ആ പതിനൊന്ന് ഏക്കര്‍ ഭൂമി ആരും മറക്കരുത്  

January 29, 2017, 12:32 pm
ആ പതിനൊന്ന് ഏക്കര്‍ ഭൂമി ആരും മറക്കരുത്  
Columns
Columns
ആ പതിനൊന്ന് ഏക്കര്‍ ഭൂമി ആരും മറക്കരുത്  

ആ പതിനൊന്ന് ഏക്കര്‍ ഭൂമി ആരും മറക്കരുത്  

മാതൃഭൂമി, ഇന്ത്യാവിഷന്‍, സൗത്ത്‌ലൈവ് എന്നിവയില്‍ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ മാസ്‌കോം ഫാക്വല്‍റ്റി

ഒരു പ്രമുഖ വണികസമൂഹത്തിന്റെ സാമ്പത്തിക ഉന്നതിക്ക് ആധാരമായ വാണിജ്യവ്യാപാര പ്രക്രിയയുടെ വിജയരഹസ്യം അന്വേഷിക്കുമ്പോള്‍ ഉദാഹരിക്കപ്പെടുന്ന രസകരമായ ഒരു കഥയുണ്ട്. വ്യാപാരത്തിലേക്ക് പിതാക്കള്‍ മക്കളെ ആനയിക്കുന്ന പലപല പരിശീലന പരീക്ഷണങ്ങളില്‍ ഒന്നു മാത്രമാണ് ആ കഥ സൂചിപ്പിക്കുന്നത്. ഒരു പിതാവ് ബാലനായ മകനെ ഉയരത്തില്‍ നിര്‍ത്തിയ ശേഷം, വീഴുന്നെങ്കില്‍ പിടിക്കാമെന്നു വാഗദാനം നലകി, താഴേക്കു ചാടാന്‍ പ്രേരിപ്പിക്കുന്നു, 'പിടിക്കണേ' എന്ന് ആവര്‍ത്തിച്ച് ഉറപ്പു വാങ്ങുന്ന മകന്‍ പിന്നേയും ഒഴിയാത്ത സംശയത്തോടെയെങ്കിലും ധൈര്യം സമ്പാദിച്ച് ചാടുന്നു. അവസാന നിമിഷം അച്ഛന്‍ മാറിക്കളയുന്നു, താഴെ ഉരുണ്ടുവീണ് മകന് പരിക്കു പറ്റുന്നു. കരയുന്ന മകനെ നോക്കി അച്ഛന്‍ പറയുന്നു, 'ഇതാണ് ഒന്നാം പാഠം, വ്യാപാരത്തില്‍ അച്ഛനെ പോലും വിശ്വസിക്കരുത്'.

അച്ഛന്‍ പറഞ്ഞാല്‍ രാജി വെക്കാം എന്നാണ് പ്രിന്‍സിപ്പാള്‍ പറഞ്ഞത് എന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അത് മകളുടെയും അച്ഛന്റെയും കാര്യം. പക്ഷെ പൊതുസമൂഹം ഇപ്പുറത്ത് നിന്നുകൊണ്ട് അതേ നിലപാട് എടുക്കണം, മറക്കരുത്, അത് സര്‍ക്കാര്‍ ഭൂമിയാണ്. ആ ഭൂമി എന്തിനു വേണ്ടി നലകിയോ അത് നിര്‍വഹിക്കപ്പെടണം എന്ന നിലപാട്.

ദീര്‍ഘവീക്ഷണമുണ്ടായിരുന്ന ഇ എം എസ്‌നമ്പൂതിരിപ്പാടിന്റെ മന്ത്രിസഭ, ഒന്നുമാലോചിക്കാതെ എടുത്ത തീരുമാനമല്ല നിയമപഠനത്തിനും ഗവേഷണത്തിനും അനുബന്ധപ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ വലിയൊരു സ്ഥാപനം സംസ്ഥാനത്തുണ്ടാവണം എന്നതും അതിനായി പ്രഗത്ഭ നിയമജ്ഞരുടെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട സൊസൈറ്റിക്ക് അത്രയും ഭൂമി പാട്ടത്തിന് അനുവദിച്ചതും. ഇന്നത്തെ ഭരണാധികാരികള്‍ അതിന്റെ അന്തഃസത്ത മനസ്സിലാക്കുക തന്നെ വേണം. വിദ്യാര്‍ത്ഥികളുടെ ഭയവും ആശങ്കകളും പരിഹരിക്കുന്നതോടൊപ്പം തന്നെ ബന്ധപ്പെട്ടവര്‍ മറക്കാന്‍ പാടില്ലാത്ത ഒന്നാണത്. ആ സ്ഥാപനത്തിന് സര്‍ക്കാര്‍ നലകിയ പതിനൊന്ന് ഏക്കര്‍ ഭൂമിയുടെ കാര്യം കഴിയുന്നത്ര ആരുടെയും ഓര്‍മ്മയില്‍ കടന്നുവരാതിരിക്കാന്‍ ശ്രമങ്ങള്‍ ഇത്തരം സംഭവങ്ങളില്‍ കാണാറുള്ള പോലെ അതിശക്തമായി തന്നെ നടക്കും എന്നു പ്രതീക്ഷിച്ചുവേണം പ്രവര്‍ത്തിക്കാന്‍. കഴിയുമെങ്കില്‍ സര്‍ക്കാര്‍ മൂച്ചു വിടുകയുമില്ല.

ഈ വിഷയത്തില്‍ വിഎസ് അച്ചുതാനന്ദന്‍ പിന്നേയും വൈകാരികമായാണ് പ്രതികരിച്ചത്. ഇത്തരമൊരു കോളേജ് നടത്താന്‍ ആവശ്യമായ മൂന്നു ഏക്കര്‍ ഒഴിവാക്കി ബാക്കി സര്‍ക്കാര്‍ തിരിച്ചുപിടിക്കണം എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ആ അഭിപ്രായത്തെ അസംബന്ധം എന്ന് വിശേഷിപ്പിക്കാന്‍ ദയവു ചെയ്ത് എന്നെ അനുവദിക്കണം. നിയമ പഠനഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു സ്ഥാപനം ഇവിടെ ഉയര്‍ന്നുവരേ ണ്ടതുണ്ട് എന്നാണ് ഈ വിഷയത്തില്‍ പൊതുസമൂഹത്തിന്റെ ചിന്തയില്‍ ആദ്യ അജണ്ടയായി ഉയര്‍ന്നുവരേണ്ടത്.

ഈ ഭൂമിയെ പറ്റി നിയമസഭയിലുള്ള രേഖ വ്യക്തമാക്കുന്നത്, അന്നത്തെ സര്‍ക്കാര്‍ വെച്ച ഒരു നിബന്ധനപ്രകാരം സംസ്ഥാന ഗവര്‍ണ്ണര്‍, മുഖ്യമന്ത്രി, ധനകാര്യമന്ത്രി, വിദ്യാഭ്യാസമന്ത്രി എന്നിവര്‍ കൂടി അംഗങ്ങളായ സമിതിക്കായിരുന്നു ഭൂമി കൈമാറിയത് എന്നാണ്. ഈ സര്‍ക്കാര്‍ മുഖംനോക്കാതെ നിര്‍വഹിക്കേണ്ട കൃത്യവും അതു തന്നെ. ആ സമിതിയെ തിരിച്ചുകൊണ്ടുവരിക. ഭൂമി തിരിച്ചെടുക്കുകയല്ല സമിതിയെ തിരിച്ചുകൊണ്ടുവരികയാണ് ക്രിയാത്മകത. ലോ അക്കാദമിയെ ഈ സംരംഭത്തില്‍ നിന്ന് പൂര്‍ണ്ണമായും ഒഴീച്ചുനിര്‍ത്തുക.
തിരുവനന്തപുരം ലോ അക്കാദമിക്ക് മുന്നിലെ വിദ്യാര്‍ത്ഥി സമരം 
തിരുവനന്തപുരം ലോ അക്കാദമിക്ക് മുന്നിലെ വിദ്യാര്‍ത്ഥി സമരം 

അതിന് അത്ര ധൈര്യമൊന്നും വേണ്ട. മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടത്ര ധൈര്യമുണ്ട് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഔദ്യോഗിക ഉപദേശകര്‍ ഇതൊന്നും പറഞ്ഞുതരില്ല. എന്നു മാത്രമല്ല ഉപദേശകര്‍ ഒന്നല്ല മൂന്നു പേര്‍ മുഖ്യമന്ത്രിയെ ധര്‍മ്മസങ്കടത്തിലാക്കിയിട്ടേയുള്ളൂ എന്നത് സമകാലിക അനുഭവവുമാണല്ലോ. വേണ്ടത്ര നിയമോപദേശത്തോടെ ഈ വഴിക്കൊന്നു ആലോചിച്ചാല്‍ വലിയ ചെലവില്ലാതെ ഒരു ഗതിമാറ്റവും ചെല്‍വാക്കും ലഭിക്കും. ബാക്കിയോക്കെ ഭരിക്കുന്നവരുടെ ഇഷ്ടം.

ഏതോ മൂലക്കിരുന്നു ഏതോ ഒരു പഴയ മാധ്യമപ്രവര്‍ത്തകന്‍ എന്തോ പുലമ്പുന്നു എന്നു പറയാന്‍ നിങ്ങള്‍ എല്ലാവര്‍ക്കും ഉള്ള സ്വാതന്ത്ര്യത്തെ ഞാന്‍ അംഗീകരിക്കുന്നു. നല്ല നമസ്‌ക്കാരം.
*****

മനുഷ്യര്‍ക്ക് ഭൂമിയില്‍ ഉള്ള കണ്ണും മനവും ആര്‍ത്തിയും എണ്ണമില്ലാത്ത വികടത്തരങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. അതില്‍ ഒരു 'വിദ്വാന്‍' ഒപ്പിച്ച വികടത്തരം ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. രസകരമായ ഒരു സംഭവമാണത്.

പാരീസിലെ ഈഫല്‍ ടവറും അതു നില്ക്കുന്ന സ്ഥലവും രണ്ടു തവണ വിറ്റ വിദ്വാന്റെ യഥാര്‍ത്ഥ കഥയാണിത്. കക്ഷിയുടെ പേര് വിക്ടര്‍ ലുസ്തിഗ്. വര്‍ഷങ്ങള്‍ക്കു മുന്‍പ് റീഡേര്‍സ് ഡൈജെസ്റ്റിലാണ് ഞാന്‍ ഈ ഫീച്ചര്‍ വായിച്ചത്. നമ്മുടെ നാട്ടിലരങ്ങേറുന്ന കൃത്രിമങ്ങളെ കുറിച്ച് വായിക്കുമ്പോഴെല്ലാം ഓര്‍മ്മ വരുന്ന ഫീച്ചര്‍ ആണിത്. ഇത് ഇപ്പോള്‍ എഴുതുന്നതിന് വേണ്ടി തെരെഞ്ഞപ്പോള്‍ അയാളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു എന്നു മനസ്സിലായി. സമയമുണ്ടെങ്കില്‍ സ്മിത്‌സോണിയന്‍ മാഗ്.കോം എന്ന വെബ്‌സൈറ്റില്‍ അതു വായിക്കാം. ചുമ്മാ ഒരു രസത്തിന്.വിക്ടര്‍ ലുസ്തിഗ്
വിക്ടര്‍ ലുസ്തിഗ്

അപ്പോഴാണ് നമ്മുടെ നാട്ടില്‍ പത്തു മുപ്പതു വര്‍ഷങ്ങള്‍ക്കുമുന്‍പ് നടന്ന അത്ര വ്യക്തമല്ലാത്ത ഒരു ഭൂമി കൃത്രിമ വാര്‍ത്ത വായിച്ചതും ഓര്‍മ്മ വന്നത്. ഉത്തരേന്ത്യയില്‍ ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ വായ്പ കുടിശ്ശികയാക്കിയപ്പോള്‍ പണയം വെച്ച സ്ഥലം ജപ്തിചെയ്യാന്‍ കോടതി കല്പനയായി. ജപ്തിയുദ്യോഗസ്ഥര്‍ അവരുടെ രേഖപ്രകാരം സന്നാഹങ്ങളുമായി വായ്പാപേക്ഷയില്‍ നല്കിയിരുന്ന സര്‍വെ നമ്പര്‍ തേടിയെത്തി. സ്ഥലത്തെത്തിയപ്പോള്‍ അവര്‍ അമ്പരന്നു പോയി. സംസ്ഥാനത്തെ സുപ്രധാനമായ റെയിവെ സ്റ്റേഷന്‍ നില്ക്കുന്നത് ആ സര്‍വെ നമ്പറിലായിരുന്നു. സഹ്രാന്‍പുര്‍, ഘോരകപുര്‍, മുഗള്‍സരായി എന്നീ മൂന്നു സ്റ്റേഷനുകളേതോ ഒന്നാണ് ഓര്‍മ്മ. ജപ്തി ചെയ്യാന്‍ വന്ന കാലത്ത് ആ രാഷ്ട്രീയപ്രവര്‍ത്തകന്‍ മന്ത്രിയുമായിരുന്നു എന്നാണ് മറ്റൊരു ഓര്‍മ്മ.