തെലങ്കാനാ ദുരന്തം: കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ഉള്‍പ്പിരിവുകള്‍

October 21, 2016, 4:10 pm
തെലങ്കാനാ ദുരന്തം: കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ഉള്‍പ്പിരിവുകള്‍
Columns
Columns
തെലങ്കാനാ ദുരന്തം: കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ഉള്‍പ്പിരിവുകള്‍

തെലങ്കാനാ ദുരന്തം: കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ഉള്‍പ്പിരിവുകള്‍

ക്വിറ്റ് ഇന്ത്യാസമരത്തെ തള്ളിപ്പറഞ്ഞും പാകിസ്താന്‍ വാദത്തെ പിന്തുണച്ചും നേരത്തെ തന്നെ മുഖ്യധാരയില്‍ നിന്ന് അകന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കല്‍ക്കട്ടാ തിസീസോടെയാണ് തികച്ചും ഒറ്റപ്പെട്ടത്.

മൗണ്ട് ബാറ്റന്‍ പ്ലാന്‍ പ്രകാരമുള്ള വിഭജനത്തേയും സ്വാതന്ത്ര്യലബ്ധിയെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സര്‍വ്വാത്മനാ പിന്താങ്ങി. സ്വാതന്ത്ര്യപുലരിയെ സ്വാഗതം ചെയ്തുകൊണ്ട് ആഗസ്റ്റ് 3-ന് കേന്ദ്രകമ്മിറ്റി പ്രമേയം പാസാക്കി. പീപ്പിള്‍സ് ഏജ് പ്രത്യേക പതിപ്പ് പ്രസിദ്ധീകരിച്ചു. ആഗസ്റ്റ് 15-ലെ ആഘോഷങ്ങളില്‍ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തു. വിഭജനത്തെ തുടര്‍ന്ന് വര്‍ഗീയ ലഹളകള്‍ പടര്‍ന്നുപിടിച്ചപ്പോള്‍ പാര്‍ട്ടി മതസൗഹാര്‍ദ്ദത്തിന് വേണ്ടി നിലകൊള്ളുകയും അക്രമം അടിച്ചമര്‍ത്താനുള്ള സര്‍ക്കാര്‍ ശ്രമങ്ങളുമായി സഹകരിക്കുകയും ചെയ്തു.

നാട്ടുരാജ്യങ്ങളുടെ കാര്യത്തിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രായേണ കേന്ദ്രസര്‍ക്കാരിന് പിന്തുണ നല്‍കി. ഇന്ത്യന്‍ യൂണിയനുമായി ലയിക്കാന്‍ കൂട്ടാക്കാത്ത നാട്ടുരാജാക്കന്മാരെ നിലയ്ക്കുനിര്‍ത്തണമെന്നും രാജ്യങ്ങള്‍ ബലാത്കാരേണ സംയോജിപ്പിക്കണം എന്നുമായിരുന്നു പാര്‍ട്ടിയുടെ നിലപാട്. തിരുവിതാംകൂറില്‍ ദിവാന്‍ പ്രഖ്യാപിച്ച അമേരിക്കന്‍ മോഡല്‍ ഭരണഘടനയെ പാര്‍ട്ടി അതിശക്തമായി അപലപിച്ചു. ചെറുത്തുനില്‍പ് സംഘടിപ്പിച്ചു. കമ്മ്യൂണിസ്റ്റുകാരുടെ സായുധ വിപ്ലവശ്രമത്തെ ദിവാന്‍ അടിച്ചമര്‍ത്തി. 1946 ഒക്ടോബര്‍ 27-ന് വയലാറില്‍ കൂട്ടക്കുരുതി നടന്നു.

ഹൈദരാബാദിന്റെ കിഴക്കന്‍ പകുതിയാണ് സുമാര്‍ 44,000 ചതുരശ്ര മൈല്‍ വിസ്തീര്‍ണമുള്ള തെലങ്കാന. നൈസാമിന്റെ അടിച്ചമര്‍ത്തല്‍ നയത്തിനും നികുതി വര്‍ധനവിനുമെതിരെ 1946 ഒക്ടോബറില്‍ കര്‍ഷകര്‍ പ്രക്ഷോഭം ആരംഭിച്ചു. ആന്ധ്രാമഹാസഭയ്ക്കായിരുന്നു നേതൃത്വം. മഹാസഭയിലെ കോണ്‍ഗ്രസുകാര്‍ സിവില്‍ നിയമലംഘനം അടക്കമുള്ള ഗാന്ധിയന്‍ സമരമാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചു. നൈസാമിന്റെ പോലീസും റസാക്കര്‍മാരുംസമരക്കാരെ കായികമായി നേരിട്ടു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും അഖിലേന്ത്യാ കിസാന്‍ സഭയും സമരത്തില്‍ സജീവമായി ഇടപെട്ടു. ചെറുത്തുനില്പിന് നേതൃത്വം നല്‍കി. ക്രമേണ അത് സായുധ കലാപമായി വളര്‍ന്നു. പി സുന്ദരയ്യയും സി രാജേശ്വര്‍ റാവുവുമായിരുന്നു തെലങ്കാന സമരത്തിന്റെ വീരനായകര്‍.

1947 ഓഗസ്റ്റില്‍ ഇന്ത്യ സ്വതന്ത്രമാവുകയും നൈസാം ലയനക്കരാര്‍ ഒപ്പിടാന്‍ വിസമ്മതിക്കുകയും ചെയ്തപ്പോള്‍ സമരം രൂക്ഷമായി. കമ്മ്യൂണിസ്റ്റ് കലാപകാരികള്‍ ജന്മിമാരില്‍ നിന്ന് ഭൂമി പിടിച്ചെടുത്ത് കര്‍ഷകര്‍ക്ക് വീതിച്ചു കൊടുത്തു. കൈവശഭൂമിക്ക് പരിധി നിശ്ചയിച്ചു. പൂഴ്ത്തിവെച്ച ഭക്ഷ്യധാന്യങ്ങള്‍ പിടിച്ചെടുത്ത് ജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്തു. റസാക്കര്‍മാരെ അടിച്ചോടിച്ചു. നല്‍ഗൊണ്ട, ഖമ്മം, വാറങ്കല്‍, കരീംനഗര്‍ ജില്ലകളിലായി 3000 ഗ്രാമങ്ങള്‍ മോചിപ്പിച്ചു.

മാവോസെതുങ്ങിന്റെ ഗ്രേറ്റ് മാര്‍ച്ചും ജനകീയ ചൈനയുടെ സ്ഥാപനവുമാണ് തെലങ്കാന സഖാക്കള്‍ക്ക് മാതൃകയായത്. തെലങ്കാന ഇന്ത്യയിലെ യെനാന്‍ ആണെന്ന് സുന്ദരയ്യ ആത്മാര്‍ത്ഥമായി വിശ്വസിച്ചു. കുമിന്താങ്ങ് സര്‍ക്കാരിനെ മാവോ തോല്‍പിച്ചപോലെ നെഹ്‌റു ഗവണ്‍മെന്റിനെ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും തുരത്താന്‍ കഴിയും, ചെങ്കോട്ടയില്‍ ചെങ്കൊടി പാറും എന്ന് സ്വപ്‌നംകണ്ടു.

1947 ഡിസംബറില്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പെട്ടെന്ന് നയം മാറ്റി. നെഹ്‌റു സര്‍ക്കാര്‍ സാമ്രാജ്യത്വത്തിന്റെ ദുര്‍ഭഗ സന്തതിയാണെന്നും ദേശീയസ്വാതന്ത്ര്യം അയഥാര്‍ത്ഥമാണെന്നും വിലയിരുത്തി. പിസി ജോഷി ഒറ്റപ്പെട്ടു. 1942 മുതല്‍ താന്‍ പിന്തുടര്‍ന്ന നയം തെറ്റായിരുന്നുവെന്ന് അദ്ദേഹം ഏറ്റുപറഞ്ഞു. ജോഷിയെ ജനറല്‍ സെക്രട്ടറിസ്ഥാനത്തുനിന്ന് നീക്കം ചെയ്തു. പകരം ബി ടി രണദിവെ സ്ഥാനമേറ്റു.

ബി ടി രണദിവെ, ജി അധികാരി, പി സി ജോഷി 
ബി ടി രണദിവെ, ജി അധികാരി, പി സി ജോഷി 

ബി ടി ആര്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെട്ട ബാലചന്ദ്ര ത്ര്യംബക് രണദിവെ 1904 ഏപ്രില്‍ 19-ന് ബോംബെയിലെ ദാദറില്‍ ജനിച്ചു. പിതാവ് ആദായനികുതി വകുപ്പില്‍ ഉദ്യോഗസ്ഥനും പ്രാര്‍ത്ഥനാസമാജക്കാരനും ആയിരുന്നു. 1929-ല്‍ സ്വര്‍ണമെഡലോടെ എം എ ഇക്കണോമിക്‌സ് പാസായ ബി ടി ആര്‍ 1928-ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായി. ട്രേഡ് യൂണിയന്‍ രംഗത്ത് ശ്രദ്ധകേന്ദ്രീകരിച്ചും ബോംബെയിലെ തുണിമില്‍ തൊഴിലാളികളെയും റെയില്‍വെ ജീവനക്കാരേയും സംഘടിപ്പിച്ചു. 1939-ല്‍ സിനിമാനടിയും തൊഴിലാളി പ്രവര്‍ത്തകയുമായ വിമല്‍ സര്‍ദേശായിയെ വിവാഹം ചെയ്തു. രണദിവെയുടെ സഹോദരി അഹല്യ രംഗനേക്കറും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകയായിരുന്നു. 1943-ല്‍ രണദിവെ പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റി അംഗമായി. 1946 ഫെബ്രുവരിയില്‍ നാവിക ലഹളയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ബോംബെയില്‍ പൊതുപണിമുടക്ക് സംഘടിപ്പിച്ചതും അദ്ദേഹമായിരുന്നു.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രണ്ടാം കോണ്‍ഗ്രസ് 1948 ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 6 വരെ കല്‍ക്കട്ടയില്‍ നടന്നു. 632 പ്രതിനിധികള്‍ പങ്കെടുത്തു. ഓസ്‌ട്രേലിയ, ബര്‍മ്മ, സിലോണ്‍, യൂഗോസ്ലോവിയ എന്നിവിടങ്ങളില്‍ നിന്നുള്ള സൗഹാര്‍ദ്ദ പ്രതിനിധികളും സന്നിഹിതരായിരുന്നു.

കല്‍ക്കട്ടാ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നയസമീപനങ്ങളില്‍ കാതലായ മാറ്റം വരുത്തി. കമ്മ്യൂണിസത്തിന്റെ ആദ്യപടിയായി സോഷ്യലിസം ഉടന്‍ നടപ്പാക്കലാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്ന് പ്രഖ്യാപിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യം യഥാര്‍ത്ഥമല്ല, വ്യാജമാണ് എന്ന് വിലയിരുത്തി. സാമ്രാജ്യത്വത്തിന്റെ സ്വാധീനം മുമ്പേ പോലെ തുടരുകയാണ്. ജനങ്ങളെ പറ്റിക്കാനുള്ള അടവുമാത്രമാണ് മൗണ്ട് ബാറ്റന്‍ പദ്ധതിയും അധികാര കൈമാറ്റവും. സാമ്രാജ്യത്വത്തിന്റെ ഏജന്റായ നെഹ്‌റു സര്‍ക്കാരിനെ ഉടനടി പുറത്താക്കി രാജ്യത്ത് തൊഴിലാളി-കര്‍ഷക ഭരണം സ്ഥാപിക്കണം. അതിന് തെലങ്കാന മാതൃകയില്‍ സായുധസമരമാണ് അഭികാമ്യം. തെരഞ്ഞെടുപ്പ് ശുദ്ധ തട്ടിപ്പാണ്. കമ്മ്യൂണിസ്റ്റുകാര്‍ അത് ബഹിഷ്‌കരിക്കണം: ഇതാണ് ബി ടി രണദിവെ അവതരിപ്പിച്ച് പാസാക്കിയെടുത്ത കല്‍ക്കട്ടാ തിസീസ്.

1946-ല്‍ കേന്ദ്ര നിയമസഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും നടന്ന തെരഞ്ഞെടുപ്പുകളില്‍ കമ്മ്യൂണിസ്റ്റുകാര്‍ മത്സരിച്ചിരുന്നു. ബംഗാളിലും ബോംബെയിലും മദ്രാസിലും ഏതാനും സ്ഥാനങ്ങള്‍ ജയിക്കുകയും ചെയ്തിരുന്നു. സോമനാഥ് ലാഹിരി ബംഗാളില്‍ നിന്ന് ഭരണഘടനാ അസംബ്ലിയിലേക്കും ജയിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിച്ചതും സ്വാതന്ത്ര്യദിനം ആഘോഷിച്ചതുമൊക്കെ അവസരവാദവും തിരുത്തല്‍വാദവുമായി വ്യാഖ്യാനിക്കപ്പെട്ടു. അതിന്റെ മുഴുവന്‍ ഉത്തരവാദിത്തവും പി സി ജോഷിക്കുമേല്‍ ചുമത്തപ്പെട്ടു. ജോഷിയെ അദ്ദേഹം കൈപിടിച്ചുയര്‍ത്തിയ നേതാക്കള്‍ അടക്കം തള്ളിപ്പറഞ്ഞു.

കല്‍ക്കട്ടാ കോണ്‍ഗ്രസ് 31-അംഗ കേന്ദ്രകമ്മിറ്റിയെയും പത്തംഗ പൊളിറ്റ് ബ്യൂറോയേയും തെരഞ്ഞെടുത്തു. പിബിയിലേക്ക് വോട്ടെടുപ്പുണ്ടായി. ഭവാനിസെന്‍, സോമനാഥ് ലാഹിരി, ജി അധികാരി, അജയഘോഷ്, സി രാജേശ്വര്‍ റാവു, എം ചന്ദ്രശേഖര്‍റാവു, എസ് എസ് യൂസഫ്, എന്‍ കെ കൃഷ്ണന്‍, അരുണ്‍ ബോസ് എന്നിവര്‍ ജയിച്ചു. ഔദ്യോഗിക പാനലില്‍ ഉണ്ടായിരുന്നിട്ടും ജോഷി പരാജയപ്പെട്ടു. ബി ടി രണദിവെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.

കല്‍ക്കട്ടാ കോണ്‍ഗ്രസിലാണ്, 1948 മാര്‍ച്ച് ആറിന് പാകിസ്താന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി(സിപിപി) രൂപീകൃതമായത്. സയ്യദ് സജ്ജാദ് സഹീറിനെയാണ് പാകിസ്താനില്‍ പാര്‍ട്ടി കെട്ടിപ്പെടുക്കാനുള്ള ചരിത്രദൗത്യം ഏല്‍പിച്ചത്. ലഖ്‌നൗവിലെ ഒരു അഭിജാത മുസ്ലീം(ഷിയാ) കുടുംബാംഗം ആയിരുന്നു സഹീര്‍. അദ്ദേഹത്തിന്റെ പിതാവ് സര്‍ സയ്യിദ് വസീര്‍ ഹസ്സന്‍ ഔധ് ഹൈക്കോടതി ചീഫ് ജസ്റ്റിസും ജ്യേഷ്ഠന്‍ അലി സഹീര്‍ 1946-ലെ നെഹ്‌റുവിന്റെ ഇടക്കാല മന്ത്രിസഭയില്‍ അംഗവും പിന്നീട് ഇറാനിലെ ഇന്ത്യന്‍ അംബാസിഡറും ആയിരുന്നു. ഓക്‌സഫോഡില്‍ ബിഎയ്ക്ക് പഠിക്കുമ്പോഴാണ് സജ്ജാദ് സഹീര്‍ കമ്മ്യൂണിസ്റ്റായത്. കവിയും എഴുത്തുകാരനുമായ അദ്ദേഹം പുരോഗമന സാഹിത്യ സംഘടനയുടെ പ്രധാന ചുമതലക്കാരനായിരുന്നു. 1943-ലെ ബോംബെ കോണ്‍ഗ്രസാണ് അദ്ദേഹത്തെ കേന്ദ്രകമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത്. സഹീര്‍ ഭാര്യയേയും നാല് പെണ്‍മക്കളേയും സ്വദേശത്ത് വിട്ടിട്ടാണ് പാകിസ്താനിലേക്ക് പോയത്.

ബംഗാളിലെ പ്രമുഖ നേതാക്കളാരും പാകിസ്താനിലേക്ക് പോകാന്‍ താല്‍പര്യപ്പെട്ടില്ല. കിഴക്കന്‍ ബംഗാളുകാരനായ മുസാഫര്‍ അഹമ്മദ് പോലും ഇന്ത്യയില്‍ തുടരാനാണ് താല്‍പര്യപ്പെട്ടത്.

1948 സെപ്തംബര്‍ 13-ന് ഇന്ത്യന്‍ സൈന്യം ഹൈദരബാദില്‍ പ്രവേശിച്ചു. അഞ്ചാം ദിവസം നൈസാമിന്റെ സൈന്യം കീഴടങ്ങി, റസാക്കര്‍മാരെ തുരത്തി. അതോടെ കോണ്‍ഗ്രസും ആന്ധ്രാമഹാസഭയും സമരം പിന്‍വലിച്ചു. കര്‍ഷകരും പ്രക്ഷോഭം അവസാനിപ്പിക്കാന്‍ ആഗ്രഹിച്ചു. പക്ഷേ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കലാപം അവസാനിപ്പിക്കാന്‍ തയ്യാറായില്ല. ഹൈദരാബാദ് സേനയുടെയും റസാക്കര്‍മാരുടെയും ആയുധങ്ങള്‍ പിടിച്ചെടുത്ത് സായുധസമരം പൊലിപ്പിച്ചു.

തെലങ്കാന സമരഭടന്മാര്‍: സമരം  അവസാനിപ്പിക്കണമെന്ന് കമ്മ്യൂണിസ്റ്റ് നേതാവ് രവി നാരായണ റെഡ്ഢി ആവശ്യപ്പെട്ടെങ്കിലും സുന്ദരയ്യ സമ്മതിച്ചില്ല.
തെലങ്കാന സമരഭടന്മാര്‍: സമരം അവസാനിപ്പിക്കണമെന്ന് കമ്മ്യൂണിസ്റ്റ് നേതാവ് രവി നാരായണ റെഡ്ഢി ആവശ്യപ്പെട്ടെങ്കിലും സുന്ദരയ്യ സമ്മതിച്ചില്ല.

റസാക്കര്‍മാരെ അമര്‍ച്ച ചെയ്തശേഷം ഇന്ത്യന്‍സേന കമ്മ്യൂണിസ്റ്റ് കലാപകാരികള്‍ക്കെതിരെ തിരിഞ്ഞു. കമ്മ്യൂണിസ്റ്റുകള്‍ ഗറില്ലാസമരം തുടര്‍ന്നു. ഗ്രാമഗ്രാമാന്തരങ്ങളില്‍ സൈന്യം സഖാക്കളെ വേട്ടയാടി. തെലങ്കാന മാതൃകയിലുള്ള സമരങ്ങള്‍ രാജ്യത്തിന്റെ പലഭാഗത്തും അരങ്ങേറി. എല്ലായിടത്തും വിവരണാതീതമായ ക്രൂരതകളോടെ അടിച്ചമര്‍ത്തപ്പെട്ടു. പാര്‍ട്ടി പ്രവര്‍ത്തകര്‍പോലീസ് ലോക്കപ്പില്‍ പിടഞ്ഞുമരിച്ചു, സ്ത്രീ സഖാക്കള്‍ മാനഭംഗത്തിനിരയായി. പല സംസ്ഥാനങ്ങളിലും പാര്‍ട്ടി നിരോധിക്കപ്പെട്ടു.

തെലങ്കാന സമരം ഉടന്‍ അവസാനിപ്പിക്കണമെന്ന് കമ്മ്യൂണിസ്റ്റ് നേതാവ് രവി നാരായണ റെഡ്ഢി ആവശ്യപ്പെട്ടു. പക്ഷേ സുന്ദരയ്യ സമ്മതിച്ചില്ല. 1948 - 49 കാലത്ത് ബി ടി ആര്‍ ലൈന്‍ പൂര്‍ണതോതില്‍ നിലനിന്നു. പാര്‍ട്ടിക്കകത്ത് യാതൊരു ഭിന്നാഭിപ്രായവും സാധ്യമായിരുന്നില്ല. സായുധസമരം തളരുന്നു എന്ന് മനസിലായപ്പോള്‍ റെയില്‍വെ തൊഴിലാളികളുടെ സമരം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഏറ്റെടുത്തു. 1949 മാര്‍ച്ച് 9 മുതല്‍ അനിശ്ചിതകാല റെയില്‍വെ പണിമുടക്കിന് ആഹ്വാനം ചെയ്തു. തീവണ്ടികള്‍ ഓടാതാകുമ്പോള്‍ ചരക്ക് നീക്കം നിലയ്ക്കും, ക്ഷുഭിതരായ ജനം സായുധ കലാപവുമായി സഹകരിക്കും എന്നായിരുന്നു നേതൃത്വത്തിന്റെ ദിവാസ്വപ്നം. പക്ഷേ, റെയില്‍വെ പണിമുടക്കും പൊളിഞ്ഞു. നേതാക്കള്‍ ഹതാശരായി.

കമ്മ്യൂണിസം കൊടിയ ഭീകരവാദമായി മുദ്രയടിക്കപ്പെട്ടു. പാര്‍ട്ടി ജനങ്ങള്‍ക്കിടയില്‍ തികച്ചും ഒറ്റപ്പെട്ടു. മെമ്പര്‍ഷിപ്പ് 80,000 ത്തില്‍ നിന്ന് 10,000 ആയി കുറഞ്ഞു. ബഹുജനസംഘടനകള്‍ തകര്‍ന്നു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ലോകത്തെ കമ്മ്യൂണിസ്റ്റ് വിപത്തില്‍ നിന്ന് രക്ഷിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഹാരി എസ് ട്രൂമാന്‍ മില്യണ്‍ കണക്കിന് ഡോളര്‍ ഒഴുക്കുന്ന കാലമായിരുന്നു. തെലങ്കാന സമരം കത്തിനില്‍ക്കുമ്പോഴും പണ്ഡിറ്റ് നെഹ്‌റു അമേരിക്കക്ക് മുന്നില്‍ കൈ നീട്ടിയില്ല.

1950 പുലരുമ്പോഴേക്കും കല്‍ക്കട്ട തീസിസ് പരമ അബദ്ധമാണെന്ന് സോവിയറ്റ് യൂണിയനും അംഗീകരിച്ചു. ജനുവരി 27-ന്റെ ലക്കം കൊമിന്‍ഫോം സമരത്തെ തള്ളിപ്പറഞ്ഞു. അതോടെ ഇന്ത്യന്‍ നേതാക്കള്‍ക്കും വിവേകമുദിച്ചു. പൊളിറ്റ് ബ്യൂറോയും കേന്ദ്ര കമ്മിറ്റിയും രണദിവെസിദ്ധാന്തത്തെ തള്ളിപ്പറഞ്ഞു 1950 ജൂണില്‍ പൊളിറ്റ് ബ്യൂറോ കല്‍ക്കട്ടയില്‍ യോഗം ചേര്‍ന്നു. സായുധ സമരത്തിലൂന്നിയ ബി ടി ആര്‍ ലൈന്‍ അതിസാഹസികതയും വിപ്ലവ വ്യാമോഹവുമാണെന്ന് വിലയിരുത്തി. രണദിവെ, അധികാരി, ഭവാനിസെന്‍, ലാഹിരി, എന്‍ കെ കൃഷ്ണന്‍ എന്നിവരെ പുറത്താക്കി. സി രാജേശ്വര്‍ റാവു ജനറല്‍ സെക്രട്ടറിയുടെ ചുമതല ഏറ്റെടുത്തു.

സി ആര്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെട്ട ചന്ദ്ര രാജേശ്വര്‍ റാവു ആന്ധ്രയില്‍ കൃഷ്ണജില്ലയിലെ മംഗലപുരം ഗ്രാമത്തില്‍ ഒരു ധനിക കര്‍ഷക കുടുംബത്തിലാണ് ജനിച്ചത്. ബനാറസ് സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥി ആയിരിക്കവെ കമ്മ്യൂണിസ്റ്റ് ആദര്‍ശങ്ങളില്‍ ആകൃഷ്ടനായി. 1931-ല്‍ പാര്‍ട്ടി മെമ്പറായി. കൃഷ്ണ ജില്ലയില്‍ യുവജന, കര്‍ഷക, കര്‍ഷകത്തൊഴിലാളി സംഘടനകള്‍ കെട്ടിപ്പെടുത്തു. പിന്നീട് ജില്ലാസെക്രട്ടറിയായി. 1943-ല്‍ പാര്‍ട്ടിയുടെ ആന്ധ്രാ പ്രവിശ്യാസെക്രട്ടറിയായി. 1946-ല്‍ തെലങ്കാന സമരം ആരംഭിച്ചപ്പോള്‍ പ്രവര്‍ത്തനം അങ്ങോട്ട് മാറ്റി. ആന്ധ്രാമഹാസഭയുടെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും കിസാന്‍ സഭയുടെയും നേതൃത്വം ഏറ്റെടുത്ത് കലാപം ആളിക്കത്തിച്ചു. 1948-ല്‍ കേന്ദ്ര കമ്മിറ്റിയിലും പൊളിറ്റ് ബ്യൂറോയിലും എത്തി.

ബി ടി ആറിന്റെ സ്ഥാനത്ത് സി ആര്‍ ജനറല്‍ സെക്രട്ടറിയായിട്ടും പാര്‍ട്ടിയില്‍ ആശയക്കുഴപ്പം നിലനിന്നു. അനൈക്യവും അരാജകത്വവും നടമാടി. സുന്ദരയ്യ, ബസവപുന്നയ്യ, രാജേശ്വര്‍ റാവു എന്നിവര്‍ ചൈനീസ് ലൈന്‍ ഉപേക്ഷിക്കാന്‍ തയ്യാറായില്ല. എസ് എ ഡാങ്കെ, അജയഘോഷ്, എസ് വി ഘാട്ടെ എന്നിവര്‍ ജയിലില്‍ വെച്ച് ബദല്‍രേഖ തയ്യാറാക്കി.

ഈ ഘട്ടത്തില്‍ സോവിയറ്റ് പാര്‍ട്ടി ഇടപെട്ടു. ഇരുപക്ഷത്തുനിന്നും ഈരണ്ട് നേതാക്കളെ വീതം റഷ്യയിലേക്ക് വിളിപ്പിച്ചു. ക്ഷണം സ്വീകരിച്ച് 1950 ഡിസംബറില്‍ അജയഘോഷ്, ഡാങ്കെ, ബസവപുന്നയ്യ, രാജേശ്വര്‍ റാവു എന്നിവര്‍ റഷ്യക്ക് പോയി. സുസ്ലോവ്, മലങ്കോവ്, മൊളാട്ടോവ് എന്നിവരുമായി ചര്‍ച്ച നടത്തി. പിന്നീട് സാക്ഷാല്‍ ജോസഫ് സ്റ്റാലിന്‍ ഇന്ത്യന്‍ നേതാക്കളുമായി ആശയവിനിമയം നടത്തി.

ശക്തമായ ഇന്ത്യന്‍ സൈന്യത്തോട് നിങ്ങളെങ്ങനെ പിടിച്ചുനില്‍ക്കും, ഗറില്ലായുദ്ധത്തെ പിന്തുണയ്ക്കാന്‍ മാത്രം ബഹുജന അടിത്തറ പാര്‍ട്ടിക്കുണ്ടോ, ബഹുജനസംഘടനകള്‍ വേണ്ടത്ര ശക്തമാണോ എന്നൊക്കെ സ്റ്റാലിന്‍ ചോദിച്ചു. ഇന്ത്യ ഇതുവരെ ആംഗ്ലോ അമേരിക്കന്‍ സാമ്രാജ്യത്വ ചേരിയില്‍ ചേര്‍ന്നിട്ടില്ല എന്ന് ഓര്‍മ്മിപ്പിച്ചു. സമാധാനനയം പിന്തുടരുന്ന നെഹ്‌റു സര്‍ക്കാരിനെ അട്ടിമറിക്കുന്നതുകൊണ്ട് ആര്‍ക്കാണ് പ്രയോജനം എന്ന് ചോദിച്ചു.

നാല് മാസം നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ നേതാക്കള്‍ ഇന്ത്യയില്‍ തിരിച്ചെത്തി. അവര്‍ക്കും പാര്‍ട്ടിക്കും വീണ്ടുവിചാരമുണ്ടായി. റഷ്യയുടെയോ ചൈനയുടെയോ മാര്‍ഗം ഇന്ത്യക്ക് അതേപടി അനുകരിക്കാന്‍ കഴിയില്ലെന്നും ഇന്ത്യയുടെ തനതായ വിപ്ലവ പാത വെട്ടിത്തുറക്കണമെന്നും വിലയിരുത്തി. ഇന്ത്യന്‍ ഭരണവര്‍ഗം സാമ്രാജ്യത്വപാത സ്വീകരിച്ചിട്ടില്ല. ഈ ഘട്ടത്തില്‍ നെഹ്‌റു സര്‍ക്കാരിനെ അട്ടിമറിക്കുന്നത് അവിവേകവും അതിസാഹസികതയുമാണ്.

1951 ഏപ്രിലില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കരട് പരിപാടി അവതരിപ്പിച്ചു. അതോടൊപ്പം നയരേഖയും പ്രസിദ്ധീകരിച്ചു. സോഷ്യലിസമല്ല, സാമ്രാജ്യവിരുദ്ധ, ജന്മിത്തവിരുദ്ധ ജനാധിപത്യ വിപ്ലവത്തിന്റെ പൂര്‍ത്തീകരണമാണ് പാര്‍ട്ടിയുടെ അടിയന്തരലക്ഷ്യം. അതിലേക്ക് തൊഴിലാളികളുടെയും കര്‍ഷകരുടേയും ഇടത്തരക്കാരുടെയും ദേശീയ ബൂര്‍ഷ്വാസിയിലെ തന്നെ സ്വാതന്ത്ര്യവും രാഷ്ട്ര പുരോഗതിയും കാംക്ഷിക്കുന്ന വിഭാഗങ്ങളുടെയും പുരോഗമന ഐക്യമുന്നണി കെട്ടിപ്പടുക്കണം. അങ്ങനെ സോഷ്യലിസത്തിലേക്കുള്ള മാറ്റത്തിന് കളമൊരുക്കണം, സായുധ സമരത്തിനോ വിപ്ലവത്തിനോ സമയമായിട്ടില്ല. ജനകീയ മുന്നേറ്റങ്ങള്‍ ശക്തിപ്പെടുത്തണം, തെരഞ്ഞെടുപ്പില്‍ മത്സരിക്കണം.

1951 ഒക്ടോബര്‍ 9 മുതല്‍ 15 വരെ കല്‍ക്കട്ടയില്‍ നടന്ന പാര്‍ട്ടി സമ്മേളനം കരട് പരിപാടിയും നയരേഖയും അംഗീകരിച്ചു. രാജേശ്വര്‍റാവു നേതൃത്വമൊഴിഞ്ഞു. അജയഘോഷ് ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റു. തെലങ്കാന സമരം അവസാനിപ്പിക്കാനും കര്‍ഷകരെ കൊണ്ട് ആയുധം താഴെവെപ്പിക്കാനുമുള്ള ചുമതല സ്റ്റാലിന്‍ രാജേശ്വര്‍റാവുവിനെയാണ് ഏല്‍പിച്ചിരുന്നത്. കമ്മ്യൂണിസ്റ്റ് നേതാക്കള്‍ മധ്യസ്ഥന്മാര്‍ വഴി കേന്ദ്രസര്‍ക്കാരുമായി ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഫലവത്തായില്ല. അതേ തുടര്‍ന്നന് ഒക്ടോബര്‍ 21-ന് പാര്‍ട്ടി തെലങ്കാന സമരം നിരുപാധികം പിന്‍വലിച്ചു. അങ്ങനെ പാര്‍ട്ടി ചരിത്രത്തിലെ ചോരപുരണ്ട ഒരധ്യായം അവസാനിച്ചു.

പാകിസ്താന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രവും വളരെയൊന്നും വ്യത്യസ്തമായിരുന്നില്ല. ഇന്ത്യയേക്കാള്‍ ഭൂവിസ്തൃതി കുറഞ്ഞ രാജ്യമായതുകൊണ്ടും രാഷ്ട്രീയ അസ്ഥിരത നിലനില്‍ക്കുന്നതിനാലും ദാരിദ്ര്യവും ചൂഷണവും കൂടുതലായതുകൊണ്ടും പാകിസ്താനില്‍ വിപ്ലവം പെട്ടെന്നുണ്ടാകും എന്നാണ് പാര്‍ട്ടി വിലയിരുത്തിയത്. അത് തെറ്റാണെന്ന് വളരെ വേഗം വ്യക്തമായി. മാത്രമല്ല, ഇന്ത്യാവിഭജനത്തെ പിന്തുണച്ച കമ്മ്യൂണിസ്റ്റുകളോട് യാതൊരു ആനുകൂല്യവും കാണിക്കാന്‍ മുസ്ലീംലീഗും പാകിസ്താന്‍ ഗവണ്‍മെന്റും തയ്യാറായിരുന്നുമില്ല.

കിഴക്കന്‍ ബംഗാളിലെ ഗ്രാമങ്ങളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കേഡറുകള്‍ ഉണ്ടായിരുന്നു. പക്ഷേ പ്രമുഖ നേതാക്കളാരും പാകിസ്താനിലേക്ക് പോകാന്‍ തയ്യാറായില്ല. കിഴക്കന്‍ ബംഗാളുകാരനായ മുസാഫര്‍ അഹമ്മദ് പോലും ഇന്ത്യയില്‍ തുടരാനാണ് ആഗ്രഹിച്ചത്. വിഭജന കാലത്ത് ബ്രാഹ്മണരും കായസ്ഥരും നാടുവിട്ടതിനാല്‍ പട്ടികജാതിക്കാരായ നമോശൂദ്രരരാണ് പാര്‍ട്ടിയില്‍ അവശേഷിച്ചത്. ലിയാക്കത്ത് അലിഖാന്റെ സര്‍ക്കാര്‍ ഉരുക്കുമുഷ്ടി ഉപയോഗിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ അടിച്ചമര്‍ത്തി. 1949 ഡിസംബര്‍ 20-ന് കല്‍ഷിറയില്‍ ആരംഭിച്ച പോലീസ് നടപടി 1950 ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ വലിയ ഹിന്ദുവിരുദ്ധലഹളയായി പരിണമിച്ചു. പതിനായിരക്കണക്കിന് അഭയാര്‍ത്ഥികള്‍ ഇന്ത്യയിലേക്ക് പ്രവഹിച്ചു.

പടിഞ്ഞാറന്‍ പാകിസ്താനിലെ കാര്യം അതിലും കഷ്ടമായിരുന്നു. അവിടെ വികസിച്ച മുതലാളിത്ത വ്യവസ്ഥിതിയോ സംഘടിത തൊഴിലാളി വര്‍ഗമോ ഉണ്ടായിരുന്നില്ല. വിദ്യാര്‍ത്ഥികളേയും ബുദ്ധിജീവികളേയും സംഘടിപ്പിച്ച് പാര്‍ട്ടി ശക്തിപ്പെടുത്താനാണ് സജ്ജാദ് സഹീര്‍ യത്‌നിച്ചത്. കമ്മ്യൂണിസ്റ്റ് നേതൃത്വത്തില്‍ സംഘടിപ്പിച്ച ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ വളരെപ്പെട്ടെന്ന് ശക്തിപ്പെട്ടു. പക്ഷേ അതിനപ്പുറം വലിയ മുന്നേറ്റമൊന്നും ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. തെലങ്കാന മാതൃകയിലുള്ള സമരമൊന്നും പാകിസ്താനില്‍ സാധ്യമല്ലായിരുന്നു. അതുകൊണ്ടുതന്നെ ഭരണം പിടിക്കാന്‍ നേതാക്കള്‍ വേറെ വഴി തേടി.

1947-ല്‍ ഇന്ത്യയില്‍ നിന്ന് കശ്മീര്‍ മോചിപ്പിക്കാന്‍ കൂലിപ്പട്ടാളത്തെ പരിശീലിപ്പിച്ച മേജര്‍ ജനറല്‍ അക്ബര്‍ ഖാന്‍ 1949 ജനുവരി ഒന്നിന് ദൗത്യം പൂര്‍ത്തിയാകാതെ വെടിനിര്‍ത്തല്‍ നിലവില്‍ വന്നപ്പോള്‍ തീര്‍ത്തും നിരാശനായി. തുര്‍ക്കിയിലെ കമാല്‍ പാഷയുടെ ആരാധകനും ഇടതുപക്ഷ രാഷ്ട്രീയത്തോട് അനുഭാവമുള്ള ആളുമായിരുന്നു അക്ബര്‍ ഖാന്‍. അദ്ദേഹം സമാന ചിന്താഗതിക്കാരായ സൈനിക ഉദ്യോഗസ്ഥരോടും കമ്മ്യൂണിസ്റ്റ് നേതാക്കളോടും ആശയവിനിമയം നടത്തി. കമ്മ്യൂണിസ്റ്റ് നേതാവും കവിയുമായ ഫൈസ് അഹമ്മദ് ഫൈസ് സമീപകാലത്ത് മാത്രം വിരമിച്ച ലഫ്‌നന്റ് ജനറല്‍ ആയിരുന്നു. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ അവര്‍ പദ്ധതി തയ്യാറാക്കി. എന്നാല്‍ ജനറല്‍ അയൂബ് ഖാന്‍ അട്ടിമറിയുമായി സഹകരിക്കാന്‍ തയ്യാറായില്ല. അങ്ങനെ പദ്ധതി പൊളിഞ്ഞു.

റാവല്‍പിണ്ടി ഗൂഢാലോചനാക്കേസില്‍ കുറ്റം ചുമത്തപ്പെട്ട കമ്മ്യൂണിസ്റ്റ് നേതാക്കളായ സജ്ജാദ് സഹീറും ഫൈസ് അഹമ്മദ് ഫൈസും  
റാവല്‍പിണ്ടി ഗൂഢാലോചനാക്കേസില്‍ കുറ്റം ചുമത്തപ്പെട്ട കമ്മ്യൂണിസ്റ്റ് നേതാക്കളായ സജ്ജാദ് സഹീറും ഫൈസ് അഹമ്മദ് ഫൈസും  

സൈനിക അട്ടിമറിക്കുള്ള പദ്ധതി കണ്ടെത്തിയതായി 1951 മാര്‍ച്ച് 9-ന് പ്രധാനമന്ത്രി ലിയാക്കത്ത് അലിഖാന്‍ രാഷ്ട്രത്തെ അറിയിച്ചു. അക്ബര്‍ ഖാനും ഭാര്യയും സൈനിക ഉദ്യോഗസ്ഥരും സജ്ജാദ് സഹീറും ഫൈസ് അഹമ്മദ് ഫൈസും അടക്കം 15 പേര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ നിരോധിച്ചു. സോവിയറ്റ് യൂണിയന്റെ സഹായത്തോടെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചു എന്നാരോപിച്ച് സൈനിക കോടതി വിചാരണ ചെയ്തു. അതാണ് റാവല്‍പിണ്ടി ഗൂഢാലോചനാക്കേസ്.

1951 ഒക്ടോബര്‍ 16-ന് റാവല്‍പിണ്ടിയില്‍ ഒരു മുസ്ലീംലീഗ് യോഗത്തിനിടെ സാദ് അക്ബര്‍ ബബ്രാക് എന്നൊരു അഫ്ഗാന്‍കാരന്‍ ലിയാക്കത്ത് അലിഖാനെ വെടിവെച്ചുകൊന്നു. ഘാതകനും തല്‍ക്ഷണം വധിക്കപ്പെട്ടു. കൊലയ്ക്ക് പിന്നില്‍ ആരായിരുന്ന കാര്യം ഇന്നും അജ്ഞാതമായി തുടരുന്നു.

റാവല്‍പിണ്ടി ഗൂഢാലോചനക്കേസിന്റെ വിചാരണ 18 മാസം നീണ്ടു. ഷഹീദ് സുഹ്രവര്‍ദി ആയിരുന്നു പ്രതിഭാഗം അഭിഭാഷകന്‍. സൈനിക കോടതി എല്ലാപ്രതികളേയും ദീര്‍ഘകാല ജയില്‍ശിക്ഷയ്ക്ക് വിധിച്ചു. ജവഹര്‍ലാല്‍ നെഹ്‌റു ഇടപെട്ട് സജ്ജാദ് സഹീറിനെ മോചിപ്പിച്ചു. 1954-ല്‍ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവന്നു. 1957-ല്‍ സുഹ്രവര്‍ദി പാക് പ്രധാനമന്ത്രിയായപ്പോള്‍ മറ്റു പ്രതികള്‍ക്കും ശിക്ഷ ഇളവ് നല്‍കി മോചിപ്പിച്ചു. ഫൈസ് അഹമ്മദ് ഫൈസ് പാകിസ്താനില്‍ തുടര്‍ന്നു. കവിതകളും ദേശഭക്തിഗാനങ്ങളും എഴുതി പേരെടുത്തു.