താഴ്‌വരയില്‍ അശാന്തി  

June 21, 2016, 1:29 pm
താഴ്‌വരയില്‍ അശാന്തി   
Columns
Columns
താഴ്‌വരയില്‍ അശാന്തി   

താഴ്‌വരയില്‍ അശാന്തി  

ഇന്ത്യയിലെ ഏറ്റവും വിസ്തീര്‍ണ്ണമുള്ള നാട്ടുരാജ്യമായിരുന്നു കശ്മീര്‍. ജില്‍ജിത്ത്, ലഡാക്ക്, കശ്മീര്‍ താഴ്‌വര, ജമ്മു എന്നീ നാല് ഭാഗങ്ങള്‍ ചേര്‍ന്ന് മൊത്തം 84,408 ചതുരശ്ര മൈലായിരുന്നു വിസ്തീര്‍ണ്ണം. ജില്‍ജിത്തിന്റെയും ലഡാക്കിന്റെയും അധികഭാഗവും മഞ്ഞുമൂടിയ മലകളായിരുന്നു. അവിടങ്ങളില്‍ ജനവാസം തുച്ഛമായിരുന്നുതാനും.

രഞ്ജിത് സിംഗിന്റെ കാലംമുതല്‍ സിഖ് സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു കശ്മീര്‍. സിഖുകാരുടെ പതനത്തിന് ശേഷവും ഹിന്ദു രാജാക്കന്മാരാണ് കശ്മീര്‍ വാണിരുന്നത്. ബ്രിട്ടീഷ് മേല്‍ക്കോയ്മ അംഗീകരിച്ചിരുന്നെങ്കിലും കശ്മീരിലേക്ക് റസിഡന്റിനെ അയക്കുന്ന പതിവുണ്ടായിരുന്നില്ല. തത്വത്തില്‍ ഒരു സ്വതന്ത്രരാജ്യമായിരുന്നു അത്.

പഞ്ചാബിനോട് ചേര്‍ന്നുകിടക്കുന്ന ജമ്മുവിന്റെ പടിഞ്ഞാറുഭാഗത്ത് കശ്മീരിയും ഉറുദുവും സംസാരിക്കുന്ന മുസ്ലീങ്ങളായിരുന്നു ഭൂരിപക്ഷം. കിഴക്കുഭാഗത്ത് ദോഗ്രി ഭാഷക്കാരായ ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കുമായിരുന്നു മുന്‍ തൂക്കം. കശ്മീര്‍ താഴവരയില്‍ മുസ്ലീങ്ങളാണ് മഹാഭൂരിപക്ഷം. അമുസ്ലീങ്ങള്‍ വെറും ആറ് ശതമാനമേ ഉണ്ടായിരുന്നുള്ളൂ. ജില്‍ജിത്തിലെ സ്ഥിതിയും വ്യത്യസ്തമല്ല. ലഡാക്കില്‍ മുസ്ലീങ്ങളോളം തന്നെ ബുദ്ധമതാനുയായികളും ഉണ്ട്. ജമ്മുകശ്മീരിന്റെ മൊത്തം ജനസംഖ്യയില്‍ 85% മുസ്ലീങ്ങളായിരുന്നു.

കശ്മീര്‍ മഹാരാജാവായിരുന്ന പ്രതാപ് സിംഗ് 1925-ല്‍ അന്തരിച്ചു. അദ്ദേഹത്തിന് മക്കളുണ്ടായിരുന്നില്ല. അനന്തരവന്‍ ഹരിസിംഗ് മഹാരാജാവായി സ്ഥാനമേറ്റു. സ്വന്തംനിലയ്ക്ക് സൈനിക മേധാവിയായിരുന്ന ഹരിസിംഗ് രണ്ടാംലോക യുദ്ധകാലത്ത് പ്രജകളെ ബ്രിട്ടീഷ് സൈന്യത്തില്‍ ചേരാന്‍ പ്രേരിപ്പിച്ചു. യുദ്ധം അവസാനിക്കുമ്പോള്‍ കശ്മീരിലെ മുസ്ലീം ജനസംഖ്യയില്‍ നല്ലൊരുഭാഗം വിമുക്തഭടന്മാര്‍ ആയിരുന്നു.The last Maharaja of Kashmir, Hari Singh (r.1925-47), in a photo from 1943.
The last Maharaja of Kashmir, Hari Singh (r.1925-47), in a photo from 1943.

ഹരിസിംഗിന്റെ നിരുത്തരവാദഭരണവും കനത്ത നികുതിഭാരവും ഭൂവുടമകളുടെ ചൂഷണവും കൊടിയ ദാരിദ്ര്യവും നിമിത്തം കശ്മീര്‍ അസ്വസ്ഥമായിരുന്നു. അലിഗഡില്‍ നിന്ന് സയന്‍സില്‍ ബിരുദാനന്തരബിരുദം നേടിയ ഷെയ്ഖ് മുഹമ്മദ് അബ്ദുള്ള ആയിരുന്നു കശ്മീരിലെ സമരനായകന്‍. 1905-ല്‍ ഷാള്‍ നെയ്ത്തുകാരുടെ കുടുംബത്തില്‍ ജനിച്ച അബ്ദുള്ള അധ്യാപകനായിട്ടാണ് ജീവിതായോധനം ആരംഭിച്ചത്. 1930-ല്‍ അദ്ദേഹം കശ്മീര്‍ മുസ്ലീം കോണ്‍ഫ്രന്‍സ് എന്നൊരു പാര്‍ട്ടി രൂപീകരിച്ചു. അടുത്തവര്‍ഷം സര്‍ക്കാരിനെതിരെ പ്രക്ഷോഭം അഴിച്ചുവിട്ടു.

1934-ല്‍ പരിമിതമായ ജനാധിപത്യ ഭരണം ഏര്‍പ്പെടുത്താന്‍ മഹാരാജാവ് സമ്മതിച്ചു. 70 അംഗ നിയമസഭയില്‍ പക്ഷേ 33 പേരെ ഉണ്ടായിരുന്നുള്ളൂ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍- 21 മുസ്ലീം, 10-ഹിന്ദു, 2- സിഖ്. പ്രതിഷേധം നിലനിര്‍ത്തിക്കൊണ്ടുതന്നെ മുസ്ലീം കോണ്‍ഫ്രന്‍സ് തെരഞ്ഞെടുപ്പില്‍ പങ്കെടുത്തു. 21 മുസ്ലീം സംവരണ സീറ്റില്‍ 19 ഉം വിജയിച്ചു.

1937-ലാണ് ഷെയ്ഖ് അബ്ദുള്ള ജവഹര്‍ ലാല്‍ നെഹ്‌റുവിനെ പരിചയപ്പെട്ടത്. ആദ്യത്തെ കൂടിക്കാഴ്ചയില്‍ തന്നെ അവര്‍ സുഹൃത്തുക്കളായി മാറി. നെഹ്‌റുവിന്റെ ഉപദേശാനുസരണം അബ്ദുള്ള പാര്‍ട്ടിയുടെ പേര് നാഷണല്‍ കോണ്‍ഫ്രന്‍സ് എന്നാക്കി പരിഷ്‌കരിച്ചു. ഹിന്ദു-സിഖ് മതസ്ഥര്‍ക്ക് കൂടി അംഗത്വം നല്‍കി. അതില്‍ പ്രതിഷേധിച്ച് ഗുലാം അബ്ബാസിന്റെ നേതൃത്വത്തില്‍ ഒരുവിഭാഗം പാര്‍ട്ടി പിളര്‍ത്തി, മുസ്ലീം കോണ്‍ഫ്രന്‍സ് ആയി തുടര്‍ന്നു.

നെഹ്‌റുവിന്റെ സിദ്ധാന്തങ്ങള്‍ക്കൊത്തവിധം 1944-ല്‍ നാഷണല്‍ കോണ്‍ഫ്രന്‍സ് മാനിഫെസ്റ്റോ പ്രസിദ്ധീകരിച്ചു. പ്രായപൂര്‍ത്തി വോട്ടവകാശം, ഉത്തരവാദ ഭരണം, ജമീന്ദാരി സമ്പ്രദായം അവസാനിപ്പിക്കല്‍ എന്നിവയായിരുന്നു പ്രധാന വാഗ്ദാനങ്ങള്‍. കൃഷി ഭൂമി കര്‍ഷകന് എന്നായിരുന്നു മുദ്രാവാക്യം. ഭൂപരിഷ്‌കരണത്തെയും നെഹ്‌റുവിനെയും വെറുത്തിരുന്ന മുഹമ്മദാലി ജിന്നയ്ക്ക് മുസ്ലീം കോണ്‍ഫ്രന്‍സിനോടായിരുന്നു അനുഭാവം. 1944-ല്‍ വേനല്‍ കാലം ചെലവഴിക്കാന്‍ കശ്മീരിലെത്തിയ ജിന്ന നാഷണല്‍ കോണ്‍ഫ്രന്‍സിനെ ഒരുപറ്റം തെമ്മാടികള്‍ എന്നുപരാമര്‍ശിച്ചു. ഷെയ്ഖ് അബ്ദുള്ള തികച്ചും പ്രകോപിതനായി. അനാവശ്യകാര്യങ്ങളില്‍ ഇടപെടുന്ന സ്വഭാവം അവസാനിപ്പിച്ചില്ലെങ്കില്‍ കശ്മീരില്‍ നിന്ന് മാന്യമായി മടങ്ങിപ്പോകാന്‍ കഴിയില്ലെന്ന് താക്കീത് ചെയ്തു.

1946-ല്‍ രാജഭരണം അവസാനിപ്പിക്കാന്‍ നാഷണല്‍ കോണ്‍ഫ്രന്‍സ് ക്വിറ്റ് കശ്മീര്‍ സമരം ആരംഭിച്ചു. ഷെയ്ഖ് അബ്ദുള്ളയെ അറസ്റ്റ് ചെയ്തു. മൂന്ന് വര്‍ഷം തടവിന് ശിക്ഷിച്ചു. ഷെയ്ഖിന് പിന്തുണയുമായി കശ്മീരിലേക്ക് പോയ നെഹ്‌റുവിനെയും അസഫലിയെയും അറസ്റ്റ് ചെയ്ത് വിട്ടയച്ചു.

Sheikh Abdullah and Jawaharlal Nehru
Sheikh Abdullah and Jawaharlal Nehru

നെഹ്‌റുവിനോട് വിരോധവും ജിന്നയോട് ചായ്‌വും പ്രകടിപ്പിച്ചിരുന്ന രാംചന്ദ്ര കാക് ആയിരുന്നു അക്കാലത്ത് കശ്മീര്‍ പ്രധാനമന്ത്രി. അദ്ദേഹത്തിന്റെ പത്‌നി ഒരു ഇംഗ്ലീഷുകാരി ആയിരുന്നുതാനും. ബ്രിട്ടീഷ് മേല്‍ക്കോയ്മ അവസാനിക്കുന്ന മുറയ്ക്ക് ജമ്മുകശ്മീറിനെ സ്വതന്ത്ര രാഷ്ട്രമാക്കണമെന്നാണ് മഹാരാജാവ് ആഗ്രഹിച്ചത്. ഇന്ത്യയിലോ പാകിസ്താനിലോ ലയിക്കാന്‍ മൗണ്ട് ബാറ്റന്‍ രാജാവിനെ ഉപദേശിച്ചു.

മുസ്ലീം ഭൂരിപക്ഷ പ്രദേശം എന്ന നിലയ്ക്ക് കശ്മീര്‍ പാകിസ്താനില്‍ ചേരണമെന്നായിരുന്നു വൈസ്രോയി ആഗ്രഹിച്ചത്. കശ്മീരിനെ ഇന്ത്യയോട് ചേര്‍ക്കണമെന്ന് സര്‍ദാര്‍ പട്ടേല്‍ പോലും മോഹിച്ചില്ല. എന്നാല്‍ നെഹ്‌റുവിന്റെ താല്‍പര്യം മറിച്ചായിരുന്നു. ഒന്നാമത് അദ്ദേഹം ജന്മനാ കശ്മീരിയാണ്. രണ്ടാമത് ജിന്നാവിരുദ്ധനായ ഷെയ്ഖ് അബ്ദുള്ളയുടെ ആത്മമിത്രമാണ്. എല്ലാത്തിനുമുപരി ഒരു മുസ്ലീംഭൂരിപക്ഷ സംസ്ഥാനം ഇന്ത്യന്‍ യൂണിയന്റെ മതേതര പ്രതിച്ഛായയ്ക്ക് മാറ്റുകൂട്ടുമെന്ന് പണ്ഡിറ്റ്ജി പ്രതീക്ഷിച്ചു.

ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ താല്‍പര്യപ്രകാരം മഹാത്മാഗാന്ധി 1947 ആഗസ്റ്റ് 1-ന് ശ്രീനഗര്‍ സന്ദര്‍ശിച്ചു. ഇന്ത്യന്‍ യൂണിയനില്‍ ചേരാന്‍ മഹാരാജാവിനെ പ്രേരിപ്പിച്ചു. രാജപത്‌നിയും ഇന്ത്യാപക്ഷപാതിയായിരുന്നു. മഹാരാജാവ് ഉറച്ച ഒരു തീരുമാനവും എടുത്തില്ല. എങ്കിലും ആഗസ്റ്റ് 10-ന് രാംചന്ദ്ര കാക്കിനെ പുറത്താക്കി. മേജര്‍ ജനറല്‍ ജനക്‌സിംഗിനെ പ്രധാനമന്ത്രിയായി നിയമിച്ചു.

ആഗസ്റ്റ് 16-ന് പഞ്ചാബിലെ ഹിന്ദു- മുസ്ലീംപ്രദേശങ്ങളെ വേര്‍തിരിച്ചുകൊണ്ടുള്ള റാഡ്ക്ലിഫ് അവാര്‍ഡ് പുറത്തുവന്നു. രവി നദി അടിസ്ഥാനമാക്കി ഗുര്‍ദാസ്പൂര്‍ ജില്ലയെ വിഭജിക്കാനാണ് അതില്‍ നിര്‍ദ്ദേശിച്ചിരുന്നത്. അങ്ങനെ ഹിന്ദു ഭൂരിപക്ഷമുള്ള പത്താന്‍കോട്ട് താലൂക്കിനൊപ്പം മുസ്ലീം ഭൂരിപക്ഷമുള്ള ഗുര്‍ദാസ്പൂര്‍ ബട്ടാല താലൂക്കുകളും ഇന്ത്യന്‍ യൂണിയന്റെ ഭാഗമായി. ഗുര്‍ദാസ്പൂര്‍ പാകിസ്താനാണ് കിട്ടിയിരുന്നതെങ്കില്‍ കിഴക്കന്‍ പഞ്ചാബിനെ ജമ്മുവുമായി കരമാര്‍ഗം ബന്ധിപ്പിക്കാന്‍ ഇന്ത്യക്ക് കഴിയുമായിരുന്നില്ല. ജുനഗഢിന്റെയും ഹൈദരാബാദിന്റെയും ഭോപ്പാലിന്റെയും വിധി കശ്മീരിനും ഉണ്ടാകുമായിരുന്നു. ജവഹര്‍ലാല്‍ നെഹ്‌റു മൗണ്ട്ബാറ്റനെ സ്വാധീനിച്ച് വിഭജനരേഖ അട്ടിമറിച്ചു എന്ന് പാകിസ്താന്‍ ആരോപിച്ചു.

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പശ്ചിമജമ്മുവിലെ പൂഞ്ച്, മിര്‍പൂര്‍ മേഖലയില്‍ മുസ്ലീം തീവ്രവാദം ശക്തമായി. പാകിസ്താന്റെ പച്ചപതാക നാട്ടിലെങ്ങും പാറിക്കളിച്ചു. ഹിന്ദുവിരുദ്ധ കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. മഹാരാജാവ് സൈന്യത്തെ ഉപയോഗിച്ച് ലഹളക്കാരെ അമര്‍ച്ച ചെയ്തു. ഒരുവിഭാഗം മുസ്ലീങ്ങള്‍ പടിഞ്ഞാറന്‍ പഞ്ചാബിലേക്ക് പലായനം ചെയ്തു.

മുസ്ലീം കോണ്‍ഫ്രന്‍സിന്റെ കൊടിക്കീഴില്‍ വിമുക്ത ഭടന്മാരെ അണിനിരത്തി ആസാദ് ഫൗജ് എന്നൊരു സേനാവിഭാഗം രൂപീകരിച്ചു. ജനറല്‍ താരിഖ് എന്ന കള്ളപ്പേരില്‍ അറിയപ്പെട്ട പാകിസ്താന്‍ സൈന്യത്തിലെ ബ്രിഗേഡിയര്‍ മുഹമ്മദ് അക്ബര്‍ഖാന്‍ ആയിരുന്നു പ്രധാന സംഘാടകന്‍. സെപ്തംബര്‍ 4-ന് പൂഞ്ച് മേഖലയില്‍ വന്‍കലാപം നടന്നു. കാര്യങ്ങള്‍ കൈവിട്ടുപോവുകയാണെന്ന് മഹാരാജാവ് ഭയന്നു. അതേസമയം, പാകിസ്താനുമായി ലയിക്കാന്‍ ജിന്ന സമ്മര്‍ദ്ദം ചെലുത്തി. പടിഞ്ഞാറന്‍ പഞ്ചാബില്‍ നിന്ന് ഉപ്പ്, പഞ്ചസാര, ഭക്ഷ്യ എണ്ണ, മണ്ണെണ്ണ, വസ്ത്രങ്ങള്‍ എന്നിവയ്ക്ക് ഉപരോധം ഏര്‍പ്പെടുത്തി. മഹാരാജാവ് പ്രതിഷേധം അറിയിച്ചപ്പോള്‍ വര്‍ഗ്ഗീയ ലഹള ഭയന്ന് ലോറിക്കാര്‍ കശ്മീരിലേക്ക് പോകാന്‍ കൂട്ടാക്കാത്തതാണെന്ന് ജിന്ന മറുപടി നല്‍കി.

സെപ്തംബര്‍ 21-ന് പാകിസ്താന്‍ പ്രധാനമന്ത്രി ലിയാക്കത്ത് അലിഖാന്‍, മന്ത്രി മിയാന്‍ ഇഫ്തിഖറുദ്ദീന്‍, പഞ്ചാബ് മുഖ്യമന്ത്രി ഇഫ്തിഖര്‍ ഹുസൈന്‍ മംദോത്, അതിര്‍ത്തി പ്രവിശ്യ മുഖ്യമന്ത്രി അബ്ദുള്‍ ഖയ്യൂം ഖാന്‍, ബ്രിഗേഡിയര്‍ മുഹമ്മദ് അക്ബര്‍ ഖാന്‍, മേജര്‍ ഖുര്‍ഷിദ് അന്‍വര്‍ എന്നിവര്‍ ഒരു ഉന്നതതലയോഗം ചേര്‍ന്നു. പൂഞ്ച്, മിര്‍പൂര്‍ മേഖലയില്‍ കലാപം ആളിക്കത്തിക്കാനും പടിഞ്ഞാറന്‍ കശ്മീരില്‍ പുതിയ യുദ്ധമുഖം തുറക്കാനും തീരുമാനിച്ചു. അതിര്‍ത്തി പ്രവിശ്യയിലെ രണോത്സുകരായ പത്താന്‍കാര്‍ക്ക് ആയുധം നല്‍കി കശ്മീരിലേക്ക് അയക്കാന്‍ പദ്ധതിയിട്ടു.

ഇതേസമയം, നെഹ്‌റുവും മഹാരാജാവിനുമേല്‍ സമ്മര്‍ദ്ദം ശക്തമാക്കി. ഷെയ്ഖ് അബ്ദുള്ളയെ മോചിപ്പിക്കാനും ഇന്ത്യന്‍ യൂണിയനുമായി ലയനക്കരാര്‍ ഒപ്പിടാനും പ്രേരിപ്പിച്ചു. എന്നാല്‍ സര്‍ദാര്‍ പട്ടേല്‍ തീരെ താല്‍പര്യം പ്രകടിപ്പിച്ചില്ല. സിന്ധും ബലൂചിസ്ഥാനും അതിര്‍ത്തി പ്രവിശ്യയും പഞ്ചാബിന്റെയും ബംഗാളിന്റെയും പ്രധാന ഭാഗങ്ങളും പാകിസ്താനു വിട്ടുകൊടുത്തശേഷം ഈ ചെറിയ ഒരു താഴ്‌വര പിടിച്ചെടുത്തിട്ട് എന്തുപ്രയോജനം എന്ന് ചോദിച്ചു. നെഹ്‌റു വിട്ടുകൊടുത്തില്ല. ഗുര്‍ദാസ്പൂരില്‍ നിന്ന് ജമ്മുവിലേക്ക് ഉടന്‍ ഒരു റോഡുണ്ടാക്കാന്‍ ഉത്തരവിട്ടു.

സെപ്തംബര്‍ 29ന് മഹാരാജാവ് ഷെയ്ഖ് അബ്ദുള്ളയെ മോചിപ്പിച്ചു. ജമീന്ദാരി സമ്പ്രദായം അവസാനിപ്പിക്കാനും നയാ കശ്മീര്‍ മാനിഫെസ്റ്റോ നടപ്പാക്കാനും നെഹറു ആഹ്വാനം ചെയ്തു. ഒക്ടോബര്‍ 15ന് മഹാരാജാവ് ജനക്‌സിംഗിനു പകരം മെഹര്‍ചന്ദ് മഹാജനെ പ്രധാനമന്ത്രിയായി നിയമിച്ചു.

ഇനി കാത്തിരുന്ന് സമയം കളയാനാവില്ലെന്ന് ലിയാക്കത്ത് അലിഖാന് മനസിലായി. ജിന്നയുടെ അനുമതിക്ക് കാത്തുനില്‍ക്കാതെ അദ്ദേഹം ഓപ്പറേഷന്‍ ഗുല്‍മാര്‍ഗ് എന്നുപേരിട്ട സൈനിക നടപടിക്ക് പച്ചക്കൊടി കാട്ടി. ഒക്ടോബര്‍ 21-ന് പത്താന്‍കാര്‍ അബട്ടാബാദില്‍ നിന്ന് കശ്മീരിലേക്ക് കുതിച്ചു. മുസാഫറാബാദ്, ഡോമല്‍, ഉറി, ബരാമുള്ള വഴി ശ്രീനഗറിലെത്താനും ഒക്ടോബര്‍ 25-ന് അവിടെ ബലിപെരുന്നാള്‍ ആഘോഷിക്കാനുമായിരുന്നു പദ്ധതി. പാക് സൈനികരും പത്താന്‍കാര്‍ക്ക് വഴികാട്ടാന്‍ കൂടെയുണ്ടായിരുന്നു. നുഴഞ്ഞുകയറ്റക്കാരെ ചെറുക്കാനുളള ശക്തി കശ്മീര്‍ സൈന്യത്തിന് ഉണ്ടായിരുന്നില്ല. മുസ്ലീം സൈനികര്‍ ആക്രമണകാരികള്‍ക്കൊപ്പം ചേരാനും മടിച്ചില്ല.

ഒക്ടോബര്‍ 24-ന് പൂഞ്ച് മിര്‍പൂര്‍ മേഖല സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും മുസ്ലീം കോണ്‍ഫ്രന്‍സ് നേതാവ് മുഹമ്മദ് ഇബ്രാഹിം ഖാന്റെ നേതൃത്വത്തില്‍ ആസാദ് കശ്മീര്‍ ഗവണ്‍മെന്റ് രൂപീകരിക്കുകയും ചെയ്തു. ബ്രിട്ടീഷുകാര്‍ പാട്ടത്തിനെടുത്തിരുന്ന ജില്‍ജിത്തും ബാള്‍ട്ടിസ്ഥാനും സ്വാതന്ത്ര്യപ്രാപ്തിയെ തുടര്‍ന്ന് മഹാരാജാവിനെ തിരിച്ചേല്‍പിച്ചിരുന്നു. പാകിസ്താന്‍ സൈന്യം, ഒക്ടോബര്‍ 31-ന് ഗവര്‍ണറെ ബന്ദിയാക്കി ജില്‍ജിത്തും ബാള്‍ട്ടിസ്ഥാനും കൈവശപ്പെടുത്തി.

പാകിസ്താന്റെ നുഴഞ്ഞുകയറ്റത്തെക്കുറിച്ചുള്ള വാര്‍ത്ത ഒക്ടോബര്‍ 24-നാണ് ഡല്‍ഹിയിലെത്തിയത്. അന്നുതന്നെ ഡിഫന്‍സ് കൗണ്‍സില്‍ യോഗം ചേര്‍ന്നു കശ്മീരിന് സൈനികസഹായം നല്‍കാന്‍ ആലോചിച്ചു. നിഷ്പക്ഷ രാജ്യമായ കശ്മീരിലേക്ക് സൈന്യത്തെ അയക്കുന്നതിനെ മൗണ്ട് ബാറ്റണ്‍ എതിര്‍ത്തു. പണ്ഡിറ്റ് നെഹ്‌റു ഉടനെ വി പി മേനോനെ ശ്രീനഗറിലേക്കയച്ചു. പിറ്റേന്ന് മഹാരാജാവും പ്രധാനമന്ത്രിയും ജീവനുംകൊണ്ട് ജമ്മുവിലേക്ക് കടന്നു. അപ്പോഴേക്കും നുഴഞ്ഞുകയറ്റക്കാര്‍ ബാരാമുള്ളയില്‍ എത്തിയിരുന്നു. അവര്‍ അവിടെ കൊള്ളയും കൊള്ളിവെപ്പും ബലാത്സംഗവും കൂട്ടക്കൊലയും നടത്തി ബക്രീദ് ആഘോഷിച്ചു. കൊള്ളമുതല്‍ ട്രക്കില്‍ കയറ്റി അബോട്ടാബാദിലേക്ക് അയക്കുന്ന തിരക്കിനിടയില്‍ ശ്രീനഗറിലേക്കുള്ള മുന്നേറ്റം മന്ദീഭവിച്ചു.

The front page of Hindustan Times on 26th Oct 1947 - It was a celebration time for India
The front page of Hindustan Times on 26th Oct 1947 - It was a celebration time for India

ജമ്മുവില്‍ എത്തിയ മഹാരാജാവ് ഒക്ടോബര്‍ 26-ന് ഇന്ത്യയുമായി ലയനക്കരാര്‍ ഒപ്പിട്ടു. ഷെയ്ഖ് അബ്ദുള്ളയും അതിനെ പിന്തുണച്ചു. ഒക്ടോബര്‍ 27-ന് ഓപ്പറേഷന്‍ ജാക്ക് എന്ന് പേരിട്ട സൈനിക നീക്കം ആരംഭിച്ചു. യുദ്ധവിമാനങ്ങളിലും യാത്രാ-ചരക്ക് വിമാനങ്ങളിലുമായി ആയിരക്കണക്കിന് സൈനികരും യുദ്ധസാമഗ്രികളും ശ്രീനഗറിലേക്ക് പറന്നു. അപ്പോഴും നുഴഞ്ഞുകയറ്റക്കാര്‍ ശ്രീനഗറില്‍ എത്തിയിരുന്നില്ല. വിമാനത്താവളം പിടിച്ചിരുന്നുമില്ല.

കശ്മീര്‍ ഇന്ത്യയുമായി ലയിച്ചവിവരം നെഹ്‌റു ഒക്ടോബര്‍ 28-ന് ലിയാക്കത്ത് അലിഖാനെ ടെലഗ്രാം വഴി അറിയിച്ചു. അതുകേട്ട് ഖ്വായിദ് എ അസം കോപാകുലനായി. കശ്മീരിലേക്ക് സൈന്യത്തെ അയക്കാന്‍ ഉത്തരവിട്ടു. പക്ഷേ ജനറല്‍ ഫ്രാങ്ക് മൊസര്‍വി വിസമ്മതിച്ചു. കാരണം, അദ്ദേഹം സര്‍വ്വസൈന്യാധിപനായ സര്‍ റോയ് ബുച്ചറുടെ കീഴുദ്യോഗസ്ഥനാണ്, നിയമപ്രകാരം കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണ്, ഇന്ത്യന്‍ സൈന്യം നിയമവിധേയമായാണ് കശ്മീരില്‍ പ്രവേശിച്ചിരിക്കുന്നത്.

വഞ്ചനയിലൂടെയും അക്രമത്തിലൂടെയുമാണ് ഇന്ത്യ കശ്മീരിനോട് കൂട്ടിച്ചേര്‍ത്തിട്ടുള്ളതെന്ന് ഒക്ടോബര്‍ 30ന് പാകിസ്താന്‍ ആരോപിച്ചു. അന്നുതന്നെ ഷെയ്ഖ് അബ്ദുള്ള കശ്മീരില്‍ ഇടക്കാല സര്‍ക്കാര്‍ രൂപീകരിച്ചു. ഒക്ടോബര്‍ 31-ന് ഇന്ത്യന്‍ സൈന്യവുമായി ഏറ്റുമുട്ടിയ ആസാദ് ഫൗജിന് കനത്ത പരാജയം ഉണ്ടായി. പ്രതികൂല കാലാവസ്ഥ വിഗണിച്ച് നവംബര്‍ 4-ന് സര്‍ദാര്‍ പട്ടേല്‍ ശ്രീനഗറിലെത്തി. പ്രതിരോധമന്ത്രി ബല്‍ദേവ് സിംഗും ഒപ്പമുണ്ടായിരുന്നു. സൈന്യത്തിന്റെ സജ്ജീകരണങ്ങള്‍ അവര്‍ നേരിട്ടുകണ്ടു ബോധ്യപ്പെട്ടു.

നവംബര്‍ 8-ന് ഇന്ത്യന്‍ സൈന്യം ബാരാമുള്ള തിരിച്ചുപിടിച്ചു. 11-ാം തീയതി ആകുമ്പോഴേക്കും ഉറിയും ഗുല്‍മാര്‍ഗും തന്‍മാര്‍ഗും ഇന്ത്യന്‍ സൈന്യത്തിന് മുന്നില്‍ കീഴടങ്ങി. നുഴഞ്ഞുകയററക്കാര്‍ ജീവനും കൊണ്ടോടി.

ഡിസംബര്‍ 23-ന് നെഹ്‌റു കശ്മീരിന്റെ ചുമതല പട്ടേലില്‍ നിന്നെടുത്ത് ഗോപാലസ്വാമി അയ്യങ്കാരെ ഏല്‍പിച്ചു. അപമാനിതനായ പട്ടേല്‍ ഉടന്‍ രാജിക്കൊരുങ്ങി എങ്കിലും മഹാത്മാഗാന്ധി ഇടപെട്ട് പിന്തിരിപ്പിച്ചു. മൗണ്ട് ബാറ്റനും നെഹ്‌റുവും അയ്യങ്കാരും കൂടി ആലോചിച്ച് കശ്മീര്‍ വിഷയം ഐക്യരാഷ്ട്ര സഭയില്‍ ഉന്നയിക്കാന്‍ തീരുമാനിച്ചു. പട്ടേല്‍ അതിനെയും എതിര്‍ത്തു. ഒരു ജില്ലാകോടതി വക്കീല്‍ പോലും വാദിയുടെ വക്കാലത്തുമായി കോടതികയറാന്‍ ആഗ്രഹിക്കില്ല എന്നൊരു കുത്തുവാക്കും പറഞ്ഞു.

ഏതായാലും 1948 ജനുവരി ഒന്നിന് ഇന്ത്യ ഐക്യരാഷ്ട്രസമിതിയില്‍ ഹര്‍ജി ബോധിപ്പിച്ചു. കശ്മീരില്‍ നിന്ന് പാകിസ്താന്‍ സൈന്യത്തെ പിന്‍വലിക്കണം, നുഴഞ്ഞുകയറ്റക്കാരായ പാക് പൗരന്മാരെ പിന്തിരിപ്പിക്കണം, അതിര്‍ത്തിയിലൂടെയുള്ള ആയുധക്കടത്ത് അവസാനിപ്പിക്കണം എന്നീ ആവശ്യങ്ങളാണ് ഉന്നയിച്ചത്. രണ്ടാഴ്ച കഴിഞ്ഞ് പാകിസ്താന്‍ ഇന്ത്യക്കെതിരെ എതിര്‍ഹര്‍ജി ബോധിപ്പിച്ചു . കശ്മീരില്‍ കടന്നുകയറിയ ഇന്ത്യന്‍ സൈന്യം പിന്‍മാറണം, കശ്മീരിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇന്ത്യാഗവണ്‍മെന്റ് ഇടപെടരുത് എന്നാവശ്യപ്പെട്ടു.

ഐക്യരാഷ്ട്രസഭയില്‍ ഹര്‍ജിയുമായി പോകരുതെന്ന് പട്ടേല്‍ പറഞ്ഞതിന്റെ യുക്തി ഗുട്ടന്‍സ് നെഹ്‌റുവിന് അചിരേണ പിടികിട്ടി. സത്യത്തിനും നീതിക്കും നിരക്കുന്ന രീതിയിലല്ല അവിടുത്തെ നടപടികള്‍ പുരോഗമിച്ചത്. പാകിസ്താന്‍ ഒരിക്കലും നുഴഞ്ഞുകയറ്റക്കാരെ പ്രോത്സാഹിപ്പിച്ചിട്ടില്ല, മറിച്ച് നിരുത്സാഹപ്പെടുത്തുകയാണ് ഉണ്ടായതെന്ന് അവരുടെ പ്രതിനിധി സര്‍ സഫറുള്ള ഖാന്‍ വിശദീകരിച്ചു. കശ്മീരിലെ ഹിന്ദുരാജാവ് മുസ്ലീം പ്രജകളെ കൊന്നൊടുക്കുന്നതില്‍ പ്രകോപിതരായ പത്താന്‍കാര്‍ സ്വമേധയാ പ്രതികാരത്തിനൊരുങ്ങിയതാണ്. കശ്മീരില്‍ മാത്രമല്ല ദില്ലി, കിഴക്കന്‍ പഞ്ചാബ്, കപൂര്‍തല, പാട്യാല, അജ്മീര്‍, ആള്‍വാര്‍ എന്നിവിടങ്ങളിലും മുസ്ലീങ്ങള്‍ കൂട്ടക്കൊലയ്ക്ക് ഇരയാവുകയാണ്. ജുനഗഢിനെ ഇന്ത്യ ബലാത്കാരേണ കൂട്ടിച്ചേര്‍ത്തപ്പോള്‍ പാകിസ്താന്‍ പട്ടാളത്തെ അയക്കുകയല്ല, സംയമനം പാലിക്കുകയാണ് ഉണ്ടായത് എന്നുകൂടി സഫറുള്ള ഖാന്‍ ചൂണ്ടിക്കാട്ടി.

ബ്രിട്ടീഷ് പ്രതിനിധി ഫിലിപ്പ് നോയല്‍ ബേക്കര്‍ പാകിസ്താനോട് സഹാനുഭൂതി പ്രകടിപ്പിച്ചു. സമുദായ അടിസ്ഥാനത്തിലാണ് ഇന്ത്യയെ വിഭജിച്ചത്. ആ നിലയ്ക്ക് കശ്മീരിനുമേല്‍ പാകിസ്താനാണ് കൂടുതല്‍ അവകാശം എന്ന നിലപാട് കൈക്കൊണ്ടു. അമേരിക്കയും മറ്റു പടിഞ്ഞാറന്‍ രാജ്യങ്ങളും ഏറെക്കുറെ അതേ സമീപനം സ്വീകരിച്ചു. സോവിയറ്റ് ചേരി നിഷ്പക്ഷത പാലിച്ചു. ചുരുക്കിപ്പറഞ്ഞാല്‍ ഇന്ത്യ ഒറ്റപ്പെട്ടു. ഐക്യരാഷ്ട്രസഭയില്‍ കൊടുത്ത ഹര്‍ജി പിന്‍വലിച്ച് തടിയൂരാന്‍ ഒരു ഘട്ടത്തില്‍ നെഹ്‌റു ആലോചിച്ചു. മൗണ്ട് ബാറ്റന്‍ അതില്‍ നിന്നും അദ്ദേഹത്തെ പിന്തിരിപ്പിച്ചു. കശ്മീരില്‍ ജനഹിത പരിശോധന നടത്താന്‍ തയ്യാറാണെന്ന് ഇന്ത്യ ബോധിപ്പിച്ചു. പക്ഷേ പാകിസ്താന് അത് സ്വീകാര്യമായില്ല.

1948-ലെ വസന്തകാലത്ത് സൈനിക നടപടി ഊര്‍ജ്ജിതമാക്കി. നുഴഞ്ഞുകയറ്റക്കാരെ പിന്‍വലിച്ച് പാകിസ്താന്‍ സൈന്യത്തെ കശ്മീരിലേക്കയച്ചു. ലഡാക്ക് പിടിക്കാന്‍ പാകിസ്താന്‍ നടത്തിയ നീക്കം ഇന്ത്യന്‍ സൈന്യം പരാജയപ്പെടുത്തി. സോജില ചുരവും കാര്‍ഗിലും ഇന്ത്യ കീഴടക്കി. നൗഷേരയും രജൗരിയും പൂഞ്ചും ഉറിയും ഇന്ത്യയുടെ പൂര്‍ണനിയന്ത്രണത്തിലായി. എന്നാല്‍ ഡോമലും മുസാഫറാബാദും തിരിച്ചുപിടിക്കാന്‍ കഴിഞ്ഞില്ല. ജില്‍ജിത്തും ബാള്‍ട്ടിസ്ഥാനും പാകിസ്താന്റെ നിയന്ത്രണത്തില്‍ തുടര്‍ന്നു.

കശ്മീരിലെ സൈനിക പരാജയം മുഹമ്മദാലി ജിന്നയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചു. അദ്ദേഹം സെപ്തംബര്‍ 17-ന് അന്ത്യശ്വാസം വലിച്ചു. അനന്തമായി യുദ്ധം തുടരുന്നതില്‍ അര്‍ത്ഥമില്ലെന്ന് ജവഹര്‍ലാല്‍ നെഹ്‌റുവും ലിയാക്കത്ത് അലിഖാനും തിരിച്ചറിഞ്ഞു. 1949 ജനുവരി ഒന്നിന് ഇരുരാജ്യങ്ങളും വെടിനിര്‍ത്തി. ജമ്മുകശ്മീരിന്റെ 37 ശതമാനം പാകിസ്താന്റെ നിയന്ത്രണത്തില്‍ അവശേഷിച്ചു.

മഹത്തായ കശ്മീര്‍ നാടകത്തിന്റെ ഒന്നാമങ്കത്തിന് അങ്ങനെ യവനിക വീണു.