റസൂല്‍ അസ് സലാം അഥവാ ഏഷ്യയുടെ വെളിച്ചം 

October 6, 2017, 12:14 pm
 റസൂല്‍ അസ് സലാം അഥവാ ഏഷ്യയുടെ വെളിച്ചം 
Columns
Columns
 റസൂല്‍ അസ് സലാം അഥവാ ഏഷ്യയുടെ വെളിച്ചം 

റസൂല്‍ അസ് സലാം അഥവാ ഏഷ്യയുടെ വെളിച്ചം 

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയ 1947 ആഗസ്റ്റ് 15 മുതല്‍ ഇഹലോകവാസം വെടിഞ്ഞ 1964 മെയ് 27 വരെ വിദേശകാര്യവകുപ്പ് പ്രധാനമന്ത്രി നെഹ്റു തന്നെയാണ് കൈകാര്യം ചെയ്തത്. അദ്ദേഹത്തിന്റെ അറിവിലോ പരിചയത്തിലോ വിദേശകാര്യമന്ത്രിയായിരിക്കാന്‍ തന്നേക്കാള്‍ യോഗ്യനായ മറ്റൊരാള്‍ ഉണ്ടായിരുന്നില്ല.

1927ല്‍ സോവിയറ്റ് യൂണിയന്റെ 10ാം വാര്‍ഷികത്തില്‍ പങ്കെടുത്തതുമുതല്‍ ലെനിന്റെ ആരാധകനും സ്വയംപ്രഖ്യാപിത സോഷ്യലിസ്റ്റുമായിരുന്നു ജവഹര്‍ലാല്‍ നെഹ്റു. പിന്നീട് സ്റ്റാലിന്റെ ക്രൂരകൃത്യങ്ങള്‍ പുറത്തുവരാന്‍ തുടങ്ങിയതോടെ നെഹ്റു മാര്‍ക്സിസത്തോട് അകലം പാലിച്ചു. വര്‍ഗസമരത്തിലോ രക്തരൂഷിത വിപ്ലവത്തിലോ അദ്ദേഹത്തിന് വിശ്വാസമുണ്ടായിരുന്നില്ല. ബ്രിട്ടീഷ് ലിബറിലിസത്തിന്റെ മൂല്യങ്ങള്‍ ഉള്‍ക്കൊണ്ട ആളായിരുന്നു നെഹ്റു. 1930കളില്‍ നെഹ്റു യൂറോപ്പിലാകമാനം ചുറ്റി സഞ്ചരിച്ചു. ഫാസിസ്റ്റ് പ്രവണതകളെ മുച്ചൂടും എതിര്‍ത്തു. റോമില്‍ ചെന്നിട്ടും മുസ്സോളിനിയെ കാണാന്‍ കൂട്ടാക്കിയില്ല. റിപ്പബ്ലിക്കന്‍ സ്പെയിനുവേണ്ടി പ്രചാരവേല നടത്തി. സാമ്രാജ്യത്വവും ഫാസിസവും ഒരുപോലെ എതിര്‍ക്കപ്പെടേണ്ടവയാണെന്ന് വിശ്വസിച്ചു. ആഫ്രോഏഷ്യന്‍ രാജ്യങ്ങളിലെ സ്വാതന്ത്ര്യസമര പ്രസ്ഥാനങ്ങള്‍ക്ക് പിന്തുണ നല്‍കി.

രണ്ടാംലോകമഹായുദ്ധം അവസാനിച്ചപ്പോള്‍ ഫാസിസത്തിന്റെ ഭീഷണി കെട്ടടങ്ങി. അപ്പോഴേക്കും ലോകം ശീതസമരത്തിന്റെ ചുഴിയിലകപ്പെട്ടു. ഒരുവശത്ത് അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും ഉള്‍പ്പെട്ട വലതുപക്ഷ മുതലാളിത്തചേരി; മറുവശത്ത് സോവിയറ്റ് യൂണിയനും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളും ചേര്‍ന്ന കമ്യൂണിസ്റ്റ് ചേരി. നെഹ്റു ഇരുകൂട്ടരോടും തുല്യദൂരം പാലിച്ചു. രണ്ട് ചേരികളിലും ഇന്ത്യ ചേരില്ല, എല്ലാവരോടും സൗഹൃദം പാലിക്കും എന്ന് സ്വാതന്ത്ര്യപ്രാപ്തിക്കു മുമ്പ് തന്നെ പ്രഖ്യാപിച്ചു.

1947 മാര്‍ച്ച് അവസാനവാരം ന്യൂഡല്‍ഹി ഏഷ്യന്‍ റിലേഷന്‍സ് കോണ്‍ഫ്രന്‍സിന് വേദിയായി. അഫ്ഗാനിസ്ഥാന്‍, ബര്‍മ്മ, സിലോണ്‍, നേപ്പാള്‍, മലയ, ഇന്തോനേഷ്യ, വിയറ്റ്നാം, കൊറിയ, ടിബറ്റ്, ചൈന എന്നീ രാജ്യങ്ങളും സോവിയറ്റ് യൂണിയന്റെ ഭാഗമായ ഏഴ് മധ്യേഷ്യന്‍ റിപ്പബ്ലിക്കുകളും അടക്കം 28 രാഷ്ട്രങ്ങളില്‍ നിന്നായി 243 പ്രതിനിധികള്‍ പങ്കെടുത്തു. അമേരിക്കയും ബ്രിട്ടനും സോവിയറ്റ് യൂണിയനും ഐക്യരാഷ്ട്രസഭയും അറബ് ലീഗും പലസ്തീനിലെ ഹീബ്രു സര്‍വകലാശാലയും നിരീക്ഷകരെ അയച്ചു. നെഹ്റുവാണ് ഉദ്ഘാടനം ചെയ്തതും സമ്മേളനത്തിന്റെ നടുനായകത്വം വഹിച്ചതും. ഏറെ നാളത്തെ അടിമത്തത്തില്‍ നിന്നുള്ള ഏഷ്യയുടെ ഉയര്‍ത്തെഴുന്നേല്‍പ്പാണ് സംഭവിക്കുന്നതെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഏഷ്യന്‍ രാജ്യങ്ങളെ ഇനി മറ്റുള്ളവര്‍ക്ക് കാലാളാക്കി കളിപ്പിക്കാന്‍ കഴിയില്ല എന്ന് കൂട്ടിച്ചേര്‍ത്തു.

1947-ല്‍ സ്വാതന്ത്ര്യം നേടിയെങ്കിലും 1950 ജനുവരി 26 വരെ ഇന്ത്യ സാങ്കേതികമായി ബ്രിട്ടീഷ് സാമ്രാജ്യത്തില്‍ ഒരു ഡൊമിനിയന്‍ ആയിരുന്നു. അതിനുശേഷവും ബ്രിട്ടീഷ് കോമണ്‍വെല്‍ത്തില്‍ അംഗമായി തുടര്‍ന്നു. ഇന്ത്യ കോമണ്‍വെല്‍ത്ത് വിടണം എന്ന് ഇടതുപക്ഷപാര്‍ട്ടികളും വലതുപക്ഷപാര്‍ട്ടികളും ഏകസ്വരത്തില്‍ ആവശ്യപ്പെട്ടെങ്കിലും നെഹ്റു വഴങ്ങിയില്ല. അതേസമയം ബ്രിട്ടന്‍ പ്രത്യേകിച്ച് ഒരാനുകൂല്യവും ഇന്ത്യയോട് കാണിച്ചുമില്ല. കശ്മീര്‍ വിഷയത്തില്‍ ആദ്യാവസാന പിന്തുണ പാകിസ്താനായിരുന്നുതാനും.

ഏഷ്യന്‍, യൂറോപ്യന്‍ രാജ്യങ്ങള്‍ സുപരിചിതമായിരുന്നുവെങ്കിലും സ്വാതന്ത്ര്യപ്രാപ്തിക്ക് മുമ്പൊരിക്കലും നെഹ്റു അമേരിക്ക സന്ദര്‍ശിച്ചിരുന്നില്ല. അമേരിക്കന്‍ ജനതയേയും സര്‍ക്കാരിനേയും അദ്ദേഹം തെല്ലൊരു അവിശ്വാസത്തോടെയാണ് വീക്ഷിച്ചിരുന്നത്. 1949 അവസാനം നെഹ്റു യു.എസ്. സന്ദര്‍ശിച്ചു. മൂന്നാഴ്ച അമേരിക്കയില്‍ ചെലവഴിച്ചു. പ്രസിഡന്റ് ട്രൂമാനെ കണ്ടില്ല. പകരം സ്റ്റേറ്റ്സ് സെക്രട്ടറി ഡീന്‍ അച്ചേസനുമായി കൂടിക്കാഴ്ച നടത്തി. അത് പക്ഷേ വളരെയൊന്നും ഫലപ്രദമായില്ല. കമ്യൂണിസ്റ്റ് വിപത്തിനോടുള്ള നെഹ്റുവിന്റെ സമീപനം സ്റ്റേറ്റ്സ് സെക്രട്ടറിക്ക് ഒട്ടും ബോധിച്ചില്ല.

ഒരു നവജാത റിപ്പബ്ലിക്ക് എന്ന നിലയ്ക്ക് ഇന്ത്യയ്ക്ക് അമേരിക്കയുടെ സാമ്പത്തിക സഹായം അനിവാര്യമായിരുന്നു. എന്നാല്‍, അതിനുവേണ്ടി വിദേശനയത്തില്‍ വെള്ളം ചേര്‍ക്കാന്‍ നെഹ്റു സന്നദ്ധനായില്ല. കൊളംബിയ യൂണിവേഴ്സിറ്റിയില്‍ പ്രസംഗിക്കവേ അദ്ദേഹം ശീതസമരത്തെ വിമര്‍ശിച്ചു. ലോകത്തെ രണ്ട് ശത്രുപാളയങ്ങളാക്കി തിരിക്കാനുള്ള ശ്രമം അഭിലഷണീയമല്ല. ഇന്ത്യ രണ്ട് പാളയത്തിലും ചേരില്ല. ഓരോ വിവാദവിഷയം വരുമ്പോഴും ഓരോ തര്‍ക്കപ്രദേശം ഉണ്ടാകുമ്പോഴും സ്വതന്ത്രസമീപനം കൈക്കൊള്ളും, ന്യായാന്യായതകള്‍ പരിഗണിച്ച് പ്രതികരിക്കും എന്ന് പ്രഖ്യാപിച്ചു.

ലോക കമ്യൂണിസത്തെ തടഞ്ഞ് നിര്‍ത്താന്‍ പ്രസിഡന്റ് ഹാരി എസ്. ട്രൂമാന്‍ പ്രതിജ്ഞാബദ്ധനായിരുന്നു. യുദ്ധത്തില്‍ തകര്‍ന്ന രാജ്യങ്ങള്‍ക്കായി മില്യന്‍ കണക്കിന് ഡോളര്‍ അമേരിക്കന്‍ ധനകാര്യ സെക്രട്ടറി ജോര്‍ജ് സി. മാര്‍ഷല്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇന്ത്യ അന്ന് കല്‍ക്കട്ട തിസീസിന്റെ ഭീഷണിയില്‍ നിന്ന് മോചിതമായിരുന്നില്ല. എന്നിട്ടും നെഹ്റു അമേരിക്കയ്ക്ക് മുന്നില്‍ കൈനീട്ടിയില്ല. അവരുടെ സൈനിക സഖ്യങ്ങളില്‍ ചേര്‍ന്നുമില്ല. അമേരിക്ക കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്ക്ക് ഒട്ടും അനുകൂലമല്ലാത്ത നിലപാട് സ്വീകരിച്ച് പകവീട്ടാന്‍ ശ്രമിച്ചു. ഇന്ത്യയിലെ അമേരിക്കന്‍ അംബാസഡര്‍ ചെസ്റ്റര്‍ ബൗള്‍സ് കുറേക്കൂടി ഉദാരമതിയായിരുന്നു. അദ്ദേഹം കൃഷി വിദഗ്ദ്ധരെ ഇന്ത്യയിലേക്ക് കൊണ്ടുവന്നു. ഉപകരണങ്ങള്‍ നല്‍കിയും സഹായിച്ചു. ഐക്യനാടുകളോടൊപ്പം നില്‍ക്കാത്തവരൊക്കെ ശത്രുക്കളാണ് എന്ന നിലപാട് മാറ്റാന്‍ വിദേശമന്ത്രാലയത്തെ ഉപദേശിച്ചു.

അമേരിക്കയോട് അടുപ്പവും കമ്യൂണിസ്റ്റ് രാജ്യങ്ങളോട് അകലവും പാലിക്കണം എന്നാഗ്രഹിച്ചിരുന്ന ഒരു പ്രബലവിഭാഗം കോണ്‍ഗ്രസില്‍ തന്നെ ഉണ്ടായിരുന്നു. പട്ടേലും രാജാജിയും രാജേന്ദ്രപ്രസാദുമൊക്കെ അക്കൂട്ടത്തിലായിരുന്നു. അയല്‍രാജ്യമായ ചൈനയില്‍ കുമിന്താങ് കക്ഷിക്കുണ്ടായ പരാജയവും കമ്യൂണിസ്റ്റുകാരുടെ വിജയവും ഇവിടുത്തെ വലതുപക്ഷ നേതാക്കളെ കൂടുതല്‍ ചകിതരാക്കി. ഇന്ത്യയിലെ കമ്യൂണിസ്റ്റുകാരും അട്ടിമറിക്ക് തക്കം പാര്‍ത്തിരിക്കുകയാണെന്ന് അവര്‍ ഭയന്നു. കുമിന്താങ്ങിനോടും ചിയാങ് കൈഷക്കിനോടും അടുപ്പമുള്ള ആളായിരുന്നു നെഹ്റു. എന്നാല്‍ കമ്യൂണിസ്റ്റ് ചൈനയുമായി അതിവേഗം സൗഹൃദം സ്ഥാപിക്കുകയും അഭ്യുദയകാംക്ഷിയായി മാറുകയും ചെയ്തു.

ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയില്‍ ഒരു ബഫര്‍ സ്റ്റേറ്റ് ആയിട്ടാണ് ബ്രിട്ടീഷുകാര്‍ ടിബറ്റിനെ നിലനിര്‍ത്തിയിരുന്നത. ഭൂമിശാസ്ത്രപരമായും സാംസ്‌കാരികമായും ടിബറ്റിന് ചൈനയോടാണ് അടുപ്പം എന്നാല്‍ ഇന്ത്യയുടെ സ്വാധീനവും ചെറുതായിരുന്നില്ല. 1950 ഒക്ടോബറില്‍ ചൈന പട്ടാളത്തെ അയച്ച് ടിബറ്റ് കീഴടക്കി. അത് ഇന്ത്യയില്‍ വലിയ കോളിളക്കം സൃഷ്ടിച്ചു. ചൈനയെ വിശ്വസിക്കാന്‍ കൊള്ളില്ല കരുതിയിരിക്കണം, കഴിയുംവിധം പ്രതികരിക്കണം എന്ന് പട്ടേലടക്കം നെഹ്റുവിനെ ഗുണദോഷിച്ചു. ഇതേ മട്ടിലുള്ള സൈനിക ഇടപെടല്‍ നേപ്പാള്‍, സിക്കിം, ഭൂട്ടാന്‍ മുതലായ ഹിമാലയപ്രാന്ത രാജ്യങ്ങളിലും നടക്കാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി. എന്നാല്‍ അതൊന്നും നെഹ്റു ഗൗനിച്ചില്ല. ടിബറ്റിനുമേല്‍ ചൈനയ്ക്കുള്ള മേല്‍ക്കോയ്മ അദ്ദേഹം അംഗീകരിച്ചു. ഏഷ്യയിലെ ഒരു വന്‍ശക്തി എന്ന നിലയ്ക്ക് ചൈനയുമായി ചങ്ങാത്തം കൂടാന്‍ ആഗ്രഹിച്ചു. തൊട്ടുപിന്നാലെ സര്‍ദാര്‍ പട്ടേല്‍ അ്ന്തരിച്ചു. അതോടെ പാര്‍ട്ടിക്കകത്തെ തര്‍ക്കങ്ങളും കെട്ടടങ്ങി.

നെഹ്റുവിന്റെ വിദേശനയം ലോകത്തിനുമുമ്പില്‍ പ്രവര്‍ത്തിച്ചു തെളിയിക്കാന്‍ കിട്ടിയ ആദ്യത്തെ അവസരമാണ് കൊറിയന്‍ യുദ്ധത്തിലൂടെ കൈവന്നത്. 1950ല്‍ കമ്യൂണിസ്റ്റ് രാജ്യമായ വടക്കന്‍ കൊറിയ അമേരിക്കന്‍ ചേരിയിലുള്ള തെക്കന്‍ കൊറിയയെ കടന്നാക്രമിച്ചപ്പോള്‍ ഇന്ത്യ ആക്രമണത്തെ നിശിതമായി വിമര്‍ശിച്ചു. അമേരിക്കയുടെയും ഐക്യരാഷ്ട്രസഭയുടെയും സൈനിക നടപടികളുമായി സഹകരിച്ചു. അപ്പോള്‍ സോവിയറ്റ് യൂണിയന്‍ ഇന്ത്യക്കെതിരായി. എന്നാല്‍ ജനറല്‍ മക്കാര്‍തര്‍ യുദ്ധം നീട്ടിക്കൊണ്ടുപോകുകയും 38 ഡിഗ്രി അക്ഷാംശരേഖ കടന്ന് ഉത്തരകൊറിയയെ തിരിച്ച് ആക്രമിക്കുകയും ചെയ്തപ്പോള്‍ ഇന്ത്യ യുദ്ധത്തെ അപലപിച്ചു. ഉടന്‍ ആക്രമണം അവസാനിപ്പിക്കണമെന്ന് ട്രൂമാനോട് ആവശ്യപ്പെട്ടു. അപ്പോള്‍ അമേരിക്ക കോപിച്ചു. നെഹ്റു റഷ്യന്‍ ചാരനാണെന്ന് അമേരിക്കന്‍ പത്രങ്ങള്‍ കുറ്റപ്പെടുത്തു. ഇന്ത്യ അതും ഗൗനിച്ചില്ല. 1953 ജൂണില്‍ വെടിനിര്‍ത്തല്‍ നടപ്പാകും വരെ സമാധാനത്തിനുവേണ്ടി അക്ഷീണം പ്രയത്നിച്ചു.

1952 നവംബര്‍ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജനറല്‍ ഡൈ്വറ്റ് ഡേവിഡ് ഐസനോവറും ഡമോക്രാറ്റ് സ്ഥാനാര്‍ത്ഥി പ്രമുഖ ഉല്‍പതിഷ്ണു അഡ്ലായ് സ്റ്റീവന്‍സനും ആയിരുന്നു. ഐസനോവര്‍ വലിയ ഭൂരിപക്ഷത്തോടെ ജയിച്ചു. 53 ജനുവരിയില്‍ അദ്ദേഹം സ്ഥാനമേറ്റു. കമ്യൂണിസത്തെ തടഞ്ഞുനിര്‍ത്താനാണ് ട്രുമാന്‍ ആഗ്രഹിച്ചിരുന്നതെങ്കില്‍ ലോകത്തുനിന്ന് കമ്യൂണിസത്തെ തുടച്ചുനീക്കാനാണ് ഐസനോവര്‍ മോഹിച്ചത്. കമ്യൂണിസ്റ്റ് വിരുദ്ധരില്‍ ഒന്നാമനായ ജോണ്‍ ഫോസ്റ്റര്‍ ഡള്ളസ് ആയിരുന്നു വിദേശകാര്യ സെക്രട്ടറി. ഡള്ളസും നെഹ്റുവും ഒന്നിച്ചുപോകുക അസാദ്ധ്യമായിരുന്നു. ഇന്ത്യയുടെ നിഷ്പക്ഷത നാട്യമാണെന്നും നെഹ്റു ഒരു പ്രച്ഛന്ന കമ്യൂണിസ്റ്റാണെന്നും ഡള്ളസ് ആത്മാര്‍ത്ഥമായി വിശ്വസിച്ചു.

ലോകയുദ്ധം അവസാനിച്ച 1945 മുതല്‍ ഇന്തോചീന ഫ്രഞ്ച് ആധിപത്യത്തിനെതിരെ പൊരുതുകയായിരുന്നു. വിയറ്റ്നാമിലും കംബോഡിയയിലും ലാവോസിലും കമ്യൂണിസ്റ്റുകളായിരുന്നു സ്വാതന്ത്ര്യസമരം നയിച്ചത്. ഹോചിമിന്റെ നേതൃത്വത്തിലുള്ള വിയറ്റ്നാമിസ് വിപ്ലവകാരികള്‍ 1954 ഫെബ്രുവരി ആകുമ്പോഴേക്കും ഫ്രഞ്ച് സേനയെ മുട്ടുകുത്തിച്ചു. മേയ് ഏഴിന് ദിയന്‍ ബിയന്‍ ഫൂ ജനറല്‍ ഗിയപ്പിന് മുന്നില്‍ കീഴടങ്ങി. ജൂലൈ 21ന് ജനീവയില്‍ സമാധാന സന്ധി ഒപ്പിട്ടു. ഉത്തരവിയറ്റ്നാം കമ്യൂണിസ്റ്റ് ആധിപത്യത്തില്‍ അമര്‍ന്നു. ദക്ഷിണവിയറ്റ്നാം അമേരിക്കന്‍ സ്വാധീനമേഖലയായി മാറി. ഇന്തോചീനയിലെ സ്വാതന്ത്ര്യസമരത്തോട് വലിയ അനുഭാവമാണ് നെഹ്റു ആദ്യാവസാനം പ്രകടിപ്പിച്ചത്. സ്വാഭാവികമായും ഡള്ളസിന് അത് തീരെ രസിച്ചില്ല.

1954 ഫെബ്രുവരിയില്‍ അമേരിക്ക പാകിസ്താനുമായി സൈനികസഹായ കരാര്‍ ഒപ്പിട്ടു. അതുപ്രകാരം 80 മില്യന്‍ പൗണ്ടിന്റെ സഹായം പാകിസ്താന് ലഭിച്ചു. അചിരേണ പാകിസ്താന്‍ ബാഗ്ദാദ് ഉടമ്പടി പ്രകാരമുള്ള സൈനികസഹായ സഖ്യത്തില്‍ അംഗമായി. അമേരിക്കയുടെ നടപടി ഇന്ത്യയെ ചൊടിപ്പിച്ചു. ചൈനയില്‍ നിന്നുള്ള ഭീഷണി നേരിടാനാണ് പാകിസ്താന് ആയുധസഹായം നല്‍കുന്നതെന്ന് അമേരിക്ക വ്യാഖ്യാനിച്ചെങ്കിലും ഇന്ത്യന്‍ നേതാക്കള്‍ക്ക് അത് തീരെ ബോധ്യമായില്ല.

1947-ല്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടുപോയെങ്കിലും ഫ്രഞ്ചുകാരും പോര്‍ച്ചുഗീസുകാരും ഇന്ത്യന്‍ കോളനികള്‍ ഉപേക്ഷിക്കാന്‍ കൂട്ടാക്കിയില്ല. പോണ്ടിച്ചേരി ഫ്രഞ്ചുകാരുടെ കീഴിലും ഗോവ പോര്‍ച്ചുഗീസ് ഭരണത്തിലും തുടര്‍ന്നു. നാട്ടുകാരുടെ പ്രക്ഷോഭത്തെ തുടര്‍ന്ന് 1954 നവംബര്‍ ആകുമ്പോഴേക്കും ഫ്രഞ്ചുകാര്‍ വിട്ടുപോകാന്‍ തീരുമാനിച്ചു. പോര്‍ച്ചുഗീസുകാര്‍ അപ്പോഴും പിടിവാശി തുടര്‍ന്നു. പ്രതിപക്ഷരാഷ്ട്രീയപാര്‍ട്ടികള്‍ ഗോവ പിടിച്ചെടുക്കാന്‍ പ്രധാനമന്ത്രിക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തി. തങ്ങളാല്‍ കഴിയുംവിധം പ്രക്ഷോഭവും സംഘടിപ്പിച്ചു. നെഹ്റു പരമാവധി സംയമനം പാലിച്ചു. നയതന്ത്രതലത്തില്‍ പ്രശ്നം പരിഹരിക്കാന്‍ ആഗ്രഹിച്ചു. ഈ ഘട്ടത്തില്‍ ഡള്ളസ് പോര്‍ട്ടുഗലിന് താല്പര്യമുള്ളിടത്തോളം കാലം ഗോവ കൈവശം വയ്ക്കാന്‍ അര്‍ഹതയുണ്ടെന്ന് പ്രഖ്യാപിച്ചു. അതോടെ ഇന്ത്യ-യു.എസ്. ബന്ധം പരമാവധി വഷളായി.

അമേരിക്കയുമായി അകലുന്തോറും ജവഹര്‍ലാലും ഇന്ത്യയും കമ്യൂണിസ്റ്റ് രാജ്യങ്ങളോട് അടുത്തു. ടിബറ്റ് കയ്യടക്കിയെങ്കിലും നെഹ്റുവിന് ജനകീയ ചൈനയോടുള്ള താല്പര്യം കുറഞ്ഞില്ല. ഫോര്‍മോസയ്ക്കു പകരം ചൈനയെ യു.എന്‍. രക്ഷാസമിതിയില്‍ ഉള്‍പ്പെടുത്തണമെന്ന് ഇന്ത്യ നിരന്തരം ആവശ്യപ്പെട്ടു. 1954 ജൂണ്‍ 28ന് ഇന്ത്യ-ചൈന സൗഹൃദ കരാര്‍ ഒപ്പിട്ടു. പൊതുസ്വഭാവമുള്ള അഞ്ച് വ്യവസ്ഥകളാണ് അതിലുണ്ടായിരുന്നത്. (1) ഇരുരാജ്യങ്ങളുടേയും അതിര്‍ത്തിയും പരമാധികാരവും അന്യോന്യം ആദരിക്കുക (2) പരസ്പരം ആക്രമിക്കാതിരിക്കുക (3) അന്യോന്യം ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാതിരിക്കുക (4) സമത്വവും സഹകരണവും പുലര്‍ത്തുക (5) സമാധാനപരമായ സഹവര്‍ത്തിത്വം പാലിക്കുക. ഇവ പിന്നീട് പഞ്ചശീലതത്വങ്ങള്‍ എന്നറിയപ്പെട്ടു. 1954 ഒക്ടോബറില്‍ നെഹ്റു ചൈന സന്ദര്‍ശിച്ചു. മാവോ സേതുങ്, ചൗഎന്‍ലായ് എന്നിവരുമായി ചര്‍ച്ച നടത്തി. 1956-ല്‍ ഇന്ത്യ സന്ദര്‍ശിച്ച ചൗഎന്‍ലായ്ക്ക് വമ്പിച്ച വരവേല്‍പ് ലഭിച്ചു. ഹിന്ദി-ചീനി ഭായ് ഭായ് മുദ്രാവാക്യം എങ്ങും മുഴങ്ങി.

സോവിയറ്റ് ചേരിയില്‍ നിന്ന് പുറത്തുകടന്ന, അതേസമയം മാര്‍ക്സിസത്തെ തള്ളിപ്പറയാഞ്ഞ യൂഗോസ്ലോവിയ ഇന്ത്യയില്‍ ഒരു ഉത്തമസുഹൃത്തിനെ കണ്ടെത്തി. മാര്‍ഷല്‍ ടിറ്റോ നെഹ്റുവുമായി അടുത്ത സൗഹൃദം പുലര്‍ത്തി. 1954 ഡിസംബറിലും 55 ജനുവരിയിലുമായി ടിറ്റോ ഇന്ത്യ സന്ദര്‍ശിച്ചു. ഡിസംബര്‍ 22ന് യുഗോസ്ലാവ് പ്രസിഡന്റും ഇന്ത്യന്‍ പ്രധാനമന്ത്രിയും കൂടി പഞ്ചശീലതത്വങ്ങള്‍ അംഗീകരിച്ച് സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചു. കോണ്‍ഗ്രസിന്റെ ആവടി സമ്മേളനത്തിലും ടിറ്റോ സൗഹാര്‍ദ്ദപ്രതിനിധിയായി പങ്കെടുത്തു.

ഡള്ളസിനെപ്പോലെ സ്റ്റാലിനും നെഹ്റുവിനെ സംശയദൃഷ്ടിയോടെയാണ് വീക്ഷിച്ചിരുന്നത്. മഹാത്മാഗാന്ധിയോടും സോവിയറ്റ് നേതാക്കള്‍ക്ക് പരമപുച്ഛമായിരുന്നു. ‘ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ വക്താവും ബ്രിട്ടീഷ് വിരോധിയുമായി നടിച്ച് ജനങ്ങളെ വഞ്ചിക്കുകയും സമ്രാജ്യത്വശക്തികളെ സഹായിക്കുകയും ചെയ്ത, മതവികാരം വ്യാപകമായി ചൂഷണം ചെയ്ത ഒരു പരമപിന്തിരിപ്പന്‍ ബനിയ’ എന്നാണ് ഗ്രേറ്റ് സോവിയറ്റ് എന്‍സൈക്ലോപീഡിയ ഗാന്ധിയെ വിശേഷിപ്പിച്ചത്. കൊറിയന്‍ യുദ്ധാവസാനത്തോടെ സോവിയറ്റ് യൂണിയന്റെ നിലപാടില്‍ മാറ്റം വന്നു. അമേരിക്ക വൈമനസ്യം പ്രകടിപ്പിച്ചപ്പോള്‍ ഇന്ത്യയ്ക്ക് ആവശ്യമായ ഭക്ഷ്യധാന്യം എത്തിച്ചു. 1951 മാര്‍ച്ച് 30ന് കശ്മീര്‍ പ്രശ്നത്തില്‍ അമേരിക്കയും ബ്രിട്ടനും ചേര്‍ന്ന് അവതരിപ്പിച്ച പ്രമേയത്തിന്റെ വോട്ടെടുപ്പില്‍ നിന്ന് റഷ്യ വിട്ടുനിന്നു. 1952 ജനുവരി 17ന് സെക്യൂരിറ്റി കൗണ്‍സിലില്‍ സോവിയറ്റ് പ്രതിനിധി ഇന്ത്യയെ പിന്തുണച്ച് പ്രസംഗിച്ചു.

സ്റ്റാലിന്റെ കാലശേഷം സോവിയറ്റ് യൂണിയന്‍ ഇന്ത്യയോടുള്ള സൗഹൃദം ശക്തമാക്കി. പ്രവ്ദ നെഹ്റുവിന്റെ ആവടി സോഷ്യലിസത്തെ പ്രകീര്‍ത്തിച്ചു. സാമ്രാജ്യത്വവിരുദ്ധ നയത്തെ പ്രശംസിച്ചു. 1955 ജൂണ്‍ 7 മുതല്‍ 25 വരെ നെഹ്റു റഷ്യ സന്ദര്‍ശിച്ചു. മോസ്‌കോ, ലെനിന്‍ ഗ്രാഡ്, വോള്‍ഗ ഗ്രാഡ് എന്നിവിടങ്ങളൊക്കെ ചുറ്റിനടന്ന് കണ്ടു. നിരവധി സമ്മേളനങ്ങളില്‍ പ്രസംഗിച്ചു. ജൂണ്‍ 22ന് സോവിയറ്റ് പ്രധാനമന്ത്രി നിക്കോളെ ബുള്‍ഗാനിനുമൊത്ത് സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചു.

ആ വര്‍ഷം നവംബര്‍ 18 മുതല്‍ സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി നികിത ക്രൂഷ്ചേവ് പ്രധാനമന്ത്രി ബുള്‍ഗാനിനുമൊത്ത് ഇന്ത്യ സന്ദര്‍ശിച്ചു. അവര്‍ക്കും അതിഗംഭീര സ്വീകരണം ലഭിച്ചു. മൂന്നാഴ്ച സോവിയറ്റ് നേതാക്കള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങള്‍ ചുറ്റി സഞ്ചരിച്ചു. ശ്രീനഗര്‍ അടക്കം ഏഴ് സംസ്ഥാന തലസ്ഥാനങ്ങളില്‍ പ്രസംഗിച്ചു. കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്ന് ക്രൂഷ്ചേവ് പ്രഖ്യാപിച്ചു. ഉരുക്ക് നിര്‍മ്മാണശാലകളും പ്രധാന ജലവൈദ്യുതപദ്ധതികളും സന്ദര്‍ശിച്ചു. ഡിസംബര്‍ 13ന് ഇന്ത്യയുടെയും സോവിയറ്റ് യൂണിയന്റെയും പ്രധാനമന്ത്രിമാര്‍ സംയുക്തപ്രസ്താവന പുറപ്പെടുവിച്ചു. ശാസ്ത്ര സാങ്കേതിക മേഖലകളിലും സാംസ്‌കാരിക സാമ്പത്തിക രംഗത്തും സഹകരണം പ്രഖ്യാപിച്ചു. ഭിലായ് സ്റ്റീല്‍ പ്ലാന്റിന് സാങ്കേതികസഹായം നല്‍കി. ബ്രിട്ടനും അമേരിക്കയും ജര്‍മ്മനിയും പിന്മാറിയ സാഹചര്യത്തില്‍ ബൊക്കാറോ പ്ലാന്റിനും സഹായഹസ്തം നീട്ടി.

1951 ഒക്ടോബറില്‍ ബ്രിട്ടീഷ് പാര്‍ലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ യാഥാസ്ഥിതികകക്ഷി വിജയിച്ചു. വിന്‍സ്റ്റന്‍ ചര്‍ച്ചില്‍ വീണ്ടും പ്രധാനമന്ത്രിയായി. 1955 ഏപ്രില്‍ 6ന് അദ്ദേഹം സ്ഥാനമൊഴിഞ്ഞു. ആന്റണി ഈഡന്‍ പ്രധാനമന്ത്രിയായി. പ്രധാനമന്ത്രിസ്ഥാനം ഒഴിയുന്നതിന് തൊട്ടുമുമ്പ് 1955 ഫെബ്രുവരി 21ന് അയച്ച കത്തില്‍ ചര്‍ച്ചില്‍ രാഷ്ട്രപുനര്‍നിര്‍മാണത്തിനും ലോകസമാധാനത്തിനും വേണ്ടി യത്നിക്കുന്ന നെഹ്റുവിന്റെ മഹത്വം അംഗീകരിച്ചു. ഏഷ്യയുടെ വെളിച്ചം എന്ന് വിശേഷിപ്പിച്ചു. പിന്നീട് ജൂണ്‍ 30ന് അയച്ച കത്തിലും അതേ വിശേഷണം ആവര്‍ത്തിച്ചു.

1955 ഏപ്രില്‍ 18 മുതല്‍ 24 വരെ ഇന്തോനേഷ്യയിലെ ബന്ദൂങ്ങില്‍ നടന്ന ആഫ്രോ-ഏഷ്യന്‍ രാജ്യങ്ങളുടെ സമ്മേളനത്തിലും നെഹ്റുവായിരുന്നു പ്രധാനതാരം. ഇറാനും ഇറാഖും സൗദിഅറേബ്യയും ചൈനയുമടക്കം 29 രാജ്യങ്ങള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. സോവിയറ്റ്, അമേരിക്കന്‍ ചേരികളില്‍ അംഗമാകാത്ത, എന്നാല്‍ എല്ലാവരോടും സമത്വത്തിലും സൗഹാര്‍ദ്ദത്തിലും പെരുമാറുന്ന ഇന്ത്യയുടെ വിദേശനയത്തിന് ബന്ദൂങ്ങില്‍ വലിയ പ്രശംസ ലഭിച്ചു. പുതുതായി സ്വാതന്ത്ര്യം പ്രാപിച്ച ആഫ്രിക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുടെ നേതാവായി നെഹ്റു വാഴ്ത്തപ്പെട്ടു.

1955 ഏപ്രില്‍ 11ന് ബോംബെയില്‍ നിന്ന് ഹോങ്കോങ് വഴി ജക്കാര്‍ത്തയിലേക്ക് പറന്ന എയര്‍ഇന്ത്യയുടെ കശ്മീര്‍ പ്രിന്‍സസ് എന്ന വിമാനം തെക്കന്‍ചീന കടലില്‍ തകര്‍ന്നുവീണു. 11 യാത്രക്കാരും 5 ജീവനക്കാരും കൊല്ലപ്പെട്ടു. 3 ജീവനക്കാര്‍ രക്ഷപെട്ടു. ബന്ദൂങ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയ പ്രതിനിധികളും പത്രപ്രവര്‍ത്തകരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഹോങ്കോങ്ങില്‍ നിന്ന് കയറാനിരുന്ന ചൗ എന്‍ ലായ് അവസാനനിമിഷം പരിപാടി മാറ്റിയതുകൊണ്ട് രക്ഷപെട്ടു. ചൈനീസ് പ്രധാനമന്ത്രിയെ അപായപ്പെടുത്താന്‍ കുമിന്താങ് ഏജന്റുമാര്‍ സി.ഐ.എയുടെ സഹായത്തോടെ ആസൂത്രണം ചെയ്തതായിരുന്നു അപകടമെന്ന് പിന്നീട് വെളിപ്പെട്ടു. തകര്‍ന്ന വിമാനത്തിലെ ക്യാപ്റ്റന്‍ ഡി.കെ ജതാര്‍, കോ-പൈലറ്റ് എം.സി. ദീക്ഷിത്, മെയിന്റനന്‍സ് എഞ്ചിനീയര്‍ അനന്ത് കാര്‍ണിക് എന്നിവര്‍ക്ക് രാഷ്ട്രം അശോകചക്രം നല്‍കി ആദരിച്ചു.

1956-ല്‍ മധ്യപൗരസ്ത്യദേശം കലുഷിതമായി. അസ്വാന്‍ അണക്കെട്ടിനുള്ള സാമ്പത്തിക സഹായം അമേരിക്ക നിര്‍ത്തലാക്കിയതിനെ തുടര്‍ന്ന് ഈജിപ്തിലെ കേണല്‍ ജമാല്‍ അബ്ദുള്‍നാസര്‍ ജൂലൈ 26ന് സൂയസ് കനാല്‍ ദേശസാല്‍ക്കരിച്ചു. ബ്രിട്ടനും ഫ്രാന്‍സും പ്രകോപിതരായി. ഇരുരാജ്യങ്ങളുടെയും ഒത്താശയോടെ ഇസ്രായേല്‍ ഒക്ടോബര്‍ 29ന് ഈജിപ്തിനെ ആക്രമിച്ചു. നവംബര്‍ 5ന് ബ്രിട്ടനും ഫ്രാന്‍സും യുദ്ധത്തില്‍ പങ്കുചേര്‍ന്നു. ഇന്ത്യ ആക്രമണത്തെ അതിശക്തമായി അപലപിച്ചു. ഐക്യരാഷ്ട്രസഭയില്‍ ബ്രിട്ടനും ഫ്രാന്‍സിനുമെതിരെ വോട്ട് ചെയ്തു. അമേരിക്കയ്ക്കുപോലും ആക്രമണത്തെ അനുകൂലിക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ ബ്രിട്ടനും ഫ്രാന്‍സും പിന്മാറി. യുദ്ധം അവസാനിപ്പിച്ചു. അതോടെ ജവഹര്‍ലാല്‍ നെഹ്റു അറബികളുടെയും ഹൃദയം കവര്‍ന്നു. നാസറും നെഹ്റുവും ഒറ്റക്കരളായി. അതോടെ മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളില്‍ പ്രത്യേകിച്ച് അറബിനാടുകളില്‍ നെഹ്റു സമാധാനദൂതനായി അറിയപ്പെട്ടു. അറബികള്‍ അദ്ദേഹത്തെ റസൂല്‍ അസ്സലാം എന്നു വിളിച്ചു. പാകിസ്താനില്‍ പോലും നെഹ്റുവിന് ആരാധകരുണ്ടായി.

ഏതാണ്ട് അതേസമയം പോളണ്ടിലും ഹംഗറിയിലും സോവിയറ്റ് വിരുദ്ധവികാരം ശക്തിപ്പെട്ടു. പോളണ്ടിലെ വ്ളാഡിസ്ലാവ് ഗോമുല്‍കയുടെ പരോക്ഷ പിന്തുണയോടെ ഹംഗറി സോവിയറ്റ് ആധിപത്യത്തെ വെല്ലുവിളിച്ചു. 1956 ഒക്ടോബര്‍ 23ന് വിമത ഹംഗേറിയന്‍ നേതാവ് ഇമ്രേ നാഗി പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. നവംബര്‍ 4ന് റഷ്യന്‍ ടാങ്കുകള്‍ ബുഡാപെസ്റ്റിലേക്ക് നീങ്ങി. ദിവസങ്ങള്‍ക്കകം ഹംഗേറിയന്‍ വസന്തം സോവിയറ്റ് സൈന്യത്തിന്റെ കീഴില്‍ ചവിട്ടിയരക്കപ്പെട്ടു.

അമേരിക്കയും സഖ്യകക്ഷികളും ഹംഗറിയിലെ സോവിയറ്റ് അക്രമത്തെ അപലപിച്ചു. നെഹ്റു സ്വകാര്യമായി പ്രതിഷേധിച്ചു. എങ്കിലും പരസ്യപ്രതികരണം നടത്തിയില്ല. ഐക്യരാഷ്ട്രസഭയില്‍ ഹംഗറിയെ സംബന്ധിച്ച പ്രമേയം വോട്ടിനിട്ടപ്പോള്‍ ഇന്ത്യ വിട്ടുനിന്നു. ഇത് തനി ഇരട്ടത്താപ്പാണെന്നും ഇന്ത്യയുടെ നിഷ്പക്ഷത തികഞ്ഞ കാപട്യമാണെന്നും ഡള്ളസ് ആവര്‍ത്തിച്ചു. രാജ്യത്തിനകത്തും ചില പിന്തിരിപ്പന്മാര്‍ ഇന്ത്യയുടെ വിദേശനയത്തെ കുറ്റപ്പെടുത്തി.

ഏതാണ്ട് അതേസമയത്ത് (1956 നവംബര്‍ 6) വീണ്ടും അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നു. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഐസനോവര്‍, ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി സ്റ്റീവന്‍സന്‍. 50-ല്‍ 41 സംസ്ഥാനങ്ങളും ഐസനോവറെ പിന്തുണച്ചു. പോള്‍ ചെയ്തതിന്റെ 57.4 ശതമാനം വോട്ടുനേടി അദ്ദേഹം വിജയിച്ചു. ഇന്ത്യാവിരുദ്ധരെന്ന് പേരുകേട്ട റിച്ചാര്‍ഡ് നിക്സണ്‍ വൈസ് പ്രസിഡന്റും ജോണ്‍ ഫോസ്റ്റര്‍ ഡള്ളസ് സ്റ്റേറ്റ് സെക്രട്ടറിയുമായി. ഇന്ത്യയുടെ വിദേശനയം വീണ്ടും ദുഷ്‌ക്കരമായി.

എന്നാല്‍ നെഹ്റു അതൊന്നും ഗൗനിച്ചില്ല. അദ്ദേഹം ആഫ്രോ-ഏഷ്യന്‍ രാജ്യങ്ങളുടെ മൊത്തം നായകനായി പരിലസിച്ചു. കമ്യൂണിസ്റ്റുകളും സോഷ്യലിസ്റ്റുകളും വരെ നെഹ്റുവിന്റെ വിദേശനയത്തെ പ്രകീര്‍ത്തിച്ചു.