കോണ്‍ഗ്രസിന് ഷോക്ട്രീറ്റ്മെന്റ് അധ്യായം 

October 12, 2017, 5:38 pm


കോണ്‍ഗ്രസിന് ഷോക്ട്രീറ്റ്മെന്റ് അധ്യായം 
Columns
Columns


കോണ്‍ഗ്രസിന് ഷോക്ട്രീറ്റ്മെന്റ് അധ്യായം 

കോണ്‍ഗ്രസിന് ഷോക്ട്രീറ്റ്മെന്റ് അധ്യായം 

നാലാം പൊതുതെരഞ്ഞെടുപ്പ് 1967 ഫെബ്രുവരി 17 മുതല്‍ 21 വരെ തീയതികളില്‍ നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു. കെ.വി.കെ. സുന്ദരം തന്നെയായിരുന്നു അത്തവണയും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍.

തെരഞ്ഞെടുപ്പ് പടിവാതിലില്‍ നില്‍ക്കുമ്പോഴും കോണ്‍ഗ്രസ് ജനങ്ങളെ അഭിമുഖീകരിക്കാന്‍ സജ്ജമായിരുന്നില്ല. പ്രധാനമന്ത്രിക്ക് സ്വന്തം താല്‍പര്യങ്ങളുണ്ടായിരുന്നു. സിന്‍ഡിക്കേറ്റിന് അവരുടേതായ അജണ്ടകളും ഉണ്ടായിരുന്നു. മൊറാര്‍ജി ദേശായിയും കാമരാജ് നാടാരും തനിക്കെതിരെ കരുക്കള്‍ നീക്കുന്നതായി ഇന്ദിര ഭയപ്പെട്ടു. മുതിര്‍ന്ന നേതാക്കളാണെങ്കില്‍ കിച്ചന്‍ കാബിനറ്റിന്റെ അമിതാധികാരത്തെക്കുറിച്ച് അമര്‍ഷമുള്ളവരുമായിരുന്നു.

1966 ഡിസംബര്‍ 25ന് ഇന്ദിരാഗാന്ധി പാര്‍ട്ടിയിലെ അധികാരവടംവലിയെ സംബന്ധിച്ച് വ്യക്തമായ സൂചന നല്‍കി: 'ഇവിടത്തെ പ്രശ്നം, പാര്‍ട്ടിക്ക് താല്‍പര്യമുള്ളവര്‍ വേണോ അതോ ജനങ്ങള്‍ ആഗ്രഹിക്കുന്നവര്‍ വരണമോ എന്നതാണ്. എന്നെ സംബന്ധിച്ചിടത്തോളം ജനങ്ങള്‍ക്കിടയിലുള്ള സ്ഥാനം അവിതര്‍ക്കിതമാണ്.'

കേന്ദ്രത്തില്‍ മാത്രമല്ല സംസ്ഥാനങ്ങളിലും പാര്‍ട്ടി വിമതഭീഷണി നേരിടുന്നുണ്ടായിരുന്നു. കേരളാ കോണ്‍ഗ്രസ് രൂപീകരിച്ച് പാര്‍ട്ടി വിട്ടുപോയവരെ തിരികെ കൊണ്ടുവരാന്‍ കാമരാജ് പതിനെട്ടടവും പയറ്റി. ക്രിസ്ത്യന്‍ ബിഷപ്പുമാരെ സ്വാധീനിച്ചു. മന്നത്ത് പത്മനാഭന് പത്മഭൂഷണ്‍ നല്‍കി ആദരിച്ചു. മലയാള മനോരമയുടെ പൂര്‍ണ്ണപിന്തുണ ഹൈക്കമാന്റിന് ലഭിച്ചു. 1967-ലെ തെരഞ്ഞെടുപ്പ് ആകുമ്പോഴേക്കും വലിയൊരു പങ്ക് അകത്തോലിക്കരും നായന്മാരും കോണ്‍ഗ്രസിലേക്ക് തിരിച്ചുവന്നു. കേരളാ കോണ്‍ഗ്രസ് മധ്യതിരുവിതാംകൂറിലെ കത്തോലിക്കരുടെ മാത്രം പാര്‍ട്ടിയായി അവശേഷിച്ചു.

പശ്ചിമബംഗാള്‍ പി.സി.സി. പ്രസിഡന്റും മുന്‍മന്ത്രിയുമായ അജയ്കുമാര്‍ മുഖര്‍ജി കേന്ദ്രനേതൃത്വത്തിന് അനഭിമതനായി. 1966 ജനുവരി 20ന് അദ്ദേഹം അധ്യക്ഷസ്ഥാനത്തുനിന്ന് നീക്കപ്പെട്ടു. മുഖര്‍ജിയും അനുയായികളും ആറുമാസത്തിനകം പാര്‍ട്ടിവിട്ടു. ജൂലൈ 15ന് അവര്‍ ബംഗ്ലാകോണ്‍ഗ്രസ് രൂപീകരിച്ചു. പൊതുതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ പാര്‍ട്ടികളുമായി സഖ്യംചെയ്ത് മത്സരിക്കാന്‍ തീരുമാനിച്ചു.

ഒറീസ മുന്‍മുഖ്യമന്ത്രി ഹരേകൃഷ്ണ മേത്താബും മുഖര്‍ജിയുടെ മാതൃക പിന്തുടര്‍ന്നു. ഉത്കല്‍ കേസരി എന്നറിയപ്പെട്ട മേത്താബ് സ്വാതന്ത്ര്യസമരസേനാനിയും എഴുത്തുകാരനും നല്ല ജനസ്വാധീനമുള്ള നേതാവുമായിരുന്നു. 1946-50 കാലത്തും പിന്നീട് 56-61 കാലത്തും ഒറീസ മുഖ്യമന്ത്രിയായിരുന്ന അദ്ദേഹം 1950-52 കാലത്ത് കേന്ദ്ര വാണിജ്യ വ്യവസായമന്ത്രിയും പ്രക്ഷുബ്ധമായ 1955-56 കാലഘട്ടത്തില്‍ ബോംബെ ഗവര്‍ണറും ആയിരുന്നു. 1962-ല്‍ ലോക്സഭയിലേക്ക് ജയിച്ചുവെങ്കിലും മേത്താബിന് അര്‍ഹമായ പരിഗണന ലഭിച്ചില്ല. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മേത്താബും അനുയായികളും ഒറീസ ജനകോണ്‍ഗ്രസ് സ്ഥാപിച്ചു. സ്വതന്ത്രാപാര്‍ട്ടിയുമായി കൂട്ടുചേര്‍ന്നു മത്സരിച്ചു.

കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും വിവാദപരമായി. സിന്‍ഡിക്കേറ്റിന് മേല്‍ക്കൈ ലഭിച്ചു. പ്രധാനമന്ത്രിയുടെ വിശ്വസ്തര്‍ പ്രായേണ തഴയപ്പെട്ടു. മുന്‍രാജ്യരക്ഷാമന്ത്രി വി.കെ. കൃഷ്ണമേനോനെ ബോംബെയില്‍ മത്സരിപ്പിക്കാന്‍ കഴിയില്ല എന്ന് എസ്.കെ. പാട്ടീല്‍ ശഠിച്ചു. മേനോനെ മത്സരിപ്പിച്ചേ തീരൂ എന്ന നിര്‍ബന്ധമൊന്നും ഇന്ദിരയ്ക്കും ഉണ്ടായിരുന്നില്ല. അങ്ങനെ വടക്കു കിഴക്കന്‍ ബോംബെയില്‍ മുന്‍ ഐ.സി.എസ്. ഉദ്യോഗസ്ഥന്‍ സദാശിവ് ഗോവിന്ദ ബര്‍വെ സ്ഥാനാര്‍ത്ഥിയായി. മറ്റെവിടെയെങ്കിലും പോയി മത്സരിക്കാന്‍ കൃഷ്ണമേനോന്റെ മനസ്സാക്ഷി അനുവദിച്ചില്ല. അദ്ദേഹം കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു വടക്കു കിഴക്കന്‍ ബോംബെയില്‍ത്തന്നെ പത്രിക നല്‍കി.

രാജ്യസഭാംഗമായിരുന്ന ഇന്ദിരാഗാന്ധിയെ സംബന്ധിച്ചിടത്തോളം തെരഞ്ഞെടുപ്പിനെ നേരിട്ട് തന്റെ ജനപ്രീതി തെളിയിക്കേണ്ടത് അത്യന്താപേക്ഷിതമായിരുന്നു. അവര്‍ ഭര്‍ത്താവിന്റെ പഴയ മണ്ഡലമായ റായ്ബറേലി തെരഞ്ഞെടുത്തു. നെഹ്റുവിന്റെ ഫൂല്‍പൂരില്‍ വിജയലക്ഷ്മിപണ്ഡിറ്റ് വീണ്ടും സ്ഥാനാര്‍ത്ഥിയായി. മൊറാര്‍ജി ദേശായി സൂററ്റിലും വൈ.ബി. ചവാന്‍ സത്താറയിലും എസ്.കെ. പാട്ടീല്‍ തെക്കന്‍ ബോംബെയിലും വീണ്ടും മത്സരിച്ചു. ഗുല്‍സാരിലാല്‍ നന്ദ ഗുജറാത്തിലെ സബര്‍കാന്തയില്‍ നിന്ന് ഹരിയാനയിലെ കൈതലിലേക്ക് മാറി.

പ്രതിപക്ഷത്തെ പ്രധാനനേതാക്കളൊക്കെ പതിവു മണ്ഡലങ്ങളില്‍ മാറ്റുരച്ചു. എസ്.എ. ഡാങ്കെ തെക്കന്‍ മധ്യബോംബെയിലും എ.കെ. ഗോപാലന്‍ കാസര്‍കോട്ടും മിനു മസാനി രാജ്കോട്ടിലും അടല്‍ ബിഹാരി വാജ്പേയ് ബാല്‍റാംപൂരിലും വീണ്ടും മത്സരിച്ചു. ആചാര്യ കൃപലാനി മധ്യപ്രദേശിലെ റായ്പൂരിലേക്കും ഡോ. റാം മനോഹര്‍ ലോഹ്യ യു.പിയിലെ കനൗജിലേക്കും മാറി.

ജവഹര്‍ലാല്‍ നെഹ്റുവിനുശേഷം ജനപ്രീതിയുള്ള മറ്റൊരു നേതാവില്ല എന്നത് കോണ്‍ഗ്രസിനെ കുഴക്കി. കാമരാജിനോ മറൊര്‍ജിക്കോ പാട്ടീലിനോ ചവാനോ ആള്‍ക്കൂട്ടത്തെ ആകര്‍ഷിക്കാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ സിന്‍ഡിക്കേറ്റ് ഇന്ദിരയെ രംഗത്തിറക്കാന്‍ നിര്‍ബന്ധിതമായി. ഇന്ദിരാഗാന്ധി അന്ന് വലിയൊരു പ്രഭാഷക ആയിരുന്നില്ല. നെഹ്റുവിന്റെ പാണ്ഡിത്യമോ വാചാലതയോ മകള്‍ക്കു കിട്ടിയിരുന്നില്ല. എങ്കിലും ഇന്ദിരയുടെ യോഗങ്ങള്‍ക്ക് ജനം തടിച്ചൂകൂടി. അവര്‍ ഓരോ സ്ഥലത്തും സന്ദര്‍ഭത്തിനൊത്തവിധം പ്രസംഗിച്ചു.

ജയ്പൂരില്‍ രാജമാതാ ഗായത്രീദേവിയുടെ അനുയായികള്‍ ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പ് യോഗം അലങ്കോലമാക്കാന്‍ ശ്രമിച്ചു. കോപാകുലയായ ഇന്ദിര നാട്ടുരാജാക്കന്മാരെയും നാട്ടുരാജ്ഞിമാരെയും അതിരൂക്ഷമായി വിമര്‍ശിച്ചു പ്രസംഗിച്ചു. 1947-ന് മുമ്പ് ഇവരൊക്കെ എന്ത് സേവനമാണ് നാടിനുവേണ്ടി ചെയ്തതെന്ന് ചോദിച്ചു. ഭുവനേശ്വറിലെ പൊതുയോഗത്തില്‍ കല്ലേറുണ്ടായി. ഏറുകൊണ്ട് ഇന്ദിരയുടെ മൂക്കിന്റെ പാലം തകര്‍ന്നു. മുഖത്ത് ബാന്റേജ് ഒട്ടിച്ചുകൊണ്ടാണ് തുടര്‍ന്നുള്ള ദിവസങ്ങളില്‍ അവര്‍ പ്രചരണം നടത്തിയത്.

ഇന്ദിരയുടെ യഥാര്‍ത്ഥ എതിരാളി ഡോ. റാം മനോഹര്‍ ലോഹ്യ ആയിരുന്നു. കോണ്‍ഗ്രസിനെ പരാജയപ്പെടുത്താന്‍ പ്രതിപക്ഷ കക്ഷികളുടെ ഐക്യമുന്നണിയുണ്ടാക്കാന്‍ ലോഹ്യ പരമാവധി ശ്രമിച്ചു. അതു നടക്കാതെ വന്നപ്പോള്‍ ഓരോ മണ്ഡലത്തിലും പരമാവധി ജയസാധ്യതയുള്ള ഒരൊറ്റ സ്ഥാനാര്‍ഥിയെ രംഗത്തിറക്കാന്‍ പണിപ്പെട്ടു. ചിലയിടത്തൊക്കെ സ്ഥാനാര്‍ഥികളെക്കൊണ്ട് പത്രിക പിന്‍വലിപ്പിച്ചു. നിശ്ചിതസമയത്തിനകം പിന്‍വലിക്കാന്‍ കഴിയാഞ്ഞവരെ മത്സരത്തില്‍നിന്ന് പിന്തിരിപ്പിച്ചു. കോണ്‍ഗ്രസിനെ തൂത്തെറിയുക, ദുര്‍വഹമായ ഭരണഭാരത്തില്‍ നിന്ന് ഇന്ദിരയെ രക്ഷിക്കുക എന്ന മുദ്രാവാക്യം മുഴക്കി.

എട്ട് ദേശീയപാര്‍ട്ടികളടക്കം 26 രാഷ്ട്രീയകക്ഷികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. 61.04 ശതമാനം പോളിംഗ് നടന്നു. ഏറ്റവും കൂടിയ പോളിംഗ് ലക്ഷദ്വീപില്‍-82.62 ശതമാനം; കുറവ് ഒറീസയില്‍- 43.73 ശതമാനം.

തെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസ് നേതാക്കളെ ഞെട്ടിച്ചു. 516 സീറ്റില്‍ മത്സരിച്ച പാര്‍ട്ടിക്ക് 283 ഇടത്തേ ജയിക്കാന്‍ കഴിഞ്ഞുള്ളൂ. 1962-നെ അപേക്ഷിച്ച് 95 അംഗങ്ങള്‍ കുറഞ്ഞു. പോള്‍ ചെയ്തതിന്റെ 40.78 ശതമാനം വോട്ട് കോണ്‍ഗ്രസിന് കിട്ടി. ഇന്ദിരാഗാന്ധി, മൊറാര്‍ജി ദേശായി, വൈ.ബി. ചവാന്‍, ഗുല്‍സാരിലാല്‍ നന്ദ എന്നിവര്‍ അനായാസം ജയിച്ചു. ജഗജീവന്‍ റാം (സസ്റാം), എ.കെ. സെന്‍ (വടക്കുപടിഞ്ഞാറന്‍ കല്‍ക്കട്ട), ഫക്രുദ്ദീന്‍ അലി അഹമ്മദ് (ബാര്‍പെറ്റ), സുചേത കൃപലാനി (ഗോണ്ട) എന്നിവരും വിജയിച്ചു.

മുന്‍ എ.ഐ.സി.സി. പ്രസിഡന്റ് ഡി. സഞ്ജീവയ്യ കര്‍ണൂലും മന്ത്രി എസ്.കെ. പാട്ടീല്‍ ബോംബെ സൗത്തിലും സിന്‍ഡിക്കേറ്റിലെ പ്രമുഖനായ അതുല്യഘോഷ് ബാങ്ഗുറയിലും സി. സുബ്രഹ്മണ്യം ഗോപിച്ചെട്ടിപ്പാളയത്തും തോല്‍വിയടഞ്ഞു. വിരുതുനഗറില്‍ നിന്ന് മദ്രാസ് അസംബ്ലിയിലേക്ക് മത്സരിച്ച കാമരാജും തോറ്റു.

178 സീറ്റില്‍ മത്സരിച്ച സ്വതന്ത്രാപാര്‍ട്ടി 44 സ്ഥാനങ്ങള്‍ വിജയിച്ചു ലോക്സഭയിലെ പ്രധാന പ്രതിപക്ഷകക്ഷിയായി മാറി. 8.67 ശതമാനം വോട്ടാണ് അവര്‍ക്ക് കിട്ടിയത്. 87 സ്ഥാനാര്‍ത്ഥികള്‍ക്ക് ജാമ്യസംഖ്യ നഷ്ടമായി. മിനു മസാനി രാജ്കോട്ടിലും പിലു മോഡി ഗോധ്രയിലും വിജയരാജസിന്ധ്യ ഗുണെയിലും ഗായത്രീദേവി ജയ്പൂരിലും വെന്നിക്കൊടി പാറിച്ചു. അതേസമയം എന്‍.ജി. രംഗ ചിറ്റൂരില്‍ പരാജയപ്പെട്ടു.

249 സീറ്റില്‍ മത്സരിച്ച ജനസംഘത്തിന് 35 ഇടത്തേ ജയിക്കാന്‍ കഴിഞ്ഞുള്ളൂ. 112 സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടിവെച്ച കാശ് നഷ്ടപ്പെട്ടു. 9.31 ശതമാനം വോട്ടാണ് പാര്‍ട്ടിക്ക് കിട്ടിയത്. അടല്‍ ബിഹാരി വാജ്പേയ് ബല്‍റാംപൂരിലും ബല്‍രാജ് മധോക്ക് തെക്കന്‍ ദല്‍ഹിയിലും വിജയിച്ചു.

പിളര്‍പ്പ് കമ്യൂണിസ്റ്റ് പാര്‍ട്ടികളെ തളര്‍ത്തിയെന്ന് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കി. 109 ഇടത്ത് മത്സരിച്ച സി.പി.ഐ. 23-ല്‍ വിജയിച്ചു. 41 ഇടത്ത് ജാമ്യസംഖ്യ നഷ്ടപ്പെട്ടു. 5.11 ശതമാനം വോട്ടും കിട്ടി. എസ്.എ. ഡാങ്കെ തെക്കന്‍ മധ്യ ബോംബെയില്‍ നിന്നും ഇന്ദ്രജിത്ത് ഗുപ്ത ആലിപൂരില്‍ നിന്നും ഹിരണ്‍ മുഖര്‍ജി വടക്കുകിഴക്കന്‍ കല്‍ക്കട്ടയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടു. 59 സീറ്റില്‍ മത്സരിച്ച സി.പി.എമ്മിന് 19 ഇടത്തേ വിജയിക്കാന്‍ കഴിഞ്ഞുള്ളൂ. 13 പേരുടെ കെട്ടിവെച്ച കാശ് പോയി. 4.28 ശതമാനം വോട്ടാണ് ആകെ കിട്ടിയത്. എ.കെ. ഗോപാലന്‍ കാസര്‍കോട്ടും പി. രാമമൂര്‍ത്തി മധുരയിലും ജ്യോതിര്‍മയി ബസു ഡയമണ്ട് ഹാര്‍ബറിലും വിജയിച്ചു. സി.പി.എം. പിന്തുണയോടെ ബര്‍ദ്വാനില്‍ മത്സരിച്ച എന്‍.സി. ചാറ്റര്‍ജിയും ജയിച്ചു.

സോഷ്യലിസ്റ്റ് പാര്‍ട്ടികളുടെ പ്രകടനം വളരെയൊന്നും കേമമായിരുന്നില്ല. 122 സീറ്റില്‍ മത്സരിച്ച പി.എസ്.പി.ക്ക് 13 ഇടത്തേ ജയിക്കാന്‍ കഴിഞ്ഞുള്ളൂ. വെറും 3.06 ശതമാനം വോട്ടേ കിട്ടിയുള്ളൂ. 75 സ്ഥാനാര്‍ത്ഥികള്‍ക്ക് ജാമ്യസംഖ്യ നഷ്ടമായി. നാഥ് പൈ രാജാപൂരില്‍ ജയിച്ചു; എച്ച്.വി. കാമത്ത് ഹോഷംഗാബാദില്‍ തോറ്റു. 122 മണ്ഡലങ്ങളില്‍ മത്സരിച്ച എസ്.എസ്.പി.ക്കും 4.92 ശതമാനം വോട്ടും 23 സീറ്റും കിട്ടി. റാം മനോഹര്‍ ലോഹ്യ കനൗജിലും എസ്.എം. ജോഷി പൂനയിലും വിജയിച്ചു. ബോംബെ സൗത്തില്‍ എസ്.കെ. പാട്ടീലിനെ മലര്‍ത്തിയടിച്ച ജോര്‍ജ് ഫെര്‍ണാണ്ടസ് ഒറ്റദിവസം കൊണ്ട് താരമായി മാറി.

മദ്രാസ് സംസ്ഥാനത്ത് ദ്രാവിഡ മുന്നേറ്റ കഴകം 25 സീറ്റുകള്‍ വിജയിച്ചു. സി.എന്‍. അണ്ണാദുരൈ മദ്രാസ് സൗത്തില്‍ നിന്നും കെ. മനോഹരന്‍ മദ്രാസ് നോര്‍ത്തില്‍ നിന്നും കെ. അന്‍പഴകന്‍ തിരുച്ചങ്കോട്ട് നിന്നും തെരഞ്ഞെടുക്കപ്പെട്ടു. മദ്രാസ് നിയമസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ട അണ്ണാദൂരൈ ലോക്സഭാംഗത്വം രാജിവെച്ചു. ഉപതെരഞ്ഞെടുപ്പില്‍ മുരശൊലി മാരന്‍ വിജയിച്ചു.

സി.പി.എമ്മിനോട് സഖ്യം ചേര്‍ന്ന് മത്സരിച്ച ബംഗ്ലാ കോണ്‍ഗ്രസ് അഞ്ച് സീറ്റ് കരസ്ഥമാക്കി. മുന്‍കേന്ദ്രമന്ത്രി ഹുമയൂണ്‍ കബീര്‍ ബസീര്‍ഘട്ടില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. കേരളത്തില്‍ ഇടതുപക്ഷ മുന്നണിയുടെ ഭാഗമായി മത്സരിച്ച മുസ്ലീംലീഗ് രണ്ട് സീറ്റില്‍ ജയിച്ചു. മഞ്ചേരിയില്‍ മുഹമ്മദ് ഇസ്മയിലും കോഴിക്കോട്ട് ഇബ്രാഹിം സുലൈമാന്‍ സേട്ടും പച്ചക്കൊടി പാറിച്ചു. ആര്‍.എസ്.പി. രണ്ടു സീറ്റുകള്‍ നേടി.- കൊല്ലത്ത് ശ്രീകണ്ഠന്‍നായര്‍, ബര്‍ഹാംപൂരില്‍ ത്രിദീപ് ചൗധരി. ഫോര്‍വേഡ് ബ്ലോക്ക് ഒരു സീറ്റ് മാത്രം നേടിയപ്പോള്‍ പെസന്റ്സ് ആന്റ് വര്‍ക്കേഴ്സ് പാര്‍ട്ടി രണ്ടിടത്തും വിജയിച്ചു.

പഞ്ചാബില്‍ അകാലിദള്‍ ഫത്തേസിങ് ഗ്രൂപ്പ് മൂന്ന് സീറ്റ് ജയിച്ചു. താരാസിങ് ഗ്രൂപ്പ് ഒരിടത്തും ജയിച്ചില്ല. റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ യു.പി.യിലെ ഒരു സീറ്റുകൊണ്ട് തൃപ്തിപ്പെട്ടു.

ബോംബെ നോര്‍ത്ത് ഈസ്റ്റില്‍ വി.കെ. കൃഷ്ണമേനോന്‍ പരാജയപ്പെട്ടു. എസ്.ജി. ബര്‍വേയ്ക്ക് 1,71,902 വോട്ട് കിട്ടിയപ്പോള്‍ മേനോന് 1,58,733 വോട്ടേ ലഭിച്ചുള്ളൂ. ജനസംഘം സ്ഥാനാര്‍ത്ഥി പിടിച്ച 78,796 വോട്ട് നിര്‍ണായകമായി. കൃഷ്ണമേനോന്റെ നിതാന്തവൈരി ആചാര്യ കൃപലാനി റായ്പൂരിലും പരാജയപ്പെട്ടു. അവിടെയും ജനസംഘം പിടിച്ച വോട്ടാണ് നിര്‍ണായകമായത്.

വടക്കു കിഴക്കന്‍ ബോംബെയില്‍ നിന്ന് ജയിച്ച ബര്‍വേ സത്യപ്രതിജ്ഞ ചെയ്യും മുമ്പേ അന്തരിച്ചു. ആ വര്‍ഷം തന്നെ ഉപതെരഞ്ഞെടുപ്പുണ്ടായി. കൃഷ്ണമേനോന്‍ വീണ്ടും സ്വതന്ത്രനായി മത്സരിച്ചു. എസ്.കെ. പാട്ടീലും സംഘവും ബര്‍വേയുടെ വിധവയെ സ്ഥാനാര്‍ത്ഥിയാക്കി. മഹാരാഷ്ട്ര വികാരത്തിനു പുറമെ സഹതാപതരംഗവും കൂടിയായപ്പോള്‍ മേനോന്‍ വീണ്ടും പരാജയപ്പെട്ടു. പിന്നീടദ്ദേഹം കേരളത്തില്‍ നിന്ന് രാജ്യസഭാ ടിക്കറ്റിനു ശ്രമിച്ചു. പക്ഷേ സി.പി.ഐ.യും സി.പി.എമ്മും കൃഷ്ണമേനോനെ തഴഞ്ഞു. രണ്ടു വര്‍ഷത്തിനുശേഷം ബംഗാളിലെ മിഡ്നാപൂരില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ അദ്ദേഹം മാര്‍ക്സിസ്റ്റ് പിന്തുണയോടെ മത്സരിച്ച് വിജയിച്ചു.

1969-ല്‍ത്തന്നെ കാമരാജും എസ്.കെ. പാട്ടീലും ലോക്സഭയില്‍ തിരിച്ചെത്തി. ഗുജറാത്തിലെ ബനസ്‌കാന്ത മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് ജയിച്ചാണ് പാട്ടീല്‍ വീണ്ടും പാര്‍ലമെന്റില്‍ എത്തിയത്. കോണ്‍ഗ്രസിനും നാടാര്‍ സമുദായത്തിനും മേല്‍ക്കയ്യുള്ള നാഗര്‍കോവിലില്‍ നിന്നാണ് കാമരാജ് തെരഞ്ഞെടുക്കപ്പെട്ടത്. ആചാര്യ കൃപലാനിക്ക് അത്രയൊന്നും കാത്തിരിക്കേണ്ടിവന്നില്ല. മധ്യപ്രദേശ് നിയമസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ട രാജമാത വിജയരാജസിന്ധ്യ പാര്‍ലമെന്റംഗത്വം രാജിവെച്ചു. ഗുണെ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ പ്രതിപക്ഷം കൃപലാനിയെ പൊതുസ്ഥാനാര്‍ത്ഥിയാക്കി. അദ്ദേഹം വമ്പിച്ച ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ടു. 1967-ല്‍ തന്നെ ശ്രീകാകുളത്ത് ഉപതെരഞ്ഞെടുപ്പ് ജയിച്ച് എന്‍.ജി. രംഗയും സഭയില്‍ തിരിച്ചെത്തി.

തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയേറ്റുവെങ്കിലും സിന്‍ഡിക്കേറ്റ് പ്രമാണിമാരുടെ കൂട്ടത്തോല്‍വി ഇന്ദിരാഗാന്ധിക്ക് ആശ്വാസം പകര്‍ന്നു. അവര്‍ പ്രധാനമന്ത്രിസ്ഥാനത്തേക്ക് വീണ്ടും അവകാശവാദമുന്നയിച്ചു. വിട്ടുകൊടുക്കാന്‍ മൊറാര്‍ജിയും തയ്യാറായില്ല. താന്‍ വീണ്ടും മത്സരിക്കും എന്നദ്ദേഹം ഭീഷണി മുഴക്കി. മാര്‍ച്ച് 10ന് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചു. ആ ഘട്ടത്തില്‍ ഒലിവുചില്ലയുമായി കാമരാജ് വീണ്ടും കളത്തിലിറങ്ങി. മധ്യപ്രദേശ് മുഖ്യമന്ത്രി ദ്വാരകാപ്രസാദ് മിശ്രയും യു.പി. മുന്‍മുഖ്യമന്ത്രി ചന്ദ്രഭാനു ഗുപ്തയും ഒത്തുതീര്‍പ്പുണ്ടാക്കാന്‍ കിണഞ്ഞുപരിശ്രമിച്ചു.

ഉപപ്രധാനമന്ത്രി സ്ഥാനവും ആഭ്യന്തരവകുപ്പും കിട്ടുമെങ്കില്‍ മത്സരത്തില്‍ നിന്ന് പിന്മാറാമെന്ന് മൊറാര്‍ജി മധ്യസ്ഥന്മാരെ അറിയിച്ചു. പക്ഷെ ഇന്ദിര വഴങ്ങിയില്ല. സര്‍ദാര്‍ പട്ടേലിന്റെ മരണശേഷം ഉപപ്രധാനമന്ത്രി ഉണ്ടായിട്ടില്ലെന്നും ആഭ്യന്തരവകുപ്പില്‍ നിന്ന് വൈ.ബി. ചവാനെ മാറ്റാനാവില്ലെന്നും തടസ്സവാദം ഉന്നയിച്ചു. മൊറാര്‍ജിക്ക് മന്ത്രിസഭയിലെ രണ്ടാം സ്ഥാനവും ധനകാര്യവകുപ്പും വാഗ്ദാനം ചെയ്തു. ദേശായി വകുപ്പ് ധനകാര്യമായാലും മതി, പക്ഷെ ഉപപ്രധാനമന്ത്രിസ്ഥാനം കിട്ടിയേതീരൂ എന്ന് ശഠിച്ചു. ഒടുവില്‍ മനസ്സില്ലാമനസ്സോടെ ഇന്ദിര വഴിപ്പെട്ടു.

അങ്ങനെ 1967 മാര്‍ച്ച് 17-ാം തീയതി ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയും മൊറാര്‍ജി ദേശായി ധനകാര്യവകുപ്പോടെ ഉപപ്രധാനമന്ത്രിയുമായി സത്യപ്രതിജ്ഞ ചെയ്തു. വൈ.ബി. ചവാന് ആഭ്യന്തരവും സ്വരണ്‍സിങ്ങിന് രാജ്യരക്ഷയും തന്നെ കിട്ടി. വിദേശകാര്യവകുപ്പ് എം.സി. ഛഗ്ലയെ ഏല്‍പിച്ചു. മുമ്പ് സഹമന്ത്രിയായിരുന്ന ദിനേശ് സിങ്ങിനെ കാബിനറ്റിലേക്ക് പ്രമോട്ട് ചെയ്തു, വാണിജ്യവകുപ്പ് നല്‍കി. ജഗ്ജീവന്‍ റാം (കൃഷി, ഭക്ഷ്യം). ജയ്സുഖ്ലാല്‍ ഹാഥി (തൊഴില്‍), അശോക് മേത്ത (ആസൂത്രണം, പെട്രോളിയം, കെമിക്കല്‍സ്), പനമ്പിള്ളി ഗോവിന്ദമേനോന്‍ (നിയമം), രാം സുഭഗ് സിങ്ങ് (പാര്‍ലമെന്ററികാര്യം, വാര്‍ത്താവിനിമയം), സി.എം. പൂനച്ച (റെയില്‍വെ), വി.കെ.ആര്‍.വി. റാവു (ഗതാഗതം, ഷിപ്പിംഗ്), കോടര്‍ദാസ് കാളിദാസ് ഷാ (വാര്‍ത്താവിതരണം, പ്രക്ഷേപണം), ഫക്രുദ്ദീന്‍ അലി അഹമ്മദ് (വ്യവസായം), എം. ചെന്നറെഡ്ഡി (ഉരുക്ക്, ഖനി), ഡോ. കരണ്‍സിങ്ങ് (ടൂറിസം, സിവില്‍ വ്യോമയാനം) എന്നിവരായിരുന്നു മറ്റു മന്ത്രിമാര്‍. ഇവരെക്കൂടാതെ 17 സഹമന്ത്രിമാരും 20 ഉപമന്ത്രിമാരും ഉണ്ടായിരുന്നു.

സിന്‍ഡിക്കേറ്റിലെ ഒരംഗം മാത്രമേ ലോക്സഭയിലേക്ക് ജയിച്ചിരുന്നുള്ളൂ- ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രിയും മുന്‍കോണ്‍ഗ്രസ് പ്രസിഡന്റുമായ നീലം സഞ്ജീവറെഡ്ഡി. ഹിന്ദുപൂര്‍ മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം ജയിച്ചത്. റെഡ്ഡിയെ കാബിനറ്റിലെടുക്കാന്‍ ഇന്ദിര തയ്യാറായില്ല. പകരം അദ്ദേഹത്തെ ലോക്സഭാ സ്പീക്കറാക്കി. മഹാരാഷ്ട്രയില്‍ നിന്നുള്ള ആര്‍.കെ. ഖാദില്‍കറെ ഡെപ്യൂട്ടി സ്പീക്കറായും തെരഞ്ഞെടുത്തു. 1957-ല്‍ പെസന്‍സ് ആന്റ് വര്‍ക്കേഴ്സ് പാര്‍ട്ടിയുടെ പ്രതിനിധിയായി അഹമ്മദ്നഗറില്‍ നിന്നാണ് ഖാദില്‍കര്‍ ആദ്യം ലോക്സഭയിലെത്തിയത്. പിന്നീട് അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നു. 1962-ലും 67-ലും ഖേദ് മണ്ഡലത്തില്‍ നിന്ന് വിജയിച്ചു.

രാഷ്ട്രപതി സ്ഥാനത്ത് ഡോ. രാധാകൃഷ്ണന്റെ കാലാവധി 1967 മേയ് 13ന് അവസാനിക്കാനിരിക്കുകയായിരുന്നു. ഒരിക്കല്‍ക്കൂടി തെരഞ്ഞെടുക്കപ്പെടണമെന്ന് അദ്ദേഹം ആഗ്രഹിച്ചില്ല. ഇന്ദിരാഗാന്ധി രാധാകൃഷ്ണനെ നിര്‍ബന്ധിച്ചുമില്ല. ഉപരാഷ്ട്രപതി ഡോ. സക്കീര്‍ ഹുസൈനെയാണ് പ്രധാനമന്ത്രി ആഗ്രഹിച്ചത്. സിന്‍ഡിക്കേറ്റിന് അദ്ദേഹത്തോട് താല്‍പര്യമുണ്ടായിരുന്നില്ല. എങ്കിലും ഇന്ദിരയുടെ ആഗ്രഹം നിറവേറി. സക്കീര്‍ ഹുസൈന്‍ സ്ഥാനാര്‍ത്ഥിയായി.

കമ്യൂണിസ്റ്റിതര പ്രതിപക്ഷപാര്‍ട്ടികള്‍ ഒറ്റക്കെട്ടായി രാഷ്ട്രപതി തെരഞ്ഞെടുപ്പിനെ നേരിട്ടു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കോക സുബ്ബറാവു ജോലി രാജിവെച്ച് പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായി. വാശിയേറിയ മത്സരം നടന്നു. മേയ് ആറാം തീയതി നടന്ന വോട്ടെടുപ്പില്‍ സക്കീര്‍ ഹുസൈന്‍ വിജയിച്ചു. ഇലക്ട്രല്‍ കോളേജില്‍ അദ്ദേഹത്തിന് 4,71,244 വോട്ടും സുബ്ബറാവുവിന് 3,63,971 വോട്ടുമാണ് കിട്ടിയത്.

ഹൈദരാബാദില്‍ കുടിയേറിയ ഒരു പത്താന്‍ കുടുംബത്തിലാണ് 1897 ഫെബ്രുവരി 8ന് സക്കീര്‍ ഹുസൈന്‍ ജനിച്ചത്. അദ്ദേഹത്തിന്റെ കുട്ടിക്കാലത്ത് കുടുംബം യു.പി.യിലെ കയിംഗഞ്ചിലേക്ക് താമസം മാറ്റി. സക്കീറിന് 10 വയസ്സുള്ളപ്പോള്‍ പിതാവും 14 വയസ്സുള്ളപ്പോള്‍ മാതാവും മരിച്ചു. ഇറ്റാവയിലെ ഇസ്ലാമിക ഹൈസ്‌കൂളില്‍ സെക്കന്‍ഡറി വിദ്യാഭ്യാസവും അലിഗഡിലെ മുഹമ്മദന്‍ ആംഗ്ലോ ഓറിയന്റല്‍ കോളേജില്‍ ബിരുദപഠനവും പൂര്‍ത്തീകരിച്ചു. പിന്നീട് ബര്‍ലിന്‍ സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ ഡോക്ടറേറ്റും കരസ്ഥമാക്കി.

മഹാത്മാഗാന്ധിയുടെയും ആലി സഹോദരന്മാരുടെയും പ്രേരണയാല്‍ 1920 ഒക്ടോബര്‍ 29ന് അലിഗഡില്‍ ദേശീയ മുസ്ലീം സര്‍വകലാശാലയ്ക്ക് തുടക്കം കുറിച്ചു. 1925-ല്‍ അത് ജാമിയ മിലിയ ഇസ്ലാമിയ ആയി ദല്‍ഹിയിലേക്ക് മാറ്റി സ്ഥാപിച്ചു. 1927 മുതല്‍ 47 വരെ സക്കീര്‍ ഹുസൈന്‍ ജാമിയയുടെ വൈസ് ചാന്‍സലറായിരുന്നു. 1948 മുതല്‍ 56 വരെ അലിഗഡ് സര്‍വകലാശാലയിലും വി.സി.യായി പ്രവര്‍ത്തിച്ചു. 1956-ല്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അടുത്തവര്‍ഷം അദ്ദേഹത്തെ ബിഹാര്‍ ഗവര്‍ണറായി നിയമിച്ചു. 1962-ല്‍ ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെടും വരെ തല്‍സ്ഥാനത്ത് തുടര്‍ന്നു. 1963-ല്‍ രാഷ്ട്രം ഭാരതരത്നം നല്‍കി അദ്ദേഹത്തെ ആദരിച്ചു.

ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരമുണ്ടായി. കോണ്‍ഗ്രസ് വി.വി. ഗിരിയെ നിര്‍ദ്ദേശിച്ചു. 1956 മുതല്‍ വിവിധ സംസ്ഥാനങ്ങളില്‍ ഗവര്‍ണറായിരുന്ന് പ്രാഗത്ഭ്യം തെളിയിച്ച ആളാണ് ഗിരി. പ്രതിപക്ഷം പ്രമുഖ ചരിത്രകാരന്‍ മുഹമ്മദ് ഹബീബിനെ പൊതുസ്ഥാനാര്‍ത്ഥിയാക്കി. അലിഗഡ് സര്‍വകലാശാലയില്‍ പ്രൊഫസറും കോണ്‍ഗ്രസ് നേതാവ് അബ്ബാസ് തയ്യബ്ജിയുടെ ജാമാതാവുമായിരുന്നു ഹബീബ്. ജയിക്കാന്‍ ഒരു സാധ്യതയുമില്ല എന്ന ധൈര്യത്തിലാണ് താന്‍ മത്സരിക്കുന്നതെന്ന് അദ്ദേഹം തമാശ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ഗിരിക്ക് 483 വോട്ടും ഹബീബിന് 193 വോട്ടും കിട്ടി. മൂന്ന് വോട്ടുകള്‍ അസാധുവായി