മംഗളത്തിന്റെ ഹണി ട്രാപ്പും ജീന്‍ പോളിന്റെ ഹണി ബീയും - ചവര്‍പ്പാകുന്ന പൊലീസ് ഇടപെടലും

July 31, 2017, 6:00 pm


മംഗളത്തിന്റെ ഹണി ട്രാപ്പും ജീന്‍ പോളിന്റെ ഹണി ബീയും - ചവര്‍പ്പാകുന്ന പൊലീസ് ഇടപെടലും
Columns
Columns


മംഗളത്തിന്റെ ഹണി ട്രാപ്പും ജീന്‍ പോളിന്റെ ഹണി ബീയും - ചവര്‍പ്പാകുന്ന പൊലീസ് ഇടപെടലും

മംഗളത്തിന്റെ ഹണി ട്രാപ്പും ജീന്‍ പോളിന്റെ ഹണി ബീയും - ചവര്‍പ്പാകുന്ന പൊലീസ് ഇടപെടലും

-പൊലീസിന്റെ പണി ക്ഷൗരമല്ലെന്ന് ഡിജിപി പറഞ്ഞു. അടിയന്തരാവസ്ഥകളിലാണ് നല്ല ക്ഷൗരക്കാര്‍ ഉണ്ടാകുന്നത്. പന്ന്യന്‍ രവീന്ദ്രന്‍, സാംസണെപ്പോലെ, മുടി മുറിക്കാതിരിക്കുന്നത് ഇക്കാര്യം സമൂഹത്തെ ഓര്‍മപ്പെടുത്തുന്നതിനുവേണ്ടിയാണ്. അടിയന്തരാവസ്ഥയെക്കുറിച്ച് ഓര്‍മയോ മനസ്താപമോ ഇല്ലാത്ത കോണ്‍ഗ്രസുകാര്‍ ഇന്ദു സര്‍ക്കാര്‍ എന്ന സിനിമയ്‌ക്കെതിരെ ചന്ദ്രഹാസമിളക്കുന്നു. അമ്മയുടെ കാമുകനായിരുന്നു ജവാഹര്‍ലാല്‍ നെഹ്‌റു എന്നെഴുതിയ പമീല ഹിക്‌സിനെതിരെയും കോണ്‍ഗ്രസുകാര്‍ക്ക് പ്രതിഷേധിക്കാം. പ്രാര്‍ത്ഥിക്കുന്നതിനെന്നപോലെ പ്രതിഷേധിക്കുന്നതിനും കാരണങ്ങള്‍ പലതുണ്ട്.

പ്രതിഷേധത്തിന്റെ ഇടങ്ങളില്‍ പൊലീസിനെ പ്രവേശിപ്പിക്കുന്നത് വിപത്താണ്. ആവിഷ്‌കാരസ്വാതന്ത്ര്യവുമായി പൊരുത്തപ്പെടുന്നവരല്ല പൊലീസുകാര്‍. സദാ നിയന്ത്രണരേഖകള്‍ വരയ്ക്കുകയും അതിനപ്പുറത്തേക്ക് ജനങ്ങളെ ഒതുക്കുകയും ചെയ്യുന്നവരാണ് പൊലീസുകാര്‍. ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ സംരക്ഷിതമണ്ഡലങ്ങളിലേക്ക് അവരെ വിളിച്ചു കയറ്റുന്നത് വലിയ അപകടമാണ്. മംഗളം ടെലിവിഷനിലും ഹണി ബീ ടു സിനിമയുടെ അണിയറയിലും ആ കാഴ്ച കണ്ടു.

മന്ത്രിയുടെ രാജിയില്‍ കലാശിച്ച മംഗളം ടെലിവിഷന്റെ ഉദ്ഘാടനക്കെണിയിലെ ധാര്‍മികത പരിശോധിക്കപ്പെടേണ്ടതായ വിഷയമാണ്. പല തലങ്ങളില്‍ ആ പരിശോധന നടന്നു; ഇപ്പോഴും നടക്കുന്നു. ജുഡീഷ്യല്‍ അന്വേഷണംതന്നെ അക്കാര്യത്തില്‍ നടക്കുന്നു. അതോടൊപ്പം വിഷയത്തില്‍ പൊലീസ് ഇടപെട്ടു. ചാനല്‍ പ്രവര്‍ത്തകര്‍ അറസ്റ്റിനും അപമാനത്തിനും വിധേയരായി. വാര്‍ത്താസംപ്രേഷണത്തിലേക്ക് പൊലീസിന്റെ ഇടപെടല്‍ ക്ഷണിച്ചുണ്ടാക്കിയതാണ്. മാധ്യമപ്രവര്‍ത്തകരും അവരുടെ സംഘടനകളും ക്ഷണിച്ചവരുടെ കൂട്ടത്തിലുണ്ടായിരുന്നു. ന്യൂസ് റൂമുകളിലേക്ക് ക്ഷണിക്കപ്പെട്ട് വന്നവര്‍ നാളെ ക്ഷണമില്ലാതെയും വരും. ഇന്നലെ മംഗളമെങ്കില്‍ അമംഗളകരമായ കാര്യങ്ങള്‍ നാളെ എവിടെയും സംഭവിക്കാം.

മാധ്യമപ്രവര്‍ത്തനത്തിന്റെ മട്ടും മാതിരിയും അറിയുന്നവരല്ല പൊലീസുകാര്‍. സിനിമയില്‍ വേഷമിടുന്ന പൊലീസുകാര്‍ പലരുണ്ടെങ്കിലും സിനിമയുടെ അണിയറകള്‍ അവര്‍ക്കജ്ഞാതമാണ്. തന്റെ അറിവില്ലാതെ ബോഡിഡ്യൂപ്പിനെ ഉപയോഗിച്ചുവെന്ന ഒരു നടിയുടെ പരാതിയില്‍ സംവിധായകന്‍ ജീന്‍ പോള്‍ ലാലിനെ പൊലീസ് കുടുക്കിയിരിക്കുന്നു. സിനിമ കണ്ടുതുടങ്ങിയ കാലം മുതല്‍ പരിചയമുള്ള പദമാണ് ഡ്യൂപ്പ്. സാധാരണഭാഷയില്‍ ചതി എന്നാണ് അര്‍ത്ഥമെങ്കിലും സിനിമയില്‍ ആ അര്‍ത്ഥമില്ല. നടിമാര്‍ക്കു മാത്രമല്ല നടന്മാര്‍ക്കും ഡ്യൂപ്പുണ്ട്. ഡ്യൂപ്പിന്റെ ബലത്തിലാണ് നടിമാര്‍ ശൃംഗാരവതികളും നടന്മാര്‍ രണശൂരന്മാരും ആകുന്നത്. മാധ്യമങ്ങളില്‍ എഡിറ്റര്‍ക്കെന്നതുപോലെ സിനിമയില്‍ ഡയറക്ടര്‍ക്കും ചില വിവേചനാധികാരങ്ങളുണ്ട്. നിയമത്തിനും അംഗീകൃതമൂല്യങ്ങള്‍ക്കും വിധേയമായാണ് ഇവ പ്രയോഗിക്കപ്പെടുന്നത്. സിനിമയാകുമ്പോള്‍ കരാര്‍ വ്യവസ്ഥകള്‍ക്ക് പ്രാമുഖ്യമുണ്ട്. സംവിധായകര്‍ക്ക് അക്കാര്യത്തില്‍ ആവശ്യമായ ശ്രദ്ധയുണ്ടാകും.

പ്രതിഫലമായാലും ചിത്രീകരണമായാലും കരാറിന്റെ അടിസ്ഥാനത്തില്‍ നിവൃത്തിയുണ്ടാക്കേണ്ടതായ വിഷയത്തില്‍ ഒരു നടി നല്‍കിയ പരാതി ഒരു യുവസംവിധായകനെ കുഴപ്പത്തിലാക്കിയിരിക്കുന്നു. ആണായാലും പെണ്ണായാലും പല സ്വഭാവക്കാരാണ്. പഴുതുപയോഗിച്ച് ആരെയും കുടുക്കാന്‍ പലര്‍ക്കും മടിയില്ല. ലൈംഗികച്ചുവയോടെ സംസാരിച്ചു എന്നു തുടങ്ങിയ പ്രയോഗങ്ങള്‍ ജീന്‍ പോളിനെതിരായ പരാതിയിലുണ്ട്. ചുവയില്ലാത്ത ഭാഷ വഴക്കിന്റെ ഭാഷയാവില്ല. സ്‌നേഹത്തിന്റെ ഭാഷയ്ക്കും ചുവയുണ്ട്. യൂണിഫോമില്‍ നില്‍ക്കുമ്പോള്‍ പൊലീസുകാര്‍ക്ക് അതൊന്നും മനസിലാവില്ല. ദിലീപിനെതിരെയുള്ള ആരോപണത്തിന് സമാനമായി ജീന്‍ പോളിനെതിരെയുള്ള പരാതിയെ കാണരുത്. സിനിമയുമായി ബന്ധമില്ലാത്ത കാര്യങ്ങളുടെ പേരിലാണ് ദിലീപ് അകത്തായത്. സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ പേരിലാണ് ജീന്‍ പോള്‍ വേട്ടയാടപ്പെടുന്നത്. ദിലീപ് പ്രതിയായ കേസില്‍ വ്രണിതയായ ഒരു സ്ത്രീയുണ്ട്. സ്മാര്‍ട്ടാകാന്‍ ശ്രമിക്കുന്ന ഒരു യുവതിയാണ് ജീന്‍ പോളിനെതിരെ വിരല്‍ ചൂണ്ടുന്നത്. ഡിജിപിയുടെ മുന്നറിയിപ്പ് ഇല്ലായിരുന്നുവെങ്കില്‍ ജീന്‍ പോളിനെ കിട്ടുന്നപാടേ പൊലീസ് ക്ഷൗരക്കത്തി അന്വേഷിക്കുമായിരുന്നു.

മംഗളത്തിന്റെ തേന്‍കെണിയായാലും ജീന്‍ പോളിന്റെ ഹണി ബീ ആയാലും പൊലീസിന്റെ ഇടപെടല്‍ ചവര്‍പ്പുണ്ടാക്കുന്നു. ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ പവിത്രമായ മേഖലകളില്‍ മാലാഖമാര്‍പോലും സസൂക്ഷ്മം ചരിക്കുമ്പോള്‍ അല്ലാത്തവര്‍ക്ക് ചെളിപുരണ്ട ചുവടുകളുമായി ഓടിക്കയറാന്‍ അവസരം കൊടുക്കരുത്. അകത്തുനിന്നുള്ള വിളിയെ അടിസ്ഥാനമാക്കിയാകുമ്പോള്‍ അത് കൂടുതല്‍ അപകടകരമാകുന്നു. കോഴികളില്‍നിന്നും ചണ്ടക്കോഴികളില്‍നിന്നും ആരാണ് രക്ഷയാകുന്നത്?