ചുവപ്പില്‍ പിളര്‍പ്പ്

October 12, 2017, 5:33 pm


ചുവപ്പില്‍ പിളര്‍പ്പ്
Columns
Columns


ചുവപ്പില്‍ പിളര്‍പ്പ്

ചുവപ്പില്‍ പിളര്‍പ്പ്

രാഷ്ട്രപതിയുടെ ഉത്തരവ് മുഖേന കേരളമന്ത്രിസഭയെ പിരിച്ചുവിട്ടതോടെ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കകത്തെ ആശയസമരം രൂക്ഷമായി. നെഹ്റുവിന്റെ പുരോഗമന നാട്യം വെറും കാപട്യമാണെന്നും കോണ്‍ഗ്രസിനെ ഒരിക്കലും വിശ്വസിക്കാനാവില്ലെന്നും രണദിവെ, സുന്ദരയ്യ മുതലായവര്‍ വാദിച്ചു. അങ്ങനെയല്ല മറ്റ് വലതുപക്ഷ പിന്തിരിപ്പന്‍ ശക്തികളെ ചെറുക്കാന്‍ കോണ്‍ഗ്രസിലെ പുരോഗമന ചിന്താഗതിക്കാരുമായി സഹകരിക്കണമെന്ന് ഡാങ്കെയും കൂട്ടരും തര്‍ക്കിച്ചു. ചൈനയുമായുള്ള ഇന്ത്യയുടെ അതിര്‍ത്തിതര്‍ക്കവും സാര്‍വദേശീയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലുണ്ടായ ഭിന്നിപ്പും പ്രതിസന്ധിക്ക് ആക്കംകൂട്ടി.

1959 മാര്‍ച്ചില്‍ ഖെംപ കലാപം ഉണ്ടായപ്പോള്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അതിനെ അപലപിച്ചു. ദലൈലാമക്ക് ഇന്ത്യ അഭയം കൊടുത്തതിനെ വിമര്‍ശിച്ചു. എന്നാല്‍ ആഗസ്റ്റ് മാസം അതിര്‍ത്തിയില്‍ സംഘര്‍ഷം ഉടലെടുക്കുകയും ചൈന നേഫയിലും ലഡാക്കിലുമായി 90000 ചതുരശ്ര കിലോമീറ്റര്‍ ഭൂപ്രദേശത്തിന് അവകാശവാദം ഉന്നയിക്കുകയും ചെയ്തപ്പോള്‍ പാര്‍ട്ടി നേതൃത്വം വിഷമവൃത്തത്തിലായി.

നേഫയില്‍ ചൈനീസ് സൈന്യം ആക്രമണം നടത്തിയതായി ജവഹര്‍ലാല്‍ നെഹ്റു പാര്‍ലമെന്റില്‍ സ്ഥിരീകരിക്കുന്ന സമയത്ത് (28-8-1959) ജനറല്‍ സെക്രട്ടറി അജയഘോഷ് മോസ്‌കോവിലായിരുന്നു. പാര്‍ട്ടിയുടെ കേന്ദ്രസെക്രട്ടറിയേറ്റ് അടിയന്തരയോഗം വിളിച്ചുകൂട്ടി. മക്മഹോന്‍ രേഖയെ പേരെടുത്തുപറയാതെ, ഇന്ത്യ-ചീന അതിര്‍ത്തി ഒരിക്കലും നിര്‍ണയിക്കപ്പെട്ടിട്ടില്ല എന്ന നിലപാട് സ്വീകരിച്ചു. രണദിവെയും ബസവപുന്നയ്യയും രാജ്യത്ത് സായുധസമരത്തിന് കാലമായി എന്ന് അഭിപ്രായപ്പെട്ടു. മോസ്‌കോയില്‍ നിന്ന് മടങ്ങിവന്ന അജയഘോഷ് ആ അഭിപ്രായം തള്ളിക്കളഞ്ഞു.

സെപ്തംബര്‍ 23ന് കല്‍ക്കട്ടയില്‍ വീണ്ടും ചേര്‍ന്ന പാര്‍ട്ടിയുടെ കേന്ദ്ര എക്സിക്യൂട്ടീവ് ഇന്ത്യയും ചൈനയും തമ്മിലുള്ള പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണം, അതിന് മക്മഹോന്‍ രേഖയോ ഭൂപടമോ മുന്‍ഉപാധിയാകരുത് എന്ന് അഭിപ്രായപ്പെട്ടു. ജനകീയ ചൈന ഒരിക്കലും ആക്രമണകാരിയാവില്ലെന്ന് കൂട്ടിച്ചേര്‍ത്തു. 1959 ഒക്ടോബര്‍ 20ന് കൊങ്കാ ചുരത്തില്‍ ഒമ്പത് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടപ്പോള്‍ അജയഘോഷ് വീണ്ടും കേന്ദ്രസെക്രട്ടറിയേറ്റ് വിളിച്ചു. ലഡാക്കില്‍ നടന്നത് ദുരന്തസംഭവമാണ്, ചൈനീസ് വെടിവെപ്പിന് ന്യായീകരണമില്ല എന്ന് പ്രമേയം പാസാക്കി.

അതോടെ പാര്‍ട്ടിക്കകത്തെ ആശയസമരം പുതിയൊരു തലത്തിലെത്തി. എസ്.എ. ഡാങ്കെ, സെഡ്.എ. അഹമ്മദ്, എ.കെ. ഗോപാലന്‍, സി. രാജേശ്വര്‍റാവു, ഭവാനി സെന്‍, മുസഫര്‍ അഹമ്മദ്, എം.എന്‍. ഗോവിന്ദന്‍ നായര്‍, എന്‍.കെ. കൃഷ്ണന്‍, എസ്.ജി. സര്‍ദേശായി, സി. അച്യുതമേനോന്‍ മുതലായവര്‍ ദേശീയവാദികളായി അറിയപ്പെട്ടു. ഇന്ത്യയും ചൈനയും മക്മഹോന്‍രേഖ അതിര്‍ത്തിയായി അംഗീകരിക്കണം, ചൈന ആക്രമണം നിര്‍ത്തണം എന്നായിരുന്നു അവരുടെ നിലപാട്.

അതേസമയം പി.സി. ജോഷി, ബി.ടി. രണദിവെ, ഭൂപേശ് ഗുപ്ത, പി. സുന്ദരയ്യ, എം. ബസവ പുന്നയ്യ, പ്രമേദ് ദാസ് ഗുപ്ത, ഹര്‍കിഷന്‍ സിങ്ങ് സുര്‍ജിത് എന്നിവര്‍ ചൈനീസ് അനുകൂല നിലപാട് കൈക്കൊണ്ടു. സുന്ദരയ്യ ഭൂപടങ്ങളും പുരാരേഖകളും ഹാജരാക്കി. ചൈന പറയുന്നതാണ് സത്യമെന്ന് സമര്‍ത്ഥിച്ചു. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഒരിക്കലും തെറ്റ് ചെയ്യാന്‍ കഴിയില്ല; എന്നാല്‍ ഇന്ത്യയിലെ ബൂര്‍ഷ്വാ സര്‍ക്കാരിന് സാമ്രാജ്യത്വത്തെ സന്തോഷിപ്പിക്കാന്‍ തെറ്റ് ചെയ്യാം. പ്രത്യാഘാതം എന്തുതന്നെയായാലും ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഒരു തൊഴിലാളിവര്‍ഗ പാര്‍ട്ടിയെന്നനിലയില്‍ ചൈനയ്ക്കൊപ്പം നില്‍ക്കണമെന്ന് ശഠിച്ചു. ഇ.എം.എസ്. നമ്പൂതിരിപ്പാടും അജയഘോഷും മധ്യമാര്‍ഗം കൈക്കൊണ്ടു; ഐക്യവാദികളായി അറിയപ്പെട്ടു.

1959 നവംബര്‍ 11 മുതല്‍ 15 വരെ കേന്ദ്ര എക്സിക്യൂട്ടീവും കേന്ദ്രകമ്മിറ്റിയും മീററ്റില്‍ യോഗം ചേര്‍ന്നു. ചൈനീസ് ആക്രമണത്തെ അപലപിക്കുന്ന പ്രമേയം അജയഘോഷ് എക്സിക്യൂട്ടീവില്‍ അവതരിപ്പിച്ചു; ഇ.എം.എസ്. പിന്താങ്ങി. അതേ പ്രമേയം കേന്ദ്രകമ്മിറ്റിയില്‍ വന്നപ്പോള്‍ സുന്ദരയ്യയും കൂട്ടരും എതിരഭിപ്രായം പ്രകടിപ്പിച്ചു. പക്ഷേ പ്രമേയം പാസായി. മക്മഹോന്‍ രേഖയെ അതിര്‍ത്തിയായി പാര്‍ട്ടി അംഗീകരിച്ചു. ചൈനയുടെ അവകാശവാദം തിരസ്‌കരിച്ചു. നെഹ്റുവും ചൗ എന്‍ ലായും കൂടിക്കാഴ്ച നടത്തണം തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കണം എന്നാവശ്യപ്പെട്ടു. 70-ാം ജന്മദിനത്തിലെത്തിയ ജവഹര്‍ലാല്‍ നെഹ്റുവിനെ അനുമോദിച്ചുകൊണ്ടുള്ള ഒരു പ്രമേയം കൂടി കേന്ദ്രകമ്മിറ്റി പാസാക്കി.

റുമാനിയന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മൂന്നാം കോണ്‍ഗ്രസിനു ശേഷം 1960 ജൂണ്‍ 25, 26 തീയതികളില്‍ ബുക്കാറസ്റ്റില്‍ നടന്ന 50 കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സംയുക്ത സമ്മേളനത്തില്‍ സഖാവ് നികിത ക്രൂഷ്ചേവ് ചൈനയുടെ കടന്നാക്രമണത്തെ കുറ്റപ്പെടുത്തി. സമാധാനപരമായ സഹവര്‍ത്തിത്വം എന്ന സോവിയറ്റ് പാര്‍ട്ടിയുടെ നയം അട്ടിമറിക്കാന്‍ വേണ്ടിയാണ് ചൈന അനാവശ്യമായി അതിര്‍ത്തിതര്‍ക്കം ഉന്നയിക്കുന്നതെന്ന് ആരോപിച്ചു. ക്രൂഷ്ചേവിന്റെ പ്രസംഗം ഇന്ത്യന്‍ കമ്യൂണിസ്റ്റുകളിലെ ദേശീയവാദികളെ ആവേശംകൊള്ളിക്കുകയും എതിരാളികളെ നിരാശരാക്കുകയും ചെയ്തു.

1960 നവംബറില്‍ മോസ്‌കോയില്‍ നടന്ന 81 കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സമ്മേളനത്തിലേക്ക് സി.പി.ഐ. അഞ്ച് പ്രതിനിധികളെ അയച്ചു. അവിടെയും പാര്‍ട്ടി സംതുലനം പാലിച്ചു. ദേശീയവാദികളില്‍ നിന്ന് അജയഘോഷ്, ഡാങ്കെ; ചൈനീസ് ചേരിയില്‍ നിന്ന് ഭൂപേശ് ഗുപ്ത, രാമമൂര്‍ത്തി; ഐക്യവാദിയായി നമ്പൂതിരിപ്പാട്. സോവിയറ്റ് പ്രതിനിധിസംഘത്തെ നയിച്ചത് ക്രൂഷ്ചേവും ചൈനീസ് സംഘത്തിന്റെ നായകന്‍ ചൗ എന്‍ ലായും ആയിരുന്നു.

മോസ്‌കോ സമ്മേളനത്തില്‍ അജയഘോഷ് ഇന്ത്യയുടെ നിലപാട് വ്യക്തമാക്കി, ചൈനീസ് ആക്രമണത്തെ കുറ്റപ്പെടുത്തി സംസാരിച്ചു. സാര്‍വദേശീയ കമ്യൂണിസ്റ്റ് ഐക്യം ശക്തിപ്പെടുത്താന്‍ മോസ്‌കോ സമ്മേളനം തീരുമാനിച്ചു. പക്ഷേ ആ പ്രമേയത്തിന്റെ വ്യാഖ്യാനത്തെക്കുറിച്ച് പിന്നീട് സോവിയറ്റ് യൂണിയനും ചൈനയും തമ്മില്‍ തര്‍ക്കമുണ്ടായി. സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇരുപതാം കോണ്‍ഗ്രസ് മുതല്‍ തിരുത്തല്‍വാദമാണ് നടമാടുന്നതെന്ന് ചൈന കുറ്റപ്പെടുത്തി. അല്‍ബേനിയ മാത്രം ചൈനയെ പിന്തുണച്ചു. മറ്റ് പാര്‍ട്ടികളൊക്കെ സോവിയറ്റ് യൂണിയനെ അനുകൂലിച്ചു.

1960 ഡിസംബര്‍ 31 മുതല്‍ 61 ജനുവരി 4 വരെ ബോംബെയില്‍ ചേര്‍ന്ന പാര്‍ട്ടി ദേശീയ കൗണ്‍സില്‍ യോഗത്തിലും മോസ്‌കോ പ്രഖ്യാപനത്തെച്ചൊല്ലി തര്‍ക്കമുണ്ടായി. അജയഘോഷും ഡാങ്കെയും ചൈനയെ കുറ്റപ്പെടുത്തി സംസാരിച്ചു. സുന്ദരയ്യ, രണദിവെ മുതലായവര്‍ വിപരീതനിലപാട് കൈക്കൊണ്ടു. ഒടുവില്‍ മോസ്‌കോ പ്രഖ്യാപനം ചരിത്രപരമായ ഒരു രേഖയാണെന്ന് പ്രമേയം പാസാക്കി ദേശീയകൗണ്‍സില്‍ യോഗം പിരിഞ്ഞു.

വിജയവാഡയില്‍ നടക്കാനിരിക്കുന്ന ആറാം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനുള്ള കരട് രാഷ്ട്രീയപ്രമേയവും പാര്‍ട്ടി പരിപാടിയും പരിഗണിക്കാന്‍ ദേശീയ കൗണ്‍സില്‍ 1961 ഫെബ്രുവരി 5 മുതല്‍ 12 വരെ ദല്‍ഹിയില്‍ യോഗം ചേര്‍ന്നു. അവിടെ അജയഘോഷും രണദിവെയും രണ്ട് വ്യത്യസ്ത കരട് പ്രമേയങ്ങള്‍ അവതരിപ്പിച്ചു. പാര്‍ട്ടി പരിപാടിയുടെ കരട് തയ്യാറാക്കാന്‍ എസ്.എ. ഡാങ്കെ, ജി. അധികാരി, പി.സി.ജോഷി, ഭൂപേഷ് ഗുപ്ത, പി. രാമമൂര്‍ത്തി എന്നിവരുള്‍പ്പെട്ട കമ്മീഷനെ കൗണ്‍സില്‍ ചുമതലപ്പെടുത്തി. ഫെബ്രുവരി 5 മുതല്‍ 12 വരെ ദല്‍ഹിയില്‍ തന്നെ നടന്ന ദേശീയ കൗണ്‍സില്‍ യോഗത്തില്‍ ഡാങ്കെ, അധികാരി, ജോഷി എന്നിവരും ഭൂപേശ് ഗുപ്ത, രാമമൂര്‍ത്തി എന്നിവരും പ്രത്യേകം പ്രത്യേകം പരിപാടികള്‍ അവതരിപ്പിച്ചു. രണ്ടില്‍ നിന്നും വ്യത്യസ്തമായ മൂന്നാമതൊരു കരട് പരിപാടി ബാബ ഗുര്‍മുഖ് സിങ്ങും നാലാമതൊന്ന് ഇ.എം.എസ്. നമ്പൂതിരിപ്പാടും അവതരിപ്പിച്ചു.

ആറാം പാര്‍ട്ടി കോണ്‍ഗ്രസ് 1961 ഏപ്രില്‍ 7 മുതല്‍ 16 വരെ വിജയവാഡയില്‍ നടന്നു. മുസാഫര്‍ അഹമ്മദ് പതാക ഉയര്‍ത്തി. 1,77,501 പാര്‍ട്ടി അംഗങ്ങളെ പ്രതിനിധീകരിച്ച് 454 പ്രതിനിധികളാണ് പങ്കെടുക്കേണ്ടിയിരുന്നത് അവരില്‍ 439 പേര്‍ പങ്കെടുത്തു. സോവിയറ്റ് യൂണിയന്‍ അഞ്ചംഗ പ്രതിനിധിസംഘത്തെ അയച്ചു. സോവിയറ്റ് പാര്‍ട്ടിയുടെ രാജ്യാന്തരവിഭാഗം മേധാവി മിഖായേല്‍ ആന്ദ്രേവിച്ച് സുസ്ലോവ് ആയിരുന്നു വിജയവാഡ കോണ്‍ഗ്രസിലെ പ്രധാനതാരം. ചെക്കോസ്ലോവാക്യന്‍, ഇറ്റാലിയന്‍, ബള്‍ഗേറിയന്‍, ഓസ്ട്രേലിയന്‍, ഹംഗേറിന്‍, റുമാനിയന്‍ പാര്‍ട്ടികളും സൗഹാര്‍ദ്ദപ്രതിനിധികളെ അയച്ചു. ഫ്രാന്‍സ്, കിഴക്കന്‍ ജര്‍മനി, ഇസ്രായേല്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ക്ക് ഇന്ത്യാഗവണ്‍മെന്റ് വിസ നിഷേധിച്ചു. ചൈനീസ് പ്രതിനിധികള്‍ക്ക് ആദ്യം അനുവദിച്ച വിസ പിന്നീട് റദ്ദാക്കിയതിനാല്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല.

പാര്‍ട്ടി കോണ്‍ഗ്രസില്‍ ഇരുവിഭാഗങ്ങളും തമ്മില്‍ അതിരൂക്ഷമായ വാദപ്രതിവാദം നടന്നു. അജയഘോഷ് ഔദ്യോഗികപ്രമേയവും രണദിവെ ബദല്‍ പ്രമേയവും അവതരിപ്പിച്ചു. ബദല്‍രേഖയെ അബ്ദുള്‍ ഹലീം, അചിന്ത്യ ഭട്ടാചാര്യ, ഭൂപേശ് ഗുപ്ത, ബീരേന്‍ ദത്ത,ദശരഥ്ദേബ്, ഹരേകൃഷ്ണകോനാര്‍, ഹരിസിങ്ങ്, ഹര്‍കിഷന്‍സിങ്ങ് സുര്‍ജിത്, ജ്യോതിബസു, ബസവപുന്നയ്യ, സുന്ദരയ്യ, ഹനുമന്തറാവു, നാഗിറെഡ്ഡി, സോഹന്‍സിങ്ങ് ജോഷ്, ജഗ്ജിത് സിങ്ങ് ല്യാല്‍പുരി എന്നിങ്ങനെ 20 പേര്‍ പിന്താങ്ങി. കരട് രാഷ്ട്രീയപ്രമേയം വോട്ടിനിട്ടാല്‍ പാര്‍ട്ടി പിളരും എന്നുറപ്പായിരുന്നു. സുസ്ലോവ് ശക്തമായി ഇടപെട്ട് പിളര്‍പ്പ് ഒഴിവാക്കി. ചര്‍ച്ചക്ക് മറുപടി പറഞ്ഞുകൊണ്ട് അജയഘോഷ് നടത്തിയ പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങള്‍ കൂടി രാഷ്ട്രീയപ്രമേയത്തില്‍ ഉള്‍ക്കൊള്ളിക്കാം എന്ന ഉറപ്പിന്മേല്‍ രണദിവെയും ഇ.എം.എസ്സും അവരുടെ പ്രമേയങ്ങള്‍ പിന്‍വലിച്ചു. പാര്‍ട്ടി പരിപാടി തയ്യാറാക്കുന്ന ചുമതല പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന ദേശീയകൗണ്‍സിലിനെ ഏല്‍പിച്ചു.

ഭാരവാഹികളെ തെരഞ്ഞെടുക്കുന്ന ഘട്ടത്തില്‍ പിന്നെയും തര്‍ക്കമുണ്ടായി. നൂറ് അംഗ ക ൗണ്‍സിലിനെയും 25 അംഗ എക്സിക്യൂട്ടീവിനെയും ഒമ്പത് പേരടങ്ങിയ സെക്രട്ടേറിയറ്റിനെയുമാണ് തെരഞ്ഞെടുക്കേണ്ടിയിരുന്നത്. തര്‍ക്കം പരിഹരിക്കാന്‍ കൗണ്‍സിലിലെ അംഗസംഖ്യ 110 ആക്കി വര്‍ധിപ്പിച്ചു. തെരഞ്ഞെടുക്കപ്പെട്ടവരില്‍ 56 പേര്‍ ഔദ്യോഗികപക്ഷക്കാരും 36 പേര്‍ തീവ്രനിലപാടുകാരും 18 പേര്‍ മധ്യമാര്‍ഗക്കാരും ആയിരുന്നു. പുതിയ കൗണ്‍സില്‍ യോഗം ചേര്‍ന്ന് അജയഘോഷിനെ വീണ്ടും ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു. എക്സിക്യൂട്ടീവിനെയോ സെക്രട്ടേറിയറ്റിനെയോ തെരഞ്ഞെടുക്കാതെ കോണ്‍ഗ്രസ് സമാപിച്ചു. പിളര്‍പ്പ് ഒഴിവായ ആശ്വാസത്തോടെ സുസ്ലോവ് മോസ്‌കോയിലേക്ക് വിമാനം കയറി.

1961 ജൂണ്‍ 18ന് ചേര്‍ന്ന ദേശീയകൗണ്‍സില്‍ യോഗം പുതിയ എക്സിക്യൂട്ടീവിനെയും സെക്രട്ടേറിയറ്റിനെയും തെരഞ്ഞെടുത്തു. ഹര്‍കിഷന്‍ സിങ്ങ് സുര്‍ജിത്തിനെ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് രണദിവെ, സുന്ദരയ്യ, ജ്യോതിബസു എന്നിവര്‍ എക്സിക്യൂട്ടീവ് അംഗത്വം നിരാകരിച്ചു. സെക്രട്ടേറിയറ്റില്‍ ഇ.എ.എസിനെയും ഉള്‍പ്പെടുത്തിയില്ല. അജയഘോഷിനെ കൂടാതെ എസ്.എ. ഡാങ്കെ, സെഡ്. എ. അഹമ്മദ്, ഭൂപേശ് ഗുപ്ത, എം. എന്‍ ഗോവിന്ദന്‍ നായര്‍ എന്നിവരായിരുന്നു സെക്രട്ടേറിയറ്റില്‍ ഉണ്ടായിരുന്നത്. അവരില്‍ ഭൂപേശ് മാത്രമായിരുന്നു തീവ്ര (ചൈനീസ് അനുകൂല) നിലപാടുകാരന്‍.

1962ലെ പൊതുതെരഞ്ഞെടുപ്പിനുള്ള പാര്‍ട്ടിയുടെ നയവും തന്ത്രവും ദേശീയകൗണ്‍സില്‍ ചര്‍ച്ച ചെയ്ത് തീരുമാനിച്ചു. പാര്‍ട്ടിക്ക് സ്വന്തം സ്ഥാനാര്‍ത്ഥികള്‍ ഇല്ലാത്തിടത്ത് പി.എസ്.പിക്കും അവരും മത്സരിക്കുന്നില്ലെങ്കില്‍ ജനസംഘത്തെ തോല്‍പിക്കാന്‍ പുരോഗമന ചിന്താഗതിക്കാാരായ കോണ്‍ഗ്രസുകാര്‍ക്കും വോട്ട് ചെയ്യാന്‍ അണികളോട് ആഹ്വാനം ചെയ്തു. സര്‍വ അഭിപ്രായവ്യത്യാസങ്ങളും മറന്ന് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടാനും നിശ്ചയിച്ചു.

വിജയവാഡ കോണ്‍ഗ്രസിനിടെ അജയഘോഷിന്റെ ഹൃദ്രോഗം മൂര്‍ച്ഛിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കിടെ അദ്ദേഹത്തിന് വീണ്ടും ഹൃദ്രോഗബാധയുണ്ടായി. 1962 ജനുവരി 13ന് അജയഘോഷ് അന്തരിച്ചു. പാര്‍ട്ടിയിലെ ഐക്യം നിലനിന്നുകാണാന്‍ ആഗ്രഹിച്ചവര്‍ക്ക് ഘോഷിന്റെ മരണം ആഘാതമായി.

1962-ലെ തെരഞ്ഞെടുപ്പിനെ പാര്‍ട്ടി ഒറ്റക്കെട്ടായി നേരിട്ടു. നേതാക്കള്‍ക്കിടയിലെ ചേരിതിരിവ് അണികളെ ബാധിച്ചിരുന്നില്ല. മേല്‍ത്തട്ടിലെ ആശയകാലുഷ്യവും വ്യക്തിവിദ്വേഷവും സാധാരണ അംഗങ്ങളും അനുഭാവികളും അറിഞ്ഞിരുന്നില്ലതാനും. 32 സീറ്റ്്് ജയിച്ച് സി.പി.ഐ. ലോക്സഭയിലെ ഏറ്റവും വലിയ പ്രതിപക്ഷ ഗ്രൂപ്പ് എന്ന സ്ഥാനം നിലനിര്‍ത്തി. പാര്‍ട്ടി പിന്തുണച്ച നാല് സ്വതന്ത്രരും വിജയിച്ചു. ഡാങ്കെ തോറ്റു, എ.കെ.ജി ജയിച്ചു. ആകെ പോള്‍ ചെയ്തതിന്റെ 10.08 ശതമാനം വോട്ടാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കിട്ടിയത്. വിവിധ നിയമസഭകളിലായി 205 മെമ്പര്‍മാരെയും വിജയിപ്പിക്കാന്‍ കഴിഞ്ഞു. പശ്ചിമബംഗാളിലും ആന്ധ്രപ്രദേശിലും സി.പി.ഐ. പ്രധാന പ്രതിപക്ഷമായി.

തെരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യാന്‍ കൂടിയ ദേശീയ കൗണ്‍സില്‍ യോഗത്തിലും അഭിപ്രായവ്യത്യാസം പ്രകടമായി. വലതുപക്ഷ പിന്തിരിപ്പന്‍ പാര്‍ട്ടികളായ ജനസംഘവും സ്വതന്ത്രാപാര്‍ട്ടിയും നടത്തിയ മുന്നേറ്റം ജനാധിപത്യത്തിന് ആപല്‍ക്കരമാണെന്ന് എല്ലാ ഗ്രൂപ്പുകളും അംഗീകരിച്ചു. അവരെ എങ്ങനെ ഒറ്റപ്പെടുത്തണം എന്ന കാര്യത്തെച്ചൊല്ലി പി.സി. ജോഷിയും ഭൂപേശ് ഗുപ്തയും വ്യത്യസ്തരേഖകള്‍ അവതരിപ്പിച്ചു. വലതുപക്ഷത്തിന്റെ വളര്‍ച്ച തടയാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസിലെ പുരോഗമന ശക്തികളുമായി ഐക്യപ്പെടണം എന്നായിരുന്നു ജോഷിയുടെ നിലപാട്, എന്നാല്‍ കോണ്‍ഗ്രസിനെ ഒറ്റപ്പെടുത്തണം മറ്റു സോഷ്യലിസ്റ്റ് ജനാധിപത്യ ശക്തികളുമായി കൈകോര്‍ക്കണം എന്നായിരുന്നു ഭൂപേശിന്റെ അഭിപ്രായം.

അജയഘോഷിന്റെ പകരക്കാരനെ കണ്ടെത്തലും പ്രശ്നമായി. 1962 ഏപ്രില്‍ 23 മുതല്‍ 29 വരെ ഹൈദരാബാദില്‍ ചേര്‍ന്ന ദേശീയ കൗണ്‍സില്‍ യോഗത്തില്‍ അഭിപ്രായഭിന്നത രൂക്ഷമായി. മധ്യമാര്‍ഗക്കാരന്‍ എന്ന നിലയ്ക്ക് ഇ.എം.എസ്സിനെ ജനറല്‍ സെക്രട്ടറിയാക്കണം എന്ന അഭിപ്രായം ശക്തമായി ഉയര്‍ന്നു. അങ്ങനെയെങ്കില്‍ ഡാങ്കെയെ ചെയര്‍മാനാക്കണമെന്ന് ഔദ്യോഗികപക്ഷക്കാര്‍ ശഠിച്ചു. അങ്ങനെ എസ്.എ. ഡാങ്കെ ചെയര്‍മാനും ഇ.എം.എസ്. നമ്പൂതിരിപ്പാട് ജനറല്‍ സെക്രട്ടറിയുമായി തെരഞ്ഞെടുക്കപ്പെട്ടു.

അതേത്തുടര്‍ന്ന് കേന്ദ്രസെക്രട്ടേറിയറ്റും പുനഃസംഘടിപ്പിച്ചു. ഡാങ്കെയ്ക്കും ഇ.എം.എസ്സിനും പുറമെ സെഡ്.എ. അഹമ്മദ്, ഭൂപേശ് ഗുപ്ത, എം.എന്‍. ഗോവിന്ദന്‍നായര്‍ എന്നിവരെ നിലനിര്‍ത്തി. പി. സുന്ദരയ്യ, ജ്യോതിബസു, ഹര്‍കിഷന്‍ സിങ്ങ് സുര്‍ജിത്, യോഗേന്ദ്രശര്‍മ എന്നിവരെ പുതുതായി ഉള്‍പ്പെടുത്തി. അവരില്‍ ഔദ്യോഗികപക്ഷക്കാരനായി ശര്‍മ മാത്രമെ ഉണ്ടായിരുന്നുള്ളു. അങ്ങനെ സെക്രട്ടേറിയറ്റില്‍ ചൈനീസ് അനുകൂലികള്‍ക്ക് നേരിയ മുന്‍തൂക്കം കിട്ടി.

സുന്ദരയ്യയും സുര്‍ജിതും ജ്യോതിബസുവും കേന്ദ്ര എക്സിക്യൂട്ടിവില്‍ അംഗങ്ങളായിരുന്നില്ല. സംതുലനം പാലിക്കാന്‍ അവരോടൊപ്പം ഔദ്യോഗികപക്ഷക്കാരായ ജി. അധികാരി, എച്ച്.കെ. വ്യാസ്, അവതാര്‍ സിങ്ങ് മല്‍ഹോത്ര എന്നിവരെക്കൂടി എക്സിക്യൂട്ടീവില്‍ ഉള്‍പ്പെടുത്തി. അങ്ങനെ കേന്ദ്ര എക്സിക്യൂട്ടീവിന്റെ അംഗസംഖ്യ 25ല്‍ നിന്ന് 31 ആയി ഉയര്‍ന്നു.

1962 സെപ്തംബര്‍ 8ന് ചൈനയുമായുള്ള അതിര്‍ത്തിതര്‍ക്കം ഏറെക്കുറെ യുദ്ധമായി പരിണമിച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രതിരോധത്തിലായി. ജനസംഘം പ്രവര്‍ത്തകര്‍ ദല്‍ഹിയില്‍ അസഫലി റോഡിലുള്ള പാര്‍ട്ടി കേന്ദ്രകമ്മറ്റി ഓഫിസ് ആക്രമിച്ചു നാശനഷ്ടങ്ങളുണ്ടാക്കി. ആ ഘട്ടത്തില്‍ ഇന്ത്യ-ചീന സംഘര്‍ഷം ചര്‍ച്ചചെയ്യാന്‍ പാര്‍ട്ടിയുടെ കേന്ദ്രസെക്രട്ടേറിയറ്റ് യോഗം വിളിച്ചുകൂട്ടി.

ഒക്ടോബര്‍ 15 മുതല്‍ 17 വരെ നടന്ന സെക്രട്ടേറിയറ്റ് യോഗം സംഘര്‍ഷപൂരിതമായി. ചൈനീസ് സൈന്യം മക്മഹോന്‍ രേഖ ലംഘിച്ചതിനെ അപലപിച്ചുകൊണ്ടും അവരോട് സെപ്തംബര്‍ 8ന് മുമ്പുള്ള സ്ഥാനത്തേക്ക് പിന്മാറണം എന്നാവശ്യപ്പെട്ടുകൊണ്ടും സെഡ്.എ. അഹമ്മദ്, എം.എന്‍. ഗോവിന്ദന്‍നായര്‍, യോഗേന്ദ്രശര്‍മ എന്നിവര്‍ ചേര്‍ന്ന് പ്രമേയം അവതരിപ്പിച്ചു. അതിര്‍ത്തി സംരക്ഷിക്കാന്‍ ഇന്ത്യാ ഗവണ്‍മെന്റ് കൈക്കൊള്ളുന്ന നടപടികളെ പിന്തുണയ്ക്കണമെന്നും കക്ഷിരാഷ്ട്രീയത്തിന് അതീതമായി ദേശീയ ഐക്യം കാത്തുസൂക്ഷിക്കണമെന്ന രാഷ്ട്രപതിയുടെ നിര്‍ദ്ദേശത്തെ സ്വാഗതം ചെയ്യണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടിരുന്നു.

ചെയര്‍മാന്‍ ഡാങ്കെ പ്രമേയത്തെ അനുകൂലിച്ചു. സുര്‍ജിത്, സുന്ദരയ്യ, ജ്യോതിബസു എന്നിവര്‍ അതിശക്തമായി എതിര്‍ത്തു. ഇ.എം.എസ്. മധ്യമാര്‍ഗം കൈക്കൊണ്ടു. മക്മഹോന്‍രേഖ ലംഘിച്ചുവെന്ന ആരോപണം ചൈന നിഷേധിച്ചിട്ടുണ്ടെന്നകാര്യം പ്രമേയത്തില്‍ ഉള്‍പ്പെടുത്തണമെന്നും രാഷ്ട്രപതിയുടെ ആഹ്വാനത്തെക്കുറിച്ചുള്ള പരാമര്‍ശം ഒഴിവാക്കണമെന്നും നിര്‍ദ്ദേശിച്ചു. തന്റെ ഭേദഗതി അംഗീകരിക്കാത്തപക്ഷം ചൈനാചേരിക്കാരോടൊപ്പം വോട്ട് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. ഒടുവില്‍ ഇ.എം.എസ്സിന്റെ ഭേദഗതിയോടെ പ്രമേയം അംഗീകരിക്കപ്പെട്ടു. അത് അംഗീകരിക്കാനും ചൈനീസ് ചേരി കൂട്ടാക്കിയില്ല. ഹര്‍കിഷന്‍ സിങ്ങ് സുര്‍ജിത് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. ജ്യോതിബസുവും സുന്ദരയ്യയും പ്രമേയത്തെ എതിര്‍ത്ത് വോട്ടുചെയ്തു.

സെക്രട്ടേറിയറ്റ് തീരുമാനം വിശദീകരിക്കാന്‍ വിളിച്ച പത്രസമ്മേളനത്തില്‍ ഡാങ്കെയും ഇ.എം.എസ്സും തമ്മില്‍ അഭിപ്രായവ്യത്യാസം ഉണ്ടായി. നാം നമ്മുടേതെന്നും ചൈനക്കാര്‍ അവരുടേതെന്നും കരുതുന്ന ഭൂപ്രദേശത്തെച്ചൊല്ലിയാണ് തര്‍ക്കമെന്ന ഇ.എം.എസ്സിന്റെ വ്യാഖ്യാനം ഡാങ്കെ കയ്യോടെ തള്ളി. കമ്യൂണിസ്റ്റ് പാര്‍ട്ടി ഇന്ത്യയുടെ അതിര്‍ത്തിയായി അംഗീകരിച്ചിട്ടുള്ളത് മക്മഹോന്‍ രേഖയാണെന്ന് വ്യക്തമാക്കി. ചൈന ഇന്ത്യയെ ആക്രമിച്ചു എന്ന സര്‍ക്കാര്‍ നിലപാടിനോടാണ് പാര്‍ട്ടിക്ക് യോജിപ്പെന്നും കൂട്ടിച്ചേര്‍ത്തു. കേന്ദ്ര സെക്രട്ടേറിയറ്റ് പാസാക്കിയ പ്രമേയത്തിന് അനുബന്ധമായി ഡാങ്കെ ഒക്ടോബര്‍ 19ന് ഒരു വിശദീകരണക്കുറിപ്പ് പ്രസിദ്ധീകരിച്ചു.

ഒക്ടോബര്‍ 20ന് നേഫയില്‍ ചൈന അതിഭയങ്കരമായ ആക്രമണം അഴിച്ചുവിട്ടു. അതോടെ മക്മഹോന്‍ രേഖ ലംഘിച്ചിട്ടില്ല എന്ന സുര്‍ജിത്ത്്-ബസു-സുന്ദരയ്യമാരുടെ വാദം പൊളിഞ്ഞു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലനില്‍പ് തന്നെ അപകടത്തിലായി. ചൈനീസ് ചാരന്മാരെ ഒറ്റപ്പെടുത്തുക, തുറുങ്കിലടക്കുക എന്ന ആക്രോശം രാജ്യത്തെങ്ങും മുഴങ്ങി. പാര്‍ട്ടിയുടെ വിവിധ ഘടകങ്ങള്‍ ചൈനയുടെ ആക്രമണത്തെ അപലപിച്ചുകൊണ്ട് പ്രമേയം പാസാക്കി.

ദേശീയ കൗണ്‍സിലിന്റെ അടിയന്തരയോഗം ഒക്ടോബര്‍ 30, 31, നവംബര്‍ 1 തീയതികളില്‍ നടന്നു. ചൈനീസ് ആക്രമണത്തെ അതിരൂക്ഷമായി കുറ്റപ്പെടുത്തുന്ന പ്രമേയം ചെയര്‍മാന്‍ ഡാങ്കെ അവതരിപ്പിച്ചു. ചൈനയെ ന്യായീകരിക്കുന്ന പ്രമേയം പി. രാമമൂര്‍ത്തിയും അല്‍പംകൂടി മയമുള്ള പ്രമേയം ഇ.എം.എസ്., ഭൂപേശ് ഗുപ്ത എന്നിവര്‍ ചേര്‍ന്നും കൊണ്ടുവന്നു. 110 അംഗ കൗണ്‍സിലില്‍ 22 അംഗങ്ങള്‍ ഹാജരുണ്ടായിരുന്നില്ല. അവശേഷിച്ചവരില്‍ 62 പേര്‍ ഡാങ്കെയുടെ പ്രമേയത്തെ അനുകൂലിച്ചു. 23 പേര്‍ എതിര്‍ത്തും വോട്ടുചെയ്തു. ഇ.എം.എസ് അടക്കം മൂന്നുപേര്‍ നിഷ്പക്ഷത പാലിച്ചു. മറ്റു രണ്ടു പ്രമേയങ്ങള്‍ ചര്‍ച്ചയും വോട്ടെടുപ്പും ഇല്ലാതെ തള്ളപ്പെട്ടു.

പ്രമേയത്തില്‍ പ്രതിഷേധിച്ച് ജ്യോതിബസു, സുന്ദരയ്യ, സുര്‍ജിത് എന്നിവര്‍ ദേശീയ സെക്രട്ടേറിയറ്റില്‍ നിന്ന് രാജിവെച്ചു. ഇ.എം.എസ്സും ഭൂപേശ് ഗുപ്തയും രാജിപ്രഖ്യാപിച്ചു, പക്ഷേ പ്രസ് ചെയ്തില്ല. ദേശീയ സെക്രട്ടേറിയറ്റിലും കൗണ്‍സിലിലും നടന്ന ചര്‍ച്ചകള്‍ വള്ളിപുള്ളി വിസര്‍ഗ വ്യത്യാസമില്ലാതെ പാര്‍ട്ടിയെ അനുകൂലിക്കുന്ന പേട്രിയറ്റ് പത്രത്തിലും ലിങ്ക്, മെയിന്‍ സ്ട്രീം, ബ്ലിറ്റ്സ് എന്നീ വാരികകളിലും അച്ചടിച്ചുവന്നു. പി.ടി.ഐ., യു.എന്‍.ഐ എന്നീ വാര്‍ത്താ ഏജന്‍സികളെ ഉദ്ധരിച്ചുകൊണ്ട് മറ്റുപത്രങ്ങളും അതാവര്‍ത്തിച്ചു. പത്രങ്ങള്‍ക്ക് വാര്‍ത്ത ചോര്‍ത്തിക്കൊടുത്തത് ഔദ്യോഗികപക്ഷക്കാരാണെന്ന് വിമതന്മാര്‍ ആരോപിച്ചു. അതേസമയം പീക്കിംഗ് റേഡിയോയും ചൈനീസ് പത്രങ്ങളും ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ ശക്തമായി അപലപിച്ചു. തിരുത്തല്‍വാദത്തിന്റെ ചെളിക്കുണ്ടില്‍ നിന്ന് കരകയറി ഒരു പുതിയ വിപ്ലവപാര്‍ട്ടി രൂപീകരിക്കാന്‍ ആഹ്വാനം ചെയ്തു.

നവംബര്‍ 6-ാം തീയതി എസ്.എ. ഡാങ്കെ നെഹ്റുവിനെ കണ്ട് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിന്തുണ അറിയിച്ചു. ചൈനീസ് ആക്രമണത്തെ ചെറുക്കാന്‍ സാധ്യമായ എല്ലാ സഹായവും വാഗ്ദാനം ചെയ്തു. നവംബര്‍ 7 മുതല്‍ ചൈനീസ് അനുകൂലികള്‍ എന്നു സര്‍ക്കാര്‍ കരുതിയ നേതാക്കളെ അറസ്റ്റുചെയ്യാന്‍ തുടങ്ങി. യഥാര്‍ത്ഥ ചൈനാചേരിക്കാര്‍ ആരൊക്കെയാണെന്ന് സര്‍ക്കാരിനും ധാരണയുണ്ടായിരുന്നില്ല. അതുകൊണ്ട് സി. അച്യുതമേനോനെപ്പോലെ കറതീര്‍ന്ന ദേശീയവാദികളും അറസ്റ്റ് ചെയ്യപ്പെട്ടു; രാജ്യരക്ഷാനിയമപ്രകാരം തടങ്കലിലായി.

അപ്പോഴും പാര്‍ട്ടി ദേശീയ സെക്രട്ടേറിയറ്റ്, എക്സിക്യൂട്ടീവ് അംഗങ്ങള്‍ ആരും അറസ്റ്റ് ചെയ്യപ്പെട്ടിരുന്നില്ല. നവംബര്‍ 22ന് ഇം.എം.എസ്സിനെ അറസ്റ്റ് ചെയ്ത് തിഹാര്‍ ജയിലില്‍ അടച്ചു. അദ്ദേഹത്തെ നവംബര്‍ 28ന് വിട്ടയച്ചു. അറസ്റ്റുചെയ്യപ്പെട്ട മറ്റ് നേതാക്കള്‍ ജയില്‍വാസം തുടര്‍ന്നു.

ഡിസംബര്‍ ആദ്യം ചെയര്‍മാന്‍ ഡാങ്കെ ബ്രിട്ടനും ഇറ്റലിയും സോഷ്യലിസ്റ്റ് രാജ്യങ്ങളും സന്ദര്‍ശിച്ചു. ചൈനീസ് ആക്രമണത്തെ അപലപിച്ചു. രാജ്യത്തിന്റെ അഖണ്ഡതയും പരമാധികാരവും സംരക്ഷിക്കുന്നതു സംബന്ധിച്ച ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാട് ആവര്‍ത്തിച്ച് വ്യക്തമാക്കി.

അതേസമയം പാര്‍ട്ടിയില്‍ അടിമുടി വിഭാഗീയത പടര്‍ന്നുപിടിച്ചു. ചൈനീസ് അനുകൂലികള്‍ക്ക് പ്രാമുഖ്യമുള്ള ബംഗാള്‍ ഘടകം പിരിച്ചുവിട്ടു. പഞ്ചാബിലും ഒട്ടേറെപ്പേര്‍ അച്ചടക്ക നടപടിക്ക് വിധേയമായി. കേന്ദ്ര സെക്രട്ടേറിയറ്റ് യോഗത്തില്‍ ഡാങ്കെ ഇ.എം.എസ്സിനെ ഡമ്മി ജനറല്‍ സെക്രട്ടറി എന്ന് വിശേഷിപ്പിച്ചു. അതേത്തുടര്‍ന്ന് നമ്പൂതിരിപ്പാട് ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു. കൂട്ടത്തില്‍ കേന്ദ്രസെക്രട്ടേറിയറ്റ് അംഗത്വവും ന്യൂഏജ് പത്രാധിപസ്ഥാനവും രാജിവെച്ചു. തന്റെ നിലപാടുകള്‍ വിശദീകരിച്ചുകൊണ്ട് 'സി.പി.ഐ.യിലെ പരിഷ്‌കരണവാദവും വരട്ടുതത്വവാദവും' എന്നൊരു രേഖ തയ്യാറാക്കി അവതരിപ്പിച്ചു. 1963 ഫെബ്രുവരി 11ന് ചേര്‍ന്ന ദേശീയ കൗണ്‍സില്‍ യോഗം രാജി പിന്‍വലിക്കാന്‍ ഇ.എം.എസ്സിനോട് ആവശ്യപ്പെട്ടു. വഴങ്ങാതെ വന്നപ്പോള്‍ രാജി സ്വീകരിച്ചു.

1963 മേയ് മാസത്തില്‍ അമ്രോഹ, ഫാറൂഖാബാദ്, രാജ്കോട്ട് മണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പിന്തുണച്ചു. മൂന്നിടത്തും കോണ്‍ഗ്രസ് തോറ്റു; കമ്യൂണിസ്റ്റിതര പ്രതിപക്ഷസ്ഥാനാര്‍ത്ഥികള്‍ നല്ല ഭൂരിപക്ഷത്തോടെ വിജയിച്ചു. അത് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പുതിയ തര്‍ക്കത്തിന് വഴിയൊരുക്കി. കുറഞ്ഞപക്ഷം റാം മനോഹര്‍ ലോഹ്യയെ എങ്കിലും പാര്‍ട്ടി പിന്താങ്ങേണ്ടതായിരുന്നു എന്ന അഭിപ്രായം ഉയര്‍ന്നു. ലോഹ്യ സോഷ്യലിസ്റ്റാണെങ്കിലും അറുപിന്തിരിപ്പന്മാരായ ജനസംഘത്തിന്റെയും സ്വതന്ത്രാപാര്‍ട്ടിയുടെയും പിന്തുണയോടെയാണ് മത്സരിച്ചതെന്ന് മറുഭാഗക്കാര്‍ ചൂണ്ടിക്കാട്ടി.

ആഗസ്റ്റ് 13ന് നെഹ്റു സര്‍ക്കാരിനെതിരെ ആചാര്യ കൃപലാനി അവിശ്വാസപ്രമേയം കൊണ്ടുവന്നപ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പിന്നെയും കുഴപ്പത്തിലായി. കൃപലാനിയുടെ പ്രമേയത്തെ അനുകൂലിക്കാനും വയ്യ, നെഹ്റു സര്‍ക്കാരിനെ പിന്താങ്ങാനും നിവൃത്തിയില്ല. ഒടുവില്‍ മൊറാര്‍ജി ദേശായി, എസ്.കെ. പാട്ടീല്‍ എന്നീ പിന്തിരിപ്പന്മാര്‍ മാത്രം രാജിവെച്ചാല്‍ മതി എന്നമട്ടില്‍ ഒരു ഭേദഗതി കൊണ്ടുവന്നു. അതു തള്ളപ്പെട്ടപ്പോള്‍ സഭ ബഹിഷ്‌കരിച്ചു. അവിശ്വാസപ്രമേയ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.

1963-ല്‍ മൊറാര്‍ജി ദേശായി അവതരിപ്പിച്ച കേന്ദ്രബജറ്റിലെ നികുതി വര്‍ധന പിന്‍വലിക്കുക, വിലക്കയറ്റം തടയുക, ബാങ്കുകളും എണ്ണക്കമ്പനികളും ദേശസാല്‍ക്കരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കമ്യൂണിസ്റ്റ് പാര്‍ട്ടി 1963 സെപ്തംബര്‍ 13ന് ദല്‍ഹിയില്‍ ഗ്രേറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു. പ്രകടനത്തിലും പൊതുയോഗത്തിലും രണ്ടുലക്ഷം പേര്‍ പങ്കെടുത്തു. സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം തലസ്ഥാനനഗരി കണ്ട ഏറ്റവും വലിയ ജനസഞ്ചയമായിരുന്നു അത്. ഒരുകോടി രണ്ടരലക്ഷം പേര്‍ ഒപ്പിട്ട ഭീമഹര്‍ജി പാര്‍ലമെന്റിലെ പ്രതിപക്ഷനേതാവ് എ.കെ.ജി. രാഷ്ട്രപതിക്ക് കൈമാറി.

അതേസമയം കീഴ്ഘടകങ്ങളിലേക്കും വിഭാഗീയത വ്യാപിച്ചു. എ.കെ. ഗോപാലന്‍ വിവിധ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തകരെയും നേതാക്കളെയും ആസന്നമായ പിളര്‍പ്പിന് സജ്ജരാക്കി. മഹാരാഷ്ട്ര, ആന്ധ്ര, ദല്‍ഹി ഘടകങ്ങള്‍ തങ്ങളുടെ അനുമതി കൂടാതെ അതാതിടങ്ങളില്‍ പ്രവേശിക്കരുതെന്ന് എ.കെ.ജിയെ വിലക്കി. അദ്ദേഹം വിലക്ക് ലംഘിച്ച് തടവുകാരുടെ മോചനം ആവശ്യപ്പെട്ട് 1963 സെപ്തംബര്‍ 28ന് കല്‍ക്കട്ടയില്‍ നടന്ന റാലിയില്‍ പങ്കെടുത്തു. അച്ചടക്കം ലംഘിച്ചതിന് എ.കെ.ജി.യെ ഒക്ടോബര്‍ 19ന് പാര്‍ട്ടി പരസ്യമായി ശാസിച്ചു.

1965-ല്‍ നടക്കേണ്ടിയിരുന്ന 7-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി കരട് രേഖകള്‍ തയ്യാറാക്കാനുള്ള കമ്മീഷനില്‍ ഹര്‍കിഷന്‍ സിങ്ങ് സുര്‍ജിത്തിനെ പങ്കെടുപ്പിക്കണമോ വേണ്ടയോ എന്ന കാര്യത്തെക്കുറിച്ച് തര്‍ക്കമുണ്ടായി. സുര്‍ജിത് വേണമെന്ന് ഇ.എ.എസ്., രാമമൂര്‍ത്തി, ജ്യോതിബസു, ബസവ പുന്നയ്യ എന്നിവര്‍ ശഠിച്ചു. ഒരു കാരണവശാലും സാധ്യമല്ലെന്ന് ഡാങ്കെയും കൂട്ടാളികളും തറപ്പിച്ചുപറഞ്ഞു. അതേത്തുടര്‍ന്ന് ഇ.എം.എസ്. കമ്മീഷനില്‍ നിന്ന് രാജിവെച്ചു.

അതിനുപിന്നാലെ 1964 മാര്‍ച്ച് 7ന് മറ്റൊരു ഭൂകമ്പം ഉണ്ടായി. മീററ്റ് ഗൂഢാലോചനക്കേസില്‍ വിചാരണ നേരിടുന്ന കാലത്ത്, 1924 ജൂലൈ 28ന് ഡാങ്കെ ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ക്ക് എഴുതിയതായി ആരോപിക്കപ്പെടുന്ന ഒരു കത്ത് ബോംബെയില്‍ നിന്ന് ഇറങ്ങുന്ന അമേരിക്കന്‍ അനുകൂല വാരിക കറന്റ് പ്രസിദ്ധപ്പെടുത്തി. ജയിലില്‍ നിന്ന് മോചിപ്പിക്കുന്നപക്ഷം താന്‍ ശിഷ്ടകാലം ബ്രിട്ടീഷ് ഏജന്റായി പ്രവര്‍ത്തിച്ചുകൊള്ളാമെന്നാണ് കത്തില്‍ ഉറപ്പ് നല്‍കിയിരുന്നത്. ഡാങ്കെ ആ കത്ത് വ്യാജമാണെന്ന് ആരോപിച്ചു. മാത്രമല്ല തന്റെ പേരുപോലും കത്തില്‍ തെറ്റായാണ് കാണിച്ചിട്ടുള്ളതെന്നും ചൂണ്ടിക്കാട്ടി.

പാര്‍ട്ടിയിലെ വിമതപക്ഷം ഡാങ്കെകത്ത് പിളര്‍പ്പിന് ഒരായുധമായി ഉപയോഗിച്ചു. മാര്‍ച്ച് 20ന് മദ്രാസില്‍ നിന്നുള്ള ലോക്സഭാംഗം ആര്‍., ഉമാനാഥ് ദല്‍ഹി നാഷണല്‍ ആര്‍ക്കേവ്സിനുള്ള രേഖകള്‍ പരിശോധിച്ചശേഷം കത്ത് വ്യാജമല്ല എന്ന് സാക്ഷ്യപ്പെടുത്തി. 25-ാം തീയതി രാമമൂര്‍ത്തിയും ബസവപുന്നയ്യയും നാഷണല്‍ ആര്‍ക്കേവ്സ് സന്ദര്‍ശിച്ചശേഷം അതേ ആരോപണം ആവര്‍ത്തിച്ചു. 27-ാം തീയതി സുന്ദരയ്യയും നാഗിറെഡ്ഡിയും ഹൈദരാബാദില്‍ പത്രസമ്മേളനം നടത്തി ഡാങ്കെയുടെ കത്തിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടു. 28ന് പ്രമോദ് ദാസ് ഗുപ്ത, ഹരേകൃഷ്ണ കോനാര്‍, മുസാഫര്‍ അഹമ്മദ് എന്നിവരും 29ന് എ.കെ. ഗോപാലനും അന്വേഷണം വേണമെന്ന് ആവര്‍ത്തിച്ചു.

ഇ.എം.എസ്. നമ്പൂതിരിപ്പാട് വീണ്ടും മധ്യമാര്‍ഗം കൈക്കൊണ്ടു. ഡാങ്കെയുടെ കത്ത് വ്യാജമാണെങ്കിലും അല്ലെങ്കിലും കേന്ദ്ര എക്സ്‌ക്യൂട്ടീവും ദേശീയ കൗണ്‍സിലും വിളിച്ചുകൂട്ടി ചര്‍ച്ച ചെയ്യണം, കത്തിന്റെ നിജസ്ഥിതി അന്വേഷിക്കാന്‍ പാര്‍ട്ടി ഒരു കമ്മീഷനെ ചുമതലപ്പെടുത്തണം എന്നാവശ്യപ്പെട്ടു. കത്ത് വ്യാജമാണെങ്കില്‍ ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ നടപടി വേണം, വ്യാജമല്ലെങ്കില്‍ ഡാങ്കെ സ്ഥാനമൊഴിയണം.

ഇ.എം.എസ്സിന്റെ വെല്ലുവിളി ഡാങ്കെ ഏറ്റെടുത്തു. കത്തിന്റെ നിജസ്ഥിതി അന്വേഷിച്ച് കണ്ടെത്താന്‍ ഭൂപേശ് ഗുപ്ത, ഹിരണ്‍ മുഖര്‍ജി, സോഹന്‍ സിങ്ങ് ജോഷ് എന്നിവരുള്‍പ്പെട്ട കമ്മീഷനെ നിയോഗിച്ചു. അതോടൊപ്പം ചൈനയുടെ ഇംഗിതപ്രകാരം പിളര്‍പ്പന്‍നയം പിന്തുടരുന്ന എ.കെ. ഗോപാലന്‍, ജ്യോതിബസു, പി. രാമമൂര്‍ത്തി, എം. ബസവപുന്നയ്യ, പി. സുന്ദരയ്യ, പ്രമോദ് ദാസ് ഗുപ്ത, ജഗത്ജിത് സിങ്ങ് ല്യാല്‍പുരി, ഹരേകൃഷ്ണ കോനാര്‍, ഹര്‍കിഷന്‍ സിങ്ങ് സുര്‍ജിത് എന്നിങ്ങനെ 9 അംഗങ്ങള്‍ക്കെതിരെ അച്ചടക്കനടപടി കൈക്കൊള്ളാനും തീരുമാനിച്ചു.

1964 ഏപ്രില്‍ 9ന് ചേര്‍ന്ന കേന്ദ്ര എക്സിക്യൂട്ടീവ് യോഗത്തില്‍ ഡാങ്കെക്കത്ത് ആദ്യ വിഷയമായി ചര്‍ച്ച ചെയ്യണമെന്ന് വിമതനേതാക്കള്‍ ആവശ്യപ്പെട്ടു. എന്നാല്‍ വിമതനേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടി കൈക്കൊള്ളണം എന്ന ഔദ്യോഗികപ്രമേയമാണ് ആദ്യം ചര്‍ച്ചക്കെടുത്തത്. അതില്‍ പ്രതിഷേധിച്ച് 12 അംഗങ്ങള്‍ ഇറങ്ങിപ്പോക്ക് നടത്തി. അച്ചടക്കനടപടിക്കു വിധേയരാകാനിരുന്ന 9 പേര്‍ക്ക് പുറമെ ഇറങ്ങിപ്പോയത് ഇ.എം.എസ്. നമ്പൂതിരിപ്പാട്, ഭൂപേശ് ഗുപ്ത, എം.ആര്‍. വെങ്കിട്ടരാമന്‍ എന്നിവരായിരുന്നു. പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് സുന്ദരയ്യ, ബസവപുന്നയ്യ, എ.കെ.ജി., രാമമൂര്‍ത്തി, ദാസ്ഗുപ്ത, കോനാര്‍, സുര്‍ജിത് എന്നിവരെ പുറത്താക്കാന്‍ എക്സിക്യൂട്ടീവ് ഐകകണ്ഠ്യേന ദേശീയ കൗണ്‍സിലിനോട് ശുപാര്‍ശ ചെയ്തു.

ഏപ്രില്‍ 10ന് ദേശീയ കൗണ്‍സില്‍ യോഗം ചേര്‍ന്നപ്പോള്‍ ആരോപണ വിധേയനായ ഡാങ്കെ അധ്യക്ഷത വഹിക്കരുതെന്ന് വിമതന്മാര്‍ ആവശ്യപ്പെട്ടു. ഡാങ്കെ വഴങ്ങിയില്ല. താന്‍ വിട്ടുനില്‍ക്കുന്ന പക്ഷം, പ്രഥമദൃഷ്ട്യാ ആരോപണങ്ങള്‍ ശരിയാണെന്ന ധാരണ ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി. അതില്‍ പ്രതിഷേധിച്ച് 31 അംഗങ്ങള്‍ കൗണ്‍സിലില്‍ നിന്ന് ഇറങ്ങിപ്പോയി. ആന്ധ്രയില്‍ നിന്ന് പി.സുന്ദരയ്യ, ടി.നാഗിറെഡ്ഡി, എം.ഹനുമന്തറാവു, ഡി. വെങ്കിടേശ്വര്‍ റാവു, എം. പ്രസാദറാവു, ജി. ബാപനയ്യ; കേരളത്തില്‍ നിന്ന് എ.കെ. ഗോപാലന്‍, കെ.വി. കുഞ്ഞമ്പു, സി.എച്ച്. കണാരന്‍, ഇ.കെ. നായനാര്‍, ഇ.കെ. ഇമ്പിച്ചിബാവ, വി.എസ്. അച്യുതാനന്ദന്‍; ബംഗാളില്‍ നിന്ന് പ്രമോദ് ദാസ് ഗുപ്ത, മുസാഫര്‍ അഹമ്മദ്, ജ്യോതിബസു, അബ്ദുള്‍ ഹലീം, ഹരേകൃഷ്ണകോനാര്‍, സരോജ് മുഖര്‍ജി; തമിഴ്നാട്ടില്‍ നിന്ന് പി. രാമമൂര്‍ത്തി, എം.ആര്‍. വെങ്കിട്ടരാമന്‍, എന്‍. ശങ്കരയ്യ, കെ. രമണി; പഞ്ചാബില്‍ നിന്ന് ഹര്‍കിഷന്‍ സിങ്ങ് സുര്‍ജിത്, ജഗ്ജിത് സിങ്ങ് ല്യാല്‍പുരി, ഡി.എസ്. തപ്യാല, ഡോ. ഭാഗ്സിങ്ങ്; യുപിയില്‍ നിന്ന് ശിവകുമാര്‍ മിശ്ര, ആര്‍.എന്‍. ഉപാധ്യായ; രാജസ്ഥാനില്‍ നിന്ന് മോഹന്‍ പുനാമിയ; ജമ്മുകശ്മീരില്‍ നിന്ന് ആര്‍.പി. സറഫ്.

ഏപില്‍ 9ന് എക്സിക്യൂട്ടിവില്‍ നിന്ന് ഇറങ്ങിപ്പോയ രണ്ടുപേര്‍-ഇ.എം.എസ്. നമ്പൂതിരിപ്പാടും ഭൂപേശ് ഗുപ്തയും- പത്താംതീയതി കൗണ്‍സിലില്‍ നിന്നുള്ള ഇറങ്ങിപ്പോക്കില്‍ പങ്കെടുത്തില്ല. മധ്യമാര്‍ഗക്കാരായിരുന്നു ഇരുവരും. സാര്‍വദേശീയ പ്രശ്നങ്ങളില്‍ ഇ.എം.എസ്സിന് സുന്ദരയ്യ സംഘത്തോട് കടുത്ത വിയോജിപ്പുണ്ടായിരുന്നു. അതേസമയം ഡാങ്കെയുമായി അദ്ദേഹത്തിന് ഒരുതരത്തിലും പൊരുത്തപ്പെടാനാകുമായിരുന്നില്ല. ഒടുവില്‍ ആശയപരമായ ഭിന്നത നിലനിര്‍ത്തിക്കൊണ്ടുതന്നെ വിമതന്മാരോടൊപ്പം ചേരാന്‍ നമ്പൂതിരിപ്പാട് തീരുമാനിച്ചു. ഭൂപേശ് ഗുപ്ത മറിച്ചുള്ള നിലപാട് കൈക്കൊണ്ടു. ഔദ്യോഗികപക്ഷത്ത് ഉറച്ചു.

ഇറങ്ങിപ്പോയ 31 പേരും ഇ.എം.എസ്സും ചേര്‍ന്ന് ഏപ്രില്‍ 14ന് സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചു. ഡാങ്കെക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കുക, വിമതന്മാര്‍ക്കെതിരായ അച്ചടക്കനടപടി വരുന്ന പാര്‍ട്ടി കോണ്‍ഗ്രസ് വരെ നിര്‍ത്തിവെക്കുക എന്നീ ആവശ്യങ്ങള്‍ പരിഗണിക്കപ്പെടാത്തതിനാലാണ് തങ്ങള്‍ പാര്‍ട്ടി വിടുന്നതെന്ന് വ്യക്തമാക്കി. അതോടെ പിളര്‍പ്പ് പൂര്‍ണമായി. ജയിലില്‍ ആയിരുന്ന അഞ്ച് ദേശീയ കൗണ്‍സില്‍ അംഗങ്ങളില്‍ നാലുപേര്‍ കൂടി പിന്നീട് വിമതന്മാര്‍ക്കൊപ്പം കൂടി. ബി.ടി. രണദിവെയും എസ്.വി. പരുലേക്കറുമായിരുന്നു അവരില്‍ പ്രധാനികള്‍.

വിമത കമ്യൂണിസ്റ്റുകാര്‍ ജൂലൈ 7 മുതല്‍ 11 വരെ ആന്ധ്രാപ്രദേശിലെ തെനാലിയില്‍ വിളിച്ചുകൂട്ടിയ കണ്‍വെന്‍ഷനില്‍ 146 പ്രതിനിധികള്‍ പങ്കെടുത്തു. സമ്മേളനവേദിയില്‍ മാര്‍ക്സ്, എംഗല്‍സ്, ലെനിന്‍, സ്റ്റാലിന്‍ എന്നിവര്‍ക്കൊപ്പം മാവോ സേതുങ്ങിന്റെ ചിത്രവും വെച്ചിരുന്നു. കമ്യൂണിസ്റ്റ് തടവുകാരെ ഉടന്‍ വിട്ടയക്കണമെന്നും അടിയന്തരാവസ്ഥ പിന്‍വലിക്കണമെന്നും കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. വിപുലമായ ഏഴാം പാര്‍ട്ടി കോണ്‍ഗ്രസ് കല്‍ക്കട്ടയില്‍ വെച്ച് നടത്താനും തീരുമാനിച്ചു. അതിനായി 41 അംഗ സംഘാടക സമിതി രൂപീകരിച്ചു. ബസവപുന്നയ്യയെ കണ്‍വീനറായി നിശ്ചയിച്ചു.

കരുതല്‍ തടങ്കലിലുള്ള കമ്യൂണിസറ്റുകാരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് വിമതന്മാര്‍ ഓഗസ്റ്റ് രണ്ടിന് രാജ്യവ്യാപകമായി മോചനദിനം ആചരിച്ചു. അതുകൊണ്ട് പ്രത്യേകിച്ച് ഫലമൊന്നും ഉണ്ടായില്ല. നേതാക്കള്‍ ജയിലില്‍ തന്നെ തുടര്‍ന്നു.

വിമതന്മാരുടെ ഏഴാം കോണ്‍ഗ്രസ് 1964 ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 7 വരെ കല്‍ക്കട്ടയില്‍ നടന്നു. 422 പ്രതിനിധികള്‍ പങ്കെടുത്തു. വേദിയില്‍ നിന്ന് മാവോയുടെ ചിത്രം അപ്രത്യക്ഷമായിരുന്നു. സഹോദരപാര്‍ട്ടികളൊന്നും സൗഹാര്‍ദ്ദപ്രതിനിധികളെ അയച്ചില്ല.

പാര്‍ട്ടിയിലെ പിളര്‍പ്പ് ചരിത്രപരമായ അനിവാര്യതയായിരുന്നുവെന്ന് കല്‍ക്കട്ട കോണ്‍ഗ്രസ് വിലയിരുത്തി. പരിഷ്‌കരണവാദത്തില്‍ നിന്നും തിരുത്തല്‍വാദത്തില്‍ നിന്നും പാര്‍ട്ടിയെ രക്ഷിക്കാന്‍ പിളരുകയല്ലാതെ വഴിയില്ലായിരുന്നു. പാര്‍ലമെന്ററി പാതയിലൂടെയുള്ള സമാധാനപരമായ പരിവര്‍ത്തനത്തെ പാര്‍ട്ടി തള്ളിപ്പറഞ്ഞു. ഇന്ത്യന്‍ സാഹചര്യങ്ങളില്‍ സായുധസമരത്തിന്റെ പ്രസക്തി ഊന്നിപ്പറഞ്ഞു.

കേന്ദ്രത്തിലെ കോണ്‍ഗ്രസ് ഗവണ്‍മെന്റ് ലോക കുത്തകമുതലാളിത്തത്തിന്റെ ഒരു തുടര്‍ച്ചയാണെന്നും അത് പൂര്‍ണ്ണമായും അമേരിക്കന്‍ സാമ്രാജ്യത്വത്തിന് കീഴടങ്ങിയിരിക്കുന്നുവെന്നും പാര്‍ട്ടി കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. കോണ്‍ഗ്രസിന്റെ സോഷ്യലിസ്റ്റ് നാട്യങ്ങള്‍ മുതലാളിത്തത്തെ ശക്തിപ്പെടുത്താന്‍ വേണ്ടിയാണ്. ഇന്ത്യയിലെ ബൂര്‍ഷ്വാ ഭരണഘടനയ്ക്കകത്തു നിന്നുകൊണ്ട് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് സര്‍ക്കാരുണ്ടാക്കാന്‍ സാധ്യമല്ല. ഇനി അഥവാ സര്‍ക്കാരുണ്ടാക്കുകയാണെങ്കില്‍ത്തന്നെ അത് അകത്തുനിന്ന് ഭരണഘടനയെ തകര്‍ക്കാന്‍ വേണ്ടിയായിരിക്കും.

കമ്യൂണിസ്റ്റ് പാര്‍ട്ടി പിളരണമെന്ന് ഏറ്റവും നിര്‍ബന്ധം സുന്ദരയ്യക്കായിരുന്നു. അദ്ദേഹം പുതിയ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. പുച്ചലപ്പള്ളി സുന്ദര രാമറെഡ്ഡി മദ്രാസ് പ്രവിശ്യയുടെ ഭാഗമായിരുന്ന നെല്ലൂര്‍ ജില്ലയിലെ അളഗിനിപ്പാട് ഗ്രാമത്തിലെ ധനിക ജന്മികുടുംബത്തില്‍ 1913 മേയ് ഒന്നാം തീയതിയാണ് ജനിച്ചത്. മദ്രാസിലെ ലയോള കോളേജില്‍ ഇന്റര്‍മീഡിയറ്റിന് പഠിക്കുമ്പോള്‍ ദേശീയ സമരത്തില്‍ ആകൃഷ്ടനായി. 17-ാം വയസില്‍ നിയമലംഘനസമരത്തില്‍ പങ്കെടുത്ത് അറസ്റ്റുവരിച്ചു. പിന്നീട് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയിലും തുടര്‍ന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലും പ്രവര്‍ത്തിച്ചു. ജാതിപ്പേര് ഉപേക്ഷിച്ചു; പേര് സുന്ദരയ്യ എന്നാക്കി തിരുത്തി. 1934-ല്‍ കേന്ദ്രകമ്മിറ്റി അംഗമായി. അഖിലേന്ത്യാ കിസാന്‍ സഭയുടെ സ്ഥാപകനേതാക്കളില്‍ ഒരാള്‍ കൂടിയായിരുന്നു സുന്ദരയ്യ. 1948-52 കാലത്ത് ഒളിവിലിരുന്ന് തെലങ്കാന സമരം നയിച്ചു. പിന്നീട് നിയമസഭാംഗവും രാജ്യസഭാംഗവുമായി പ്രവര്‍ത്തിച്ചു. പുതിയ പാര്‍ട്ടി പാര്‍ലമെന്ററി പാതയെ തള്ളിപ്പറയുമ്പോഴും സുന്ദരയ്യ ഗണ്ണവരത്തുനിന്നുള്ള എം.എല്‍.എ. ആയിരുന്നു.

പാര്‍ട്ടി കോണ്‍ഗ്രസ് 31 അംഗ കേന്ദ്രകമ്മിറ്റിയെയും ഒമ്പതംഗ പൊളിറ്റ്ബ്യൂറോയെയും തെരഞ്ഞെടുത്തു. സുന്ദരയ്യയെ കൂടാതെ ഇ.എം.എസ്., എ.കെ.ജി., ബസവ പുന്നയ്യ, രാമമൂര്‍ത്തി, പ്രമോദ് ദാസ്ഗുപ്ത, ജ്യോതിബസു, സുര്‍ജിത്, രണദിവെ എന്നിവരായിരുന്നു പൊളിറ്റ്ബ്യൂറോ അംഗങ്ങള്‍. പാര്‍ട്ടി പരിപാടിയുടെ പല വകുപ്പുകളെ സംബന്ധിച്ചും ഇ.എം.എസ്. ഭിന്നാഭിപ്രായം രേഖപ്പെടുത്തി. തന്റെ വിയോജിപ്പ് നിലനിര്‍ത്തിക്കൊണ്ടാണ് അദ്ദേഹം പുതിയ പാര്‍ട്ടിയില്‍ ചേര്‍ന്നത്. പുതിയ പാര്‍ട്ടി തങ്ങളാണ് യഥാര്‍ത്ഥ സി.പി.ഐ. എന്നവകാശപ്പെട്ടു. ഡാങ്കെ ഗ്രൂപ്പിന് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പേരും ചിഹ്നവും കൊടിയും ഉപയോഗിക്കാന്‍ അര്‍ഹതയില്ല എന്ന് വാദിച്ചു. പില്‍ക്കാലത്ത് അവര്‍ സി.പി.ഐ. (മാര്‍ക്സിസ്റ്റ്) എന്ന പേരുകൊണ്ട് തൃപ്തിപ്പെട്ടു. ചുറ്റിക അരിവാള്‍ നക്ഷത്രം തെരഞ്ഞെടുപ്പ് ചിഹ്നമായും സ്വീകരിച്ചു.

അവശിഷ്ട കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഏഴാം കോണ്‍ഗ്രസ് 1964 ഡിസംബര്‍ 13 മുതല്‍ 24 വരെ ബോംബെയില്‍ നടന്നു. പിളര്‍പ്പ് നിര്‍ഭാഗ്യകരവും പാര്‍ട്ടിയുടെയും ബഹുജനപ്രസ്ഥാനങ്ങളുടെയും വളര്‍ച്ചക്ക് ഹാനികരവുമാണെന്നും വിലയിരുത്തി. പാര്‍ട്ടി വിട്ടവര്‍ തെറ്റുതിരുത്തി തിരുച്ചുവരും എന്ന പ്രതീക്ഷ പ്രകടിപ്പിച്ചു. അവര്‍ക്കായി വാതായനങ്ങള്‍ തുറന്നിട്ടിരിക്കുന്നു എന്ന് പ്രഖ്യാപിച്ചു. ചൈനീസ് ആക്രമണവും വിഭാഗീയതയും ദേശീയ-സാര്‍വദേശീയ സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിലുണ്ടായ പാളിച്ചയുമാണ് പിളര്‍പ്പിലേക്ക് നയിച്ചതെന്ന് വിലയിരുത്തി.

സോവിയറ്റ് യൂണിയനും മറ്റു സോഷ്യലിസ്റ്റു രാജ്യങ്ങളും സൗഹാര്‍ദ്ദപ്രതിനിധികളെ അയച്ചിരുന്നു. കമ്യൂണിസ്റ്റ് സൈദ്ധാന്തികനും ചരിത്രകാരനും സി.പി.എസ്.യു.വി.ല്‍ സുസ്ലോവിന്റെ പിന്‍ഗാമിയുമായ ബോറിസ് നിക്കോളേവിച്ച് പൊനേമൊറേവ് ആണ് സോവിയറ്റ് സംഘത്തെ നയിച്ചത്. അദ്ദേഹം ബോംബെ പാര്‍ട്ടി കോണ്‍ഗ്രസിന് ലെനിന്‍ ബാനര്‍ സമ്മാനിച്ചു. എസ്.എ. ഡാങ്കെ ചെയര്‍മാനായും സി. രാജേശ്വരറാവു ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.

1965ലെ പാകിസ്താന്‍ യുദ്ധകാലത്തും മാര്‍ക്സിസ്റ്റ് നേതാക്കള്‍ കൂട്ടത്തോടെ അറസ്റ്റ് ചെയ്യപ്പെട്ടു.

1965 മാര്‍ച്ചില്‍ കേരള നിയമസഭയിലേക്ക് നടന്ന ഇടക്കാല തെരഞ്ഞെടുപ്പായിരുന്നു സി.പി.ഐ-സി.പി.എം. പാര്‍ട്ടികളുടെ ആദ്യ ബലപരീക്ഷണം. ആദ്യഘട്ടത്തില്‍ ഇരുപാര്‍ട്ടികളും മുന്നണിയായി മത്സരിക്കാനാണ് ആലോചിച്ചത്. ത്്രന്തശാലിയായ നമ്പൂതിരിപ്പാട് സി.പി.ഐക്കാരെ നയത്തില്‍ ഒഴിവാക്കി. തിരുവിതാംകൂര്‍ ഭാഗത്ത് എസ്.എസ്.പിയുമായും മലബാറില്‍ മുസ്ലിംലീഗുമായും തെരഞ്ഞെടുപ്പ് ധാരണയുണ്ടാക്കി. സി.പി.ഐ. ആര്‍.എസ്.പി.യുമായി മുന്നണിയുണ്ടാക്കി മത്സരിച്ചു.

73 സീറ്റില്‍ മത്സരിച്ച സി.പി.എം. 19.88 ശതമാനം വോട്ടും 40 സീറ്റും നേടി കരുത്ത് തെളിയിച്ചു. 75 സീറ്റില്‍ മത്സരിച്ച സി.പി.ഐക്ക് 8.10 ശതമാനം വോട്ട് കിട്ടിയെങ്കിലും 133 അംഗ നിയമസഭയില്‍ വെറും മൂന്ന് സ്ഥാനങ്ങളേ നേടാന്‍ കഴിഞ്ഞുള്ളൂ. ടി.വി. തോമസ് അടക്കം പ്രമുഖ നേതാക്കളൊക്കെ പരാജയപ്പെട്ടു. മുതിര്‍ന്ന നേതാവ് ആര്‍. സുഗതന് ജാമ്യസംഖ്യപോലും നഷ്ടപ്പെട്ടു. അങ്ങനെ ആദ്യത്തെ അങ്കത്തില്‍ വിമതന്മാര്‍ വിജയിച്ചു.