വിനീതന്റെ വിജയം

October 12, 2017, 12:49 pm


വിനീതന്റെ വിജയം
Columns
Columns


വിനീതന്റെ വിജയം

വിനീതന്റെ വിജയം

ജവഹര്‍ലാല്‍ നെഹ്‌റു എന്നെങ്കിലും മരിക്കും എന്നുവിചാരിക്കാന്‍ ഇന്ത്യക്കാര്‍ പൊതുവെ ഇഷ്ടപ്പെട്ടിരുന്നില്ല. അവര്‍ അദ്ദേഹത്തെ അത്രമേല്‍ സ്‌നേഹിക്കുകയും വിലമതിക്കുകയും ചെയ്തിരുന്നു. ഇഷ്ടമല്ലാത്തവര്‍ പോലും നെഹ്‌റുവിനെ നേരിട്ടെതിര്‍ക്കാന്‍ മടിച്ചു. ചൈനായുദ്ധത്തിന്റെ പഴിപോലും നെഹ്‌റുവിനല്ല വി.കെ. കൃഷ്ണമേനോനും ജനറല്‍ ഥാപ്പറിനുമാണ് കിട്ടിയത്.

എന്നാല്‍ പാശ്ചാത്യമാധ്യമങ്ങള്‍ അറുപതുകളുടെ തുടക്കം മുതല്‍ തന്നെ നെഹ്‌റുവിനുശേഷം ആര്, നെഹ്‌റുവിനുശേഷം എന്ത് എന്നൊക്കെ ഉറക്കെ ചിന്തിക്കാന്‍ തുടങ്ങി. നെഹ്‌റുവിന് സമശീര്‍ഷരായ നേതാക്കളൊക്കെ- സുഭാഷ്ചന്ദ്രബോസ്, സര്‍ദാര്‍ പട്ടേല്‍, മൗലാനാ ആസാദ്, രാജേന്ദ്രപ്രസാദ്- അതിനകം മരിക്കുകയോ തീരെ അപ്രസക്തരാകുകയോ ചെയ്തിരുന്നു. രാജഗോപാലാചാരിയും ആചാര്യ കൃപലാനിയും കോണ്‍ഗ്രസിന്റെ കടുത്ത വിമര്‍ശകരായി മാറിയിരുന്നു. ജയപ്രകാശ് നാരായണ്‍ രാഷ്ട്രീയം തന്നെ ഉപേക്ഷിച്ചു.


ചൈനയുമായുള്ള യുദ്ധത്തിന് തൊട്ടുമുമ്പ് അമേരിക്കന്‍ പത്രപ്രവര്‍ത്തകന്‍ വെല്‍സ് ഹാന്‍ഗന്‍ ഇന്ത്യയിലെത്തി രാഷ്ട്രീയ സാഹചര്യങ്ങള്‍ സൂക്ഷ്മമായി വിശകലനം ചെയ്തുകൊണ്ട് നെഹ്‌റുവിനുശേഷം ആര്? എന്നപേരില്‍ ഒരു പുസ്തകം രചിച്ചു. മൊറാര്‍ജി ദേശായി, വി.കെ. കൃഷ്ണമേനോന്‍, വൈ.ബി. ചവാന്‍, ലാല്‍ ബഹദൂര്‍ ശാസ്ത്രി, എസ്.കെ. പാട്ടീല്‍, ഇന്ദിരാഗാന്ധി, ജയപ്രകാശ് നാരായണ്‍, ജനറല്‍ ബി.എം. കൗള്‍ എന്നിവരായിരുന്നു ഹാന്‍ഗന്റെ പട്ടികയില്‍ ഇടംപിടിച്ചത്.

മേല്‍പ്പറഞ്ഞവരാരും നെഹ്‌റുവിന്റെ വിയോഗം സൃഷ്ടിക്കുന്ന ശൂന്യത നികത്താന്‍ പ്രാപ്തരല്ലെന്ന് പാശ്ചാത്യമാധ്യമങ്ങളും നിരീക്ഷകരും വിലയിരുത്തി. രാജ്യം അരാജകത്വത്തിലേക്ക് വഴുതിവീഴുമെന്നും ഒരുപക്ഷേ ഛിന്നഭിന്നമായേക്കുമെന്നും അവര്‍ നിരീക്ഷിച്ചു. കമ്യൂണിസ്റ്റുകാരോ തീവ്രവലതുപക്ഷ ആശയം പിന്തുടരുന്ന ആര്‍.എസ്.എസ്.-ജനസംഘം മുതലായ സംഘടനകളോ അധികാരം പിടിച്ചെടുത്തേക്കാം, ഒരുപക്ഷേ പാകിസ്താനിലേതുപോലെ പട്ടാള അട്ടിമറി അരങ്ങേറിയേക്കാം.

ചൈനായുദ്ധത്തിലെ പരാജയത്തോടെ കൃഷ്ണമേനോന്റെ സാധ്യത തീര്‍ത്തും ഇല്ലാതായി. ലഫ്. ജനറല്‍ ബി.എം. കൗളിന് ഒരിക്കലും ഒരു സാധ്യതയും ഉണ്ടായിരുന്നില്ല. നെഹ്‌റുവിന്റെ താല്‍പര്യം ഇന്ദിര തന്റെ പിന്തുടര്‍ച്ചക്കാരിയാകണം എന്നായിരുന്നു. ചൈനീസ് ആക്രമണം ഉണ്ടാകാതിരിക്കുകയും നെഹ്‌റു രണ്ടോ മൂന്നോ വര്‍ഷം കൂടുതല്‍ ജീവിക്കുകയും ചെയ്തിരുന്നെങ്കില്‍ പിന്തുടര്‍ച്ച സുഗമമായി നടക്കുമായിരുന്നു. എന്നാല്‍ 1964-ല്‍ ഇന്ദിരാഗാന്ധിയുടെ പേര് ഗൗരവപൂര്‍വം പരിഗണിക്കപ്പെട്ടില്ല. വൈ.ബി. ചവാന്‍, എസ്.കെ. പാട്ടീല്‍ എന്നിവര്‍ ചിത്രത്തില്‍ ഇല്ലായിരുന്നു. ഗോദയില്‍ മൊറാര്‍ജി ദേശായിയും ലാല്‍ബഹദൂര്‍ ശാസ്ത്രിയും അവശേഷിച്ചു.

പ്രധാനമന്ത്രിയാകാന്‍ സര്‍വ്വഥാ യോഗ്യന്‍ താന്‍ മാത്രമാണെന്ന് മൊറാര്‍ജി വിശ്വസിച്ചു. അദ്ദേഹം അത് തുറന്നുപറയാന്‍ മടിച്ചില്ലതാനും. സ്വന്തം യോഗ്യതയെക്കുറിച്ച് തികഞ്ഞ ധാരണ ശാസ്ത്രിക്കും ഉണ്ടായിരുന്നു. പക്ഷേ അത് പറയാതിരിക്കാനുള്ള വിവേകം അദ്ദേഹം പ്രകടിപ്പിച്ചു. മര്‍ക്കടമുഷ്ടിക്കാരനായ മൊറാര്‍ജിയെ എന്തുവിലകൊടുത്തും മാറ്റിനിര്‍ത്തണമെന്ന് ഹൈക്കമാന്റിലെ ഏതാനും നേതാക്കള്‍ ആഗ്രഹിച്ചു. അടുത്ത പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രി ആയിരിക്കുമെന്ന് നാല് മുതിര്‍ന്ന നേതാക്കള്‍ - കോണ്‍ഗ്രസ് പ്രസിഡന്റ് കാമരാജ്, മൈസൂര്‍ മുഖ്യമന്ത്രി നിജലിംഗപ്പ, ആന്ധ്രമുഖ്യമന്ത്രി സഞ്ജീവറെഡ്ഡി, ബംഗാള്‍ പി.സി.സി. പ്രസിഡന്റ് അതുല്യഘോഷ്- തിരുപ്പതിയില്‍ യോഗം ചേര്‍ന്ന് തീരുമാനിച്ചു.

നെഹ്‌റു മരിച്ചതിനുപിന്നാലെ മൊറാര്‍ജി സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചു. മകന്‍ കാന്തി ദേശായിയും വിശ്വസ്തയായ കേന്ദ്രസഹമന്ത്രി താരകേശ്വരി സിന്‍ഹയുമായിരുന്നു പ്രധാന ഉത്സാഹക്കാര്‍. പഞ്ചാബ് മുഖ്യമന്ത്രി പ്രതാപ് സിംഗ് കെയ്‌റോണ്‍, ഒറീസ മുന്‍ മുഖ്യന്‍ ബിജു പട്‌നായിക്, ഗുജറാത്ത് മുഖ്യമന്ത്രി ബല്‍വന്ത്‌റായ് മേത്ത, ബംഗാള്‍ മുഖ്യമന്ത്രി പ്രഫുല്ലചന്ദ്രസെന്‍, യു.പി. മുന്‍ മുഖ്യമന്ത്രി ചന്ദ്രഭാനു ഗുപ്ത എന്നിവരൊക്കെ മൊറാര്‍ജിക്ക് പിന്തുണ പ്രഖ്യാപിച്ചു. അതേസമയം ലാല്‍ ബഹദൂര്‍ ശാസ്ത്രി തന്ത്രപരമായ സമീപനം കൈക്കൊണ്ടു. അദ്ദേഹം സമവായത്തിന്റെ വക്താവായി സന്നിഗ്ദ്ധ ഘട്ടത്തില്‍ പാര്‍ട്ടിയെയും സര്‍ക്കാരിനെയും നയിക്കാന്‍ ഒന്നുകില്‍ ജയപ്രകാശ് നാരായണ്‍ അല്ലെങ്കില്‍ ഇന്ദിരാഗാന്ധി മുന്നോട്ടുവരണം എന്നാഗ്രഹം പ്രകടിപ്പിച്ചു.

മൊറാര്‍ജി മത്സരത്തിനു കച്ചമുറുക്കുന്നു, ശാസ്ത്രി സമവായത്തിനുവേണ്ടി നിലകൊള്ളുന്നു എന്നൊരു വാര്‍ത്ത യു.എന്‍.ഐ. പുറത്തുവിട്ടു. ശാസ്ത്രിയുടെ മുന്‍ മാധ്യമഉപദേഷ്ടാവ് കുല്‍ദീപ് നയ്യാര്‍ ആയിരുന്നു അന്ന് യു.എന്‍.ഐയുടെ അമരക്കാരന്‍ എന്നതിനാല്‍ വാര്‍ത്തയുടെ ലക്ഷ്യം വ്യക്തമായിരുന്നു. ഏതായാലും ആ വാര്‍ത്ത രാജ്യത്ത് വളരെ പ്രകമ്പനം സൃഷ്ടിച്ചു. നെഹ്‌റുവിന്റെ ചിതയിലെ തീ അണയും മുമ്പ് പ്രധാനമന്ത്രിയാകാന്‍ ഒരുങ്ങിയിറങ്ങിയ മൊറാര്‍ജിയോട് കോണ്‍ഗ്രസുകാര്‍ക്ക് പൊതുവെ അവജ്ഞ തോന്നി.

ലാല്‍ ബഹദൂര്‍ ശാസ്ത്രിയും കാമരാജും ശ്രദ്ധാപൂര്‍വം കരുക്കള്‍ നീക്കി. ശാസ്ത്രി സമവായനീക്കത്തിന്റെ ഭാഗമായി ജയപ്രകാശിന്റെയും ഇന്ദിരയുടെയും പേരുകള്‍ നിര്‍ദ്ദേശിച്ചു. രണ്ടും മൊറാര്‍ജിക്ക് ബോധിച്ചില്ല. കാമരാജ് സമവായത്തിന്റെ വക്താവായി മാറി. ജൂണ്‍ 1-ാം തീയതി ആകുമ്പോഴേക്കും മൊറാര്‍ജിയുടെ സാധ്യത തീരെ ഇല്ലാതായി. ജൂണ്‍ 2ന് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്ന് പുതിയ നേതാവിനെ തെരഞ്ഞെടുത്തു. ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ പേര് ഗുല്‍സാരിലാല്‍ നന്ദ നിര്‍ദ്ദേശിച്ചു; മൊറാര്‍ജി ദേശായി പിന്താങ്ങി. ശാസ്ത്രി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

1904 ഒക്ടോബര്‍ 2ന് യു.പിയിലെ മുഗള്‍സരായില്‍ ഒരു ഇടത്തരം കായസ്ഥ കുടുംബത്തിലാണ് ലാല്‍ ബഹദൂര്‍ ജനിച്ചത്. അച്ഛന്‍ ശാരദാപ്രസാദ് ശ്രീവാസ്തവ ആദ്യം അധ്യാപകനും പിന്നീട് റവന്യൂവകുപ്പില്‍ ഉദ്യോഗസ്ഥനും ആയിരുന്നു. ലാല്‍ ബഹദൂറിന് ഒന്നരവയസ്സുള്ളപ്പോള്‍ അച്ഛന്‍ മരിച്ചു. നിരാലംബമായ കുടുംബത്തെ സംരക്ഷിച്ചത് മുത്തച്ഛനായിരുന്നു. സ്‌കൂള്‍ ഫൈനലിന് പഠിക്കുമ്പോള്‍ രാഷ്ട്രീയത്തില്‍ ആകൃഷ്ടനായ ലാല്‍ ബഹദൂര്‍ 1921-ല്‍ പഠനം ഉപേക്ഷിച്ചു. പിന്നീട് കാശി വിദ്യാപീഠത്തില്‍ നാല് വര്‍ഷം പഠിച്ച് ‘ശാസ്ത്രി’ പരീക്ഷ പാസായി. തുടര്‍ന്ന് ശ്രീവാസ്തവ എന്ന ജാതിപ്പേര് ഉപേക്ഷിച്ച് ശാസ്ത്രി എന്ന ബിരുദം പേരിനോട് കൂട്ടിച്ചേര്‍ത്തു.

1930-ല്‍ ഉപ്പുസത്യഗ്രഹത്തിലും 40-ല്‍ വ്യക്തിസത്യഗ്രഹത്തിലും 42-ല്‍ ക്വിറ്റ് ഇന്ത്യ സമരത്തിലും പങ്കെടുത്ത് അറസ്റ്റ് വരിച്ചു. ഏഴുതവണയായി 9 വര്‍ഷം ജയില്‍വാസം അനുഭവിച്ചു. 1936-ല്‍ യു.പി. നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1947-ല്‍ ജി.ബി. പന്തിന്റെ മന്ത്രിസഭയില്‍ പോലീസ്, ഗതാഗത വകുപ്പുകളുടെ ചുമതലക്കാരനായിരുന്നു. 1952-ല്‍ ജവഹര്‍ലാല്‍ നെഹ്‌റു ശാസ്ത്രിയെ ഏറ്റെടുത്തു. കേന്ദ്രത്തില്‍ റെയില്‍വെമന്ത്രിയാക്കി. 1956-ല്‍ മദ്രാസിലെ അരിയല്ലൂരിലുണ്ടായ തീവണ്ടിയപകടത്തില്‍ 144 പേര്‍ കൊല്ലപ്പെട്ടു. അപകടത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് ശാസ്ത്രി മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചു. 1957-ല്‍ വീണ്ടും കേന്ദ്രമന്ത്രിയായി. പന്തിന്റെ മരണശേഷം ആഭ്യന്തരവകുപ്പിന്റെ കനപ്പെട്ട ഉത്തരവാദിത്തം ഏറ്റെടുത്തു. 1964-ല്‍ കാമരാജ് പ്ലാന്‍ പ്രകാരം രാജിവച്ചെങ്കിലും താമസിയാതെ വകുപ്പില്ലാമന്ത്രിയായി തിരിച്ചെത്തി.
നെഹ്‌റുവിന് ലാല്‍ ബഹദൂറിനോട് വലിയ സനേഹവും വാത്സല്യവുമായിരുന്നു. ശാസ്ത്രി ഒരിക്കലും നെഹ്‌റുവിനെ ധിക്കരിച്ചില്ല. തന്നെ ഏല്‍പിച്ച ഉത്തരവാദിത്തങ്ങള്‍ ഭംഗിയായി നിറവേറ്റുകയും ചെയ്തു. ഹസ്രത്ത്ബാല്‍ പള്ളിയിലെ തിരുമുടി പ്രശ്‌നമാണ് നെഹ്‌റു ഏറ്റവുമൊടുവില്‍ ശാസ്ത്രിയെ ഏല്‍പിച്ചത്. ഇലയ്ക്കും മുള്ളിനും കേടില്ലാത്തരീതിയില്‍ അതും പരിഹരിച്ചു. വകുപ്പില്ലാമന്ത്രിയായി ശാസ്ത്രി തിരിച്ചുവന്നത് മൊറാര്‍ജിക്കും ജഗ്ജീവന്റാമിനും തീരെ രസിച്ചില്ല. ഇന്ദിരാഗാന്ധിയാണെങ്കില്‍ ശാസ്ത്രിയോട് പകവച്ചുപുലര്‍ത്തി.
സൗമ്യനും വിനയാന്വിതനും മിതഭാഷിയുമായിരുന്നു ശാസ്ത്രി. എളിമയും മിതവ്യയശീലവും അദ്ദേഹത്തെ മറ്റു നേതാക്കളില്‍ നിന്ന് വ്യത്യസ്തനാക്കി. ദീര്‍ഘകാലം മന്ത്രിയായിരുന്നെങ്കിലും അദ്ദേഹത്തിന് സ്വന്തമായി വീടില്ലായിരുന്നു. കാമരാജ് പദ്ധതി പ്രകാരം മന്ത്രിപദം നഷ്ടപ്പെട്ടപ്പോള്‍ ദിനപത്രങ്ങളില്‍ ലേഖനമെഴുതിയാണ് കുടുംബം പോറ്റിയിരുന്നത്.
ജൂണ്‍ 9ന് ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ നേതൃത്വത്തില്‍ പതിനാറംഗ മന്ത്രിസഭ ചുമതലയേറ്റു. മന്ത്രിസഭയില്‍ രണ്ടാം സ്ഥാനം കിട്ടണം എന്ന് ശഠിച്ച മൊറാര്‍ജിയെ ഒഴിവാക്കി. ഗുല്‍സാരിലാല്‍ നന്ദ (ആഭ്യന്തരം), ടി.ടി. കൃഷ്ണമാചാരി (ധനകാര്യം), വൈ.ബി. ചവാന്‍ (രാജ്യരക്ഷ), എസ്.കെ. പാട്ടീല്‍ (റെയില്‍വെ), എ.കെ. സെന്‍ (നിയമം), സഞ്ജീവറെഡ്ഡി (ഉരുക്ക്, ഖനി), സി. സുബ്രഹ്മണ്യം (കൃഷി, ഭക്ഷ്യം), ഹുമയൂണ്‍ കബീര്‍ (പെട്രോളിയം, രാസവസ്തു), ഇന്ദിരാഗാന്ധി (വാര്‍ത്താവിതരണം, പ്രക്ഷേപണം), ഡി. സഞ്ജീവയ്യ (തൊഴില്‍), മഹാവീര്‍ ത്യാഗി (പുനരധിവാസം), എം.സി ഛഗ്ല (വിദ്യാഭ്യാസം) എന്നിവരായിരുന്നു പ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തത്.

മരിച്ച നേതാവിനോടുള്ള ആദരസൂചകമായിട്ടാണ് ശാസ്ത്രി മകളെ മന്ത്രിയാക്കിയത്. അതിനായി ഇന്ദിരയെ രാജ്യസഭാംഗമാക്കുകയും ചെയ്തു. എന്നാല്‍ വാര്‍ത്താവിതരണ-പ്രക്ഷേപണ വകുപ്പ് അവരെ തീരെ തൃപ്തയാക്കിയില്ല. വിദേശകാര്യ വകുപ്പാണ് ഇന്ദിര ആഗ്രഹിച്ചത്. അത് നല്‍കാന്‍ ശാസ്ത്രി കൂട്ടാക്കിയില്ല. കാരണം, വിദേശകാര്യം കൊണ്ടും ഇന്ദിര തൃപ്തിപ്പെടുകയില്ല, പ്രധാനമന്ത്രിക്കസേരയിലാണ് അവരുടെ കണ്ണെന്ന് ശാസ്ത്രി സംശയിച്ചു. ഇന്ദിരയാണെങ്കില്‍, തന്റെ പിതാവിന്റെ സ്ഥാനം തട്ടിയെടുത്തയാളായിട്ടാണ് ശാസ്ത്രിയെ കണ്ടത്. അവര്‍ തരംകിട്ടുമ്പോഴൊക്കെ പ്രധാനമന്ത്രിയോട് പരുഷമായി പെരുമാറി. നെഹ്‌റുവിന്റെ ആദര്‍ശങ്ങളില്‍ നിന്ന് രാജ്യം വ്യതിചലിക്കുന്നു എന്ന് പരസ്യമായി ആശങ്ക പ്രകടിപ്പിച്ചു.

ഇന്ദിരാഗാന്ധിയെ കേന്ദ്രമന്ത്രിയാക്കിയത് കൂടാതെ,നെഹ്‌റുവിന്റെ മരണം നിമിത്തം ഒഴിവുവന്ന ഫൂല്‍പൂര്‍ ലോക്‌സഭാ സീറ്റില്‍ സഹോദരി വിജയലക്ഷ്മി പണ്ഡിറ്റിനെ നിര്‍ത്തി ജയിപ്പിക്കുകയും ചെയ്തു. ഇന്ദിരയെപ്പോലെ തന്നെ രാഷ്ട്രീയമോഹം വച്ചുപുലര്‍ത്തിയിരുന്നു വിജയലക്ഷ്മിയും. ശാസ്ത്രിയോട് അവര്‍ക്കും വലിയ പുച്ഛമായിരുന്നു.
കൊളോണിയല്‍ വാഴ്ചക്കാലത്ത് സര്‍വസൈന്യാധിപന്റെ ഔദ്യോഗികവസതിയായിരുന്നു തീന്‍മൂര്‍ത്തിഭവന്‍. സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം അത് പ്രധാനമന്ത്രിയുടെ വസതിയായി മാറി. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കാലശേഷം വീട് വിട്ടുകൊടുക്കാന്‍ ഇന്ദിരാഗാന്ധി കൂട്ടാക്കിയില്ല. അവരത് നെഹ്‌റു സ്മാരകമാക്കി മാറ്റി. ശാസ്ത്രി ചെറിയൊരു വീടുകൊണ്ട് തൃപ്തിപ്പെട്ടു.

രാജ്യത്തിന് ഇനിയങ്ങോട്ട് കൂട്ടായ നേതൃത്വമാണുണ്ടാവുക എന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് കാമരാജ് പ്രഖ്യാപിച്ചു. ശാസ്ത്രി മറുത്തൊന്നും പറഞ്ഞില്ല. പക്ഷേ കൂട്ടായനേതൃത്വം എന്ന ആശയത്തോട് അദ്ദേഹത്തിന് താല്‍പര്യമുണ്ടായിരുന്നില്ല. സങ്കീര്‍ണമായ വിഷയങ്ങളില്‍ പ്രധാനമന്ത്രിയെ ഉപദേശിക്കാനും സഹായിക്കാനുമായി ഒരു സെക്രട്ടറിയേറ്റ് രൂപീകരിച്ചു അതാണ് പില്‍ക്കാലത്ത് പി.എം.ഒ. ആയി മാറിയത്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള ഐ.സി.എസ്. ഉദ്യോഗസ്ഥന്‍ ലക്ഷ്മീകാന്ത് ഝാ ആയിരുന്നു പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പ്രവര്‍ത്തനം നിയന്ത്രിച്ചത്. കേംബ്രിജില്‍ ജെ.എം. കെയിന്‍സിന്റെയും ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ ഹരോള്‍ഡ് ലാസ്‌കിയുടെയും ശിഷ്യനായിരുന്നു ഝാ. മുമ്പ് വ്യവസായ, വാണിജ്യ, ധനകാര്യ മന്ത്രാലയങ്ങളില്‍ പ്രവര്‍ത്തിച്ച അനുഭവസമ്പത്തും ഉണ്ടായിരുന്നു.

രാജ്യത്തെ കാര്‍ഷികോല്‍പാദനം മെച്ചപ്പെടുത്തുന്നതില്‍ ശാസ്ത്രി പ്രത്യേകം ശ്രദ്ധചെലുത്തി. പ്രഗത്ഭനായ സി. സുബ്രഹ്മണ്യം ആയിരുന്നു കൃഷിമന്ത്രി. 1952 മുതല്‍ ഒരു പതിറ്റാണ്ട് മദ്രാസില്‍ രാജാജിയുടെയും കാമരാജിന്റെയും മന്ത്രിസഭകളില്‍ അംഗമായിരുന്ന് കഴിവുതെളിയിച്ച സുബ്രഹ്മണ്യം 62ലാണ് പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. നെഹ്‌റു അദ്ദേഹത്തെ ഉരുക്ക്, ഖനി വകുപ്പ് മന്ത്രിയാക്കി. ശാസ്ത്രി സുബ്രഹ്മണ്യത്തെ കൃഷി, ഭക്ഷ്യ വകുപ്പിലേക്ക് പറിച്ചുനട്ടു. കൃഷിവകുപ്പ് സെക്രട്ടറി ബി. ശിവരാമനും കാര്‍ഷിക ശാസ്ത്രജ്ഞന്‍ ഡോ. എം.എസ്. സ്വാമിനാഥനും മന്ത്രിക്ക് മികച്ച പിന്തുണ നല്‍കി.

സുബ്രഹ്മണ്യത്തിന് കീഴില്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ചിന് പുതുജീവന്‍ കൈവന്നു. പിന്നാലെ അത്യുല്‍പാദനശേഷിയുള്ള വിത്തുകള്‍ വികസിപ്പിച്ചെടുക്കാന്‍ സീഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയും ഭക്ഷ്യധാന്യങ്ങളുടെ സംഭരണത്തിനും വിതരണത്തിനുമായി ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയും നിലവില്‍ വന്നു. കാര്‍ഷിക സര്‍വകലാശാലകള്‍ സ്ഥാപിക്കാന്‍ സുബ്രഹ്മണ്യം സംസ്ഥാന സര്‍ക്കാരുകളെ പ്രോത്സാഹിപ്പിച്ചു. 1965 മാര്‍ച്ച് 20ന് ഹൈദരാബാദില്‍ ആന്ധ്രാപ്രദേശ് കാര്‍ഷിക സര്‍വകലാശാലയുടെ ഉദ്ഘാടനം പ്രധാനമന്ത്രി ശാസ്ത്രി നിര്‍വഹിച്ചു.

ശാസ്ത്രിയുടെയും സുബ്രഹ്മണ്യത്തിന്റെയും ഒത്താശയോടെ ഡോ. സ്വാമിനാഥന്‍ അമേരിക്കന്‍ പ്രസിഡന്റ് ലിന്‍ഡന്‍ ജോണ്‍സനെ സന്ദര്‍ശിച്ച് സഹായം അഭ്യര്‍ത്ഥിച്ചു. അമേരിക്കന്‍ അഗ്രികള്‍ച്ചറല്‍ സെക്രട്ടറി ഓര്‍വില്‍ ഫ്രീമാനുമായി സ്വാമിനാഥന്‍ ചങ്ങാത്തം സ്ഥാപിച്ചു. തുടര്‍ന്ന് 1965 ഡിസംബറില്‍ ഫ്രീമാനും സുബ്രഹ്മണ്യവും റോമില്‍ വച്ച് കാര്‍ഷിക സഹായ ഉടമ്പടി ഒപ്പിട്ടു. അതുപ്രകാരം ഇന്ത്യാ ഗവണ്‍മെന്റ് കൃഷിയില്‍ നിക്ഷേപം വര്‍ധിപ്പിക്കാമെന്നും ഗ്രാമീണ വായ്പാപദ്ധതികള്‍ പരിഷ്‌കരിക്കാമെന്നും രാസവളത്തിന്റെ ഉല്‍പാദം വര്‍ധിപ്പിക്കാമെന്നും സമ്മതിച്ചു. അതിലേക്ക് അമേരിക്ക ഉദാരമായ വ്യവസ്ഥകളോടെ വായ്പ അനുവദിക്കാമെന്നും ഭക്ഷ്യക്ഷാമം മറികടക്കാന്‍ വേണ്ടത്ര ധാന്യങ്ങള്‍ നല്‍കാമെന്നും സമ്മതിച്ചു.

സുബ്രഹ്മണ്യവും സ്വാമിനാഥനും ചേര്‍ന്ന് തുടക്കം കുറിച്ച കാര്‍ഷിക പരിഷ്‌കരണങ്ങളാണ് പില്‍ക്കാലത്ത് ഹരിതവിപ്ലവം എന്ന പേരില്‍ പ്രസിദ്ധമായതും രാജ്യത്തെ ഭക്ഷ്യ സ്വയംപര്യാപ്തതയിലേക്ക് നയിച്ചതും. ധവളവിപ്ലവത്തിന്റെ തുടക്കവും അക്കാലത്തുതന്നെ ആയിരുന്നു. 1964 ഒക്ടോബര്‍ 31ന് ഗുജറാത്തിലെ ആനന്ദില്‍ പുതിയ കാലിത്തീറ്റ നിര്‍മാണ ഫാക്ടറി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഡോ. വര്‍ഗീസ് കുര്യന്റെ പ്രവര്‍ത്തനങ്ങളില്‍ മതിപ്പ് തോന്നിയ ശാസ്ത്രി അദ്ദേഹത്തെ ദേശീയ ക്ഷീരവികസന ബോര്‍ഡിന്റെ അധ്യക്ഷനായി നിയമിച്ചു.
നെഹ്‌റുവില്‍ നിന്ന് വ്യത്യസ്തമായി, അഴിമതിയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് ശാസ്ത്രി കൈക്കൊണ്ടത്. രാജ്യത്തെ അഴിമതി വിമുക്തമാക്കുന്നത് സംബന്ധിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. സന്താനം അധ്യക്ഷനായി ഒരു കമ്മറ്റിയെ നിയോഗിച്ചു. ആഭ്യന്തരവകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌പെഷ്യല്‍ പോലീസ് എസ്റ്റാബ്ലിഷ്‌മെന്റിനെ വിപുലമായ അധികാരങ്ങളോടുകൂടി സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സി.ബി.ഐ.) ആയി പരിവര്‍ത്തനം ചെയ്തു. ഒരു ലോക്പാലിനെ നിയമിക്കുന്ന കാര്യവും ശാസ്ത്രി ഗൗരവമായി പരിഗണിച്ചിരുന്നു.

പഞ്ചാബ് മുഖ്യമന്ത്രി പ്രതാപ്‌സിങ്ങ് കെയ്‌റോണിന്റെ അഴിമതിയെക്കുറിച്ച് അന്വേഷിച്ച മുന്‍ ചീഫ് ജസ്റ്റിസ് സുധി രഞ്ജന്‍ദാസ് പ്രധാനപ്പെട്ട ആരോപണങ്ങളൊന്നും തെളിഞ്ഞില്ല എന്നാണ് റിപ്പോര്‍ട്ട് നല്‍കിയത്. എങ്കിലും ശാസ്ത്രി തൃപ്തനായില്ല. 1964 ജൂലൈ 6ന് കെയ്‌റോണ്‍ രാജിവച്ചു. തുടര്‍ന്ന് രാം കിഷന്‍ മേത്ത പഞ്ചാബ് മുഖ്യമന്ത്രിയായി. അഴിമതിയല്ല ശാസ്ത്രിക്കെതിരെ മൊറാര്‍ജിയെ പിന്തുണച്ചതാണ് താന്‍ ചെയ്ത യഥാര്‍ത്ഥ പാപം എന്ന് കെയ്‌റോണ്‍ പരിതപിച്ചുവെങ്കിലും ശാസ്ത്രി അത് ഗൗനിച്ചില്ല.

ബിജു പട്‌നായകിന്റെ വിധിയും വ്യത്യസ്തമായിരുന്നില്ല. അദ്ദേഹത്തിന്റെ അഴിമതിയെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് എച്ച്.ആര്‍. ഖന്നയുടെ റിപ്പോര്‍ട്ട് പൂഴ്ത്തിവെക്കാനാണ് ആഭ്യന്തരമന്ത്രി ഗുല്‍സാരിലാല്‍ നന്ദ ഉദ്യമിച്ചതെങ്കിലും പ്രധാനമന്ത്രിയുടെ അടുപ്പക്കാരനായ കുല്‍ദീപ് നയ്യാര്‍ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം പരസ്യപ്പെടുത്തി. പട്‌നായക്കിന് പ്രോസിക്യൂഷന്‍ നേരിടേണ്ടിവന്നു, ശാസ്ത്രിയോടുള്ള വൈരാഗ്യം വര്‍ധിച്ചു.
കോണ്‍ഗ്രസിന്റെ സംഘടനാസംവിധാനം ശക്തിപ്പെടുത്താന്‍ വേണ്ടിയാണ് കാമരാജ് പ്ലാന്‍ കൊണ്ടുവന്നതെങ്കിലും ഫലം മറിച്ചാണ് ഉണ്ടായത്. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ഗ്രൂപ്പ് പ്രവര്‍ത്തനം രൂക്ഷമായി. കേരളത്തിലാണ് അതാദ്യം പ്രകടമായത്. 1956-ല്‍ സംസ്ഥാനം രൂപീകരിക്കപ്പെട്ട കാലംമുതല്‍ കോണ്‍ഗ്രസില്‍ ഗ്രൂപ്പുകളുണ്ടായിരുന്നു. 1960-ല്‍ പാര്‍ട്ടി അധികാരത്തില്‍ എത്തിയതോടെ അത് മൂര്‍ച്ഛിച്ചു. പി.സി.സി. പ്രസിഡന്റ് സി.കെ. ഗോവിന്ദന്‍ നായരും ആഭ്യന്തരമന്ത്രി പി.ടി. ചാക്കോയുമായിരുന്നു വിരുദ്ധചേരികള്‍ക്ക് നേതൃത്വം നല്‍കിയത്.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് പിന്നാലെ, 1962 സെപ്തംബറില്‍ പി.ടി. ചാക്കോയും ഉപമുഖ്യമന്ത്രി ആര്‍. ശങ്കറും ഗവര്‍ണര്‍ വി.വി. ഗിരിയും കൂടിയാലോചിച്ച് പട്ടം താണുപിള്ളയെ ഗവര്‍ണറാക്കി പഞ്ചാബിലേക്ക് പറഞ്ഞയച്ചു. സെപ്തംബര്‍ 26ന് ആര്‍. ശങ്കര്‍ മുഖ്യമന്ത്രിയായി. അതിനുപിന്നാലെ പി.എസ്.പി. മന്ത്രിമാരെ പിന്‍വലിച്ചു, പ്രതിപക്ഷത്തേക്ക് മാറി. ലൈംഗികാരോപണത്തിന് വിധേയനായ പി.ടി. ചാക്കോ 1964 ഫെബ്രുവരി 20ന് രാജിവെക്കേണ്ടിവന്നു. അതോടെ ചാക്കോയും ശങ്കറും തമ്മില്‍ തെറ്റി. ശങ്കര്‍ ചാക്കോ വിരുദ്ധചേരിയുടെ നായകനായി മാറി. ഒരു പിന്നോക്ക സമുദായക്കാരനായ കാമരാജ് സവര്‍ണനായ ചാക്കോയെ ചതിച്ചു എന്ന് ക്രൈസ്തവര്‍ വിശ്വസിച്ചു.

1964 ഓഗസ്റ്റ് 1ന് പി.ടി. ചാക്കോ പെട്ടെന്നുണ്ടായ ഹൃദ്രോഗബാധയാല്‍ അന്തരിച്ചു. അതോടെ ക്രൈസ്തവവികാരം ആളിക്കത്തി. മന്നത്ത് പത്മനാഭന്റെ പിന്തുണയും ചാക്കോ ഗ്രൂപ്പിന് ലഭിച്ചു. കെ.എം. ജോര്‍ജിന്റെയും ആര്‍. ബാലകൃഷ്ണപിള്ളയുടെയും നേതൃത്വത്തില്‍ 15 എം.എല്‍.എ.മാര്‍ സെപ്തംബര്‍ 2ന് മന്ത്രിസഭക്കുള്ള പിന്തുണ പിന്‍വലിച്ചു. സെപ്തംബര്‍ 8ന് അവിശ്വാസപ്രമേയം പാസായി അന്നുതന്നെ ശങ്കര്‍ രാജിവച്ചു. 10-ാം തീയതി നിയമസഭ പിരിച്ചുവിട്ടു. ഒക്ടോബര്‍ 9ന് വിമതകോണ്‍ഗ്രസുകാര്‍ കോട്ടയത്ത് യോഗം ചേര്‍ന്ന് പുതിയ പാര്‍ട്ടി രൂപീകരിച്ചു- കേരളാ കോണ്‍ഗ്രസ്.

1965 മാര്‍ച്ച് 4ന് കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നു. ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷം കിട്ടിയില്ല. സി.പി.ഐ. (എം) ഏറ്റവും വലിയ ഒറ്റകക്ഷിയായി. കോണ്‍ഗ്രസിന് 36 സ്ഥാനങ്ങളേ നേടാന്‍ കഴിഞ്ഞുള്ളൂ. പുതുതായി രൂപംകൊണ്ട കേരളാകോണ്‍ഗ്രസ് 24ഉം സഖ്യകക്ഷിയായ സ്വതന്ത്രാപാര്‍ട്ടി ഒന്നും സീറ്റുകള്‍ ജയിച്ചു. ആര്‍ക്കും മന്ത്രിസഭ രൂപീകരിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ മാര്‍ച്ച് 24ന് നിയമസഭ പിരിച്ചുവിട്ടു. സംസ്ഥാനത്ത് രാഷ്ട്രപതിഭരണം തുടര്‍ന്നു.
1950-ല്‍ ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്നപ്പോള്‍ ഹിന്ദി ദേശീയഭാഷയായി. 15 കൊല്ലത്തേക്ക് കൂടി ഇംഗ്ലീഷ് ഔദ്യോഗികഭാഷയായി തുടരുമെന്ന് വ്യവസ്ഥ ചെയ്തു. ജി.ബി. പന്ത് ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് ഔദ്യോഗികഭാഷ സംബന്ധിച്ച് വളരെ കൂടിയാലോചനകള്‍ നടന്നിരുന്നു. 1965നുശേഷവും വേണമെങ്കില്‍ ഇംഗ്ലീഷ് തന്നെ ഉപയോഗിക്കാം എന്ന വ്യവസ്ഥയോടെ പണ്ഡിറ്റ് നെഹ്‌റു ആ പ്രശ്‌നം തല്‍ക്കാലം പരിഹരിച്ചു. എന്നാല്‍ ഭരണഘടനയുടെ 15-ാം വാര്‍ഷികം അടുത്തെത്തിയതോടെ രാജ്യത്തെങ്ങും ആശയക്കുഴപ്പം വര്‍ധിച്ചു.
1965-നുശേഷവും ‘വേണമെങ്കില്‍’ ഇംഗ്ലീഷ് തുടരാം എന്നതിന്റെ അര്‍ത്ഥത്തെ സംബന്ധിച്ച് ഹിന്ദി, അഹിന്ദി സംസ്ഥാനങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായി. ഹിന്ദി സാര്‍വത്രികവും നിര്‍ബന്ധവുമാക്കണം എന്നായിരുന്നു ശാസ്ത്രിയുടെ നിലപാട്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസും മറ്റു പാര്‍ട്ടികളും ഹിന്ദി അനുകൂല നിലപാടാണ് കൈക്കൊണ്ടത്. ശാസ്ത്രിയേക്കാള്‍ കടുത്ത ഹിന്ദി പ്രേമികളായിരുന്നു മൊറാര്‍ജി ദേശായിയും റാം മനോഹര്‍ ലോഹ്യയും അടല്‍ ബിഹാരി വാജ്‌പേയിയും.

എന്നാല്‍ ഹിന്ദി അടിച്ചേല്‍പിക്കുന്നപക്ഷം റിപ്പബ്ലിക്ദിനാഘോഷം ബഹിഷ്‌കരിക്കും, കരിദിനമായി ആചരിക്കും എന്ന് മദ്രാസിലെ ഡി.എം.കെ. നേതാവ് സി.എന്‍. അണ്ണാദുരൈ പ്രഖ്യാപിച്ചു. തമിഴും ബംഗാളിയും പോലെ ഒരു പ്രാദേശികഭാഷ തന്നെയാണ് ഹിന്ദിയുമെന്ന് അദ്ദേഹം സിദ്ധാന്തിച്ചു. കൂടുതല്‍ പേര്‍ സംസാരിക്കുന്നതുകൊണ്ട് ഹിന്ദി രാഷ്ട്രഭാഷയാക്കി എന്ന വാദത്തെയും ഖണ്ഡിച്ചു. എണ്ണമാണ് മാനദണ്ഡമെങ്കില്‍ മയിലിനുപകരം കാക്ക ആവണമല്ലോ ദേശീയപക്ഷി? 1936-37 കാലത്ത് മദ്രാസ് സംസ്ഥാനത്ത് ഹിന്ദി പ്രചരിപ്പിക്കാന്‍ ശ്രമിച്ച് കുഴപ്പത്തിലായ സി. രാജഗോപാലാചാരി നിലപാട് തിരുത്തി തമിഴിന്റെ വക്താവായി മാറി.

1965 ജനുവരി അവസാനവാരം മദ്രാസ് സംസ്ഥാനത്തെമ്പാടും ഡി.എം.കെ. പ്രക്ഷോഭം അഴിച്ചുവിട്ടു. ഭരണഘടനയും ഹിന്ദി പുസ്തകങ്ങളും കൂട്ടിയിട്ട് കത്തിച്ചു. ഹിന്ദി ഒഴികൈ, തമിഴ് വാഴ്‌കൈ എന്ന മുദ്രാവാക്യം എങ്ങും അലയടിച്ചു. വിദ്യാര്‍ത്ഥികള്‍ പോലീസുമായി ഏറ്റുമുട്ടി, ലാത്തിച്ചാര്‍ജ്ജിനും കണ്ണീര്‍വാതകത്തിനും ഇരയായി. ജനുവരി 26ന് രണ്ട് വിദ്യാര്‍ത്ഥികള്‍ ദേഹത്ത് തീകൊളുത്തി ആത്മഹത്യ ചെയ്തു. ഹിന്ദി അടിച്ചേല്‍പ്പിക്കരുതെന്ന് അഹിന്ദി പ്രദേശത്തുനിന്നുള്ള നാല് കോണ്‍ഗ്രസ് നേതാക്കള്‍- കാമരാജ്, നിജലിംഗപ്പ, അതുല്യഘോഷ്, സഞ്ജീവറെഡ്ഡി- സംയുക്ത പ്രസ്താവനയിലൂടെ കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. ഫെബ്രുവരി 11ന് സി. സുബ്രഹ്മണ്യവും ഒ.വി. അളകേശനും കേന്ദ്രമന്ത്രിസഭയില്‍ നിന്ന് രാജിവെച്ചു. കോണ്‍ഗ്രസ് പ്രസിഡന്റ് കാമരാജും രാഷ്ട്രപതി രാധാകൃഷ്ണനും മന്ത്രിമാരുടെ രാജി സ്വീകരിക്കരുതെന്ന് ശാസ്ത്രിയെ വിലക്കി.

ഒടുവില്‍ ശാസ്ത്രി വഴങ്ങി. ഫെബ്രുവരി 11ന് വൈകുന്നേരം നടത്തിയ റേഡിയോ പ്രക്ഷേപണത്തില്‍ അദ്ദേഹം മദ്രാസിലെ സംഭവവികാസങ്ങളില്‍ അഗാധമായ ദുഃഖവും ഞെട്ടലും രേഖപ്പെടുത്തി. അഹിന്ദി പ്രദേശത്തുള്ളവര്‍ക്ക് അവര്‍ ആഗ്രഹിക്കുന്നിടത്തോളം കാലം ഇംഗ്ലീഷ് ഉപയോഗിക്കാം, നെഹ്‌റു നല്‍കിയ ഉറപ്പ് സര്‍ക്കാര്‍ പാലിക്കും. കോടതി വ്യവഹാരത്തിന് ഇംഗ്ലീഷോ പ്രാദേശികഭാഷയോ സൗകര്യംപോലെ ഉപയോഗിക്കാം. സംസ്ഥാനങ്ങള്‍ തമ്മിലോ സംസ്ഥാനവും കേന്ദ്രസര്‍ക്കാരും തമ്മിലോ നടത്തുന്ന കത്തിടപാടുകള്‍ ഇംഗ്ലീഷില്‍ ആകാം, സുപ്രീംകോടതിയുടെയും ഹൈക്കോടതികളുടെയും ഭാഷ ഇംഗ്ലീഷ് ആയി തുടരും, യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തുന്ന മത്സരപരീക്ഷകള്‍ എല്ലാം ഇംഗ്ലീഷിലായിരിക്കും.

പ്രധാനമന്ത്രിയുടെ പ്രസംഗത്തോടെ ഭാഷാ കലാപം കെട്ടടങ്ങി. പക്ഷേ മദ്രാസില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അടിത്തറ ശിഥിലമായി.
നാഗാലാന്റില്‍ കലാപം തുടരുന്നതിനിടെ ബാപ്റ്റിസ്റ്റ് ചര്‍ച്ച് മുന്‍കയ്യെടുത്ത് സമാധാനദൗത്യസേന രൂപീകരിച്ചു. അസം മുഖ്യമന്ത്രി ബിമലപ്രസാദ് ചാലിഹ, ജയപ്രകാശ് നാരായണ്‍, റവ. മൈക്കിള്‍ സ്‌കോട്ട് എന്നിവരായിരുന്നു സമാധാനശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. അതിനിടെ 1965-ല്‍ ശാസ്ത്രി വിദേശകാര്യസെക്രട്ടറി വൈ.ഡി. ഗുണ്ടെവ്യയെ നാഗാലാന്റിലേക്കയച്ചു. അദ്ദേഹം കലാപകാരികളുമായി സംസാരിച്ച് വെടിനിര്‍ത്തല്‍ നടപ്പാക്കി.

കശ്മീര്‍ പ്രശ്‌നത്തില്‍ സമാധാനപരമായ പരിഹാരമുണ്ടാക്കാനുള്ള പരിശ്രമം ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നിര്യാണത്തോടെ നിലച്ചു. 1964 ഏപ്രില്‍-മേയ് മാസങ്ങളില്‍ കശ്മീര്‍ പ്രശ്‌നം ഒത്തുതീര്‍ക്കാനുള്ള ശ്രമത്തില്‍ നെഹ്‌റുവിനൊപ്പം ആത്മാര്‍ത്ഥമായി ശ്രമിച്ചയാളാണ് ശാസ്ത്രി. പക്ഷേ നെഹ്‌റുവിന്റെ അഭാവത്തില്‍ പാകിസ്താനുമായോ ഷേഖ് അബ്ദുള്ളയുമായോ ഏതെങ്കിലും തരത്തിലുള്ള കരാറുണ്ടാക്കാനോ ഒരിഞ്ച് സ്ഥലമെങ്കിലും വിട്ടുകൊടുക്കാനോ ഉള്ള രാഷ്ട്രീയ ഇച്ഛാശക്തിയും ജനപിന്തുണയും അദ്ദേഹത്തിനില്ലായിരുന്നു.
1965 ജനുവരി 26ന് കോണ്‍ഗ്രസിന്റെ ജമ്മുകശ്മീര്‍ ശാഖ പ്രവര്‍ത്തനമാരംഭിച്ചു. അതോടെ ഷേഖ് അബ്ദുള്ള രോഷാകുലനായി ജനഹിതപരിശോധനാമുന്നണി പുനരുജ്ജീവിപ്പിച്ചു. കോണ്‍ഗ്രസുകാരെ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തു. കശ്മീരികളുടെ സ്വയംനിര്‍ണയാവകാശത്തിനുവേണ്ടി പള്ളികളിലും പൊതുയോഗങ്ങളിലും പ്രസംഗിച്ചു. ഇന്ത്യന്‍ യൂണിയനകത്തുള്ള സ്വയംഭരണത്തില്‍ കൂടുതലായി ഒന്നും ആഗ്രഹിക്കരുതെന്ന് ലാല്‍ ബഹദൂര്‍ ശാസ്ത്രി ഷേഖിനെ ഭംഗ്യന്തരേണ അറിയിച്ചു.

മാര്‍ച്ച് 31ന് ഹജ്ജിനുപോയ ഷേഖ് അബ്ദുള്ള അള്‍ജിയേഴ്‌സില്‍ വച്ച് ചൗ എന്‍ ലായെ കണ്ട് സംസാരിച്ചത് വലിയ വിവാദമായി. കെയ്‌റോയില്‍ വെച്ച് അദ്ദേഹം കേണല്‍ നാസറുമായും സംഭാഷണം നടത്തി. ഷേഖിന്റെ യാത്രക്കുള്ള സഹായം ചെയ്തുകൊടുത്തത് പാകിസ്താനാണെന്ന് ആരോപണം ഉയര്‍ന്നു.

അതിനിടെ ഏപ്രില്‍ 10ന് ഇന്ത്യന്‍ ഭരണഘടനയുടെ 356, 357 അനുച്ഛേദങ്ങള്‍ ജമ്മുകശ്മീരിന് കൂടി ബാധകമാക്കി. അതുപ്രകാരം തെരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്റിനെ പിരിച്ചുവിടാനുള്ള അധികാരം കേന്ദ്രസര്‍ക്കാരിന് സിദ്ധിച്ചു. കൂടാതെ സദര്‍ എ റിയാസത്തിനെ ഗവര്‍ണര്‍ എന്നും വാസിര്‍ എ അസമിനെ മുഖ്യമന്ത്രിയെന്നും പുനര്‍ നാമകരണം ചെയ്തു. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളുടെ അതേ നിലവാരത്തില്‍ ജമ്മുകശ്മീരും എത്തിച്ചേര്‍ന്നു.

മേയ് മാസം ആകുമ്പോഴേക്കും ഇന്ത്യ-പാക് ബന്ധം പൂര്‍വാധികം വഷളായി. റാന്‍ ഓഫ് കച്ചില്‍ പാകിസ്താന്‍ കയ്യേറ്റം തുടങ്ങിയിരുന്നു. ഇന്ത്യാ ഗവണ്‍മെന്റ് ഷേഖ് അബ്ദുള്ളയുടെ പാസ്‌പോര്‍ട്ട് റദ്ദാക്കി. മേയ് 8ന് ഹജ്ജ് തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങിയെത്തിയ ഷേഖിനെ അറസ്റ്റ് ചെയ്തു. മദ്രാസിലെ കൊടൈക്കനാലില്‍ വീട്ടുതടങ്കലിലാക്കി.
കശ്മീരിലെ രാഷ്ട്രീയ അസ്ഥിരത മുതലെടുക്കാന്‍ പാകിസ്താന്‍ ശ്രമം തുടങ്ങിയതോടെ രാജ്യം പിന്നെയും സംഘര്‍ഷത്തിലേക്കും യുദ്ധത്തിലേക്കും വഴുതിവീണു.