പിളര്‍പ്പിലൂടെ ഐക്യത്തിലേക്ക്

October 12, 2017, 5:37 pm


പിളര്‍പ്പിലൂടെ ഐക്യത്തിലേക്ക്
Columns
Columns


പിളര്‍പ്പിലൂടെ ഐക്യത്തിലേക്ക്

പിളര്‍പ്പിലൂടെ ഐക്യത്തിലേക്ക്

1962-ലെ പൊതുതെരഞ്ഞെടുപ്പില്‍ 196 സീറ്റിലാണ് ഭാരതീയ ജനസംഘം മത്സരിച്ചത്. ആകെ പോള്‍ ചെയ്തതിന്റെ 6.44 ശതമാനം വോട്ട് നേടി. 14 സ്ഥാനങ്ങള്‍ ജയിച്ചു. (യു.പി.-7, മധ്യപ്രദേശ്-3, പഞ്ചാബ്-3, രാജസ്ഥാന്‍-1) 114 മണ്ഡലങ്ങളില്‍ ജാമ്യസംഖ്യ നഷ്ടപ്പെട്ടു. ദല്‍ഹിയില്‍ പാര്‍ട്ടിക്ക് സീറ്റൊന്നും നേടാന്‍ കഴിഞ്ഞില്ലെങ്കിലും 32 ശതമാനം വോട്ട് കരസ്ഥമാക്കി.

സംസ്ഥാന നിയമസഭകളിലും ജനസംഘം നില മെച്ചപ്പെടുത്തി. യു.പി.യില്‍ 49-ഉം മധ്യപ്രദേശില്‍ 41ഉം സീറ്റുകള്‍ ജയിച്ച് പ്രധാന പ്രതിപക്ഷമായി. രാജസ്ഥാനില്‍ 15ഉം പഞ്ചാബില്‍ 8ഉം ബിഹാറില്‍ 3ഉം സ്ഥാനങ്ങള്‍ ജയിച്ചു. ഹിന്ദി മേഖലയ്ക്ക് പുറത്ത് പാര്‍ട്ടിയുടെ പ്രകടനം ദയനീയമായിരുന്നു. ഗുജറാത്തിലും മഹാരാഷ്ട്രയിലും ഒരു സീറ്റും കിട്ടിയില്ല. ആന്ധ്രാപ്രദേശില്‍ മത്സരിച്ച 70 സീറ്റും തോറ്റു; 69ലും കെട്ടിവെച്ച പണം നഷ്ടപ്പെട്ടു.

പാര്‍ലമെന്റിലും നിയമസഭകളിലും നിലമെച്ചപ്പെടുത്തിയതിലുപരി ജനസംഘത്തിന് സന്തോഷിക്കാന്‍ മറ്റു കാരണങ്ങള്‍ ഉണ്ടായിരുന്നു. അതില്‍ ഏറ്റവും പ്രധാനം രാംരാജ്യപരിഷത്തിന്റെയും ഹിന്ദുമഹാസഭയുടെയും തകര്‍ച്ചയായിരുന്നു. രാംരാജ്യപരിഷത്ത് ലോക്സഭയില്‍ രണ്ടേരണ്ടു സീറ്റ് മാത്രമേ ജയിച്ചുള്ളൂ- രാജസ്ഥാനിലെ ബാര്‍മര്‍, മധ്യപ്രദേശിലെ റായ്ഗഡ്. രാജസ്ഥാന്‍ നിയമസഭയില്‍ അവര്‍ക്ക് മൂന്ന് സീറ്റേ ജയിക്കാന്‍ കഴിഞ്ഞുള്ളൂ. മധ്യപ്രദേശില്‍ പത്തും.

ഹിന്ദുമഹാസഭയുടെ കാര്യം അതിലും ദയനീയമായി. പാര്‍ലമെന്റില്‍ അവര്‍ക്ക് ഒരു പ്രതിനിധിയേ ഉണ്ടായുള്ളൂ- യു.പി.യിലെ ഇറ്റയില്‍ നിന്ന് ബിഷന്‍ചന്ദ്രസേത്ത്. ഉത്തര്‍പ്രദേശ് നിയമസഭയില്‍ രണ്ട് അംഗങ്ങള്‍; മധ്യപ്രദേശില്‍ ആറുപേര്‍.

ഹിന്ദുമഹാസഭയുമായുള്ള ബന്ധം വിച്ഛേദിച്ച് ഹൂഗ്ലിയില്‍ സ്വതന്ത്രനായി മത്സരിച്ച നിര്‍മല്‍ ചന്ദ് ചാറ്റര്‍ജി ദയനീയമായി പരാജയപ്പെട്ടു. പിന്നീടദ്ദേഹം ഇടതുപക്ഷ സഹയാത്രികനായി മാറി. 1963-ലെ ഉപതെരഞ്ഞെടുപ്പില്‍ ബര്‍ദ്വാന്‍ മണ്ഡലത്തില്‍ കമ്യൂണിസ്റ്റ് പിന്തുണയോടെ മത്സരിച്ച് ജയിച്ചു. ഹിന്ദുമഹാസഭയുടെ മറ്റൊരു പ്രമുഖ നേതാവായിരുന്ന നാരായണ്‍ ഭാസ്‌കര്‍ ഖരേ സജീവരാഷ്ട്രീയം ഉപേക്ഷിച്ചു. വിഷ്ണു ഘനശ്യാം ദേശ്പാണ്ഡെ ജനസംഘത്തില്‍ ചേര്‍ന്നു.

1962-നും 67നും ഇടയ്ക്ക് രാംരാജ്യപരിഷത്തും ഹിന്ദുമഹാസഭയും തീര്‍ത്തും അപ്രസക്തമായി. ഇരു പാര്‍ട്ടികളിലും നിന്ന് അണികള്‍ ജനസംഘത്തിലേക്ക് ഒഴുകി. രാജ്യത്തെ ഹിന്ദു വോട്ട് ബാങ്കിന്റെ ഏക അവകാശിയായി മാറാന്‍ ജനസംഘത്തിന് സാധിച്ചു.

ഹിന്ദുമഹാസഭയുടെ തകര്‍ച്ച കണ്ടുകൊണ്ടാണ് സവര്‍ക്കര്‍ കണ്ണടച്ചത്. ഗാന്ധി കൊലക്കേസില്‍ നിന്നുരക്ഷപെട്ട് ജയില്‍മോചിതനായ ശേഷവും അദ്ദേഹത്തിന് പൂര്‍ണ്ണ സ്വാതന്ത്ര്യം ലഭിച്ചിരുന്നില്ല. യാത്ര ചെയ്യുന്നതിനും പരസ്യപ്രസ്താവന നടത്തുന്നതിനും നിയന്ത്രണങ്ങളുണ്ടായിരുന്നു. വാര്‍ദ്ധക്യവും അനാരോഗ്യവും സവര്‍ക്കറെ വലച്ചു. 1963 നവംബര്‍ 8ന് ഭാര്യ യമുന മരിച്ചു. അതോടെ ജീവിതം കൂടുതല്‍ ദുസ്സഹമായി.

താന്‍ മരുന്നും ആഹാരവും വെള്ളവും ഉപേക്ഷിച്ച് ആത്മാര്‍പ്പണത്തിന് ഒരുങ്ങുകയാണെന്ന് 1966 ഫെബ്രുവരി 1ന് സവര്‍ക്കര്‍ പ്രഖ്യാപിച്ചു. ആത്മഹത്യയല്ല ആത്മാര്‍പ്പണം എന്നദ്ദേഹം വ്യക്തമാക്കി. ജീവിതലക്ഷ്യം നിറവേറുകയും സമൂഹത്തെ സേവിക്കാനുള്ള കഴിവ് ഇല്ലാതാകുകയും ചെയ്താല്‍ പിന്നെ ജീവിച്ചിരിക്കുന്നതില്‍ അര്‍ത്ഥമില്ല, മരിക്കുന്നതാണ് ഉത്തമം എന്ന് വിശദീകരിച്ചു. ഫെബ്രുവരി 26ന് സവര്‍ക്കര്‍ അന്തരിച്ചു. അപ്പോള്‍ അദ്ദേഹത്തിന് 83 വയസ്സായിരുന്നു.

സവര്‍ക്കറുടെ മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടുപോകാന്‍ ഒരു സൈനികവാഹനം ആവശ്യപ്പെട്ടുവെങ്കിലും രാജ്യരക്ഷാമന്ത്രി വൈ.ബി. ചവാന്‍ അത് നിരാകരിച്ചു. മഹാരാഷ്ട്ര മന്ത്രിമാരാരും ശവസംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്തില്ല. പാര്‍ലമെന്റില്‍ റഫറന്‍സ് നടത്താനുളള അപേക്ഷ സ്പീക്കര്‍ ഹുക്കും സിങ്ങും നിരസിച്ചു. പക്ഷേ സവര്‍ക്കര്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ പതിനായിരങ്ങള്‍ തടിച്ചുകൂടി.

സവര്‍ക്കറുടെ ചരമത്തിനും രണ്ട് വര്‍ഷം മുമ്പ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം തടവ് അനുഭവിച്ച ഗോപാല്‍ ഗോഡ്സെ, വിഷ്ണു കാര്‍ക്കറെ, മദന്‍ലാല്‍ പഹ്വ എന്നിവര്‍ ജയില്‍മോചിതരായി. അവര്‍ക്കു ജന്മനാടായ പൂനയില്‍ വമ്പിച്ച വരവേല്‍പ് ലഭിച്ചു. 1964 നവംബര്‍ 12ന് സ്വീകരണയോഗത്തില്‍ അധ്യക്ഷത വഹിച്ചത് തരുണ്‍ ഭാരതിന്റെ പത്രാധിപരും ലോകമാന്യ ബാലഗംഗാധര തിലകന്റെ പൗത്രനുമായ ഡോ. ജി.വി. കെത്കര്‍ ആയിരുന്നു. ഗാന്ധിജിയുടെ കൊലപാതകത്തിലേക്ക് നയിച്ച ഗൂഢാലോചനയെക്കുറിച്ച് തനിക്ക് ആറ് മാസം മുമ്പേ അറിയാമായിരുന്നു എന്ന് അദ്ദേഹം വെളിപ്പെടുത്തി. അത് വലിയ വിവാദത്തിനിടയാക്കി. മഹാരാഷ്ട്ര നിയമസഭയിലും പാര്‍ലമെന്റിലും ഒച്ചപ്പാടുണ്ടാക്കി. കെത്കറെ പോലീസ് അറസ്റ്റുചെയ്തു. ഗാന്ധി വധത്തിന് പിന്നിലുള്ള ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കാന്‍ അന്ന് പാര്‍ലമെന്റംഗവും സുപ്രീംകോടതിയില്‍ മുതിര്‍ന്ന അഭിഭാഷകനുമായിരുന്ന ഗോപാല്‍ സ്വരൂപ് പഥക്കിനെ ആഭ്യന്തരമന്ത്രി ഗുല്‍സാരിലാല്‍ നന്ദ ചുമതലപ്പെടുത്തി. പിന്നീട് ആ ഉത്തരവാദിത്തം സുപ്രീംകോടതി മുന്‍ ജഡ്ജി ജീവന്‍ലാല്‍ കപൂറിനെ ഏല്‍പിച്ചു.

1963-ല്‍ ജനസംഘം പുതിയൊരു പ്രസിഡന്റിനെ പരീക്ഷിച്ചു-പ്രമുഖ ഭാഷാശാസ്ത്രജ്ഞന്‍ ഡോ. രഘുവീര. 1902-ല്‍ അവിഭക്ത പഞ്ചാബിലെ റാവല്‍പിണ്ടിയില്‍ ജനിച്ച രഘുവീര അറിയപ്പെടുന്ന ലിങ്ഗ്വിസ്റ്റും ഇന്റോളജിസ്റ്റും ആയിരുന്നു. അദ്ദേഹത്തിന്റെ പി.എച്ച്ഡി. ലണ്ടന്‍ സര്‍വകലാശാലയില്‍ നിന്നും ഡി ലിറ്റ് ഹോളണ്ടിലെ ലീഡന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ആയിരുന്നു. ഭരണഘടനാ അസംബ്ലിയിലും തുടര്‍ന്ന് രണ്ടുതവണ രാജ്യസഭയിലും അംഗമായിരുന്ന രഘുവീര ഗോവധനിരോധനം നിര്‍ദ്ദേശകതത്വങ്ങളില്‍ ഉള്‍പ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. കമ്യൂണിസ്റ്റ് വിരുദ്ധനും ചൈനാവിരുദ്ധനുമായിരുന്ന രഘുവീര നെഹ്റുവിന്റെ ചൈനീസ് പ്രീണനനയത്തില്‍ പ്രതിഷേധിച്ച് 1961-ല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു. ദീന്‍ദയാല്‍ ഉപാധ്യായ അദ്ദേഹത്തെ സ്വീകരിച്ചു ജനസംഘത്തിന്റെ ദേശീയ അധ്യക്ഷനാക്കി.

എന്നാല്‍ 1963 മേയ് 14ന് കോണ്‍പൂരിന് സമീപമുണ്ടായ റോഡപകടത്തില്‍ രഘുവീര കൊല്ലപ്പെട്ടു. ഡോ. രാം മനോഹര്‍ ലോഹ്യയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഫറൂഖാബാദിലേക്ക് പോകുംവഴിക്കാണ് അപകടമുണ്ടായത്. അതേത്തുടര്‍ന്ന് ദേബപ്രസാദ്ഘോഷിനെ അധ്യക്ഷസ്ഥാനത്ത് തിരികെ കൊണ്ടുവന്നു. 1963ന്റെ ശേഷിച്ച കാലത്തും 64ലും അദ്ദേഹം പാര്‍ട്ടി പ്രസിഡന്റായി പ്രവര്‍ത്തിച്ചു.

1965-ല്‍ വിജയവാഡയില്‍ നടന്ന ജനസംഘത്തിന്റെ അഖിലേന്ത്യാസമ്മേളനം പണ്ഡിറ്റ് ബഛ്രാജ് വ്യാസിനെ അധ്യക്ഷനായി തെരഞ്ഞെടുത്തു. ജനസംഘത്തിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളായിരുന്നു വ്യാസ്. വിദര്‍ഭയില്‍ നിന്നുള്ള ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗവുമായിരുന്നു. ബഛ്രാജ് വ്യാസിനെ പ്രസിഡന്റാക്കിയതില്‍ പ്രതിഷേധിച്ച് അടല്‍ബിഹാരി വാജ്പേയിയും ബല്‍രാജ് മധോക്കും സമ്മേളനം ബഹിഷ്‌കരിച്ചു. ദീന്‍ദയാല്‍ ഇരുവരെയും അനുനയിപ്പിച്ചു. 1966-ല്‍ മധോക്കിനെ പാര്‍ട്ടി അഖിലേന്ത്യാ അധ്യക്ഷനായി തെരഞ്ഞടുത്തു. അധ്യക്ഷന്മാര്‍ മാറിമാറി വരുമ്പോഴും ജനസംഘത്തിന്റെ കടിഞ്ഞാണ്‍ പൂര്‍ണമായും ദീന്‍ദയാല്‍ ഉപാധ്യായയുടെ കയ്യിലായിരുന്നു.

1916 സെപ്തംബര്‍ 25ന് യു.പി.യിലെ ധന്‍കിയയില്‍ ഒരു ബ്രാഹ്മണ കുടുംബത്തിലാണ് ദീന്‍ദയാല്‍ ജനിച്ചത്. അച്ഛന്‍ റെയില്‍വെ സ്റ്റേഷന്‍ മാസ്റ്ററായിരുന്നു. ദീന്‍ദയാലിന് മൂന്ന് വയസ്സുള്ളപ്പോള്‍ അച്ഛനും എട്ട് വയസ്സുള്ളപ്പോള്‍ അമ്മയും മരിച്ചു. 1939-ല്‍ ബി.എ പരീക്ഷ ഒന്നാം റാങ്കോടെ പാസായി. കോണ്‍പൂരിലെ സനാതന ധര്‍മ്മ കോളേജില്‍ വിദ്യാര്‍ത്ഥിയായിരിക്കവെ, 1937-ല്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകനായി, 1942-ല്‍ പ്രചാരകനായി. ഗോള്‍വല്‍ക്കറുടെ നിര്‍ദ്ദേശപ്രകാരം, ജനസംഘ രൂപീകരണത്തിന് മുന്നോടിയായി 1951 സെപ്തംബര്‍ 21ന് ലഖ്നൗ സമ്മേളനം വിളിച്ചുകൂട്ടിയത് ദീന്‍ദയാല്‍ ആയിരുന്നു. പാര്‍ട്ടി രൂപീകരിക്കപ്പെട്ടതു മുതല്‍ അദ്ദേഹം ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു.

വ്യക്തിജീവിതത്തില്‍ പരിശുദ്ധിയും ലാളിത്യവും പുലര്‍ത്തിയ ദീന്‍ദയാല്‍ ഉപാധ്യായ തത്വാധിഷ്ഠിത രാഷ്ട്രീയത്തിന്റെ വക്താവായിരുന്നു. പാര്‍ലമെന്റിലേയും നിയമസഭകളിലേയും പാര്‍ട്ടി പ്രതിനിധികള്‍ക്കായി അദ്ദേഹം ശില്‍പശാല സംഘടിപ്പിച്ചു. മാതൃകാപെരുമാറ്റച്ചട്ടം ആവിഷ്‌കരിച്ചു. നിയമനിര്‍മ്മാണസഭകളില്‍ ബഹളം കൂട്ടുന്നതിനെയും ഇറങ്ങിപ്പോക്ക് നടത്തുന്നതിനെയും കര്‍ശനമായി വിലക്കി. പാര്‍ട്ടി അച്ചടക്കത്തിന്റെ കാര്യത്തില്‍ കര്‍ക്കശക്കാരനായിരുന്നു. നാട്ടുരാജാക്കന്മാരെയും സെമീന്ദര്‍മാരെയും പാര്‍ട്ടിയില്‍ നിന്ന് അകറ്റിനിര്‍ത്തി. സ്ഥാനമോഹികളെ അടുപ്പിച്ചില്ല. ഭാരതീയ പൈതൃകത്തില്‍ ഉറച്ചുനിന്നുകൊണ്ട് ഏകാത്മമാനവവാദം എന്നൊരു രാഷ്ട്രീയദര്‍ശനം ആവിഷ്‌കരിച്ചു.

1968-ലെ ചൈനാ യുദ്ധകാലത്തും 65-ലെ പാകിസ്താന്‍ യുദ്ധകാലത്തും ആര്‍.എസ്.എസ്.-ജനസംഘം പ്രവര്‍ത്തകര്‍ ഊര്‍ജ്ജിതമായി രംഗത്തിറങ്ങി. അവര്‍ സൈനികര്‍ക്കായി രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ചു. യുദ്ധമുന്നണിയില്‍ പരിക്കേറ്റവരെ ശുശ്രൂഷിക്കാനും അത്യാവശ്യഘട്ടങ്ങളില്‍ ട്രാഫിക് നിയന്ത്രിക്കാന്‍ കൂടിയും മുന്നിട്ടിറങ്ങി. ജവഹര്‍ലാല്‍ നെഹ്റു ആര്‍.എസ്.എസ്സുകാരെ എപ്പോഴും സംശയദൃഷ്ടിയോടെയാണ് വീക്ഷിച്ചിരുന്നത്. ലാല്‍ ബഹദൂര്‍ ശാസ്ത്രി കുറേക്കൂടി സഹിഷ്ണുത പ്രകടിപ്പിച്ചു. 1966-ലെ താഷ്‌കെന്റ് പ്രഖ്യാപനം ജനസംഘക്കാരെ ചൊടിപ്പിച്ചു. ധീരജവാന്മാര്‍ പ്രാണന്‍ ബലിയര്‍പ്പിച്ചുനേടിയ വിജയം റഷ്യയുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി കളഞ്ഞുകുളിച്ചുവെന്ന് വിലപിച്ചു.

1965-ല്‍ ഹിന്ദി ദേശീയഭാഷയാക്കാന്‍ വേണ്ടി നടന്ന പ്രക്ഷോഭത്തില്‍ ജനസംഘം ശക്തമായി പങ്കെടുത്തു. ഹിന്ദു-ഹിന്ദി-ഹിന്ദുസ്ഥാന്‍ എന്നായിരുന്നു അവരുടെ മുദ്രാവാക്യം. അതിന്റെ ഫലമായി അഹിന്ദി സംസ്ഥാനങ്ങളില്‍ പാര്‍ട്ടി ഒറ്റപ്പെട്ടു.

1965-66 കാലത്തെ ഭക്ഷ്യപ്രതിസന്ധി പരമാവധി മുതലെടുക്കാനും ജനസംഘം ശ്രമിച്ചു. കേന്ദ്രസര്‍ക്കാരിന്റെ ഭക്ഷ്യനയത്തെ പാര്‍ട്ടി നിശിതമായി വിമര്‍ശിച്ചു. സംസ്ഥാന സര്‍ക്കാരുകള്‍ മുന്‍കയ്യെടുത്ത് ഭക്ഷ്യോത്പാദനം വര്‍ധിപ്പിക്കണം, ധാന്യങ്ങളുടെ വിപണനം കേന്ദ്രസര്‍ക്കാര്‍ കുത്തകയാക്കി നിലനിര്‍ത്തണം, രാജ്യത്തിനകത്തുള്ള മറ്റ് സര്‍വ്വനിയന്ത്രണങ്ങളും നീക്കണം എന്നായിരുന്നു ജനസംഘത്തിന്റെ നിലപാട്.

വിശ്വഹിന്ദുപരിഷത്തിന്റെ രൂപീകരണമായിരുന്നു ഹിന്ദുത്വരാഷ്ട്രീയത്തിലെ മറ്റൊരു പ്രധാന അധ്യായം. ആര്‍.എസ്.എസ്. തലവന്‍ എം.എസ്. ഗോള്‍വല്‍ക്കറും ദാദാസാഹിബ് എന്നറിയപ്പെട്ട ശിവറാം ശങ്കര്‍ ആപ്തേയുമായിരുന്നു പ്രധാന ആസൂത്രകര്‍. ഹിന്ദു സന്യാസിമാരെയും സന്തുകളെയും മുഖ്യധാരയിലേക്ക് ആനയിച്ച് രാഷ്ട്രീയപ്രക്ഷോഭം നടത്തുന്നതിന് പുതിയ ഒരു സംഘടന വേണമെന്ന് ആര്‍.എസ്.എസ്. ആഗ്രഹിച്ചു. വിവിധ ഹിന്ദു സംഘടനകളുടെ ഒരു മുന്നണിയായും അവര്‍ സംഘടനയെ വിഭാവന ചെയ്തു

1964-ലെ ജന്മാഷ്ടമി ദിനമായ ഓഗസ്റ്റ് 29ന് ബോംബെയില്‍ സ്വാമി ചിന്മയാനന്ദന്റെ സാന്ദീപനി ആശ്രമത്തില്‍ നടന്ന വി.എച്ച്.പി. രൂപീകരണയോഗത്തിലേക്ക് 150 പേരെയാണ് ക്ഷണിച്ചത്. 60 പേര്‍ പങ്കെടുത്തു. പ്രമുഖ സംസ്‌കൃത പണ്ഡിതന്‍ കേശവറാം കാശിറാം ശാസ്ത്രി സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. ചിന്മയാനന്ദന്‍ പ്രസിഡന്റായും ആപ്തെ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.

1966-ല്‍ പ്രയാഗിലെ കുംഭമേളയോടനുബന്ധിച്ച് വി.എച്ച്.പി.യുടെ ആദ്യ സമ്മേളനം സംഘടിപ്പിച്ചു. ഹിന്ദു ഐക്യം ഊട്ടിയുറപ്പിക്കാനും ഭാരതത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കാനും സമ്മേളനം ആഹ്വാനം ചെയ്തു. നിരര്‍ത്ഥകമായ ആചാരങ്ങളും ചടങ്ങുകളും ഉപേക്ഷിക്കാനും ജൈന-ബൗദ്ധ-സിഖ് മതാനുയായികളോട് സാഹോദര്യം പുലര്‍ത്താനും അതേസമയം വൈദേശിക മതങ്ങള്‍ക്കും നിരീശ്വരവാദത്തില്‍ അധിഷ്ഠിതമായ രാഷ്ട്രീയ സിദ്ധാന്തങ്ങള്‍ക്കും എതിരെ കരുതിയിരിക്കാനും ഹിന്ദുക്കളോടാവശ്യപ്പെട്ടു.

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ബിഹാറിലെയും മധ്യപ്രദേശിലെയും ആദിവാസി മേഖലകളിലും ക്രിസ്ത്യന്‍ മിഷണറിമാര്‍ നടത്തിക്കൊണ്ടിരുന്ന മതപ്രചരണത്തെ വി.എച്ച്.പി. അതിശക്തമായി അപലപിച്ചു. മതംമാറ്റം നിയമംമൂലം നിരോധിക്കണം എന്നാവശ്യപ്പെട്ടു. നാഗാലാന്റ് സംസ്ഥാന രൂപീകരണം വിഘടനവാദത്തെ ശക്തിപ്പെടുത്തുമെന്ന് ആരോപിച്ചു. പഞ്ചാബിനെ മതത്തിന്റെയും ഭാഷയുടെയും അടിസ്ഥാനത്തില്‍ വിഭജിക്കുന്നതിനെയും എതിര്‍ത്തു.

ഗോസംരക്ഷണമാണ് വിശ്വഹിന്ദു പരിഷത്ത് ഏറ്റെടുത്ത മറ്റൊരു പ്രധാന വിഷയം. രാജ്യത്തെമ്പാടും ഗോവധം നിരോധിക്കണം എന്നാവശ്യപ്പെട്ട് ജനസംഘം വി.എച്ച്.പി. അടക്കം മറ്റു ഹിന്ദുസംഘടനകളുമായി യോജിച്ച് 1966-ല്‍ അഖിലേന്ത്യാ ഗോസംരക്ഷണ സമിതി രൂപീകരിച്ചു. സത്യാഗ്രഹവും ധര്‍ണയും ഉപവാസവും നടത്തി. പ്രവര്‍ത്തകര്‍ അറസ്റ്റും ജയില്‍വാസവും അനുഭവിച്ചു. ജനസംഘക്കാര്‍ മാത്രമല്ല ഹിന്ദുമഹാസഭക്കാരും രാംരാജ്യപരിഷത്തുകാരും കോണ്‍ഗ്രസില്‍ തന്നെയുള്ള പശുപ്രേമികളും സമരവുമായി സഹകരിച്ചു.

ഗോപാഷ്ടമി ദിനമായ 1966 നവംബര്‍ 7ന് പാര്‍ലമെന്റിന് മുന്നില്‍ പതിനായിരങ്ങള്‍ പങ്കെടുത്ത പ്രതിഷേധപ്രകടനത്തിന് ഗോസംരക്ഷണസമിതി ആഹ്വാനം ചെയ്തു. ജനസംഘത്തിന്റെ ദല്‍ഹി കമ്മിറ്റി സെക്രട്ടറി കേദാര്‍നാഥ് ശര്‍മ്മയാണ് പോലീസില്‍ നിന്ന് ആവശ്യമായ അനുവാദം നേടിയത്. നേതാക്കളുടെ തീപ്പൊരി പ്രസംഗം കേട്ട് പ്രകടനക്കാര്‍ അക്രമാസക്തരായി. അവര്‍ ബാരിക്കേഡ് തകര്‍ത്ത് പാര്‍ലമെന്റ് മന്ദിരത്തിലേക്ക് ഇരച്ചുകയറി. പോലീസ് വെടിവെപ്പില്‍ രണ്ട് സന്യായിമാരകടക്കം എട്ടുപേര്‍ മരിച്ചു.

എന്നാല്‍ ഗോസംരക്ഷണ സമരവുമായി ജനസംഘം പിന്നെ അധികം മുന്നോട്ടുപോയില്ല. വീണ്ടും അനിഷ്ടസംഭവങ്ങളുണ്ടായാല്‍ ഇന്ദിരാഗാന്ധി ആര്‍.എസ്.എസ്സിനെയും ജനസംഘത്തെയും നിരോധിച്ചേക്കും എന്നവര്‍ ഭയപ്പെട്ടു. രാജ്യവ്യാപകമായി സമരത്തിന് കാര്യമായ പിന്തുണ കിട്ടിയില്ലെന്നും മറ്റു പാര്‍ട്ടികളില്‍ നിന്നുള്ള പ്രകടനക്കാരെ നിയന്ത്രിക്കാന്‍ കഴിയില്ലെന്നും നേതൃത്വം തിരിച്ചറിഞ്ഞു.

1962-ലെ തെരഞ്ഞെടുപ്പില്‍ 173 സീറ്റിലാണ് സ്വതന്ത്രാപാര്‍ട്ടി മത്സരിച്ചത്. 18 സീറ്റില്‍ വിജയിച്ചു. പുതിയ പാര്‍ട്ടി എന്ന നിലയില്‍ തികച്ചു അഭിമാനകരമായ പ്രകടനം. സംസ്ഥാന നിയമസഭകളിലും പാര്‍ട്ടി ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. ബിഹാറില്‍ 50ഉം രാജസ്ഥാനില്‍ 36ഉം ഗുജറാത്തില്‍ 26ഉം സ്ഥാനങ്ങള്‍ ജയിച്ച് പ്രധാന പ്രതിപക്ഷം എന്ന സ്ഥാനം നേടിയെടുത്തു. ആന്ധ്രയില്‍ 19ഉം യു.പി.യില്‍ 18ഉം മൈസൂരില്‍ 9ഉം മദ്രാസില്‍ 6ഉം പഞ്ചാബില്‍ 3ഉം സീറ്റുകള്‍ നേടി.

1950-ല്‍ ഒറീസയിലെ ചില നാട്ടുരാജാക്കന്മാരും ഭൂപ്രഭുക്കളും ചേര്‍ന്ന് സ്ഥാപിച്ച പാര്‍ട്ടിയാണ് ഗണതന്ത്രപരിഷത്ത്. പട്നയിലെ മുന്‍ നാട്ടുരാജാവ് രാജേന്ദ്രനാരായണ്‍ സിങ്ദേവ് ആയിരുന്നു പരിഷത്തിന്റെ പ്രധാന നേതാവ്. ഒറീസയില്‍ കോണ്‍ഗ്രസ് കഴിഞ്ഞാല്‍ ഏറ്റവും ശക്തമായ രാഷ്ട്രീയപാര്‍ട്ടി ഗണതന്ത്രപരിഷത്തായിരുന്നു. 1957-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അവര്‍ 51 സീറ്റ് ജയിച്ച് കോണ്‍ഗ്രസിന് തൊട്ടുപിന്നിലെത്തി. 1959-61 കാലത്ത് പരിഷത്ത് കോണ്‍ഗ്രസുമായി ചേര്‍ന്ന് കൂട്ടുമന്ത്രിസഭയുണ്ടാക്കി. കോണ്‍ഗ്രസിലെ ഹരേകൃഷ്ണ മേത്താബ് മുഖ്യമന്ത്രിയും. രാജേന്ദ്രനാരായണ്‍ സി്ങ്ദേവ് ധനകാര്യമന്ത്രിയുമായി.

1961-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗണതന്ത്രപരിഷത്ത് 22.34 ശതമാനം വോട്ടും 37 സീറ്റും നേടി. സിങ്ദവ് പ്രതിപക്ഷനേതാവായി. 62-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി എട്ട് സീറ്റുകള്‍ ജയിച്ചു. തെരഞ്ഞെടുപ്പിനുശേഷം ഗണതന്ത്രപരിഷത്ത് സ്വതന്ത്രാപാര്‍ട്ടിയില്‍ ലയിച്ചു. അതോടെ ഒറീസയിലും സ്വതന്ത്രാപാര്‍ട്ടി പ്രബല രാഷ്ട്രീയശക്തിയായി മാറി.

മദ്രാസ് സംസ്ഥാനത്ത് വണ്ണിയര്‍ സമുദായക്കാര്‍ക്ക് പ്രാമുഖ്യമുള്ള തമിഴ്നാട് ടോയ്ലേഴ്സ് പാര്‍ട്ടിയും തെക്കന്‍ ബിഹാറിലെ ബിഹാര്‍ രാജ്യജനതാപാര്‍ട്ടിയും സ്വതന്ത്രാപാര്‍ട്ടിയില്‍ ലയിച്ചു. ഗ്വാളിയോറിലെ ജിവാജിറാവു സിന്ധ്യയുടെ വിധവയും രാജമാതാവുമായ വിജയരാജസിന്ധ്യയും മകന്‍ മാധവറാവു സിന്ധ്യയും കോണ്‍ഗ്രസില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ് സ്വതന്ത്രാപാര്‍ട്ടിയില്‍ ചേര്‍ന്നു. അതോടെ മധ്യഭാരത് മേഖലയിലും സ്വതന്ത്രാപാര്‍ട്ടിക്ക് വേരോട്ടമുണ്ടായി.

1962-66 കാലത്തെ യുദ്ധങ്ങളും വരള്‍ച്ചയും കൃഷിനാശവും ഭക്ഷ്യക്ഷാമവും വിലക്കയറ്റവും സ്വര്‍ണനിയന്ത്രണവും രൂപയുടെ മൂല്യശോഷണവും ഭരണത്തിലെ അഴിമതിയും നെഹ്റൂവിയന്‍ രാഷ്ട്രീയ-സാമ്പത്തിക മാതൃകകളുടെ പരാജയം വ്യക്തമാക്കി. ചേരിചേരാനയവും ആവടി സോഷ്യലിസവും ശുദ്ധഅസംബന്ധമാണെന്ന് സ്വതന്ത്രാപാര്‍ട്ടി നേതാക്കള്‍ പ്രചരിപ്പിച്ചു. ചൈനീസ് ആക്രമണത്തിലേക്ക് വഴിതെളിച്ച കമ്യൂണിസ്റ്റ് വിപത്തിനെക്കുറിച്ച് ജനങ്ങളെ ജാഗരൂകരാക്കി. രാജാജി, മിനുമസാനി, എന്‍.ജി. രംഗ, പിലു മോഡി എന്നിങ്ങനെ പ്രഗത്ഭരായ നേതാക്കള്‍ സ്വതന്ത്രചിന്തയ്ക്കും സ്വതന്ത്രവിപണിക്കും വേണ്ടി വാദിച്ചു. അധികാരം നഷ്ടപ്പെട്ട നാട്ടുരാജാക്കന്മാരും കോണ്‍ഗ്രസിന്റെ ഭൂപരിഷ്‌കരണത്തെ ഭയപ്പെട്ട സെമീന്ദാര്‍മാരും തൊഴിലില്ലായ്മ അനുഭവിച്ചിരുന്ന അഭ്യസ്തവിദ്യരും സ്വതന്ത്രാപാര്‍ട്ടി എന്ന വലതുപക്ഷ ബദലിനെ പിന്തുണച്ചു. 1967 ആകുമ്പോഴേക്കും രാജ്യത്തെ ഏറ്റവും പ്രധാന പ്രതിപക്ഷപാര്‍ട്ടി എന്ന സ്ഥാനം അവര്‍ കയ്യടക്കി.

1962-ലെ പൊതുതെരഞ്ഞെടുപ്പില്‍ ഇരു സോഷ്യലിസ്റ്റ് പാര്‍ട്ടികളുടെയും പ്രകടനം ദയനീയമായിരുന്നു. അശോക് മേത്ത നയിച്ച പ്രജാസോഷ്യലിസ്റ്റ് പാര്‍ട്ടി 168 സീറ്റില്‍ മത്സരിച്ചു. 7.14 ശതമാനം വോട്ടും 12 സീറ്റും കരസ്ഥമാക്കി. (മധ്യപ്രദേശ്-3, ബിഹാര്‍-2, ആസാം-2, യു.പി.-2, ഗുജറാത്ത്-1, മഹാരാഷ്ട്ര-1, ഒറീസ-1) 69 സ്ഥാനാര്‍ത്ഥികള്‍ക്ക് ജാമ്യസംഖ്യ നഷ്ടമായി. റാം മനോഹര്‍ ലോഹ്യ നയിച്ച സോഷ്യലിസ്റ്റ് പാര്‍ട്ടി 107 സീറ്റില്‍ മത്സരിച്ചു. 5.61 ശതമാനം വോട്ട് നേടി 6 സീറ്റില്‍ വിജയിച്ചു. (ബിഹാര്‍-1, മധ്യപ്രദേശ്-1, ഒറീസ-1, പഞ്ചാബ്-1, യു.പി.-1, മണിപ്പൂര്‍-1) 72 സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടിവെച്ച കാശ് നഷ്ടപ്പെട്ടു.

സംസ്ഥാന നിയമസഭകളില്‍ സ്ഥിതി വ്യത്യസ്തമായിരുന്നില്ല. പി.എസ്.പി. 9 സംസ്ഥാനങ്ങളില്‍ നിന്നായി 172 സ്ഥാനങ്ങള്‍ വിജയിച്ചു. (യു.പി.-38, മധ്യപ്രദേശ്-33, ബിഹാര്‍-29, മൈസൂര്‍-20, മഹാരാഷ്ട്ര-9, ഗുജറാത്ത്-7, ആസാം-6, ബംഗാള്‍-5, രാജസ്ഥാന്‍-2) സോഷ്യലിസ്റ്റ് പാര്‍ട്ടി ഏഴ് സംസ്ഥാനങ്ങളില്‍ നിന്ന് 47 സീറ്റ് നേടി. (യു.പി.-24, ബിഹാര്‍-7, രാജസ്ഥാന്‍-5, പഞ്ചാബ്-4, ആന്ധ്രാപ്രദേശ്-2, മധ്യപ്രദേശ്-1, മൈസൂര്‍-1).

1962-ലെ പൊതുതെരഞ്ഞെടുപ്പില്‍ രാജ്യത്തിന്റെ മറ്റെല്ലാഭാഗത്തും കോണ്‍ഗ്രസിനെ എതിര്‍ത്ത പി.എസ്.പി. കേരളത്തില്‍ മാത്രം കോണ്‍ഗ്രസുമായി കൂട്ടുചേര്‍ന്നു മത്സരിച്ചു. പി.എസ്.പി. നേതാവ് പട്ടംതാണുപിള്ള അന്ന് കോണ്‍ഗ്രസിന്റെ പിന്തുണയോടും പങ്കാളിത്തത്തോടും കൂടി സംസ്ഥാന മുഖ്യമന്ത്രിസ്ഥാനത്ത് തുടരുകയായിരുന്നു. കേരളത്തില്‍ പാര്‍ട്ടി മത്സരിച്ച നാല് സീറ്റിലും പരാജയപ്പെട്ടു. തോറ്റവരുടെ കൂട്ടത്തില്‍ മുതിര്‍ന്ന നേതാവ് ഡോ. കെ.ബി. മേനോനും മുഖ്യമന്ത്രിയുടെ ജാമാതാവ് പട്ടം കൃഷ്ണപിള്ളയും ഉള്‍പ്പെട്ടു.

തെരഞ്ഞെടുപ്പിന് പിന്നാലെ കോണ്‍ഗ്രസ്-പി.എസ്.പി. ബന്ധം ശിഥിലമായി. പട്ടംതാണുപിള്ളയെ സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്ന് കെട്ടുകെട്ടിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണര്‍ വി.വി. ഗിരിയുമായി ഗൂഢാലോചന നടത്തി. മനസ്സില്ലാ മനസ്സോടെയാണെങ്കിലും പഞ്ചാബില്‍ ഗവര്‍ണറായി പോകാമെന്ന് പട്ടം സമ്മതിച്ചു. 1962 സെപ്തംബര്‍ 26ന് അദ്ദേഹം പാര്‍ട്ടിയോട് ആലോചിക്കാതെ മുഖ്യമന്ത്രിപദം രാജിവെച്ചു. അന്നുതന്നെ കോണ്‍ഗ്രസിലെ ആര്‍. ശങ്കര്‍ മുഖ്യമന്ത്രിയായി. പി.എസ്.പി.ക്കാരായ ഡി. ദാമോദരന്‍ പോറ്റിയും കെ. ചന്ദ്രശേഖരനും ശങ്കര്‍ മന്ത്രിസഭയിലും അംഗങ്ങളായി തുടര്‍ന്നു.

പാര്‍ട്ടിയോട് ആലോചിക്കാതെ പട്ടം രാജിവെച്ചതും ഗവര്‍ണര്‍ സ്ഥാനം ഏറ്റെടുത്തതും വിമര്‍ശനവിധേയമായി. കോണ്‍ഗ്രസിന്റെ വഞ്ചനയില്‍ പ്രതിഷേധിച്ച് പാര്‍ട്ടിയുടെ ദേശീയ നിര്‍വാഹകസമിതി ദാമോദരന്‍ പോറ്റിയോടും ചന്ദ്രശേഖരനോടും രാജിവെക്കാന്‍ ആവശ്യപ്പെട്ടു. ഇരുവരും ഒക്ടോബര്‍ 8ന് രാജിവെച്ചു. കോണ്‍ഗ്രസ് ബാന്ധവം ഉപേക്ഷിച്ച് പി.എസ്.പി. പ്രതിപക്ഷത്തേക്ക് നീങ്ങി.

1962 സെപ്തംബര്‍-ഒക്ടോബറിലെ ചൈനയുടെ ആക്രമണം പി.എസ്.പിയെയും ഉലച്ചു. കോണ്‍ഗ്രസിന്റെ നയരൂപീകരണത്തിലെ പാളിച്ചയാണ് യുദ്ധപരാജയത്തിന് കാരണമെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം വിശ്വസിച്ചു. എന്നാല്‍ ചെയര്‍മാന്‍ അശോക് മേത്ത അതിനോട് യോജിച്ചില്ല. അതേത്തുടര്‍ന്ന് പാര്‍ട്ടിക്കകത്ത് ആശയസമരം രൂക്ഷമായി. അശോക് മേത്ത ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു. ശ്രീധര്‍ മഹാദേവ് ജോഷി ചെയര്‍മാനായും പ്രേംഭാസിന്‍ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. പൂനയില്‍ നിന്നുള്ള ട്രേഡ് യൂണിയന്‍ നേതാവായിരുന്നു എസ്.എം. ജോഷി. അവിഭക്ത പഞ്ചാബിലെ റാവല്‍പിണ്ടിയില്‍ ജനിച്ച പ്രേം ഭാസിന്‍ സോഷ്യലിസ്റ്റ് സൈദ്ധാന്തികനും സംഘാടകനുമായിരുന്നു.

പാര്‍ട്ടിയിലെ ആശയസമരം അവിടംകൊണ്ടും അവസാനിച്ചില്ല. 1963 ഡിസംബറില്‍ അശോക് മേത്ത പ്ലാനിംഗ് കമ്മീഷന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ സ്ഥാനം സ്വീകരിച്ചു. ഐക്യരാഷ്ട്രസഭയിലേക്കുള്ള ഇന്ത്യന്‍ പ്രതിനിധി സംഘത്തില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തി. മേത്തയുടെ സ്ഥാനലബ്ധി പാര്‍ട്ടിക്കകത്തും വലിയ ആശയക്കുഴപ്പത്തിനും പ്രതിഷേധത്തിനും ഇടയാക്കി. പി.എസ്.പിയും കോണ്‍ഗ്രസും സോഷ്യലിസത്തില്‍ വിശ്വസിക്കുന്ന പാര്‍ട്ടികളാണ്, അവയുടെ പുനരൈക്യം സാധ്യമാക്കാനും കോണ്‍ഗ്രസിലെ സോഷ്യലിസ്റ്റ് ചേരിയെ ശക്തിപ്പെടുത്താനും വേണ്ടിയാണ് താന്‍ പ്ലാനിംഗ് കമ്മീഷന്‍ ഉപാധ്യക്ഷസ്ഥാനം സ്വീകരിച്ചതെന്ന് മേത്ത വിശദീകരിച്ചു. പക്ഷേ അതാര്‍ക്കും ബോധ്യമായില്ല.

പി.എസ്.പി. നേതൃത്വം അശോക് മേത്തയെ രൂക്ഷമായി വിമര്‍ശിച്ചു. ഉപാധ്യക്ഷസ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു. മേത്ത വഴങ്ങിയില്ല. പകരം പാര്‍ട്ടിക്കകത്ത് തന്റെ അനുയായികളെ സംഘടിപ്പിച്ചു കോണ്‍ഗ്രസില്‍ ചേക്കേറാന്‍ സജ്ജരാക്കി. അതേസമയത്ത് കോണ്‍ഗ്രസും ലോഹ്യയുടെ സോഷ്യലിസ്റ്റ് പാര്‍ട്ടിയും പി.എസ്.പിയുമായി ലയനത്തിന് സന്നദ്ധത പ്രകടിപ്പിച്ചു. കോണ്‍ഗ്രസ് ഉല്‍പന്ന സോഷ്യലിസത്തില്‍ വിശ്വാസമില്ലെന്ന് പി.എസ്.പി. വ്യക്തമാക്കി. സോഷ്യലിസ്റ്റ് പാര്‍ട്ടികളുടെ പുനരൈക്യം എന്ന ആശയം അവര്‍ക്കു കുറേക്കൂടി സ്വീകാര്യമായിത്തോന്നി.

1963 അവസാനം കല്‍ക്കട്ടയില്‍ നടന്ന സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ദേശീയസമ്മേളനം പ്രതിപക്ഷ ഐക്യത്തിന്റെ കാഹളം മുഴക്കി. ജനസംഘത്തേക്കാള്‍ ദേശീയത ഉള്ളതും സ്വതന്ത്രാപാര്‍ട്ടിയേക്കാള്‍ സ്വാതന്ത്ര്യമുള്ളതുമായ ഒരു പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നും അത് കോണ്‍ഗ്രസിന്റെ അന്ത്യം കുറിക്കുമെന്നും ഡോ. രാം മനോഹര്‍ ലോഹ്യ പ്രഖ്യാപിച്ചു. പി.എസ്.പി.യുമായി മുന്‍ഉപാധികളില്ലാതെ ലയനത്തിന് സന്നദ്ധമാണെന്നും വ്യക്തമാക്കി.

1964 ഫെബ്രുവരി 15, 16 തീയതികളില്‍ പി.എസ്.പിയുടെ ദേശീയ നിര്‍വാഹക സമിതിയോഗം അശോക് മേത്തയെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കാന്‍ തീരുമാനിച്ചു. സോഷ്യലിസ്റ്റ് പാര്‍ട്ടിയുമായി മുന്‍ഉപാധികളില്ലാതെ ലയിക്കാമെന്നും തത്വത്തില്‍ തീരുമാനിച്ചു. അശോക് മേത്ത അനുയായികളുമൊത്ത് കോണ്‍ഗ്രസില്‍ ചേര്‍ന്നു. മേത്തയുടെ വേര്‍പാട് മഹാരാഷ്ട്രയിലും മധ്യപ്രദേശിലും യു.പി.യിലും പി.എസ്.പി.യെ ദുര്‍ബലമാക്കി. 1966 ജനുവരി 24ന് അശോക് മേത്ത ഇന്ദിരാഗാന്ധിയുടെ കാബിനറ്റില്‍ ആസൂത്രണവകുപ്പ് മന്ത്രിയായി ചുമതലയേറ്റു. അന്ന് പാര്‍ലമെന്റംഗമല്ലാതിരുന്ന അദ്ദേഹത്തെ പിന്നീട് രാജ്യസഭാംഗമായും തെരഞ്ഞെടുത്തു.

1964 മേയ് 17ന് റാം നഗറില്‍ ചേര്‍ന്ന പി.എസ്.പി. ദേശീയ സമ്മേളനം സോഷ്യലിസ്റ്റ് പാര്‍ട്ടിയുമായുള്ള ലയന തീരുമാനം ഏറെക്കുറെ ഐകകണ്ഠ്യേന അംഗീകരിച്ചു. 14 അംഗ എക്സിക്യൂട്ടീവില്‍ ലയനത്തെ എച്ച്.വി. കാമത്ത് മാത്രം എതിര്‍ത്തു. കഷ്ടിച്ച് ഒരു പതിറ്റാണ്ട് മുമ്പ് പി.എസ്.പി. പിളര്‍ത്തി പുതിയ പാര്‍ട്ടിയുണ്ടാക്കിയവരാണ് ലോഹ്യയും കൂട്ടരും എന്ന് ഓര്‍മ്മിപ്പിച്ചു. അവരുമായി ധൃതിപിടിച്ച് ലയിക്കുന്നപക്ഷം പിന്നീട് ഖേദിക്കേണ്ടിവരും എന്ന് മുന്നറിയിപ്പ് നല്‍കി.

ജൂണ്‍ 6, 7 തീയതികളില്‍ ഇരുപാര്‍ട്ടികളുടെയും പ്രതിനിധികള്‍ ചേര്‍ന്ന് സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചു. എസ്.എം. ജോഷി ചെയര്‍മാനായും രാജ് നാരായണ്‍ ജനറല്‍ സെക്രട്ടറിയായും ചുമതലയേറ്റു. പാര്‍ട്ടിയുടെ ആദ്യ ദേശീയ സമ്മേളനം ഒക്ടോബറില്‍ നടത്താനും പി.എസ്.പി.യുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ കുടില്‍ എസ്.എസ്.പിയുടെ അടയാളമായി സ്വീകരിക്കാനും തീരുമാനിച്ചു.

പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യമുന്നണി രൂപീകരിച്ച് കോണ്‍ഗ്രസിനെ തറപറ്റിക്കുകയാണ് പുതിയ പാര്‍ട്ടിയുടെ രാഷ്ട്രീയലൈന്‍ എന്ന് ഡോ. ലോഹ്യ പ്രഖ്യാപിച്ചു. എന്നാല്‍ എസ്.എം. ജോഷി അതിനോട് വിയോജിച്ചു. കോണ്‍ഗ്രസിനെ തോല്‍പിക്കാന്‍ വേണ്ടി ആരുമായും കൂട്ടുകൂടുക എന്ന നയം ശരിയല്ലെന്നും തുറന്നുപറഞ്ഞു. ചുരുണ്ടുകിടക്കുന്ന മൂഖന്‍പാമ്പാണ് കോണ്‍ഗ്രസ് അതിനെ ഇല്ലായ്മ ചെയ്യാന്‍ ഓരോ പാര്‍ട്ടിയുമായും അനുയോജ്യമായ ധാരണയുണ്ടാക്കണം ഈ നയത്തോട് വിയോജിക്കുന്നവര്‍ ബോധപൂര്‍വമായോ അല്ലാതെയോ കോണ്‍ഗ്രസിനെ സഹായിക്കുകയാണ് ചെയ്യുന്നത് ലോഹ്യ കുറ്റപ്പെടുത്തി. അതേത്തുടര്‍ന്ന് ലോഹ്യയും പ്രേം ഭാസിനും തമ്മില്‍ വലിയ തര്‍ക്കമുണ്ടായി.

എസ്.എസ്.പി.യിലെ പി.എസ്.പി.-എസ്.പി. വടംവലി കോണ്‍ഗ്രസിനോടുള്ള സമീപനത്തെച്ചൊല്ലി മാത്രമായിരുന്നില്ല. സ്ഥാനമാനങ്ങളും തര്‍ക്കവിഷയമായി. ദേശീയ സമ്മേളനത്തില്‍ ഇരുകൂട്ടരും തുല്യ എണ്ണം പ്രതിനിധികളെ പങ്കെടുപ്പിക്കണമെന്നാണ് തീരുമാനിച്ചിരുന്നത്. അശോക് മേത്തയും കൂട്ടരും കോണ്‍ഗ്രസിലേക്കുപോയ സാഹചര്യത്തില്‍ പി.എസ്.പി. ദുര്‍ബലമായെന്നും അതിനാല്‍ അവര്‍ക്ക് അനുവദിച്ച പ്രതിനിധികളുടെ എണ്ണം കുറയ്ക്കണമെന്നും രാജ് നാരായണ്‍ ശഠിച്ചു. അതേത്തുടര്‍ന്ന് സമ്മേളനം 1965 ജനുവരിയിലേക്ക് മാറ്റി.

1965 ജനുവരി 25-ാം തീയതി ലയന സമ്മേളനത്തിന് മുന്നോടിയായി വാരണാസിയില്‍ നടന്ന ഘോഷയാത്രയില്‍ പി.എസ്.പി.-എസ്.പി. വിഭാഗക്കാര്‍ ചേരിതിരിഞ്ഞ് പ്രകോപനപരമായി മുദ്രാവാക്യം മുഴക്കുകയും അത് കശപിശയായും കൂട്ടത്തല്ലായും വളരുകയും ചെയ്തു. ബിഹാറില്‍ നിന്നുവന്ന പി.എസ്.പിയിലെ കമലാ സിന്‍ഹ എന്ന വനിതാപ്രതിനിധിയെ എതിര്‍ഭാഗക്കാര്‍ അപമാനിച്ചു. പി.എസ്.പി. അംഗങ്ങള്‍ പാര്‍ട്ടി ചെയര്‍മാന്‍ എസ്.എം. ജോഷിയോട് പരാതി പറഞ്ഞെങ്കിലും ഫലമുണ്ടായില്ല.

അതോടെ പി.എസ്.പി. പ്രവര്‍ത്തകര്‍ തികച്ചും പ്രകോപിതരായി. ദേശീയ നിര്‍വാഹകസമിതി വീണ്ടും യോഗം ചേര്‍ന്നു. 14 അംഗങ്ങളില്‍ 12 പേരും ലയനം റദ്ദാക്കി പ്രജാസോഷ്യലിസ്റ്റ് പാര്‍ട്ടി പുനരുജ്ജീവിപ്പിക്കണം എന്ന അഭിപ്രായം പ്രകടിപ്പിച്ചു. ചെയര്‍മാന്‍ എസ്.എം. ജോഷിയും കേരളത്തില്‍ നിന്നുള്ള മുന്‍ മന്ത്രി കെ. ചന്ദ്രശേഖരനും മാത്രം സംയുക്ത പാര്‍ട്ടിയില്‍ തുടരാന്‍ തീരുമാനിച്ചു. അങ്ങനെ ഹരി വിഷ്ണു കാമത്ത്, പ്രേം ഭാസിന്‍, മധു ദണ്ഡവാതെ എന്നിവരുടെ നേതൃത്വത്തില്‍ 1964 ഫെബ്രുവരി 1ന് പി.എസ്.പി. പുനര്‍ജ്ജനിച്ചു.

പുനര്‍ജ്ജനിച്ച പി.എസ്.പി. കുടില്‍ ചിഹ്നം തിരിച്ചുതരണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് അപേക്ഷിച്ചു. എസ്.എസ്.പി. അതിനെ എതിര്‍ത്തു. ഇരുപാര്‍ട്ടികളും തമ്മിലുള്ള ലയനം പൂര്‍ത്തീകരിച്ച സാഹചര്യത്തില്‍ കുടില്‍ ചിഹ്നം എസ്.എസ്.പി.ക്കു മാത്രം അവകാശപ്പെട്ടതാണെന്ന് വാദിച്ചു. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആ തടസ്സവാദം അംഗീകരിച്ചില്ല. പി.എസ്.പിയിലെ ബഹുഭൂരിപക്ഷം നേതാക്കളും പ്രവര്‍ത്തകരും തിരിച്ചുപോയ സാഹചര്യത്തില്‍ കുടില്‍ ചിഹ്നം ആ പാര്‍ട്ടിക്കും സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ പഴയ ചിഹ്നമായ വൃക്ഷം എസ്.എസ്.പി.ക്കും അനുവദിച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടി പഞ്ചാബ് ഹൈക്കോടതിയെ സമീപിച്ചു. കോടതി 1965 നവംബര്‍ 18ന് ഹര്‍ജി ഫയലില്‍ സ്വീകരിക്കപോലും ചെയ്യാതെ തള്ളി. അതിനെതിരെ പാര്‍ട്ടി സുപ്രീംകോടതിയില്‍ അപ്പീല്‍ കൊടുത്തു. മധു ലിമായെ എം.പി. സ്വന്തം നിലയ്ക്ക് സുപ്രീംകോടതിയില്‍ ഒരു റിട്ട് ഹര്‍ജിയും ഫയല്‍ചെയ്തു. ചീഫ് ജസ്റ്റിസ് കെ. സുബ്ബറാവു അധ്യക്ഷനായ ഭരണഘടനാബെഞ്ച് വിശദമായി വാദം കേട്ടു. 1966 സെപ്തംബര്‍ 30ന് വിധി പറഞ്ഞു. കുടില്‍ ചിഹ്നം പി.എസ്.പി.ക്ക് തിരികെകൊടുത്ത തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം നീതിയുക്തമെന്ന് വിധിച്ചു. എസ്.എസ്.പി.യുടെ അപ്പീലും ലിമായെയുടെ റിട്ട് ഹര്‍ജിയും തള്ളി.

പി.എസ്.പിക്കാര്‍ പിരിഞ്ഞുപോകുകയും ചിഹ്നക്കേസ് തോല്‍ക്കുകയും ചെയ്തെങ്കിലും ഡോ. റാം മനോഹര്‍ ലോഹ്യ കുലുങ്ങിയില്ല. തീവ്ര ഇടതുപക്ഷം മുതല്‍ തീവ്ര വലതുപക്ഷം വരെ സകല പ്രതിപക്ഷ കക്ഷികളേയും കൂട്ടിച്ചേര്‍ത്ത് കോണ്‍ഗ്രസിനെ തോല്‍പിക്കാനുള്ള ശ്രമവുമായി അദ്ദേഹം മുന്നോട്ടുനീങ്ങി.