജി.ആറിനെ എം.ആര്‍. രാധ എന്ന നടന്‍ വെടിവെച്ച് പരിക്കേല്‍പ്പിച്ചു. തികച്ചും വ്യക്തിപരമായ കാരണംകൊണ്ടാണ് ആ വധശ്രമം ഉണ്ടായത്. എങ്കിലും ഡി.എം.കെ. അത് രാഷ്ട്രീയപ്രചരണായുധമായി ഉപയോഗിച്ചു. പരിക്കേറ്റ് ആശുപത്രിയില്‍ കിടക്കുന്ന നടന്റെ പടം പോസ്റ്ററായി അച്ചടിച്ച് പ്രചരിപ്പിച്ചു.

1967-ല്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിച്ചു. ഡി.എം.കെ., സ്വതന്ത്രാപാര്‍ട്ടി, സി.പി.എം., പി.എസ്.പി., എസ്.എസ്.പി., മുസ്ലീംലീഗ് പാര്‍ട്ടികളുമായി മുന്നണിയുണ്ടാക്കി തെരഞ്ഞെടുപ്പിനെ നേരിട്ടു. ഇ.വി.ആര്‍. അത്തവണയും കോണ്‍ഗ്രസിനെ പിന്തുണച്ചു. പ്രായാധിക്യവും അനാരോഗ്യവും വകവെക്കാതെ രാജാജി ഡി.എം.കെ. മുന്നണിക്കുവേണ്ടി പ്രചരണം നടത്തി. കാമരാജായിരുന്നു കോണ്‍ഗ്രസിന്റെ പ്രധാന പ്രചാരകന്‍. മുടന്തന്മാരെങ്ങനെ പന്തയം ജയിക്കും, കൂത്താടികള്‍ക്കെങ്ങനെ ഭരിക്കാന്‍ കഴിയും എന്ന് അദ്ദേഹം ഡി.എം.കെ.യെ പരിഹസിച്ചു. പാലും തേനും ഒഴുക്കും എന്നാണ് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തത് പക്ഷേ ഇവിടെയിപ്പോള്‍ പാമ്പും തേളുമാണ് ഇഴയുന്നത് എന്ന് അണ്ണാദുരൈ തിരിച്ചടിച്ചു.

ഡി.എം.കെ. മുന്നണി 52.59 ശതമാനം വോട്ടും കോണ്‍ഗ്രസ് 41.10 ശതമാനം വോട്ടും നേടി. ഡി.എം.കെ. 137 സ്ഥാനങ്ങള്‍ നേടി. സ്വതന്ത്രാപാര്‍ട്ടി-20, സി.പി.എം.-11, ഇ.എസ്.പി.-4, മുസ്ലീംലീഗ്-3, എസ്.എസ്.പി.-2, ഡി.എം.കെ. പിന്തുണച്ച സ്വതന്ത്രര്‍-2. കോണ്‍ഗ്രസ് 51, സി.പി.ഐ-2, ഫോര്‍വേഡ് ബ്ലോക്ക്-1, കക്ഷിരഹിതന്‍-1 ഇതായിരുന്നു കക്ഷിനില. സംസ്ഥാനത്തെ 14 ജില്ലകളില്‍ 10 എണ്ണത്തില്‍ കോണ്‍ഗ്രസിന് ഒരു സീറ്റും കിട്ടിയില്ല. മുഖ്യമന്ത്രി ഭക്തവത്സലം ശ്രീപെരുപത്തൂരില്‍ ഡി. രാജരത്തിനത്തിനോടും കോണ്‍ഗ്രസ് അധ്യക്ഷന്‍ കാമരാജ് വിരുദാചലത്ത് വിദ്യാര്‍ത്ഥി നേതാവ് പി. ശ്രീനിവാസനോടും തോറ്റു. ജി. ഭൂവരാഹന്‍ ഒഴിച്ച് മത്സരിച്ച എല്ലാ മന്ത്രിമാരും തോറ്റു.

പാര്‍ലമന്റിലേക്ക് ഡി.എം.കെ. 25ഉം സ്വതന്ത്രാപാര്‍ട്ടി 6ഉം സി.പി.എം-4ഉം സ്ഥാനങ്ങള്‍ നേടി. ഒരിടത്ത് ഡി.എം.കെ. പിന്തുണച്ച സ്വതന്ത്രന്‍ വിജയിച്ചു. കോണ്‍ഗ്രസ് നാഗപട്ടണം, തെങ്കാശി, നാഗര്‍കോവില്‍ സീറ്റുകള്‍ മാത്രം ജയിച്ചു. ഒ.വി. അഴകേശന്‍ ചെങ്കല്‍പേട്ടിലും സി.ആര്‍. പട്ടാഭിരാമന്‍ കൃഷ്ണഗിരിയിലും ആര്‍. വെങ്കിട്ടരാമന്‍ തഞ്ചാവൂരും സി. സുബ്രഹ്മണ്യം ഗോപിച്ചെട്ടിപ്പാളയത്തും പരാജിതരായി.

ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അണ്ണാദുരൈ എം.പി. സ്ഥാനം രാജിവെച്ചു. പിന്നീട് അദ്ദേഹത്തെ ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് തെരഞ്ഞെടുത്തു. 1967 മാര്‍ച്ച് 6ന് പുതിയ മന്ത്രിസഭ അധികാരമേറ്റു. ആഭ്യന്തരവും ധനകാര്യവും അണ്ണാദുരൈ തന്നെ കൈകാര്യം ചെയ്തു. നെടുംചേഴിയന്‍ വിദ്യാഭ്യാസം, വ്യവസായം, വൈദ്യുതി വകുപ്പുകളും കരുണാനിധി മരാമത്ത്, ഗതാഗത വകുപ്പുകളും മതിയഴകന്‍ ഭക്ഷ്യവകുപ്പും ഏറ്റെടുത്തു.

അധികാരത്തിലേറിയ അണ്ണാദുരൈ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കാന്‍ പരമാവധി പരിശ്രമിച്ചു. കുറഞ്ഞ വിലയ്ക്ക് അരി ലഭ്യമാക്കി. സ്വയംമര്യാദാവിവാഹങ്ങള്‍ നിയമവിധേയമാക്കി. മിശ്രവിവാഹം പ്രോത്സാഹിപ്പിച്ചു. പാഠ്യപദ്ധതിയില്‍ നിന്ന് ഹിന്ദി ഒഴിവാക്കി ദ്വിഭാഷാപദ്ധതി നടപ്പാക്കി.

1968 ജനുവരി 3 മുതല്‍ 10 വരെ മദ്രാസില്‍ ലോക തമിഴ് സമ്മേളനം ഗംഭീരമായി നടത്തി. രാഷ്ട്രപതി സക്കീര്‍ ഹുസൈനാണ് ഉലകത്തമിഴ് മാനാട് ഉദ്ഘാടനം ചെയ്തത്. തമിഴ്നാടിനു പുറമെ ശ്രീലങ്ക, മലേഷ്യ, മൗറീഷ്യസ്, അമേരിക്ക, ബ്രിട്ടന്‍, സോവിയറ്റ് യൂണിയന്‍, ഓസ്ട്രേലിയ, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു. സമ്മേളനത്തിന്റെ ഭാഗമായി തിരുവള്ളുവര്‍, കമ്പര്‍, ഔവയാര്‍, കണ്ണകി, സുബ്രഹ്മണ്യഭാരതി, വി.ഒ. ചിദംബരപിള്ള മുതലായവരുടെ പടുകൂറ്റന്‍ പ്രതിമകളുണ്ടാക്കി നഗരത്തില്‍ സ്ഥാപിച്ചു.

അധികം വൈകാതെ അണ്ണാദുരൈ അര്‍ബുദരോഗബാധിതനായി. ചികിത്സക്ക് ന്യൂയോര്‍ക്കില്‍ കൊണ്ടുപോയെങ്കിലും ഫലമുണ്ടായില്ല. 1969 ഫെബ്രുവരി 3ന് അദ്ദേഹം അന്തരിച്ചു. ശവസംസ്‌കാര ചടങ്ങില്‍ ഒന്നരക്കോടി ആളുകള്‍ പങ്കെടുത്തു. അത് ലോകറെക്കാഡായി മാറി.

അണ്ണാദുരൈ അന്തരിച്ചപ്പോള്‍ ധനകാര്യമന്ത്രി വി.ആര്‍. നെടുംചേഴിയന്‍ താല്‍ക്കാലിക മുഖ്യമന്ത്രിയായി ചുമതലയേറ്റു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് നെടുംചേഴിയനെതിരെ കരുണാനിധി രംഗത്തുവന്നു. പ്രമുഖനേതാക്കളായ മതിയഴകനും മനോഹരനും എം.ജി.ആറും അദ്ദേഹത്തെ പിന്തുണച്ചു. അങ്ങനെ കരുണാനിധി നിയമസഭാകക്ഷിനേതാവും മുഖ്യമന്ത്രിയുമായി തെരഞ്ഞെടുക്കപ്പെട്ടു. മന്ത്രിയായി തുടരാന്‍ നെടുംചേഴിയന്‍ വിസമ്മതിച്ചു. അദ്ദേഹത്തെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാക്കി പ്രശ്നം തല്‍ക്കാലം പരിഹരിച്ചു.

തഞ്ചാവൂര്‍ ജില്ലയിലെ തിരുക്കുവലൈ ഗ്രാമത്തിലാണ് 1924 ജൂണ്‍ 3ന് കരുണാനിധി ജനിച്ചത്. അദ്ദേഹത്തിന് മാതാപിതാക്കള്‍ നല്‍കിയ പേര് ദക്ഷിണാമൂര്‍ത്തി എന്നായിരുന്നു. തനി തമിഴ് ഇയക്കത്തിന്റെ ഭാഗമായി അതുപേക്ഷിച്ച് കരുണാനിധി എന്ന പേര് സ്വീകരിക്കുകയായിരുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പതിനാലാം വയസ്സില്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. കുടിയരശിന്റെ സഹപത്രാധിപ സ്ഥാനം വഹിച്ചു. പിന്നീട് ഡി.എം.കെ. മുഖപത്രമായ മുരശൊലിയുടെ പത്രാധിപത്യം ഏറ്റെടുത്തു. തമിഴിലെ പേരുകേട്ട തിരക്കഥാകൃത്തായിരുന്നു കരുണാനിധി. അദ്ദേഹം സിനിമയെ രാഷ്ട്രീയ പ്രചരണായുധമായി ഉപയോഗിച്ചു. വിധവ പുനര്‍വിവാഹം, അയിത്തോച്ചാടനം, ബ്രാഹ്മണവിരോധം, ജന്മി-നാടുവാഴി വ്യവസ്ഥയോടുള്ള പ്രതിഷേധം ഇവയൊക്കെ സിനിമയിലൂടെ പ്രചരിപ്പിച്ചു. 1957ലും 62ലും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1967-ല്‍ മന്ത്രിയും അണ്ണാദുരൈയുടെ മരണശേഷം 69-ല്‍ മുഖ്യമന്ത്രിയുമായി.

കരുണാനിധി മദ്രാസ് മുഖ്യമന്ത്രിയായതിനു തൊട്ടുപിന്നാലെ രാഷ്ട്രപതി സക്കീര്‍ ഹുസൈന്‍ അന്തരിച്ചു. പിന്‍ഗാമിയെച്ചൊല്ലി കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ തര്‍ക്കമുണ്ടായി. കാമരാജും കൂട്ടരും നീലം സഞ്ജീവറെഡ്ഡിയെ പിന്തുണച്ചു. ഇന്ദിരാഗാന്ധി വി.വി. ഗിരിക്ക് പിന്തുണ നല്‍കി. തെരഞ്ഞെടുപ്പില്‍ ഓരോ വോട്ടും നിര്‍ണ്ണായകമായി. കരുണാനിധി ഈയവസരം ഫലപ്രദമായി ഉപയോഗിച്ചു. ഡി.എം.കെ. ഗിരിയെ പിന്തുണച്ചു. നേരിയ വ്യത്യാസത്തില്‍ ഗിരി ജയിച്ചപ്പോള്‍ അതിന്റെ ആനുകൂല്യം കരുണാനിധിക്കും ഡി.എം.കെക്കും കിട്ടി.-

രാഷ്ട്രപതി തെരഞ്ഞെടുപ്പിന് പിന്നാലെ അഖിലേന്ത്യാടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് ഭിന്നിച്ചു. മദ്രാസില്‍ കാമരാജിന്റെ ഗ്രൂപ്പിനാണ് മുന്‍തൂക്കമെന്ന് വ്യക്തമായി. ശത്രുവിന്റെ ശത്രു എന്ന നിലയ്ക്ക് ഡി.എം.കെ. ഭരണകോണ്‍ഗ്രസിന് പിന്തുണ നല്‍കി. ബാങ്ക് ദേശസാല്‍ക്കരണം, പ്രിവിപേഴ്സ് നിര്‍ത്തലാക്കല്‍ മുതലായ തീരുമാനങ്ങളെ അനുകൂലിച്ചു. കോണ്‍ഗ്രസ് പിളര്‍ന്നതോടെ ഭൂരിപക്ഷം നഷ്ടപ്പെട്ട ഇന്ദിരാസര്‍ക്കാരിനെ ഡി.എം.കെ. പുറത്തുനിന്ന് പിന്തുണച്ചു.

1969 നവംബര്‍ 22ന് മദ്രാസ് സംസ്ഥാനത്തെ തമിഴ്നാട് ആയി പുനര്‍നാമകരണം ചെയ്തു. തമിഴര്‍ക്ക് തമിഴ്നാട് എന്ന സങ്കല്‍പം പേരിലെങ്കിലും സാക്ഷാല്‍ക്കരിക്കാന്‍ കഴിഞ്ഞു. അതിനു പിന്നാലെ സംസ്ഥാനത്ത് നിലനിന്നിരുന്ന മദ്യനിരോധനം പിന്‍വലിച്ചു. കള്ളവാറ്റ് വര്‍ധിക്കുന്നു, റവന്യൂനഷ്ടം പെരുകുന്നു എന്നാണ് പുറമേക്ക് പറഞ്ഞ കാരണം. മദ്യനിരോധനം റദ്ദാക്കരുതെന്ന് കോണ്‍ഗ്രസ് മാത്രമല്ല സ്വതന്ത്രാപാര്‍ട്ടിയും ആവശ്യപ്പെട്ടു. എന്നാല്‍ കരുണാനിധി വഴങ്ങിയില്ല. അതോടെ ഡി.എം.കെ.യും സ്വതന്ത്രാപാര്‍ട്ടിയും തമ്മിലുള്ള ബന്ധം ശിഥിലമായി. രാജാജി കാമരാജുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. അങ്ങനെ 1970 അവസാനിക്കുമ്പോഴും തമിഴകത്ത് രാഷ്ട്രീയ ധ്രുവീകരണം പൂര്‍ത്തിയായിക്കഴിഞ്ഞിരുന്നു.