മുഖര്‍ജിയുടെ ചരമവും അബ്ദുള്ളയുടെ പതനവും

March 17, 2017, 1:19 pm
മുഖര്‍ജിയുടെ ചരമവും അബ്ദുള്ളയുടെ പതനവും
Columns
Columns
മുഖര്‍ജിയുടെ ചരമവും അബ്ദുള്ളയുടെ പതനവും

മുഖര്‍ജിയുടെ ചരമവും അബ്ദുള്ളയുടെ പതനവും

ആദ്യ പൊതുതെരഞ്ഞെടുപ്പില്‍ 94 സീറ്റിലാണ് ജനസംഘം മത്സരിച്ചത്. ബംഗാളില്‍ രണ്ടും രാജസ്ഥാനില്‍ ഒന്നും വിജയിച്ചു. 49 ഇടത്ത് ജാമ്യസംഖ്യ നഷ്ടപ്പെട്ടു. യുപിയില്‍ 14ഉം മധ്യപ്രദേശില്‍ നാലും പഞ്ചാബിലും ഡല്‍ഹിയിലും മൂന്ന് വീതവും ബംഗാളിലും മധ്യ ഭാരതിലും ഈരണ്ടും രാജസ്ഥാനിലും ഹിമാചലിലും വിന്ധ്യപ്രദേശിലും ഓരോ സീറ്റിലും പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ രണ്ടാം സ്ഥാനത്തെത്തി. വിവിധ നിയമസഭകളിലായി 33 പേരെ വിജയിപ്പിക്കാന്‍ കഴിഞ്ഞു. പുതുതായി രൂപംകൊണ്ട പാര്‍ട്ടി എന്ന നിലയ്ക്ക് ജനസംഘത്തിന്റെ പ്രകടനം തീരെ മോശമായിരുന്നില്ല.

ഒന്നാം ലോക്‌സഭയില്‍ ജനസംഘവും ഹിന്ദുമഹാസഭയും രാംരാജ്യ പരിഷത്തും ശിരോമണി അകാലിദളും ചേര്‍ന്ന് ദേശീയ ജനാധിപത്യമുന്നണി രൂപീകരിച്ചു. ഏതാനും ചെറുകക്ഷികളും സ്വതന്ത്രരും മുന്നണിയില്‍ ചേര്‍ന്നു. എന്നാല്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയും കിസാന്‍ മസ്ദൂര്‍ പ്രജാപാര്‍ട്ടിയും സഹകരിച്ചില്ല. ശ്യാമപ്രസാദ് മുഖര്‍ജി ആയിരുന്നു മുന്നണിയുടെ നേതാവ്. സഭയില്‍ പത്ത് ശതമാനം പ്രാതിനിധ്യമില്ല എന്ന കാരണത്താല്‍ അദ്ദേഹത്തെ പ്രതിപക്ഷ നേതാവായി അംഗീകരിക്കാന്‍ സ്പീക്കര്‍ പി ജി മവ്‌ലങ്കര്‍ കൂട്ടാക്കിയില്ല.

ഗംഭീര പാര്‍ലമെന്റേറിയനായിരുന്നു ഡോ. മുഖര്‍ജി. അദ്ദേഹം നെഹ്‌റു ഗവണ്‍മെന്റിന്റെ ആഭ്യന്തര നയത്തെയും വിദേശ നയത്തെയും അതിരൂക്ഷമായി വിമര്‍ശിച്ചു. സഭാതലം പലപ്പോഴും നെഹ്‌റു-മുഖര്‍ജി ഏറ്റുമുട്ടലിന് വേദിയായി. കശ്മീരും ടിബറ്റും കിഴക്കന്‍ ബംഗാളുമൊക്കെ തര്‍ക്കവിഷയമായി. 1951 ജൂണ്‍ രണ്ടിന് നെഹ്‌റു മുഖര്‍ജിയെ വര്‍ഗീയവാദി എന്നുവിശേഷിപ്പിച്ചു. മുഖര്‍ജി അതേ നാണയത്തില്‍ തിരിച്ചടിച്ചു. നെഹ്‌റുവാണ് കൊടും വര്‍ഗീയവാദി, ഇന്ത്യാവിഭജനത്തിന് ഉത്തരവാദി എന്നാരോപിച്ചു. ഇവിടെ വര്‍ഗീയതയില്ല, വോട്ട് കിട്ടാന്‍ വേണ്ടിയുള്ള മുസ്ലീം പ്രീണനമേയുള്ളൂ; മുസ്ലീം വര്‍ഗീയതയുടെ അള്‍ത്താരയില്‍ നെഹ്‌റു ഇന്ത്യന്‍ ദേശീയതയെ ബലികഴിച്ചു എന്ന് കുറ്റപ്പെടുത്തി.

ഗോവധ നിരോധനത്തിനായി ആര്‍എസ്എസ് ആരംഭിച്ച പ്രക്ഷോഭത്തിന് ജനസംഘം പിന്തുണ പ്രഖ്യാപിച്ചു. ലാലാ ഹര്‍ദേവ് സഹായ് രൂപീകരിച്ച ഗോരക്ഷാ മഹാഅഭിയാന്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ ഗോപാഷ്ടമി ദിനമായ 1952 ഒക്ടോബര്‍ 26-ന് ആര്‍എസ്എസ് ജനസംഘം പ്രവര്‍ത്തകര്‍ ഗോവധത്തിനെതിരെ ഒപ്പുശേഖരണം സംഘടിപ്പിച്ചു. 53918 സ്വയംസേവകര്‍ 84026 കേന്ദ്രങ്ങളില്‍ നിന്നായി 17573227 ഒപ്പുകള്‍ സമാഹരിച്ചു. ഒപ്പിട്ടവരില്‍ 322969 പേര്‍ മുസ്ലീങ്ങളും 60649 പേര്‍ ക്രിസ്ത്യാനികളുമാണെന്ന് സംഘാടകര്‍ അവകാശപ്പെട്ടു.

ഹിന്ദു സംഘടനകള്‍ രാംലീല മൈതാനത്ത് വമ്പിച്ച പൊതുസമ്മേളനം നടത്തി. ഒപ്പിട്ട കടലാസുകള്‍ പ്രദര്‍ശിപ്പിച്ചു. ഗുരുജി ഗോള്‍വാല്‍ക്കറും ശ്യാമപ്രസാദ് മുഖര്‍ജിയും നിര്‍മല്‍ ചന്ദ് ചാറ്റര്‍ജിയും ഗോസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സര്‍ക്കാരിന്റെ നിഷേധാത്മക സമീപനത്തെ വിമര്‍ശിച്ചും പ്രസംഗിച്ചു. ഡിസംബര്‍ എട്ടിന് ജനസംഘത്തിന്റെയും ഹിന്ദുമഹാസഭയുടെയും നേതാക്കള്‍രാഷ്ട്രപതിയെക്കണ്ട് നിവേദനം സമര്‍പ്പിച്ചു. ഡോ. രാജേന്ദ്രപസാദ് അനുഭാവം പ്രകടിപ്പിച്ചു. വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്താമെന്ന് ഉറപ്പുനല്‍കി.

നെഹ്‌റു പക്ഷേ വിപരീത നിലപാടാണ് കൈകൊണ്ടത്. ഒപ്പുശേഖരണവുമായി സഹകരിക്കരുതെന്ന് കോണ്‍ഗ്രസുകാരെ വിലക്കി. ആര്‍എസ്എസുകാര്‍ ഒരു ഭീമഹര്‍ജി തയ്യാറാക്കി നെഹ്‌റുവിന്റെ മണ്ഡലമായ ഫൂല്‍പൂരില്‍ ഒപ്പുശേഖരണം നടത്തി. ''അങ്ങയുടെ മണ്ഡലത്തിലെ സമ്മതിദായകരായ ഞങ്ങള്‍ ഏത് പ്രകാരത്തിലുമുള്ള ഗോഹത്യ നിയമം മൂലം നിരോധിക്കണമെന്ന് ആവശ്യപ്പെടുന്നു. ഞങ്ങളുടെ പ്രതിനിധിയായ താങ്കള്‍ ലോക്‌സഭയില്‍ ഗോഹത്യാനിരോധന ബില്ലിന് പൂര്‍ണപിന്തുണ നല്‍കി ഈ ജനകീയാവശ്യം നിറവേറ്റണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഏതെങ്കിലും വിധത്തില്‍ ഗോഹത്യയെ അനുകൂലിക്കുന്നയാള്‍ ഞങ്ങളുടെ പ്രതിനിധിയായി തുടരാന്‍ പാടില്ല''. ഈ നിവേദനത്തില്‍ ഫൂല്‍പൂരിലെ 248422 വോട്ടര്‍മാര്‍ ഒപ്പിട്ടു. അത് മുന്‍ തെരഞ്ഞെടുപ്പില്‍ നെഹ്‌റുവിന് കിട്ടിയ ഭൂരിപക്ഷത്തെക്കാള്‍ അല്പം കൂടുതലായിരുന്നു.

ഗോവധനിരോധനത്തിന് കേന്ദ്ര നിയമം പറ്റില്ല, സംസ്ഥാനങ്ങള്‍ക്ക് വേണമെങ്കില്‍ സ്വന്തം നിയമം പാസാക്കാമെന്നായിരുന്നു നെഹ്‌റുവിന്റെ നിലപാട്. ഹിന്ദുത്വ ശക്തികളുടെ സമ്മര്‍ദ്ദത്തിന്റെ ഫലമായി 1958 ആകുമ്പോഴേക്കും ഉത്തര്‍പ്രദേശ്, പഞ്ചാബ്, ബിഹാര്‍, മധ്യപ്രദേശ്, മൈസൂര്‍ എന്നീ സംസ്ഥാനങ്ങള്‍ ഗോവധം നിരോധിച്ചു. ഒറീസയും ആന്ധ്രയും ബോംബെയും അതേവഴി തന്നെ ആലോചിച്ചു.

1949 ജനുവരി ഒന്നിന് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നെങ്കിലും കശ്മീര്‍ ശാന്തമായിരുന്നില്ല. പകുതി വഴിയില്‍ യുദ്ധം അവസാനിപ്പിച്ചതിനെ പ്രതിപക്ഷ കക്ഷികള്‍ വിമര്‍ശിച്ചു. സംസ്ഥാനം പൂര്‍ണമായി തിരിച്ചുപിടിക്കുംമുമ്പ് വെടിനിര്‍ത്തിയത് നട്ടെല്ലില്ലായ്മയാണെന്ന് കുറ്റപ്പെടുത്തി. അതേസമയം, ഷെയ്ഖ് അബ്ദുള്ള സംസ്ഥാനത്ത് വിപ്ലവകരമായ പരിഷ്‌കാരങ്ങള്‍ നടപ്പാക്കി.

കശ്മീര്‍ താഴ്‌വരയിലെ കൃഷി ഭൂമി മുഴുവനും രാജകുടുംബത്തിന്റെയോ ഹിന്ദുക്കളായ ജാഗീര്‍ദാര്‍മാരുടെയോ ചക്ദാര്‍മാരുടെയോ ഉടമസ്ഥതയിലായിരുന്നു. കുടിയാന്മാര്‍ മൊത്തം മുസ്ലീങ്ങളും ആയിരുന്നു. പണം പലിശയ്ക്ക് കൊടുക്കുന്നത് ഹിന്ദുക്കള്‍; കടം വാങ്ങുന്നത് മുഴുവന്‍ മുസ്ലീം കര്‍ഷകര്‍. ഷെയ്ഖ് അബ്ദുള്ള ഭൂപരിഷ്‌കരണത്തെക്കുറിച്ച് പഠിക്കാന്‍ 1949 ഏപ്രില്‍ മാസത്തില്‍ ഒരു കമ്മിറ്റിയെ നിയോഗിച്ചു. റിപ്പോര്‍ട്ട് കിട്ടുംവരെ കാത്തിരിക്കാതെ ഭൂപരിധി 22.75 ഏക്കറായി നിജപ്പെടുത്തി. മിച്ചഭൂമി കുടിയാന്മാര്‍ക്ക് പതിച്ചുകൊടുത്തു. കടാശ്വാസ നിയമം പാസാക്കി. കൊള്ളപലിശ നിരോധിച്ചു.



ശ്യാമപ്രസാദ് മുഖര്‍ജി, എസ്എന്‍ ബാനര്‍ജി, വിഡി സവര്‍ക്കര്‍, സിഎന്‍ ചാറ്റര്‍ജി എന്നിവര്‍ ഹിന്ദുമഹാസഭ സമ്മേളനത്തില്‍
ശ്യാമപ്രസാദ് മുഖര്‍ജി, എസ്എന്‍ ബാനര്‍ജി, വിഡി സവര്‍ക്കര്‍, സിഎന്‍ ചാറ്റര്‍ജി എന്നിവര്‍ ഹിന്ദുമഹാസഭ സമ്മേളനത്തില്‍

കശ്മീരിലെ ഭൂപരിഷ്‌കരണത്തെ പണ്ഡിറ്റ് നെഹ്‌റു അഭിനന്ദിച്ചു. എന്നാല്‍ ജനകീയ സര്‍ക്കാരിന്റെ പരിഷ്‌കാരങ്ങളെ മഹാരാജാവ് അപലപിച്ചു. ഷെയ്ഖിന്റെയും നെഹ്‌റുവിന്റെയും കണ്ണിലെ കരടായി മാറിയ ഹരിസിംഗ് 1919 ജൂണ്‍ ഒമ്പതിന് സ്ഥാനത്യാഗം ചെയ്തു. താമസം ബോംബെയ്ക്ക് മാറ്റി. കൗമാരം വിടാത്ത മകന്‍ കരണ്‍സിംഗ് മഹാരാജാവായി.

ഭൂപരിഷ്‌കരണവും കടാശ്വാസ നിയമവും മഹാരാജാവിന്റെ സ്ഥാനത്യാഗവും ജമ്മുവിലെ ഡോഗ്രകളെയും കശ്മീരി പണ്ഡിറ്റുമാരെയും പ്രകോപിപ്പിച്ചു.അവര്‍ ജമ്മു പ്രജാപരിഷത്ത് രൂപീകരിച്ചു. പ്രക്ഷോഭം ആരംഭിച്ചു. പണ്ഡിറ്റ് പ്രേംനാഥ് ഡോഗ്രയും ബല്‍രാജ് മഥോക്കും ആയിരുന്നു പരിഷത്തിന്റെ നേതാക്കള്‍. ഭൂപരിഷ്‌കരണം റദ്ദാക്കണം എന്നതിനുപരി അവര്‍ മുന്നോട്ടുവെച്ച ആവശ്യം കശ്മീരിനെ ഇന്ത്യയുമായി പൂര്‍ണമായി ലയിപ്പിക്കണം എന്നായിരുന്നു.

അതേസമയം, ജമ്മുകശ്മീരിന് ഇന്ത്യന്‍ ഭരണഘടന താല്‍ക്കാലികമായിട്ടാണെങ്കിലും പ്രത്യേക പദവി നല്‍കി. പാര്‍ലമെന്റിന്റെ നിയമനിര്‍മാണാധികാരം വിദേശകാര്യം, പ്രതിരോധം, വാര്‍ത്താ വിനിമയം എന്നിവയ്ക്ക് മാത്രമായി പരിമിതപ്പെടുത്തി. സംസ്ഥാനത്തിന് പ്രത്യേക ഭരണഘടന ഉണ്ടാക്കുന്നതിനും 370-ാം അനുച്ഛേദം അനുമതി നല്കി. കശ്മീരിനുമേല്‍ ബ്രിട്ടീഷ് ചക്രവര്‍ത്തിക്കുപോലും പരമാധികാരം ഉണ്ടായിരുന്നില്ലെന്നും ഇന്ത്യന്‍ യൂണിയനുമായി മഹാരാജാവ് ഒപ്പിട്ട ലയനകരാറില്‍ വിദേശകാര്യവും പ്രതിരോധവും വാര്‍ത്താവിനിമയവും ഒഴികെയുള്ള വകുപ്പുകള്‍ വിട്ടുകൊടുത്തിരുന്നില്ലെന്നുമാണ് പുറമേയ്ക്ക് പറഞ്ഞ കാരണം. ഷെയ്ഖ് അബ്ദുള്ള പരമാവധി സ്വയംഭരണം ആഗ്രഹിച്ചു. അതുനല്‍കാന്‍ നെഹ്‌റു സന്നദ്ധനുമായിരുന്നു. സര്‍ദാര്‍ പട്ടേലും ഡോ. അംബേദ്കറും ശ്യാമപ്രസാദ് മുഖര്‍ജിയുമടക്കം അന്നത്തെ കേന്ദ്രമന്ത്രിമാരില്‍ നല്ലൊരുഭാഗം ഈ പ്രീണനത്തിന് എതിരായിരുന്നു. എങ്കിലും പരസ്യമായി പ്രതികരിച്ചില്ല.

1951 മെയ് ഒന്നിന് ജമ്മുകശ്മീരില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. 100 അംഗങ്ങളുള്ള നിയമസഭയാണ് വിഭാവനം ചെയ്തത്. അതില്‍ 25 സീറ്റുകള്‍ പാക് അധിനിവേശ കശ്മീരിന് വേണ്ടി മാറ്റിവെച്ചു. ബാക്കി 75-ലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. പ്രജാപരിഷത്ത് സ്ഥാനാര്‍ത്ഥികളുടെ മൊത്തം പത്രികയും 'സാങ്കേതിക' കാരണങ്ങളാല്‍ നിരസിക്കപ്പെട്ടു. 72 സീറ്റില്‍ നാഷണല്‍ കോണ്‍ഫറന്‍സ് എതിരില്ലാതെ ജയിച്ചു. ബാക്കി മൂന്നെണ്ണം മത്സരിച്ചും ജയിച്ചു. തെരഞ്ഞെടുപ്പ് ശുദ്ധതട്ടിപ്പാണെന്ന് പ്രജാപരിഷത്തും പാകിസ്താനും വിദേശ നിരീക്ഷകരും ഏകസ്വരത്തില്‍ ആക്ഷേപിച്ചു.

ഈ ഘട്ടത്തിലാണ് ആര്‍എസ്എസിന്റെ ഒത്താശയോടെ ഡോ. ശ്യാമപ്രസാദ് മുഖര്‍ജി ഭാരതീയ ജനസംഘം രൂപീകരിച്ചത്. പ്രജാപരിഷത്തിന്റെ നേതാവായിരുന്ന ബല്‍രാജ് മഥോക് ജനസംഘത്തിന്റെ ഉത്സാഹക്കമ്മറ്റിയിലും ഉണ്ടായിരുന്നു. സ്വാഭാവികമായും ജനസംഘം പ്രജാപരിഷത്തിന്റെ സമരത്തിന് പിന്തുണ നല്‍കി. ജമ്മു കശ്മീരിനെ രാജ്യത്തോട് പൂര്‍ണമായും ലയിപ്പിക്കണം, 370-ാം അനുച്ഛേദം റദ്ദാക്കണമെന്ന് 1951 ഒക്ടോബര്‍ 21-ന് ഡല്‍ഹിയില്‍ നടന്ന ജനസംഘത്തിന്റെ രൂപീകരണസമ്മേളനം പ്രമേയം പാസാക്കി.

1951 ഒക്ടോബര്‍ 31-ന് നിയമസഭയുടെ ആദ്യ സമ്മേളനം ആരംഭിച്ചു. നിയമസഭ തന്നെ ഭരണഘടനാ അസംബ്ലിയായും പ്രവര്‍ത്തിച്ചു. ഇന്ത്യയുമായുള്ള ലയനം അംഗീകരിച്ചു. ഏറ്റെടുത്ത മിച്ചഭൂമിക്ക് നഷ്ടപരിഹാരം നല്‍കേണ്ടതില്ല എന്നുതീരുമാനിച്ചു. പ്രായപൂര്‍ത്തി വോട്ടവകാശത്താല്‍ തെരഞ്ഞെടുക്കപ്പെട്ട നിയമസഭയും സഭയില്‍ ഭൂരിപക്ഷ പിന്തുണയുള്ള പ്രധാനമന്ത്രിയും പ്രധാനമന്ത്രി തീരുമാനിക്കുന്ന മന്ത്രിസഭയുമാണ് ഉണ്ടാകേണ്ടതെന്ന് വ്യവസ്ഥ ചെയ്തു. മഹാരാജാവിന്റെ സ്ഥാനത്ത് നിയമസഭയാല്‍ തെരഞ്ഞെടുക്കപ്പെടുന്ന സദര്‍ എ റിയാസത്ത് ആയിരിക്കും ഭരണത്തലവന്‍.

നെഹ്‌റുവും ഷെയ്ഖ് അബ്ദുള്ളയും
നെഹ്‌റുവും ഷെയ്ഖ് അബ്ദുള്ളയും

കശ്മീരിന്റെ പ്രത്യേക പദവിയേയും പ്രത്യേക ഭരണഘടനയേയും ജനസംഘം അപലപിച്ചു. ഹിന്ദുമഹാസഭയും രാംരാജ്യ പരിഷത്തും ശിരോമണി അകാലിദളും ഒത്തുചേര്‍ന്ന് പ്രജാപരിഷത്തിന്റെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു. ശ്യാമപ്രസാദ് മുഖര്‍ജിയും നിര്‍മല്‍ ചന്ദ് ചാറ്റര്‍ജിയും മാസ്റ്റര്‍ താരാസിംഗും മത്സരിച്ചു പ്രസ്താവനകള്‍ പുറപ്പെടുവിച്ചു.

എന്നാല്‍ പ്രത്യേക പദവികൊണ്ടും പ്രത്യേക ഭരണഘടന കൊണ്ടും ഷെയ്ഖ് അബ്ദുള്ള തൃപ്തനായില്ല. അദ്ദേഹം കൂടുതല്‍ അധികാരം ആവശ്യപ്പെട്ടു. ഇന്ത്യക്കും പാകിസ്താനുമിടയില്‍ സ്വതന്ത്ര കശ്മീര്‍ സ്വപ്‌നം കണ്ടു. അതൊരു കിഴക്കന്‍ സ്വിറ്റ്‌സര്‍ലന്റ് ആകുമെന്ന് പ്രത്യാശിച്ചു. ചില വിദേശ പത്രപ്രവര്‍ത്തകര്‍ അവരാല്‍ കഴിയുംവിധം ഷെയ്ഖിനെ ഉത്തേജിപ്പിച്ചു. രാജേന്ദ്ര പ്രസാദ് രാഷ്ട്രപതിയും പുരുഷോത്തംദാസ് ഠണ്ഡന്‍ കോണ്‍ഗ്രസ് പ്രസിഡന്റുമായതോടെ രാജ്യത്ത് വര്‍ഗീയ ചിന്താഗതി വര്‍ധിച്ചു, മുസ്ലീങ്ങള്‍ അരക്ഷിതരാണ്, നെഹ്‌റുവിന്റെ കാലശേഷം കശ്മീരികളുടെ കാര്യം കഷ്ടത്തിലാവും എന്നൊക്കെ പ്രസംഗിക്കാന്‍ തുടങ്ങി.

പണ്ഡിറ്റ് നെഹ്‌റു ഷെയ്ഖ് അബ്ദുള്ളയുടെ നിലപാടുമാറ്റത്തില്‍ ഖിന്നനായി. ഷെയ്ഖ് ദൈനംദിനാടിസ്ഥാനത്തില്‍ പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തുകയും കേന്ദ്രം വിശദീകരണം തേടുമ്പോള്‍ മാധ്യമങ്ങളെ പഴിക്കുകയും പതിവാക്കി. കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ അധികാരം കശ്മീരിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ കേന്ദ്രമന്ത്രി ഗോപാലസ്വാമി അയ്യങ്കാര്‍ നടപടിയെടുത്തപ്പോള്‍ അബ്ദുള്ള പൊട്ടിത്തെറിച്ചു. ഇന്ത്യന്‍ ഭരണഘടന അപ്പാടെ കശ്മീരിനുമേല്‍ കെട്ടിവെക്കാനാണ് ഭാവമെങ്കില്‍ അത് വസ്തുതകള്‍ക്കു നിരക്കാത്തതും ബാലിശവും ശുദ്ധ ഭ്രാന്തുമായിരിക്കുമെന്ന് അദ്ദേഹം 1952 ഏപ്രില്‍ പത്തിന് പാക് അതിര്‍ത്തിക്കടുത്തുള്ള രണ്‍ബീര്‍സിംഗ്പുരയില്‍ പ്രസംഗിച്ചു.

ആ പ്രസംഗം രാജ്യത്ത് വലിയ കോളിളക്കം സൃഷ്ടിച്ചു. ഷെയ്ഖ് അബ്ദുള്ളയെ നിലയ്ക്ക് നിര്‍ത്തണമെന്ന് ജയപ്രകാശ് നാരായണനും ഡോ. അംബേദ്കറും വരെ ആവശ്യപ്പെട്ടു. ജനസംഘവും ഹിന്ദുമഹാസഭയും അകാലിദളും സന്ദര്‍ഭത്തിനൊത്ത് ഉയര്‍ന്നു. ജൂണ്‍ 26-ന് ഡല്‍ഹിയില്‍ 15000 പേര്‍ പങ്കെടുത്ത പ്രതിഷേധ മാര്‍ച്ച് നടന്നു.

അബ്ദുള്ളയുടെ വാശിക്ക് മുന്നില്‍ നെഹ്‌റു പിന്നെയും വഴങ്ങി. സംസ്ഥാനത്തിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കാന്‍ തയ്യാറായി. 1952 ജൂലൈ 24-ന് ഷെയ്ഖും നെഹ്‌റുവും തമ്മില്‍ ഡല്‍ഹിയില്‍ വെച്ച് കരാറൊപ്പിട്ടു. ഡല്‍ഹി കരാറിലെ പ്രധാന വ്യവസ്ഥകള്‍ ഇവയാണ്.

  1. 370-ാം വകുപ്പ് ഭേദഗതി ചെയ്യില്ല.
  2. കശ്മീരികള്‍ ഇന്ത്യന്‍ പൗരന്മാരായിരിക്കും. 1927ലും 1939ലും സംസ്ഥാന ഗവണ്‍മെന്റ് നേടിയെടുത്ത ആഭ്യന്തര വിഷയങ്ങളില്‍ നിയമമുണ്ടാക്കാന്‍ കശ്മീര്‍ നിയമസഭയ്ക്ക് അവകാശമുണ്ടായിരിക്കും.
  3. ഇന്ത്യന്‍ പ്രസിഡന്റ് കശ്മീര്‍ ഉള്‍പ്പെട്ട മുഴുവന്‍ ഇന്ത്യയുടെയും പ്രസിഡന്റായിരിക്കും.
  4. ഇന്ത്യയുടെ ത്രിവര്‍ണ്ണ പതാകയ്ക്കു വിധേയമായി കശ്മീരിനു സ്വന്തം പതാക ഉണ്ടായിരിക്കും.
  5. സദര്‍ എ റിയാസത്തിനെ തെരഞ്ഞെടുക്കുന്നത് കശ്മീര്‍ നിയമസഭയാണെങ്കിലും അത് ഇന്ത്യന്‍ പ്രസിഡന്റിന്റെ അംഗീകാരത്തിനു വിധേയമായിരിക്കും.
  6. സുപ്രീംകോടതിയ്ക്ക് തല്‍ക്കാലം കശ്മീരിനു മേല്‍ അപ്പീല്‍ അധികാരം മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ.
  7. കശ്മീരില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതു നിയമസഭയുടെ അംഗീകാരത്തോടെ വേണം. പക്ഷേ പുറത്തു നിന്നുള്ള ആക്രമണം നേരിടുമ്പോള്‍ നിയമസഭയുടെ അംഗീകാരമില്ലാതെ പ്രസിഡന്റിന് ഇടപെടാം.
  8. ഇന്ത്യന്‍ ഭരണഘടനയിലെ മൗലികാവകാശങ്ങള്‍ കശ്മീരിനും ബാധകമാകും; എന്നാല്‍ ഭൂനയത്തിനെതിരെ അതു പ്രയോഗിക്കാന്‍ പാടില്ല.
  9. കശ്മീരികളല്ലാത്ത ഇന്ത്യന്‍ പൗരന്മാര്‍ കശ്മീരില്‍ ഭൂമി സമ്പാദിക്കാന്‍ പാടില്ല.

പുതിയ ഭരണഘടനയിലെ വ്യവസ്ഥ പ്രകാരം 1952 നവംബര്‍ 12-ന് കരണ്‍ സിംഗ് രാജാധികാരം ഉപേക്ഷിച്ചു, സദര്‍ എ റിയാസത്തായി ചുമതലയേറ്റു. ഷെയ്ഖ് അബ്ദുള്ള പ്രധാനമന്ത്രിയായി തുടര്‍ന്നു. ഒരു റിപ്പബ്ലിക്കിനകത്ത് മറ്റൊരു റിപ്പബ്ലിക് ഉണ്ടാക്കാനാണ് ഷെയ്ഖ് അബ്ദുള്ള ശ്രമിക്കുന്നതെന്ന് ഡോ. മുഖര്‍ജി ആരോപിച്ചു. രാജ്യത്തിന് ഒരു ഭരണഘടനയും ഒരു പ്രധാനമന്ത്രിയും ഒരു പതാകയുമേ പാടുളളൂ. മറിച്ചുണ്ടാകുന്നത് രാജ്യതാല്‍പര്യത്തിന് നിരക്കുന്നതല്ല. ഏക് വിധാന്‍, ഏക് പ്രധാന്‍, ഏക് നിശാന്‍ എന്ന മുദ്രാവാക്യം മുഴക്കി പ്രജാപരിഷത്തുകാര്‍ സമരം തുടങ്ങി. ജനസംഘവും ഹിന്ദുമഹാസഭയും അകാലിദളും അവര്‍ക്ക് പിന്തുണ നല്‍കി. സമരക്കാരെ സര്‍ക്കാര്‍ ശക്തമായി നേരിട്ടു. പ്രേംനാഥ് ഡോഗ്ര അടക്കമുള്ള നേതാക്കള്‍ തുറുങ്കിലടക്കപ്പെട്ടു.

1953 ഫെബ്രുവരി മൂന്നാം തീയതി ഡോ. മുഖര്‍ജി പണ്ഡിററ് നെഹ്‌റുവിന് കശ്മീര്‍ വിഷയം മുന്‍നിര്‍ത്തി ഒരു തുറന്ന കത്തെഴുതി. 370-ാം അനുച്ഛേദം റദ്ദാക്കണം, പ്രത്യേക പദവി ഇല്ലാതാക്കണം, കശ്മീരിനെ പൂര്‍ണമായും ഇന്ത്യയോട് യോജിപ്പിക്കണം, കുറഞ്ഞപക്ഷം ജമ്മുവിനെയും ലഡാക്കിനെയുമെങ്കിലും ഇന്ത്യന്‍ യൂണിയനുമായി ലയിപ്പിക്കണം, പാകിസ്താന്‍ പിടിച്ചുവെച്ചിരിക്കുന്ന ഭൂപ്രദേശം വീണ്ടെടുക്കണം, രാജ്യസ്‌നേഹികളായ പ്രജാപരിഷത്തുകാരെ വിട്ടയക്കണം എന്നൊക്കെ ആവശ്യപ്പെട്ടു. മാര്‍ച്ച് 6-ന് ശ്യാമപ്രസാദ് മുഖര്‍ജിയേയും നിര്‍മല്‍ ചന്ദ് ചാറ്റര്‍ജിയെയും കരുതല്‍ തടങ്കല്‍ നിയമപ്രകാരം അറസ്റ്റുചെയ്തു. ഹേബിയസ് കോര്‍പ്പസ് റിട്ടുകൊടുത്ത് അവര്‍ മോചിതരായി.

ജയില്‍ മോചിതനായ മുഖര്‍ജി കശ്മീര്‍ പ്രശ്‌നം ഉയര്‍ത്തി രാജ്യത്തിന്റെ നാനാഭാഗങ്ങളിലും പര്യടനം നടത്തി. ഗ്വാളിയോറിലും ഇന്‍ഡോറിലും ജയ്പൂരിലും കല്‍ക്കട്ടയിലും ബോംബെയിലും പാട്യാലയിലും പാറ്റ്‌നയിലുമൊക്കെ അദ്ദേഹത്തിന് വമ്പിച്ച സ്വീകരണം ലഭിച്ചു. ഏപ്രില്‍ 26-ന് മുഖര്‍ജി കശ്മീര്‍ വിഷയം ലോക്‌സഭയില്‍ വീണ്ടും ഉന്നയിച്ചു. ജിന്നയുടെ ദ്വിരാഷ്ട്ര സിദ്ധാന്തത്തിന്റെ സ്ഥാനത്ത് നെഹ്‌റുവും ഷെയ്ഖും കൂടി ത്രിരാഷ്ട്ര സിദ്ധാന്തമാണ് കശ്മീരില്‍ നടപ്പാക്കിയിട്ടുള്ളതെന്ന് ആരോപിച്ചു. ഡല്‍ഹി കരാര്‍ പ്രകാരം ഇന്ത്യന്‍ പൗരന്മാര്‍ക്ക് കശ്മീരില്‍ പ്രവേശിക്കുന്നതിന് പെര്‍മിറ്റ് എടുക്കേണ്ടിയിരുന്നു. ഒരിന്ത്യന്‍ പൗരനും പാര്‍ലമെന്റ് അംഗവുമായ താന്‍ പെര്‍മിറ്റില്ലാതെ കശ്മീരിലേക്ക് പോവുകയാണെന്നും പ്രഖ്യാപിച്ചു.

1952-നവംബറിലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചു തോറ്റ അഡ്‌ലായ് സ്റ്റീവന്‍സന്‍ 1953 ഏപ്രില്‍- മെയ് മാസങ്ങളില്‍ ഇന്ത്യ സന്ദര്‍ശിച്ചു. ഷെയ്ഖ് അബ്ദുള്ള മെയ് 1, 2, 3 തീയതികളില്‍ സ്റ്റീവന്‍സനുമായി ചര്‍ച്ച നടത്തി. കശ്മീര്‍ സ്വാതന്ത്ര്യം പ്രഖ്യാപിക്കാന്‍ പോകുന്നു എന്ന കിംവദന്തി ശക്തമായി. സോവിയറ്റ് യൂണിയനും കമ്മ്യൂണിസ്റ്റ് ചൈനയ്ക്കുമിടയില്‍ തന്ത്രപ്രധാനമായ ഒരിടമാണ് കശ്മീര്‍. ആംഗ്ലോ അമേരിക്കന്‍ ലോബിയുടെ ശക്തമായ പിന്തുണ ഷെയ്ഖിനുണ്ടെന്നും സാമ്പത്തിക-സൈനിക സഹായ വാഗ്ദാനവുമായിട്ടാണ് സ്റ്റീവന്‍സന്‍ എത്തിയതെന്നും ദേശീയ പത്രങ്ങള്‍ ഊഹിച്ചെടുത്തു.

മെയ് 8-ന് അനുചരന്മാരായ വൈദ്യഗുരുദത്ത്, അടല്‍ ബിഹാരി വാജ്‌പേയി, തേക് ചന്ദ്, ബല്‍രാജ് മഥോക് എന്നിവരുമൊത്ത് ഡോ. മുഖര്‍ജി ഡല്‍ഹിയില്‍ നിന്ന് ജമ്മുവിലേക്ക് യാത്ര പുറപ്പെട്ടു. പോകുന്നവഴി പഞ്ചാബില്‍ ഉടനീളം ആവേശകരമായ സ്വീകരണം ലഭിച്ചു. 'ഏക് ദേശ് മേം ദോ വിധാന്‍, ഏക് ദേശ് മേം ദോ പ്രധാന്‍, ഏക് ദേശ് മേം ദോ നിശാന്‍, നഹീ ചലേംഗാ നഹീ ചലേംഗാ' എന്ന മുദ്രാവാക്യം അലയടിച്ചു. മെയ് 11-ന് രവി നദിക്ക് കുറുകെയുള്ള പാലം കടന്ന് മുഖര്‍ജിയും കൂട്ടരും ജമ്മുവില്‍ പ്രവേശിച്ചു. അവിടെവെച്ച് പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു.

ഡോ. മുഖര്‍ജിയെ ശ്രീനഗറില്‍ കൊണ്ടുവന്ന് ഒരു ജീര്‍ണിച്ച കെട്ടിടത്തില്‍ തടവില്‍ പാര്‍പ്പിച്ചു. 40 ദിവസം അദ്ദേഹം അവിടെ കഴിഞ്ഞു. സ്വതവേ രോഗിയായ മുഖര്‍ജിയുടെ ആരോഗ്യനില ക്രമേണ വഷളായി. വിദഗ്ധ ചികിത്സ ലഭിച്ചില്ല. അലര്‍ജിയുള്ള മരുന്ന് കുത്തിവെക്കുകയും ചെയ്തു. ഒടുവില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയത് കാറിലാണ്, ആംബുലന്‍സ് കിട്ടിയില്ല. ജൂണ്‍ 23-ന് മുഖര്‍ജി മരിച്ചു. പിറ്റേന്ന് മൃതദേഹം എയര്‍ഫോഴ്‌സ് വിമാനത്തില്‍ കല്‍ക്കട്ടയില്‍ കൊണ്ടുവന്നു. വിലാപയാത്രയിലും ശവസംസ്‌കാരത്തിലും ലക്ഷക്കണക്കിനാളുകള്‍ തടിച്ചുകൂടി. ജമ്മുവില്‍ അക്രമം പൊട്ടിപ്പുറപ്പെട്ടു. പ്രജാപരിഷത്തുകാര്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് തീയിട്ടു. ഡല്‍ഹിയില്‍ പ്രകടനക്കാര്‍ 'ഖൂന്‍ കി ബദ്‌ലേ ഖൂന്‍ സേ ലേംഗേ' എന്ന് മുദ്രാവാക്യം മുഴക്കി.

മുഖര്‍ജിയുടെ അകാല ചരമം രാജ്യത്തെ ഞെട്ടിച്ചു. പണ്ഡിറ്റ് നെഹ്‌റു പ്രതിരോധത്തിലായി. അദ്ദേഹം മൗലാനാ ആസാദിനെ ശ്രീനഗറിലേക്ക് അയച്ചു, ഫലമൊന്നുമുണ്ടായില്ല, ഷെയ്ഖിന്റെ ഔദ്ധത്യം കൂടിയതല്ലാതെ. 'കശ്മീരിന് ഇന്ത്യയുടെയും പാകിസ്താന്റെയും സഹാനൂഭൂതി ആവശ്യമുണ്ട്. എന്നാല്‍ കശ്മീര്‍ ഇന്ത്യയുടെയോ പാകിസ്താന്റെയോ വാലായി തുടരില്ല;' എന്ന് ജൂലൈ 13-ന് ഷെയ്ഖ് അബ്ദുള്ള പ്രഖ്യാപിച്ചു. ഈദ് ദിവസമായ ആഗസ്റ്റ് 21-ാം തീയതി സ്വാതന്ത്ര്യം പ്രഖ്യാപിക്കാനാണ് ഷെയ്ഖിന്റെ പദ്ധതിയെന്ന് ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട് ചെയ്തു.

ഏതാണ്ട് ഇതേ സമയത്ത് നാഷണല്‍ കോണ്‍ഫ്രന്‍സില്‍ ആഭ്യന്തര കലഹം രൂക്ഷമായി. പ്രമുഖ നേതാക്കളില്‍ റവന്യൂമന്ത്രി മിര്‍സാ അഫ്‌സല്‍ ബേഗ് മാത്രമേ ഷെയ്ഖിനൊപ്പം നിലകൊണ്ടുളളൂ. ഗുലാം മുഹമ്മദ് സാദിഖ് കമ്മ്യൂണിസ്റ്റ് അനുഭാവിയും തികഞ്ഞ യുഎസ് വിരുദ്ധനുമായിരുന്നു. ഉപപ്രധാനമന്ത്രി ബക്ഷി ഗുലാം മുഹമ്മദ് ഷെയ്ഖിനെ അട്ടിമറിച്ച് സ്വയം പ്രധാനമന്ത്രിയാകാന്‍ മോഹിച്ചു. ശ്യാംലാല്‍ സറഫ്, ഗിര്‍ദാരിലാല്‍ ഡോഗ്ര, ദുര്‍ഗാപ്രസാദ് ധര്‍ എന്നിവര്‍ തികഞ്ഞ ഇന്ത്യാപക്ഷപാതികളായിരുന്നു.

ജവഹര്‍ ലാല്‍ നെഹ്‌റു ഒടുവില്‍ ഷെയ്ഖ് അബ്ദുള്ളയെ അട്ടിമറിക്കാന്‍ തന്നെ തീരുമാനിച്ചു. ആ ഉത്തരവാദിത്തം വിശ്വസ്തരായ റഫി അഹമ്മദ് കിദ്വായിയേയും അജിത്ത് പ്രസാദ് ജയിനെയും ഏല്‍പ്പിച്ചു. അവരത് സ്തുത്യര്‍ഹമാം വിധം നിര്‍വ്വഹിച്ചു. ആഗസ്റ്റ് എട്ടാം തീയതി പുലര്‍ച്ചെ സദര്‍ എ റിയാസത്ത് ഷെയ്ഖിനെ പിരിച്ചുവിട്ടു. ബക്ഷിയെ പ്രധാനമന്ത്രിയാക്കി സത്യപ്രതിജഞ ചെയ്യിച്ചു. അധികാര ഭ്രഷ്ടനായ അബ്ദുള്ള സ്വതന്ത്രനായി വിഹരിക്കുന്നത് അപകടമാണ് എന്നുകരുതി അദ്ദേഹത്തെ തല്‍ക്ഷണം അറസ്റ്റ് ചെയ്തു വീട്ടുതടങ്കലിലാക്കി. താഴ്‌വരയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടു. 60 പേര്‍ മരിച്ചു, മൂന്നാഴ്ച കൊണ്ട് സര്‍ക്കാര്‍ അത് അടിച്ചമര്‍ത്തി.

അധികാരമേറ്റ് 10-ാം ദിവസം ബക്ഷി ജമ്മുവിലെത്തി. വമ്പിച്ച ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തു. ഇന്ത്യയും കശ്മീരും തമ്മിലുള്ള ബന്ധം സുദൃഢമാണ്, ഇരു കൂട്ടരേയും പിരിക്കാന്‍ ലോകത്ത് ഒരു ശക്തിക്കും സാധ്യമല്ലെന്ന് പ്രസംഗിച്ചു. സ്വതന്ത്ര കശ്മീര്‍ എന്ന ആശയം ഇന്ത്യക്കും പാകിസ്താനും കശ്മീരിനും ഒരു പോലെ ആപത്കരമാണെന്ന് കൂട്ടിച്ചേര്‍ത്തു.

ബക്ഷി സെപ്തംബര്‍ 13, 14 തീയതികളില്‍ നാഷണല്‍ കോണ്‍ഫറന്‍സിന്റെ കണ്‍വെന്‍ഷന്‍ വിളിച്ചു കൂട്ടി ഇന്ത്യന്‍ യൂണിയനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ഭൂരിപക്ഷം പ്രതിനിധികളും അതിനോട് യോജിച്ചു. മിര്‍സാ അഫ്‌സല്‍ ബേഗും കൂട്ടരും പാര്‍ട്ടി വിട്ടുപോയി. ജനഹിത പരിശോധനാ മുന്നണി രൂപീകരിച്ചു. ഷെയ്ഖിന്റെ മോചനത്തിനായി പോരാടി. ഒക്ടോബര്‍ അഞ്ചിന് ബക്ഷി മന്ത്രിസഭ നിയമസഭയില്‍ വിശ്വാസവോട്ടു നേടി. പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചതിനാല്‍ കാര്യം വളരെ എളുപ്പമായി.

നെഹ്‌റുവിന് പട്ടേല്‍ എന്ന പോലെയായിരുന്നു ഷെയ്ഖിന് ബക്ഷി. തികച്ചും പ്രായോഗിക രാഷ്ട്രീയക്കാരന്‍ അധികാരം കയ്യടക്കാനും നിലനിര്‍ത്താനും വേണ്ട സകല തന്ത്രങ്ങളും വശമായിരുന്നു. അദ്ദേഹം കേന്ദ്രസര്‍ക്കാരിന്റെ ഉദാരമായ സാമ്പത്തിക സഹായത്തോടെ ഒട്ടേറെ വികസന പദ്ധതികള്‍ നടപ്പാക്കി. കൂട്ടത്തില്‍ ഡല്‍ഹി കരാര്‍ പൊളിച്ചെഴുതി. കശ്മീരില്‍ കടക്കാന്‍ പെര്‍മിറ്റ് വേണ്ടെന്ന് വെച്ചു. സിഎജിയുടെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെയും സുപ്രീംകോടതിയുടേയും അധികാരപരിധി സംസ്ഥാനത്തേക്ക് വ്യാപിപ്പിച്ചു. സദര്‍ എ റിയാസത്തിനെ ഗവര്‍ണറായും പ്രധാനമന്ത്രിയെ മുഖ്യമന്ത്രിയായും പുനര്‍ നാമകരണം ചെയ്തു. സംസ്ഥാന പതാക തീരെ ഉപയോഗിക്കാതെയായി. പകരം ദേശീയപതാക പാറിച്ചു. ഒട്ടേറെ കേന്ദ്ര നിയമങ്ങള്‍ സംസ്ഥാനത്തിന് ബാധകമാക്കി.

ഷെയ്ഖിനെ അട്ടിമറിച്ചതിന് തൊട്ടുപിന്നാലെ, 1952 ആഗസ്റ്റ് 20-ന് നെഹ്‌റു പാക് പ്രധാനമന്ത്രി മുഹമ്മദ്അലിയുമായി കശ്മീര്‍ വിഷയത്തില്‍ ധാരണയിലെത്തി. ഒരു വര്‍ഷത്തിനകം സംസ്ഥാനത്ത് ഹിതപരിശോധന നടത്താന്‍ തീരുമാനിച്ചു. പക്ഷേ അതൊരിക്കലും യാഥാര്‍ത്ഥ്യമായില്ല. ഇന്ത്യയും പാകിസ്താനും വെവ്വേറെ കാരണം പറഞ്ഞ് ഹിതപരിശോധന നീട്ടിക്കൊണ്ടുപോയി.

ഡോ. മുഖര്‍ജിയുടെ അകാല നിര്യാണം ജനസംഘത്തെ തളര്‍ത്തി. അധ്യക്ഷപദം ഏറ്റെടുക്കാന്‍ പാര്‍ട്ടി നിര്‍മല്‍ ചന്ദ് ചാറ്റര്‍ജിയെ സമീപിച്ചുവെങ്കിലും സവര്‍ക്കറുടെ ദുര്‍ബോധനയാല്‍ അദ്ദേഹം നിരസിച്ചു. തുടര്‍ന്ന് ഉപാധ്യക്ഷന്‍ മൗലി ചന്ദ്ര ശര്‍മ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തു. ശര്‍മ ആര്‍എസ്എസുകാരനോ ഹിന്ദുമഹാസഭക്കാരനോ ആയിരുന്നില്ല. ജനസംഘം രൂപീകരിക്കുന്നതിന് മുമ്പ് കോണ്‍ഗ്രസുകാരനായിരുന്നു. ആര്‍എസ്എസ് നിരോധിക്കപ്പെട്ട കാലത്ത് അദ്ദേഹമാണ് ജനാധികാര സമിതി രൂപീകരിച്ചത്. 1952-ലെ തെരഞ്ഞെടുപ്പില്‍ ജനസംഘം സ്ഥാനാര്‍ത്ഥിയായി ഔട്ടര്‍ ഡല്‍ഹി മണ്ഡലത്തില്‍ മത്സരിച്ചു തോല്‍ക്കുകയും ചെയ്തിരുന്നു.

പാര്‍ട്ടിയുടെ സഹഭാരവാഹികളെ തീരുമാനിക്കാനുള്ള അധികാരം ആര്‍എസ്എസ് ആവശ്യപ്പെട്ടു. പക്ഷേ ശര്‍മ വഴങ്ങിയില്ല. അഭിപ്രായവ്യത്യാസം മൂര്‍ച്ഛിച്ച് അദ്ദേഹം അധ്യക്ഷസ്ഥാനവും പാര്‍ട്ടി അംഗത്വവും രാജിവെച്ചു. വൈദ്യ ഗുരുദത്ത്, കണ്‍വര്‍ലാല്‍ ഗുപ്ത എന്നിവരും രാജിവെച്ചു. ശര്‍മ പിന്നീട് കോണ്‍ഗ്രസിലേക്ക് തിരിച്ചുപോയി.

1955 പ്രജാപരിഷത്ത് നേതാവ് പ്രേംനാഥ് ഡോഗ്ര ജനസംഘത്തിന്റെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. കശ്മീരിന് അപ്പുറമുള്ള കാര്യങ്ങളെക്കുറിച്ച് അദ്ദേഹം അജ്ഞനായിരുന്നു. ദേബി പ്രസാദ് ഘോഷ് പാര്‍ട്ടി അധ്യക്ഷപദം ഏറ്റെടുത്തു. കല്‍ക്കട്ട റിപ്പണ്‍ കോളേജിലെ ഗണിതശാസ്ത്ര അധ്യാപകനായിരുന്ന ഘോഷ് മുമ്പ് ഹിന്ദുമഹാസഭ പ്രവര്‍ത്തകനായിരുന്നു. ഡോഗ്രയും ഘോഷും നാമമാത്ര അധ്യക്ഷരായിരുന്നു. പാര്‍ട്ടിയുടെ ശക്തിസ്രോതസ്സ് നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനവും യഥാര്‍ത്ഥ കൈകാര്യ കര്‍ത്താവ് ജനറല്‍ സെക്രട്ടറി ദീന്‍ ദയാല്‍ ഉപാധ്യായയും ആയിരുന്നു. ദീന്‍ ദയാലിനെ സഹായിക്കാന്‍ നാനാജി ദേശ്മുഖ്, സുന്ദര്‍സിംഗ് ഭണ്ഡാരി, ജഗന്നാഥ റാവു ജോഷി, രാം ഭാവു ഗോഡ്‌ബോലെ, അടല്‍ ബിഹാരി വാജ്‌പേയി, ലാല്‍ കൃഷ്ണ അദ്വാനി എന്നിങ്ങനെ സംഘപ്രചാരകരുടെ നിര തന്നെ ഉണ്ടായിരുന്നു.