ജനാധിപത്യ സോഷ്യലിസം: ഭിന്നപാതകള്‍

October 27, 2016, 1:46 pm
ജനാധിപത്യ സോഷ്യലിസം: ഭിന്നപാതകള്‍
Columns
Columns
ജനാധിപത്യ സോഷ്യലിസം: ഭിന്നപാതകള്‍

ജനാധിപത്യ സോഷ്യലിസം: ഭിന്നപാതകള്‍

കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ദേശീയ സമ്മേളനം 1947 മാര്‍ച്ച് 6, 7 തീയതികളില്‍ കോണ്‍പൂരില്‍ നടന്നു. പാര്‍ട്ടി മാര്‍ക്‌സിസ്റ്റ് പാത കയ്യൊഴിഞ്ഞ് ഗാന്ധിമാര്‍ഗത്തില്‍ ഉറച്ചുനില്‍ക്കാന്‍ തീരുമാനിച്ചു. ജനാധിപത്യമില്ലാത്ത സോഷ്യലിസം യഥാര്‍ത്ഥ സോഷ്യലിസമല്ലെന്ന് വിലയിരുത്തി. ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് ഹിംസാ മാര്‍ഗ്ഗങ്ങളില്ലാതെ സമാധാനപരമായ രീതിയില്‍ ജനാധിപത്യ മാര്‍ഗ്ഗത്തിലൂടെ വേണം സോഷ്യലിസ്റ്റ് വ്യവസ്ഥിതി പ്രായോഗികമാക്കാന്‍.

അതിനകം കുപ്രസിദ്ധമായിക്കഴിഞ്ഞിരുന്ന സ്റ്റാലിനിസ്റ്റ് അതിക്രമങ്ങളാണ് ജയപ്രകാശിനേയും കൂട്ടരേയും കമ്മ്യൂണിസ്റ്റ് വിരുദ്ധരും ഗാന്ധിമാര്‍ഗപ്രേമികളുമാക്കി മാറ്റിയത്. ഫാസിസത്തിന്റെ വകഭേദമാണ് സ്റ്റാലിനിസം എന്നവര്‍ കുറ്റപ്പെടുത്തി. ‘’വിപ്ലവം കഴിഞ്ഞ് ദശാബ്ദങ്ങളായിട്ടും സോവിയറ്റ് യൂണിയനില്‍ സ്വാതന്ത്ര്യവും പൗരാവകാശങ്ങളും ചവിട്ടി മെതിക്കപ്പെടുകയാണ്. ഭരണകൂടം ഇപ്പോഴും മര്‍ദ്ദനോപാധിയായി തുടരുന്നു. സമത്വം ഒരു വിദൂര സ്വപ്‌നമാണ്. ദേശാന്തരീയ സാഹോദര്യം എന്നത് ഒരു നവീന കോളനിവാഴ്ചയായി തരംതാണിരിക്കുന്നു. ഏതൊരാശയവും നന്മ പ്രദാനം ചെയ്യുന്നിടത്തോളം കാലമേ സ്വീകാര്യമായിരിക്കുകയുള്ളൂ. പ്രായോഗിക സോഷ്യലിസം എന്ന പേരില്‍ റഷ്യയില്‍ നടമാടുന്നത് മാര്‍ക്‌സ് സങ്കല്പിക്കുക പോലും ചെയ്യാത്ത ജനദ്രോഹ നടപടികളാണ്’’: ജെപി വിലയിരുത്തി.

കോണ്‍പൂര്‍ സമ്മേളനം പാര്‍ട്ടിയുടെ പേരില്‍ നിന്ന് കോണ്‍ഗ്രസ് ഒഴിവാക്കി, സോഷ്യലിസ്റ്റ് പാര്‍ട്ടി എന്നാക്കി. മാത്രമല്ല, പാര്‍ട്ടി മെമ്പര്‍ഷിപ്പിന് കോണ്‍ഗ്രസ് അംഗത്വം നിര്‍ബന്ധമല്ലാതാക്കി. അതേസമയം കോണ്‍ഗ്രസുമായുള്ള ബന്ധം പൂര്‍ണമായും വിച്ഛേദിച്ചതുമില്ല. പ്രമുഖ സോഷ്യലിസ്റ്റ് നേതാക്കളൊക്കെ എഐസിസി അംഗങ്ങളായി തുടര്‍ന്നു.

‘’കോണ്‍ഗ്രസ് എന്ന പേര് എടുത്തുകളയുന്നത് കോണ്‍ഗ്രസിനെ എതിര്‍ക്കാനല്ല. കോണ്‍ഗ്രസ് നമ്മുടെ ദേശീയ സംഘടനയാണ്. പാര്‍ട്ടിയിലെ അംഗങ്ങള്‍ കോണ്‍ഗ്രസിലേയും അംഗങ്ങളായിരിക്കണമെന്ന നിബന്ധന ഒഴിവാക്കിയിരിക്കുന്നു. നാം കോണ്‍ഗ്രസില്‍ നിന്ന് സ്വയം പുറത്തുവന്നിരിക്കുന്നു എന്ന് അര്‍ത്ഥമില്ല. നമ്മുടെ ലക്ഷ്യങ്ങളോട് കൂറ് പുലര്‍ത്തുന്നവരും എന്നാല്‍ കോണ്‍ഗ്രസില്‍ ചേരാന്‍ ആഗ്രഹിക്കാത്തവരുമായ വ്യക്തികള്‍ക്കും കൂട്ടായ്മകള്‍ക്കും സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ ചേരാം എന്നായിരിക്കുന്നു... കോണ്‍ഗ്രസ് ഇപ്പോള്‍ മന്ത്രിസ്ഥാനങ്ങള്‍ക്ക് പിന്നാലെ പോകുന്ന സംഘടനയായിരിക്കുന്നു. ഗാന്ധിജി നമ്മോടൊപ്പം ഉള്ളിടത്തോളം കാലം കോണ്‍ഗ്രസ് വിടാന്‍ ഞാന്‍ തയ്യാറല്ല. കോണ്‍ഗ്രസിന്റെ വിപ്ലവ സ്വഭാവം നശിക്കാന്‍ അദ്ദേഹം അനുവദിക്കില്ല. ഇപ്പോഴത്തെ നിലയ്ക്ക് കോണ്‍ഗ്രസുമായി കലഹിക്കാന്‍ സോഷ്യലിസ്റ്റുകള്‍ക്ക് ചില അവസരങ്ങളെങ്കിലും ലഭിക്കും. കുറച്ച് നീതിയും കിട്ടിയേക്കാം’’. കോണ്‍പൂര്‍ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചുകൊണ്ട് ഡോ. റാം മനോഹര്‍ ലോഹ്യ പറഞ്ഞു.

സോഷ്യലിസ്റ്റുകള്‍ ഇന്ത്യാവിഭജനത്തെ അതിശക്തമായി അപലപിച്ചു എന്നുമാത്രമല്ല നെഹ്‌റുവും പട്ടേലും മൗണ്ട് ബാറ്റനുമായി ഒത്തുകളിച്ചു, ഗാന്ധിജിയെപ്പോലും വഞ്ചിച്ചു എന്നാരോപിച്ചു. മുസ്ലീംലീഗിന്റെ ദുശാഠ്യത്തിന് കോണ്‍ഗ്രസ് വഴങ്ങിയെന്ന് കുറ്റപ്പെടുത്തി. സര്‍ദാര്‍ പട്ടേലിനെ തീവ്രവലതുപക്ഷക്കാരനും തികഞ്ഞ സോഷ്യലിസ്റ്റ് വിരുദ്ധനുമെന്ന് മുദ്രകുത്തി.

കമ്മ്യൂണിസ്റ്റുകാരില്‍ നിന്ന് വ്യത്യസ്തമായി, സോഷ്യലിസ്റ്റുകള്‍ ഇന്ത്യന്‍ സ്വാതന്ത്ര്യത്തെ അംഗീകരിച്ചു. സാമ്രാജ്യത്വത്തില്‍ നിന്ന് രാജ്യം മോചനം നേടി, ഇനി ദാരിദ്ര്യം, രോഗം, നിരക്ഷരത എന്നിവയില്‍ നിന്നുകൂടി നാം മോചിതരാകണം; സോഷ്യലിസ്റ്റ് വ്യവസ്ഥിതി നടപ്പാകുംവരെ യഥാര്‍ത്ഥ സ്വാതന്ത്ര്യം കൈവരില്ല എന്നായിരുന്നു ജയപ്രകാശിന്റെ നിലപാട്.

ഗാന്ധിജി വെടിയേറ്റ് മരിച്ചതിനു തൊട്ടുപിന്നാലെ 1948 ഫെബ്രുവരി 26-ാം തീയതി എഐസിസി കൂടി കോണ്‍ഗ്രസിനകത്ത് പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പുകളേയും സംഘടനകളേയും പുറന്തള്ളാന്‍ തീരുമാനിച്ചു. അതോടെ സോഷ്യലിസ്റ്റുകള്‍ക്ക് കോണ്‍ഗ്രസ് ബന്ധം വിച്ഛേദിക്കുകയല്ലാതെ മാര്‍ഗ്ഗമില്ലാതായി.

1948 മാര്‍ച്ച് 19 മുതല്‍ 21 വരെ നാസിക്കില്‍ നടന്ന പാര്‍ട്ടിയുടെ ആറാം വാര്‍ഷിക സമ്മേളനത്തില്‍ കോണ്‍ഗ്രസുമായുള്ള ബന്ധം അവസാനിപ്പിക്കാനും ക്രിയാത്മക പ്രതിപക്ഷമായി പ്രവര്‍ത്തിക്കാനും തീരുമാനിച്ചു. പാര്‍ട്ടി അംഗങ്ങളോട് കോണ്‍ഗ്രസ് വിട്ട് പുറത്തുവരാനും സ്ഥിതി സമത്വം ലാക്കാക്കി ജനകീയ ബദല്‍ കെട്ടിപ്പെടുക്കാനും ആഹ്വാനം ചെയ്തു. പാകിസ്താന്‍ രൂപീകരണത്തോടെ മുസ്ലീംലീഗ് അപ്രസക്തമായി, സായുധ വിപ്ലവത്തിന് തുനിഞ്ഞിറങ്ങിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടു. ഇനിയങ്ങോട്ട് സോഷ്യലിസ്റ്റ് പാര്‍ട്ടിയായിരിക്കും കോണ്‍ഗ്രസിന് ബദല്‍ എന്ന് പാര്‍ട്ടി നേതാക്കള്‍ പ്രത്യാശ പ്രകടിപ്പിച്ചു.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേരാതെ തന്നെ മാര്‍ക്‌സിസം- ലെനിനിസം അടിസ്ഥാനപ്രമാണമാക്കി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച സോഷ്യലിസ്റ്റ് പാര്‍ട്ടികളും രാജ്യത്തുണ്ടായിരുന്നു. അവയില്‍ പ്രധാനം റവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടിയായിരുന്നു.

അനുശീലന്‍ സമിതിയുടെ ആദ്യകാല നേതാക്കളായ റാഷ് ബിഹാരി ബോസും അരവിന്ദഘോഷും ജതീന്ദ്രനാഥ് മുഖര്‍ജിയും
അനുശീലന്‍ സമിതിയുടെ ആദ്യകാല നേതാക്കളായ റാഷ് ബിഹാരി ബോസും അരവിന്ദഘോഷും ജതീന്ദ്രനാഥ് മുഖര്‍ജിയും

ഇതുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ ബംഗാളില്‍ പ്രവര്‍ത്തിച്ചിരുന്ന അനുശീലന്‍ സമിതി എന്ന തീവ്രവാദ സംഘടന പരിണമിച്ചാണ് പില്‍ക്കാലത്ത് വിപ്ലവ സോഷ്യലിസ്റ്റ് പാര്‍ട്ടി ഉണ്ടായത്. റാഷ് ബിഹാരി ബോസും അരവിന്ദഘോഷും ജതീന്ദ്രനാഥ് മുഖര്‍ജിയും ആയിരുന്നു അനുശീലന്‍ സമിതിയുടെ ആദ്യകാല നേതാക്കള്‍.

1930-കളില്‍ അനുശീലന്‍ സമിതിക്കാരില്‍ മിക്കവരും മാര്‍ക്‌സിസത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടു. ഒരു ചെറുവിഭാഗം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു. പക്ഷേ ബഹുഭൂരിപക്ഷം പേരും വിട്ടുനിന്നു. ദേശീയ - പുരോഗമന നേതാക്കളെ ചെറുക്കാനും കോണ്‍ഗ്രസിന്റെ പുരോഗമന മുഖംമൂടി തുറന്നുകാട്ടാനുമുള്ള 1928- ലെ കൊമിന്റേണ്‍ കൊളോണിയല്‍ പ്രമേയത്തോടുള്ള വിയോജിപ്പായിരുന്നു കാരണം. അനുശീലന്‍ സോഷ്യലിസ്റ്റുകള്‍ ശാശ്വതവിപ്ലവം അഥവാ നിരന്തരവിപ്ലവം എന്ന മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ് സിദ്ധാന്തത്തെ അനുകൂലിച്ചു. സ്റ്റാലിനിസത്തെ എതിര്‍ത്തു. അതേസമയം, ട്രോട്‌സ്‌കിയില്‍ നിന്ന് അകലം പാലിച്ചു. 1936-ല്‍ സ്വന്തം രാഷ്ട്രീയലൈന്‍ തീരുമാനിച്ചു. 1938 സെപ്തംബറില്‍ അത് പ്രസിദ്ധീകരിച്ചു.

1938-ല്‍ അനുശീലന്‍ സോഷ്യലിസ്റ്റ് നേതാക്കളായ യോഗേഷ് ചന്ദ്ര ചാറ്റര്‍ജി, ത്രിദീപ് കുമാര്‍ ചൗധരി, കേശവ് പ്രസാദ് ശര്‍മ എന്നിവര്‍ സോഷ്യലിസ്റ്റ് നേതാക്കളായ ജയപ്രകാശ് നാരായണ്‍, ആചാര്യ നരേന്ദ്രദേവ് എന്നിവരുമായി ചര്‍ച്ച നടത്തി. സ്വന്തം വ്യക്തിത്വം നിലനിര്‍ത്തിക്കൊണ്ടുതന്നെ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു.

എന്നാല്‍ വളരെ പെട്ടെന്നുതന്നെ അവര്‍ നിരാശരായി. ഫാബിയന്‍ സോഷ്യലിസ്റ്റുകളും ഗാന്ധിയന്‍ സോഷ്യലിസ്റ്റുകളും തനി കമ്മ്യൂണിസ്റ്റുകളും ചേര്‍ന്ന ഒരു അവിയല്‍ സംവിധാനമായിരുന്നു അന്നത്തെ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി. തത്വവും പ്രയോഗവും സംഘടനാ സംവിധാനവുമെല്ലാം ഒന്നിനൊന്ന് വ്യത്യസ്തം, പരസ്പര വിരുദ്ധം.

1939-ലെ എഐസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അനുശീലന്‍ സോഷ്യലിസ്റ്റുകള്‍ സുഭാഷ് ചന്ദ്രബോസിനെ പിന്താങ്ങി. ത്രിപുരി സമ്മേളനത്തില്‍ ഗാന്ധി മാര്‍ഗ്ഗത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഗോവിന്ദ വല്ലഭ പന്ത് അവതരിപ്പിച്ച പ്രമേയത്തെ പരസ്യമായി എതിര്‍ക്കാന്‍ സോഷ്യലിസ്റ്റുകളോ കമ്മ്യൂണിസ്റ്റുകളോ തയ്യാറായില്ല. തികച്ചും ഒറ്റപ്പെട്ട ബോസ് കോണ്‍ഗ്രസ് അധ്യക്ഷപദം രാജിവെച്ചു. ആ വഞ്ചനയില്‍ പ്രതിഷേധിച്ച് യോഗേഷ് ചന്ദ്ര ചാറ്റര്‍ജി കോണ്‍ഗ്രസില്‍ നിന്നും സിഎസ്പിയില്‍ നിന്നും രാജിവെച്ചു.

1939 ജൂണില്‍ സുഭാഷ് ചന്ദ്രബോസ് ഫോര്‍വേഡ് ബ്ലോക്ക് രൂപീകരിച്ചു. അനുശീലന്‍ സോഷ്യലിസ്റ്റുകള്‍ അതിലും ചേരാന്‍ കൂട്ടാക്കിയില്ല. 1940-ല്‍ അവര്‍ മാര്‍ക്‌സിസം-ലെനിനിസം അടിസ്ഥാന പ്രമാണമാക്കി സ്വന്തം രാഷ്ട്രീയ കക്ഷി രൂപീകരിച്ചു- റവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടി. യോഗേഷ് ചന്ദ്ര ചാറ്റര്‍ജി ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. അനുശീലന്‍ സമിതിയിലും പില്‍ക്കാലത്ത് ഹിന്ദുസ്ഥാന്‍ റിപ്പബ്ലിക്കന്‍ അസോസിയേഷനിലും പ്രവര്‍ത്തിച്ച 1926-ലെ കാകോരി ഗൂഢാലോചനാക്കേസില്‍ ജീവപര്യന്തം കഠിനതടവിന് ശിക്ഷിക്കപ്പെട്ട വിപ്ലവകാരിയായിരുന്നു അദ്ദേഹം.

നാസി ജര്‍മ്മനി സോവിയറ്റ് യൂണിയനെ ആക്രമിക്കുകയും രണ്ടാം ലോക മഹായുദ്ധം വഴിത്തിരിവില്‍ എത്തുകയും ചെയ്ത സാഹചര്യത്തില്‍ കമ്മ്യൂണിസ്റ്റുകാര്‍ നിലപാടുമാറ്റി. സാമ്രാജ്യത്വ യുദ്ധമല്ല ജനകീയ യുദ്ധമാണെന്ന് വ്യാഖ്യാനിച്ചു. ലോകമഹായുദ്ധം ജനകീയ യുദ്ധമായി മാറിയെന്ന നിലപാടിനോട് ആര്‍എസ്പിയും യോജിച്ചു. സോവിയറ്റ് യൂണിയനെ സംരക്ഷിക്കേണ്ടത് ആവശ്യമാണ്. പക്ഷേ ഇന്ത്യക്കാര്‍ക്ക് പ്രധാനം കോളനിവാഴ്ച അവസാനിപ്പിക്കലാണെന്ന് വിലയിരുത്തി.

1947 മാര്‍ച്ചിലെ സിഎസ്പിയുടെ കോണ്‍പൂര്‍ സമ്മേളനത്തില്‍ തിരുവിതാംകൂറിലും കൊച്ചിയിലും ഏതാനും വിപ്ലവകാരികള്‍ മാര്‍ക്‌സിസിസം- ലെനിനിസം പാര്‍ട്ടിയുടെ അടിസ്ഥാന പ്രമാണമായി അംഗീകരിക്കണം എന്ന ആവശ്യം ഉന്നയിച്ചു. അത് അംഗീകരിക്കപ്പെടാതെ വന്നപ്പോള്‍ ഇറങ്ങിപ്പോക്ക് നടത്തി. അവര്‍ പിന്നീട് കേരളാ സോഷ്യലിസ്റ്റ് പാര്‍ട്ടി എന്ന പേരില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. 1949 ഒക്ടോബര്‍ കെഎസ്പിയില്‍ ഭിന്നിപ്പുണ്ടായി. എന്‍ ശ്രീകണ്ഠന്‍ നായരും ടി കെ ദിവാകരനും ബേബി ജോണും നയിച്ച വിഭാഗം ആര്‍എസ്പിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങി.

1939 ജൂണ്‍ 22-ന് നേതാജി സുഭാഷ് ചന്ദ്രബോസ് രൂപീകരിച്ച പാര്‍ട്ടിയാണ് ഓള്‍ ഇന്ത്യാ ഫോര്‍വേഡ് ബ്ലോക്ക്. ബോസ് ആയിരുന്നു പാര്‍ട്ടിയുടെ പ്രസിഡന്റ്; ലാല്‍ ശങ്കര്‍ ലാല്‍ ജനറല്‍ സെക്രട്ടറി. പാര്‍ട്ടിയുടെ പ്രചരണാര്‍ത്ഥം നേതാജി രാജ്യമെമ്പാടും സന്ദര്‍ശിച്ചു. പുതിയ ഘടകങ്ങള്‍ രൂപീകരിച്ചു.

1942 ജൂണ്‍ 20 മുതല്‍ 22 വരെ നാഗ്പൂരില്‍ നടന്ന ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സമ്മേളനം ബോസിനെ വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുത്തു. എച്ച് വി കാമത്ത് ആയിരുന്നു ജനറല്‍ സെക്രട്ടറി. ജൂലൈ രണ്ടാം തീയതി ബോസിനെ പോലീസ് അറസ്റ്റ് ചെയ്തു. 1942 ഓഗസ്റ്റില്‍ ക്വിറ്റ് ഇന്ത്യാപ്രമേയം പാസായതിന് തൊട്ടുപിന്നാലെ ഫോര്‍വേഡ് ബ്ലോക്കിനെ സര്‍ക്കാര്‍ നിരോധിച്ചു. നേതാക്കളെ അറസ്റ്റ് ചെയ്ത് തുറുങ്കിലടച്ചു.

ലോക യുദ്ധാവസാനത്തിനും ബോസിന്റെ തിരോധാനത്തിനും ശേഷം 1946 ഫെബ്രുവരിയില്‍ ആര്‍ എസ് റൂയികര്‍ മുന്‍കയ്യെടുത്ത് ഫോര്‍വേഡ് ബ്ലോക്കിന്റെ സമ്മേളനം ജബല്‍പൂരില്‍ സംഘടിപ്പിച്ചു. കോല്‍ഹാപൂരില്‍ നിന്നുള്ള സ്വാതന്ത്ര്യ സമരഭടനും തൊഴിലാളി നേതാവുമായിരുന്നു രാംചന്ദ്ര സഖാറാം റൂയികര്‍. അദ്ദേഹമാണ് നാഗ്പൂര്‍ ടെക്‌സറ്റൈല്‍ യൂണിയന്‍ സ്ഥാപിച്ചത്. രണ്ടുവട്ടം എഐടിയുസി പ്രസിഡന്റും ആയിരുന്നു. 1938-ല്‍ ഫോര്‍വേഡ് ബ്ലോക്കില്‍ സജീവമായി.ഫോര്‍വേഡ് ബ്ലോക്കിന്റെയും ഇടത് ഏകീകരണ സമിതിയുടെയും നേതാക്കള്‍
ഫോര്‍വേഡ് ബ്ലോക്കിന്റെയും ഇടത് ഏകീകരണ സമിതിയുടെയും നേതാക്കള്‍

ജബല്‍പൂര്‍ സമ്മേളനം ഫോര്‍വേഡ് ബ്ലോക്ക് വര്‍ക്കേഴ്‌സ് അസംബ്ലി രൂപീകരിച്ചു. സോഷ്യലിസം അടിസ്ഥാന പ്രമാണമായും വര്‍ഗ്ഗരഹിത സമൂഹം അന്തിമ ലക്ഷ്യമായും സ്വീകരിച്ചു. ഈ ഘട്ടത്തില്‍ ബോംബെയില്‍ നിന്നുള്ള പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ കെ എന്‍ ജോഗ്ലേക്കറും സോളി ബാട്‌ലിവാലയും ഫോര്‍വേഡ് ബ്ലോക്കില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറായി.

1946 ലെ തെരഞ്ഞെടുപ്പില്‍ ഫോര്‍വേഡ് ബ്ലോക്ക് പങ്കെടുത്തു. ജ്യോതിഷ് ചന്ദ്രഘോഷ്, ഹേമന്ത് കുമാര്‍ ബസു, ലീലാ റോയ് എന്നിവര്‍ ബംഗാള്‍ നിയമസഭയിലേക്കും എച്ച് വി കാമത്ത് ഭരണഘടനാ അസംബ്ലിയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.

വൈകാതെ, പാര്‍ട്ടിയില്‍ വിഭാഗീയത പ്രകടമായി. മാര്‍ക്‌സിസ്റ്റ്, സുഭാഷിസ്റ്റ് ഗ്രൂപ്പുകള്‍ നിലവില്‍വന്നു. 1947 ജനുവരി 12 മുതല്‍ 14 വരെ ബീഹാറില്‍ അറായില്‍ നടന്ന ദേശീയ സമ്മേളനത്തില്‍ ചേരിതിരിവ് പ്രകടമായിരുന്നു. സുഭാഷിസ്റ്റ് ഗ്രൂപ്പുകാരനായ എസ് എസ് കവാഷീര്‍ പ്രസിഡന്റായും മാര്‍ക്‌സിസ്റ്റ് ഗ്രൂപ്പുകാരനായ വീരഭദ്ര യഗീ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. ബീഹാറുകാരനായ യഗീ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയിലൂടെയാണ് രാഷ്ട്രീയത്തില്‍ വന്നത്. കര്‍ഷക പ്രസ്ഥാനത്തില്‍ സജീവമായിരുന്നു. സുഭാഷിന്റെ ആരാധകനായിരുന്ന യഗി 1939-ല്‍ ഫോര്‍വേഡ് ബ്ലോക്കിലെത്തി.

1948-ഫെബ്രുവരി 26-ലെ എഐസിസി പ്രമേയത്തെ തുടര്‍ന്ന് ഫോര്‍വേഡ് ബ്ലോക്കുകാരും കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ടു. പാര്‍ട്ടിയുടെ ദേശീയ കൗണ്‍സില്‍ വാരാണാസിയില്‍ യോഗം ചേര്‍ന്ന് സ്വതന്ത്ര പ്രതിപക്ഷ പാര്‍ട്ടിയായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. അതിനുപിന്നാലേ പാര്‍ട്ടിയില്‍ വിഭാഗീയത ശക്തിപ്പെട്ടു. ഡിസംബര്‍ 29, 31 തീയതികളില്‍ കവാഷീര്‍ ഗ്രൂപ്പ് ബംഗാളിലെ ചന്ദ്രനഗറില്‍ സമ്മേളനം വിളിച്ചുകൂട്ടി. അതേദിവസങ്ങളില്‍ യഗീ ഗ്രൂപ്പ് കല്‍ക്കട്ടയിലും സമ്മേളനം നടത്തി. ജോഗ്ലേക്കര്‍ ചെയര്‍മാനായും യഗീ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. അരിവാളും ചുറ്റികയും കുതിച്ചു ചാടുന്ന കടുവയുടെ ചിത്രവുമുള്ള ചെങ്കൊടി പാര്‍ട്ടി പതാകയായി അംഗീകരിച്ചു.

ഫോര്‍വേഡ് ബ്ലോക്കിലെ യഗീ ഗ്രൂപ്പ് ശരത്ചന്ദ്ര ബോസിന്റെ യുണൈറ്റഡ് സോഷ്യലിസ്റ്റ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യയുമായി സഹകരിക്കാന്‍ തീരുമാനിച്ചു. അതില്‍ പ്രതിഷേധിച്ച് കെ എന്‍ ജോഗ്ലേക്കര്‍ പാര്‍ട്ടി വിട്ടു. ഫോര്‍വേഡ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചു. 1949 ഒക്ടോബറില്‍ യഗീ ഗ്രൂപ്പ് ജനറല്‍ മോഹന്‍സിംഗും കേണല്‍ ഗുരുബക്ഷ് സിംഗ് ധില്ലനും ചേര്‍ന്ന് രൂപീകരിച്ച ദേശസേവക് പാര്‍ട്ടിയുമായി ലയിച്ചു. മോഹന്‍സിംഗും ധില്ലനും സുഭാഷ് ചന്ദ്രബോസിനൊപ്പം ഐഎന്‍എയില്‍ പ്രവര്‍ത്തിച്ചവരും പിന്നീട് ചെങ്കോട്ടയില്‍ വിചാരണ നേരിട്ടവരും ആയിരുന്നു. ആ വസ്തുത യഗീ ഗ്രൂപ്പിന് വലിയ ജനപിന്തുണ നേടിക്കൊടുത്തു.

1951 ജൂണില്‍ റൂയികര്‍, യഗീ ഗ്രൂപ്പുകള്‍ പുനഃസംയോജിക്കാന്‍ തീരുമാനിച്ചു. ജൂണ്‍ 23-ന് സംയുക്ത കേന്ദ്രകമ്മിറ്റി യോഗം ചേര്‍ന്ന് ലയനം സ്ഥിരീകരിച്ചു. ജനറല്‍ മോഹന്‍സിംഗ് ചെയര്‍മാനായും കേണല്‍ ഗുരുബക്ഷ് സിംഗ് ധില്ലന്‍ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.

മാര്‍ക്‌സിസം അടിസ്ഥാന പ്രമാണമായി അംഗീകരിച്ച മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയാണ് പെസന്റ്‌സ് ആന്റ് വര്‍ക്കേഴ്‌സ് പാര്‍ട്ടി(ഭാരതീയ ഷേത്കാരി കാംഗാര്‍ പക്ഷ). പൂനെയിലെ കോണ്‍ഗ്രസ് നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായ ദേശഭക്ത കേശവ്‌റാവ് മാരുതറാവ് ജേഥേ 1947-ലാണ് പാര്‍ട്ടി സ്ഥാപിച്ചത്. ശങ്കര്‍ റാവു മോറെ, കാകാ സാഹിബ് വാഗ്, നാനാപട്ടേല്‍, തുളസിദാസ് ജാദവ് മുതലായവരായിരുന്നു മറ്റുനേതാക്കള്‍. മഹാരാഷ്ട്രയിലെ റായ്ഗഢ്, സോളാപൂര്‍, നാസിക്, നാഗ്പൂര്‍, നന്തേഡ് പ്രദേശങ്ങളായിരുന്നു അവരുടെ ശക്തികേന്ദ്രങ്ങള്‍.