സ്വതന്ത്ര ഇന്ത്യയിലെ ജനാധിപത്യ മാമാങ്കം 

December 30, 2016, 1:40 pm
സ്വതന്ത്ര ഇന്ത്യയിലെ ജനാധിപത്യ മാമാങ്കം 
Columns
Columns
സ്വതന്ത്ര ഇന്ത്യയിലെ ജനാധിപത്യ മാമാങ്കം 

സ്വതന്ത്ര ഇന്ത്യയിലെ ജനാധിപത്യ മാമാങ്കം 

1950 ജനുവരി 26-ന് ഭരണഘടന നിലവില്‍വന്നതോടെ എത്രയും വേഗം പൊതുതെരഞ്ഞെടുപ്പ് നടത്താന്‍ ജവഹര്‍ലാല്‍ നെഹ്‌റു ഉത്സാഹിച്ചു. സാര്‍വ്വത്രിക പ്രായപൂര്‍ത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തില്‍ നടത്തുന്ന തെരഞ്ഞെടുപ്പിലൂടെ തന്റെ ഭരണത്തിന്റെയും ഭരണഘടനയുടെയും വിശ്വാസ്യത തെളിയിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. ഭരണഘടന പ്രാബല്യത്തില്‍ വന്ന അന്നുതന്നെ തെരഞ്ഞെടുപ്പ് കമ്മീഷനും നിലവില്‍ വന്നു. പശ്ചിമ ബംഗാളില്‍ നിന്നുള്ള ഐസിഎസ് ഉദ്യോഗസ്ഥന്‍ സുകുമാര്‍ സെന്‍ ആയിരുന്നു ആദ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍. അദ്ദേഹം 1950 മാര്‍ച്ച് 21-ന് ചുമതലയേറ്റു.

1899-ല്‍ കല്‍ക്കട്ടയിലെ ഒരു വൈദ്യബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച സുകുമാര്‍ സെന്‍ പ്രസിഡന്‍സി കോളേജിലും ലണ്ടന്‍ സര്‍വ്വകലാശാലയിലുമായി വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചു. ഗണിതശാസ്ത്രത്തില്‍ സ്വര്‍ണമെഡലോടെ ബിരുദം നേടി. 1921-ല്‍ ഇന്ത്യന്‍ സിവില്‍ സര്‍വ്വീസില്‍ പ്രവേശിച്ചു. വിവിധ ജില്ലകളില്‍ കളക്ടറായും ജഡ്ജിയായും സേവനം അനുഷ്ഠിച്ചു. പശ്ചിമബംഗാളില്‍ ചീഫ് സെക്രട്ടറിയായിരിക്കുമ്പോഴാണ് അദ്ദേഹത്തെ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചത്.

ഇന്ത്യ പോലെ വിസ്തൃതവും ജനബഹുലവും വൈവിധ്യപൂര്‍ണവുമായ ഒരു രാജ്യത്ത് സാര്‍വ്വത്രിക വോട്ടവകാശത്തിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടത്തുക ദുഷ്‌കരമാണ്. 17.6 കോടി വോട്ടര്‍മാരില്‍ 85 ശതമാനം നിരക്ഷരരും ദരിദ്രരും ജനാധിപത്യ സംവിധാനത്തെക്കുറിച്ച് തികച്ചും അജ്ഞരും ആയിരിക്കുമ്പോള്‍ അത് ഏറെക്കുറെ അസാധ്യം തന്നെയാണ്. ഇന്ത്യന്‍ ജനാധിപത്യം പരമ പരാജയമായിരിക്കുമെന്ന് പാശ്ചാത്യ നിരീക്ഷകര്‍ ഒന്നടങ്കം വിധിയെഴുതി.സുകുമാര്‍ സെന്‍, ആദ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍
സുകുമാര്‍ സെന്‍, ആദ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍

സുകുമാര്‍ സെന്‍ വിമര്‍ശനത്തെയോ പ്രതികൂല പ്രചരണത്തെയോ ഗൗനിച്ചില്ല. സമയബന്ധിതമായി വോട്ടര്‍പട്ടിക തയ്യാറാക്കുന്നതായിരുന്നു ആദ്യ കടമ്പ. രാജ്യത്തെ വലിയൊരു വിഭാഗം സ്ത്രീകള്‍ സ്വന്തം പേര് വെളിപ്പെടുത്താന്‍ കൂട്ടാക്കിയില്ല. ഭര്‍ത്താവിന്റെയോ അച്ഛന്റെയോ മറ്റ് പുരുഷ ബന്ധുക്കളുടെയോ മേല്‍വിലാസത്തില്‍ അറിയപ്പെടാനാണ് അവര്‍ ആഗ്രഹിച്ചത്. പേര് പറയാത്തവര്‍ക്ക് വോട്ടില്ലെന്ന് സെന്‍ തീരുമാനിച്ചു. അതുകൊണ്ട് 28 ലക്ഷം സ്ത്രീകള്‍ക്ക് ആദ്യ തെരഞ്ഞെടുപ്പില്‍ സമ്മതിദാന അവകാശം വിനിയോഗിക്കാന്‍ കഴിഞ്ഞില്ല.

പൊതുതെരഞ്ഞെടുപ്പിനായി 20 ലക്ഷം ബാലറ്റ് പെട്ടികള്‍ വേണ്ടിവന്നു. 2,24,000 പോളിംഗ് ബൂത്തുകള്‍ സജ്ജീകരിച്ചു. വോട്ടെടുപ്പിനും വോട്ടെണ്ണലിനുമായി 56,000 ഉദ്യോഗസ്ഥരുടെയും 2,80,000 വോളണ്ടിയര്‍മാരുടെയും 2,24000 പോലിസുകാരുടെയും സേവനം ലഭ്യമാക്കി. തെരഞ്ഞെടുപ്പ് ആവശ്യത്തിലേക്ക് 16,500 ക്ലാര്‍ക്കുമാരെ ആറുമാസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചു.

ബാലറ്റുപേപ്പറില്‍ സ്ഥാനാര്‍ത്ഥികളുടെ പേര് വായിച്ച് വോട്ടുചെയ്യാന്‍ മാത്രം പാണ്ഡിത്യം വോട്ടര്‍മാര്‍ക്കില്ലാത്തതിനാല്‍ വളരെ ലളിതമായ തെരഞ്ഞെടുപ്പ് രീതിയാണ് സെന്‍ ആവിഷ്‌കരിച്ച് നടപ്പാക്കിയത്. സ്ഥാനാര്‍ത്ഥിയുടെ പേരും അടയാളവും രേഖപ്പെടുത്തിയ പെട്ടികള്‍ നിരത്തിവെയ്ക്കും. വോട്ടര്‍ തനിക്ക് കിട്ടിയ ബാലറ്റ് പേപ്പര്‍ താല്‍പര്യമുള്ള സ്ഥാനാര്‍ത്ഥിയുടെ പെട്ടിയില്‍ വെറുതെ നിക്ഷേപിച്ചാല്‍ മതി. പിന്നീട് ഓരോ പെട്ടിയും തുറന്ന് വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പ് രീതി ജനങ്ങളെ പരിചയപ്പെടുത്താന്‍ റേഡിയോ പ്രക്ഷേപണത്തേയും സിനിമയേയും ഉപയോഗിച്ചു.

ദേശീയ പാര്‍ട്ടികള്‍ക്കും പ്രാദേശിക പാര്‍ട്ടികള്‍ക്കും സ്വതന്ത്രര്‍ക്കും തെരഞ്ഞെടുപ്പ് ചിഹ്നങ്ങള്‍ അനുവദിച്ചു. കോണ്‍ഗ്രസിന് നുകം വെച്ച കാള, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അരിവാളും ധാന്യക്കതിരും, സോഷ്യലിസ്റ്റ് പാര്‍ട്ടിക്ക് ആല്‍മരം, കിസാന്‍ മസ്ദൂര്‍ പ്രജാപാര്‍ട്ടിക്ക് കുടില്‍, ആര്‍എസ്പിക്ക് മണ്‍വെട്ടിയും മണ്‍കോരിയും, ഫോര്‍വേഡ് ബ്ലോക്ക്(മാര്‍ക്‌സിസ്റ്റ്)ന് സിംഹം, ഹിന്ദുമഹാസഭയ്ക്ക് കുതിരയും കുതിരക്കാരനും, ജനസംഘത്തിന് ദീപം, രാംരാജ്യ പരിഷത്തിന് ഉദയസൂര്യന്‍, ഷെഡ്യൂള്‍ഡ് കാസ്റ്റ്‌സ് ഫെഡറേഷന് ആന...

ജമ്മുകശ്മീര്‍ ഒഴികെ രാജ്യത്തെല്ലായിടത്തും ആദ്യ പൊതുതെരഞ്ഞെടുപ്പ് ആഘോഷമായി നടന്നു. ലോക്‌സഭയിലേക്കും 22 സംസ്ഥാന നിയമസഭകളിലേക്കും തെരഞ്ഞെടുപ്പ് നടന്നു. 75 പാര്‍ട്ടികളെ പ്രതിനിധീകരിച്ച് 17,000 സ്ഥാനാര്‍ത്ഥികള്‍, കൂടാതെ ആറായിരത്തോളം കക്ഷിരഹിതര്‍. ലോക്‌സഭയിലെ 489 സ്ഥാനങ്ങളിലേക്കായി 401 മണ്ഡലങ്ങള്‍ - അവയില്‍ 86 എണ്ണം ദ്വയാംഗമണ്ഡലങ്ങളും ഒരെണ്ണം ത്രൈയാംഗമണ്ഡലവും. സംസ്ഥാന നിയമസഭകളിലേക്ക് 3289 സീറ്റുകള്‍. 1951 ഒക്ടോബര്‍ 21ന് ആരംഭിച്ച തെരഞ്ഞെടുപ്പ് മാമാങ്കം 1952 ഫെബ്രുവരി 24-ന് സമാപിച്ചു.

മുന്‍തെരഞ്ഞെടുപ്പുകളില്‍ എന്ന പോലെ ജവഹര്‍ലാല്‍ നെഹ്‌റു ആയിരുന്നു അത്തവണയും താരം. അദ്ദേഹം വിമാനത്തിലും കാറിലുമായി നാല്‍പ്പതിനായിരം കിലോമീറ്റര്‍ താണ്ടി മുന്നൂറോളം പൊതുസമ്മേളനങ്ങളെ അഭിസംബോധന ചെയ്തു. പോയിടത്തൊക്കെ കമ്മ്യൂണിസ്റ്റുകാരെയും ജനസംഘത്തേയും രൂക്ഷമായി വിമര്‍ശിച്ചു. ഇന്ത്യയില്‍ കമ്മ്യൂണിസത്തിന്റെ ഏറ്റവും വലിയ ശത്രുക്കള്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണെന്ന് പരിഹസിച്ചു. ജനസംഘവും ആര്‍എസ്എസും മതേതര ജനാധിപത്യ മൂല്യങ്ങള്‍ക്ക് ഭീഷണിയാണെന്ന് കുറ്റപ്പെടുത്തി. ജവഹര്‍ലാലിന്റെ വിമര്‍ശനത്തെ ശ്യാമപ്രസാദ് മുഖര്‍ജി ചിരിച്ചു തള്ളി. ‘’പണ്ഡറ്റ് നെഹ്‌റുവാണ് ജനസംഘത്തിന്റെ ഓണററി പബ്ലിസിറ്റി സെക്രട്ടറി. പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് പണമില്ലാതെ വിഷമിക്കുന്ന പാര്‍ട്ടിയെ പ്രധാനമന്ത്രിയുടെ നിശിതവിമര്‍ശനമാണ് പ്രസിദ്ധിയിലേക്ക് ഉയര്‍ത്തിയത് അദ്ദേഹത്തിന് പ്രത്യേക നന്ദി’’ .

കോണ്‍ഗ്രസിന് ഏതായാലും സാമ്പത്തിക ബുദ്ധിമുട്ട് തെല്ലുമുണ്ടായില്ല. രാജ്യത്തെ സകല വ്യവസായികളും പാര്‍ട്ടിയെ സഹായിക്കാന്‍ അഹമഹമിഹയാ മുന്നോട്ടുവന്നു. കരിഞ്ചന്തക്കാരും പൂഴ്ത്തിവെപ്പുകാരും ഭൂസ്വാമിമാരും അതേ പാത പിന്തുടര്‍ന്നു. പ്രചപണരംഗത്ത് കോണ്‍ഗ്രസിന്റെ മേല്‍ക്കോയ്മ പ്രകടമായിരുന്നു.

വോട്ടെണ്ണി തീര്‍ന്നപ്പോള്‍ ലോക്‌സഭയില്‍ 363 സ്ഥാനങ്ങള്‍ കരസ്ഥമാക്കി കോണ്‍ഗ്രസ് അജയ്യത തെളിയിച്ചു, പോള്‍ ചെയ്ത വോട്ടിന്റെ 45 ശതമാനം പാര്‍ട്ടി നേടി. 22-ല്‍ 18 സംസ്ഥാനങ്ങളില്‍ കേവല ഭൂരിപക്ഷത്തോടെ മന്ത്രിസഭ രൂപീകരിച്ചു. മറ്റ് നാലിടത്തും - മദ്രാസ് തിരുവിതാംകൂര്‍ കൊച്ചി, ഒറീസ, പെപ്‌സു - കോണ്‍ഗ്രസ് ആയിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷി. സ്വതന്ത്രരരുടെയും ചെറുപാര്‍ട്ടികളുടെയും പിന്തുണയോടെ അവിടെയും അവര്‍ തന്നെ അധികാരത്തിലേറി.

പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു ഫൂല്‍പൂര്‍ നിയോജകമണ്ഡലത്തില്‍ നിന്ന് 1,73,520 വോട്ടിന്റെ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ടു. സഹോദരി വിജയലക്ഷ്മി പണ്ഡിറ്റ് ലഖ്‌നൗ സെന്‍ട്രലില്‍ നിന്നും മരുമകന്‍ ഫിറോസ് ഗാന്ധി റായ്ബറേലിയില്‍ നിന്നും വിജയിച്ചു. സര്‍ദാര്‍ പട്ടേലിന്റെ മകള്‍ മണിബെന്‍ പട്ടേല്‍ കൈര സൗത്തില്‍ നിന്നും ജയിച്ചു. മൗലാനാ ആസാദ് റാംപൂരില്‍ നിന്നും ഗുല്‍സരിലാല്‍ നന്ദ സബര്‍കാന്തയില്‍ നിന്നും കെ കാമരാജ് ശ്രീവില്ലിപുത്തൂരില്‍ നിന്നും ടി ടി കൃഷ്ണമാചാരി മദ്രാസ് സിറ്റിയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടു...

പ്രതിപക്ഷ കക്ഷികള്‍ക്ക് കനത്ത തിരിച്ചടിയേറ്റു. ദേശീയ ബദലാകാന്‍ കച്ചകെട്ടി ഇറങ്ങിയ സോഷ്യലിസ്റ്റ് പാര്‍ട്ടി ഒരു ഡസന്‍ സ്ഥാനങ്ങള്‍ കൊണ്ട് തൃപ്തിപ്പെട്ടു. ബീഹാറില്‍ മൂന്നും മദ്രാസിലും യുപിയിലും രണ്ട് വീതവും ഹൈദരാബാദ്, ഒറീസ, വിന്ധ്യപ്രദേശ്, ആസ്സാം, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ ഓരോന്നും സീറ്റുകളാണ് പാര്‍ട്ടിക്ക് കിട്ടിയത്.

കിസാന്‍ മസ്ദൂര്‍ പ്രജാപാര്‍ട്ടിയുടെ കാര്യം അതിലും കഷ്ടമായിരുന്നു. കമ്മ്യൂണിസ്റ്റുകാരുമായി സഖ്യം ചേര്‍ന്ന് മത്സരിച്ച മദ്രാസില്‍ അവര്‍ക്ക് ആറ് സീറ്റുകള്‍ നേടാന്‍ കഴിഞ്ഞു. മൈസൂരിലും വിന്ധ്യപ്രദേശിലും ഓരോ സ്ഥാനങ്ങളും നേടി. പാര്‍ട്ടി അധ്യക്ഷന്‍ ജെ ബി കൃപലാനി യുപിയിലെ ഫൈസാബാദില്‍ പരാജിതനായി. ഭാര്യ സുചേത കൃപലാനി ന്യൂഡല്‍ഹിയില്‍ നിന്ന് ജയിച്ചു. വിന്ധ്യപര്‍വ്വതത്തിന് വടക്ക് പാര്‍ട്ടിക്ക് കിട്ടിയ ഏക സീറ്റ് അതായിരുന്നു.

ഇടതുപക്ഷ പാര്‍ട്ടികളുടെ സ്ഥിതിയും കേമമായിരുന്നില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് 27 പേരെ പാര്‍ലമെന്റില്‍ എത്തിക്കാന്‍ കഴിഞ്ഞു. അതില്‍ 16 പേരാണ് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ചു ജയിച്ചത്. പാര്‍ട്ടി നിരോധിക്കപ്പെട്ടതിനാല്‍ തിരുവിതാംകൂര്‍ അടക്കം പല സംസ്ഥാനങ്ങളിലും കമ്മ്യൂണിസ്റ്റുകാര്‍ സ്വതന്ത്രരായിട്ടാണ് മത്സരിച്ചത്. ഹൈദരാബാദില്‍ അവര്‍ പുരോഗമന ജനാധിപത്യമുന്നണി എന്ന തൂലികാനാമം ഉപയോഗിച്ചു. എ.കെ.ഗോപാലന്‍ കണ്ണൂര് നിന്നും ഹിരണ്‍ മുഖര്‍ജി വടക്ക് -കിഴക്കന്‍ കല്‍ക്കട്ടയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടു. നല്‍ഗൊണ്ടയില്‍ മത്സരിച്ച രവി നാരായണ്‍ റെഡ്ഢി നെഹ്‌റുവിനെയും കവച്ചുവെച്ച ഭൂരിപക്ഷത്തോടെ(2,12,325) വിജയിച്ചു.

റവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടി ബംഗാളില്‍ രണ്ടും തിരുവിതാംകൂറില്‍ ഒന്നും സീറ്റുകള്‍ നേടി. ത്രിദീപ് ചൗധരി ബഹ്‌റാംപൂരില്‍ നിന്നും ശ്രീകണ്ഠന്‍നായര്‍ കൊല്ലത്തുനിന്നും വിജയിച്ചു. ഫോര്‍വേഡ് ബ്ലോക്ക് സ്വന്തംനാടായ ബംഗാളില്‍ നിലംതൊട്ടില്ല. മദ്രാസില്‍ ഒരു സീറ്റ് നേടി. പെസന്റ്‌സ് ആന്റ് വര്‍ക്കേഴ്‌സ് പാര്‍ട്ടി ബോംബെയിലും ഹൈദരാബാദിലും ഓരോ സീറ്റു വീതം കരസ്ഥമാക്കി.

ഹിന്ദുത്വ പാര്‍ട്ടികളുടെയും പ്രകടനം ദയനീയമായിരുന്നു. ഭാരതീയ ജനസംഘം പശ്ചിമബംഗാളില്‍ രണ്ടും രാജസ്ഥാനില്‍ ഒന്നും സീറ്റുകള്‍ കൊണ്ട് തൃപ്തിപ്പെട്ടു. ഡോ. ശ്യാമപ്രസാദ് മുഖര്‍ജി തെക്കുകിഴക്കന്‍ കല്‍ക്കട്ടയില്‍ നിന്ന് വിജയിച്ചു. ഹിന്ദുമഹാസഭ ബംഗാളിലും യുപിയിലും ഓരോ സീറ്റ് നേടി. ഹുഗ്ലി മണ്ഡലത്തില്‍ നിന്ന് നിര്‍മ്മല്‍ ചന്ദ് ചാററര്‍ജി തെരഞ്ഞെടുക്കപ്പെട്ടു. മധ്യ ഭാരതിലെ ഗ്വാളിയോര്‍, ഗുണെ മണ്ഡലങ്ങളില്‍ നിന്ന് വി ജി ദേശ്പാണ്ഡെ വിജയിച്ചു. അദ്ദേഹം ഗ്വാളിയോര്‍ സീറ്റ് ഉപേക്ഷിച്ചു. ഗുണെ നിലനിര്‍ത്തി. ഗ്വാളിയോര്‍ ഉപതെരഞ്ഞെടുപ്പില്‍ ഹിന്ദുമഹാസഭയിലെ തന്നെ എന്‍ ബി ഖരെ വിജയിച്ചു. രാം രാജ്യ പരിഷത്ത് രാജസ്ഥാനിലെ സികാര്‍, ഭില്‍വാര, കോട്ടബുണ്ടി സീറ്റുകള്‍ മാത്രം നേടി.

ഷെഡ്യൂള്‍ഡ് കാസ്റ്റ്‌സ് ഫെഡറേഷന്‍ ബോംബെയിലും ഹൈദരാബാദിലും ഓരോ സീറ്റ് കരസ്ഥമാക്കി. ഭരണഘടനാ ശില്‍പി ഡോ. അംബേദ്കര്‍ വടക്കന്‍ ബോംബെ മണ്ഡലത്തില്‍ പരാജയം ഏറ്റുവാങ്ങി. ശിരോമണി അകാലിദള്‍ പഞ്ചാബിലും പെപ്‌സുവിലും ഈരണ്ടുസീറ്റുകള്‍ നേടി മുഖം രക്ഷിച്ചു. മുസ്ലീം ലീഗിന്റെ പ്രാതിനിധ്യം മലപ്പുറത്തെ ബി പോക്കറില്‍ ഒതുങ്ങി.

രാജ്യസഭ തെരഞ്ഞെടുപ്പ് മാര്‍ച്ച് 27ന് നടന്നു. അതിലും കോണ്‍ഗ്രസ് മൃഗീയ ഭൂരിപക്ഷം നേടി. ഏപ്രില്‍ 15-ന് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു വീണ്ടും ഇന്ത്യയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. വിദേശകാര്യവകുപ്പ് അദ്ദേഹം തന്നെ കൈകാര്യം ചെയ്തു. സുപ്രധാനമായ മൂന്ന് വകുപ്പുകള്‍ അരാഷ്ട്രീയ ബുദ്ധിജീവികളെ ഏല്‍പിച്ചു- സി ഡി ദേശ്മുഖ്(ധനകാര്യം), കൈലാസ് നാഥ് കട്ജു (ആഭ്യന്തരം), ഗോപാലസ്വാമി അയ്യങ്കാര്‍(പ്രതിരോധം). ശേഷം വകുപ്പുകള്‍ കോണ്‍ഗ്രസുകാരെ തന്നെ ഏല്‍പിച്ചു. മൗലാനാ ആസാദ് വിദ്യാഭ്യാസവും ലാല്‍ ബഹദൂര്‍ ശാസ്ത്രി ഗതാഗതവും ഗുല്‍സരിലാല്‍ നന്ദ ഊര്‍ജ്ജവും കയ്യാളി.

നെഹ്‌റുവിനെ എതിര്‍ക്കാനോ ചോദ്യം ചെയ്യാനോ കെല്‍പ്പുള്ള ഒരാളും കേന്ദ്രമന്ത്രിസഭയില്‍ ഉണ്ടായിരുന്നില്ല. കോണ്‍ഗ്രസ് പാര്‍ട്ടിയിലും ഉണ്ടായിരുന്നില്ല. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഭാരിച്ച ജോലികള്‍ക്കിടയില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് പദവി കൂടി പണ്ഡിറ്റ്ജി അലങ്കരിച്ചു. അങ്ങനെ രാജ്യത്ത് നെഹ്‌റുയുഗം ഉച്ചസ്ഥായിയിലെത്തി.