നെഹ്‌റുവിനെ ഉലച്ച ഭാഷാ സംസ്ഥാന രൂപീകരണം 

June 12, 2017, 6:42 pm
നെഹ്‌റുവിനെ ഉലച്ച ഭാഷാ സംസ്ഥാന രൂപീകരണം 
Columns
Columns
നെഹ്‌റുവിനെ ഉലച്ച ഭാഷാ സംസ്ഥാന രൂപീകരണം 

നെഹ്‌റുവിനെ ഉലച്ച ഭാഷാ സംസ്ഥാന രൂപീകരണം 

സ്വാതന്ത്ര്യപ്രാപ്തിക്കും നാട്ടുരാജ്യ സംയോജനത്തിനും ശേഷം 1951 അവസാനം ആദ്യത്തെ പൊതുതെരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോള്‍ രാജ്യത്ത് നാല് വിഭാഗങ്ങളിലായി 29 സംസ്ഥാനങ്ങള്‍ ഉണ്ടായിരുന്നു.

പാര്‍ട്ട് 'എ'യില്‍ മുമ്പ് ബ്രിട്ടീഷ് ഗവര്‍ണര്‍മാര്‍ ഭരിച്ചിരുന്ന ഒമ്പത് പ്രവിശ്യകളാണ് ഉണ്ടായിരുന്നത്. -ആസാം, ബീഹാര്‍, ബോംബെ, കിഴക്കന്‍ പഞ്ചാബ്, മധ്യപ്രദേശ്, മദ്രാസ്, ഒറീസ, യു.പി., പശ്ചിമബംഗാള്‍. സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം മേല്‍പ്പറഞ്ഞ ഒമ്പതിടത്തും കേന്ദ്രസര്‍ക്കാര്‍ നിയമിച്ച ഗവര്‍ണര്‍മാരും തെരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭകളുമാണ് ഉണ്ടായിരുന്നത്. പാര്‍ട്ട് 'ബി'യില്‍ ഒമ്പത് പ്രമുഖ നാട്ടുരാജ്യങ്ങളാണ് ഉണ്ടായിരുന്നത്- ഹൈദരാബാദ്, ജമ്മുകശ്മീര്‍, മധ്യഭാരത്, മൈസൂര്‍, പട്യാലയും കിഴക്കന്‍ പഞ്ചാബ് സ്റ്റേറ്റുകളും (പെപ്‌സു), രാജസ്ഥാന്‍, സൗരാഷ്ട്ര, തിരുവിതാംകൂര്‍-കൊച്ചി, വിന്ധ്യപ്രദേശ്. ഈ സംസ്ഥാനങ്ങളിലും തെരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭകള്‍ ഉണ്ടായിരുന്നു. ഭരണത്തലവന്‍ രാജപ്രമുഖ് എന്ന സ്ഥാനപ്പേരുള്ള നാട്ടുരാജാവായിരുന്നു എന്നുമാത്രം.

പാര്‍ട്ട് 'സി'യില്‍ മുമ്പ് നാട്ടുരാജാക്കന്മാരോ ബ്രിട്ടീഷ് ചീഫ് കമ്മീഷണര്‍മാരോ ഭരിച്ചിരുന്ന പത്ത് ചെറുസംസ്ഥാനങ്ങളായിരുന്നു- അജ്മീര്‍, കൂര്‍ഗ്, കൂച്ച്ബീഹാര്‍, ഭോപ്പാല്‍, ബിലാസ്പൂര്‍, ഡല്‍ഹി, ഹിമാചല്‍പ്രദേശ്, കച്ച്, മണിപ്പൂര്‍, ത്രിപുര. അവിടങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ നിയമിച്ച ചീഫ് കമ്മീഷണര്‍മാരാണ് ഭരിച്ചിരുന്നത്. പാര്‍ട്ട് 'ഡി'യില്‍ കേന്ദ്രഭരണപ്രദേശമായ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളാണ് ഉള്‍പ്പെട്ടിരുന്നത്.

സ്വതന്ത്ര ഇന്ത്യയില്‍ ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപീകരിക്കാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രതിജ്ഞാബദ്ധമായിരുന്നു. 1917-ല്‍ തന്നെ ഇതുസംബന്ധിച്ച പ്രമേയം എ.ഐ.സി.സി. പാസാക്കിയിരുന്നു. ആ വര്‍ഷം തന്നെ പാര്‍ട്ടിയുടെ ആന്ധ്രാമണ്ഡലം രൂപീകരിച്ചു. അതിനടുത്തവര്‍ഷം സിന്ധ് മണ്ഡലവും ഉണ്ടായി. പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റികള്‍ ഭാഷാടിസ്ഥാനത്തിലാണ് സംഘടിപ്പിച്ചത്.

സ്വാതന്ത്ര്യം കിട്ടിയശേഷവും മഹാത്മാഗാന്ധി ഭാഷാ സംസ്ഥാനങ്ങള്‍ക്കുവേണ്ടി ശക്തമായി നിലകൊണ്ടു. എന്നാല്‍ നെഹ്‌റുവിനും പട്ടേലിനും ഗവര്‍ണര്‍ ജനറലായിത്തീര്‍ന്ന രാജഗോപാലാചാരിക്കും വീണ്ടുവിചാരമുണ്ടായി. രാജ്യത്തിന്റെ വിഭജനവും സാമുദായിക ലഹളകളും അവരെ മറിച്ചു ചിന്തിക്കാന്‍ പ്രേരിപ്പിച്ചു. ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന രൂപീകരണം വിഘടനവാദത്തിനെ വിഭജനവാദത്തിനും വഴിതെളിച്ചേക്കും എന്നു ഭയപ്പെട്ടു. വിഘടനപ്രസ്ഥാനങ്ങള്‍ വളര്‍ന്നുവരുന്ന സാഹചര്യത്തില്‍ രാജ്യത്തിന്റെ ഐക്യവും സുരക്ഷയുമാണ് പരമപ്രധാനമെന്ന് 1947 നവംബര്‍ 27ന് നെഹ്‌റു ഭരണഘടനാ അസംബ്ലിയില്‍ ചൂണ്ടിക്കാട്ടി.

ഭാഷാ സംസ്ഥാനങ്ങളുടെ രൂപീകരണം സംബന്ധിച്ച് ഭരണഘടനാ അസംബ്ലി ഒരു മൂന്നംഗ സബ്കമ്മറ്റിയെ നിയോഗിച്ചു. അലഹബാദ് ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് എസ്.കെ. ദര്‍ ആയിരുന്നു ചെയര്‍മാന്‍, പ്രമുഖ അഭിഭാഷകന്‍ ജെ.എന്‍. ലാല്‍, റിട്ടയേര്‍ഡ് ഐ.സി.എസ്. ഉദ്യോഗസ്ഥന്‍ പന്നാലാല്‍ എന്നിവര്‍ അംഗങ്ങളും. 1948 ജൂണ്‍ 17ന് കമ്മറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന രൂപീകരണം രാജ്യത്തിന്റെ വിശാല താല്‍പര്യങ്ങള്‍ക്ക് യോജിച്ചതല്ല എന്നായിരുന്നു അവരുടെ നിഗമനം. ഭൂമിശാസ്ത്രപരമായ അടുപ്പവും സാമ്പത്തിക സ്വയംപര്യാപ്തതയും ഭരണസൗകര്യവുമായിരിക്കണം സംസ്ഥാന രൂപീകരണത്തിന്റെ മാനദണ്ഡങ്ങള്‍.

1948 ഡിസംബര്‍ അവസാനം ജയ്പൂരില്‍ ചേര്‍ന്ന കോണ്‍ഗ്രസ് ദേശീയസമ്മേളനത്തില്‍ ഭാഷാ സംസ്ഥാന രൂപീകരണം വീണ്ടും ചര്‍ച്ചാവിഷയമായി. തെന്നിന്ത്യന്‍ പ്രതിനിധികളാണ് ഈ ആവശ്യം ശക്തമായി ഉയര്‍ത്തിയത്. അന്നത്തെ മദ്രാസ് സംസ്ഥാനത്ത് തമിഴ്, തെലുഗു, കന്നഡ, മലയാളം, കൊങ്കിണി, ഉര്‍ദു എന്നീ ഭാഷകള്‍ നിലവിലുണ്ടായിരുന്നു. ഹൈദരാബാദില്‍ തെലുഗു, കന്നഡ, മറാഠി, ഹിന്ദി, ഉര്‍ദു എന്നിവയും ബോംബെയില്‍ ഗുജറാത്തി, മറാഠി, സിന്ധി, കന്നഡ, ഉര്‍ദു, മലയാളം എന്നിവയും കൂടിയും കുറഞ്ഞും ഉപയോഗത്തിലിരുന്നു. കന്നഡ ഭാഷ സംസാരിക്കുന്നവര്‍ മൈസൂരിലും മദ്രാസ്, ഹൈദരാബാദ്, ബോംബെ സംസ്ഥാനങ്ങളിലുമായി ചിതറിക്കിടക്കുകയായിരുന്നു.

ജയ്പൂര്‍ എ.ഐ.സി.സി. പ്രശ്‌നം പഠിക്കുന്നതിന് മൂന്നംഗ കമ്മറ്റിയെ നിയോഗിച്ചു. പ്രധാനമന്ത്രി നെഹ്‌റു, ആഭ്യന്തരമന്ത്രി പട്ടേല്‍, പാര്‍ട്ടി പ്രസിഡന്റ് പട്ടാഭി സീതാരാമയ്യ. ജവഹര്‍ലാലിന്റെയും വല്ലഭഭായിയുടെയും പട്ടാഭിയുടേയും പേരിന്റെ ആദ്യാക്ഷരങ്ങള്‍ ചേര്‍ത്ത് ജെ.വി.പി. കമ്മറ്റി എന്ന് അത് അറിയപ്പെട്ടു. കമ്മറ്റി 1949 ഏപ്രില്‍ ഒന്നിന് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന വിഭജനം അന്നത്തെ നിലയ്ക്ക് ആശാസ്യമല്ലെന്ന് കണ്ടെത്തി. 'ഭാഷ' ഇപ്പോള്‍ യോജിപ്പിക്കുന്ന ശക്തി മാത്രമല്ല വിഘടിപ്പിക്കുന്ന ശക്തി കൂടിയാണ്. ഇന്ത്യയുടെ സുരക്ഷ, ഐക്യം, സാമ്പത്തിക പുരോഗതി എന്നിവയ്ക്കാണ് പ്രഥമ പരിഗണന. അതുകൊണ്ട് എല്ലാത്തരം വിഘടന-വിഭജന പ്രവണതകളും ഊര്‍ജ്ജിതമായി നിരുത്സാഹപ്പെടുത്തണം.'

എന്നാല്‍ ജെ.വി.പി. റിപ്പോര്‍ട്ട് ഭാഷാ സംസ്ഥാന വാദക്കാരെ ഒട്ടും തൃപ്തരാക്കിയില്ല. വിവിധ പ്രദേശങ്ങളില്‍ നിന്ന് സംസ്ഥാന രൂപീകരണത്തിനുള്ള മുറവിളി ഉയര്‍ന്നു. സംയുക്ത കന്നഡ പ്രസ്ഥാനം സംയുക്ത മഹാരാഷ്ട്ര പ്രസ്ഥാനം, ഐക്യകേരള പ്രസ്ഥാനം, വിശാലാന്ധ്ര പ്രസ്ഥാനം, ഗുജറാത്തി പ്രസ്ഥാനം എന്നിവയൊക്കെ പ്രക്ഷോഭം ശക്തമാക്കി. തമിഴകത്ത് ദ്രാവിഡ കഴകക്കാര്‍ പ്രത്യേക സംസ്ഥാനമല്ല സ്വതന്ത്രരാഷ്ട്രം തന്നെ അവകാശപ്പെട്ടു. അകാലികള്‍ പഞ്ചാബി സുബയ്ക്കുവേണ്ടി വാദിച്ചു. അവരുടെ നേതാവ് മാസ്റ്റര്‍ താരാസിംഗ് ഹിന്ദു ആധിപത്യത്തിനെതിരെ പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തി.

1952-ലെ തെരഞ്ഞെടുപ്പില്‍ മദ്രാസ് സംസ്ഥാനത്തെ ഒരു പ്രധാന തെരഞ്ഞെടുപ്പ് വിഷയം ഭാഷാസംസ്ഥാന രൂപീകരണമായിരുന്നു. തെലുങ്കരും കന്നഡിഗരും മലയാളികളും മദ്രാസില്‍ നിന്ന് പിരിഞ്ഞ് സ്വന്തം സംസ്ഥാനങ്ങള്‍ രൂപീകരിക്കാന്‍ ആഗ്രഹിച്ചു. ജനവികാരം ഭാഷാ സംസ്ഥാനങ്ങളെ എതിര്‍ക്കുന്ന കോണ്‍ഗ്രസിന് പ്രതികൂലമായിരുന്നു. ടി. പ്രകാശവും കെ. കേളപ്പനും മറ്റും ചേര്‍ന്ന് കിസാന്‍ മസ്ദൂര്‍ പ്രചാര്‍ പാര്‍ട്ടി രൂപീകരിച്ചതും അവര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി സഖ്യം ഉണ്ടാക്കിയതും മദ്രാസ് കോണ്‍ഗ്രസിലെ ഗ്രൂപ്പ് വടംവലിയും പാര്‍ട്ടിയുടെ സാധ്യതകള്‍ക്ക് മങ്ങലേല്‍പിച്ചു.

375 അംഗ മദ്രാസ് നിയമസഭയില്‍ വെറും 152 സ്ഥാനങ്ങള്‍ നേടാനേ കോണ്‍ഗ്രസിന് കഴിഞ്ഞുള്ളൂ. മുഖ്യമന്ത്രി കുമാരസ്വാമി രാജയും അഞ്ച് മന്ത്രിമാരും തോറ്റു. തെലുങ്ക് മേഖലയിലെ 143 സീറ്റില്‍ പാര്‍ട്ടിക്ക് 43 അംഗങ്ങളെ മാത്രമേ വിജയിപ്പിക്കാന്‍ കഴിഞ്ഞുള്ളൂ. മന്ത്രിമാരായ ബി. ഗോപാലറെഡ്ഡിയും കെ. വെങ്കട്ടറാവുവും കെ. ചന്ദ്രമൗലിയും തോറ്റു. മറുഭാഗത്ത് കമ്മ്യൂണിസ്റ്റ് മുന്നണി ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. 166 പേരുടെ പിന്തുണയോടെ ടി. പ്രകാശം മന്ത്രിസഭയുണ്ടാക്കാന്‍ അവകാശവാദം ഉന്നയിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും അവര്‍ പിന്തുണച്ച സ്വതന്ത്രന്മാരും കൂടി 70, കെ.എം.പി.പി.-36, തമിഴ്‌നാട് ടോയ്‌ലേഴ്‌സ് പാര്‍ട്ടി-19, കോമണ്‍വീല്‍ പാര്‍ട്ടി-6, ഫോര്‍വേഡ് ബ്ലോക്ക്-3, ഷെഡ്യൂള്‍ഡ്കാസ്റ്റ് ഫെഡറേഷന്‍-2, ജസ്റ്റിസ് പാര്‍ട്ടി-1, കക്ഷിരഹിതര്‍-30. പക്ഷേ, ഗവര്‍ണര്‍ ശ്രീ പ്രകാശയ്ക്ക് അതു ബോധ്യമായില്ല. അദ്ദേഹം ഏറ്റവും വലിയ ഒറ്റകക്ഷി എന്ന നിലയ്ക്ക് കോണ്‍ഗ്രസിന് അവസരം നല്‍കി. സി. രാജഗോപാലാചാരി ചെറുകക്ഷികളുടേയും സ്വതന്ത്രരുടേയും പിന്തുണയോടെ മന്ത്രിസഭ രൂപീകരിച്ചു.

ആന്ധ്ര-റായലസീമ മേഖലയില്‍ കോണ്‍ഗ്രസിനുണ്ടായ തിരിച്ചടി ഭാഷാ സംസ്ഥാന വാദത്തിന് ഉത്തേജനം നല്‍കി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും പ്രജാപാര്‍ട്ടിയും കോണ്‍ഗ്രസിലെ ഒരു വിഭാഗവും തെലുഗു ഭൂരിപക്ഷ പ്രദേശങ്ങള്‍ മദ്രാസില്‍ നിന്ന് വേര്‍പെടുത്തി ഉടന്‍ ആന്ധ്രാ സംസ്ഥാനം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടു. മദ്രാസ് നഗരത്തിനുവേണ്ടിയും അവര്‍ അവകാശവാദം ഉന്നയിച്ചു. 1951-ലെ മണ്‍സൂണ്‍ കാലത്ത് സ്വാമി സീതാറാം എന്നൊരു മുന്‍ കോണ്‍ഗ്രസ് നേതാവ് ആന്ധ്രാ രൂപീകരണത്തിനുവേണ്ടി അഞ്ചാഴ്ച നിരാഹാര സമരം നടത്തിയെങ്കിലും ഫലപ്രാപ്തി ഉണ്ടായില്ല. ആ ഘട്ടത്തിലാണ് പോറ്റി ശ്രീരാമുലു രംഗപ്രവേശം ചെയ്തത്.

1901 മാര്‍ച്ച് 16-ാം തീയതി മദ്രാസിലാണ് ശ്രീരാമുലു ജനിച്ചത്. അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ ആന്ധ്രയിലെ നെല്ലൂര്‍ സ്വദേശികളായിരുന്നു. സെക്കന്‍ഡറി വിദ്യാഭ്യാസം മദ്രാസിലും സാനിറ്ററി എഞ്ചിനീയറിംഗ് കോഴ്‌സ് ബോംബെയിലും പൂര്‍ത്തീകരിച്ചശേഷം ശ്രീരാമുലു ഗ്രേറ്റ് ഇന്ത്യന്‍ പെനിന്‍സുലര്‍ റെയില്‍വേയില്‍ ഉദ്യോഗസ്ഥനായി. 1928-ല്‍ അദ്ദേഹത്തിന്റെ ഭാര്യയും കൈക്കുഞ്ഞും മരിച്ചു. അതോടെ ജീവിതവിരക്തി വന്നു ജോലി രാജിവെച്ചു ദേശീയ സമരത്തില്‍ പങ്കുചേര്‍ന്നു. 1930-ല്‍ ഉപ്പുസത്യാഗ്രഹത്തിലും 41-ല്‍ വ്യക്തിസത്യാഗ്രഹത്തിലും 42-ല്‍ ക്വിറ്റ് ഇന്ത്യാ സമരത്തിലും പങ്കെടുത്ത് ജയില്‍വാസം അനുഭവിച്ചു.

സബര്‍മതി ആശ്രമത്തില്‍ മഹാത്മജിയുടെ ഉറ്റ അനുയായിയായിരുന്നു ശ്രീരാമുലു. ഗാന്ധിയേക്കാള്‍ ഗാന്ധിയന്‍. 'ശ്രീരാമുലുവിനെപ്പോലെ 11 അനുയായികളെക്കൂടി കിട്ടിയാല്‍ ഒരു വര്‍ഷത്തിനകം ഞാന്‍ സ്വാതന്ത്ര്യം നേടിയെടുക്കും' എന്ന് ഒരു ഘട്ടത്തില്‍ ഗാന്ധിജി പറഞ്ഞുവത്രേ. 1945നുശേഷം അദ്ദേഹം ആന്ധ്രയിലേക്ക് മടങ്ങി. നെല്ലൂര്‍ കേന്ദ്രമാക്കി പട്ടികജാതിക്കാരുടെ ഉന്നമനത്തിനുവേണ്ടി പ്രവര്‍ത്തിച്ചു. മദ്രാസ് സംസ്ഥാനത്തെ മൊത്തം ക്ഷേത്രങ്ങളും അധഃസ്ഥിതര്‍ക്ക് തുറന്നുകൊടുക്കണം എന്നാവശ്യപ്പെട്ട് 1946 നവംബറില്‍ സുദീര്‍ഘമായ നിരാഹാരസമരം നടത്തി. ഒടുവില്‍ ഗാന്ധിജി ഇടപെട്ട് ഉപവാസം അവസാനിപ്പിക്കുകയാണ് ഉണ്ടായത്.

1952 മേയ് 22ന് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു പാര്‍ലമെന്റില്‍ ഭാഷാ സംസ്ഥാന വാദക്കാരെ തള്ളിപ്പറഞ്ഞു. 'ഇപ്പോള്‍ ദേശീയോദ്ഗ്രഥനത്തിനാണ് പ്രാധാന്യം കൊടുക്കേണ്ടത്. ഭാഷാ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ എതിരല്ല. പക്ഷേ, ഇത് തീരെ പറ്റിയ സമയമല്ല. ശരിയായ സമയത്ത് അത് നടപ്പാക്കാം.'

പ്രധാനമന്ത്രിയുടെ നിഷേധാത്മക സമീപനം ആന്ധ്രക്കാരെ അമര്‍ഷം കൊള്ളിച്ചു. അവര്‍ സമരം പുനരാരംഭിച്ചു. 1952 ഒക്ടോബര്‍ 19ന് മദ്രാസിലെ റോയപേട്ട റോഡിലുള്ള ബുലുസു സാംബ മൂര്‍ത്തിയുടെ ഭവനത്തില്‍ പോറ്റി ശ്രീരാമുലു ഉപവാസസമരം ആരംഭിച്ചു. ആദ്യഘട്ടത്തില്‍ തണുത്ത പ്രതികരണമാണ് ഉണ്ടായത്. എങ്കിലും ദിവസങ്ങള്‍ നീങ്ങുന്തോറും പിന്തുണ വര്‍ധിച്ചു. ആന്ധ്ര-റായലസീമ മേഖലയിലെമ്പാടും പ്രതിഷേധ സമരങ്ങള്‍ അരങ്ങേറി. ശ്രീരാമുലുവിന്റെ ജീവന്‍ രക്ഷിക്കണം എന്നാവശ്യപ്പെടുന്ന കമ്പി സന്ദേശങ്ങള്‍ ഡല്‍ഹിയിലേക്ക് പ്രവഹിച്ചു. ആദ്യഘട്ടത്തില്‍ നെഹ്‌റു അത് അവഗണിച്ചു. പ്രക്ഷോഭകര്‍ തുടരെത്തുടരെ ഹര്‍ത്താലുകള്‍ നടത്തി. റോഡ്, റെയില്‍ ഗതാഗതം തടസപ്പെടുത്തി. എങ്ങും നെഹ്‌റു-രാജാജി വിരുദ്ധ മുദ്രാവാക്യങ്ങള്‍ അലയടിച്ചു.

കാര്യങ്ങള്‍ കൈവിട്ടുപോകും എന്ന അവസ്ഥയില്‍ ഡിസംബര്‍ 12ന് പ്രധാനമന്ത്രി ആന്ധ്രാ സംസ്ഥാനം രൂപീകരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചു. അപ്പോഴും ഔപചാരികമായ പ്രഖ്യാപനം ഉണ്ടായില്ല. ശ്രീരാമുലുവിന്റെ ആരോഗ്യനില പൂര്‍വാധികം വഷളായി. 1952 ഡിസംബര്‍ 15ന് രാത്രി അദ്ദേഹം മരിച്ചു. മരണവാര്‍ത്തയോടൊപ്പം പ്രതിഷേധവും അലയടിച്ചു. കോപാകുലരായ നാട്ടുകാര്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് തീയിടുകയും പൊതുമുതല്‍ എമ്പാടും നശിപ്പിക്കുകയും ചെയ്തു. വിശാഖപട്ടണം, വിജയവാഡ, ഭീമാവരം, രാജമുന്ത്രി, ഏലൂരും, ഗുണ്ടൂര്‍, ഓങ്കോള്‍, തെനാലി, നെല്ലൂര്‍ എന്നിവിടങ്ങളില്‍ സമരം അക്രമാസക്തമായി. പോലീസ് വെടിവെപ്പില്‍ ഏഴുപേര്‍ മരിച്ചു.

1952 ഡിസംബര്‍ 19ന് നെഹ്‌റു ആന്ധ്രാ സംസ്ഥാന രൂപീകരണം പ്രഖ്യാപിച്ചു. കുര്‍ണൂല്‍ തലസ്ഥാനമായി ആന്ധ്ര നിലവില്‍വന്നു. 1953 നവംബര്‍ ഒന്നിന് സംസ്ഥാനത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ ജവഹര്‍ലാല്‍ നെഹ്‌റുവിനൊപ്പം രാജഗോപാലാചാരിയും പങ്കെടുത്തു. കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തിയ ടി. പ്രകാശം ആന്ധ്ര മുഖ്യമന്ത്രിയായി. സംസ്ഥാന രൂപീകരണത്തിനായി ജീവത്യാഗം ചെയ്ത പോറ്റി ശ്രീരാമുലു ആന്ധ്ര പിതാവ് എന്നറിയപ്പെട്ടു. ആന്ധ്രയിലെമ്പാടും അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കപ്പെട്ടു. പില്‍ക്കാലത്ത് തെലുഗു സര്‍വകലാശാലയ്ക്ക് അദ്ദേഹത്തിന്റെ പേരിട്ടു.

നാം കടന്നല്‍ക്കൂടാണ് ഇളക്കിവിട്ടത്, എല്ലാവര്‍ക്കും നല്ല കുത്ത് കിട്ടും എന്ന് ആന്ധ്ര രൂപീകരണത്തെ ഉദ്ദേശിച്ച് നെഹ്‌റു അഭിപ്രായപ്പെട്ടു. അത് സത്യമായി. രാജ്യത്തിന് നാനാഭാഗത്തുനിന്നും ഭാഷാ സംസ്ഥാനങ്ങള്‍ക്കായി മുറവിളി ഉയര്‍ന്നു. പഞ്ചാബി സുബ, സംയുക്ത മഹാരാഷ്ട്ര, വിശാലആന്ധ്ര, ഐക്യകേരളം, തമിഴ് മാകാണം എന്നിവയൊക്കെ ആവശ്യപ്പെട്ട് പ്രക്ഷോഭം നടന്നു.

1953 ഓഗസ്റ്റ് മാസം സയ്യിദ് ഫസല്‍ അലി അധ്യക്ഷനും കെ.എം. പണിക്കര്‍, ഡോ. ഹൃദയനാഥ് കുന്‍സ്രു എന്നിവര്‍ അംഗങ്ങളുമായി സംസ്ഥാന പുനര്‍നിര്‍ണയ കമ്മീഷന്‍ രൂപീകരിച്ചു. പാറ്റ്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസും സുപ്രീംകോടതി ജഡ്ജിയും ഒറീസ ഗവര്‍ണറും ആയിരുന്ന ആളാണ് ഫസല്‍ അലി. ഹിന്ദുസ്ഥാന്‍ ടൈംസ് പത്രാധിപരും ബിക്കാനിര്‍ പ്രധാനമന്ത്രിയും ചൈനയിലും ഈജിപ്തിലും അംബാസഡറും ആയിരുന്ന ആളാണ് പണിക്കര്‍; വിദ്യാഭ്യാസ പ്രവര്‍ത്തകനും വിദേശകാര്യ വിദഗ്ധനും പ്രമുഖ പാര്‍ലമെന്റേറിയനുമായിരുന്നു ഡോ. കുന്‍സ്രു.

കമ്മീഷന്‍ രാജ്യത്തിന്റെ നാനാഭാഗത്തും സഞ്ചരിച്ച് തെളിവെടുപ്പ് നടത്തി. 104 നഗരങ്ങളില്‍ സിറ്റിംഗ് നടത്തി. ഒമ്പതിനായിരത്തില്‍പരം ആളുകളെ നേരിട്ട് കണ്ടു. 1,52,250 നിവേദനങ്ങള്‍ സ്വീകരിച്ചു. 18 മാസം നീണ്ട ശ്രമത്തിനൊടുവില്‍ 1955 സെപ്തംബര്‍ 30ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സംസ്ഥാനങ്ങളെ എ, ബി, സി പാര്‍ട്ടുകളായി തിരിക്കുന്ന ത്രിതല സംവിധാനം അവസാനിപ്പിക്കാനും മുന്‍നാട്ടുരാജാക്കന്മാരെ രാജപ്രമുഖന്മാരാക്കുന്നത് ഉപേക്ഷിക്കാനും കമ്മീഷന്‍ ശുപാര്‍ശ ചെയ്തു. തെക്കേ ഇന്ത്യയില്‍ ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങള്‍ രൂപീകരിക്കുന്നതാണ് ഉത്തമം. ഉത്തരേന്ത്യയിലെ ഹിന്ദി ഭൂരിപക്ഷപ്രദേശങ്ങള്‍ നാല് വലിയ സംസ്ഥാനങ്ങളായി നിലനിര്‍ത്താം - യു.പി., ബീഹാര്‍, മധ്യപ്രദേശ്, രാജസ്ഥാന്‍. ജമ്മുകശ്മീര്‍, ഒറീസ, പശ്ചിമബംഗാള്‍, ആസാം മുതലായ സംസ്ഥാനങ്ങള്‍ക്ക് മാറ്റം വരുത്തേണ്ടതില്ല. ഹൈദരാബാദില്‍ നിന്ന് മറാഠി, കന്നഡ ഭൂരിപക്ഷപ്രദേശങ്ങളെ ഒഴിവാക്കിയശേഷം തെലങ്കാന പ്രത്യേക സംസ്ഥാനമാക്കാം. തെക്കന്‍ തിരുവിതാംകൂറിലെ നാല് താലൂക്കുകള്‍ മദ്രാസിന് വിട്ടുകൊടുത്തശേഷം തിരു-കൊച്ചി സംസ്ഥാനത്തോട് മലബാര്‍ ജില്ലയും ചേര്‍ത്ത് ഐക്യകേരളം ഉണ്ടാക്കാം. മധ്യപ്രദേശിന്റെ ഭാഗമായ നാഗ്പൂര്‍ ഡിവിഷന്‍ (വിദര്‍ഭ) പ്രത്യേക സംസ്ഥാനമാക്കാം. ഹൈദരാബാദിന്റെയും മദ്രാസ്, ബോംബെ സംസ്ഥാനങ്ങളിലെയും കന്നഡ ഭൂരിപക്ഷപ്രദേശങ്ങള്‍ മൈസൂര്‍ സംസ്ഥാനത്തോട് കൂട്ടിച്ചേര്‍ക്കാം. കച്ചും സൗരാഷ്ട്രയും ഹൈദരാബാദിലെ മറാഠി ഭൂരിപക്ഷപ്രദേശങ്ങളും ബോംബെ സംസ്ഥാനത്തില്‍ ലയിപ്പിക്കണം. സിഖുകാര്‍ക്ക് പ്രാമുഖ്യമുള്ള പഞ്ചാബി സുബ രൂപീകരിക്കേണ്ടതില്ല പകരം പെപ്‌സുവും ഹിമാചല്‍പ്രദേശും ചേര്‍ത്ത് വലിയൊരു സംസ്ഥാനമായി പഞ്ചാബിനെ മാറ്റണം. അജ്മീര്‍, കൂര്‍ഗ്, ബിലാസ്പൂര്‍, ഭോപ്പാല്‍ മുതലായ ചെറു സംസ്ഥാനങ്ങള്‍ അടുത്തുള്ള വലിയ സംസ്ഥാനങ്ങളില്‍ ലയിപ്പിക്കണം. ആന്‍ഡമാന്‍ നിക്കോബാറിനു പുറമെ ഡല്‍ഹിയും മണിപ്പൂരും കൂടി കേന്ദ്രഭരണ പ്രദേശങ്ങളാക്കണം. ഇവയായിരുന്നു ഫസല്‍ അലി കമ്മീഷന്റെ പ്രധാന ശുപാര്‍ശകള്‍.

ഫസല്‍ അലി കമ്മീഷന്റെ റിപ്പോര്‍ട്ട് 1955 ഡിസംബര്‍ 14ന് പാര്‍ലമെന്റില്‍ സമര്‍പ്പിച്ചു. അതേച്ചൊല്ലി വലിയ വാദപ്രതിവാദങ്ങള്‍ നടന്നു. പഞ്ചാബി സുബയ്ക്ക് വേണ്ടി അകാലികള്‍ വീണ്ടും ശബ്ദമുയര്‍ത്തി. തെക്കന്‍ തിരുവിതാംകൂര്‍ മദ്രാസിന് വിട്ടുകൊടുക്കാനാകില്ലെന്ന് കേരളത്തിലെ നേതാക്കള്‍ വാദിച്ചു. തെലങ്കാനയും ആന്ധ്രയും ചേര്‍ത്ത് വിശാലആന്ധ്ര രൂപീകരിക്കണമെന്ന് തെലുഗു നേതാക്കള്‍ ആവശ്യപ്പെട്ടു. ഹൈദരാബാദ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അതേച്ചൊല്ലി രണ്ടഭിപ്രായമുണ്ടായി. സ്വതവേ അവികസിതമായ തെലങ്കാന മേഖല ആന്ധ്രയോട് ചേര്‍ന്നാല്‍ അവഗണിക്കപ്പെടും എന്ന് ഒരുകൂട്ടര്‍ വാദിച്ചു. അതല്ല, തെലുഗു ഭാഷ സംസാരിക്കുന്നവരുടെ ഐക്യമാണ് മുഖ്യമെന്ന് മറുഭാഗം സമര്‍ത്ഥിച്ചു. കമ്മ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ് അംഗങ്ങള്‍ ലയനത്തിന്റെ വക്താക്കളായി ഒടുവില്‍ ഭൂരിപക്ഷ തീരുമാനപ്രകാരം, തെലങ്കാനയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടും എന്ന വ്യവസ്ഥയോടെ വിശാലആന്ധ്ര രൂപീകരിക്കാന്‍ തീരുമാനമായി.

സംസ്ഥാന പുനര്‍നിര്‍ണയ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടശേഷം ഏറ്റവും വലിയ തര്‍ക്കമുണ്ടായത് മറാഠികളും ഗുജറാത്തികളും തമ്മിലായിരുന്നു. ഇരുകൂട്ടരും പ്രത്യേക സംസ്ഥാനങ്ങള്‍ രൂപീകരിച്ച് പിരിഞ്ഞുപോകാന്‍ തയ്യാറായിരുന്നു. പക്ഷേ, ബോംബെ നഗരം മഹാരാഷ്ട്രയ്ക്ക് വിട്ടുകൊടുക്കാന്‍ പ്രബലമായ ഗുജറാത്തി-പാഴ്‌സി ലോബി തയ്യാറായിരുന്നില്ല. ബോംബെ ഒന്നുകില്‍ ഇരുസംസ്ഥാനങ്ങളുടെയും തലസ്ഥാനമാക്കി നിലനിര്‍ത്തണം അല്ലെങ്കില്‍ അതൊരു നഗരസംസ്ഥാനമാക്കി മാറ്റണം എന്നവര്‍ ആവശ്യപ്പെട്ടു. മറാഠികള്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറായില്ല. ബോംബെ മഹാരാഷ്ട്രയുടെ മാത്രം തലസ്ഥാനമായി തുടരണം എന്ന് ശഠിച്ചു. പൂനെയില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗം എന്‍.വി ഗാഡ്ഗില്‍ ആയിരുന്നു മറാഠി ലോബിയുടെ പ്രധാന വക്താവ്. ഡോ. അംബേദ്കറും കമ്മ്യൂണിസ്റ്റ് നേതാവ് ഡാങ്കെയും അദ്ദേഹത്തെ പിന്താങ്ങി.

തര്‍ക്കം അടുത്തഘട്ടത്തില്‍ തെരുവിലേക്ക് വ്യാപിച്ചു. സംയുക്ത മഹാരാഷ്ട്രസമിതി വലിയ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തു. 1956 ജനുവരി 16 മുതല്‍ ഒരാഴ്ച ബോംബെയില്‍ തെരുവുയുദ്ധം നടന്നു. ഗതാഗതം സ്തംഭിച്ചു. ഗുജറാത്തികളുടെ വ്യാപാരസ്ഥാപനങ്ങള്‍ കൊള്ളയടിച്ചു. പ്രധാനമന്ത്രി നെഹ്‌റുവിന്റെയും ബോംബെ മുഖ്യമന്ത്രി മൊറാര്‍ജി ദേശായിയുടെയും കോലം കത്തിച്ചു. ലാത്തി ഗോലി ഖായേങ്കേ, ഫിര്‍ ഭി ബംബയ് ലായേങ്കേ എന്ന മുദ്രാവാക്യം എങ്ങും അലയടിച്ചു. പോലീസ് വെടിവെപ്പില്‍ 12 പേര്‍ മരിച്ചു.

പക്ഷേ പ്രക്ഷോഭകരുടെ മുന്നില്‍ നെഹ്‌റു പതറിയില്ല. ഗുജറാത്തും മഹാരാഷ്ട്രയും ചേര്‍ന്ന് ദ്വിഭാഷാസംസ്ഥാനമാക്കി ബോംബെയെ നിലനിര്‍ത്തി. ബോംബെ നഗരം അതിന്റെ തലസ്ഥാനമായും തുടര്‍ന്നു. നാഗ്പൂര്‍ ഡിവിഷനെ വിദര്‍ഭ സംസ്ഥാനമാക്കണമെന്ന ശുപാര്‍ശ അംഗീകരിക്കപ്പെട്ടില്ല. സൗരാഷ്ട്രയും കച്ചും വിദര്‍ഭയും മറാത്ത്‌വാഡയും ബോംബെയില്‍ ലയിപ്പിച്ചു. ബോംബെ പ്രവിശ്യയിലെയും ഹൈദരാബാദിലെയും കന്നഡ ഭൂരിപക്ഷപ്രദേശങ്ങളും കൂര്‍ഗും മൈസൂരിനോട് ചേര്‍ത്തു. തെക്കന്‍തിരുവിതാംകൂറും ചെങ്കോട്ടയും മദ്രാസിന് കൈമാറി. തിരു-കൊച്ചി സംസ്ഥാനത്തോട് മലബാര്‍ ജില്ലയും കാസര്‍കോടും ചേര്‍ത്ത് ഐക്യകേരളം രൂപീകരിച്ചു. മാന്യന്മാര്‍ തമ്മിലുള്ള ഒത്തുതീര്‍പ്പിന്റെ അടിസ്ഥാനത്തില്‍ ആന്ധ്രയും തെലങ്കാനയും കൂട്ടിച്ചേര്‍ത്ത് ആന്ധ്രാപ്രദേശ് യാഥാര്‍ത്ഥ്യമാക്കി.

ബിലാസ്പൂരും ഭോപ്പാലും മധ്യഭാരതും വിന്ധ്യപ്രദേശും മധ്യപ്രദേശില്‍ ലയിപ്പിച്ചു. അജ്മീര്‍ രാജസ്ഥാനിലും പെപ്‌സു പഞ്ചാബിലും ചേര്‍ത്തു. ലക്ഷദ്വീപ്, അമിന്‍ദിവി, മിനിക്കോയ് ദ്വീപുകളെ മദ്രാസില്‍ നിന്ന് വേര്‍പെടുത്തി കേന്ദ്രഭരണപ്രദേശമാക്കി മാറ്റി. ഹിമാചല്‍പ്രദേശ്, ത്രിപുര, മണിപ്പൂര്‍ എന്നിവയും കേന്ദ്രഭരണപ്രദേശങ്ങളായി മാറി.

1956 ഓഗസ്റ്റ് 31ന് സംസ്ഥാന പുനര്‍വിഭജന നിയമവും ഭരണഘടനയുടെ ഏഴാം ഭേദഗതിയും പാസായി. ഫസല്‍ അലി കമ്മീഷന്റെ ശുപാര്‍ശകള്‍ ഏറെക്കുറെ അംഗീകരിക്കപ്പെട്ടു. 14 സംസ്ഥാനങ്ങളും- ആന്ധ്രപ്രദേശ്, ആസാം, ബീഹാര്‍, ബോംബെ, ജമ്മുകശ്മീര്‍, കേരളം, മദ്രാസ്, മൈസൂര്‍, ഒറീസ, പഞ്ചാബ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍- ആറ് കേന്ദ്രഭരണപ്രദേശങ്ങളും- ആന്‍ഡമാന്‍ നിക്കോബാര്‍, ഡല്‍ഹി, മണിപ്പൂര്‍, ത്രിപുര, ഹിമാചല്‍പ്രദേശ്, ലക്ഷദ്വീപ് നിലവില്‍ വന്നു. 1956 നവംബര്‍ ഒന്നിന് പുതിയ സംസ്ഥാനങ്ങള്‍ യാഥാര്‍ത്ഥ്യമായി.