ജനസംഘത്തിന്റെ പിറവി; സനാതന ധര്‍മ്മത്തിനുള്ള മൂന്ന് പാര്‍ട്ടികളുടെ ഏറ്റുമുട്ടല്‍ 

September 23, 2016, 11:45 am
ജനസംഘത്തിന്റെ പിറവി; സനാതന ധര്‍മ്മത്തിനുള്ള മൂന്ന് പാര്‍ട്ടികളുടെ ഏറ്റുമുട്ടല്‍ 
Columns
Columns
ജനസംഘത്തിന്റെ പിറവി; സനാതന ധര്‍മ്മത്തിനുള്ള മൂന്ന് പാര്‍ട്ടികളുടെ ഏറ്റുമുട്ടല്‍ 

ജനസംഘത്തിന്റെ പിറവി; സനാതന ധര്‍മ്മത്തിനുള്ള മൂന്ന് പാര്‍ട്ടികളുടെ ഏറ്റുമുട്ടല്‍ 

1901 ജൂലൈ 6-ന് കല്‍ക്കട്ടയിലാണ് ശ്യാമപ്രസാദ് മുഖര്‍ജി ജനിച്ചത്. കല്‍ക്കട്ട യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറും ഹൈക്കോടതി ജഡ്ജിയുമായിരുന്ന സര്‍ അശുതോഷ് മുഖര്‍ജിയുടെ മകന്‍. ബി എ, എം എ, ബി എല്‍ പരീക്ഷകള്‍ ഒന്നാംറാങ്കോടെ ജയിച്ചു. തുടര്‍ന്ന് ഇംഗ്ലണ്ടില്‍ പോയി ബാര്‍ അറ്റ് ലോ പാസായി. 1927-ല്‍ കല്‍ക്കട്ട ഹൈക്കോടതിയില്‍ പ്രാക്ടീസ് തുടങ്ങി. 1933-ല്‍ കല്‍ക്കട്ട യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡി ലിറ്റും ബനാറസില്‍ നിന്ന് എല്‍എല്‍ഡിയും നേടി. 1934-ല്‍, 33-ാം വയസില്‍ കല്‍ക്കട്ട സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സലറായി.

കോണ്‍ഗ്രസുകാരനായിട്ടാണ് മുഖര്‍ജി രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. 1929-ല്‍ ബംഗാള്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പാര്‍ട്ടി തീരുമാനം അനുസരിച്ച് അടുത്ത വര്‍ഷം നിയമസഭാംഗത്വം രാജിവെച്ചു. അതോടെ കോണ്‍ഗ്രസുമായുള്ള ബന്ധവും അവസാനിപ്പിച്ചു. ഉപതെരഞ്ഞെടുപ്പില്‍ ജയിച്ച് നിയമസഭയില്‍ തിരിച്ചെത്തി.

1939-ല്‍ കിഴക്കന്‍ ബംഗാളിലെ ചിറ്റഗോങ്, കേസരിഗഞ്ച്, മുന്‍ഷിഗഞ്ച്, ഡാക്ക, പാബ്‌ന ജില്ലകളില്‍ വര്‍ഗീയലഹള പൊട്ടിപ്പുറപ്പെട്ടു. ഹിന്ദുക്കള്‍ കൂട്ടക്കൊലയ്ക്ക് ഇരയായി. ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് പുറപ്പെട്ട മുഖര്‍ജി അവിടെവെച്ച് ഹിന്ദുമഹാസഭാധ്യക്ഷന്‍ വി ഡി സവര്‍ക്കറെയും ആര്‍എസ്എസ് മേധാവി എം എസ് ഗോള്‍വല്‍ക്കറെയും പരിചയപ്പെട്ടു. അതേതുടര്‍ന്ന് അദ്ദേഹം ഹിന്ദുമഹാസഭയില്‍ അംഗമായി. 1939-ല്‍ ഹിന്ദുമഹാസഭയുടെ വാര്‍ഷിക സമ്മേളനം കല്‍ക്കട്ടയില്‍ സംഘടിപ്പിച്ചു. 1940-ല്‍ മുഖര്‍ജി ഹിന്ദുമഹാസഭയുടെ വര്‍ക്കിംഗ് പ്രസിഡന്റായി.

1941-ല്‍ മുസ്ലീംലീഗില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ ബംഗാള്‍ വ്യാഘ്രം ഫസലുള്‍ ഹഖ് കൃഷക് പ്രജാപാര്‍ട്ടി രുപീകരിക്കുകയും ഹിന്ദുമഹാസഭയുടെ പങ്കാളിത്തത്തോടെ മന്ത്രിസഭ രൂപീകരിക്കുകയും ചെയ്തു. ഡോ. ശ്യാമപ്രസാദ് മുഖര്‍ജി ധനകാര്യമന്ത്രിയായി. ഒരുവര്‍ഷത്തിന് ശേഷം അദ്ദേഹം മന്ത്രിസ്ഥാനം രാജിവെച്ചു. 1944-ല്‍ ഹിന്ദുമഹാസഭയുടെ അധ്യക്ഷപദം ഏറ്റെടുത്തു.

ഡോ. ശ്യാമപ്രസാദ് മുഖര്‍ജി വി ഡി സവര്‍ക്കര്‍ക്കൊപ്പം  
ഡോ. ശ്യാമപ്രസാദ് മുഖര്‍ജി വി ഡി സവര്‍ക്കര്‍ക്കൊപ്പം  

ഹിന്ദുമഹാസഭ ഇന്ത്യാവിഭജനത്തെ അതിശക്തമായി എതിര്‍ത്തു. പാകിസ്താന്‍ യഥാര്‍ത്ഥ്യമാകും എന്നുവന്നപ്പോള്‍ ബംഗാളിലെയും പഞ്ചാബിയിലെയും അമുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങള്‍ വേര്‍പെടുത്തി ഇന്ത്യന്‍ യൂണിയനോട് ചേര്‍ക്കണം എന്ന് ആവശ്യപ്പെട്ടു. ഷഹീദ് സുഹ്രവര്‍ദിയും ശരത്ചന്ദ്ര ബോസും ഏകീകൃത ബംഗാളിന് വേണ്ടി വാദിച്ചപ്പോള്‍ മുഖര്‍ജിയും കൂട്ടരും അതുപറ്റില്ല, ബംഗാള്‍ വിഭജിച്ചേ തീരൂ എന്ന് ശഠിച്ചു.

1946-ല്‍ ശ്യാമപ്രസാദ് മുഖര്‍ജി ഭരണഘടനാ അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1947 ഓഗസ്റ്റ് 15-ന് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു ദേശീയ സര്‍ക്കാര്‍ രൂപീകരിച്ചപ്പോള്‍ ഹിന്ദുമഹാസഭയുടെ പ്രതിനിധിയായി മുഖര്‍ജിയെ ഉള്‍പ്പെടുത്തി. വ്യവസായ വകുപ്പാണ് നല്‍കിയത്. ഇന്ത്യാവിഭജനത്തോട് അനുബന്ധിച്ച് പഞ്ചാബിലും ദില്ലിയിലും ആര്‍എസ്എസ് അഭയാര്‍ത്ഥികള്‍ക്കായി റിലീഫ് ക്യാമ്പുകള്‍ സംഘടിപ്പിച്ചു. ആ ഘട്ടത്തിലാണ് സര്‍ദാര്‍ പട്ടേല്‍ സംഘത്തെ ശ്ലാഘിച്ചതും അവരോട് കോണ്‍ഗ്രസില്‍ ചേര്‍ന്നുപ്രവര്‍ത്തിക്കാന്‍ ആഹ്വാനം ചെയ്തതും.

1948 ജനുവരി 30-ാം തീയതി വൈകീട്ട് മഹാത്മാഗാന്ധി വധിക്കപ്പെട്ടപ്പോള്‍ കാര്യങ്ങള്‍ തകിടം മറിഞ്ഞു. സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെടാന്‍ ഗോഡ്‌സെ ശ്രമിച്ചില്ല. പോലീസ് ഉടനടി അയാളെ പിടികൂടി. കൊലപാതകി ഹിന്ദുവാണെന്നും ആര്‍എസ്എസുമായി ബന്ധമുള്ള ആളാണെന്നും വാര്‍ത്ത പരന്നു. കോണ്‍ഗ്രസുകാര്‍ ആര്‍എസ്എസ് കാര്യാലയങ്ങള്‍ അടിച്ചുതകര്‍ത്തു.

സംഭവദിവസം മദ്രാസിലായിരുന്ന ഗോള്‍വല്‍ക്കര്‍ പിറ്റേന്ന് നാഗ്പൂരില്‍ തിരിച്ചെത്തി ഗാന്ധിവധത്തെ അതിശക്തമായി അപലപിച്ചു. കൊലയാളികളുമായി സംഘത്തിന് ഒരു ബന്ധവുമില്ലെന്ന് വെളിപ്പെടുത്തി. പക്ഷേ അന്നുതന്നെ അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടു. ഫെബ്രുവരി നാലാംതീയതി കേന്ദ്രസര്‍ക്കാര്‍ ആര്‍എസ്എസിനെ നിരോധിച്ചു. ഓഫീസുകള്‍ മുദ്രവെച്ചു. ഫെബ്രുവരി അഞ്ചാം തീയതി സവര്‍ക്കറെ ദേശരക്ഷാനിയമമനുസരിച്ച് അറസ്റ്റ് ചെയ്തു.

ഡല്‍ഹി പോലീസ് ഗോഡ്‌സെയെ കൂടാതെ എട്ട് പ്രതികളെക്കൂടി അറസ്റ്റുചെയ്തു. നാരായണ്‍ ആപ്‌തെ, വിഷ്ണു കാര്‍ക്കറെ, മദന്‍ലാല്‍ പഹ്വാ, ശങ്കര്‍ കിസ്തയ്യ, ഗോപാല്‍ ഗോഡ്‌സെ, വി ഡി സവര്‍ക്കര്‍, ദത്താത്രയ പാര്‍ച്ചുറെ, ദിഗംബര്‍ ബാഡ്‌ജെ. കോണ്‍പൂര്‍ ജില്ലാജഡ്ജിയായിരുന്ന ആത്മാചരണ്‍ ഐസിഎസ് ഗാന്ധിവധക്കേസിലെ സ്‌പെഷ്യല്‍ ജഡ്ജിയായി നിയമിക്കപ്പെട്ടു. ചെങ്കോട്ടയിലാണ് വിചാരണ നടന്നത്. ബോംബെ അഡ്വക്കേറ്റ് ജനറല്‍ സി കെ ദഫ്ത്തരി ആയിരുന്നു പ്രോസിക്യൂട്ടര്‍. നല്ലൊരു ക്രിമിനല്‍ വക്കീലായ സര്‍ദാര്‍ പട്ടേല്‍ തന്നെ പ്രോസിക്യൂഷന് മേല്‍നോട്ടം വഹിച്ചു.

ഗാന്ധിജിയുടെ വധത്തിനു ഗൂഢാലോചന ചെയ്ത സംഘം. നില്‍ക്കുന്നവര്‍: ശങ്കര്‍ കിസ്തയ്യ, ഗോപാല്‍ ഗോഡ്‌സെ, മദന്‍ലാര്‍ പാഹ്വ, ദിഗംബര്‍ രാമചന്ദ്ര ബാഡ്‌ജെ.
‘ഇരിക്കുന്നവര്‍: നാരായണ്‍ ആപ്‌തെ, വിനായക് സവര്‍ക്കര്‍, നാഥുറാം ഗോഡ്‌സെ, വിഷ്ണു കാര്‍ക്കാറേ
ഗാന്ധിജിയുടെ വധത്തിനു ഗൂഢാലോചന ചെയ്ത സംഘം. നില്‍ക്കുന്നവര്‍: ശങ്കര്‍ കിസ്തയ്യ, ഗോപാല്‍ ഗോഡ്‌സെ, മദന്‍ലാര്‍ പാഹ്വ, ദിഗംബര്‍ രാമചന്ദ്ര ബാഡ്‌ജെ. ‘ഇരിക്കുന്നവര്‍: നാരായണ്‍ ആപ്‌തെ, വിനായക് സവര്‍ക്കര്‍, നാഥുറാം ഗോഡ്‌സെ, വിഷ്ണു കാര്‍ക്കാറേ

സവര്‍ക്കറെ പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കാന്‍ ശ്യാമപ്രസാദ് മുഖര്‍ജി സര്‍ദാര്‍ പട്ടേലിനുമേല്‍ പരാമാവധി സമ്മര്‍ദ്ദം ചെലുത്തി. വ്യക്തമായ തെളിവുകള്‍ ഇല്ലാതെ ഈ പ്രായത്തില്‍ വധഗൂഢാലോചനാക്കുറ്റത്തിന് വിചാരണ ചെയ്യരുത്, കഴിഞ്ഞ കാലത്തെ ത്യാഗങ്ങളും യാതനകളും പരിഗണിക്കണം എന്ന് രേഖാമൂലം ആവശ്യപ്പെട്ടു. നീതിക്കും നിയമത്തിനും നിരക്കുന്ന വിധത്തില്‍ മാത്രമേ സവര്‍ക്കറെ പ്രതിചേര്‍ക്കാവൂ എന്ന് പോലീസിനും പ്രോസിക്യൂട്ടര്‍ക്കും പട്ടേല്‍ നിര്‍ദ്ദേശം നല്‍കി. പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നപക്ഷം ബന്ധപ്പെട്ട എല്ലാ രേഖകളും തന്റെ മുമ്പാകെ ഹാജരാക്കണമെന്നും നിഷ്‌കര്‍ഷിച്ചു.

ഗോഡ്‌സെയും ആപ്‌തെയും 1948 ജനുവരി 14-നും 17-നും സവര്‍ക്കറെ കണ്ട് അനുഗ്രഹം വാങ്ങിയ ശേഷമാണ് ഗാന്ധിജിയെ വധിക്കാന്‍ ഡല്‍ഹിയിലേക്ക് പുറപ്പെട്ടതെന്ന് മാപ്പുസാക്ഷിയായി മാറിയ ദിഗംബര്‍ ബാഡ്‌ജെ മൊഴിനല്‍കി. അങ്ങനെ സവര്‍ക്കര്‍ പ്രതിപ്പട്ടികയില്‍ ഉറച്ചു. കോടതിയില്‍ പക്ഷേ സവര്‍ക്കര്‍ക്കെതിരെ ഗൂഢലാചനാ കുറ്റം തെളിഞ്ഞില്ല. ഇക്കാര്യത്തില്‍ മാപ്പുസാക്ഷിയുടെ മൊഴി അപര്യാപ്തമെന്ന് കണ്ടെത്തി. 1949 ഫെബ്രുവരി 10-ാ തീയതി സവര്‍ക്കറെ വെറുതെവിട്ടു. ഗോഡ്‌സെയും ആപ്തയേയും തൂക്കികകൊല്ലാന്‍ വിധിച്ചു. ഗോപാല്‍ ഗോഡ്‌സെ, മദന്‍ലാല്‍ പഹ്വ, വിഷണു കാര്‍ക്കറെ, ദത്താത്രയ പാര്‍ച്ചുറെ, ശങ്കര്‍ കിസ്തയ്യ എന്നിവര്‍ക്ക് ജീവപര്യന്തം തടവ് വിധിച്ചു. അപ്പീലില്‍ ഈസ്റ്റ് പഞ്ചാബ് ഹൈക്കോടതി പാര്‍ച്ചുറെ, കിസ്തയ്യ എന്നിവരെക്കൂടി വെറുതെവിട്ടു. മറ്റുപ്രതികളുടെ ശിക്ഷ ശരിവെച്ചു.

കോടതിയില്‍ ഗോഡ്‌സെ കുറ്റം നിഷേധിച്ചിരുന്നില്ല. ഗാന്ധിജിയെ വധിച്ചത് താന്‍ തന്നെയാണും മറ്റാര്‍ക്കും അതുമായി ബന്ധമില്ലെന്നുമായിരുന്നു നിലപാട്. താന്‍ എന്തുകൊണ്ട് ഗാന്ധിയെ കൊല്ലാന്‍ നിര്‍ബന്ധിതനായി എന്ന് വിശദീകരിച്ചുകൊണ്ട് കോടതിയില്‍ സുദീര്‍ഘമായ ഒരു പ്രസ്താവന നടത്തി. മഹാത്മജി സ്വാതന്ത്ര്യത്തിന് മുമ്പും ശേഷവും ഇന്നാട്ടിലെ ഹിന്ദുക്കളോട് ചെയ്ത ദ്രോഹങ്ങള്‍ എണ്ണിയെണ്ണിപ്പറഞ്ഞു. മാത്രമല്ല താന്‍ ഗാന്ധിയെ കൊന്നതുകൊണ്ടാണ് ഹൈദരാബാദിനെ ഇന്ത്യയോട് ചേര്‍ക്കാന്‍ സര്‍ദാര്‍ പട്ടേലിന് സാധിച്ചതെന്ന് അവകാശവാദമുന്നയിച്ചു.

ഗോഡ്‌സെ, ആപ്‌തെമാരെ തൂക്കിലേറ്റുന്നത് ഗാന്ധിജിയുടെ ജീവിതദര്‍ശനത്തിന് വിപരീതമാണെന്ന വാദം അദ്ദേഹത്തിന്റെ ചില ശിഷ്യന്മാര്‍ ഉന്നയിച്ചു. ഘാതകര്‍ക്ക് മാപ്പുനല്‍കണമെന്ന് മഹാത്മാവിന്റെ മകന്‍ മണിലാല്‍ ഗാന്ധി നെഹ്‌റുവിനോട് ആവശ്യപ്പെട്ടു. എന്നാല്‍ പണ്ഡിറ്റ്ജി അത് ഗൗനിച്ചില്ല. ഗോഡ്‌സെയെയും ആപ്തയേയും 1949 നവംബര്‍ 15-ന് അംബാല ജയിലില്‍ തൂക്കിലേറ്റി.

1948 ഫെബ്രുവരി ഒന്നാം തീയതി അറസ്റ്റ് ചെയ്യപ്പെട്ട ഗോള്‍വല്‍ക്കറെ ആറുമാസം കഴിഞ്ഞപ്പോള്‍ മോചിപ്പിച്ചു. 1948 നവംബര്‍ 13-ന് വീണ്ടും അറസ്റ്റ് ചെയ്തു. ആര്‍എസ്എസിനെ നിരോധിച്ചിരുന്നു എങ്കിലും ഒളിഞ്ഞും തെളിഞ്ഞും പ്രവര്‍ത്തനം തുടര്‍ന്നു. കോണ്‍ഗ്രസിനകത്തുതന്നെ ശക്തമായ ഒരു ആര്‍എസ്എസ് ലോബി പ്രവര്‍ത്തിച്ചു. മൗലി ചന്ദ്ര ശര്‍മ്മ എന്നൊരു കോണ്‍ഗ്രസുകാരന്‍ പൗര സ്വാതന്ത്ര്യ സംരക്ഷണത്തിനെന്ന വ്യാജേന ജനാധികാര സമിതി രൂപീകരിച്ച് ആര്‍എസ്എസിന്റെ നിരോധനം നീക്കാന്‍ നേതാക്കള്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തി. മധ്യപ്രദേശ് ആഭ്യന്തരമന്ത്രി ദ്വാരകാപ്രസാദ് മിശ്ര മധ്യസ്ഥനായി പ്രവര്‍ത്തിച്ചു.

ഹിന്ദുമഹാസഭയിലെ മതഭ്രാന്ത് മൂത്ത ഒരുവിഭാഗം, സവര്‍ക്കറുടെ നേതൃത്വത്തില്‍ ഗൂഢാലോചന നടത്തി മഹാത്മാഗാന്ധിയെ കൊലപ്പെടുത്തുകയാണ് ഉണ്ടായതെന്നും ആര്‍എസ്എസിലെയോ ഹിന്ദുമഹാസഭയിലേയോ മറ്റേതെങ്കിലും അംഗങ്ങള്‍ക്ക് അതില്‍ പങ്കുള്ളതായി തെളിഞ്ഞിട്ടില്ലെന്നും സര്‍ദാര്‍ പട്ടേല്‍ കുറ്റപത്രം സമര്‍പ്പിക്കുന്ന ഘട്ടത്തില്‍ തന്നെ പണ്ഡിറ്റ് നെഹ്‌റുവിനെ അറിയിച്ചിരുന്നു. ഗോഡ്‌സെയും ആപ്‌തെയും കാര്‍ക്കറെയും പാര്‍ച്ചുറെയും ബാഡ്‌ജെയുമൊക്കെ ഹിന്ദുമഹാസഭാപ്രവര്‍ത്തകരും സവര്‍ക്കറുടെ അന്ധരായ അനുയായികളുമായിരുന്നു. ഹിന്ദുമഹാസഭയില്‍ സജീവമാകുന്നതിന് മുമ്പ് ഗോഡ്‌സെ ആര്‍എസ്എസുകാരനായിരുന്നു എന്നതുമാത്രമാണ് നിരോധനം തുടരുന്നതിന് ആകെ ഉണ്ടായിരുന്ന ന്യായം.

ആര്‍എസ്എസ് ഇന്ത്യന്‍ ഭരണഘടനയും ദേശീയപതാകയും അംഗീകരിക്കണം, പണത്തിന്റെ സ്രോതസ്സ് വ്യക്തമാക്കണം, സംഘടനയ്ക്ക് ഭരണഘടന ഉണ്ടാവണം, ഭാരവാഹികളെ നാമനിര്‍ദ്ദേശം ചെയ്യുന്നതിന് പകരം ജനാധിപത്യ രീതിയില്‍ വോട്ടിട്ട് തെരഞ്ഞെടുക്കണം എന്നൊക്കെയുള്ള നിര്‍ദ്ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെച്ചു. ഇവയില്‍ പലതും ആര്‍എസ്എസിന് സ്വീകാര്യമായില്ല. ഒടുവില്‍ സംഘം രാഷ്ട്രീയത്തില്‍ ഇടപെടുകയില്ല, സന്നദ്ധസംഘടനയായി മാത്രം പ്രവര്‍ത്തിക്കും എന്ന ഉറപ്പിന്മേല്‍ നിരോധനം നീക്കാന്‍ തയ്യാറായി. 1949 ജൂലൈ 11-ന് ആര്‍എസ്എസ് വീണ്ടും നിയമവിധേയമായി.

1950 ജനുവരി 26-ന് ഇന്ത്യ റിപ്പബ്ലിക്കായി. ആഘോഷങ്ങളില്‍ ആര്‍എസ്എസുകാര്‍ ആവേശപൂര്‍വ്വം പങ്കെടുത്തു. ഇന്നല്ലെങ്കില്‍ നാളെ സര്‍ദാര്‍ പട്ടേലും ഡോ. രാജേന്ദ്രപ്രസാദും കെ എം മുന്‍ഷിയും ശ്യാമപ്രസാദ് മുഖര്‍ജിയും മുന്‍കയ്യെടുത്ത് തങ്ങളെ കോണ്‍ഗ്രസിലേക്ക് വീണ്ടും സ്വാഗതം ചെയ്യുമെന്ന് അവര്‍ പ്രതീക്ഷിച്ചു.

വിഭജനകാലത്ത് പഞ്ചാബില്‍ ഉണ്ടായപോലെ കൂട്ടക്കൊലയും അഭയാര്‍ത്ഥിപ്രവാഹവും ബംഗാളില്‍ ഉണ്ടായില്ല. മഹാത്മാഗാന്ധിയുടെയും ഷഹീദ് സുഹ്രവര്‍ദിയുടെയും ശക്തമായ സാന്നിധ്യം തന്നെ പ്രധാന കാരണം. ബ്രാഹ്മണരും കായസ്ഥരുമായ ഭൂവുടമകള്‍ ക്രമേണ പശ്ചിമ ബംഗാളിലേക്ക് താമസം മാറ്റി. ജോഗീന്ദ്രനാഥ് മണ്ഡലിന്റെ സ്വാധീനത്താല്‍ നമോശൂദ്രര്‍ അടക്കമുള്ള പട്ടികജാതിക്കാര്‍ കിഴക്കന്‍ പാകിസ്താനില്‍ തുടര്‍ന്നു. വിഭജനത്തിനുശേഷം 4. 2 കോടി ജനസംഖ്യയില്‍ സുമാര്‍ ഒരു കോടി ഹിന്ദുക്കളായിരുന്നു.

1949 ഡിസംബര്‍ പകുതിയോടെ കിഴക്കന്‍ ബംഗാള്‍ പെട്ടെന്ന് പ്രക്ഷുബ്ധമായി. കമ്മ്യൂണിസ്‌റുകാരെ പിടികൂടാന്‍ കല്‍ഷിറയിലെ നമോശൂദ്ര ഗ്രാമത്തിലെത്തിയ പോലീസുമായി നാട്ടുകാര്‍ ഏറ്റുമുട്ടി. ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടു. ഡിസംബര്‍ 20-ന് സ്ഥലവാസികളായ മുസ്ലീങ്ങളെ കൂട്ടി പോലീസ് തിരിച്ചടിച്ചു, കുടിലുകള്‍ ഇടിച്ചുനിരത്തി. വസ്തുവകകള്‍ കൊള്ളയടിച്ചു. പുരുഷന്മാരെ കൂട്ടക്കൊല ചെയ്തു. സ്ത്രീകളെ തട്ടിക്കൊണ്ടുപോയി. സമീപത്തെ ഹിന്ദു ഭൂരിപക്ഷമുളള ഗ്രാമങ്ങളിലും പോലീസ്- ഗുണ്ടാ അക്രമം ആവര്‍ത്തിച്ചു.

കല്‍ഷിറയില്‍ നിന്നും ജീവനും കൊണ്ടോടിയ ചിലര്‍ കല്‍ക്കട്ടയിലെത്തി തങ്ങളുടെ കദനകഥ വിവരിച്ചു. പ്രാദേശിക പത്രങ്ങള്‍ പൊടിപ്പും തൊങ്ങലും വെച്ച് വാര്‍ത്ത പൊലിപ്പിച്ചു. തുടര്‍ന്ന് കല്‍ക്കട്ടയില്‍ മുസ്ലീങ്ങള്‍ക്കെതിരെ അക്രമം പൊട്ടിപ്പുറപ്പെട്ടു. അതിശയോക്തിപരമായ റിപ്പോര്‍ട്ടുകള്‍ കിഴക്കന്‍ ബംഗാളിലെ പത്രങ്ങളിലും പ്രത്യക്ഷപ്പെട്ടു.

കല്‍ഷിറയിലെ അക്രമത്തെക്കുറിച്ച് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണം എന്ന കോണ്‍ഗ്രസ് (ഹിന്ദു) അംഗങ്ങളുടെ അപേക്ഷ, കിഴക്കന്‍ ബംഗാള്‍ അസംബ്ലിയിലെ സ്പീക്കര്‍ നിരാകരിച്ചു. അതേത്തുടര്‍ന്ന് ഹിന്ദുമെമ്പര്‍മാര്‍ ഇറങ്ങിപ്പോക്ക് നടത്തി. കല്‍ക്കട്ട സംഭവങ്ങളെച്ചൊല്ലി ഫെബ്രുവരി 10-ന് ഡാക്കയില്‍ വലിയ പ്രതിഷേധയോഗം നടന്നു. ലീഗ് നേതാക്കള്‍ ഹിന്ദുക്കള്‍ക്കെതിരെ ജിഹാദിന് ആഹ്വാനം ചെയ്തു. ജനം പ്രകോപിതരായി ഹിന്ദുക്കളുടെ കടകള്‍ കൊള്ളയടിക്കുകയും വീടുകള്‍ കത്തിക്കുകയും ചെയ്തു. കൂട്ടക്കൊലയും ബലാത്സംഗവും നിര്‍ബന്ധിത മതപരിവര്‍ത്തനവും പതിവിന്‍പടി നടന്നു. പോലീസ് കാഴ്ചക്കാരായി നിന്നു. സമീപത്തെ മറ്റു ജില്ലകളിലേക്കും ലഹള വ്യാപിച്ചു. ഏറ്റവും കുറഞ്ഞത് പതിനായിരം പേരെങ്കിലും കൊല്ലപ്പെട്ടു. ഡാക്കയില്‍ മാത്രം അമ്പതിനായിരം ഹിന്ദുക്കള്‍ ഭവനരഹിതരായി.

ഫെബ്രുവരി- മാര്‍ച്ച് മാസങ്ങളില്‍ പതിനായിരക്കണക്കിന് ഹിന്ദുക്കള്‍ പടിഞ്ഞാറന്‍ ബംഗാളിലേക്ക് പ്രവഹിച്ചു. അതിര്‍ത്തി ഗ്രാമങ്ങളില്‍ വര്‍ഗീയലഹള പൊട്ടിപ്പുറപ്പെട്ടു, മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്തു. ആയിരക്കണക്കിന് മുസ്ലീങ്ങള്‍ അതിര്‍ത്തി കടന്ന് പാകിസ്താനില്‍ ചേക്കേറി.

കിഴക്കന്‍ ബംഗാളിലെ കലാപവും അഭയാര്‍ത്ഥി പ്രവാഹവും ദേശീയരാഷ്ട്രീയത്തെ പ്രക്ഷുബ്ധമാക്കി. ഹിന്ദുക്കളെ രക്ഷിക്കാന്‍ സൈന്യത്തെ അയക്കണമെന്ന് ശ്യാമപ്രസാദ് മുഖര്‍ജി ആവശ്യപ്പെട്ടു. സോഷ്യലിസ്റ്റ് നേതാക്കളായ ജയപ്രകാശ് നാരായണനും റാം മനോഹര്‍ ലോഹ്യയും അതേ ആവശ്യം ആവര്‍ത്തിച്ചു. പാകിസ്താനില്‍ നിന്ന് പുറത്താക്കപ്പെടുന്ന ഹിന്ദുക്കളുടെ തുല്യ എണ്ണം മുസ്ലീങ്ങളെ ഇന്ത്യയില്‍ നിന്ന് പുറത്താക്കണം എന്ന് സര്‍ദാര്‍ പട്ടേല്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ നെഹ്‌റു വഴങ്ങിയില്ല. കശ്മീരിലെ യുദ്ധം അവസാനിച്ചിട്ട് കഷ്ടിച്ച് ഒരു വര്‍ഷമേ ആയിരുന്നുള്ളൂ. കിഴക്കന്‍ ബംഗാളിലെ ഗ്രാമാന്തരങ്ങളിലേക്ക് ഇന്ത്യന്‍ സൈന്യത്തെ അയക്കുക പ്രായോഗികവും ആയിരുന്നില്ല. പാകിസ്താനുമായി ചര്‍ച്ച ചെയ്ത് പ്രശ്‌നം പരിഹരിക്കാന്‍ ഉദ്യമിച്ചു.

1950 ഏപ്രില്‍ രണ്ടാം തീയതി പാക് പ്രധാനമന്ത്രി ലിയാക്കത്ത് അലിഖാന്‍ ഡല്‍ഹിയിലെത്തി. ആറ് ദിവസം നീണ്ട ചര്‍ച്ചയ്ക്ക് ശേഷം നേതൃതലത്തില്‍ ഉടമ്പടി ഒപ്പിട്ടു. അതുപ്രകാരം ഇരുരാജ്യങ്ങളും ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പുനല്‍കി. അഭയാര്‍ത്ഥികള്‍ക്ക് തിരിച്ചുപോകാം. ഭൂമിയും വസ്തുവകകളും പുനഃസ്ഥാപിക്കും. തട്ടിക്കൊണ്ടുപോയ സ്ത്രീകളെ തിരിച്ചുകൊടുക്കും നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങള്‍ അസാധുവാക്കും. ന്യൂനപക്ഷ സമുദായങ്ങളുടെ ക്ഷേമത്തിനായി കമ്മീഷനെ നിയമിക്കും. ഒരു മന്ത്രിയെയും നിയോഗിക്കും.

ഇന്ത്യ- പാകിസ്താന്‍ കരാര്‍ ഒപ്പുവെയ്ക്കുന്നു
ഇന്ത്യ- പാകിസ്താന്‍ കരാര്‍ ഒപ്പുവെയ്ക്കുന്നു

ലിയാക്കത്ത് അലിഖാന്‍ ഡല്‍ഹിയിലെത്തുന്നതിന്റെ തലേന്ന് ശ്യാമപ്രസാദ് മുഖര്‍ജി കേന്ദ്രമന്ത്രിസഭയില്‍ നിന്ന് രാജിവെച്ചു. ബംഗാളില്‍ നിന്നുള്ള ധനകാര്യമന്ത്രി ക്ഷിതീഷ് ചന്ദ്രനിയോഗിയും രാജി സമര്‍പ്പിച്ചു. നിയോഗി കോണ്‍ഗ്രസുകാരനും 1920 മുതല്‍ ബംഗാള്‍ നിയമസഭാഗം ആയിരുന്ന ആളുമാണ്. ഇരുവരുടേയും രാജി പിന്‍വലിപ്പിക്കാന്‍ ഏറെ ശ്രമിച്ചെങ്കിലും ഫലവത്തായില്ല. നെഹ്‌റു-ലിയാക്കത്ത് ഉടമ്പടി ഒപ്പിട്ട ഏപ്രില്‍ എട്ടാം തീയതി മുഖര്‍ജിയുടെയും നിയോഗിയുടേയും രാജി സ്വീകരിച്ചു.

ഏപ്രില്‍ 19-ന് തന്റെ രാജിക്കിടയാക്കിയ സാഹചര്യം വിശദീകരിച്ചുകൊണ്ട് ഡോ. മുഖര്‍ജി പാര്‍ലമെന്റില്‍ വികാരനിര്‍ഭരമായ പ്രസ്താവന നടത്തി. കിഴക്കന്‍ ബംഗാളില്‍ ഹിന്ദുക്കള്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ എണ്ണിപ്പറഞ്ഞു. നെഹ്‌റു-ലിയാക്കത്ത് കരാര്‍ നിരര്‍ത്ഥകമാണെന്ന് ചൂണ്ടിക്കാട്ടി.

മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചെങ്കിലും നിയോഗി കോണ്‍ഗ്രസുകാരനായി തുടര്‍ന്നു. 1951 നവംബര്‍ 22-ന് അദ്ദേഹത്തെ ധനകാര്യ കമ്മീഷന്റെ ചെയര്‍മാനായി നിയമിച്ചു. മറിച്ചായിരുന്നു മുഖര്‍ജിയുടെ കാര്യം. ബംഗാളില്‍ വര്‍ഗീയ ലഹളയും അഭയാര്‍ത്ഥിപ്രവാഹവും ഉണ്ടായില്ലെങ്കില്‍ പോലും അദ്ദേഹത്തിന് അധികകാലം കേന്ദ്രമന്ത്രിയായി തുടരാന്‍ കഴിയുമായിരുന്നില്ല. വ്യവസായനയം, ഭൂപരിഷ്‌കരണം, ഹിന്ദു കോഡ്, കശ്മീരിന്റെ പ്രത്യേക പദവി എന്നിങ്ങനെ പല കാര്യങ്ങളിലും മുഖര്‍ജിയും നെഹ്‌റുവും ഭിന്നചേരികളിലായിരുന്നു. പുതിയ ഭരണഘടന അനുസരിച്ച് വൈകാതെ പൊതുതെരഞ്ഞെടുപ്പ് നടക്കും എന്നതിനാല്‍ മുഖര്‍ജിയുടെ രാജി അനിവാര്യമായിരുന്നുതാനും.

1948 ഫെബ്രുവരിയില്‍ ഗാന്ധിജിയുടെ കൊലപാതകത്തെ തുടര്‍ന്ന് ഡോ. മുഖര്‍ജി ഹിന്ദുമഹാസഭയില്‍ നിന്ന് രാജിവെച്ചിരുന്നു. സവര്‍ക്കര്‍ ജയില്‍വാസം അനുഭവിക്കുമ്പോള്‍ അനുഭാവം പ്രകടിപ്പിച്ച് രാജിവെക്കാതെ മന്ത്രിയായി തുടര്‍ന്ന മുഖര്‍ജിയോട് മഹാസഭക്കാര്‍ക്ക് വലിയ പ്രതിഷേധവും ഉണ്ടായിരുന്നു. അതുകൊണ്ട് പൊതുതെരഞ്ഞെടുപ്പിന് മുമ്പായി ഒരു പുതിയ പാര്‍ട്ടി രൂപീകരിക്കുകയല്ലാതെ വേറെ വഴിയില്ലായിരുന്നു. അതിലേക്ക് മുഖര്‍ജി ആര്യസമാജത്തിന്റെയും ആര്‍എസ്എസിന്റെയും പിന്തുണ തേടി.

കേന്ദ്രമന്ത്രിസ്ഥാനം രാജിവെച്ച ശ്യാമപ്രസാദ് മുഖര്‍ജിയ്ക്ക് ഡല്‍ഹിയില്‍ നല്‍കിയ സ്വീകരണത്തില്‍ ആര്‍എസ്എസ് നേതാക്കളും പങ്കെടുത്തിരുന്നു. എന്നാല്‍ പുതിയ പാര്‍ട്ടി എന്ന ആശയത്തോട് സംഘം ആദ്യഘട്ടത്തില്‍ അനുകൂലമായല്ല പ്രതികരിച്ചത്. കോണ്‍ഗ്രസുമായി സഹകരിക്കാം എന്ന പ്രതീക്ഷ അന്നും നിലനിന്നിരുന്നു. സര്‍ദാര്‍ പട്ടേല്‍ മരിക്കുകയും പുരുഷോത്തംദാസ് ഠണ്ഡനെ നെഹ്‌റു പുകച്ചു പുറത്താക്കുകയും ചെയ്തതോടെ ആ വാതിലടഞ്ഞു. അങ്ങനെ പുതിയ പാര്‍ട്ടിക്ക് ആര്‍എസ്എസ് പച്ചക്കൊടി കാട്ടി.

ഇന്ത്യന്‍ പീപ്പിള്‍സ് പാര്‍ട്ടി എന്ന പേരാണ് ശ്യാമപ്രസാദ് മുഖര്‍ജി ഉദ്ദേശിച്ചത്. എന്നാല്‍ പാര്‍ട്ടിയുടെ പേര് ഹിന്ദിയില്‍ ആയിരിക്കണമെന്ന് ആര്‍എസ്എസ് ആഗ്രഹിച്ചു. ഭാരതീയ ലോക്‌സംഘ്, ഭാരതീയ ജനസംഘ് എന്നിവ നിര്‍ദ്ദേശിച്ചു. അവയില്‍ രണ്ടാമത്തേതാണ്‌ മുഖര്‍ജിക്ക് ബോധിച്ചത്. പാര്‍ട്ടിയുടെ പതാക കാവി നിറമുള്ളതായിരിക്കണമെന്നും ആര്‍എസ്എസ് നിര്‍ദ്ദേശിച്ചു. അതും മുഖര്‍ജി അംഗീകരിച്ചു. പാര്‍ട്ടി സംഘടന കെട്ടിപ്പടുക്കാന്‍ മൂന്ന് പ്രചാരകരെ ആര്‍എസ്എസ് വിട്ടുകൊടുത്തു- ദീന്‍ ദയാല്‍ ഉപാധ്യായ, സുന്ദര്‍സിംഗ് ഭണ്ഡാരി, ഭായ് മഹാവീര്‍.

1951 ഒക്ടോബര്‍ 21ന് ഡല്‍ഹിയില്‍ നടന്ന യോഗത്തില്‍ ഭാരതീയ ജനസംഘം നിലവില്‍ വന്നു. ശ്യാമപ്രസാദ് മുഖര്‍ജി പ്രസിഡന്റായും മൗലി ചന്ദ്ര ശര്‍മ വൈസ് പ്രസിഡന്റായും ബല്‍രാജ് മധോക് ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. ഉത്തരേന്ത്യയില്‍ ഗ്രാമീണര്‍ ഉപയോഗിക്കുന്ന മണ്‍വിളക്ക് (ദീപം) പാര്‍ട്ടിയുടെ ചിഹ്നമായും നിശ്ചയിച്ചു.

കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഏകാധിപത്യ പ്രവണതയ്‌ക്കെതിരെ സുശക്തമായ ഒരു പ്രതിപക്ഷം ആവശ്യമാണെന്നും വേണ്ടിവന്നാല്‍ കോണ്‍ഗ്രസിനുപകരം ഭരണാധികാരം ഏറ്റെടുക്കാനും കൂടിയാണ് പുതിയ പാര്‍ട്ടിയെന്നും മുഖര്‍ജി വ്യക്തമാക്കി. തത്കാലം ജനസംഘം പ്രധാന പ്രതിപക്ഷമായി പ്രവര്‍ത്തിക്കും.

‘’ജനസംഘത്തിന്റെ ലക്ഷ്യം ധര്‍മരാജ്യമാണ്; അഥവാ നീതിയുടേയും നിയമത്തിന്റെയും വാഴ്ചയാണ്. ജനങ്ങളുടെ ഇടയില്‍ സാഹോദര്യവും മൈത്രിയും പുലര്‍ത്തുക എന്ന ഭാരതത്തിന്റെ മഹത്തായ പാരമ്പര്യത്തിന് അനുഗുണമായിരിക്കും അത്’’.

‘’ജാതി, ആരാധനാസമ്പ്രദായം, വര്‍ഗം എന്നീ ഭേദഭാവനകള്‍ കൂടാതെ എല്ലാ ഭാരതീയ പൗരന്മാര്‍ക്കും, അവര്‍ മാതൃഭൂമിയോടു കൂറും ഭക്തിയും ഉള്ളവരാണെങ്കില്‍, ജനസംഘത്തില്‍ പ്രവേശനം അനുവദിക്കുന്നതാണ്’’. അതുപ്രകാരം രാജ്യസ്‌നേഹികളായ മുസ്ലീങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും പാഴ്‌സികള്‍ക്കും യഹൂദന്മാര്‍ക്കും ജനസംഘത്തില്‍ ചേരാന്‍ തടസമില്ലായിരുന്നു.

രാജ്യത്തിന്റെ സാമ്പത്തിക പിന്നോക്കാവസ്ഥയ്ക്ക് പരിഹാരമായി ജനസംഘം വികേന്ദ്രീകൃത സമ്പദ് വ്യവസ്ഥയെ അനുകൂലിച്ചു. സമ്പത്ത് ഒരു ചെറിയ വിഭാഗത്തിന്റെ കയ്യില്‍ കുന്നുകൂടുന്നത് ആപത്താണെന്ന് സിദ്ധാന്തിച്ചു. രാജ്യത്തിന്റെ ഉത്തമ താല്‍പര്യങ്ങള്‍ക്ക് നിരക്കുന്ന യാഥാര്‍ത്ഥ്യബോധത്തോടുകൂടിയ ഒരു വിദേശനയമാണ് ഇന്ത്യക്കാവശ്യം. ജീവിക്കുക, ജീവിക്കാന്‍ അനുവദിക്കുക എന്ന സന്ദേശമാണ് നാം ലോകത്തിന് മുന്നില്‍ വെക്കേണ്ടത്. പാകിസ്താനോടുള്ള ബ്രിട്ടന്റെ തന്‍പിള്ള നയത്തില്‍ പ്രതിഷേധിച്ച് ഇന്ത്യ കോമണ്‍വെല്‍ത്ത് വിടണം എന്നും ജനസംഘം ആവശ്യപ്പെട്ടു.

ആര്‍എസ്എസിനെപ്പോലെ ജനസംഘവും ഇന്ത്യാവിഭജനം അംഗീകരിച്ചില്ല. ഭാരതത്തിന്റെ പുനരേകീകരണം പാര്‍ട്ടിയുടെ നയപരിപാടികളില്‍ പ്രധാന ഇനമായിരുന്നു. കശ്മീര്‍ പ്രശ്‌നം ഐക്യരാഷ്ട്രസഭയില്‍ നിന്ന് പിന്‍വലിക്കണം, കശ്മീരിന് പ്രത്യേക പദവി നല്‍കുന്നത് ശരിയല്ല.

മുസ്ലീം വര്‍ഗ്ഗീയതയെ താലോലിക്കുന്ന നെഹ്‌റുവിന്റെയും കോണ്‍ഗ്രസിന്റെയും നയമാണ് ഇവിടുത്തെ ഏക വര്‍ഗീയ പ്രശ്‌നം എന്ന് ഡോ. മുഖര്‍ജി നിരീക്ഷിച്ചു. വിശപ്പും ദാരിദ്ര്യവും ചൂഷണവും ദുര്‍ഭരണവും അഴിമതിയുമാണ് മറ്റുപ്രശ്‌നങ്ങള്‍. അതൊക്കെ തന്നെ കോണ്‍ഗ്രസിന്റെ സൃഷ്ടികളുമാണെന്ന് കുറ്റപ്പെടുത്തി.

ഹിന്ദുമഹാസഭ സജീവ രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറണം, സാംസ്‌കാരിക സംഘടന മാത്രമായി തുടരണം എന്നായിരുന്നു ശ്യാമപ്രസാദ് മുഖര്‍ജിയുടെ താല്‍പര്യം. എന്നാല്‍ സവര്‍ക്കര്‍ അതിന് സന്നദ്ധനായിരുന്നില്ല. അദ്ദേഹം മുഖര്‍ജിയെയും ആര്‍എസ്എസിനെയും അപലപിച്ചു. ഭാരതീയ ജനസംഘത്തെ എതിര്‍ത്തു. നിര്‍മല്‍ ചന്ദ്ര ചാറ്റര്‍ജി, വിഷ്ണു ഘനശ്യാം ദേശ്പാണ്ഡെ, ഡോ. നാരായണ്‍ ഭാസ്‌കര്‍ ഖരെ എന്നിവരെ മുന്‍നിര്‍ത്തി ഹിന്ദുമഹാസഭ ശക്തിപ്പെടുത്തി.

ഹിന്ദുവോട്ടിന് ജനസംഘവും ഹിന്ദുമഹാസഭയും മാത്രമായിരുന്നില്ല അവകാശവാദം ഉന്നയിച്ചത്. സ്വാമി കര്‍പത്രി എന്നറിയപ്പെട്ടിരുന്ന ഹരിഹരാനന്ദ സരസ്വതി 1948-ാമാണ്ടില്‍ അഖില ഭാരതീയ രാംരാജ്യ പരിഷത്ത് എന്നൊരു പാര്‍ട്ടി രൂപീകരിച്ചു. ദശനാമി സന്യാസ സമൂഹത്തിലെ അംഗമായിരുന്നു അദ്ദേഹം. ഹിന്ദി മേഖലയില്‍ പ്രത്യേകിച്ച് രാജസ്ഥാനില്‍ ആ പാര്‍ട്ടിക്ക് സാമാന്യം സ്വാധീനം ഉണ്ടായിരുന്നു.

ഹിന്ദു ധര്‍മ്മത്തില്‍ അടിയുറച്ച രാഷ്ട്ര സങ്കല്‍പം ഒരു രാജ്യത്തിന്റെ പരിധിയില്‍ ഒതുങ്ങുന്നതല്ല എന്നായിരുന്നു കര്‍പത്രിയുടെ സിദ്ധാന്തം. വര്‍ണാശ്രമ ധര്‍മത്തില്‍ നിന്ന് വ്യതിചലിക്കാത്ത ഹിന്ദുരാഷ്ട്രമാണ് പാര്‍ട്ടി വിഭാവനം ചെയ്തത്. അഹിംസയിലും മാനവ ധര്‍മശാസ്ത്രത്തിലും അധിഷ്ഠിതമായ ഏക സിവില്‍കോഡ് നടപ്പാക്കണമെന്ന് പരിഷത്ത് ആവശ്യപ്പെട്ടു.

അങ്ങനെ ഒന്നാമത്തെ പൊതുതെരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തിനില്‍ക്കുമ്പോള്‍ സനാതന ധര്‍മത്തെ രക്ഷിക്കാനും ക്ഷേമരാഷ്ട്രം സ്ഥാപിക്കാനും മൂന്ന് രാഷ്ട്രീയ കക്ഷികള്‍ പരസ്പരം ഏറ്റുമുട്ടി.